ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ആമുഖമായി പറയട്ടെ. മനുഷ്യരുടെ മലവും മൂത്രവും നജസാണ് എന്നതാണ് അടിസ്ഥാനം. ഇക്കാര്യത്തിൽ ഇജ്മാഉണ്ട് എന്ന് അനേകം പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. [1] ചെറിയ കുട്ടികളുടെ -ആൺകുട്ടികളായാലും പെൺകുട്ടികളായാലും, അവരുടെ- മലം നജസാണ് എന്നതിലും അഭിപ്രായവ്യത്യാസമില്ല. [2] ഇതു പോലെ തന്നെ, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മൂത്രവും നജസ് തന്നെയാണ്. ഭക്ഷണം കഴിച്ചു തുടങ്ങിയ കുട്ടികളുടെ കാര്യത്തിലും, മുലപ്പാൽ മാത്രം കുടിക്കുന്ന കുട്ടികളുടെ കാര്യത്തിലും ഈ നിയമം ബാധകം തന്നെ. നാല് മദ്‌ഹബുകളും ഇക്കാര്യത്തിൽ -പൊതുവെ- യോജിച്ചിരിക്കുന്നു. [3] ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ ഇജ്മാഉണ്ട് എന്നും ചിലർ രേഖപ്പെടുത്തിയതായി കാണാം. [4] ആൺകുട്ടികളുടെ മൂത്രം ശുദ്ധീകരിക്കുന്നതിൽ ചില ഇളവുകൾ നൽകപ്പെട്ടിട്ടുണ്ട് എന്നതിനാൽ ചിലരെങ്കിലും കുട്ടികളുടെ മൂത്രം നജസല്ല എന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട് എന്നതിനാലാണ് ഇത്രയും ആമുഖം പറഞ്ഞത്.
ഇനി ചോദ്യത്തിലേക്ക് പ്രവേശിക്കാം.
മുലകുടി പ്രായത്തിലുള്ള കുട്ടികളുടെ മൂത്രം സാധാരണ മൂത്രം വൃത്തിയാക്കുന്നത് പോലെ തന്നെ കഴുകി വൃത്തിയാക്കേണ്ടതുണ്ട്. എന്നാൽ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലാത്ത, ആൺകുട്ടികളുടെ മൂത്രം വൃത്തിയാക്കുന്നതിൽ ചില ഇളവുകൾ നൽകപ്പെട്ടിട്ടുണ്ട്. അവരുടെ മൂത്രം ആയ ഭാഗത്ത് വെള്ളം കുടയുകയും, ഒഴിച്ചു കൊടുക്കുകയും മാത്രം ചെയ്താൽ മതിയാകും. ശാഫിഈ ഹമ്പലീ മദ്‌ഹബുകളുടെ അഭിപ്രായം ഇപ്രകാരമാണ്. [5] ഇബ്‌നു ദഖീഖ് അൽ ഈദ്, ശൗകാനീ, ഇബ്‌നു ബാസ്, ഇബ്‌നു ഉഥൈമീൻ തുടങ്ങിയവർ ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. [6]
ഇബ്‌നു ഉഥൈമീൻ -رَحِمَهُ اللَّهُ- പറഞ്ഞു: “ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലാത്ത, മുലപ്പാൽ മാത്രം പോഷകമായി കഴിക്കുന്ന ആൺകുട്ടിയുടെ മൂത്രം നേർത്ത നജസാണ്. അതിന് മേൽ -മൂത്രം മൂടുന്ന തരത്തിൽ- വെള്ളം ഒഴിക്കുക മാത്രം ചെയ്താൽ മതിയാകും; ഉരച്ചു കഴുകുക ആവശ്യമില്ല.” [7]
മേൽ പറഞ്ഞതിൽ നിന്ന് വ്യക്തമായതു പോലെ -രണ്ട് പ്രധാനപ്പെട്ട നിബന്ധനകൾ- ഈ ഇളവ് ലഭിക്കാൻ പൂർത്തീകരിക്കേണ്ടതുണ്ട്.
ഒന്ന്: ആൺകുട്ടിയായിരിക്കണം.
രണ്ട്: ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലാത്ത, മുലകുടി പ്രായത്തിലുള്ള കുട്ടിയായിരിക്കണം.
ഈ പറഞ്ഞ ഇളവ് നബി -ﷺ- യുടെ വ്യത്യസ്തങ്ങളായ ഹദീഥുകളിൽ നിന്ന് മനസ്സിലാകുന്നതാണ്.
عَنْ أُمِّ قَيْسٍ بِنْتِ مِحْصَنٍ، أَنَّهَا أَتَتْ بِابْنٍ لَهَا صَغِيرٍ، لَمْ يَأْكُلِ الطَّعَامَ، إِلَى رَسُولِ اللَّهِ -ﷺ-، فَأَجْلَسَهُ رَسُولُ اللَّهِ -ﷺ- فِي حَجْرِهِ، فَبَالَ عَلَى ثَوْبِهِ، فَدَعَا بِمَاءٍ، فَنَضَحَهُ وَلَمْ يَغْسِلْهُ.
ഉമ്മു ഖയ്സ് ബിൻത് മിഹ്സ്വൻ -رَضِيَ اللَّهُ عَنْهَا- നിവേദനം: അവർ -ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലാത്ത- തന്റെ ചെറിയ ആൺകുട്ടിയുമായി നബി -ﷺ- യുടെ അരികിൽ ചെന്നു. ആ കുട്ടിയെ നബി -ﷺ- തന്റെ മടിയിലിരുത്തി. അപ്പോൾ അവിടുത്തെ വസ്ത്രത്തിൽ കുട്ടി മൂത്രമൊഴിച്ചു. നബി -ﷺ- കുറച്ചു വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെടുകയും, തന്റെ മേൽ ആ വെള്ളം തളിക്കുകയും ചെയ്തു. അവിടുന്ന് അത് കഴുകിയില്ല.” (ബുഖാരി: 223, മുസ്‌ലിം: 287)
عَنْ عَلِيِّ بْنِ أَبِي طَالِبٍ أَنَّ رَسُولَ اللَّهِ -ﷺ- قَالَ فِي بَوْلِ الغُلَامِ الرَّضِيعِ: «يُنْضَحُ بَوْلُ الغُلَامِ، وَيُغْسَلُ بَوْلُ الجَارِيَةِ»
അലി ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: മുലകുടി പ്രായത്തിലുള്ള കുട്ടികളെ കുറിച്ച് നബി -ﷺ- പറഞ്ഞു: “ആൺകുട്ടിയുടെ മൂത്രം വെള്ളം തളിക്കുകയും, പെൺകുട്ടിയുടെ മൂത്രം കഴുകുകയുമാണ് വേണ്ടത്.” (അബൂ ദാവൂദ്: 378, തിർമിദി: 610, ഇബ്‌നു മാജ: 525, അഹ്മദ്: 757, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)
കുട്ടികളെ പൊതുവെ എപ്പോഴും എടുത്ത് മടിയിൽ വെക്കുകയും കൊണ്ടു നടക്കുകയും ചെയ്യുന്നതാണ്. പെൺകുട്ടികളെ അപേക്ഷിച്ച്, ആൺകുട്ടിയുടെ മൂത്രം കുറച്ചു കൂടി നേർമയുള്ളതായതിനാൽ വളരെ പെട്ടെന്ന് വസ്ത്രത്തിൽ പരക്കുന്നതാണ്. അതിനാൽ അത് കഴുകുന്നത് കൂടുതൽ പ്രയാസകരമാണ്. -ഇസ്‌ലാമിലെ പൊതുഅടിസ്ഥാന പ്രകാരം- പ്രയാസം വർദ്ധിക്കുമ്പോൾ ദീനിന്റെ ഇളവുകളിൽ വിശാലത വരുന്നതാണ്. അതേ കാര്യം ഇവിടെയും കാണാൻ സാധിക്കുന്നതാണ്. (ഇഅ്ലാമുൽ മുവഖിഈൻ / ഇബ്‌നുൽ ഖയ്യിം: 2/45, തുഹ്ഫതുൽ മൗറൂദ് / ഇബ്‌നുൽ ഖയ്യിം: 216)
[1] مراتب الاجماع لابن حزم: ص 19، المغني لابن قدامة: 2/64.
[2] المجموع للنووي: 2/549.
[3] الحنفية:(البناية شرح الهداية للعيني (1/728)، الدر المختار وحاشية ابن عابدين (1/318).
المالكية: القول المذكور هو المشهور عندهم، منح الجليل لعليش (1/54)، شرح مختصر خليل للخرشي (1/94).
الشافعية: المجموع للنووي (2/548)، وينظر: الحاوي الكبير للماوردي (2/248).
الحنابلة: الإنصاف للمرداوي (1/232)، كشاف القناع للبهوتي (1/189).
[4] الحاوي الكبير للماوردي: 2/248، شرح النووي على مسلم: 3/195، طرح التثريث للعراقي: 2/128.
[5] الشافعية: روضة الطالبين للنووي (1/31)، المجموع للنووي (2/589).
الحنابلة: الإنصاف للمرداوي (1/323)، وينظر: المغني لابن قدامة (2/67).
[6] ابن دقيق العيد: إحكام الأحكام: ص 58.
الشوكاني: نيل الأوطار: 1/48.
ابن باز: مجموع فتاوى ابن باز: 29/22.
[7] ابن عثيمين: اللقاء الشهري: رقم 54.