നജസായ വസ്തുക്കൾ ഭക്ഷണമോ പാനീയമോ വസ്ത്രമോ ആയി ഉപയോഗിക്കാൻ പാടില്ല. അതിൽ പുറമെയുള്ള കാര്യങ്ങളിൽ നജസായ വസ്തു കൊണ്ട് പ്രയോജനമുണ്ടെങ്കിൽ അവ ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാൽ ഇവ ഉപയോഗപ്പെടുത്തുമ്പോൽ നജസ് വസ്ത്രത്തിലേക്കോ ശരീരത്തിലേക്കോ നിസ്കരിക്കുന്ന സ്ഥലങ്ങളിലേക്കോ പരക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
ശാഫിഈ മദ്ഹബിലെ അഭിപ്രായം ഇപ്രകാരമാണ്. [1] മാലികീ മദ്ഹബിലെ വ്യത്യസ്ത അഭിപ്രായങ്ങളിലൊന്നും [2], ഇമാം അഹ്മദിന്റെ വ്യത്യസ്ത രിവായതുകളിലൊന്നിലെ സൂചനയും [3] ഈ അഭിപ്രായത്തിലേക്ക് ചാഞ്ഞു കൊണ്ടാണ്. സലഫുകളിൽ ചിലർക്ക് ഈ അഭിപ്രായം ഉള്ളതായി ഇമാം നവവി -رَحِمَهُ اللَّهُ- രേഖപ്പെടുത്തിയിട്ടുണ്ട്. [4] ഇമാം ത്വബരി, ഇബ്നു തൈമിയ്യഃ, ഇബ്നു ഉഥൈമീൻ [5] തുടങ്ങിയവർ സ്വീകരിച്ച അഭിപ്രായവും ഇത് തന്നെയാണ്.
عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا، أَنَّهُ: سَمِعَ رَسُولَ اللَّهِ -ﷺ- يَقُولُ عَامَ الفَتْحِ وَهُوَ بِمَكَّةَ: «إِنَّ اللَّهَ وَرَسُولَهُ حَرَّمَ بَيْعَ الخَمْرِ، وَالمَيْتَةِ وَالخِنْزِيرِ وَالأَصْنَامِ»، فَقِيلَ: يَا رَسُولَ اللَّهِ، أَرَأَيْتَ شُحُومَ المَيْتَةِ، فَإِنَّهَا يُطْلَى بِهَا السُّفُنُ، وَيُدْهَنُ بِهَا الجُلُودُ، وَيَسْتَصْبِحُ بِهَا النَّاسُ؟ فَقَالَ: «لاَ، هُوَ حَرَامٌ»
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- മക്കാ വിജയത്തിന്റെ വർഷം, മക്കയിലായിരിക്കെ ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: “മദ്യം, ശവം, പന്നി, വിഗ്രഹം എന്നിവ വിൽക്കുന്നത് അല്ലാഹുവും അവന്റെ റസൂലും -ﷺ- ഹറാം (നിഷിദ്ധം) ആക്കിയിരിക്കുന്നു.”
സ്വഹാബികളിൽ ചിലർ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! ശവത്തിന്റെ നെയ്യിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? വഞ്ചികളുടെ മുകളിൽ ചായമടിക്കാനും [6], (മൃഗങ്ങളുടെ) തൊലികൾ എണ്ണപുരട്ടാനും [7], വിളക്കുകൾ കത്തിക്കാനും ജനങ്ങൾ അവ ഉപയോഗപ്പെടുത്തുന്നുണ്ട്.” നബി -ﷺ- പറഞ്ഞു: “ഇല്ല. അത് നിഷിദ്ധമാണ്.” (ബുഖാരി: 2236, മുസ്ലിം: 1581)
നജസായ വസ്തുക്കൾ വിൽക്കുന്നത് നബി -ﷺ- നിരോധിച്ചപ്പോൾ സ്വഹാബികൾ മൃഗങ്ങളുടെ ശവത്തിൽ നിന്ന് ലഭിക്കുന്ന നെയ്യിന്റെ വിധി പ്രത്യേകമായി നബി -ﷺ- യോട് ചോദിച്ചറിഞ്ഞു. കാരണം ചത്ത മൃഗങ്ങളുടെ ശവത്തിൽ നിന്ന് ലഭിക്കുന്ന നെയ്യ് ഹദീഥിൽ പറയപ്പെട്ട രൂപത്തിൽ ചില കാര്യങ്ങൾക്ക് വേണ്ടി അവർ ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. ഇത്തരം ഉപയോഗങ്ങൾ ഉള്ളതിനാൽ ശവത്തിന്റെ നെയ്യ് വിൽക്കാനും വാങ്ങാനും കഴിയുമോ എന്നാണ് സ്വഹാബികൾ ചോദിച്ചത്.
ഹദീഥിൽ നബി -ﷺ- നൽകിയ മറുപടിയുടെ -‘ഇല്ല. അത് നിഷിദ്ധമാണ്’ എന്ന അവിടുത്തെ വാക്കിന്റെ- ഉദ്ദേശം എന്താണെന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ശവത്തിന്റെ നെയ്യ് കൊണ്ട് ചില പ്രയോജനങ്ങൾ ഉണ്ടെങ്കിലും നജസായ വസ്തുക്കൾ വിൽക്കാനും വാങ്ങാനും പാടില്ല എന്ന വിധിയിൽ മാറ്റമില്ല എന്നതാണ് പ്രസ്തുത മറുപടിയുടെ ഉദ്ദേശം എന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം.
ഏറ്റവും ചുരുങ്ങിയത് ഈ ഹദീഥ് രണ്ട് അർത്ഥ സാധ്യതകൾ ഉൾക്കൊള്ളുന്നതിനാൽ -സംശയത്തിന്റെ അടിസ്ഥാനത്തിൽ- ഒരു കാര്യം നിഷിദ്ധമാക്കാൻ കഴിയില്ലെന്നും ഇബ്നുൽ ഖയ്യിം -رَحِمَهُ اللَّهُ- അഭിപ്രായപ്പെട്ടിട്ടുണ്ട്. [സാദുൽ മആദ്: 5/750-751] ഈ വിഷയത്തിൽ നാം മേലെ പറഞ്ഞ അഭിപ്രായം ശരിയാണെന്നതിലേക്ക് സൂചന നൽകുന്ന മറ്റൊരു ഹദീഥ് കൂടിയുണ്ട്.
عَنِ ابْنِ عَبَّاسٍ، قَالَ: تُصُدِّقَ عَلَى مَوْلَاةٍ لِمَيْمُونَةَ بِشَاةٍ فَمَاتَتْ فَمَرَّ بِهَا رَسُولُ اللَّهِ -ﷺ-، فَقَالَ: «هَلَّا أَخَذْتُمْ إِهَابَهَا فَدَبَغْتُمُوهُ فَانْتَفَعْتُمْ بِهِ؟» فَقَالُوا: إِنَّهَا مَيْتَةٌ فَقَالَ: «إِنَّمَا حَرُمَ أَكْلُهَا»
അബ്ദുല്ലാഹി ബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: മയ്മൂനയുടെ അടിമസ്ത്രീകളിൽ പെട്ട ഒരുവൾക്ക് ഒരു ആടിനെ ദാനമായി ലഭിച്ചു. അങ്ങനെ അത് ചത്തു പോയി. അതിന്റെ അടുത്തു കൂടെ നടന്നു പോയപ്പോൾ നബി -ﷺ- ചോദിച്ചു: “നിങ്ങൾക്ക് അതിന്റെ തൊലി എടുക്കുകയും, അത് ഊറക്കിടുകയും, ശേഷം അത് പ്രയോജനകരമാക്കുകയും ചെയ്തു കൂടേ?” അപ്പോൾ അവർ പറഞ്ഞു: “അത് ശവമാണ്.” നബി -ﷺ- പറഞ്ഞു: “അതിനെ ഭക്ഷിക്കുന്നത് മാത്രമാണ് നിഷിദ്ധമായിട്ടുള്ളത്.” (ബുഖാരി: 1492, മുസ്ലിം: 363)
ഈ ഹദീഥിൽ ചത്തു പോയ ആടിന്റെ തൊലി -ഊറക്കിട്ട ശേഷം- ഉപയോഗപ്പെടുത്തി കൂടേ എന്ന് നബി -ﷺ- ചോദിക്കുന്നു. നജസായ വസ്തുവാണെങ്കിലും അവ പ്രയോജനകരമായ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താം എന്ന് ഈ ഹദീഥിലും സൂചനയുണ്ട്. വല്ലാഹു അഅ്ലം.
[1] المجموع للنووي: (4/446)، مغني المحتاج للشربيني (1/309).
[2] مواهب الجليل للحطاب (1/172).
[3] الإنصاف للمرداوي (4/204).
[4] شرح صحيح مسلم للنووي (11/6).
[5] الطبري: نقل عنه النووي في شرح صحيح مسلم: 11/6.
ابن تيمية: الفتاوى الكبرى (5/313).
ابن عثيمين: الشرح الممتع (1/71).
[6] വഞ്ചികളുടെ മുകളിൽ മൃഗങ്ങളുടെ ശവങ്ങളിൽ നിന്ന് ലഭിക്കുന്ന നെയ്യ് അവർ പുരട്ടാറുണ്ടായിരുന്നു. കടൽക്കാറ്റ് മൂലം വഞ്ചിയുടെ തടി കേടാകാതിരിക്കാനായിരിക്കാം ഈ രീതി സ്വീകരിച്ചിരുന്നത്. [കൗകബുൽ വഹ്ഹാജ്: 17/277.]
[7] മൃഗങ്ങളുടെ തൊലികൾ സഞ്ചികളും പാത്രങ്ങളും മറ്റും നിർമ്മിക്കാൻ ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. ഈ തൊലികൾ ഉറപ്പുള്ളതാക്കാനായിരിക്കാം അവയുടെ മേൽ നെയ്യ് പുരട്ടുന്നത്. [കൗകബുൽ വഹ്ഹാജ്: 17/277]