1- ഹയ്ദ്വ്, നിഫാസ് എന്നിവ കാരണത്താലുള്ള രക്തം.

ഹയ്ദ്വ് എന്നാണ് ആർത്തവത്തിന് പറയുക. ആർത്തവത്തിന്റെ വേളയിൽ ഗുഹ്യസ്ഥാനത്ത് നിന്ന് പുറത്തു വരുന്ന രക്തം നജസാണെന്നതിൽ പണ്ഡിതന്മാർക്ക് ഇജ്മാഉണ്ട് എന്ന് ഇമാം നവവി രേഖപ്പെടുത്തിയതായി ശൗകാനി ഉദ്ധരിച്ചിട്ടുണ്ട്.

ശൗകാനി -رَحِمَهُ اللَّهُ- പറയുന്നു: “ആർത്തവ രക്തം നജസാണെന്നത് മുസ്‌ലിമീങ്ങളുടെ ഇജ്മാഇനാൽ സ്ഥിരപ്പെട്ടിരിക്കുന്നു. ഇക്കാര്യം ഇമാം നവവി രേഖപ്പെടുത്തിയിട്ടുണ്ട്.” (നയ്ലുൽ അവ്ത്വാർ: 1/58)

നിഫാസിന്റെ രക്തം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രസവവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന രക്തമാണ്. ഇതും നജസാണ്; കാരണം ആർത്തവരക്തത്തിന്റെ അതേ വിധികൾ തന്നെയാണ് നിഫാസിന്റെ രക്തത്തിനുമുള്ളത് എന്നതിൽ പണ്ഡിതന്മാർക്ക് ഇജ്മാഉണ്ട്. [1]

2- ഗുഹ്യസ്ഥാനങ്ങളിൽ നിന്ന് പുറത്തു വരുന്ന രക്തം.

മൂത്രക്കല്ലോ, മൂലക്കുരുവോ പോലുള്ള രോഗങ്ങളുടെയും മറ്റും കാരണത്താൽ ഗുഹ്യസ്ഥാനങ്ങളിൽ നിന്ന് പുറത്തു വരുന്ന രക്തം ഉദാഹരണം. ഇവ നജസാണ്. കാരണം മലവും മൂത്രവുമായി കലർന്നു കൊണ്ട് -വിസർജ്യം പുറത്തു വരുന്ന വഴിയിലൂടെയാണ്- അവ വന്നിട്ടുള്ളത്.

3- മേൽ പറഞ്ഞതല്ലാതെ -മുറിവുകളിൽ നിന്നോ മറ്റോ പ്രവഹിക്കുന്ന- രക്തം.

മുറിവുകളിൽ നിന്നോ, ചെവി, മൂക്ക്, വായ പോലുള്ള അവയവങ്ങളിൽ നിന്നോ രക്തം ഒഴുകുന്നുണ്ടെങ്കിൽ അത് നജസായാണ് പരിഗണിക്കപ്പെടുക. രക്തം ധാരാളമായി വരുന്നുണ്ടെങ്കിൽ അത് കഴുകി വൃത്തിയാക്കുക എന്നത് നിർബന്ധമാണ്. ഈ രൂപത്തിൽ -പുറത്തേക്കൊഴുകുന്ന- മനുഷ്യ രക്തം നജസാണെന്നതിൽ പണ്ഡിതന്മാർ പൊതുവെ യോജിച്ചിരിക്കുന്നു. അനേകം പണ്ഡിതന്മാർ ഈ വിഷയത്തിൽ ഇജ്മാഉണ്ട് എന്ന് രേഖപ്പെടുത്തിയതായി കാണാം. [2]

അല്ലാഹു പറയുന്നു:

قُل لَّا أَجِدُ فِي مَا أُوحِيَ إِلَيَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُ إِلَّا أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ فَإِنَّهُ رِجْسٌ 

“(നബിയേ,) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ.” (അൻആം: 145)

ഇബ്‌നു അബ്ദിൽ ബർറ് -رَحِمَهُ اللَّهُ- പറഞ്ഞു: “എല്ലാ രക്തവും ആർത്തവ രക്തം പോലെ തന്നെയാണ്; (അവയെല്ലാം നജസാണ്). എന്നാൽ വളരെ കുറച്ചു മാത്രം രക്തമേ ഉള്ളൂവെങ്കിൽ അതിൽ വിട്ടുവീഴ്ച്ച നൽകപ്പെട്ടിരിക്കുന്നു.

കാരണം (മേലെ നൽകിയ ആയത്തിൽ വന്നതു പോലെ), രക്തം നജസാകണമെങ്കിൽ അത് ഒഴുക്കപ്പെട്ടതായിരിക്കണം എന്ന് അല്ലാഹു നിബന്ധന വെച്ചിരിക്കുന്നു. (ഒഴുകാൻ മാത്രമുള്ള രക്തമുണ്ടെങ്കിൽ) അത് മ്ലേഛമാണ്. മ്ലേഛമായത് നജസുമാണ്. ഇപ്രകാരം ഒഴുക്കപ്പെട്ട രക്തം നജസാണെന്നതിൽ മുസ്‌ലിമീങ്ങൾക്കിടയിൽ ഇജ്മാഉണ്ട്.” (തംഹീദ്: 22/230)

വല്ലാഹു അഅ്ലം.

രക്തം നജസാണോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് മേലെ നൽകിയത്. ഇവയിൽ നിസ്കാരത്തിന് തടസ്സമുണ്ടാക്കുന്നത് ഏതെല്ലാമാണെന്നും, അവയിൽ ചിലത് ശുദ്ധീകരിക്കേണ്ട രൂപവും വഴിയെ വിശദീകരിക്കുന്നതാണ്. ഇൻശാ അല്ലാഹ്.

[1] المحلى لابن حزم (1/400)، الاستذكار لابن عبد البر (1/347)، بداية المجتهد لابن رشد (1/88).

[2]  ((التمهيد لابن عبد البر)) (22/230)، ((أحكام القرآن لابن العربي)). (1/79)، ((بداية المجتهد لابن رشد)) (1/83)، ((تفسير القرطبي للامام القرطبي)) (2/221)، ((المجموع للنووي)) (2/557)، ((فتح الباري لابن حجر)) (1/352)، ((شرح العمدة لابن تيمية)) (1/105)، ((مراتب الإجماع لابن حزم)) (1/19).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: