بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

الحَمْدُ لِلَّهِ، وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ، أَمَّا بَعْدُ:

നിരീശ്വരവാദി ചോദിക്കുന്നു: “അല്ലാഹു ഉണ്ടായിരുന്നെങ്കിൽ -അവൻ എല്ലാത്തിനും കഴിവുള്ളവൻ ആയിരുന്നെങ്കിൽ- ഒരിക്കലും ഭൂമിയിൽ ഈ കണ്ട തിന്മകൾ പരക്കില്ലായിരുന്നു. ജനങ്ങൾ പീഢിപ്പിക്കപ്പെടുകയും, പ്രയാസങ്ങൾ അനുഭവിക്കുകയും ചെയ്യില്ലായിരുന്നു. ഭൂമിയിൽ ഈ കാണുന്ന തിന്മകളും പ്രയാസങ്ങളും നിലനിൽക്കുന്നു എന്നത് സ്രഷ്ടാവായ അല്ലാഹു ഇല്ല എന്നതിന്റെ തെളിവാണ്. അവൻ ഉണ്ടായിരുന്നെങ്കിൽ എന്തു കൊണ്ടാണവൻ ഈ തിന്മകളും ദുരിതങ്ങളും നീക്കം ചെയ്യാത്തത്?”

നിരീശ്വരവാദികളുടെ പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്നാണിത്. നാട്ടിൽ രോഗങ്ങളും പ്രയാസങ്ങളും അധികരിക്കുമ്പോൾ ഈ ചോദ്യം അവർ കൂടുതലായി പ്രചരിപ്പിക്കുകയും, തങ്ങളുടെ വാദം സത്യമാണെന്നതിനുള്ള തെളിവായി അവതരിപ്പിക്കുകയും ചെയ്യുന്നത് കാണാം. ഇപ്പോൾ ലോകമൊട്ടാകെ കൊറോണ എന്ന പകർച്ചവ്യാധി പ്രചരിക്കുന്നതിനിടയിൽ ഈ ചോദ്യം വീണ്ടും അധികരിച്ചിരിക്കുന്നു.

ചിലപ്പോൾ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മാത്രം ലക്ഷ്യമാക്കി കൊണ്ടാണ് ഇത്തരക്കാരുടെ ചോദ്യങ്ങൾ വന്നെത്തുക. അവർ പറയും: “ഇസ്‌ലാമായിരുന്നു സത്യമെങ്കിൽ അല്ലാഹുവിന് മുസ്‌ലിംകളെ ഇതിൽ നിന്ന് രക്ഷിച്ചു കൂടായിരുന്നോ?! എന്തു കൊണ്ടാണ് മുസ്‌ലിംകൾക്ക് രോഗം ബാധിക്കുന്നത്?! എന്തു കൊണ്ടാണ് അവർ മരണപ്പെടുന്നത്?”

മറുപടിയായി പറയട്ടെ.

ഒന്ന്: ഭൂമിയിൽ തിന്മയുണ്ട് എന്നത് ശരി തന്നെ. എന്നാൽ പരിപൂർണ്ണമായും തിന്മയും ഉപദ്രവവും മാത്രമാണ് എന്ന് പറയാവുന്ന ഒന്നും തന്നെ ഭൂമിയിലില്ല. എല്ലാ പ്രയാസങ്ങളിലും ദുരിതങ്ങളിലും പീഢനങ്ങളിലും മറ്റുമെല്ലാം ചില നന്മകൾക്കുള്ള കാരണങ്ങൾ കൂടിയുണ്ട്. പലപ്പോഴും ഈ പ്രയാസങ്ങളാണ് ആ നന്മകൾക്ക് കാരണമായത്. മനുഷ്യരാശിയുടെ മുഴുവൻ ചരിത്രമെടുത്തു പരിശോധിച്ചാലും, ഓരോരുത്തരും അവരവരുടെ കഴിഞ്ഞു പോയ ജീവിതം വീക്ഷിച്ചാലും ഇക്കാര്യം ബോധ്യപ്പെടാതിരിക്കില്ല.

അല്ലാഹു പറയുന്നു:

وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴿٢١٦﴾

“ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ത്ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ത്ഥത്തില്‍) നിങ്ങള്‍ക്കത് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.” (ബഖറ: 216)

فَعَسَىٰ أَن تَكْرَهُوا شَيْئًا وَيَجْعَلَ اللَّـهُ فِيهِ خَيْرًا كَثِيرًا ﴿١٩﴾

“നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്തെന്ന് വരാം.” (നിസാഅ്: 19)

നാടും നഗരങ്ങളും നശിപ്പിക്കാൻ കാരണമായെന്ന് ചിലർ പറയുന്ന സമുദ്രത്തിലെയും നദികളിലെയും വെള്ളം; അതിന് മുകളിലൂടെ തന്നെയാണ് അനേകം കപ്പലുകളും മുക്കുവന്മാരുടെ വഞ്ചികളും ഒഴുകുന്നതും സഞ്ചരിക്കുന്നതുമെല്ലാം. ദാഹിച്ചവശരായ എത്രയോ മനുഷ്യർ അതിലെ തെളിനീർ കുടിച്ചാണ് ദാഹമകറ്റിയതും ജീവൻ നിലനിർത്തിയതും. ആ വെള്ളമില്ലായിരുന്നെങ്കിൽ മനുഷ്യന്റെ ജീവിതം എന്താകുമായിരുന്നെന്ന് ആലോചിച്ചു നോക്കൂ! വെള്ളം; അതിൽ ചില ചെറിയ തിന്മകളുണ്ടായിരുന്നെങ്കിലും എത്രയോ അധികം നന്മകളും ഉപകാരങ്ങളും നേട്ടങ്ങളുമുണ്ടായിരുന്നുവെന്ന് ചുരുക്കം.

മനുഷ്യരെ കരിച്ചു കളയുന്ന തീനാളങ്ങൾ. എത്രയോ നാടും മേടും കാടുകളും കരിച്ചു കളഞ്ഞിട്ടുണ്ടത്. എന്നാൽ മനുഷ്യർ ഭക്ഷണം പാകം ചെയ്തതും, വെളിച്ചം കണ്ടെത്തിയതും, മരവിച്ചു പോകുന്ന തണുപ്പിൽ മരണത്തിൽ നിന്ന് രക്ഷപ്പെട്ടതും ഇതേ തീനാളങ്ങൾ കൊണ്ട് തന്നെയാണ്. പ്രപഞ്ചത്തിലെ സർവ്വ സൃഷ്ടികളെ കുറിച്ചും ചിന്തിച്ചാൽ ഈ കാര്യം ബോധ്യപ്പെടും. സൂര്യനും വൃക്ഷങ്ങളും മഴയും കാറ്റും ഇരുട്ടും വെളിച്ചവും രാത്രിയും പകലുമെല്ലാം ഈ നിലക്ക് തന്നെ.

ആകാശത്ത് നിന്ന് വന്നെത്തുന്ന ഇടി മിന്നലുകളെ കുറിച്ച് ചിന്തിച്ചു നോക്കൂ. ഒരേ സമയം ഭയവും, അതേ സമയം പ്രതീക്ഷയും നൽകുന്ന അല്ലാഹുവിന്റെ അത്ഭുതരകമായ സൃഷ്ടിപ്പാണത്.

هُوَ الَّذِي يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا

“ഭയവും ആശയും ജനിപ്പിച്ച് കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍പിണര്‍ കാണിച്ചുതരുന്നത് അവനത്രെ.” (റഅ്ദ്: 12)

ഇടിയും മിന്നലും നിന്റെ ജീവനെടുക്കുകയോ നാശം വിതക്കുകയോ ചെയ്യുമെന്ന ഭയം മനുഷ്യനുണ്ട്. അതോടൊപ്പം ഈ ഇടിയും മിന്നലും ഒരു മഴയുമായി വന്നെത്തുകയും നാടും മനസ്സും കുളിർപ്പിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയും അവനുണ്ട്. ഇങ്ങനെ അല്ലാഹുവിന്റെ സൃഷ്ടികളിൽ തിന്മയുള്ളതായി കാണുന്ന ഏതൊന്നിനെ കുറിച്ച് ചിന്തിച്ചാലും അവയിലെല്ലാം മഹത്തരമായ ലക്ഷ്യങ്ങളും, അവ കാരണത്താൽ നേടിയെടുക്കാവുന്ന മറ്റനേകം നന്മകളും കണ്ടെത്താതിരിക്കാൻ കഴിയില്ല. ചുരുക്കത്തിൽ, പ്രപഞ്ചത്തിൽ എവിടെയും പരിപൂർണ്ണമായും തിന്മയെന്ന് പറയാവുന്ന -യാതൊരു നന്മയും സമ്മാനിക്കാത്ത ഒന്നും തന്നെ- അല്ലാഹു സൃഷ്ടിച്ചിട്ടില്ല.

രണ്ട്: ചിന്തിച്ചാൽ -ഒരു വേള മനുഷ്യൻ അവന്റെ ഹൃദയത്തിന്റെ കണ്ണുകൾ വിശാലമായി തുറന്നു വെച്ചാൽ- ഈ കാണുന്ന തിന്മകൾ അതിവിശാലമായ ഒരു നന്മയുടെ പ്രപഞ്ചത്തിലാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് അവന് ബോധ്യപ്പെടും! വിശാലമായ ഒരു പുസ്തകത്തിലെ ഏതെങ്കിലുമൊരു വാക്കിലേക്കോ വരിയിലേക്കോ മാത്രം നോക്കി ‘ഇതിലെന്താണിത്ര മാത്രമുള്ളത്’ എന്ന് ചോദിക്കുന്നവനെ പോലെ നാമായിക്കൂടാ! ആ പുസ്തകത്തിലെ മറ്റു വരികൾ ചേർത്തു വായിക്കുക; അക്ഷരങ്ങൾ ചേർത്തു വെക്കുക; അപ്പോൾ അതിന്റെ മനോഹരമായ യോജിപ്പും ഭംഗിയും ആർക്കും ബോധ്യപ്പെടും.

രോഗത്തിന്റെ വേദനയും ഞെരുക്കവും അറിയാത്തവന്റെ മനസ്സിൽ എന്തു വിലയാണ് ആരോഗ്യത്തിനുണ്ടാവുക?! ദാരിദ്ര്യത്തിന്റെ പ്രയാസം ബോധ്യമാകാതെ, എങ്ങനെ സമ്പന്നതയുടെ അനുഗ്രഹം തിരിച്ചറിയാൻ സാധിക്കും?! ക്ഷീണമോ പ്രയാസമോ ഇല്ലായിരുന്നെങ്കിൽ, വിജയത്തിലേക്കുള്ള കാൽവെപ്പിന് എന്തു മധുരമാണുണ്ടാവുക?! ചൂട് കഠിനമാവുകയും വരൾച്ച ഭയപ്പെടുകയും ശരീരം കഠിനമായ ചൂടിൽ കിടന്നു വിയർക്കുകയും ചെയ്യുന്നതിനിടയിൽ വന്നുപെയ്യുന്ന മഴ വർഷിക്കുന്ന ആശ്വാസം എത്ര വലുതാണ്. അല്ലാഹു അതിനെ കുറിച്ച് ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

اللَّـهُ الَّذِي يُرْسِلُ الرِّيَاحَ فَتُثِيرُ سَحَابًا فَيَبْسُطُهُ فِي السَّمَاءِ كَيْفَ يَشَاءُ وَيَجْعَلُهُ كِسَفًا فَتَرَى الْوَدْقَ يَخْرُجُ مِنْ خِلَالِهِ ۖ فَإِذَا أَصَابَ بِهِ مَن يَشَاءُ مِنْ عِبَادِهِ إِذَا هُمْ يَسْتَبْشِرُونَ ﴿٤٨﴾ وَإِن كَانُوا مِن قَبْلِ أَن يُنَزَّلَ عَلَيْهِم مِّن قَبْلِهِ لَمُبْلِسِينَ ﴿٤٩﴾ فَانظُرْ إِلَىٰ آثَارِ رَحْمَتِ اللَّـهِ كَيْفَ يُحْيِي الْأَرْضَ بَعْدَ مَوْتِهَا ۚ

“അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിന്നിടയില്‍ നിന്ന് മഴപുറത്ത് വരുന്നതായി നിനക്ക് കാണാം. എന്നിട്ട് തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആ മഴ എത്തിച്ചുകൊടുത്താല്‍ അവരതാ സന്തുഷ്ടരാകുന്നു. ഇതിന് മുമ്പ് -ആ മഴ അവരുടെ മേല്‍ വര്‍ഷിപ്പിക്കപ്പെടുന്നതിന് മുമ്പ് -തീര്‍ച്ചയായും അവര്‍ ആശയറ്റവര്‍ തന്നെയായിരുന്നു. അപ്പോള്‍ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഫലങ്ങള്‍ -ഭൂമി നിര്‍ജീവമായിരുന്നതിന് ശേഷം എങ്ങനെയാണ് അവന്‍ അതിന് ജീവന്‍ നല്‍കുന്നത്‌ എന്ന്- നോക്കൂ!” (റൂം: 48-50)

പ്രയാസങ്ങളിലും ദാരിദ്ര്യത്തിലും കഴിയുന്ന എത്രയോ പേർ അല്ലാഹു നമുക്ക് ചെയ്ത അനുഗ്രഹങ്ങളെ നിശബ്ദമായി ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. അവരുടെ വേദന പതിഞ്ഞ മുഖങ്ങൾ കണ്ടില്ലായിരുന്നെങ്കിൽ മനുഷ്യരിൽ ബഹുഭൂരിപക്ഷവും തനിച്ച അഹങ്കാരികളും നാശകാരികളുമായി തീർന്നേനേ! നബി -ﷺ- ഈ യാഥാർത്ഥ്യത്തിലേക്ക് സൂചന നൽകിയിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «انْظُرُوا إِلَى مَنْ هُوَ أَسْفَلَ مِنْكُمْ، وَلَا تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ، فَإِنَّهُ أَجْدَرُ أَنْ لَا تَزْدَرُوا نِعْمَةَ اللَّهِ عَلَيْكُمْ»

നബി -ﷺ- പറഞ്ഞു: “നിങ്ങളേക്കാൾ താഴെയുള്ളവരിലേക്ക് നിങ്ങൾ നോക്കുക. നിങ്ങൾക്ക് മുകളിലുള്ളവരിലേക്ക് നോക്കരുത്! അതാണ് അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങളെ നിസ്സാരവൽക്കരിക്കാതിരിക്കാൻ ഏറ്റവും നല്ലത്.” (തിർമിദി: 2513, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

പ്രയാസം അനുഭവിക്കുന്നവർക്ക് നൽകുന്ന സഹായങ്ങളും, അവരുടെ കൈ പിടിച്ചുയർത്തുന്നതും പരലോകത്ത് നൽകുന്ന സൗഭാഗ്യങ്ങൾ ധാരാളമുണ്ട്. അതവിടെ നിൽക്കട്ടെ, ഇഹലോകത്ത് പോലും അതു കൊണ്ട് ലഭിക്കുന്ന മനസ്സിന്റെ സ്വസ്ഥതയും വിശാലതയും സമാധാനവും എത്ര വലുതാണ്! അതിലേക്കും നബി -ﷺ- സൂചന നൽകിയിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ: أَنَّ رَجُلًا، شَكَا إِلَى رَسُولِ اللَّهِ -ﷺ- قَسْوَةَ قَلْبِهِ، فَقَالَ لَهُ: «إِنْ أَرَدْتَ أَنْ يَلِينَ قَلْبُكَ، فَأَطْعِمِ الْمِسْكِينَ، وَامْسَحْ رَأْسَ الْيَتِيمِ»

നബി -ﷺ- പറഞ്ഞു: “നിന്റെ ഹൃദയം നൈർമല്യമുള്ളതാകണമെങ്കിൽ ദരിദ്രന് ഭക്ഷണം നൽകുക. അനാഥക്കുട്ടിയുടെ തല തടവിക്കൊടുക്കുക.” (അഹ്മദ്: 7576, അൽബാനി ഹസൻ എന്ന് വിലയിരുത്തി.)

പ്രയാസമോ കടമ്പകളോ ബുദ്ധിമുട്ടുകളോ ഈ ലോകത്തില്ലായിരുന്നെങ്കിൽ; എന്താകുമായിരുന്നു അവസ്ഥയെന്നാലോചിച്ചു നോക്കൂ; മധുരമോ നിറമോ ഇല്ലാത്ത, ഉണങ്ങി വരണ്ട ലോകമാകുമായിരുന്നില്ലേ അത്?! നാം എണ്ണിപ്പറയുന്ന എത്രയോ നന്മകളുടെ മനോഹാരിത ബോധ്യപ്പെട്ടത് വിപരീത ദിശയിലെ തിന്മകളെ കുറിച്ച് അറിഞ്ഞതു കൊണ്ട് മാത്രമാണ്. ചുരുക്കത്തിൽ, ഈ ലോകത്തിന്റെ ഭംഗിയിൽ പെട്ടതാണ് അതിലുള്ള തിന്മകളും പരീക്ഷണങ്ങളും പ്രയാസങ്ങളുമെല്ലാം.

ഭംഗിയുള്ള കൊട്ടാരത്തിന്റെ മുറികളിൽ നിർമ്മിച്ച -മലവും മൂത്രവും ചെന്നുവീഴുന്ന- വിസർജ്ജനമുറികൾ അതിന്റെ നിർമ്മിതിയുടെ പൂർണ്ണതയിൽ പെട്ടതാണെന്ന പോലെ… പിണക്കങ്ങളും ശേഷമുണ്ടാക്കുന്ന ഇണക്കവും ദാമ്പത്യത്തിലെ മധുരമാണെന്ന പോലെ… ചെറുപ്രായത്തിൽ വീണതും കാൽ മുറിഞ്ഞതും കരഞ്ഞതുമെല്ലാം വലിയ പ്രായത്തിലെ ഓർത്തോർത്തു ചിരിക്കുന്ന കഥകളാണെന്ന പോലെ… വേദനകളും പ്രയാസങ്ങളും മനോഹരമായ ഒരു വലിയ നന്മയുടെ ചിത്രം പൂർണ്ണമാക്കുന്ന ഒരു ചെറുഭാഗമല്ലാതെ മറ്റൊന്നുമല്ല.

മൂന്ന്: ഭൂമിയിൽ തീർത്തും തിന്മയാണെന്ന് പറയാവുന്ന ചിലതുണ്ടെന്ന് നിരീശ്വരവാദികൾ വാദിച്ചേക്കാം. യഥാർത്ഥത്തിൽ ഒരു വസ്തുവിൽ നിന്ന് യാതൊരു നന്മയുമുണ്ടാകാൻ പോകുന്നില്ലെന്ന് വാദിക്കുക മനുഷ്യനെ സംബന്ധിച്ചിടത്തോളം സാധ്യമല്ല. കാരണം അതിന്റെ പിന്നിലുള്ള ഉദ്ദേശത്തെയും, അതിൽ നിന്നുണ്ടാകുന്ന വരുംവരായ്കകളെ കുറിച്ചും, നിലവിൽ അത് ചെലുത്തുന്ന സ്വാധീനപരിധിയെ കുറിച്ചുമെല്ലാം പൂർണ്ണമായി മനസ്സിലാക്കാൻ മനുഷ്യർക്ക് സാധ്യമേയല്ല. ആരെങ്കിലും അതിന് സാധിക്കും എന്ന് വാദിക്കുന്നുണ്ടെങ്കിൽ അവൻ കളവ് പറയുകയും, തനിച്ച അഹങ്കാരം പ്രകടിപ്പിക്കുകയും മാത്രമാണ് ചെയ്യുന്നത്.

ഉദാഹരണം പറയാം: രണ്ട് പേർ ഒരു കുട്ടിയെ കയ്യിൽ പിടിച്ചു കൊണ്ട് നിൽക്കുന്നത് ഒരാൾ കണ്ടുവെന്ന് കരുതുക. അവരുടെ കയ്യിൽ ഒരു കത്തിയുണ്ട്. കുട്ടിയുടെ കാൽ കത്തി കൊണ്ട് മുറിച്ചു കളയാനാണ് അവർ ഉദ്ദേശിക്കുന്നത്! അവർ ചെയ്യുന്നത് നന്മയോ തിന്മയോ?! തിന്മയാണെന്ന് ചിലർ പറഞ്ഞേക്കാം. എന്നാൽ യഥാർത്ഥത്തിൽ ഈ ഒരു കാഴ്ച്ചയിൽ നിന്ന് മാത്രം അത് നന്മയാണെന്നോ തിന്മയാണെന്നോ പറയാൻ കഴിയില്ല എന്നതാണ് സത്യം. അതിനെ കുറിച്ച് കൂടുതൽ അറിയേണ്ടതുണ്ട്. ചിലപ്പോൾ ആ രണ്ടു പേരിൽ ഒരാൾ ഡോക്ടറും മറ്റൊരാൾ കുട്ടിയുടെ പിതാവുമായിരിക്കാം. കുട്ടിയുടെ ശരീരത്തിൽ ഒരു രോഗം ബാധിച്ചതായിരിക്കാം. ആ കാൽ മുറിച്ചു നീക്കിയില്ലെങ്കിൽ രോഗം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയും, കുട്ടി മരണപ്പെടുകയും ചെയ്തേക്കാം. നോക്കൂ; നേരത്തെ കണ്ട കാഴ്ച്ചയെ കുറിച്ചുള്ള നമ്മുടെ നിരീക്ഷണം പൂർണ്ണമായും മാറിമറിഞ്ഞു!

എന്നാൽ ഏതൊരു കാര്യത്തെ കുറിച്ചും പരിപൂർണ്ണമായി അറിയുന്നവനാണ് അല്ലാഹു. കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ കാര്യങ്ങളെല്ലാം അവനറിയാം. ഒരു വസ്തുവിനെ കുറിച്ച് മൊത്തത്തിലുള്ള അറിവും, സൂക്ഷ്മവും ബാഹ്യവും ആന്തരികവുമായ അറിവ് അല്ലാഹുവിനുണ്ട്. ഇതു കൊണ്ട് തന്നെയാണ് നന്മ തിന്മകൾ നിർണ്ണയിക്കുന്നതിൽ അല്ലാഹുവിന്റെ വാക്കാണ് അവസാന വാക്കെന്നും, മനുഷ്യർക്ക് അവന്റെ ബുദ്ധിയുടെയോ കേവല നിരീക്ഷണങ്ങളുടെയോ ഗവേഷണങ്ങളുടെയോ അടിസ്ഥാനത്തിൽ നന്മ തിന്മകൾ നിർണ്ണയിക്കാൻ സാധിക്കില്ലെന്നും പറയുന്നത്.

മനുഷ്യ നിർമ്മിത പ്രത്യയശാസ്ത്രങ്ങളുടെയും നിരീശ്വരവാദികളുടെയും നിലപാടുകളിലും അഭിപ്രായങ്ങളിലും യാതൊരു നിലക്കുമുള്ള സ്ഥിരതയോ ഉറപ്പോ കാണാത്തതിന്റെ കാരണവും അതാണ്. ഒരു കാലത്ത് സ്വാതന്ത്രത്തിന്റെയും സമത്വത്തിന്റെയും പ്രത്യയശാസ്ത്രമെന്ന് ബുദ്ധിജീവികളും ‘ശാസ്ത്രജ്ഞരും’ വിശേഷിപ്പിച്ച കമ്യൂണിസ്റ്റ് സ്വപ്നങ്ങൾ അപ്രായോഗികതയുടെ ഒന്നാമത്തെ ഉദാഹരണമായി ചവറ്റുകൊട്ടകളിൽ സ്ഥാനം അലങ്കരിക്കുന്നത് നോക്കൂ! ആ കാലഘട്ടത്തിലെ ബുദ്ധിജീവികൾ ഏറ്റവും വലിയ നന്മയെന്ന് വിശേഷിപ്പിച്ച ഒരു കാര്യം പത്തിരുപത് വർഷം കഴിയുമ്പോഴേക്ക് ആകെ തകിടം മറിഞ്ഞിരിക്കുന്നു! സ്വവർഗരതിയും മറ്റു ലൈംഗികവൈകൃതങ്ങളും സാംസ്കാരികതയുടെ ഭാഗമാണെന്നു പറഞ്ഞ് എഴുന്നള്ളിക്കുന്ന കാലമാണിത്. ഉറപ്പിച്ചോളൂ! കാലം വല്ലാതെയൊന്നും മുന്നോട്ടു പോകുന്നതിന് മുൻപ് ഇക്കൂട്ടർ ഇതിന്റെ ദോഷഫലം തിരിച്ചറിയുകയും, തങ്ങളുടെ അബദ്ധം തിരിച്ചറിയുകയും ചെയ്തിരിക്കും!

മനുഷ്യന്റെ ഈ ദുർബലതയെ കുറിച്ച് അല്ലാഹു ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

قُلْ أَتُعَلِّمُونَ اللَّـهَ بِدِينِكُمْ وَاللَّـهُ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ وَاللَّـهُ بِكُلِّ شَيْءٍ عَلِيمٌ ﴿١٦﴾

“നീ പറയുക: നിങ്ങളുടെ മതത്തെപ്പറ്റി നിങ്ങള്‍ അല്ലാഹുവെ പഠിപ്പിക്കുകയാണോ? അല്ലാഹുവാകട്ടെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുന്നു. അല്ലാഹു ഏത് കാര്യത്തെപറ്റിയും അറിയുന്നവനാകുന്നു.” (ഹുജുറാത്: 16)

وَاعْلَمُوا أَنَّ فِيكُمْ رَسُولَ اللَّـهِ ۚ لَوْ يُطِيعُكُمْ فِي كَثِيرٍ مِّنَ الْأَمْرِ لَعَنِتُّمْ 

“അല്ലാഹുവിന്റെ റസൂലാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ച് പോകുമായിരുന്നു.” (ഹുജുറാത്: 7)

ചുരുക്കത്തിൽ, ഒരു കാര്യത്തെ കുറിച്ച് പരിപൂർണ്ണമായ തിന്മയെന്ന് വിശേഷിപ്പിക്കുക മനുഷ്യന് സാധ്യമല്ല. അതിനാൽ ഭൂമിയിൽ തീർത്തും തിന്മ മാത്രമേ ഉള്ളൂ എന്ന് പറയാവുന്ന ഒരു കാര്യം പോലുമില്ലെന്ന് നിരീശ്വരവാദിക്ക് സ്ഥാപിക്കുക സാധ്യമല്ല. അതിനാൽ, ഭൂമിയിൽ തിന്മകളുണ്ട് എന്നതിനാൽ അല്ലാഹു തന്നെയില്ല എന്ന വാദത്തിനും അർത്ഥമോ അടിസ്ഥാനമോ ഇല്ല.

നാല്: ഭൂമിയിൽ തിന്മ പരക്കുന്നു എന്നതാണ് അല്ലാഹു ഇല്ലെന്നതിന്റെ തെളിവായി നിരീശ്വരവാദി കാണുന്നതെങ്കിൽ അവനോട് തിരിച്ചു ചോദിക്കാം: എന്തു കൊണ്ട് ഭൂമിയിലെ നന്മകൾ അല്ലാഹുവുണ്ട് എന്നതിന്റെ തെളിവായി നിനക്ക് കണ്ടുകൂടാ?! നന്മയാണ് ഭൂമിയിൽ തിന്മയേക്കാൾ കൂടുതലുള്ളത് എന്നതിൽ ബുദ്ധിയുള്ള രണ്ട് പേർക്കിടയിൽ സംശയമുണ്ടാവുകയില്ല. കൂടുതലും നന്മയാണ്; അതാണ് അടിസ്ഥാനപരമായുള്ളത്. തിന്മകൾ പിന്നീട് ഉടലെടുക്കുന്നതാണ്.

നൂറും ആയിരവും വർഷങ്ങൾ ആരോഗ്യത്തോടെ -കോടാനുകോടി പേർ ജീവിച്ചു മരിച്ചതിന് ശേഷമാണ്- മാസങ്ങൾ നീണ്ടുനിൽക്കുന്ന പകർച്ചവ്യാധികൾ പരന്നത്. എന്നാൽ തന്നെയും ഭൂമിയിൽ കോടാനുകോടി മനുഷ്യർ ആരോഗ്യവാന്മാരായി നിലകൊള്ളുമ്പോഴും പതിനായിരങ്ങളോ മറ്റോ മാത്രമാണ് രോഗബാധിരായത്. അതിൽ തന്നെയും നൂറോ ആയിരമോ പേരാണ് മരിച്ചു വീണത്.

