ഈ വിഷയത്തിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമുണ്ട്. റമദാനിലെ 21 ന്റെ രാത്രി പ്രവേശിക്കുന്നതിനും, 20 ന്റെ പകലിലെ സൂര്യൻ അസ്തമിക്കുന്നതിനും മുൻപ് ഇഅ്തികാഫിൽ പ്രവേശിക്കണം എന്നതാണ് ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. റമദാൻ ഇരുപത്തിഒന്ന് സുബഹി നിസ്കാരത്തിന് ശേഷമാണ് ഇഅ്തികാഫിൽ പ്രവേശിക്കേണ്ടത് എന്ന അഭിപ്രായവും ഉണ്ട്.
عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ: إِنَّ رَسُولَ اللهِ -ﷺ- اعْتَكَفَ الْعَشْرَ الْأَوَّلَ مِنْ رَمَضَانَ، ثُمَّ اعْتَكَفَ الْعَشْرَ الْأَوْسَطَ، فِي قُبَّةٍ تُرْكِيَّةٍ عَلَى سُدَّتِهَا حَصِيرٌ، قَالَ: فَأَخَذَ الْحَصِيرَ بِيَدِهِ فَنَحَّاهَا فِي نَاحِيَةِ الْقُبَّةِ، ثُمَّ أَطْلَعَ رَأْسَهُ فَكَلَّمَ النَّاسَ، فَدَنَوْا مِنْهُ، فَقَالَ: «إِنِّي اعْتَكَفْتُ الْعَشْرَ الْأَوَّلَ، أَلْتَمِسُ هَذِهِ اللَّيْلَةَ، ثُمَّ اعْتَكَفْتُ الْعَشْرَ الْأَوْسَطَ، ثُمَّ أُتِيتُ، فَقِيلَ لِي: إِنَّهَا فِي الْعَشْرِ الْأَوَاخِرِ، فَمَنْ أَحَبَّ مِنْكُمْ أَنْ يَعْتَكِفَ فَلْيَعْتَكِفْ» فَاعْتَكَفَ النَّاسُ مَعَهُ.
അബൂ സഈദ് അൽ-ഖുദ്രി -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- റമദാനിലെ ആദ്യത്തെ പത്തിൽ ഇഅ്തികാഫ് ഇരുന്നു. പിന്നീട് മദ്ധ്യത്തിലെ പത്തിൽ ഇഅ്തികാഫ് ഇരുന്നു. ഈന്തപ്പനയോല കൊണ്ടുള്ള വാതിലുള്ള ഒരു കൂടാരത്തിലായിരുന്നു (അവിടുത്തെ ഇഅ്തികാഫ്). അത് തുറന്നു കൊണ്ട് നബി -ﷺ- അവിടുത്തെ തല പുറത്തേക്കിട്ടു, അവിടുന്ന് ജനങ്ങളോട് സംസാരിച്ചു. അപ്പോൾ ജനങ്ങൾ അവിടുത്തെ അരികിലേക്ക് വന്നു. അവിടുന്ന് പറഞ്ഞു: ഈ രാത്രി (ലയ്ലതുൽ ഖദർ) അന്വേഷിച്ചു കൊണ്ടാണ് ഞാൻ ആദ്യത്തെ പത്തിൽ ഇഅ്തികാഫ് ഇരുന്നത്. ശേഷം മദ്ധ്യത്തിലെ പത്തിലും ഇഅ്തികാഫ് ഇരുന്നു. അപ്പോൾ എന്നോട് പറയപ്പെട്ടു: അത് അവസാനത്തെ പത്തിലാണ്. അതിനാൽ ആരെങ്കിലും ഇഅ്തികാഫ് ഇരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ ഇഅ്തികാഫ് ഇരുന്നു കൊള്ളട്ടെ.” അങ്ങനെ ജനങ്ങൾ നബി -ﷺ- യോടൊപ്പം ഇഅ്തികാഫ് ഇരുന്നു.” (മുസ്ലിം: 1167)
ഈ ഹദീഥിൽ നബി -ﷺ- അവസാനത്തെ പത്തിൽ ലയ്ലതുൽ ഖദ്ർ പ്രതീക്ഷിച്ചു കൊണ്ട് ഇഅ്തികാഫ് ഇരിക്കാനാണ് കൽപ്പിച്ചത്. ലയ്ലതുൽ ഖദർ ഒറ്റയിട്ട രാത്രികളിലാണ് എന്നതിനാൽ അത് ലഭിക്കണമെങ്കിൽ ഇരുപത്തിഒന്നിന്റെ രാത്രിയിലാണ് മസ്ജിദിൽ പ്രവേശിക്കേണ്ടത് എന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം എന്നതാണ് ഒന്നാമത്തെ അഭിപ്രായക്കാരുടെ ന്യായം. ഈ അഭിപ്രായമാണ് ഇരുപത്തിഒന്നിന്റെ പകലിൽ സുബഹിന് ശേഷം ഇഅ്തികാഫിൽ പ്രവേശിക്കുക എന്ന രണ്ടാമത്തെ അഭിപ്രായത്തെക്കാൾ സൂക്ഷ്മമായ അഭിപ്രായമായി മനസ്സിലാകുന്നത്. കാരണം ലയ്ലതുൽ ഖദ്ർ പ്രതീക്ഷിച്ചു കൊണ്ട് മസ്ജിദിൽ കഴിഞ്ഞു കൂടുക എന്നതാണ് റമദാനിലെ അവസാനത്തെ പത്തിലെ ഇഅ്തികാഫിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. റമദാൻ ഇരുപത്തി ഒന്നിന്റെ രാത്രി ലൈലതുൽ ഖദർ പ്രതീക്ഷിക്കേണ്ട രാത്രികളിൽ പെട്ടതാണ് താനും. വല്ലാഹു അഅ്ലം.