﷽
പ്രപഞ്ചങ്ങളെ മുഴുവൻ സൃഷ്ടിച്ച, സർവ്വജ്ഞാനിയും സർവ്വലോക പരിപാലകനുമായ അല്ലാഹുവുണ്ട് എന്നതിനുള്ള ഏറ്റവും പ്രകടമായ തെളിവ് നീയീ കാണുന്ന സൃഷ്ടിപ്പ് തന്നെയാണ്. ലോകത്തു നിലനില്‍ക്കുന്ന ചെറുതോ വലുതോ ആയ ഏതൊരു വസ്തുവും പരിശോധിക്കുക. അതിലെല്ലാം സൂക്ഷ്മജ്ഞാനിയും സര്‍വ്വശക്തനും കാരുണ്യവാനുമായ ഒരുവനെ കുറിച്ച് -അല്ലാഹുവിനെ- അറിയിക്കുന്ന തെളിവുകള്‍ ധാരാളമായി നിനക്ക് കാണാന്‍ കഴിയും.
ഏറ്റവും ചെറുതെന്ന് മനുഷ്യന് കരുതുന്ന ആറ്റങ്ങള്‍ മുതല്‍, ഭൂമിയേക്കാള്‍ പതിന്മടങ്ങ് വലുപ്പമുള്ള സൂര്യനും നക്ഷത്രങ്ങളും ഗ്രഹങ്ങളുമെടുത്തു നോക്കുക! എന്തൊരു കൃത്യതയാണ് അവയുടെയെല്ലാം ഘടനകളില്‍?! എത്ര കൃത്യതയോടെയാണ് അവയുടെയെല്ലാം ചലനം? എത്ര മനോഹരമാണ് അവയുടെയെല്ലാം രൂപങ്ങള്‍?! എന്തത്ഭുതങ്ങളാണ് അവയെല്ലാം ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?
‘സംസാരിക്കുന്ന മൃഗം’ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള മനുഷ്യന് മുതല്‍, സംസാരശേഷിയില്ലാത്ത കാട്ടിലും നാട്ടിലുമുള്ള മൃഗങ്ങളെ വരെ നോക്കുക?! എല്ലാം ഒന്നൊന്നില്‍ നിന്ന് വ്യത്യസ്തം?
മനുഷ്യന്! അവന്റെ രൂപം! സ്വഭാവം! വികാരങ്ങള്‍! പ്രകൃതങ്ങള്‍! പ്രവൃത്തികള്‍! ജീവിതവും മരണവും! സന്തോഷവും സങ്കടവും! ഇഷ്ടവും വെറുപ്പും ചിരിയും കരച്ചിലും സ്നേഹവും ദേഷ്യവുമെല്ലാം എന്തു മാത്രം വ്യത്യസ്തം! ഇവയിലോരോന്നിലും എന്തു മാത്രം അത്ഭുതങ്ങള്‍; തെളിവുകള്‍.
(( وَفِي الْأَرْضِ آيَاتٌ لِلْمُوقِنِينَ (20) وَفِي أَنْفُسِكُمْ أَفَلَا تُبْصِرُونَ ))
“ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ (അനേകം) ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങളിലും (ദൃഷ്ടാന്തങ്ങളുണ്ട്); നിങ്ങള്‍ കാണുന്നില്ലേ?” (അദ്ദാരിയാത്ത്: 20-21)
മൃഗങ്ങള്‍! പക്ഷികള്‍! ഉരഗങ്ങള്‍! നടക്കുന്ന പൂച്ചയും കുതിക്കുന്ന പുലിയും നീന്തുന്ന മത്സ്യവും ഇഴയുന്ന പാമ്പും പറക്കുന്ന പക്ഷികളും… എണ്ണിയാലൊടുങ്ങാത്ത രീതികള്‍; വൈവിദ്ധ്യങ്ങള്‍; അത്ഭുതപ്പെടുത്തുന്ന സാമ്യതകള്‍!
(( أَوَلَمْ يَرَوْا أَنَّا خَلَقْنَا لَهُمْ مِمَّا عَمِلَتْ أَيْدِينَا أَنْعَامًا فَهُمْ لَهَا مَالِكُونَ (71) وَذَلَّلْنَاهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ (72) وَلَهُمْ فِيهَا مَنَافِعُ وَمَشَارِبُ أَفَلَا يَشْكُرُونَ ))
“നമ്മുടെ കൈകള്‍ നിര്‍മിച്ചതില്‍പ്പെട്ട കാലികളെ അവര്‍ക്ക് വേണ്ടിയാണ് നാം സൃഷ്ടിച്ചിരിക്കുന്നത് എന്ന് അവര്‍ കണ്ടില്ലേ? അങ്ങനെ അവര്‍ അവയുടെ ഉടമസ്ഥരായിരിക്കുന്നു. അവയെ അവര്‍ക്ക് വേണ്ടി നാം കീഴ്പെടുത്തികൊടുക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ അവയില്‍ നിന്നാകുന്നു അവര്‍ക്കുള്ള വാഹനം. അവയില്‍ നിന്ന് അവര്‍ (മാംസം) ഭക്ഷിക്കുകയും ചെയ്യുന്നു.” (യാസീന്‍: 71-73)
(( وَالْأَنْعَامَ خَلَقَهَا لَكُمْ فِيهَا دِفْءٌ وَمَنَافِعُ وَمِنْهَا تَأْكُلُونَ (5) وَلَكُمْ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسْرَحُونَ (6) وَتَحْمِلُ أَثْقَالَكُمْ إِلَى بَلَدٍ لَمْ تَكُونُوا بَالِغِيهِ إِلَّا بِشِقِّ الْأَنْفُسِ إِنَّ رَبَّكُمْ لَرَءُوفٌ رَحِيمٌ (7) وَالْخَيْلَ وَالْبِغَالَ وَالْحَمِيرَ لِتَرْكَبُوهَا وَزِينَةً وَيَخْلُقُ مَا لَا تَعْلَمُونَ ))
“കാലികളെയും അവന് സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്‍ക്ക് അവയില്‍ തണുപ്പകറ്റാനുള്ളതും (കമ്പിളി) മറ്റു പ്രയോജനങ്ങളുമുണ്ട്. അവയില്‍ നിന്നു തന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. നിങ്ങള്‍ (വൈകുന്നേരം ആലയിലേക്ക്) തിരിച്ച് കൊണ്ട് വരുന്ന സമയത്തും, നിങ്ങള്‍ മേയാന്‍ വിടുന്ന സമയത്തും അവയില്‍ നിങ്ങള്‍ക്ക് കൗതുകമുണ്ട്. ശാരീരിക ക്ലേശത്തോട് കൂടിയല്ലാതെ നിങ്ങള്‍ക്ക് ചെന്നെത്താനാകാത്ത നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങള്‍ വഹിച്ച് കൊണ്ട് പോകുകയും ചെയ്യുന്നു. തീര്‍ച്ചയായും നിങ്ങളുടെ റബ്ബ് റഊഫും റഹീമുമാകുന്നു. കുതിരകളെയും കോവര്‍കഴുതകളെയും, കഴുതകളെയും; നിങ്ങള്‍ക്ക് വാഹനമായി ഉപയോഗിക്കുവാനും, അലങ്കാരത്തിന് വേണ്ടിയും. നിങ്ങള്‍ക്ക് അറിവില്ലാത്തതും അവന് സൃഷ്ടിക്കുന്നു.” (നഹ്ല്: 5-8)
പൂമ്പാറ്റയുടെ ചിറകും പുലിയുടെ രോമങ്ങളും സിംഹത്തിന്റെ ജടയും സീബ്രയുടെ വരകളും പ്രാവിന്റെ ചിറകും പാമ്പിന്റെ ഉറയും… വ്യത്യസ്തമാര്‍ന്ന നിറങ്ങള്‍; വരകള്‍; സ്പര്ശനങ്ങള്!
(( وَمِنَ النَّاسِ وَالدَّوَابِّ وَالْأَنْعَامِ مُخْتَلِفٌ أَلْوَانُهُ ))
“മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്.” (ഫാത്വിര്: 28)
സിംഹത്തിന്റെ ഗര്‍ജ്ജനവും പുലിയുടെ മുരളലും ആനയുടെ ചിന്നംവിളിയും കാക്കയുടെ കരച്ചിലും കുയിലിന്റെ ‘പാട്ടും’ കോഴിയുടെ കൂവലും നായയുടെ കുരയും… ശബ്ദങ്ങള്‍ -ചിലത് ഭയപ്പെടുത്തുന്നു; ചിലത് സമാധാനമാണ്; മറ്റു ചിലത് വെറുപ്പും ദേഷ്യവുമുണ്ടാക്കും-…
ആകാശത്തേക്ക് നോക്കൂ! മേഘങ്ങള്‍; അതിനുമപ്പുറം നിലാവ് പൊഴിക്കുന്ന ചന്ദ്രന്; അതിനമുപ്പറം സൂര്യന്; ഗ്രഹങ്ങള്‍; എണ്ണമില്ലാത്ത നക്ഷത്രങ്ങള്‍; മഴവില്ലുകള്‍; കാര്‍മേഘങ്ങള്‍; അകലെയും അടുത്തുമായി പറക്കുന്ന പക്ഷികള്‍…!
(( أَفَلَمْ يَنْظُرُوا إِلَى السَّمَاءِ فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّنَّاهَا وَمَا لَهَا مِنْ فُرُوجٍ ))
“അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്? അതിന് വിടവുകളൊന്നുമില്ല.” (ഖാഫ്: 6)
(( أَوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ مَا يُمْسِكُهُنَّ إِلَّا الرَّحْمَنُ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ ))
“അവര്‍ക്കു മുകളില്‍ ചിറക് വിടര്‍ത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിറുത്തുന്നില്ല.” (മുല്‍ക്: 19)
ഭൂമിയോ?! പച്ചപ്പുള്ള താഴ്വാരങ്ങള്‍; മൊട്ടക്കുന്നുകള്‍; പര്‍വ്വതങ്ങള്‍; മരുഭൂമികള്‍; സമുദ്രം; നദി; അരുവികളും തടാകങ്ങളും; കുളങ്ങളും കുഴികളും; വെള്ളച്ചാട്ടങ്ങളും നീര്‍ച്ചോലകളും; മഞ്ഞും വെയിലും മഴയും…
(( وَهُوَ الَّذِي مَدَّ الْأَرْضَ وَجَعَلَ فِيهَا رَوَاسِيَ وَأَنْهَارًا وَمِنْ كُلِّ الثَّمَرَاتِ جَعَلَ فِيهَا زَوْجَيْنِ اثْنَيْنِ يُغْشِي اللَّيْلَ النَّهَارَ إِنَّ فِي ذَلِكَ لَآيَاتٍ لِقَوْمٍ يَتَفَكَّرُونَ ))
“അവനാണ് ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്. എല്ലാ ഫലവര്‍ഗങ്ങളില്‍ നിന്നും അവനതില്‍ ഈ രണ്ട് ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അവന് രാത്രിയെക്കൊണ്ട് പകലിനെ മൂടുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.” (റഅ്ദ്: 3)
(( وَالْأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِيَ وَأَنْبَتْنَا فِيهَا مِنْ كُلِّ زَوْجٍ بَهِيجٍ ))
“ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. (സത്യത്തിലേക്ക്) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി.” (ഖാഫ്: 7)
നിറങ്ങള്‍! ചുവന്ന സൂര്യനും പച്ചമരങ്ങളും നീലയാകാശവും മഞ്ഞപ്പൂക്കളും വെള്ളനിലാവും കറുത്തരാത്രിയും; നിറമില്ലാത്ത വെള്ളവും വായുവും, നിറങ്ങളെല്ലാം ചേര്‍ന്നു നിന്ന മഴവില്ലുകളും… വര്‍ണ്ണങ്ങളുടെ ആഘോഷം!
(( وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافُ أَلْسِنَتِكُمْ وَأَلْوَانِكُمْ إِنَّ فِي ذَلِكَ لَآيَاتٍ لِلْعَالِمِينَ ))
“ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.” (റൂം: 22)
ആഹാരങ്ങള്‍! ഈത്തപ്പഴവും മാമ്പഴവും തേങ്ങയും ചക്കയും വെണ്ടക്കയും തക്കാളിയും ചീരയും അരിയും ചോറും ഇറച്ചിയും മീനും… വ്യത്യസ്ത രുചികള്‍; നിറങ്ങള്‍; ചേരുവകള്‍.
(( وَهُوَ الَّذِي أَنْشَأَ جَنَّاتٍ مَعْرُوشَاتٍ وَغَيْرَ مَعْرُوشَاتٍ وَالنَّخْلَ وَالزَّرْعَ مُخْتَلِفًا أُكُلُهُ وَالزَّيْتُونَ وَالرُّمَّانَ مُتَشَابِهًا وَغَيْرَ مُتَشَابِهٍ كُلُوا مِنْ ثَمَرِهِ إِذَا أَثْمَرَ وَآتُوا حَقَّهُ يَوْمَ حَصَادِهِ وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ ))
“പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു.” (അന്‍ആം: 141)
ഈ വ്യത്യസ്തകള്‍ എവിടെ നിന്ന്?
പൂമ്പാറ്റകള്‍ക്ക് നിറം നല്‍കിയതാര്? പക്ഷികളെ വീഴാതെ പിടിച്ചു നിര്‍ത്തുന്നതാര്? ആകാശത്തെ പടച്ചവനാര്?
ചോദ്യങ്ങള്‍ അനേകം!
ഇവക്കെല്ലാം ഉത്തരമായി ഇനിയും നീ പറയുന്നുവോ -ഇതെല്ലാം വെറുതെ ഉണ്ടായതാണെന്ന്-? ഈ വ്യത്യസ്തകളെല്ലാം നിരര്‍ഥകമെന്ന്? യാദൃശ്ചികമെന്ന്? പാഠങ്ങളില്ലാത്ത കേവല പ്രതിഭാസങ്ങള്‍ മാത്രമെന്ന്? പ്രകൃതിയുടെ വികൃതികളെന്ന്? നീയാണ് ബുദ്ധിമാനെന്ന്? യുക്തിയുള്ള യുക്തിവാദിയെന്ന്?
ഇവയെല്ലാം നിര്‍മ്മിച്ച -കാരുണ്യവനായ; സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനുമായ ഒരുവനുണ്ടെന്ന്- അല്ലാഹുവുണ്ടെന്ന് പറയുന്ന ഞങ്ങളാണ് അന്ധവിശ്വാസികളെന്നോ? ബുദ്ധിയില്ലാത്തവരും കണ്ണുകാണാത്തവരും ഞങ്ങളാണെന്നോ? ശരി!
ഈ കാണുന്ന അനേകായിരം സൃഷ്ടികളിലെ വ്യത്യസ്തതകളിലും വൈവിദ്ധ്യങ്ങളിലുമെല്ലാമുള്ള അത്ഭുതമെല്ലാമെത്ര ചെറുത്! അത്ഭുതം നിന്റെ വാക്കുകളിലാണ്! നിന്റെ ഈ ധാര്‍ഷ്ട്യത്തിലും അഹങ്കാരത്തിലും; ബുദ്ധിമാനെന്ന് നടിക്കാന്‍ നീ കാണിക്കുന്ന വെപ്രാളത്തിലുമാണ് അവഛ്ഞ നിറഞ്ഞ അത്ഭുതം കൂടുതലുള്ളത്.
അല്ലാഹു -تعالى- പറഞ്ഞതു പോലെ:
(( وَإِنْ تَعْجَبْ فَعَجَبٌ قَوْلُهُمْ ))
“നീ അത്ഭുതപ്പെടുന്നുവെങ്കില്‍ അവരുടെ ഈ വാക്കത്രെ അത്ഭുതകരമായിട്ടുള്ളത്!”
നാശം! നിങ്ങൾക്കും നിങ്ങളുടെ ആ ജീർണ്ണിച്ച കുബുദ്ധിക്കും!
✍️ അബ്ദുല്‍ മുഹ്സിന് ഐദീദ്, പൊന്നാനി.
Join t.me/ALASWALA
WhatsApp bit.ly/alaswala7