ഇഅ്തികാഫിൽ പ്രവേശിക്കുമ്പോൾ ആവശ്യങ്ങൾക്കും മറ്റും പുറത്തു പോകുകയും, രോഗിയെ സന്ദർശിക്കുകയും ജനാസയിൽ പങ്കെടുക്കുകയും മറ്റു സൽകർമ്മങ്ങൾക്ക് ഉദ്ദേശിക്കുന്നെങ്കിൽ പോകുമെന്നുമുള്ള നിയ്യത്ത് വെക്കാവുന്നതാണ്. ഇപ്രകാരം ഇഅ്തികാഫിൽ പ്രവേശിക്കുന്നതിന് മുൻപ് നിയ്യത്ത് കരുതുന്നത് അനുവദനീയമാണെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ഹനഫി ശാഫിഈ ഹമ്പലീ മദ്ഹബുകളുടെ അഭിപ്രായവും, സലഫുകളിൽ ധാരാളം പേർ ശരിയാണെന്ന് അഭിപ്രായപ്പെട്ടതും ഇപ്രകാരമാണ്.
ഹജ്ജിന് ഇഹ്രാം കെട്ടുന്ന വേളയിൽ ‘എനിക്ക് എന്തെങ്കിലും തടസ്സം സംഭവിച്ചാൽ അവിടെ വെച്ച് ഞാൻ ഇഹ്രാം ഉപേക്ഷിക്കുന്നതാണ്’ എന്ന നിബന്ധന കരുതാൻ നബി -ﷺ- നിർദേശിച്ചതാണ് ഇതിനുള്ള തെളിവുകളിൽ ഒന്ന്. ഹജ്ജ് പോലെ, ഇസ്ലാമിന്റെ സ്തംഭങ്ങളിൽ പെട്ട ഒരു ഇബാദതിന് ഇപ്രകാരം നിബന്ധന വെക്കുന്നത് അനുവദനീയമാണെങ്കിൽ, ഇഅ്തികാഫ് പോലെ സുന്നത്തായ ഒരു കർമ്മത്തിനും അത് അനുവദനീയമായിരിക്കണം. മാത്രവുമല്ല, മുൻപുള്ള ചോദ്യങ്ങളിൽ ആവർത്തിച്ചു പറഞ്ഞതു പോലെ, ഇഅ്തികാഫ് ഇത്ര ദിവസം പൂർണ്ണമായി നിർവ്വഹിച്ചു കൊള്ളണമെന്ന നിർബന്ധമില്ലാത്ത കർമ്മമാണ്. അതിനാൽ ആരെങ്കിലും ഇന്നയിന്ന കാര്യങ്ങൾക്ക് പുറത്തു പോകുമെന്ന നിയ്യത്തോടെ ഇഅ്തികാഫിൽ പ്രവേശിച്ചാൽ അവൻ ഇഅ്തികാഫിൽ നിന്ന് പുറത്തു പോകുന്നത് വരെയുള്ള സമയം അവന് ഇഅ്തികാഫായി പരിഗണിക്കപ്പെടുന്നതാണ്.
എന്നാൽ ഇഅ്തികാഫിൽ അനുവദനീയമല്ലാത്ത കാര്യങ്ങൾ ചെയ്യും എന്ന ഉദ്ദേശത്തോടെ ഇഅ്തികാഫിന് നിയ്യത്ത് വെക്കാൻ പാടില്ല. ഉദാഹരണത്തിന് ഇഅ്തികാഫിന് ഇടയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുക, ഭാര്യയുമായി ബാഹ്യകേളികളിൽ ഏർപ്പെടുക, ഉല്ലസിക്കുകയും സുഖിക്കുകയും ചെയ്യുക, കച്ചവട ഉദ്ദേശത്തിൽ വിൽപ്പന നടത്തുകയോ, മസ്ജിദിൽ എന്തെങ്കിലും ജോലി ചെയ്തു കൊണ്ട് സമ്പാദിക്കുകയോ മറ്റോ ഒന്നും ചെയ്യാനുള്ള ഉദ്ദേശം ഇഅ്തികാഫിന് ഇടയിൽ പാടില്ല. മസ്ജിദിൽ ആശാരിപ്പണിയോ മറ്റോ എടുക്കാൻ വരുന്ന ആൾ ആ പണി കഴിയുംവരെ ഇഅ്തികാഫ് നിയ്യത്ത് വെച്ചാൽ അത് ശരിയാകില്ല എന്ന് ചുരുക്കം.