നോമ്പിന് നാല് സ്തംഭങ്ങള്‍ ഉണ്ട്. അവ താഴെ പറയാം.

ഒന്ന്: നോമ്പുകാരന്‍ (الصَّائِمُ).

നോമ്പ് നോല്‍ക്കുന്ന വ്യക്തി മുസ്‌ലിമായിരിക്കണം എന്നത് സ്വീകാര്യമായ നോമ്പിന്റെ ഒന്നാമത്തെ നിബന്ധനയാണ്. മുസ്‌ലിമല്ലാത്ത ഒരാളില്‍ നിന്ന് അല്ലാഹു നോമ്പോ മറ്റു കര്‍മ്മങ്ങളോ സ്വീകരിക്കുകയില്ല.

രണ്ട്: നോമ്പില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍ (الإِمْسَاكُ عَنِ المُفَطِّرَاتِ).

നോമ്പുകാരനായിരിക്കെ ഒഴിവാക്കേണ്ട അനേകം കാര്യങ്ങളുണ്ട്. അവയില്‍ പലതും ശരീരത്തിനും മനസ്സിനും ഇഷ്ടമുള്ളതും താല്‍പര്യമുള്ളതുമായ കാര്യങ്ങളാണ്. ഉദാഹരണത്തിന് ഭക്ഷണ-പാനീയങ്ങള്‍ കഴിക്കുകയും, ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുക എന്നത്. നോമ്പിന്റെ പകലിൽ ഇവയിൽ നിന്നെല്ലാം വിട്ടു നിന്നാലേ നോമ്പ് ശരിയാവുകയുള്ളൂ.

മൂന്ന്: നോമ്പിന്റെ സമയം (وَقْتُ الصَّوْمِ).

നോമ്പ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത് നിശ്ചിത സമയപരിധിക്കുള്ളിലാണ്. അത് പാലിക്കേണ്ടതുണ്ട്. രണ്ടാം പുലരി ഉദിച്ചത് മുതല്‍ സൂര്യന്‍ അസ്തമിക്കുന്നത് വരെയാണ് നോമ്പിന്റെ സമയം. ഈ സമയങ്ങളില്‍ നോമ്പ് മുറിക്കാന്‍ കാരണമാകുന്ന ഒരു കാര്യവും ചെയ്യരുത്.

നാല്. ഇഖ്ലാസ് (الإِخْلَاصُ).

ഏതൊരു ഇബാദതും അല്ലാഹുവിന് വേണ്ടിയായിരിക്കണം ചെയ്യേണ്ടത്. അപ്പോള്‍ മാത്രമേ അത് അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുകയുള്ളൂ. ഇബാദതുകള്‍ -മറ്റാര്‍ക്കും ഒരു പങ്കും നല്‍കാതെ- അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുന്നതിനാണ് ഇഖ്ലാസ് എന്ന് പറയുക. ഇതും നോമ്പ് സ്വീകാര്യമാകാന്‍ നിര്‍ബന്ധമായ സ്തംഭമാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

Leave a Comment