ഖുഫ്ഫ ധരിച്ചിട്ടുള്ള ഒരാൾ അവ ഊരിമാറ്റി കാലുകൾ കഴുകുന്നതിനേക്കാൾ കൂടുതൽ ഉത്തമം ഖുഫ്ഫയിന്മേൽ തടവുക എന്നതാണ്. ഹമ്പലി മദ്ഹബിന്റെയും ചില ഹനഫി പണ്ഡിതന്മാരുടെയും സലഫുകളിൽ ചിലരുടെയും അഭിപ്രായമാണിത്. ഇബ്നുൽ മുൻദിർ, ഇബ്നു തൈമിയ്യ, ഇബ്നുൽ ഖയ്യിം, ഇബ്നു ബാസ്, ഇബ്നു ഉഥൈമീൻ എന്നിവർ തെരഞ്ഞെടുത്തതും ഈ അഭിപ്രായമാണ്.
كنتُ مع النبيِّ صلَّى اللهُ عليه وسلَّم في سَفرٍ، فأهويتُ لِأنزعَ خُفَّيه، فقال: ((دَعْهما؛ فإنِّي أدخلتُهما طاهِرَتينِ، فمَسَح عليهما))
മുഗീറത്ത് ബ്നു ശുഅ്ബ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. അവിടുത്തെ രണ്ട് ഖുഫ്ഫകളും ഊരിമാറ്റാനായി ഞാൻ കുനിഞ്ഞപ്പോൾ നബി ﷺ പറഞ്ഞു: “അവ രണ്ടും (ഊരാതെ) വിട്ടേക്കുക; കാരണം പൂർണ്ണ ശുദ്ധിയോടെയാണ് ഞാൻ അവ രണ്ടും ധരിച്ചത്.” തുടർന്ന് നബി ﷺ അവ രണ്ടിന്മേലും തടവുകയാണുണ്ടായത്. (ബുഖാരി: 206, മുസ്ലിം: 274)
നബി -ﷺ- ഖുഫ്ഫ ധരിക്കുന്ന വേളകളിൽ കാലുകൾ കഴുകാൻ വേണ്ടി അവ പ്രയാസപ്പെട്ടു കൊണ്ട് ഊരിമാറ്റാറുണ്ടായിരുന്നില്ല. മറിച്ച്, അവയിന്മേൽ തടവുകയായിരുന്നു അവിടുത്തെ പതിവ്. സമാനമായി, ഖുഫ്ഫയില്ലാത്ത അവസ്ഥയിലാണെങ്കിൽ അവിടുന്ന് കാലുകൾ കഴുകുകയായിരുന്നു ചെയ്തിരുന്നത്; തടവുന്നതിനുവേണ്ടി മാത്രമായി പ്രത്യേകം അവിടുന്ന് ഖുഫ്ഫ ധരിക്കാറുണ്ടായിരുന്നില്ല.
എന്നാൽ ഒരാൾ ഖുഫ്ഫ ധരിച്ച അവസ്ഥയിൽ നിൽക്കുകയും, വുദു ചെയ്യാൻ ആരംഭിക്കുകയും ചെയ്ത സന്ദർഭത്തിൽ നിസ്കാരത്തിന്റെ സമയം നഷ്ടപ്പെടുമെന്ന ഭയമോ മറ്റോ ഉണ്ടെങ്കിൽ ഖുഫ്ഫയിന്മേൽ തടവൽ അപ്പോൾ നിർബന്ധമായിത്തീരുന്നതാണ്. ഖുഫ്ഫ ഊരി കഴുകുക എന്നത് നിസ്കാര സമയം നഷ്ടമാകാൻ കാരണമാകും എന്നത് കൊണ്ടാണത്.
ഹാഫിള് ഇബ്നു ഹജർ അൽ-അസ്ഖലാനി -رَحِمَهُ اللَّهُ- പറയുന്നു: “ഇബ്നുൽ മുൻദിർ പറയുന്നു: ഖുഫ്ഫയിന്മേൽ തടവലാണോ അതല്ല അവ ഊരിമാറ്റി കാലുകൾ കഴുകലാണോ കൂടുതൽ ഉത്തമം എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. ഞാൻ തെരഞ്ഞെടുക്കുന്ന അഭിപ്രായം, ഖുഫ്ഫയിന്മേൽ തടവലാണ് കൂടുതൽ ഉത്തമം എന്നതാണ്; കാരണം ബിദ്അത്തിന്റെ വക്താക്കളായ ഖവാരിജുകളും റാഫിദ്വികളും ഇതിനെ ആക്ഷേപിച്ചിട്ടുള്ളവരാണ്. എതിരാളികൾ ആക്ഷേപിച്ച സുന്നത്തുകളെ ജീവിപ്പിക്കുക എന്നത് അത് ഉപേക്ഷിക്കുന്നതിനേക്കാൾ കൂടുതൽ ഉത്തമമായ കാര്യമാണ്.” (ഫത്ഹുൽ ബാരീ: 1/305)
ഇമാം ഇബ്നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറയുന്നു: “നബി -ﷺ- തന്റെ കാലുകളുടെ അവസ്ഥക്ക് വിരുദ്ധമായത് നിർബന്ധപൂർവ്വം ചെയ്യാൻ മെനക്കെടാറുണ്ടായിരുന്നില്ല. മറിച്ച്, കാലുകളിൽ ഖുഫ്ഫയുണ്ടെങ്കിൽ അവയിന്മേൽ തടവുകയും ഊരിമാറ്റാതിരിക്കുകയും ചെയ്തു. ഇനി ഖുഫ്ഫയില്ലെന്നാണെങ്കിൽ കാലുകൾ കഴുകുകയും ചെയ്യും. തടവലാണോ കഴുകലാണോ ഉത്തമം എന്ന വിഷയത്തിലെ ഏറ്റവും നീതിപൂർവ്വകമായ അഭിപ്രായമാണിത്.” (സാദുൽ മആദ്: 1/199)
