ചോദ്യം: ദീനീ വിജ്ഞാനം പുസ്തകങ്ങള്‍ വായിച്ചു കൊണ്ട് മാത്രം നേടുക എന്നത് ശരിയാണോ? പണ്ഡിതന്മാരില്‍ നിന്ന് പഠിക്കുക എന്നത് പ്രയാസമുള്ള അവസരങ്ങളില്‍ പ്രത്യേകിച്ചും. ‘ആരുടെയെങ്കിലും അദ്ധ്യാപകന്‍ ഗ്രന്ഥങ്ങളായാല്‍ അവന്റെ അബദ്ധങ്ങളായിരിക്കും ശരികളെക്കാള്‍ കൂടുതല്‍’ എന്ന വാക്കിനെ കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്?


ഉത്തരം: പണ്ഡിതന്മാരുടെ അടുക്കല്‍ നിന്നും ദീന്‍ പഠിക്കാന്‍ കഴിയും, ഗ്രന്ഥങ്ങളില്‍ നിന്നും പഠിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. കാരണം ഒരു പണ്ഡിതന്റെ ഗ്രന്ഥം യഥാര്‍ഥത്തില്‍ ആ പണ്ഡിതന്‍ തന്നെയാണ്. അദ്ദേഹം തന്റെ ഗ്രന്ഥത്തിലൂടെ നിന്നോട് സംസാരിക്കുകയാണ് ചെയ്യുന്നത്. പണ്ഡിതന്മാരുടെ അടുക്കല്‍ പഠിക്കുക എന്നത് സാധ്യമാകാത്ത അവസ്ഥയുണ്ടെങ്കില്‍ അയാള്‍ക്ക് പുസ്തകങ്ങളില്‍ നിന്ന് പഠിക്കാം.

എന്നാല്‍, പണ്ഡിതന്മാരുടെ അടുത്തു നിന്നുള്ള പഠനമാണ് പുസ്തകങ്ങളുടെ വഴിയെക്കാള്‍ കൂടുതല്‍ ശരിയോട് അടുത്തത്. കാരണം, പുസ്തകങ്ങളെ അവലംബിക്കുന്നവന്‍ കൂടുതല്‍ പ്രയാസപ്പെടുകയും, ധാരാളം പരിശ്രമിക്കുകയും ചെയ്യേണ്ടി വരും. അതെല്ലാം ഉണ്ടായാലും, പല കാര്യങ്ങളും -മതപരമായ അടിസ്ഥാന നിയമങ്ങള്‍ പോലുള്ളവ- അയാള്‍ക്ക് അവ്യക്തമായേക്കാം. ഇത്തരം കാര്യങ്ങള്‍ പഠിക്കാന്‍ അവന് പണ്ഡിതന്മാരുടെ സഹായം അനിവാര്യമാണ്.

ചോദ്യത്തില്‍ പരാമര്‍ശിച്ച വാക്ക്: ‘ആരുടെയെങ്കിലും അദ്ധ്യാപകന്‍ ഗ്രന്ഥങ്ങളായാല്‍ അവന്റെ ശരികളെക്കാള്‍ കൂടുതല്‍ തെറ്റുകളാണുണ്ടായിരിക്കുക’ എന്ന വാക്ക്. അത് നിരുപാധികം ശരിയല്ല. എന്നാല്‍, പൂര്‍ണമായി തെറ്റുമല്ല.

കാണുന്ന പുസ്തകങ്ങളില്‍ നിന്നെല്ലാം വായിക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍ക്ക് ധാരാളം അബദ്ധങ്ങള്‍ സംഭവിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍, വിശ്വസ്തരും, സത്യസന്ധത കൊണ്ട് അറിയപ്പെട്ടവരുമായ ആളുകളുടെ ഗ്രന്ഥങ്ങള്‍ മാത്രമാണ് ഒരാള്‍ അവലംബിക്കുന്നതെങ്കില്‍, അവന്റെ അബദ്ധങ്ങള്‍ ധാരാളമുണ്ടാവുകയില്ല. ചിലപ്പോള്‍, അവന്‍ പറയുന്നതില്‍ അധികവും ശരിയാകാനും സാധ്യതയുണ്ട്.

(മജ്മൂഉ ഫതാവാ ഇബ്നി ഉഥൈമീന്‍: 26/198)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment