മസ്ജിദുകളിൽ നിർമ്മിക്കുന്ന ഇമാമിനും മുഅദ്ദിനുമുള്ള റൂമുകൾ, ഓഫീസുകൾ, ലൈബ്രറികൾ, പഠനമുറികൾ പോലുള്ളവ മസ്ജിദ് നിർമ്മിച്ചവരുടെ നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദാകുമോ ഇല്ലയോ എന്ന് പറയാൻ കഴിയുക. ഈ പറഞ്ഞ സ്ഥലങ്ങൾ മസ്ജിദിൽ ഉൾപ്പെട്ടതാണെന്നും, നിസ്കരിക്കാനും മറ്റും വേണ്ടിയുള്ളതാണെന്നുമാണ് നിർമ്മിച്ചവരുടെ നിയ്യത്തെങ്കിൽ അത് മസ്ജിദിൽ ഉൾപ്പെടും. അവിടെയുള്ള ഇഅ്തികാഫ് ശരിയാവുകയും ചെയ്യും. എന്നാൽ അവ മസ്ജിദുകളിൽ പെടില്ലെന്ന ഉദ്ദേശത്തിൽ ഇമാമിനും മുഅദ്ദിനും താമസിക്കുന്നതിനും മറ്റുമെല്ലാം വേണ്ടിയാണ് നിർമ്മിച്ചതെങ്കിൽ അവ മസ്ജിദിൽ ഉൾപ്പെടുകയില്ല. അവിടെയുള്ള ഇഅ്തികാഫ് ശരിയാവുകയുമില്ല.
ഇനി ഈ പറഞ്ഞ സ്ഥലങ്ങൾ ഏത് നിയ്യത്തിലാണ് നിർമ്മിച്ചത് എന്നറിയില്ലെങ്കിൽ മസ്ജിദിന്റെ മതിലുകൾക്കുള്ളിൽ അത് പ്രവേശിക്കുന്നുണ്ടോ ഇല്ലേ എന്നതാണ് പരിശോധിക്കേണ്ടത്. മസ്ജിദിന്റെ മതിലുകൾക്ക് ഉള്ളിലാണെങ്കിൽ അത് മസ്ജിദിൽ ഉൾപ്പെടും. അവിടെ ഇഅ്തികാഫ് ശരിയാവുകയും ചെയ്യും. അല്ലെങ്കിൽ അത് മസ്ജിദിൽ പെടില്ല; അവിടെ ഇഅ്തികാഫ് ശരിയാവുകയുമില്ല. ഇതാണ് ശൈഖ് ഇബ്നുബാസ്, ഇബ്നു ഉഥൈമീൻ തുടങ്ങിയവരുടെ അഭിപ്രായത്തിന്റെ ചുരുക്കം.