കുട്ടികളുടെ തല വടിക്കുമ്പോള്‍ കുറച്ച് ഭാഗം വടിച്ചും കുറച്ചു ഭാഗം ഒഴിവാക്കിയും വിടാന്‍ പാടില്ല. മറിച്ച് വടിക്കുകയാണെങ്കില്‍ തല മുഴുവനായി വടിക്കണം. കാരണം നബി -ﷺ- നിരോധിച്ച ‘ഖസഇ’ല്‍ പെട്ടതാണ് തലമുടി കുറച്ച് വടിക്കുകയും കുറച്ച് വെറുതെ വിടുകയും ചെയ്യുക എന്നത്.

عَنِ ابْنِ عُمَرَ -رَضِيَ اللَّهُ عَنْهُمَا- قَالَ: نَهَى رَسُولُ اللَّهِ -ﷺ- عَنِ القَزَعِ.

ഇബ്‌നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “നബി -ﷺ- ഖസഅ വിരോധിച്ചിട്ടുണ്ട്.” (ബുഖാരി: 5577, മുസ്‌ലിം: 5559)

ഖസഉ വ്യത്യസ്ത രൂപങ്ങളിലുണ്ട് എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. അവ താഴെ പറയുന്നത് പോലെയാണ്:

ഒന്ന്: തലയുടെ മുന്‍ഭാഗം വടിക്കുകയും പിന്‍ഭാഗം വെറുതെ വിടുകയും ചെയ്യല്‍.

രണ്ട്: വശങ്ങള്‍ വടിക്കുകയും, നടുഭാഗം വെറുതെ വിടുകയും ചെയ്യല്‍.

മൂന്ന്: തലയുടെ നടുഭാഗം വടിക്കുകയും, വശങ്ങള്‍ വെറുതെ വിടുകയും ചെയ്യല്‍.

നാല്: തലയില്‍ ചില ഭാഗങ്ങള്‍ മാത്രം വടിക്കല്‍.

ചുരുക്കത്തില്‍, തല വടിക്കുകയാണെങ്കില്‍ മുഴുവന്‍ വടിക്കുകയും, ഒഴിവാക്കുകയാണെങ്കില്‍ മുഴുവന്‍ ഒഴിവാക്കുകയും ചെയ്യുക.

സാന്ദര്‍ഭികമായി ഓര്‍മ്മിപ്പിക്കട്ടെ, നമ്മുടെ നാട്ടില്‍ വിവരംകെട്ട ചിലര്‍ സിനിമ നടന്മാരെയും കളിക്കാരെയും മറ്റും അനുകരിച്ചു കൊണ്ട് തലമുടി കൊണ്ട് ചെയ്തു കൂട്ടുന്ന പല കാര്യങ്ങളും നബി -ﷺ- നിരോധിച്ച ഖസഇന്റെ പരിധിയില്‍ പെടുമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ റസൂലിനെ സ്നേഹിക്കുന്ന ഒരു മുസ്‌ലിം റസൂലുല്ലയെ പിന്‍പറ്റുക എന്നതാണ് നിര്‍ബന്ധമായിട്ടുള്ളത്. അത് ഒഴിവാക്കുകയും റസൂലിന്റെ -ﷺ- വിധിവിലക്കുകളെ ഒരു വിലയും കൊടുക്കാതെ കാറ്റില്‍ പറത്തുകയും ചെയ്യുക എന്നത് ഈ പറഞ്ഞതിനെക്കാള്‍ എല്ലാം ഗുരുതരം തന്നെ.

അല്ലാഹു -تَعَالَى- എല്ലാ വഴികേടുകളില്‍ നിന്നും നമ്മെ കാത്തു രക്ഷിക്കുകയും, നന്മകള്‍ പിന്‍പറ്റുകയും പകര്‍ത്തുകയും ചെയ്യുന്നവരായി നമ്മെ മാറ്റുകയും ചെയ്യട്ടെ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment