بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

മുസ്‌ലിം ലീഗിന്റെ ഗുരുവായൂർ മണ്ഡലം സ്ഥാനാർഥി ഒരു ബിംബത്തെക്കുറിച്ചു പറഞ്ഞ വാചകങ്ങൾ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളോട് തീർത്തും വിരുദ്ധവും, മുസ്‌ലിംകളുടെ ഹൃദയം വേദനിപ്പിക്കുന്നതും, പറഞ്ഞയാളുടെ സ്ഥാനം ഇടിച്ചുതാഴ്ത്തുന്നതുമാണ്.

 

പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനു പകരം ജനങ്ങൾ വിളിച്ചുതേടുകയും നിവേദ്യങ്ങൾ അർപ്പിക്കുകയും ചെയ്യുന്ന ഒരു വിഗ്രഹത്തെക്കുറിച്ച്, അത് തന്റെ മനസിലുള്ളത് അറിയുമെന്നും, വിഗ്രഹത്തിന് സമർപ്പിക്കാൻ അവിൽപ്പൊതിയുമായിട്ടാണ് താൻ വന്നിട്ടുള്ളതെന്നും, വിഗ്രഹം അത് സ്വീകരിക്കുമെന്നും, വിഗ്രഹത്തിന്റെ അനുഗ്രഹത്തോടെ താൻ നാട് നന്നാക്കുമെന്നുമാണ് സ്ഥാനാർഥി പ്രഖ്യാപിച്ചിരിക്കുന്നത്..!

കെ എൻ എ ഖാദർ എന്ന അബ്ദുൽ ഖാദിറിനോട് പറയട്ടെ, ഒരു മതനിഷേധ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നശേഷം പിൽക്കാലത്ത് മുസ്‌ലിം ലീഗിലേക്ക് കടന്നുവന്ന താങ്കൾക്ക് ലീഗിന്റെ പാരമ്പര്യത്തെക്കുറിച്ച് വലിയ ബോധമില്ലാതിരിക്കാം. സാരമില്ല! അതിന് അല്ലാഹുവിങ്കൽ നിങ്ങൾക്ക് കുറ്റമൊന്നുമില്ല. പക്ഷെ എന്താണ് ഇസ്‌ലാം എന്ന് അറിയാതിരിക്കാനോ അറിഞ്ഞില്ലെന്ന് നടിക്കാനോ ഒരു കാരണവശാലും താങ്കൾക്കു പാടില്ല.

ലാ ഇലാഹ ഇല്ലല്ലാഹ് – അഥവാ – അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല എന്ന വിശ്വാസമാണ് ഇസ്‌ലാമിന്റെ അടിത്തറ. അല്ലാഹുവിനു പുറമെ ജനങ്ങൾ ആരാധിക്കുന്ന മുഴുവൻ ആരാധ്യരെയും നിഷേധിക്കാതെ ഒരുവന് മുസ്‌ലിമാകാൻ സാധ്യമല്ല. അല്ലാഹുവല്ലാത്തവർക്ക് എങ്ങനെയാണ് നിങ്ങളുടെ മനസിലുള്ളത് അറിയാൻ കഴിയുക? ജീവിച്ചിരിക്കുന്നവർക്ക് തന്നെ മറ്റുള്ളവരുടെ ഹൃദയം കാണാൻ കഴിയില്ല. പിന്നെങ്ങനെയാണ് ഒരു ബിംബത്തിന് നിങ്ങളുടെ ഹൃദയം വായിക്കാൻ കഴിയുക? ഏതൊരു കൂട്ടരുടെ പ്രീതിയാഗ്രഹിച്ചു കൊണ്ടാണോ താങ്കളീ സംസാരിച്ചത്; അവരോട് -അഥവാ ബിംബാരാധകരോട്- ഇബ്‌റാഹീം നബി (عليه السلام) പറഞ്ഞ വാചകങ്ങൾ അല്ലാഹു ഓർമപ്പെടുത്തുന്നു:

قَالَ أَفَتَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَنْفَعُكُمْ شَيْئًا وَلَا يَضُرُّكُمْ، أُفٍّ لَكُمْ وَلِمَا تَعْبُدُونَ مِنْ دُونِ اللَّهِ أَفَلَا تَعْقِلُونَ (الأنبياء: 66-67)

“അദ്ദേഹം (ഇബ്‌റാഹീം നബി) പറഞ്ഞു: “അല്ലാഹുവിനുപുറമെ നിങ്ങൾക്ക് എന്തെങ്കിലും ഉപകാരം ചെയ്യാനോ നിങ്ങൾക്ക് ഉപദ്രവം വരുത്താനോ ചെയ്യാത്തവരെ നിങ്ങൾ ആരാധിക്കുകയാണോ? നിങ്ങളുടെയും അല്ലാഹുവിനുപുറമെ നിങ്ങൾ ആരാധിക്കുന്നവയുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങൾ ബുദ്ധി കൊടുത്ത് ചിന്തിക്കുന്നില്ലേ?” (അൽ അമ്പിയാഅ്: 66-67)

സ്ഥാനാർത്ഥിയുടെ ഓർമയിലേക്ക് അല്ലാഹുവിന്റെ മറ്റു ചില വചനങ്ങൾ കൂടി നൽകട്ടെ:

وَاتْلُ عَلَيْهِمْ نَبَأَ إِبْرَاهِيمَ، إِذْ قَالَ لِأَبِيهِ وَقَوْمِهِ مَا تَعْبُدُونَ، قَالُوا نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَاكِفِينَ، قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ، أَوْ يَنْفَعُونَكُمْ أَوْ يَضُرُّونَ، قَالُوا بَلْ وَجَدْنَا آبَاءَنَا كَذَلِكَ يَفْعَلُونَ، قَالَ أَفَرَأَيْتُمْ مَا كُنْتُمْ تَعْبُدُونَ، أَنْتُمْ وَآبَاؤُكُمُ الْأَقْدَمُونَ، فَإِنَّهُمْ عَدُوٌّ لِي إِلَّا رَبَّ الْعَالَمِينَ (الشعراء: 69-77)

“ഇബ്റാഹീമിനെക്കുറിച്ചുള്ള വിവരം (നബിയേ) അവർക്ക് താങ്കൾ പാരായണം ചെയ്തുകൊടുക്കുക. അദ്ദേഹം തന്റെ പിതാവിനോടും തന്റെ സമൂഹത്തോടും ചോദിച്ച സന്ദർഭം: എന്തിനെയാണ് നിങ്ങൾ ആരാധിക്കുന്നത്?

അവർ പറഞ്ഞു: ഞങ്ങൾ ചില ബിംബങ്ങളെ ആരാധിക്കുകയും അവയ്ക്കായി ഭജനമിരിക്കുകയുമാകുന്നു.

അദ്ദേഹം (ഇബ്‌റാഹീം) ചോദിച്ചു: നിങ്ങൾ അവരെ വിളിച്ചുപ്രാർത്ഥിക്കുമ്പോൾ അവർ നിങ്ങളെ കേൾക്കുമോ?

നിങ്ങൾക്ക് ഉപകാരം ചെയ്തുതരാൻ അവയ്ക്ക് സാധിക്കുമോ? അതല്ല, ഉപദ്രവം വരുത്താൻ അവയ്ക്ക് കഴിയുമോ?

അവർ പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്കൾ ഇപ്രകാരം പ്രവർത്തിക്കുന്നതായാണ് ഞങ്ങൾ കണ്ടത്.

അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: നിങ്ങളും നിങ്ങളുടെ പൂർവപിതാക്കളും ആരാധിച്ചു വരുന്നതെന്തോ അതിനെക്കുറിച്ചു നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ?

തീർച്ചയായും അവരെല്ലാം എന്റെ ശത്രുക്കളാകുന്നു. സർവലോക രക്ഷിതാവ് (അല്ലാഹു) ഒഴികെ.” (ശുഅറാഅ്: 69-77)

തന്റെ തറവാട്ടുപേര് പോലും ‘കണ്ണനാവിൽ’ എന്നാണെന്ന് സ്ഥാനാർഥി അഭിമാനത്തോടെ പറയുന്നുണ്ട്. തറവാട്ടുപേര് സ്മരിക്കുകയും അതിലെ വിഗ്രഹബന്ധം വ്യാഖാനിക്കുകയും ചെയ്ത താങ്കൾ സ്വന്തം പേരും അതിന്റെ അർത്ഥവും മറന്നുപോകരുതായിരുന്നു. അബ്ദുൽ ഖാദിർ എന്നാണ് താങ്കളുടെ പേര് എന്ന് ഓർമപ്പെടുത്തേണ്ടി വന്നിരിക്കുകയാണ്. പേരിന്റെ അർത്ഥപ്രകാരം അൽ ഖാദിർ ആയ അല്ലാഹുവിന്റെ ഒരു അബ്ദാണ് താങ്കൾ. അഥവാ എല്ലാ കാര്യത്തിനും കഴിവുള്ളവനായ അല്ലാഹുവിന്റെ അടിമ. എല്ലാത്തിനെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും, എല്ലാം കാണുകയും, എല്ലാം കേൾക്കുകയും ചെയ്യുന്ന റബ്ബിനെ മാത്രമാരാധിക്കേണ്ടവൻ! ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കാൻ കഴിയാത്തവയ്ക്ക് ദിവ്യത്വം വകവെച്ചുകൊടുക്കുന്ന വർത്തമാനം ഒരിക്കലും അബ്ദുൽഖാദിറിന്റെ നാവിലൂടെ വരാൻ പാടില്ലായിരുന്നു.

അല്ലാഹു പറയുന്നത് നോക്കൂ:

يَاأَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ إِنَّ الَّذِينَ تَدْعُونَ مِنْ دُونِ اللَّهِ لَنْ يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ وَإِنْ يَسْلُبْهُمُ الذُّبَابُ شَيْئًا لَا يَسْتَنْقِذُوهُ مِنْهُ ضَعُفَ الطَّالِبُ وَالْمَطْلُوبُ (الحج: 73)

“ഓ മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങളത് ശ്രദ്ധിച്ചുകേൾക്കുക. തീർച്ചയായും അല്ലാഹുവിനുപുറമെ നിങ്ങൾ വിളിച്ചുപ്രാർത്ഥിക്കുന്നവർ ഒരു ഈച്ചയെ പോലും ഒരിക്കലും സൃഷ്ടിക്കുകയില്ല. അതിനായി അവരെല്ലാം ഒത്തുചേർന്നാൽ പോലും. ഈച്ച അവരുടെ പക്കൽ നിന്ന് വല്ലതും തട്ടിയെടുത്താൽ അതിന്റെ പക്കൽ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവർക്ക് സാധ്യമല്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബലർ തന്നെ.” (അൽ ഹജ്ജ്: 73)

കെ എൻ അബ്ദുൽ ഖാദിർ ഈ ആയത്തൊന്ന് ശ്രദ്ധയോടെ വായിക്കുക. എങ്കിൽ താങ്കളുടെ അവിൽപ്പൊതിക്ക് എന്തുസംഭവിച്ചുവെന്ന് മനസിലാക്കാം.

അല്ലാഹുവല്ലാത്തവരെ ആരാധിക്കുക എന്നതിനേക്കാൾ റബ്ബിന് വെറുപ്പുള്ള മറ്റൊരു തിന്മയുമില്ല. മുഴുവൻ നബിമാരെയും അല്ലാഹു നിയോഗിച്ചതും, മുഴുവൻ കിതാബുകളും അവതരിപ്പിച്ചതും അല്ലാഹുവിനെ മാത്രമാരാധിക്കണമെന്ന് ജനങ്ങളെ പഠിപ്പിക്കാനും, ശിർക്കിനെതിരിൽ താക്കീത് നൽകുവാനുമാണ്. ശിർക്ക് അല്ലാഹു പൊറുക്കുകയില്ല. ശിർക്കിലായി മരിച്ചവനുള്ള പ്രതിഫലം ശാശ്വതനരകമാണ്. സ്വർഗം അവന് എന്നെന്നേക്കുമായി നിഷിദ്ധമാണ്.

എങ്ങനെയാണ് അത്തരമൊരു തിന്മയെ മഹത്വവൽക്കരിക്കാൻ താങ്കൾക്ക് സാധിച്ചത്?! നമ്മുടെ നേതാവ് മുഹമ്മദ് നബി ﷺ ഏത് തിന്മക്കെതിരിലായിരുന്നു ഏറ്റവുമധികം പോരാടിയത്? ആ റസൂലിന്റെ അനുയായിയാണെന്ന് അവകാശപ്പെടുന്ന ഒരാൾക്ക് എങ്ങനെയാണ് ശിർക്കിനെ അനുകൂലിക്കാൻ കഴിയുക?! നാലുവോട്ട് അധികം കിട്ടാൻ വേണ്ടിയാണ് നിങ്ങളീ കുഫ്ർ പ്രസംഗിച്ചതെന്ന് ഞങ്ങൾ വിശ്വസിക്കാം! പക്ഷെ നിങ്ങൾ കാണിച്ച ‘മതസൗഹാർദ’ത്തിന്റെ അര ശതമാനമെങ്കിലും മുഹമ്മദ് നബി ﷺ മക്കയിലെ മുശ്‌രിക്കുകളോടും അവരുടെ ആദർശത്തോടും കാണിച്ചിരുന്നുവെങ്കിൽ അവിടുന്ന് ﷺ നാടുവിട്ടുപോകേണ്ടിവരില്ലായിരുന്നു…!

രാവിലെ മുസ്‌ലിമായിരുന്നവൻ വൈകുന്നേരം കാഫിറായിപ്പോവുകയും, വൈകുന്നേരം മുസ്‌ലിമായിരുന്നവൻ രാവിലെ കാഫിറായിപ്പോവുകയും ദുൻയാവിന്റെ തുച്ഛമായ ലാഭങ്ങൾക്കുവേണ്ടി ദീനിനെ വിറ്റുകളയുകയും ചെയ്യുന്ന കാലം വരുമെന്ന് അല്ലാഹുവിന്റെ റസൂൽ ﷺ നമ്മെ താക്കീതുചെയ്തിട്ടുണ്ട്. ആ പ്രവചനം പ്രകടമായി പുലർന്നതിനുള്ള ഉദാഹരണമാണ് താങ്കളുടെ കോപ്രായങ്ങൾ എന്ന് തോന്നിപ്പോവുകയാണ്.

അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളുക!

എവിടെയാണ് നമ്മുടെ പ്രതാപം?

അല്ലാഹുവിന്റെ ദീൻ മുറുകെപ്പിടിച്ചാലല്ലാതെ നമുക്ക് രക്ഷയില്ലെന്ന് ഈ സമുദായത്തിലെ നേതാക്കന്മാരെന്ന് പറയുന്നവരും പൊതുജനങ്ങളും ഒരുപോലെ മനസിലാക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ തൃപ്തി നേടാനാണ് നാം പരിശ്രമിക്കേണ്ടത്. ആളുകളെ തൃപ്തിപ്പെടുത്താൻ വേണ്ടി അല്ലാഹുവിന്റെ കോപം നേടിത്തരുന്ന ചെയ്തികളിലേർപ്പെട്ടാൽ അല്ലാഹു നമ്മെ വെറുക്കും. പിന്നീട് ജനങ്ങളും നമ്മെ വെറുക്കും.

ജനങ്ങൾ വെറുത്താലും അല്ലാഹുവിന്റെ തൃപ്തിയാണ് എനിക്ക് വേണ്ടത് എന്ന് തീരുമാനിക്കുകയും അതിനു വേണ്ടി പണിയെടുക്കുകയും ചെയ്‌താൽ അല്ലാഹു നമ്മെ തൃപ്തിപ്പെടും. ആളുകളും നമ്മെ തൃപ്തിപ്പെടും. അല്ലാഹുവിന്റെ പ്രീതിയാണ് ഏറ്റവും വലുത്. ജനങ്ങളുടെ ഹൃദയങ്ങൾ റബ്ബിന്റെ കൈയിലാണ്. നമുക്ക് അനുകൂലമായോ പ്രതികൂലമായോ അവരെ തിരിച്ചുവിടാൻ കഴിവുള്ളവൻ റബ്ബാണ്.

