ചോദ്യം: ഞാന്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍ മെഡിസിന് പഠിക്കുന്ന വിദ്യാര്‍ഥിയാണ്. എന്റെ സമയം ഭൂരിഭാഗവും കോളേജിലെ വിഷയങ്ങള്‍ പഠിക്കുന്നതിന് വേണ്ടിയാണ് മാറ്റി വെക്കുന്നത്. ദീന്‍ പഠിക്കാനുള്ള സമയമാകട്ടെ, വളരെ കുറവാണ്. കോളേജ് വിഷയങ്ങള്‍ പഠിക്കുന്നതും, അവിടെ പോകുന്നതും ഇബാദതാകുമോ? ഈ പഠനത്തിലൂടെ മുസ്‌ലിംകള്‍ക്ക് ഉപകാരം ചെയ്യാന്‍ എനിക്ക് സാധിക്കുമോ?
ഉത്തരം: തന്റെ ദീന്‍ അനുസരിച്ച് ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ അതിനെ കുറിച്ച് പഠിക്കല്‍ ഓരോ മുസ്‌ലിമിന്റെയും മേലുള്ള നിര്‍ബന്ധ ബാധ്യതയാണ്. അതില്‍ നിന്ന് മറ്റൊരു കാര്യവും അവന്റെ ശ്രദ്ധ തിരിക്കാന്‍ പാടില്ല.
മെഡിസിന്‍ പഠനമെന്നത് (ഈ ഉമ്മതിലെ കുറച്ചാളുകള്‍ പഠിച്ചാല്‍ മറ്റുള്ളവരുടെ മേലുള്ള ബാധ്യത ഒഴിവാകുന്ന തരത്തിലുള്ള) ‘ഫര്‍ദ് കിഫായ’ ആണ്. എന്നാല്‍ ഇസ്‌ലാമിനെ കുറിച്ച് അനിവാര്യമായ കാര്യങ്ങള്‍ പഠിക്കുകയെന്നതാകട്ടെ, ഓരോ മുസ്‌ലിമിന്റെയും വ്യക്തിപരമായ ബാധ്യതയായ ‘ഫര്‍ദ് അയ്ന്‍’ ആണ്. ‘ഫര്‍ദ് അയ്ന്‍’ ആണ് ‘ഫര്‍ദ് കിഫായ’യെക്കാള്‍ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടത്. ചുരുക്കത്തില്‍, നിന്റെ ദീനിനെ കുറിച്ച് പഠിക്കുകക എന്നത് നിന്റെ മേല്‍ നിര്‍ബന്ധമാണ്.
എന്നാല്‍, മെഡിസിന്‍ പഠിക്കുന്നതില്‍ നിന്ന് നിന്നെ അത് തടയേണ്ടതൊന്നുമില്ല. മെഡിസിന്‍ പഠനം അല്ലാഹുവിനെ ഉദ്ദേശിച്ചു കൊണ്ട് ‘ഇഖ്ലാസോടെ’ നിര്‍വഹിക്കുകയാണെങ്കില്‍ അത് നിനക്കൊരു ഇബാദത്താണ്. നിന്റെയും മുസ്‌ലിമീങ്ങളുടെയും ഉപകാരത്തിന് വേണ്ടി നീ അത് പഠിച്ചാല്‍ അതില്‍ നിനക്ക് പുണ്യമുണ്ട്. അല്ലാഹുവിന്റെ അനുമതിയോടെ, മുസ്‌ലിമീങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും, അവരെ രോഗങ്ങളില്‍ നിന്നും മറ്റും സംരക്ഷിക്കുന്നതിനും നിനക്ക് ഇത്തരം അറിവുകള്‍ ആവശ്യമാണ്. നല്ല നിയ്യത് (ഉദ്ദേശം) ഉണ്ടെങ്കില്‍ നിന്റെ ഈ പഠനവും നിനക്ക് ഒരു ഇബാദത്താക്കാം.
(ഫതാവാ ലജ്നതുദ്ദാഇമ: 12/89)