ഇഅ്തികാഫ് മഹത്തരമായ ഒരു ഇബാദത്താണ്. ഒരാൾ ഇഅ്തികാഫിൽ നിന്ന് വിരമിക്കുമ്പോൾ അല്ലാഹുവുമായുള്ള അയാളുടെ ബന്ധത്തിൽ വലിയ മാറ്റങ്ങളും ഈമാനികമായ വർദ്ധനവും അയാൾക്ക് സംഭവിക്കേണ്ടതുണ്ട്. ഇഅ്തികാഫിനെ കുറിച്ച് ഇമാം ഇബ്നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞ മനോഹരമായ ചില വാക്കുകൾ ഇവിടെ ആശയസംഗ്രഹമായി നൽകട്ടെ.
ഇബ്നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “അല്ലാഹുവിലേക്കുള്ള ഈ യാത്രയിൽ ഹൃദയം ശരിയാകുവാനുള്ള ഏകവഴി അത് അല്ലാഹുവിന്റെ സ്മരണയിൽ അഭയം പ്രാപിക്കുകയും, പരിപൂർണ്ണമായി അല്ലാഹുവിലേക്ക് തിരിയുകയും ചെയ്യുക എന്നതാണ്. എന്നാൽ അല്ലാഹുവിലേക്കുള്ള പ്രയാണത്തിൽ ഹൃദയത്തിന്റെ കടിഞ്ഞാൺ നഷ്ടപ്പെടുത്തുന്ന ധാരാളം കാര്യങ്ങളുണ്ട്. ഭക്ഷണം അധികരിപ്പിക്കുന്നതും, ധാരാളമായുള്ള സംസാരങ്ങളും, ജനങ്ങളുമായുള്ള കൂടിക്കലരലും, അധികം ഉറങ്ങുന്നതുമെല്ലാം ഹൃദയത്തെ പലയിടത്തായി ചിതറിക്കും. അത് അല്ലാഹുവിലേക്കുള്ള സഞ്ചാരത്തെ ദുർബലപ്പെടുത്തുകയോ, അതിന് തടസ്സം സൃഷ്ടിക്കുകയോ, തടഞ്ഞു നിർത്തുകയോ ചെയ്തേക്കാം.
ഭക്ഷണപാനീയങ്ങളിലൂടെ ഹൃദയത്തിന് സംഭവിക്കുന്ന ദുർബലതകൾ നോമ്പിലൂടെ പരിഹരിക്കപ്പെടും. അതോടൊപ്പം മനുഷ്യരുമായുള്ള കൂടിക്കലരുകൾ കൊണ്ട് സംഭവിക്കുന്ന കലർപ്പുകളെ പരിഹരിക്കാൻ അവൻ അവർക്ക് ഇഅ്തികാഫ് എന്ന കർമ്മം കൂടി നിശ്ചയിച്ചു നൽകി. ഇഅ്തികാഫിന്റെ ആത്മാവ് എന്നു പറയുന്നത് അല്ലാഹുവിൽ മാത്രം ഹൃദയം കേന്ദ്രീകരിക്കുകയും, അവനെ മാത്രം ലക്ഷ്യം വെക്കുകയും, അല്ലാഹുവിനോടൊപ്പം ഒറ്റക്കാവലുമാണ്. അങ്ങനെ സൃഷ്ടികളിൽ നിന്നെല്ലാം ഒഴിഞ്ഞ് അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ മാത്രം കഴിഞ്ഞു കൂടുക… അതിലൂടെ സൃഷ്ടികളിൽ അവൻ കണ്ടെത്തുന്ന സാമീപ്യം അല്ലാഹുവിൽ അവന് കണ്ടെത്താൻ കഴിയുന്നു. ഖബറിൽ ആരുമില്ലാത്ത ഏകാന്തതയിൽ അല്ലാഹുവുമായുള്ള അവന്റെ ഈ മാറിയിരുത്തം അവന് കൂട്ടായി മാറും. ഇതാണ് ഇഅ്തികാഫിന്റെ ഏറ്റവും മഹത്തരമായ ലക്ഷ്യം.” (സാദുൽ മആദ്: 2/86-87)