ഇസ്‌ലാം മുറുകെപ്പിടിക്കുന്നതിലാണ് നമ്മുടെ എല്ലാ അന്തസും പ്രതാപവും. ഈ ദീനിനെ ആരുടെയെങ്കിലും കൈയടിക്കു വേണ്ടി നാം കൈയൊഴിഞ്ഞാൽ നിന്ദ്യതയാണ് നമ്മെ കാത്തിരിക്കുന്നത്. നമ്മുടെ നല്ലവരായ മുൻഗാമികൾ അന്തസുള്ളവരായിരുന്നു. ജനങ്ങളുടെ മനസ്സിൽ അവർക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. എവിടെയും കൈകൂപ്പി നിന്നല്ല അവരത് നേടിയത്. മറിച്ച്, അല്ലാഹുവിന്റെ മുന്നിലല്ലാതെ അവർ തലകുനിച്ചിരുന്നില്ല. അങ്ങനെ ലഭിച്ച പ്രതാപമായിരുന്നു അത്.

وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَكِنَّ الْمُنَافِقِينَ لَا يَعْلَمُونَ (المنافقون: 8)

“അല്ലാഹുവിനും അവന്റെ റസൂലിനും (അല്ലാഹുവിലും റസൂലിലും) വിശ്വസിച്ചവർക്കുമാകുന്നു പ്രതാപം. പക്ഷെ കപടവിശ്വാസികൾ (കാര്യം) മനസിലാക്കുന്നില്ല.” (അൽ മുനാഫിഖൂൻ: 8)

സ്ഥാനാർത്ഥിയെ തിരുത്തിയ സമസ്തക്കാരോട് ചിലത്:

സ്ഥാനാർത്ഥിയുടെ പ്രസ്താവനക്കെതിരെ സമസ്തയിലെ ചില ഫൈസിമാരും മറ്റും രംഗത്തുവരികയുണ്ടായി. ‘രിദ്ദത്’ അഥവാ മതത്തിൽ നിന്ന് പുറത്തുപോകുന്ന വാക്കുകളാണ് അദ്ദേഹം പറഞ്ഞതെന്നും, ശിർക്കിനെ അനുകൂലിക്കാൻ ഒരു മുസ്‌ലിമിന് ഒരിക്കലും പാടില്ലെന്നും അവർ വ്യക്തമാക്കി.

തീർത്തും ശരിയാണത്. പക്ഷെ, സമസ്തയും അതിലെ മുസ്‌ലിയാക്കന്മാരും എല്ലാ നിറത്തിലുമുള്ള ശിർക്കിനോടും ഒരേ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. അതാണ് മുഹമ്മദ് നബി ﷺ യുടെ മാതൃക. നബിﷺ നിയോഗിക്കപ്പെട്ട ജനതയിൽ അല്ലാഹുവല്ലാത്ത പലതിനെയും ആരാധിക്കുന്നവരുണ്ടായിരുന്നു.

നബിമാരെയും മഹാന്മാരെയും മലക്കുകളെയും ജിന്നുകളെയും നക്ഷത്രങ്ങളെയും കല്ലുകളെയും മരങ്ങളെയും വിളിച്ചുതേടുന്നവർ അവരിലുണ്ടായിരുന്നു. അവരോടെല്ലാം ഒരേ നിലപാടാണ് റസൂൽ ﷺ സ്വീകരിച്ചത്.

തന്റെ മനസിലുള്ള കാര്യം ഗുരുവായൂരപ്പൻ അറിയുമെന്ന് സ്ഥാനാർഥി പറഞ്ഞത് ശിർക്കാണെന്ന് നിങ്ങൾ പറയുന്നു. അതുപോലെതന്നെയാണ് കുപ്പിയകത്തുള്ള വസ്തുവിനെപ്പോലെ ഖൽബകം മുഹ്‌യുദ്ധീൻ ശൈഖ് കാണുമെന്ന വിശ്വാസവും. രണ്ടും ഒരുപോലെ ശിർക്കാണ്. അല്ലാഹുവോടൊപ്പം ആര് ആരാധിക്കപ്പെട്ടാലും അത് ഇസ്‌ലാമിക വിരുദ്ധമാണ്. അത് അല്ലാഹു നിയോഗിച്ച ഒരു നബിയോ, അല്ലാഹുവിന്റെ സാമീപ്യം ലഭിച്ച ഒരു മലക്കോ ആണെങ്കിൽ പോലും. അല്ലാഹുവിനുള്ള ആരാധനയിൽ ആരെ പങ്കുചേർത്താലും അത് ശിർക്കാണ്. കലർപ്പില്ലാത്ത തൗഹീദിലേക്ക് തിരിച്ചുപോകാതെ ഈ സമുദായത്തിന് രക്ഷയില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: