ചില പൊതുവായ ഉപദേശങ്ങള്‍…

ഒന്ന്: ഒരു ഡോക്ടറുടെ മേല്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഉത്തരവാദിത്ത നിര്‍വഹണം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമാണ് അയാള്‍ക്ക് മുന്നിലെത്തുന്ന രോഗിയുടെ ആരോഗ്യം പരിചരിക്കുക എന്നത്. അതില്‍ ഏര്‍പ്പെടുമ്പോള്‍ അയാള്‍ക്ക് വെളിപ്പെടുന്ന പല രഹസ്യങ്ങളും ഉണ്ടായേക്കാം. അവ അയാള്‍ മറച്ചു വെക്കുകയും, അയാളുടെ ന്യൂനതകള്‍ പരസ്യമാക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. രോഗിയെ വഷളാക്കുകയോ അഹവേളിക്കുകയോ ചെയ്യരുത്. രോഗിയുടെ ആരോഗ്യത്തെ ബാധിക്കുമെങ്കിലോ, സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നെങ്കിലോ മാത്രമേ അത്തരം കാര്യങ്ങള്‍ അയാള്‍ പുറത്തു പറയാന്‍ പാടുള്ളൂ.

«…مَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ فِي الدُّنْيَا وَالآخِرَةِ»

നബി -ﷺ- പറഞ്ഞു: “ആരെങ്കിലും ഒരു മുസ്‌ലിമിന്റെ (ന്യൂനത) മറച്ചാല്‍ അല്ലാഹു ദുനിയാവിലും ആഖിറതിലും അവന്റെ ന്യൂനത മറച്ചു വെക്കും.” (ബുഖാരി: 2442)

രണ്ട്: രോഗ ചികിത്സ ആരംഭിക്കുമ്പോള്‍ ഡോക്ടര്‍ ബിസ്മി പറയണം. ഉദാഹരണത്തിന് മരുന്ന് എഴുതി നല്‍കുകയോ, ശാസ്ത്രക്രിയ ആരംഭിക്കുകയോ ചെയ്യുന്നതിന് മുന്‍പ്. അതില്‍ നിന്ന് വിരമിക്കുമ്പോള്‍ അല്ലാഹുവിന് ഹംദ് പറയുക; അല്‍ഹംദുലില്ലാഹ്. രോഗം മാറിയാല്‍ തന്റെ കഴിവും പരിശ്രമവും എന്നു പറയാതെ അല്ലാഹുവിന്റെ ഔദാര്യത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും, അവന് നന്ദി പറയാന്‍ രോഗിയെ ഉപദേശിക്കുകയും ചെയ്യുക.

മൂന്ന്: രോഗിയെ സന്ദര്‍ശിക്കുകയും, അവരുടെ ആരോഗ്യ സ്ഥിതികളെ കുറിച്ച് ചോദിച്ചറിയുകയും, അതിന്റെ പുരോഗതി വിലയിരുത്തുകയും, അദ്ദേഹത്തിനു നല്‍കപ്പെടുന്ന സൌകര്യങ്ങള്‍ പര്യാപ്തമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. അതെല്ലാം ഒരു ഡോക്ടര്‍ എന്ന നിലക്ക് അയാളുടെ ഉത്തരവാദിത്തം തന്നെയാണ്. രോഗിയെ സന്ദര്‍ശിക്കുക എന്നത് മുസ്‌ലിമീങ്ങള്‍ പരസ്പരം തന്നെ ബാധ്യതയുള്ള കാര്യമാണ്. അപ്പോള്‍ ഡോക്ടറുടെ കാര്യത്തില്‍ അത് കൂടുതല്‍ ബാധ്യതയാണെന്നത് ഓര്‍ക്കുക.

«كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ»

നബി -ﷺ- പറഞ്ഞു: ‘നിങ്ങളെല്ലാം (ചിലരെ) മേയ്ക്കുന്നവരാണ്; അവരവര്‍ക്ക് കീഴിലുള്ളവരെ കുറിച്ച് എല്ലാവരും ചോദ്യം ചെയ്യപ്പെടുന്നതാണ്.” (ബുഖാരി: 7138, മുസ്‌ലിം: 1829)

നാല്: രോഗിയെ ആശ്വസിപ്പിക്കുകയും, അയാള്‍ക്ക് രോഗ ശമനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. അദ്ദേഹത്തിന്റെ മനസ്സിന് ആശ്വാസം നല്‍കുന്ന വാക്കുകള്‍ പറയുക. നബി -ﷺ- പറഞ്ഞിരുന്നത് ഇപ്രകാരമാണ്:

«لَا بَأْسَ طَهُورٌ إِنْ شَاءَ اللَّهُ»

“കുഴപ്പമില്ല. ശമനമുണ്ടാകും. ഇന്‍ഷാ അല്ലാഹ്.”

രോഗിക്ക് വേണ്ടി നബി -ﷺ- നടത്തിയിരുന്ന പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു:

«اللَّهُمَّ رَبَّ النَّاسِ أَذْهِبِ البَاسَ، اشْفِهِ وَأَنْتَ الشَّافِي، لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا»

“അല്ലാഹുവേ! ജനങ്ങളുടെ റബ്ബേ! ഈ കുഴപ്പം നീ ഇല്ലാതാക്കേണമേ! നീ സൌഖ്യം നല്‍കണേ! നീയാണ് സൌഖ്യം നല്‍കുന്ന അശ്ശാഫീ. നിന്റെ സൌഖ്യമല്ലാതെ മറ്റൊരു സൌഖ്യമില്ല. ഒരു അസുഖവും ബാക്കിയാകാത്ത സൌഖ്യം.” (അബൂദാവൂദ്: 4207, സ്വഹീഹ: 1537)

അഞ്ച്: അല്ലാഹുവാണ് രോഗം മാറ്റുന്നവനെന്നും, അവനോടു പ്രാര്‍ഥിക്കുകയാണ് വേണ്ടതെന്നും രോഗിയെ ഓര്‍മ്മപ്പെടുത്തുക. അയാളുടെ ഹൃദയത്തെ അല്ലാഹുവുമായി ബന്ധപ്പെടുത്തുക. എത്ര വലിയ കഴിവുള്ള ഡോക്ടറാണെങ്കിലും തന്റെ ചികിത്സയുമായോ മരുന്നുമായോ അല്ല അവന്റെ ഹൃദയത്തെ ബന്ധപ്പെടുത്തേണ്ടത്. ഞാന്‍ രോഗം മാറ്റുന്ന വൈദ്യനാണ് എന്നു പറഞ്ഞ ഒരാളോടു നബി -ﷺ- പറഞ്ഞതു പോലെ:

«اللَّهُ الطَّبِيبُ، بَلْ أَنْتَ رَجُلٌ رَفِيقٌ، طَبِيبُهَا الَّذِي خَلَقَهَا»

“അല്ലാഹുവാണ് രോഗം മാറ്റുന്നവന്‍. നീ രോഗികളോട് സൌമ്യത കാണിക്കുന്ന റഫീഖാണ്. (രോഗിയുടെ) രോഗം മാറ്റുന്നവന്‍ അവനെ പടച്ച സൃഷ്ടാവാണ്.” (അബൂദാവൂദ്: 4207)

ചുരുക്കത്തില്‍, യഥാര്‍ത്ഥത്തില്‍ രോഗം മാറ്റുന്നത് ഡോക്ടറോ മരുന്നോ ഒന്നുമല്ല. അല്ലാഹു മാത്രമാണ്. അത് ഡോക്ടറുടെ മനസ്സില്‍ എപ്പോഴും ഉണ്ടാകേണ്ടതുണ്ട്. തന്റെ അടുക്കല്‍ വരുന്ന രോഗിയുടെ മനസ്സിലേക്ക് അതയാള്‍ പകര്‍ന്നു നല്‍കേണ്ടതുമുണ്ട്.

ആറ്: രോഗം മാറുമെന്ന പ്രതീക്ഷയില്‍ ശിര്‍കന്‍ ചരടുകളോ ഉറുക്കുകളോ മറ്റെന്തെങ്കിലും അനിസ്ലാമിക മാര്‍ഗങ്ങളോ സ്വീകരിച്ച രോഗികള്‍ വന്നാല്‍ അവരെ ഉപദേശിക്കുക. ഇത്തരം കാര്യങ്ങള്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകാന്‍ കാരണമാകുന്ന, നബി -ﷺ- ശക്തമായി വിലക്കിയ തിന്മകളാണ് എന്നു ബോധ്യപ്പെടുത്തി നല്‍കുക. സാധിക്കുമെങ്കില്‍ -കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെങ്കില്‍- അവ രോഗിയുടെ ശരീരത്തില്‍ നിന്ന് എടുത്തൊഴിവാക്കുക. ഏലസ്സ് കെട്ടിയവരോട് ‘അത് നിന്റെ രോഗം വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്യൂ’ എന്ന് നബി -ﷺ- പറഞ്ഞതു പോലെ, ഇത്തരം കാര്യങ്ങള്‍ ഉപയോഗിച്ചാലുള്ള ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ അറിയിച്ചു കൊടുക്കുകയും, അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക. ഒരാളുടെ ശരീരത്തില്‍ കെട്ടിയ ഉറുക്ക് അഴിച്ചു മാറ്റുന്നത് ഒരു അടിമയെ മോചിപ്പിക്കുന്നതിനു തുല്യമാണെന്ന് ചില സലഫുകള്‍ പറഞ്ഞത് ഓര്‍ക്കുക.

ഏഴ്: രോഗിയെ വഞ്ചിക്കരുത്. ലാഭകരമായ വഴികള്‍ ഉള്ളപ്പോള്‍ അവ ഒഴിവാക്കി രോഗികള്‍ക്ക് നഷ്ടമുണ്ടാക്കുന്ന മരുന്നുകളും ചികിത്സാ രീതികളും നിര്‍ദേശിക്കരുത്. കൈക്കൂലി സ്വീകരിച്ചു കൊണ്ടോ, ചില മരുന്നു കമ്പനികളുടെ സൗകര്യങ്ങള്‍ പറ്റിയോ രോഗികളെ കച്ചവട ചരക്കുകളാക്കരുത്. രോഗ ചികിത്സയില്‍ ഉപകാരമില്ലെന്ന് വ്യക്തമായി ബോധ്യമുള്ളതോ, ഏതെങ്കിലും പ്രത്യേക രോഗികള്‍ക്ക് ഉപകാരപ്പെടില്ലെന്ന് അറിയുന്നതോ ആയ മരുന്നുകളും എഴുതി നല്‍കരുത്. നബി -ﷺ- പറഞ്ഞു:

«مَنْ غَشَّ فَلَيْسَ مِنَّا»

“വഞ്ചിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല.” (മുസ്‌ലിം: 146)

«مَنْ أَشَارَ عَلَى أَخِيهِ بِأَمْرٍ يَعْلَمُ أَنَّ الرُّشْدَ فِي غَيْرِهِ فَقَدْ خَانَهُ»

നബി -ﷺ- പറഞ്ഞു: “ശരിയുടെ മാര്‍ഗം മറ്റൊന്നാണെന്ന് അറിഞ്ഞു കൊണ്ട് അതല്ലാത്ത വഴിയിലേക്ക് തന്റെ സഹോദരനെ നയിക്കുന്നവന്‍ അവനെ വഞ്ചിച്ചിരിക്കുന്നു.” (അബൂദാവൂദ്: 3657)

എട്ട്: നിഷിദ്ധമായ കൂട്ടുകള്‍ അടങ്ങിയ മരുന്നുകള്‍ നിര്‍ദേശിക്കരുത്. ഉദാഹരണത്തിന് ശവത്തിന്റെ നെയ്യില്‍ നിന്നോ, മദ്യക്കൂട്ടുകള്‍ അടങ്ങുന്നതോ, പന്നി മാംസം ഉള്‍പ്പെടുന്നതോ ആയ മരുന്നുകള്‍ നിര്‍ദേശിക്കരുത്. കാരണം നിഷിദ്ധമായ വസ്തുക്കള്‍ കൊണ്ടുള്ള ചികിത്സയും നിഷിദ്ധമാണ്. നബി -ﷺ- പറഞ്ഞു:

«إِنَّ اللهَ لَمْ يَجْعَلْ شِفَاءَكُمْ فِيمَا حَرَّمَ عَلَيْكُمْ»

“തീര്‍ച്ചയായും അല്ലാഹു -تَعَالَى- നിങ്ങളുടെ രോഗശമനം അവന്‍ നിങ്ങള്‍ക്ക് മേല്‍ നിഷിദ്ധമാക്കിയ കാര്യങ്ങളില്‍ നിശ്ചയിച്ചിട്ടില്ല.” (ഹാകിം: 4/242, സ്വഹീഹ: 4/175)

ഒമ്പത്: ചില ഡോക്ടര്‍മാര്‍ കൂട്ടുനില്‍ക്കാറുള്ള വഞ്ചനകളില്‍ ഒന്നാണ് അര്‍ഹതയില്ലാത്തവര്‍ക്ക് ലീവിന് എഴുതി കൊടുക്കുക എന്നത്. എന്തെങ്കിലും ജോലിക്ക് അപേക്ഷിക്കുകയോ യാത്ര പോകുകയോ ചെയ്യുന്നതിന്റെ ഭാഗമായി ‘ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ്’ ചോദിച്ചു വരുന്നവര്‍ക്ക് അര്‍ഹതയില്ലെങ്കിലും അവ നല്‍കുന്നതും ഇക്കൂട്ടത്തില്‍ പെടും. ഇവയെല്ലാം വഞ്ചനയും ചതിയുമാണ്. തുഛമായ ഭൌതിക ലാഭത്തിനു വേണ്ടിയാണ് അവന്‍ ഇപ്രകാരം ചെയ്യുന്നതെങ്കില്‍ അതിന്റെ ഗൌരവം വീണ്ടും വര്‍ദ്ധിക്കും.

പത്ത്: മനുഷ്യ ശരീരത്തിന് ആദരവുണ്ട്. ഇത് പരിഗണിച്ചു കൊണ്ടായിരിക്കണം ഡോക്ടര്‍ ഏതൊരാളുടെയും ശരീരത്തില്‍ കൈ വെക്കുന്നത്. അല്ലാഹു -تَعَالَى- മനുഷ്യരെ ആദരിച്ചിട്ടുണ്ട് എന്ന കാര്യം അവന്‍ ഓര്‍ക്കട്ടെ:

وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا ﴿٧٠﴾

“തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.” (ഇസ്റാഅ: 70)

പോസ്റ്റുമോര്‍ട്ടം ടേബിളില്‍ വരുന്ന മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവന്‍ ഈ പറഞ്ഞത് ഓര്‍ക്കണം. മരിച്ച വ്യക്തിയെ പരിഹസിക്കുകയോ അയാളുടെ ന്യൂനതകള്‍ എടുത്തു പറഞ്ഞു കളിയാക്കുകയോ ചെയ്യരുത്. അവഗണിക്കപ്പെട്ട നിലയില്‍ മൃതദേഹങ്ങളെ ഉപേക്ഷിക്കുകയും പാടില്ല. ഇതെല്ലാം ഇസ്‌ലാം ഗൌരവതരമായി കണ്ട വിഷയങ്ങളാണ്.

ശരീരത്തില്‍ നിന്ന് അറ്റു പോയ ഭാഗങ്ങള്‍ കത്തിച്ചു കളയുകയോ, അങ്ങനെ ചെയ്യുന്നതിന് സഹകരിക്കുകയോ ചെയ്യരുത്. ചിലപ്പോള്‍ ഇത്തരം അവയവങ്ങളില്‍ രോഗം പടര്‍ത്തുന്ന വൈറസുകളോ മറ്റോ ഉണ്ടാകാനും സാധ്യതയുണ്ട്. അതെല്ലാം തടയാന്‍ ഏറ്റവും സഹായകമായ വഴി -മതപരമായി അനുവദിക്കപ്പെട്ടതും അത് തന്നെയാണ്- അവ കുഴിച്ചിടലാണ്. അതിന് കഴിയില്ലെങ്കില്‍ രോഗിക്കോ അയാളുടെ കുടുംബാംഗങ്ങള്‍ക്കോ ഈ മുറിഞ്ഞ ശരീരാവയവങ്ങള്‍ കൊടുക്കുകയുമാവാം.

പതിനൊന്ന്: രക്തം വില്‍ക്കുകയോ അതിന് സഹായിക്കുകയോ ചെയ്യരുത്. കാരണം മനുഷ്യ രക്തം എന്നത് അല്ലാഹുവിന്റെ അവകാശമാണ്. അത് മനുഷ്യന്റെ ഉടമസ്ഥതക്ക് കീഴിലുള്ള കാര്യമല്ല. താന്‍ ഉടമപ്പെടുത്താത് വില്‍ക്കുന്നത് നബി -ﷺ- വിലക്കിയിട്ടുണ്ട്.

പന്ത്രണ്ട്: ശരീര ഭംഗിക്ക് വേണ്ടിയുള്ള ശാസ്ത്രക്രിയകള്‍ ചെയ്യാന്‍ രോഗിയോട് നിര്‍ദേശിക്കുന്നത് അനുവദനീയമല്ല. ഭംഗി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതോ, ‘യുവത്വം’ തിരിച്ചു വരുത്തുന്ന ചികിത്സകള്‍ ചെയ്യുന്നതോ ഉദാഹരണം. മൂക്ക്, വയര്‍, ചെവി എന്നിങ്ങനെ ശരീരത്തിലെ അവയവങ്ങളുടെ രൂപം മാറ്റം വരുത്തുന്ന ഇത്തരം ചികിത്സകള്‍ അനുവദനീയമല്ല. ശരീരത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാന്‍ വേണ്ടിയുള്ള ഓപ്പറേഷനുകള്‍ ഇക്കൂട്ടത്തില്‍ പെടും. കാരണം ഇതെല്ലാം അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തലാണ്.

ഇബ്ലീസ്‌ -لَعْنَةُ اللَّهِ عَلَيْهِ- പറഞ്ഞതായി അല്ലാഹു -تَعَالَى- നമ്മെ അറിയിക്കുന്നു:

وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ

“ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും.” (നിസാഅ: 119)

«وَالمُتَفَلِّجَاتِ لِلْحُسْنِ المُغَيِّرَاتِ خَلْقَ اللهِ»

നബി -ﷺ- പറഞ്ഞു: “പല്ലുകള്‍ക്കിടയില്‍ വിടവുണ്ടാക്കുകയും, അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുകയും ചെയ്യുന്ന സ്ത്രീകളെ അല്ലാഹു ശപിച്ചിരിക്കുന്നു.” (ബുഖാരി: 5931, മുസ്‌ലിം: 5931)

ഇവിടെ സ്ത്രീകളെ പ്രത്യേകം എടുത്തു പറഞ്ഞത് അവരാണ് ഇത്തരം പ്രവൃത്തികള്‍ കൂടുതലായി ചെയ്യുന്നത് എന്നത് കൊണ്ട് മാത്രമാണ്. അല്ലെങ്കില്‍ അത് പുരുഷന്മാര്‍ക്ക് കൂടി ബാധകമാണ്.

കൂടുതലായി ശരീരത്തില്‍ ഉള്ള വിരല്‍ മുറിച്ചു നീക്കലും ഈ പറഞ്ഞതില്‍ ഉള്‍പ്പെടും. എന്നാല്‍ വേദനയോ മറ്റെന്തെങ്കിലും പ്രയാസമോ ഉള്ളത് കൊണ്ടാണ് അവ നീക്കം ചെയ്യുന്നതെങ്കില്‍ അതില്‍ തെറ്റില്ല.

ചുരുക്കത്തില്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിന് മാറ്റം വരുത്തലാണ് എന്നതിനാലും, വളരെ അനിവാര്യമോ ആവശ്യമോ ആയ ഒരു കാര്യമല്ല എന്നതിനാലും ഇത്തരം ഭംഗി വര്‍ദ്ധിപ്പിക്കുന്ന ചികിത്സാ രീതികള്‍ ഇസ്‌ലാമികമായി അനുവദനീയമല്ല.

വിരാമം…

മേല്‍ പറഞ്ഞത് ഒരു മുസ്‌ലിം ഡോക്ടര്‍ പാലിക്കേണ്ട പ്രധാനപ്പെട്ട ചില ഇസ്‌ലാമിക മര്യാദകള്‍ മാത്രമാണ്. വര്‍ഷത്തിലോ മാസത്തിലോ ആഴ്ചയിലോ ഒരിക്കല്‍ സൌജ്യന്യമായി ചികിത്സ ചെയ്യുക എന്നത് അയാള്‍ക്ക് ചെയ്യാവുന്ന മഹത്തരമായ ഒരു സുന്നത്തും, അല്ലാഹു അയാള്‍ക്ക് നല്‍കിയ ഈ വിജ്ഞാനത്തിനുള്ള നന്ദിയുമാണ്. ഡോക്ടര്‍മാര്‍ ഇല്ലാത്ത, അകന്നു കിടക്കുന്ന, പ്രയാസങ്ങള്‍ അനുഭവിക്കുന്ന മനുഷ്യരിലേക്ക് അങ്ങോട്ട്‌ പോയി ചികിത്സ നല്‍കുകയും, അവരെ സഹായിക്കുകയും ചെയ്യുന്നതും വളരെ മഹത്തരമായ നന്മകള്‍ തന്നെ. നബി -ﷺ- പറഞ്ഞില്ലേ?!

അല്ലാഹു -تَعَالَى- പറഞ്ഞു:

وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ ۚ

“പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌.” (മാഇദ: 2)

«وَاللَّهُ فِي عَوْنِ العَبْدِ مَا كَانَ العَبْدُ فِي عَوْنِ أَخِيهِ»

“ഒരു അടിമ തന്റെ സഹോദരനെ സഹായിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നിടത്തോളം അല്ലാഹു അവനെ സഹായിച്ചു കൊണ്ടിരിക്കും.” (മുസ്‌ലിം: 2699)

നീ മുറുകെ പിടിക്കുന്ന ഇസ്‌ലാമിന്റെ നന്മകള്‍ ജനങ്ങളിലേക്ക് എത്താനും, അതിലൂടെ ജനങ്ങള്‍ ഇസ്‌ലാമിനെ അടുത്തറിയാനും, അങ്ങനെ അവര്‍ ഇസ്‌ലാമില്‍ പ്രവേശിക്കാനും ഇത്തരം നന്മകള്‍ കാരണമായേക്കാം. ഒരാള്‍ നീ മുഖേന ഇസ്‌ലാമില്‍ പ്രവേശിക്കുന്നെങ്കില്‍ അതെത്ര വലിയ നന്മയാണ്?!

അതോടൊപ്പം ഒരു മുസ്‌ലിം ഡോക്ടര്‍ തന്റെ മതവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പഠിക്കുകയും മനസ്സിലാക്കി വെക്കുകയും വേണ്ടതുണ്ട്. പ്രത്യേകിച്ച് ചികിത്സയുമായി ബന്ധപ്പെട്ട നിയമങ്ങള്‍. അപ്പോള്‍ മാത്രമേ തന്റെ ദീനില്‍ ദൃഡബോധ്യത്തോടെയും സംശയലെശമന്യേയും അവന് നിലകൊള്ളാനാവൂ. അല്ലാഹു -تَعَالَى- മുസ്‌ലിം ഉമ്മത്തിന് ഉപകാരം ചെയ്യുന്ന സന്താനങ്ങളെ ഈ സമൂഹത്തില്‍ നിന്ന് കൊണ്ടു വരികയും, അവരെ ശരിയുടെ പാതയില്‍ ഉറപ്പിച്ചു നിര്‍ത്തുകയും, തൌഹീദിലും സുന്നത്തിലും അടിയുറച്ചു നില്‍ക്കുന്നവരായി മാറ്റുകയും ചെയ്യട്ടെ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

أَصْلُهُ: رِسَالَةٌ كَتَبَهَا الشَّيْخُ مُحَمَّدُ عَلِيّ فَرْكُوس

نَصِيحَةٌ إِلَى طَبِيبٍ مُسْلِمٍ ضِمْنَ ضَوَابِطَ شَرْعِيَّةٍ

-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

7 Comments

  • As a Doctor I don’t like openly criticizing another doctor… But truly feeling bad on ur reply doctor….

  • A man… Who ever it may be… will have attraction towards a women…. If any one denies this for himself…. It’s just hypocrisy and and an act to become himself( fakely) pious…
    What Muhsin wrote is a plain truth…
    Alhamdulilla..

  • ബിസ്മില്ലാഹി റഹ്മാനി റഹീം.

    അസ്സലാമു അലൈക്കും.

    ഡോക്ടര്‍മാരുടെ വിഷയത്തില്‍ ഞാന്‍ എഴുതിയ ലേഖനത്തെ വിമര്‍ശിച്ചു കൊണ്ട് ബഹുമാന്യ ഡോക്ടര്‍ അല്‍-അസ്വാല വെബ്സൈറ്റില്‍ ഇട്ട പ്രതികരണം കാണാനിടയായി. ആദ്യമായി വിഷയത്തെ കുറിച്ച് ഡോക്ടറുടെ മനസ്സില്‍ വന്ന ചിന്ത സത്യസന്ധമായി കുറിച്ചതിന് ആത്മാര്‍ഥമായി നന്ദി പറയട്ടെ.

    അല്ലാഹു നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ധാരാളം പ്രതിഫലം നല്‍കുകയും, നമ്മുടെ തെറ്റുകള്‍ പൊറുത്തു തരികയും, അല്ലാഹുവിന്റെ ദീനില്‍ നമ്മെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യട്ടെ. നമ്മെയും നിങ്ങളെയും അല്ലാഹുവിന് തൃപ്തിപ്പെട്ടത് പറയുന്നവരും പ്രവര്‍ത്തിക്കുന്നവരുമാക്കി അവന്‍ മാറ്റുകയും ചെയ്യട്ടെ.

    “ഒരു യഥാർത്ഥ doctor ഒരു രോഗിയായ സ്ത്രീയെ തൊടുന്നതും സംസാരിക്കുന്നതും വേണ്ടാത്ത ചിന്തയോട് കൂടിയാണെന്ന് കരുതുന്ന താങ്കളുടെ മനസ്സിന് എന്തോ കുഴപ്പമുണ്ട് ദീൻ കഴിയുന്നത്ര മുറുകെപ്പിടിച്ചു ആതുരസേവനം നടത്തുന്ന നൂറുകണക്കിന് muslim പുരുഷ ഡോക്ടർമാരെ അപമാനിക്കുന്നതായിപ്പോയി താങ്കളുടെ ഉപദേശം.”

    മേലെ കൊടുത്തത് താങ്കളുടെ പ്രതികരണമാണ്. ഈ പറഞ്ഞതിനോട് എനിക്കുള്ള വിയോജിപ്പുകള്‍ -ചുരുങ്ങിയ വാക്കുകളില്‍- ഇവിടെ രേഖപ്പെടുത്തട്ടെ.

    ഒരു യഥാര്‍ത്ഥ ഡോക്ടര്‍ രോഗിയെ തൊടുന്നത് വേണ്ടാത്ത ചിന്തയോട് കൂടിയാണെന്ന് കരുതുന്ന എന്റെ മനസ്സിന് എന്തോ കുഴപ്പമുണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്. എന്റെ ലേഖനത്തില്‍ ഞാന്‍ നല്‍കിയ തെളിവുകള്‍ വായിച്ചതിന് ശേഷം, അവ ഓര്‍ത്തു കൊണ്ട് തന്നെയാണോ ഡോക്ടര്‍ ഈ പറയുന്നതെന്ന് എനിക്ക് ആലോചിക്കാനാകുന്നില്ല.

    ലോകത്തിന് കാരുണ്യമായി നിയോഗിക്കപ്പെട്ട നമ്മുടെ നബി -ﷺ-; അവിടുന്ന് ബയ്അത് നല്‍കുമ്പോള്‍ സ്ത്രീകള്‍ക്ക് കൈ കൊടുത്തിരുന്നില്ല എന്ന ഹദീസ് ഞാന്‍ ലേഖനത്തില്‍ നല്കിയിട്ടുണ്ടായിരുന്നു. നമ്മുടെ റസൂലിന് മോശമായ ചിന്ത ഉണ്ടായിരുന്നു എന്നാണോ ഈ ഹദീസ് ഉദ്ധരിച്ച മുന്‍ഗാമികളായ പണ്ഡിതന്മാര്‍ ഉദ്ദേശിച്ചത്. മആദല്ലാഹ്!!

    അല്ലാഹുവിന്റെ റസൂലിനെക്കാള്‍ ശുദ്ധമായ മനസ്സ് ഉള്ള മറ്റാരാണ്‌ ഉള്ളത്?! അവിടുന്നു ഇപ്രകാരം ശ്രദ്ധിച്ചെങ്കില്‍ ഡോക്ടര്‍മാര്‍ -പ്രത്യേകിച്ച് ദീനിനെ കുറിച്ചുള്ള അറിവ് വളരെ കുറഞ്ഞ ഈ കാലഘട്ടത്തില്‍- എത്ര മാത്രം ശ്രദ്ധിക്കണം?!

    കഴിഞ്ഞില്ല! അല്ലാഹുവിന്റെ ദീന്‍ പകര്‍ന്നു നല്‍കുക എന്നതിനേക്കാള്‍ മഹത്തരമായ മറ്റേതു അവസ്ഥയാണ് ഒരു മനുഷ്യന് ലഭിക്കാനുള്ളത്?! ആ സന്ദര്‍ഭത്തില്‍ പോലും നബി -ﷺ- സ്ത്രീകള്‍ക്ക് ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കുന്നു. അപ്പോള്‍ ചികിത്സ പോലുള്ള മറ്റു സന്ദര്‍ഭങ്ങളില്‍ എത്ര മാത്രം ശ്രദ്ധിക്കേണ്ടതുണ്ടായിരിക്കും?!

    നബി -ﷺ- മാത്രമായിരുന്നോ ഇങ്ങനെ ശ്രദ്ധിച്ചിരുന്നത്?! അല്ല. ലോക ചരിത്രത്തിലെ ഏറ്റവും ഉത്തമ തലമുറ എന്നു വിശേഷിപ്പിക്കപ്പെട്ട സ്വഹാബികള്‍; അവരോട് അല്ലാഹു -تَعَالَى- അവന്റെ ഖുര്‍ആനില്‍ കല്‍പ്പിച്ചത് ഇപ്രകാരമാണ്.

    وَاللَّهُ لَا يَسْتَحْيِي مِنَ الْحَقِّ ۚ وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِن وَرَاءِ حِجَابٍ ۚ ذَ‌ٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ

    “സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്‌) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌.” (അഹ്സാബ്: 53)

    ഈ ആയത് അവതരിപ്പിച്ചത് നബി -ﷺ- യുടെ പത്നിമാരുടെ കാര്യത്തിലാണ്. അവരോടു മറക്ക് പിന്നില്‍ നിന്ന് ചോദിക്കണം എന്ന് കല്‍പ്പിക്കപ്പെട്ടത് സ്വഹാബികളോടും. അവരെക്കാള്‍ ശുദ്ധമായ മനസ്സ് ഉണ്ടായിരുന്ന മറ്റേതെങ്കിലും സമൂഹം വേറെയുണ്ടോ?! ഒരിക്കലുമില്ല.

    നമ്മുടെ റസൂലിന്റെ ഭാര്യമാരെ മോശമായ രൂപത്തില്‍ ആരെങ്കിലും കാണുമോ?! പ്രത്യേകിച്ച് സ്വഹാബികള്‍! എന്നിട്ടും അല്ലാഹു -تَعَالَى- അവരോടു കല്‍പ്പിച്ചത് മറക്ക് പിന്നില്‍ നിന്നു കൊണ്ട് സംസാരിക്കാനാണ്. ഡോക്ടര്‍ എന്നെ കുറിച്ച് പറഞ്ഞതു പോലെ പറയുകയാണെങ്കില്‍ ഈ വിഷയത്തില്‍ എന്താണ് പറയുക?! ‘അല്ലാഹുവിന്റെ ദീനിന് വേണ്ടി സ്വന്തം ജീവന്‍ പണയം വെച്ച, സമ്പത്തും കുടുംബവും ഉപേക്ഷിച്ച സ്വഹാബികളെയെല്ലാം മോശക്കാരാക്കുന്ന ആയതാണ് ഇതെന്നോ?!’ മആദല്ലാഹ്!

    സ്വഹാബികള്‍ക്ക് ശേഷം ദീന്‍ പഠിച്ചവരാണല്ലോ താബിഉകള്‍. അവര്‍ ഇതിന് സമാനമായ അനേകം വാക്കുകള്‍ പറഞ്ഞത് വേറെയും കാണാന്‍ കഴിയും. കൂടുതല്‍ ഞാന്‍ ഉദ്ധരിക്കുന്നില്ല. അവരുടെ കൂട്ടത്തില്‍ ഏറ്റവും ദീനിനെ കുറിച്ച് അറിവുണ്ടായിരുന്നു എന്നു വിശേഷിപ്പിക്കപ്പെട്ട, സഈദ് ബ്നുല്‍ മുസയ്യിബ് -رَحِمَهُ اللَّهُ- അദ്ദേഹത്തിനു എഴുപത് വയസ്സുള്ളപ്പോള്‍ പറയുന്നു: “ഞാന്‍ ഏതെങ്കിലും സ്ത്രീയെ കൊണ്ട് പരീക്ഷിക്കപ്പെടുമോ എന്ന് ഇപ്പോഴും ഭയക്കുന്നു.”

    സുബ്ഹാനല്ലാഹ്! അവര്‍ സ്വന്തം മനസ്സുകളെ നന്നായി മനസ്സിലാക്കിയതിനു ശേഷമാണ് ഇതെല്ലാം പറഞ്ഞത്! ഡോക്ടര്‍ പറഞ്ഞതു പോലെയാണെങ്കില്‍ എത്ര മോശം മനസ്സുള്ള ഒരു വ്യക്തിയാണ് ഇദ്ദേഹം എന്നു പറയേണ്ടി വരും! എങ്ങനെയാണ് നമുക്ക് ഈ ദീന്‍ എത്തിച്ചു തന്ന മഹാന്മാരായ പണ്ഡിതന്മാരെ കുറിച്ച് നാം അപ്രകാരം പറയുക?!

    പറഞ്ഞ കാര്യം ഒന്നു കൂടി ഊട്ടിഉറപ്പിക്കുന്നതിന് വേണ്ടി ഓര്‍മ്മിപ്പിക്കട്ടെ. ‘എന്റെ സമൂഹത്തിലെ പുരുഷന്മാര്‍ക്ക് ഏറ്റവും വലിയ പരീക്ഷണമായി ഞാന്‍ വിട്ടേച്ചു പോകുന്നത് സ്ത്രീകളെയാണ്’ എന്ന നബി -ﷺ- യുടെ വാക്കും ഞാന്‍ ലേഖനത്തില്‍ എടുത്തു കൊടുത്തിരുന്നു. പുരുഷ ഡോക്ടര്‍മാര്‍ ഈ പറഞ്ഞതില്‍ നിന്ന് ഒഴിവാണോ? അതിന് വല്ല തെളിവുമുണ്ടോ?

    പിന്നെ ഡോക്ടര്‍ പറഞ്ഞ പോലെ: ഒരു അന്യ സ്ത്രീയെ കാണുമ്പോള്‍ പുരുഷന് വൈകാരികമായ ചിന്തകള്‍ ഉണ്ടാകും എന്നു പറയുന്നതില്‍ എന്താണിത്ര വലിയ ആക്ഷേപം ഉള്ളത് എന്നെനിക്ക് മനസ്സിലാകുന്നില്ല. അല്ലാഹു -تَعَالَى- പുരുഷന്മാരെ സൃഷ്ടിച്ചിരിക്കുന്നത് സ്ത്രീകളോട് ആകര്‍ഷണം ഉള്ളവരായി കൊണ്ട് തന്നെയാണ്.

    ഡോക്ടര്‍ മനുഷ്യ ശരീരത്തെ കുറിച്ച് പഠിച്ചയാളാണല്ലോ? ഒരു പുരുഷന് അന്യ സ്ത്രീകളെ കണ്ടാല്‍ ലൈംഗികമായി ഒരു താല്‍പര്യവും ഉണ്ടാകാതിരിക്കുമ്പോഴാണോ, സ്ത്രീകളെ കാണുമ്പോള്‍ ലൈംഗിക താല്‍പര്യം ഉണ്ടാകുമ്പോഴാണോ അയാള്‍ ഡോക്ടറെ കാണേണ്ടത്?! ഏതാണ് ഒരു ചികിത്സിക്കേണ്ട പ്രശ്നമായി ഡോക്ടര്‍ക്ക് തോന്നുന്നത്?! സ്ത്രീകളെ കാണുമ്പോള്‍ എനിക്ക് വൈകാരികമായ ഇഷ്ടം തോന്നുന്നു എന്ന് ആരെങ്കിലും ഡോക്ടറോട് പറഞ്ഞാല്‍ ‘നിന്റെ മനസ്സിന് എന്തോ പ്രശ്നമുണ്ട്; അതു കൊണ്ട് ഒരു മനശാസ്ത്രജ്ഞനെ കാണൂ’ എന്നാണോ ഡോക്ടര്‍ ഉപദേശിക്കുക?!

    മേല്‍ പറഞ്ഞത് പുരുഷ ഡോക്ടര്‍മാര്‍ക്കും ബാധകമല്ലേ? അവര്‍ക്ക് സ്ത്രീകളെ -പ്രത്യേകിച്ച് പല ശരീര ഭാഗങ്ങളും ശരിയായി മറക്കാത്ത രൂപത്തില്‍- കാണുമ്പോള്‍ ഒന്നും തോന്നുകയില്ലേ?! അങ്ങനെ തോന്നാതിരിക്കാന്‍ എന്തെങ്കിലും പരീക്ഷണങ്ങള്‍ അവര്‍ക്ക് നല്‍കുന്നുണ്ടോ? അല്ലെങ്കില്‍ അവര്‍ക്ക് അതിന് സഹായിക്കുന്ന എന്തെങ്കിലും മരുന്നുണ്ടോ?

    ശരിയാണ്! ധാരാളം സ്ത്രീകളുമായി കിടപ്പറ പങ്കിടുകയും, അനേകം പേരുടെ നഗ്നത ദര്‍ശിക്കുകയും ചെയ്തവര്‍ക്ക് ചിലപ്പോള്‍ കുറച്ചു കഴിഞ്ഞാല്‍ ലൈംഗികതയിലുള്ള താല്‍പര്യം തന്നെ നഷ്ടപ്പെട്ടു പോയേക്കാം. ധാരാളമായി ബ്ലൂ ഫിലിമുകള്‍ കാണുന്നവര്‍ക്ക് ഇങ്ങനെയുള്ള പ്രയാസങ്ങള്‍ ഉണ്ടാകുന്നതായി പറഞ്ഞു കേള്‍ക്കാറുണ്ട്. അതെല്ലാം ചികിത്സ വേണ്ട രോഗങ്ങളാണ്. അത്തരം രോഗാവസ്ഥകള്‍ ഉള്ളവരാണ് ഡോക്ടര്‍മാര്‍ എന്നാണോ ഇനി ഡോക്ടര്‍ പറഞ്ഞതിന്റെ ഉദ്ദേശം?!

    ചുരുക്കട്ടെ; ബഹുമാനപ്പെട്ട ഡോക്ടര്‍ക്ക് ഈ കത്തെഴുതുന്നതിനും എന്റെ ലേഖനം പ്രസിദ്ധീകരിച്ചതിനും ഇടക്ക് രണ്ട് സംഭവങ്ങള്‍ സത്യസന്ധമായ സ്രോതസ്സില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞു. രണ്ടും ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട ലൈംഗിക മുതലെടുപ്പിന്റെ കഥകള്‍.

    ആത്മാര്‍ത്ഥമായി ചോദിക്കട്ടെ: എന്താണ് ഇത്തരം വിഷയങ്ങളില്‍ ഉള്ള പരിഹാരം?!

    അവര്‍ക്കെല്ലാം കടുത്ത ശിക്ഷ കൊടുക്കണമെന്നാണ് എങ്കില്‍ എനിക്ക് പറയാനുള്ളത് രണ്ട് കാര്യങ്ങളാണ്.

    ഒന്ന്: നമ്മുടെ നാട്ടില്‍ കടുത്ത ശിക്ഷ എന്നതൊരു ക്രൂരമായ തമാശ മാത്രമാണ്. ഡോക്ടര്‍മാരുടെ രതിവൈകൃതങ്ങള്‍ക്ക് ഇരയായ പാവങ്ങളുടെ കഥ അവിടെ നില്‍ക്കട്ടെ; തനിച്ച ലൈംഗിക ഭ്രാന്തന്മാരുടെ കിരാത ഹസ്തങ്ങളില്‍ പിടഞ്ഞു മരിച്ച പാവം പെണ്ണുങ്ങളുടെ മാംസം മണ്ണിനോട് ചേരുന്നതിന് മുന്‍പ് ചിരിച്ചുല്ലസിച്ചു ജീവിക്കാന്‍ അവസരം നല്‍കുന്ന സംവിധാനം നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. അവിടെ ശിക്ഷയുടെ ആഗ്രഹം പോലും വിദൂരമായ സ്വപ്നമാണ്.

    രണ്ട്: അവരെ ശിക്ഷിച്ചു എന്നു തന്നെ വെക്കുക. ഇരയാക്കപ്പെട്ട പാവങ്ങളുടെ അഭിമാനം; അതെന്തു ചെയ്യണം ഡോക്ടര്‍?! ഏതു നിമിഷവും ആര്‍ക്കും പിച്ചിചീന്തപ്പെടാന്‍ പാകത്തില്‍ ഇന്റര്‍നെറ്റില്‍ പരക്കുന്ന അവളുടെ നഗ്നചിത്രങ്ങളുടെ കാര്യം; അതെങ്ങനെ നീക്കണം ഡോക്ടര്‍?! നാളെ അവളൊരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ അവന്റെ മുന്നില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിക്കപ്പെട്ടാല്‍ തകര്‍ന്നു വീഴുന്ന അവളുടെ മാതൃത്വം; അതിനു പരിഹാരമെന്തുണ്ട് ഡോക്ടര്‍?!

    ഞാന്‍ നിര്‍ത്തട്ടെ. എന്റെ മനസ്സിനെന്തോ കുഴപ്പമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞല്ലോ? അതിന് തല്‍ക്കാലം ഞാന്‍ മറുപടി പറയുന്നില്ല. കേരളത്തിലെ എണ്ണമറ്റ വീടുകളിലെ കരയുന്ന പെണ്ണുങ്ങള്‍ എന്റെ മനസ്സിന്റെ ഈ കുഴപ്പം അതേ പടി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നെനിക്കറിയാം. ഇരുട്ടു നിറഞ്ഞ അവരുടെ മുറികളില്‍ ഇതു പോലെ ‘രോഗമില്ലാത്ത’ ചിലരുടെ ശരീരം കയറിയിറങ്ങിയതിന്റെ വേദനകള്‍ ഇപ്പോഴും അവസാനിച്ചിട്ടൊന്നുമില്ല.

    ഇതിനൊക്കെ പുറമെ -ഏറ്റവും വലുത്- എന്റെ റബ്ബ് അവന്റെ ഗ്രന്ഥത്തിലും അവന്റെ റസൂല്‍ അവിടുത്തെ വചനങ്ങളിലും എന്നെ -അല്ല! ഞങ്ങള്‍ മുസ്ലിംകളെ- ഏല്‍പ്പിച്ചു പോയ ‘കുഴപ്പ’മാണിതെന്നും എനിക്കുറപ്പുണ്ട്. അതു കൊണ്ട് മരിക്കുന്നത് വരെ ആ കുഴപ്പമങ്ങനെ നില്‍ക്കട്ടെ; ഒരു ഡോക്ടറും അതു ചികിത്സിച്ചു മാറ്റാതിരിക്കട്ടെ.

    അല്ലാഹു നമ്മെ സത്യത്തിലേക്ക് നയിക്കുകയും, അതില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യട്ടെ. ഡോക്ടര്‍ക്ക് കൂടുതല്‍ സൌഖ്യവും സമാധാനവും ഉയര്‍ച്ചയും അവന്‍ പ്രധാനം ചെയ്യട്ടെ.

    ആമീന്‍.

    അബ്ദുല്‍ മുഹ്സിന്‍ ഐദീദ്, പൊന്നാനി.

  • ഒരു യഥാർത്ഥ doctor ഒരു രോഗിയായ സ്ത്രീയെ തൊടുന്നതും സംസാരിക്കുന്നതും വേണ്ടാത്ത ചിന്തയോട് കൂടിയാണെന്ന് കരുതുന്ന താങ്കളുടെ മനസ്സിന് എന്തോ കുഴപ്പമുണ്ട് ദീൻ കഴിയുന്നത്ര മുറുകെപ്പിടിച്ചു ആതുരസേവനം നടത്തുന്ന നൂറുകണക്കിന് muslim പുരുഷ ഡോക്ടർമാരെ അപമാനിക്കുന്നതായിപ്പോയി താങ്കളുടെ ഉപദേശം

  • السلام عليكم ورحمة الله وبركاته
    جزاكم الله خيرا
    الحمد لله ഇങ്ങനെ ഒരു ലേഖനത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു… വളരെ ഉപകാരപ്രദമായി…

    ഒരു കാര്യത്തെ കുറിച്ചു കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു… ഒരു രോഗി ചികിത്സ തേടുന്നത്തിന്റെ പരിധിയെത്രയാണ്?
    അയാളെ മരണാസന്നനായി എന്ന് തോന്നിയാൽ ആശുപത്രിയിൽ കിടത്തി ചികിൽസിക്കുന്നത് അനുവദനീയമാണോ?
    കൂടാതെ ചികിത്സക്കായി ഇൻഷുറൻസ് മുഖേനയോ മറ്റു കടമെടുത്തോ അത് നടത്താൻ രോഗിയെ ഉപദേശിക്കാമോ?

    മറുപടി പ്രതീക്ഷിക്കുന്നു..
    بارك الله فيكم…

Leave a Comment