രോഗം ബാധിച്ച് കിടപ്പിലായ മനുഷ്യന്റെ ശരീരത്തിലേക്കും നോക്കാം. അവന്റെ കണ്ണിൽ -അല്ലെങ്കിൽ കാലിലോ കയ്യിലോ മറ്റെവിടെയെങ്കിലുമോ- രോഗമുണ്ട്; എന്നാൽ അവയവങ്ങൾ മറ്റനേകവുമുണ്ടല്ലോ?! അവയുടെ കാര്യമെന്താണ്?! ഏതോ ഒരു രക്തക്കുഴലിൽ -അല്ലെങ്കിൽ രണ്ടോ മൂന്നോ പത്തോ ഞരമ്പുകളിൽ പ്രശ്നമുണ്ട്-; എന്നാൽ ഇഴപിരിഞ്ഞു കിടക്കുന്ന മറ്റനേകം ഞരമ്പുകളുടെ കാര്യമോ?! ഇന്നലെയാണവന്റെ ഹൃദയം നിശ്ചലമായത്; ഈ കണ്ട വർഷങ്ങളെല്ലാം നിലക്കാതെ മിടിച്ചു കൊണ്ടിരുന്നതോ?! ശ്വാസത്തിന് യാതൊരു തടസ്സവുമില്ലാതെ കോടിക്കണക്കിന് നിശ്വാസങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്; ഇപ്പോഴാണ് പ്രയാസം തുടങ്ങിയത്. ഇങ്ങനെ എത്രയെത്ര നന്മകൾ; അതിന്റെ അരികിലെവിടെയോ എണ്ണാൻ കഴിയുന്ന തിന്മകൾ!

പ്രകൃതിദുരന്തങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കാം. സ്വഛമായി വർഷങ്ങളോളം ഒഴുകിയ നദിയിലെ വെള്ളം കുറച്ചു ദിവസങ്ങൾ മാത്രമാണ് കരകവിഞ്ഞത്. എത്രയോ കാലം ചുറ്റുവട്ടമുള്ളവർക്ക് കുടിക്കാൻ വെള്ളം അതിൽ നിന്നായിരുന്നു ലഭിച്ചത്. അവരുടെ കൃഷിയിടം നനച്ചതും, കാലികൾക്ക് കുടിക്കാൻ നൽകിയതും അതിൽ നിന്ന് തന്നെ. കോടിക്കണക്കിന് നിമിഷങ്ങൾ ഉറപ്പോടെ നിലയുറപ്പിച്ച ഭൂമി വിരലിലെണ്ണാവുന്ന നിമിഷങ്ങളാണ് കുലുങ്ങിയത്. അതിന് മുൻപ് അതിന് മുകളിലാണ് നിർഭയരായി അവർ നടക്കുകയും, കിടക്കുകയും, വീടുകൾ പടുത്തുയർത്തുകയുമെല്ലാം ചെയ്തത്! എത്രയോ കാലങ്ങളായി തലയെടുപ്പോടെ നിലയുറപ്പിച്ച പർവ്വതം ഏതോ രണ്ട് ദിവസങ്ങളിലാണ് പൊട്ടിത്തെറിച്ചതും ചുട്ടു പഴുക്കുന്ന ലാവ പുറത്തേക്കൊഴുക്കിയതും.

അനുഗ്രഹങ്ങളിലുള്ള ഈ വിശാലതയെ കുറിച്ച് അല്ലാഹു പലയിടത്തും ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

وَآتَاكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ وَإِن تَعُدُّوا نِعْمَتَ اللَّـهِ لَا تُحْصُوهَا ۗ إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ ﴿٣٤﴾

“നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ.” (ഇബ്രാഹീം: 34)

وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللَّـهِ ۖ 

“നിങ്ങളില്‍ എന്തൊരു അനുഗ്രഹമുണ്ടെങ്കിലും, അതെല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു.” (നഹ്‌ൽ: 53)

وَأَسْبَغَ عَلَيْكُمْ نِعَمَهُ ظَاهِرَةً وَبَاطِنَةً ۗ

“പ്രത്യക്ഷവും പരോക്ഷവുമായ അവന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് അവൻ നിങ്ങളെ പൊതിഞ്ഞിരിക്കുന്നു.” (ലുഖ്മാൻ: 20)

ഒരു തിന്മയുടെ എതിർവശത്തുള്ളത് നൂറും ആയിരവും അതിലധികവും നന്മകളാണ്. ഏതാണ് നീ പരിഗണനക്കെടുക്കേണ്ടത്?! തുലാസിന്റെ ഏതു തട്ടിലേക്കാണ് നിന്റെ നോട്ടമെത്തേണ്ടത്?! അവന്റെ ഇരുളടഞ്ഞ കണ്ണിൽ ഒന്നോ രണ്ടോ തിന്മകൾ മാത്രമാണ് അവൻ കണ്ടതെങ്കിൽ, അതാണ് സ്രഷ്ടാവായ അല്ലാഹുവില്ല എന്നു പറയാൻ അവനെ പ്രേരിപ്പിച്ചില്ലെങ്കിൽ -കണ്ണൊന്ന് മെല്ല തുറന്നിരുന്നെങ്കിൽ- അവൻ കാണുന്ന ആയിരമായിരം നന്മകൾ അല്ലാഹുവുണ്ട് എന്ന് അവനെ കൊണ്ട് പറയിപ്പിക്കേണ്ടതായിരുന്നില്ലേ?!

അഞ്ച്: ഭൂമിയിൽ ഈ കാണുന്ന തിന്മകളെല്ലാം ഉണ്ടായി എന്നത് അല്ലാഹുവില്ല എന്നതിനുള്ള തെളിവാണെന്ന് നിരീശ്വരവാദി അവകാശപ്പെടുന്നു. അല്ലാഹുവുണ്ടായിരുന്നെങ്കിൽ തിന്മ ഉണ്ടാകില്ലായിരുന്നു എന്നാണ് അവന്റെ അനുമാനം. എന്നാൽ തിരിച്ചും ചോദിക്കാമല്ലോ: ‘തിന്മകൾ ഈ പ്രപഞ്ചത്തിൽ നിലനിൽക്കാൻ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കിലോ? അല്ലാഹു തിന്മ ഉദ്ദേശിക്കാൻ പാടില്ലെന്ന് എങ്ങനെ ഒരു നിരീശ്വരവാദിക്ക് പറയാൻ കഴിയും?!’

അല്ലാഹു പരിപൂർണ്ണമായും തിന്മയായ ഒരു കാര്യം സൃഷ്ടിക്കില്ലെന്ന് അല്ലാഹുവിനെ അറിഞ്ഞവർ മനസ്സിലാക്കിയിട്ടുണ്ട്. അവൻ ഒരു അണുമണിത്തൂക്കം പോലും അതിക്രമം പ്രവർത്തിക്കില്ലെന്നും അവർക്കറിയാം. അതെല്ലാം അല്ലാഹുവിന്റെ വിശേഷണങ്ങളാണ്. പക്ഷേ, നിരീശ്വരവാദി പറയുന്നത് അല്ലാഹുവേ ഇല്ലെന്നാണ്. അവൻ ഉണ്ടായിരുന്നെങ്കിൽ തിന്മ ഉണ്ടാകില്ലെന്നാണ്. അതെങ്ങനെ ശരിയാകും?! തിന്മ ഉദ്ദേശിക്കുന്ന ഒരു സ്രഷ്ടാവ് ഉണ്ടാകരുതെന്ന് നീയെങ്ങനെ വാശി പിടിക്കും?! അവൻ അങ്ങനെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ -നിന്റെ വാദപ്രകാരം- അതിലെന്താണ് തെറ്റുള്ളത്?! ഏറ്റവും കുറഞ്ഞത് തിന്മയും അതിക്രമവും പ്രവർത്തിക്കുന്ന ഒരു സ്രഷ്ടാവെങ്കിലും ഉണ്ട് എന്ന് നീ അംഗീകരിക്കുക. അതിന് ശേഷം അവൻ അതിക്രമം ചെയ്യുന്നുണ്ടോ ഇല്ലയോ എന്നതിനെ കുറിച്ച് നമുക്ക് സംവദിക്കാം.

ഇത് നിരീശ്വരവാദികളെ കുഴക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഭൂമിയിൽ പകർച്ച വ്യാധികളും മറ്റു ദുരന്തങ്ങളും സംഭവിക്കുന്നതോടെ ‘ദൈവം മരിച്ചിരിക്കുന്നു; അവൻ ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു’ എന്ന് ഇക്കൂട്ടർ അട്ടഹസിക്കുന്നത് കാണാം. എന്നാൽ സ്രഷ്ടാവായ ഇത്തരം തിന്മകൾ ഉദ്ദേശിക്കരുതെന്ന് ഇവരോട് ആരാണ് പറഞ്ഞത്?! ഏറ്റവും കുറഞ്ഞത് ഈ തിന്മകൾ ഉദ്ദേശിക്കുന്ന ഒരു സ്രഷ്ടാവുണ്ട് എന്നെങ്കിലും സമ്മതിക്കാൻ അവൻ ബാധ്യസ്ഥനാണല്ലോ?! അതവൻ സമ്മതിക്കാൻ തയ്യാറാവുകയാണെങ്കിൽ അല്ലാഹു അനീതി പ്രവർത്തിക്കുകയോ, പരിപൂർണ്ണമായും തിന്മകൾ സൃഷ്ടിക്കുകയോ ചെയ്യുന്നില്ലെന്ന് അവന് ബോധ്യപ്പെടുത്തി നൽകാൻ സാധിക്കും.

ആറ്: ഭൂമിയിൽ തിന്മകളും ഉപദ്രവങ്ങളും പ്രയാസങ്ങളുമുണ്ട് എന്നതാണ് അല്ലാഹു ഇല്ല എന്ന് പറയാൻ നിരീശ്വരവാദിയെ പ്രേരിപ്പിച്ചത്. പകർച്ചവ്യാധികൾ പരക്കുമ്പോൾ അവൻ പറയും: എല്ലാത്തിനും കഴിവുള്ള അല്ലാഹു എങ്ങനെയാണ് ഈ രോഗം നിശ്ചയിക്കുക?! അവന് കഴിയുമായിരുന്നെങ്കിൽ ഈ രോഗം ഇല്ലാതെയാക്കാമായിരുന്നല്ലോ?! കുറവുകളോടെയോ പരിമിതികളോടെയോ ഏതെങ്കിലും കുട്ടി ജനിച്ചാൽ അവർ പറയും: അല്ലാഹു ഉണ്ടായിരുന്നെങ്കിൽ ഈ ചെറിയ കുട്ടിക്ക് ഇത്ര കടുത്ത പ്രയാസം വരുത്തി വെക്കുമായിരുന്നോ?!

എന്നാൽ ചിന്തിക്കുക! കുറവുകളോടെ ഒരു സൃഷ്ടിപ്പ് നിർമ്മിച്ചു എന്നത് എങ്ങനെയാണ് അത് നിർമ്മിച്ചവന്റെ കുറവും ന്യൂനതയുമാവുക?! ചില കാരണങ്ങളാൽ ആ കുറവുകൾ തന്റെ നിർമ്മിതിയിൽ വേണമെന്നത് നിർമ്മാതാവിന്റെ ഉദ്ദേശമാണെങ്കിൽ അതിലെന്താണ് തെറ്റുള്ളത്?!

ഉദാഹരണം പറയാം: ഒരേ കമ്പനി നിർമ്മിച്ച രണ്ട് മൊബൈലുകൾ ഒരാളുടെ കയ്യിലുണ്ട് എന്ന് കരുതുക. ഒന്ന് ഏറ്റവും ഉന്നതമായ ഗുണമേന്മയും പ്രവർത്തനമികവുമുള്ളതാണ്. മറ്റൊന്ന് അതിനേക്കാൾ താഴെയുള്ളതും ചില കുറവുകളുള്ളതുമാണ്. ആദ്യത്തേതിലുള്ളതു പോലെ പല മേന്മകളും ഇതിലില്ല. രണ്ടാമതുള്ള ഉപകരണം ലഭിച്ച വ്യക്തി അതു പരിശോധിച്ച ശേഷം, അതിലെ കുറവുകൾ കണ്ടെത്തിയ ശേഷം, ‘ഇതൊരാൾ നിർമ്മിച്ചതല്ല, തനിയെ അങ്ങുണ്ടായി തീർന്നതാണ്’ എന്നാണ് പറയുന്നതെങ്കിൽ എന്തായിരിക്കും അവന്റെ ബുദ്ധിയുടെ നിലവാരം?!

മറ്റൊരു ഉദാഹരണം കൂടി: തലയുയർത്തി നിൽക്കുന്ന ഒരു കൊട്ടാരത്തിലേക്ക് ഒരാൾ പ്രവേശിച്ചു എന്നു കരുതുക. മനോഹരമായ ചുവരുകൾ, മുറികൾ, നിർമ്മിതികൾ, ക്രമീകരണങ്ങൾ; അവൻ അത്ഭുതം കൂറി നിൽക്കുന്നു. കെട്ടിടത്തിന്റെ ഒരു കോണിൽ മറ്റൊരു വാതിലുണ്ട്; അതു തുറന്നു നോക്കിയപ്പോൾ കാണുന്നത് വൃത്തിയില്ലാത്ത തറയും, കുത്തിവരകൾ കൊണ്ട് നിറഞ്ഞ ചുമരും, പൊടിപിടിച്ച വസ്തുക്കളുമാണ്. ഇത്രയും നേരം കണ്ടകാഴ്ച്ചകളെല്ലാം മറന്ന്, അവൻ പുതിയൊരു തത്വം പറയുന്നു: ‘ഈ കെട്ടിടം ആരും നിർമ്മിച്ചതല്ല! ഇത് തനിയെ ഉണ്ടായതാണ്. ആരെങ്കിലും നിർമ്മിച്ചതായിരുന്നു ഇതെങ്കിൽ ഈ മുറി ഇവിടെയിങ്ങനെ കിടക്കുമായിരുന്നില്ല.’ ബുദ്ധിയുള്ള ഒരാൾ പറയുമോ ഈ വാക്കുകൾ?!

ഇതു പോലെയല്ലേ, നിരീശ്വരവാദികളുടെ വാദവും?! കൃത്യവും സൂക്ഷ്മവുമായി നിർമ്മിക്കപ്പെട്ട ഈ പ്രപഞ്ചത്തിലെ ഏതോ കോണുകളിൽ അവന്റെ കണ്ണിന് തിന്മയായി കണ്ടെത്താൻ കഴിയുന്ന ചിലത് ചൂണ്ടിക്കാണിച്ചു കൊണ്ട് ഇതെല്ലാം ഒരു സ്രഷ്ടാവിന്റെ നിർമ്മിതിയല്ല എന്ന് പറയാൻ കഴിയണമെങ്കിൽ എത്ര മാത്രം അശ്രദ്ധമായിരിക്കണം അവന്റെ ഹൃദയം?!

ചില കുറവുകളോടെ നിർമ്മിക്കപ്പെട്ട ഒരു മൊബൈലോ, അവഗണിക്കപ്പെട്ട നിലയിൽ ഒരു മുറിയോ കണ്ടെത്തിയാൽ ഇതിങ്ങനെ ഉപേക്ഷിക്കാൻ എന്തോ ഒരു കാരണമുണ്ടായിരിക്കും എന്ന് ചിന്തിച്ചാൽ അതെത്ര സാധാരാണമായ, കേവല യുക്തിക്ക് യോജിക്കുന്ന കാര്യമാണ്. ഈ ഉദാഹരണങ്ങളെല്ലാം മനുഷ്യരുടെ കാര്യത്തിലാണ് പറഞ്ഞത്. എന്നാൽ മനുഷ്യരെ സൃഷ്ടിച്ച, സർവ്വലോകരക്ഷിതാവായ അല്ലാഹു ഈ ഉദാഹരണങ്ങളേക്കാൾ മുകളിലാണ്. ഈ കാണുന്ന സുന്ദരമായ പ്രപഞ്ചത്തെ സൃഷ്ടിച്ചവൻ അതിന്റെ ഏതെല്ലാമോ ചില കോണുകളിൽ, ചില പ്രയാസങ്ങൾ നിശ്ചയിച്ചുവെങ്കിൽ എത്രയെത്ര മഹത്തരമായ ഉദ്ദേശങ്ങൾ അതിന് പിന്നിലുണ്ടായിരിക്കും?!

അല്ലാഹുവാകട്ടെ, അവന്റെ സൃഷ്ടിപ്പിലെ അത്ഭുതത്തെ കുറിച്ചും, അതിന്റെ നിർമ്മിതിയിലെ കൃത്യതയെ കുറിച്ചും എത്രയോ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. ആകാശത്തെയും ഭൂമിയെയും അതിലുള്ള ചരാചരങ്ങളെയും അവൻ നിർമ്മിച്ചതിലെ അത്ഭുതകരമായ കൃത്യതയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَـٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ ﴿٣﴾ ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ ﴿٤﴾

“ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട് വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ? പിന്നീട് രണ്ടു തവണ നീ കണ്ണിനെ തിരിച്ച് കൊണ്ട് വരൂ. നിന്റെ അടുത്തേക്ക് ആ കണ്ണ് പരാജയപ്പെട്ട നിലയിലും പരവശമായികൊണ്ടും മടങ്ങി വരും.” (മുൽക്: 3-4)

أَلَمْ تَرَوْا كَيْفَ خَلَقَ اللَّـهُ سَبْعَ سَمَاوَاتٍ طِبَاقًا ﴿١٥﴾ وَجَعَلَ الْقَمَرَ فِيهِنَّ نُورًا وَجَعَلَ الشَّمْسَ سِرَاجًا ﴿١٦﴾ وَاللَّـهُ أَنبَتَكُم مِّنَ الْأَرْضِ نَبَاتًا ﴿١٧﴾

“നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ് അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന്‌. ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു. സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു. അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന് ഒരു മുളപ്പിക്കല്‍ മുളപ്പിച്ചിരിക്കുന്നു.” (നൂഹ്: 15-17)

الَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ ۖ وَبَدَأَ خَلْقَ الْإِنسَانِ مِن طِينٍ ﴿٧﴾ ثُمَّ جَعَلَ نَسْلَهُ مِن سُلَالَةٍ مِّن مَّاءٍ مَّهِينٍ ﴿٨﴾ ثُمَّ سَوَّاهُ وَنَفَخَ فِيهِ مِن رُّوحِهِ ۖ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۚ قَلِيلًا مَّا تَشْكُرُونَ ﴿٩﴾

“താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍. മനുഷ്യന്റെ സൃഷ്ടി കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു. പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി. പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.” (സജ്ദ: 7-9)

خَلَقَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ وَأَلْقَىٰ فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَبَثَّ فِيهَا مِن كُلِّ دَابَّةٍ ۚ وَأَنزَلْنَا مِنَ السَّمَاءِ مَاءً فَأَنبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ ﴿١٠﴾ هَـٰذَا خَلْقُ اللَّـهِ فَأَرُونِي مَاذَا خَلَقَ الَّذِينَ مِن دُونِهِ ۚ بَلِ الظَّالِمُونَ فِي ضَلَالٍ مُّبِينٍ ﴿١١﴾

“നിങ്ങള്‍ക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ അവന്‍ ഉറച്ച പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവന്‍ അതില്‍ പരത്തുകയും ചെയ്തിരിക്കുന്നു. ആകാശത്ത് നിന്ന് നാം വെള്ളം ചൊരിയുകയും, എന്നിട്ട് വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതില്‍ മുളപ്പിക്കുകയും ചെയ്തു. ഇതെല്ലാം അല്ലാഹുവിന്റെ സൃഷ്ടിയാകുന്നു! എന്നാല്‍ അവന്നു പുറമെയുള്ളവര്‍ സൃഷ്ടിച്ചിട്ടുള്ളത് എന്താണെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അല്ല, അക്രമകാരികള്‍ വ്യക്തമായ വഴികേടിലാകുന്നു.” (ലുഖ്മാൻ: 10-11)

ഈ സൃഷ്ടിപ്പിലെവിടെയും പരിപൂർണ്ണമായും തിന്മയെന്ന് പറയാവുന്ന ഒന്നും തന്നെ അവൻ സൃഷ്ടിച്ചിട്ടില്ല. എന്നാൽ അതിലുള്ള ചെറിയ ചില തിന്മകളാകട്ടെ, അവക്ക് പിന്നിൽ മഹത്തരമായ ഉദ്ദേശവും ലക്ഷ്യവുമുണ്ട് താനും. അത് അല്ലാഹുവില്ല എന്നതിന്റെ കാരണമായി പറയുക എന്നതാകട്ടെ, തനിച്ച വിവരക്കേടും അനീതിയുമാണ്.

ഏഴ്: നിരീശ്വരവാദികളുടെ തെളിവുകളിൽ അവരുടെ വിശ്വാസത്തിന്റെ അടിത്തറ ഇളക്കുന്ന വിഷയങ്ങളിലൊന്നാണ് നന്മ തിന്മകളെ കുറിച്ചുള്ള ചർച്ച. പഞ്ചേന്ദ്രിയങ്ങളാൽ അനുഭവിച്ചറിയാവുന്ന ഭൗതികപ്രപഞ്ചത്തിലെ പദാർത്ഥങ്ങളിൽ മാത്രം വിശ്വസിക്കുന്ന നിരീശ്വരവാദി അല്ലാഹുവില്ല എന്നതിന് തെളിവായി പറയുന്നത് ‘ഭൂമിയിൽ തിന്മകൾ നിലനിൽക്കുന്നു’വെന്നാണ്. ഈ പ്രപഞ്ചമെല്ലാം കേവലം ചില പദാർത്ഥങ്ങളുടെ കൂടിച്ചേരലും, ഏതെല്ലാമോ രാസപദാർത്ഥങ്ങളുടെ പ്രതിപ്രവർത്തനങ്ങളുമാണെന്ന് ജൽപ്പിക്കുന്നവർക്കെപ്പോഴാണ് തിന്മകളുണ്ടായത്?! സ്വഭാവവും സംസ്കാരവുമെല്ലാം ആപേക്ഷികമാണെന്നും, ഒന്നും ആത്യന്തികമായി നന്മയോ തിന്മയോ അല്ലെന്നും വാദിക്കുന്ന അരാജകത്വവാദികൾക്ക് എന്നു മുതലാണ് തിന്മയെ കുറിച്ചുള്ള ചിന്തയുണ്ടായത്?!

നിരീശ്വരവാദിക്കെങ്ങനെ തിന്മയുണ്ടാകും?! എന്താണ് തിന്മയുടെ അളവുകോൽ?! എങ്ങനെ ചിലത് ശരിയും ചിലത് തെറ്റുമെന്ന് പറയും?! ഇത് അനുയോജ്യവും അത് യോജ്യവുമാകുന്നതെങ്ങനെ?! ചിലതെല്ലാം നീതിയും മറ്റു ചിലതെല്ലാം അനീതിയുമാകുന്നതെങ്ങനെ?! ഇതിനെല്ലാം ബുദ്ധിപരമായ എന്തെങ്കിലും അളവുകോൽ നൽകൂ. ഭൂമിയിൽ തിന്മയോ നന്മയോ ഉണ്ടെന്ന് തന്നെ സ്ഥാപിക്കാൻ കഴിയാത്തവർക്കെങ്ങനെ ‘തിന്മയുണ്ടെന്നതിനാൽ അല്ലാഹുവില്ലെ’ന്ന് പറയാൻ കഴിയും?!’ നിരീശ്വരവാദി ആദ്യം തിന്മ എന്താണെന്ന് പറയട്ടെ; എന്നിട്ടാകാം തിന്മയുള്ളതിനാൽ അല്ലാഹു തന്നെയില്ല എന്ന് തർക്കിക്കുന്നത്!

നന്മയും തിന്മയുമെന്ന വേർതിരിവ് സ്രഷ്ടാവായ അല്ലാഹുവുണ്ട് എന്ന വിശ്വാസത്തിൽ നിന്നുണ്ടാകുന്നത് മാത്രമാണ്. അല്ലാഹു കാണുന്നുണ്ട് എന്ന ബോധ്യമില്ലെങ്കിൽ, മരണപ്പെട്ടാൽ നന്മയും തിന്മയും പരിശോധിക്കപ്പെടുന്ന ഒരു പരലോകമുണ്ട് എന്ന തിരിച്ചറിവില്ലെങ്കിൽ നന്മയും തിന്മയും സമമാണ്. അല്ല! ഒന്നു ചിന്തിച്ചാൽ നിരീശ്വരവാദിയെ സംബന്ധിച്ചിടത്തോളം തിന്മയാണ് നന്മയേക്കാൾ നല്ലത്.

ഉദാഹരണം പറയാം: ഒരു നിരീശ്വരവാദിയുടെ സഹോദരൻ പൊടുന്നനെ മരണപ്പെട്ടുവെന്ന് കരുതുക. ധാരാളം സ്വത്തുകൾ വിട്ടേച്ചു കൊണ്ടാണ് അയാൾ മരണപ്പെട്ടത്. അതിനെല്ലാം അവകാശിയായി, രണ്ടോ മൂന്നോ വയസ്സുള്ള ഒരു പിഞ്ചുകുഞ്ഞാണുള്ളത്. നിരീശ്വരവാദിയുടെ മനസ്സിൽ രണ്ട് ചിന്തകൾ വന്നെത്താം. ഒന്നല്ലെങ്കിൽ സഹോദരന്റെ കുട്ടിയെ കൊന്നുകളയാം; എങ്കിൽ ഈ സ്വത്ത് മുഴുവൻ നിരീശ്വരവാദിയുടെ കയ്യിലെത്തും. ഇല്ലെങ്കിൽ ആ കുട്ടിയെ വളർത്താം; ആ സ്വത്തിന്റെ മുഴുവൻ അവകാശം അവന് ലഭിക്കുകയും ചെയ്യും.

നിരീശ്വരവാദിയുടെ ബുദ്ധി പറഞ്ഞു നൽകേണ്ടത് കുഞ്ഞിനെ കൊന്നുകളയണമെന്നാണ്. എങ്കിൽ ആ സ്വത്ത് മുഴുവൻ അവന് എടുക്കുകയും, അതുപയോഗിച്ച് സുഖിച്ചു ജീവിക്കുകയും ചെയ്യാം. കുഞ്ഞിനെ കൊന്നതിനെയോർത്ത് നിരീശ്വരവാദി ഒട്ടും വിഷമിക്കേണ്ടതില്ല; ഏതോ ചില രാസപദാർത്ഥങ്ങളുടെ മിശ്രിതങ്ങൾ കൂടിനിന്നത് തകർത്തുവെന്ന് കരുതിയാൽ മാത്രം മതി. എല്ലാം കഴിഞ്ഞ് നിരീശ്വരവാദി മരണപ്പെട്ടാലും ഒന്നും സംഭവിക്കാനില്ല. അവനും ചില രാസപദാർത്ഥങ്ങളുടെ മിശ്രിതം മാത്രമാണല്ലോ?!

നിരീശ്വരവാദിയുടെ നന്മയുടെയും തിന്മയുടെയും അവസ്ഥയാണിത്. ഒരു നിരീശ്വരവാദിയുടെ അടുക്കൽ നന്മയായി കാണുന്നത് മറ്റൊരാളുടെ അടുക്കൽ തിന്മയായിരിക്കാം. തിരിച്ചുമാകാം. നന്മയെ കുറിച്ചും തിന്മയെ കുറിച്ചുമുള്ള വീക്ഷണങ്ങൾ എപ്പോഴും മാറിമറിയാം. അതിനൊരു കൃത്യമായ അടിസ്ഥാനമോ, അവ വേർതിരിക്കാനുള്ള അളവുകോലുകളോ നിരീശ്വരവാദിയുടെ പക്കലില്ല.

നോക്കൂ! ഈ വൈകൃതങ്ങളെല്ലാം പേറുന്നവനാണ് ഭൂമിയിൽ തിന്മയുള്ളതിനാൽ ഇതിനൊരു സ്രഷ്ടാവേ ഇല്ലെന്ന് വാദിക്കുന്നത്?! എത്ര ബാലിശമാണ് കാര്യം?! എത്ര വലിയ വിഡ്ഡിയാണ് നിരീശ്വരവാദിയാവുക?! എത്ര നിന്ദ്യമായ രൂപത്തിലാണ് പിശാച് മനുഷ്യനെ വഴികേടിലേക്ക് നയിക്കുന്നത്?!

എട്ട്: ‘ഭൂമിയിലെ തിന്മകൾ അല്ലാഹു ഇല്ലെന്നതിനുള്ള തെളിവാണ്’ എന്ന നിരീശ്വരവാദികളുടെ വാദം  അല്ലാഹുവിനെ കുറിച്ചുള്ള അവരുടെ അബദ്ധധാരണ വ്യക്തമാകുന്ന സന്ദർഭമാണ്. അല്ലാഹു ‘റബ്ബുൽ ആലമീനാണ്’ -ലോകങ്ങളുടെ സ്രഷ്ടാവും രക്ഷിതാവും നിയന്താവുമാണ്- എന്ന മുസ്‌ലിമിന്റെ വിശ്വാസത്തിൽ നിന്ന് കാതങ്ങൾ അകലെയാണ് നിരീശ്വരവാദിയുടെ അല്ലാഹുവിനെ കുറിച്ചുള്ള ധാരണ.

അല്ലാഹു ലോകങ്ങളുടെ സ്രഷ്ടാവാണ്. അവയുടെ രക്ഷാധികാരിയാണ്. പരിപൂർണ്ണമായ അറിവും അങ്ങേയറ്റത്തെ യുക്തിയുമുള്ളവനാണ്. അവസാനമില്ലാത്ത ശക്തിയും പ്രതാപവും അധികാരവും അവന് മാത്രമാണുള്ളത്. അവൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു. ഉദ്ദേശിക്കുന്നത് വിധിക്കുന്നു. സർവ്വരും അവന്റെ മുന്നിൽ കീഴൊതുങ്ങേണ്ട അടിമകൾ മാത്രമാണ്. ഇതാണ് അല്ലാഹുവിനെ കുറിച്ച് ഓരോ മുസ്‌ലിമും വിശ്വസിക്കുന്നത്.

എന്നാൽ നിരീശ്വരവാദിയുടെ അഹങ്കാരം ഇത് അംഗീകരിക്കാൻ അവനെ അനുവദിക്കുകയേ ഇല്ല. അങ്ങനെ പറയുന്നതോ ചിന്തിക്കുന്നതോ പോലും അവന് അസഹ്യമാണ്. അവന്റെ മനസ്സിൽ അവനാഗ്രഹിക്കുന്ന സ്രഷ്ടാവ് എന്നാൽ അവന് വേണ്ടതെല്ലാം ചെയ്തു നൽകുന്ന ഒരു ഉപകരണം -അതുമല്ലെങ്കിൽ ഒരു വേലക്കാരൻ- മാത്രമാണ്. അവന്റെ കണക്കുകൂട്ടലുകൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന, അവന്റെ ഉദ്ദേശങ്ങളും താല്പര്യങ്ങളും നിറവേറ്റി നൽകുന്ന ഒരു സേവകനാണ് നിരീശ്വരവാദിക്ക് വേണ്ട ദൈവം! ശരീരത്തിൽ ഒരു മുള്ളു തറച്ചാൽ പോലും അവൻ പറഞ്ഞേക്കാം: ‘ഒരു സ്രഷ്ടാവുമില്ല. ഒന്നുമില്ല.’ ഈ ചിന്ത അവരുടെ മനസ്സിൽ അടിയുറച്ചതിനാലാണ് ‘എങ്ങനെയൊരു സ്രഷ്ടാവുണ്ടാകും; ഈ കണ്ട തിന്മകൾ ഇവിടെ ഉണ്ടായിരിക്കെ’ എന്നവർ ചോദിക്കുന്നത്. സ്രഷ്ടാവ് അവൻ ആഗ്രഹിച്ച പോലെ ഇതെല്ലാം പടക്കേണ്ടിയിരുന്നു എന്ന് ചുരുക്കം!

എന്നാൽ അല്ലാഹു അവനെ കുറിച്ച് പറയുന്നത് നോക്കൂ:

لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ

“ആകാശഭൂമികളിലുള്ളതെല്ലാം അവൻ്റേതാണ്. അവന്റെ അനുവാദമില്ലാതെ അല്ലാഹുവിന്റെ അടുക്കൽ ശുപാര്‍ശ നടത്താനാരുണ്ട്?” (ബഖറ: 255)

إِنَّ رَبَّكَ فَعَّالٌ لِّمَا يُرِيدُ ﴿١٠٧﴾

“തീര്‍ച്ചയായും നിന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് തികച്ചും നടപ്പിലാക്കുന്നവനാകുന്നു.” (ഹൂദ്: 107)

إِنَّ اللَّـهَ يَفْعَلُ مَا يُرِيدُ ﴿١٤﴾

“തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു.” (ഹജ്ജ്: 14)

إِنَّ اللَّـهَ يَحْكُمُ مَا يُرِيدُ ﴿١﴾

“തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് വിധിക്കുന്നു.” (മാഇദ: 1)

لَا يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ ﴿٢٣﴾

“അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌.” (അമ്പിയാഅ്: 23)

ഒൻപത്: ഈ ലോകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പരീക്ഷണത്തിന്റെ വേദിയായി കൊണ്ടാണ്. ഇത് സുഖാസ്വാദനങ്ങളുടെ ഗേഹമല്ല. മനുഷ്യന്റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല. ഓരോ മുസ്‌ലിമിന്റെയും ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന, പാരത്രിക ലോകത്തെ കുറിച്ചുള്ള ഈ വിശ്വാസം ജീവിതത്തിൽ നേരിടേണ്ടി വരുന്ന എത്ര കഠിനമായ പ്രയാസത്തെയും പ്രതീക്ഷയോടെയും സഹനത്തോടെയും നേരിടാൻ അവനെ സഹായിക്കുന്നു. പരീക്ഷണങ്ങളും പ്രയാസങ്ങളുമില്ലാതെ സ്വർഗപ്രവേശനം സാധ്യമല്ല എന്നാണവൻ പഠിച്ചിരിക്കുന്നത്.

الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ 

“നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍.” (മുൽക്: 2)

الم ﴿١﴾ أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ ﴿٢﴾ وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّـهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ ﴿٣﴾

“അലിഫ്‌ ലാം മീം. ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്‌. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും.” (അൻകബൂത്: 1-3)

എല്ലാ സുഖങ്ങളും ഇവിടെ തന്നെ അനുഭവിച്ചു തീർക്കണമെന്ന് വാശി പിടിക്കുന്നത് ഈ യാഥാർത്ഥ്യം തിരിച്ചറിയാത്തവർ മാത്രമാണ്. നിരീശ്വരവാദികൾക്ക് തിന്മകളെല്ലാം അസഹ്യമായി തോന്നുന്നതും, അനുഭവിച്ചു തീർക്കുന്ന നന്മകളൊന്നും മതിയാകാതെ വരുന്നതും ഈ ബോധ്യമോ തിരിച്ചറിവോ ഇല്ലാത്തതു കൊണ്ട് മാത്രമാണ്. അവർക്ക് ഇതിനപ്പുറം ഇനിയൊരു ജീവിതമില്ല.

وَقَالُوا إِنْ هِيَ إِلَّا حَيَاتُنَا الدُّنْيَا وَمَا نَحْنُ بِمَبْعُوثِينَ ﴿٢٩﴾

“അവര്‍ പറഞ്ഞിരുന്നു; ഞങ്ങളുടെ ഐഹികജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല എന്ന്‌.” (അൻആം: 29)

പരലോകത്തെ കുറിച്ച് അറിയിക്കുന്ന നബിമാരോടും, ഇസ്‌ലാമിന്റെ സന്ദേശം എത്തിച്ചു നൽകുന്നവരോടും നിഷേധികൾ പറഞ്ഞ മറുപടി അല്ലാഹു എടുത്തു പറഞ്ഞിരിക്കുന്നു:

أَيَعِدُكُمْ أَنَّكُمْ إِذَا مِتُّمْ وَكُنتُمْ تُرَابًا وَعِظَامًا أَنَّكُم مُّخْرَجُونَ ﴿٣٥﴾ هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ ﴿٣٦﴾ إِنْ هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ ﴿٣٧﴾

“നിങ്ങള്‍ മരിക്കുകയും, മണ്ണും അസ്ഥിശകലങ്ങളുമായിത്തീരുകയും ചെയ്താല്‍ നിങ്ങള്‍ (വീണ്ടും ജീവനോടെ) പുറത്ത് കൊണ്ടു വരപ്പെടും എന്നാണോ അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നത്‌? നിങ്ങള്‍ക്ക് നല്‍കപ്പെടുന്ന ആ വാഗ്ദാനം എത്രയെത്ര വിദൂരം! ജീവിതമെന്നത് നമ്മുടെ ഈ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജനിക്കുന്നു. നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല തന്നെ.” (മുഅ്മിനൂൻ: 35-37)

وَقَالُوا مَا هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلَّا الدَّهْرُ ۚ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ ﴿٢٤﴾

“അവര്‍ പറഞ്ഞു: ജീവിതമെന്നാല്‍ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു. (വാസ്തവത്തില്‍) അവര്‍ക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാകുന്നു.” (ജാഥിയ: 24)

‘തിന്മകളുണ്ടെങ്കിൽ, പ്രയാസങ്ങൾ ബാധിക്കുന്നെങ്കിൽ അല്ലാഹു ഇല്ലേയില്ല’ എന്നട്ടഹസിക്കുന്നവർ അവരുടെ കണ്ണിൽ ഈ ലോകമല്ലാതെ കാണുന്നില്ല. അവർ ഇവിടം കൊണ്ട് തൃപ്തിപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതിനപ്പുറത്തേക്ക് അവരുടെ കണ്ണുങ്ങൾ എത്തുകയോ, ഹൃദയങ്ങൾ ഉയരുകയോ ചെയ്തിട്ടില്ല. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച പ്രതാപവാനായ അല്ലാഹുവിന്റെ അടിമയാകുന്നതിൽ അവർ അഹങ്കാരം നടിച്ചപ്പോൾ ദുർബലവും നശിച്ചു പോകുന്നതും വിലയില്ലാത്തതുമായ ഈ ഭൂമിയിലെ സുഖാനുഗ്രഹങ്ങളുടെ അടിമകളാക്കി അല്ലാഹു അവരെ മാറ്റി. അവന്റെ ദേഹേഛകളെക്കാൾ വലിയൊരു ദൈവമോ, ഐഹികസുഖാഢംഭരങ്ങളേക്കാൾ തൃപ്തികരമായ മറ്റൊരു ആരാധ്യനോ അവനില്ല. മണ്ണായി തീരുന്ന ശരീരത്തിന്റെ ആഗ്രഹങ്ങളാണ് അവന്റെ തൃപ്തിപ്പെടുത്തേണ്ട ദൈവം! എത്ര നിന്ദ്യമാണ് നിരീശ്വരവാദി എത്തിപ്പെട്ടിരിക്കുന്ന വേദന നിറഞ്ഞ ശൂന്യത!

أَفَرَأَيْتَ مَنِ اتَّخَذَ إِلَـٰهَهُ هَوَاهُ وَأَضَلَّهُ اللَّـهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِ وَقَلْبِهِ وَجَعَلَ عَلَىٰ بَصَرِهِ غِشَاوَةً فَمَن يَهْدِيهِ مِن بَعْدِ اللَّـهِ ۚ أَفَلَا تَذَكَّرُونَ ﴿٢٣﴾

“തന്റെ ആഗ്രഹങ്ങളെ തന്റെ ആരാധ്യനാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞ് കൊണ്ട് തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും, അവന്റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്റെ കണ്ണിന് മേല്‍ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിന് പുറമെ ആരാണ് അവനെ നേര്‍വഴിയിലാക്കുവാനുള്ളത്‌? എന്നിരിക്കെ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ?” (ജാഥിയ: 23)

أَرَأَيْتَ مَنِ اتَّخَذَ إِلَـٰهَهُ هَوَاهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا ﴿٤٣﴾ أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ ۚ إِنْ هُمْ إِلَّا كَالْأَنْعَامِ ۖ بَلْ هُمْ أَضَلُّ سَبِيلًا ﴿٤٤﴾

“തന്റെ ആഗ്രഹങ്ങളെ തന്റെ ആരാധ്യനാക്കിയവനെ നീ കണ്ടുവോ? എന്നിരിക്കെ നീ അവന്റെ കാര്യത്തിന് ചുമതലപ്പെട്ടവനാകുമോ? അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍.” (ഫുർഖാൻ: 43-44)

അല്ലാഹുവിന്റെ അടിമയാകാൻ വിസമ്മതിച്ചവൻ തീർത്തും നിസ്സാരമായ ഐഹികവസ്തുക്കളുടെ അടിമയായി തീർന്നിരിക്കുന്നു.

عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ -ﷺ- قَالَ: «تَعِسَ عَبْدُ الدِّينَارِ، وَعَبْدُ الدِّرْهَمِ، وَعَبْدُ الخَمِيصَةِ، إِنْ أُعْطِيَ رَضِيَ، وَإِنْ لَمْ يُعْطَ سَخِطَ، تَعِسَ وَانْتَكَسَ»

നബി -ﷺ- പറഞ്ഞു: “ദീനാറിന്റെ അടിമ നശിക്കട്ടെ. ദിർഹമിന്റെ അടിമയും, വസ്ത്രത്തിന്റെ അടിമയും (നശിക്കട്ടെ). അവന് വല്ലതും ലഭിച്ചാൽ അവൻ തൃപ്തിയടയും. ലഭിച്ചില്ലെങ്കിൽ അവൻ കോപാകുലനാകും. അവൻ നശിക്കുകയും, അവന്റെ കാര്യങ്ങൾ കീഴ്മേൽ മറിയുകയും ചെയ്യട്ടെ!” (ബുഖാരി: 2887)

ഒരു നിരീശ്വരവാദിയുടെ കൃത്യമായ വിവരണമാണ് ഈ ഹദീഥ്. ഇഹലോകത്ത് സുഖാനുഗ്രഹങ്ങൾ ലഭിച്ചാൽ സന്തോഷത്തോടെ അവൻ കഴിഞ്ഞു കൂടും. എന്നാൽ എന്തെങ്കിലുമൊരു പ്രയാസം ബാധിച്ചാൽ അവൻ കോപാകുലനാണ്. കാരണം അവൻ സമ്പത്തിന്റെയും സുഖങ്ങളുടെയും അടിമയാണ്. അത് നേടിയെടുക്കാനുള്ള ‘ആരാധനകൾ’ മാത്രമാണ് അവന്റെ പ്രവർത്തനങ്ങളെല്ലാം.

എന്നാൽ അതേ സമയം ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പരലോക ഭവനത്തിലേക്കുള്ള യാത്രയിലെ പരീക്ഷണത്തിന്റെ ഭാഗമാണ്. അതിൽ അവൻ നിരാശയടയുകയോ കോപാകുലനാവുകയോ ചെയ്യുന്നില്ല. സന്തോഷങ്ങളും നേട്ടങ്ങളും പരീക്ഷണത്തിന്റെ ഭാഗം തന്നെ; അതിലവൻ അത്യാഹ്ളാദിക്കുകയോ അഹങ്കരിക്കുകയോ ചെയ്യുന്നില്ല.

كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً ۖ وَإِلَيْنَا تُرْجَعُونَ ﴿٣٥﴾

“ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. തിന്മ കൊണ്ടും നന്മ കൊണ്ടും  നിങ്ങളെ നാം പരിശോധിക്കുന്നതാണ്; പരീക്ഷണമായി കൊണ്ട്. നിങ്ങൾ മടക്കപ്പെടുന്നത് നമ്മുടെ അരികിലേക്ക് മാത്രവുമാണ്.” (അമ്പിയാഅ്: 35)

عَنْ صُهَيْبٍ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «عَجَبًا لِأَمْرِ الْمُؤْمِنِ، إِنَّ أَمْرَهُ كُلَّهُ خَيْرٌ، وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ، إِنْ أَصَابَتْهُ سَرَّاءُ شَكَرَ، فَكَانَ خَيْرًا لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ، صَبَرَ فَكَانَ خَيْرًا لَهُ»

നബി -ﷺ- പറഞ്ഞു: “ഒരു മുസ്‌ലിമിന്റെ കാര്യം അത്ഭുതം തന്നെ. അവന്റെ എല്ലാ കാര്യവും അവന് നന്മയാണ്. അതൊരിക്കലും (അല്ലാഹുവിൽ) വിശ്വസിച്ച ഒരാൾക്കല്ലാതെ ഉണ്ടാവുകയില്ല. അവന് ഒരു സന്തോഷം ബാധിച്ചാൽ അവൻ അല്ലാഹുവിനോട് നന്ദി കാണിക്കും; അതവന് നന്മയായി തീരും. അവനൊരു പ്രയാസം ബാധിച്ചാൽ അവൻ ക്ഷമിക്കും; അതും അവന് നന്മയായി തീരും.” (മുസ്‌ലിം: 2999)

ഈ വിശ്വാസം ഹൃദയത്തിൽ സുദൃഢമായി ഉറച്ചവർക്ക് നിരീശ്വരവാദിയുടെ ഇത്തരം ചോദ്യങ്ങൾ യാതൊരു പ്രയാസവും സൃഷ്ടിക്കില്ല. യഥാർത്ഥ ജീവിതമെന്നാൽ തന്നെ കാത്തിരിക്കുന്ന പരലോകം മാത്രമാണെന്ന് അവന് ഏറ്റവും ഉറച്ച ബോധ്യമുണ്ട്.

ഈ പ്രപഞ്ചത്തിൽ പ്രയാസങ്ങളെത്രെയെല്ലാം ബാധിച്ചാലും അതവനെ പിടിച്ചു കുലുക്കാൻ പോകുന്നേയില്ല. ഒരാൾ പറഞ്ഞുവെന്ന് കരുതുക: ‘നിന്റെ ശരീരത്തിൽ ഞാൻ ചെറിയൊരു മുറിവേൽപ്പിക്കും. അതൊന്നു ക്ഷമയോടെ പിടിച്ചു നിന്നാൽ ആറ് നിലകളുള്ള വലിയൊരു കെട്ടിടവും, ഒരു ആഢംഭര വാഹനവും, പത്ത് കോടി രൂപയും നൽകാം’ – ഒരാൾ വന്നിങ്ങനെ പറഞ്ഞെന്ന് വെക്കുക. ആർക്കെങ്കിലും ഈ സമ്പത്തിന് പകരമായി നേരിടേണ്ടി വരുന്ന പ്രയാസം ഒരു പ്രയാസമേ ആയി അനുഭവപ്പെടുമോ?!

എന്നാൽ ഈ ഭൂമിയിൽ നേരിടുന്ന ഏറ്റവും വലിയ പ്രയാസത്തിന് പകരമായി സ്വർഗത്തിൽ ഒരു ചാൺ ഭൂമി ലഭിക്കുന്നത് പോലും നേരത്തെ പറഞ്ഞ മനുഷ്യന്റെ പ്രതിഫലത്തേക്കാൾ ആയിരം മടങ്ങ് ശ്രേഷ്ഠമാണ്. അല്ല! ഈ ഭൂമിയും അതിലുള്ളതുമെല്ലാം നേടുന്നതിനേക്കാളും ശ്രേഷ്ഠമാണ്.

എന്നാൽ പരലോകത്ത് എത്തിക്കഴിഞ്ഞാൽ ഈ ജീവിതം കണ്ണടച്ചു തുറക്കുന്ന സമയം മാത്രമായി അനുഭവപ്പെടുന്നതാണ്. ഈ ഗേഹത്തിൽ കുറച്ചു കാലം പരീക്ഷണങ്ങൾക്കായി അവസരം നൽകുകയും, അതിൽ വിജയിച്ചവർക്ക് എന്നെന്നും നിലനിൽക്കുന്ന സുഖാനുഗ്രഹങ്ങൾ അല്ലാഹു നൽകുകയും ചെയ്യുന്നതാണ് എന്ന വാഗ്ദാനത്തിൽ ബുദ്ധിക്ക് യോജിക്കാത്തതായി എന്താണുള്ളത്?!

وَمَا هَـٰذِهِ الْحَيَاةُ الدُّنْيَا إِلَّا لَهْوٌ وَلَعِبٌ ۚ وَإِنَّ الدَّارَ الْآخِرَةَ لَهِيَ الْحَيَوَانُ ۚ لَوْ كَانُوا يَعْلَمُونَ ﴿٦٤﴾

“ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍!” (അൻകബൂത്: 64)

അല്ലാഹു നമ്മെ സന്മാർഗത്തിലേക്ക് നയിക്കട്ടെ!

[മദീനയിലെ മസ്ജിദുന്നബവിയിൽ വെച്ച് ശൈഖ് സ്വാലിഹ് അസ്സിന്തി (ഹഫിദഹുല്ലാഹ്) ‘അഖീദതുസ്സലഫി വ അസ്വ്-ഹാബുൽ ഹദീഥ് എന്ന ഗ്രന്ഥം  വിശദീകരിക്കവെ നടത്തിയ സംസാരമാണ് ഈ ലേഖനത്തിന്റെ മുഖ്യാവലംബം. ‘അൽ ജവാബുൽ മുഖ്ത്വസ്വർ അൻ മുശ്കിലതിശ്ശർ’ എന്ന പേരിൽ ഇത് പുസ്തകമായി ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്.]

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment