ജുമുഅഃ നടക്കുന്ന മസ്ജിദുകളിൽ തന്നെ ഇഅ്തികാഫ് ഇരിക്കുക എന്നതാണ് കൂടുതൽ ശ്രേഷ്ഠകരമായിട്ടുള്ളത്. എന്നാൽ ജുമുഅ നടക്കാത്ത മസ്ജിദുകളിൽ ഇഅ്തികാഫ് ഇരിക്കുന്നത് അനുവദനീയമാണ്. ഇഅ്തികാഫിരിക്കുന്ന വ്യക്തി ജുമുഅക്കായി അടുത്തുള്ള മസ്ജിദിൽ പോവുകയും തിരിച്ചു വരുകയും ചെയ്താൽ മതിയാകും. ജുമുഅഃയാകട്ടെ ആഴ്ച്ചയിൽ ഒരിക്കൽ മാത്രം നടക്കുന്ന കാര്യമാണ്. അതിന് പുറത്തു പോകുന്നത് കൊണ്ട് ഇഅ്തികാഫിന് തടസ്സം സംഭവിക്കുകയില്ല. മാത്രമല്ല, ഒരു മസ്ജിദിൽ നിന്ന് അയാൾ പോകുന്നത് മറ്റൊരു മസ്ജിദിലേക്ക് തന്നെയുമാണ്. ഇതു തന്നെയാണ് സ്വഹാബികളുടെ വാക്കുകളിൽ നിന്നും മനസ്സിലാകുന്നത്.
അലി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “ആരെങ്കിലും ഇഅ്തികാഫ് ഇരുന്നാൽ … അവൻ ജുമുഅക്കും ജനാസക്കും പങ്കെടുക്കട്ടെ.” (മുസ്വന്നഫ് അബ്ദുറസാഖ്: 4/356, ഇബ്നു അബീ ശൈബ: 2/334) അയാൾ ജുമുഅക്ക് പങ്കെടുക്കട്ടെ എന്ന് പറഞ്ഞതിൽ നിന്ന് ജുമുഅയില്ലാത്ത മസ്ജിദിലാണ് അയാൾ ഇഅ്തികാഫ് ഇരിക്കുന്നതെന്ന് മനസ്സിലാക്കാം. കാരണം ജുമുഅ ഉള്ള മസ്ജിദിലാണ് ഇഅ്തികാഫെങ്കിൽ അത് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ?