ഭരണാധികാരിയുടെ സ്ഥാനം അറിയിക്കുന്ന ചില തെളിവുകള്‍

ധാരാളം തെളിവുകള്‍ ഈ വിഷയത്തില്‍ വന്നിട്ടുണ്ടെങ്കിലും ചില തെളിവുകള്‍ മാത്രം ഈ ലേഖനത്തില്‍ നല്‍കാം. ഭരണാധികാരിയെ ആദരിക്കല്‍ അല്ലാഹുവിനുള്ള ഇബാദതാണ് എന്ന ചിന്തയില്‍ പ്രവര്‍ത്തിക്കാന്‍ അത് കാരണമാകും.

തന്റെ മാതാപിതാക്കളോടുള്ള ബാധ്യത ശ്രദ്ധിക്കുന്നത് പോലെ തന്നെ ഭരണാധികാരിയോടുള്ള ബാധ്യതയില്‍ ശ്രദ്ധ വെച്ചു പുലര്‍ത്താന്‍ ഈ തെളിവുകള്‍ അവനെ സഹായിക്കും. മാത്രമല്ല, അല്ലാഹുവിങ്കല്‍ നാളെ മഹത്തരമായ പ്രതിഫലം നേടിക്കൊടുക്കാന്‍ ഈ സ്വഭാവം അവനെ സഹായിക്കും.

  1. ഈ വിഷയത്തില്‍ വന്ന തെളിവുകളില്‍ ഏറ്റവും പ്രധാനപ്പെട്ട തെളിവാണ് സൂറ. നിസാഇലെ 59 ആം ആയത്.

يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ

“മുഅമിനീങ്ങളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) റസൂലിനെയും നിങ്ങളില്‍ നിന്നുള്ള ‘ഉലുല്‍ അംറിനെ’യും അനുസരിക്കുക. (നിസാഅ: 59)

നോക്കൂ! അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണമെന്ന് പറഞ്ഞതിനോടൊപ്പമാണ് ‘ഉലുല്‍ അംറി’നെ അനുസരിക്കണമെന്ന് അല്ലാഹു -تَعَالَى- നമ്മെ അറിയിച്ചത്. ‘ഉലുല്‍ അംര്‍’ എന്ന സംജ്ഞയില്‍ ഇസ്‌ലാമിക ഭരണാധികാരികളും പണ്ഡിതന്മാരുമാണ് ഉള്‍പ്പെടുക എന്നതാണ് പ്രബല അഭിപ്രായം. ഭരണാധികാരികള്‍ക്ക് ഇസ്‌ലാമിലുള്ള സ്ഥാനത്തെ കുറിച്ച് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

എന്നാല്‍ മറ്റൊരു കാര്യം കൂടി ഇവിടെ ഓര്‍മ്മപ്പെടുത്തട്ടെ. ഭരണാധികാരിക്കുള്ള അനുസരണം എന്നത് നിരുപാധികം പറയപ്പെടേണ്ട കാര്യമല്ല. മറിച്ച് അല്ലാഹുവും റസൂലും കല്‍പ്പിച്ചതിന് വിരുദ്ധമാണ് ഭരണാധികാരിയുടെ കല്‍പ്പനയെങ്കില്‍ അത് അനുസരിക്കേണ്ടതില്ല. കാരണം സ്രഷ്ടാവായ അല്ലാഹുവിനെ ധിക്കരിക്കുന്നതില്‍ ഒരു സൃഷ്ടിക്കും അനുസരണമില്ല.

  1. ഈ വിഷയത്തില്‍ വന്ന മറ്റൊരു തെളിവ് നാം മുന്‍പ് നല്‍കിയിട്ടുണ്ട്.

عَنْ أَبِي بَكَرَةَ، قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «مَنْ أَكْرَمَ سُلْطَانَ اللَّهِ فِي الدُّنْيَا، أَكْرَمَهُ اللَّهُ يَوْمَ الْقِيَامَةِ، وَمَنْ أَهَانَ سُلْطَانَ اللَّهِ فِي الدُّنْيَا، أَهَانَهُ اللَّهُ يَوْمَ الْقِيَامَةِ»

­അബൂ ബക്റ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ആരെങ്കിലും അല്ലാഹുവിന്റെ സുല്‍ത്വാനെ (ഇസ്‌ലാമിക ഭരണാധികാരി) ദുനിയാവില്‍ വെച്ച് ആദരിച്ചാല്‍ അല്ലാഹു അവനെ ഖിയാമത് നാളില്‍ ആദരിക്കും. ആരെങ്കിലും അല്ലാഹുവിന്റെ സുല്‍ത്വാനെ ദുനിയാവില്‍ വെച്ച് നിന്ദിച്ചാല്‍ അല്ലാഹു അവനെ ഖിയാമത് നാളില്‍ നിന്ദിക്കും.” (അഹ്മദ്: 20433)

സുബ്ഹാനല്ലാഹ്!

ഭരണാധികാരിയെ നിന്ദിക്കുന്ന എന്തെങ്കിലും പ്രവര്‍ത്തനമോ വാക്കോ ഒരാള്‍ ചെയ്യുന്നെങ്കില്‍ അവനെ അല്ലാഹു നിന്ദിക്കുമെന്നാണ് ഈ ഹദീസ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. കാരണം അല്ലാഹുവിന്റെ വിധിവിലക്കുകളുടെ അതിര്‍വരമ്പുകളാണ് അവന്‍ ലംഘിച്ചിരിക്കുന്നത്. വളരെ മോശം തിന്മയാണ് അവന്‍ ചെയ്തിരിക്കുന്നത്. അതിന് യോജിച്ച ശിക്ഷ തന്നെ അല്ലാഹു അവന് നല്‍കുകയും ചെയ്യും; സംശയമില്ല! എന്നാല്‍ ഭരണാധികാരിയെ നിന്ദിക്കുന്നതിന് പകരം അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവന് അല്ലാഹുവിന്റെ ആദരമുണ്ട്. എത്ര അനുഗ്രഹീതമായ പ്രവര്‍ത്തനമാണ് അവന്‍ ചെയ്തിരിക്കുന്നത്! എത്ര മഹത്തരമായ പ്രതിഫലമാണ് അവന് ലഭിക്കുന്നത്!

  1. ഭരണാധികാരിയെ ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ഇസ്‌ലാം വളരെ ഗുരുതരമായ തെറ്റായാണ് കാണുന്നത്. ഈ വിഷയത്തില്‍ സ്വഹാബികളില്‍ നിന്ന് ധാരാളം അഥറുകള്‍ വന്നിട്ടുണ്ട്.

അനസ് -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നബി -ﷺ- യുടെ സ്വഹാബികളിലെ പ്രായമുള്ളവര്‍ ഞങ്ങളെ വിലക്കി കൊണ്ട് പറയാറുണ്ടായിരുന്നു: ‘നിങ്ങളുടെ ഭരണാധികാരികളെ നിങ്ങള്‍ ചീത്ത വിളിക്കരുത്. അവരെ വഞ്ചിക്കരുത്. അവരെ വെറുക്കരുത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ക്ഷമിക്കുകയും ചെയ്യുക. കാരണം (അല്ലാഹുവിന്റെ സഹായത്തിന്റെ) കാര്യം വളരെ അടുത്തു തന്നെയാണ്.” (അസ്സുന്ന: 2/488)

നബി -ﷺ- യുടെ സ്വഹാബികള്‍ എപ്രകാരമായിരുന്നു തങ്ങളുടെ അടുത്ത തലമുറയെ വളര്‍ത്തിയിരുന്നത് എന്ന മഹത്തരമായ പാഠം ഈ അഥറില്‍ ഉണ്ട്. ഭരണാധികാരികളെ ചീത്ത വിളിക്കരുതെന്നും, അവരെ വഞ്ചിക്കരുതെന്നും, അവരെ വെറുക്കരുതെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് സ്വഹാബികള്‍ പഠിപ്പിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ ഇന്ന് ജമാഅതെ ഇസ്‌ലാമിയുടെയും അവരുടെ മാര്‍ഗം പിന്തുടരുന്ന മറ്റു ചില കക്ഷികളുടെയും പ്രധാന പ്രബോധനങ്ങളില്‍ ഒന്ന് ഭരണാധികാരികളെ ചീത്ത പറയാനും ആക്ഷേപിക്കാനും അവരെ കുറിച്ചുള്ള വെറുപ്പ് മനസ്സില്‍ കുത്തി വെക്കാന്‍ സാധ്യമായ വഴിയിലൂടെയെല്ലാം ശ്രമിക്കലുമാണ്.

എന്തു മാത്രം ദീനില്‍ നിന്ന് അകന്നു കൊണ്ടാണ് ഇത്തരം സംഘങ്ങള്‍ നിലകൊള്ളുന്നതെന്ന് മേലെ നല്‍കിയ സ്വഹാബികളുടെ വാക്കുകള്‍ മനസ്സിലാക്കി തരുന്നുണ്ട്. നബി -ﷺ- സ്വഹാബികളെ വിട്ടേച്ചു പോയ മാര്‍ഗത്തിലല്ല ഇത്തരക്കാര്‍ നിലകൊള്ളുന്നത് എന്നതിനൊരു ഉദാഹരണവുമാണ് ഈ വിഷയം. സ്വഹാബികള്‍ ഏതൊരു മാര്‍ഗത്തിലായിരുന്നോ; അത് പിന്തുടരുക എന്നതാണ് വിജയത്തിന്റെ മാര്‍ഗം എന്ന് ഖുര്‍ആനും ഹദീസും ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തിയിട്ടുമുണ്ട്. ഇത് കൊണ്ട് തന്നെയാണ് മുന്‍ഗാമികളും പില്‍ക്കാലക്കാരുമായ ഉലമാക്കള്‍ ഈ മാര്‍ഗം തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തിയത്.

ഇമാം മുനാവി -رَحِمَهُ اللَّهُ- പറഞ്ഞു: “അല്ലാഹു അവന്റെ സൃഷ്ടികള്‍ക്ക് സഹായമായി കൊണ്ടാണ് ഭരണാധികാരികളെ നിശ്ചയിച്ചത്. അതിനാല്‍ അദ്ദേഹത്തിന്റെ സ്ഥാനം ചീത്ത പറയുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്നതില്‍ നിന്ന് സംരക്ഷിക്കേണ്ടതുണ്ട്… സലഫുകള്‍ ഭരണാധികാരിക്ക് എതിരെ പ്രാര്‍ഥിക്കുന്നതില്‍ നിന്ന് ശക്തമായി താക്കീത് ചെയ്തിട്ടുണ്ട്. കാരണം കൂടുതല്‍ തിന്മ വര്‍ദ്ധിക്കാനും മുസ്‌ലിമീങ്ങളുടെ പ്രയാസങ്ങള്‍ വര്‍ദ്ധിക്കാനും അത് കാരണമാകും.” (ഫയ്ദ്വുല്‍ ഖദീര്‍: 6/499)

‘ദീന്‍ എന്നാല്‍ നസ്വീഹത് (ഗുണകാംക്ഷ) ആണെന്ന്’ (الدِّينُ النَّصِيحَةُ) അറിയിക്കുന്ന നബി -ﷺ- യുടെ ഹദീസ് വിശദീകരിക്കവെ അബൂ ഉഥ്മാന്‍ സഈദ് ബ്നു ഇസ്മാഈല്‍ പറഞ്ഞു: “നീ ഭരണാധികാരിയോട് ഗുണകാംക്ഷ ഉള്ളവനായിരിക്കുക. അയാളുടെ വാക്കുകളിലും പ്രവൃത്തികളിലും വിധികളിലും നന്മയും സന്മാര്‍ഗവും ഉണ്ടാകുന്നതിന് വേണ്ടി നീ ധാരാളമായി പ്രാര്‍ഥിക്കുക. കാരണം അവര്‍ നന്നായാല്‍ ജനങ്ങള്‍ നന്നാകും.

അവര്‍ക്കെതിരെ ശാപപ്രാര്‍ത്ഥന നടത്തുന്നത് നീ സൂക്ഷിക്കുക. കാരണം അവരില്‍ തിന്മ വര്‍ദ്ധിച്ചാല്‍ മുസ്‌ലിമീങ്ങള്‍ക്ക് കൂടുതല്‍ കുഴപ്പങ്ങള്‍ വര്‍ദ്ധിക്കാനാണ് അത് കാരണമാവുക. അതിനാല്‍ അവര്‍ക്ക് വേണ്ടി നീ പാപമോചനത്തിനും അവര്‍ തിന്മ ഉപേക്ഷിക്കുന്നതിനും വേണ്ടി പ്രാര്‍ഥിക്കുക. അത് മുസ്‌ലിമീങ്ങളുടെ മേല്‍ നിന്നുള്ള തിന്മ എടുത്ത് നീക്കുന്നതാണ്.” (ശുഅബുല്‍ ഈമാന്‍: 13/99)

മേലെ നല്‍കിയ ഈ വാക്ക് നമ്മളെല്ലാം വളരെ ചിന്ത കൊടുക്കേണ്ട വാക്കുകളാണ്. ഭരണാധികാരികളുടെ തെറ്റുകളെ കുറിച്ച് ആവേശപൂര്‍വ്വം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന, അവരെ ശപിച്ചും അവര്‍ക്കെതിരെ പ്രാര്‍ഥിച്ചും വികാരം കൊള്ളുന്ന എത്ര പേര്‍ ഒറ്റക്കിരിക്കുമ്പോള്‍ ഈ ഭരണാധികാരി നന്നാകാനും, അദ്ദേഹം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചരിക്കാനും വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടായിരിക്കും?! യഥാര്‍ത്ഥത്തില്‍ മുസ്‌ലിം ഉമ്മതിനോട് നസ്വീഹത് (ഗുണകാംക്ഷ) ഉള്ളവനായിരുന്നെങ്കില്‍ അവന്‍ ചെയ്യേണ്ടിയിരുന്നത് അതായിരുന്നില്ലേ? ഭരണാധികാരികളെ കുറിച്ച് ആവര്‍ത്തിച്ച് കുറ്റം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഒരു സ്വയ വിചാരണ നടത്താന്‍ ഈ ചോദ്യങ്ങള്‍ ഉപകരിക്കുമായിരിക്കും.

  1. മനുഷ്യരുടെ ദീനും ദുനിയാവും ശരിയാകണമെങ്കില്‍ അവര്‍ക്ക് ഒരു ഭരണാധികാരി കൂടിയേ തീരൂ എന്നതില്‍ മുസ്‌ലിം ഉമ്മത് പൂര്‍ണ്ണമായി യോജിച്ചിരിക്കുന്നു. അല്ലാഹു -تَعَالَى- യുടെ ഔദാര്യം കഴിഞ്ഞാല്‍ ഒരു ഭരണാധികാരി ഇല്ലെങ്കില്‍ ജനങ്ങളുടെ ദുനിയാവും ദീനും നശിച്ചു പോവുകയും പാഴായി പോവുകയും ചെയ്യുമായിരുന്നു എന്നതില്‍ സംശയമില്ല.

ശാഫിഈ പണ്ഡിതനായ അബു അബ്ദില്ലാഹ് അല്‍-ഖല്‍ഇ -رَحِمَهُ اللَّهُ- പറഞ്ഞത് നോക്കൂ: “ദീനിന്റെയും ദുനിയാവിന്റെയും കെട്ടുറപ്പ് നിലനില്‍ക്കുക എന്നത് വളരെ അനിവാര്യമാണ്. അവ ഒരു ഇമാമില്ലാതെ ഉണ്ടാവുകയില്ല. ഭരണാധികാരി ഉണ്ടാവുക എന്നത് നിര്‍ബന്ധമല്ലെന്നാണ് നാം പറയുന്നതെങ്കില്‍ ക്രമേണ അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാനും ഖിയാമത് നാള്‍ വരെ കൊലപാതകങ്ങള്‍ നിലനില്‍ക്കാനുമാണ് അത് കാരണമാവുക.

അനുസരിക്കപ്പെടുന്ന ഒരു ഇമാം ജനങ്ങള്‍ക്ക് ഇല്ലെങ്കില്‍ ഇസ്‌ലാമിന്റെ മഹത്വം നശിച്ചു പോവുകയും ഇല്ലാതെയാകുകയും ചെയ്യും. ശക്തനായ ഒരു ഭരണാധികാരി അവര്‍ക്ക് ഇല്ലെങ്കില്‍ മിഹ്റാബുകളും മിമ്പറുകളും തകര്‍ന്നു പോവുകയും, യാത്ര ചെയ്യുന്നവര്‍ക്ക് വഴി സുരക്ഷിതമല്ലാതാകുകയും ചെയ്യും. ഏതെങ്കിലുമൊരു കാലഘട്ടം ഭരണാധികാരിയില്ലാതെ കഴിഞ്ഞു പോയാല്‍ വിധിവിലക്കുകളെല്ലാം ഇല്ലാതെയാവുകയും, യതീം മക്കള്‍ അനാഥരാവുകയും ചെയ്യും. അല്ലാഹുവിന്റെ ഭവനമായ കഅബയിലേക്ക് ഹജ്ജ് ചെയ്തു വരാന്‍ ആരുമുണ്ടാവുകയില്ല-.

ഭരണാധികാരികളും ഖാദ്വിമാരും സുല്‍ത്വാന്മാരും വലിയ്യുമാരും ഇല്ലെങ്കില്‍ കന്യകകളുടെ വിവാഹം നടക്കുകയോ, യതീമുകളുടെ സംരക്ഷണം ഏറ്റെടുക്കപ്പെടുകയോ ഇല്ലായിരുന്നു. ഭരണാധികാരി ഇല്ലായിരുന്നെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ തനിച്ച അരാജകത്വം നടമാടുകയും ചെയ്യുമായിരുന്നു.” (തഹ്ദീബുര്‍ രിയാസഃ: 94-95)

എത്ര ശരിയാണ് ഈ പറഞ്ഞത്?! മുല്ലപ്പൂ വിപ്ലവമെന്ന പേരില്‍ ഇസ്‌ലാമിക രാജ്യങ്ങളിലെ ഭരണാധികാരികളെ വലിച്ചു താഴെയിടാന്‍ വിപ്ലവങ്ങള്‍ സംഘടിപ്പിച്ച നാടുകളെ നോക്കുക. എന്താണ് ഇപ്പോള്‍ അവിടങ്ങളിലെ അവസ്ഥ?! മേലെ നല്‍കിയ ഉദ്ധരണിയില്‍ പറഞ്ഞതിനെക്കാള്‍ ഗുരുതരമായ അവസ്ഥകള്‍ നിനക്കവിടെ കാണാം. എന്നാല്‍ ഏറെ സങ്കടമുണ്ടാക്കുന്നത് ഭരണാധികാരികള്‍ക്കെതിരെ വിപ്ലവാഹ്വാനങ്ങള്‍ നടത്തിയതിന്റെ ഫലമായി പല രാജ്യങ്ങളിലുമുള്ള മുസ്‌ലിംകള്‍ അങ്ങേയറ്റത്തെ പ്രയാസത്തിലും ബുദ്ധിമുട്ടിലും ജീവിക്കുന്നത് കണ്ടതിന് ശേഷവും ഇപ്പോള്‍ സമാധാനവും ശാന്തിയും നിറഞ്ഞു നില്‍ക്കുന്ന നാടുകളില്‍ വിപ്ലവാഹ്വാനങ്ങള്‍ നടത്തുകയും അതിനായി മുന്നിട്ടിറങ്ങുകയും ചെയ്യുന്നവരെ കാണുമ്പോഴാണ്.

സുബ്ഹാനല്ലാഹ്!

എത്ര ഗുരുതരമാണ് കാര്യം?! ഇനിയും മുസ്‌ലിംകളെ വേദനയിലേക്കും പ്രയാസങ്ങളിലേക്കും തള്ളിവിടാനാണോ ഇവര്‍ ഉദ്ദേശിക്കുന്നത്? മുസ്‌ലിം ഉമ്മത് ഇപ്പോള്‍ അനുഭവിക്കുന്ന വേദനകളും പ്രയാസങ്ങളും അവനെ ഇത്തരം അപക്വമായ വാക്കുകളില്‍ നിന്ന് പിന്തിരിക്കുന്നില്ലേ? ഇസ്‌ലാമിന് എന്തു വലിയ ഉപദ്രവം ചെയ്യാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്?

ഇത്തരം പ്രശ്നങ്ങള്‍ മുന്നില്‍ കണ്ടതു കൊണ്ടായിരിക്കാം പണ്ഡിതന്മാര്‍ ഭരണാധികാരികളുടെ സ്ഥാനം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിക സമൂഹത്തില്‍ വളരെ ഉയര്‍ന്ന സ്ഥാനമാണ് അല്ലാഹു ഭരണാധികാരികള്‍ക്ക് നല്‍കിയതെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് ബോധ്യപ്പെടും.

ഇമാം ഇസ്സു ബ്നു അബ്ദിസ്സലാം -رَحِمَهُ اللَّهُ- പറഞ്ഞു: “ഭരണാധികാരികളില്‍ നീതി പാലിക്കുന്നവര്‍ക്ക് മറ്റെല്ലാ മനുഷ്യരെക്കാളും പ്രതിഫലം ഉണ്ടെന്നതില്‍ മുസ്‌ലിംകളെല്ലാം യോജിച്ചിരിക്കുന്നു. കാരണം അവര്‍ എല്ലാ പരിപൂര്‍ണ്ണമായ നന്മകളും നേടിയെടുക്കുന്നതിനും, എല്ലാ വ്യാപ്തിയുള്ള തിന്മകളെ തടയുന്നതിനും (മറ്റുള്ളവരെക്കാള്‍) മുന്നില്‍ നില്‍ക്കുന്നു. ഭരണാധികാരി ഒരു പൊതുവായ നന്മ ചെയ്യുന്നതിന് കല്‍പ്പിക്കുകയോ, പൊതുവായ തിന്മയില്‍ നിന്ന് തടുത്തു നിര്‍ത്തുകയോ ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ആ നന്മയുടെ തോതനുസരിച്ച് പ്രതിഫലമുണ്ട്. ഒരു വാക്ക് മാത്രമാണ് അദ്ദേഹം പറഞ്ഞതെങ്കില്‍ കൂടി അതിന്റെ പേരില്‍ ഉണ്ടായ വ്യത്യസ്ത നന്മകളുടെയെല്ലാം പ്രതിഫലം അദ്ദേഹത്തിന് ലഭിക്കും.” (ഖവാഇദുല്‍ അഹ്കാം ഫീ മസ്വാലിഹില്‍ അനാം: 1/104)

അദ്ദേഹം തന്നെ പറഞ്ഞു: “മുഫ്തിമാരെക്കാളും മതവിധികള്‍ പറയുന്ന ഖാദ്വിമാരെക്കാളും ശ്രേഷ്ഠകരമായ പ്രതിഫലമാണ് ഖലീഫക്ക് ഉണ്ടായിരിക്കുക. കാരണം അദ്ദേഹത്തെ കൊണ്ട് ഉണ്ടാകുന്ന നന്മയും, അദ്ദേഹം കാരണത്താല്‍ തടുത്തു നിര്‍ത്തപ്പെടുന്ന തിന്മയും കൂടുതല്‍ പൂര്‍ണ്ണവും വളരെ വിശാലവുമാണ്.” (ഖവാഇദുല്‍ അഹ്കാം ഫീ മസ്വാലിഹില്‍ അനാം: 1/104)

പരലോകത്ത് ഭരണാധികാരിക്ക് നല്‍കപ്പെടുന്ന പ്രതിഫലം വളരെ വലുതാണ്‌. നബി -ﷺ- യുടെ ചില ഹദീസുകള്‍ തന്നെ ഈ വിഷയത്തില്‍ വന്നിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ -ﷺ- قَالَ: «سَبْعَةٌ يُظِلُّهُمُ اللَّهُ فِي ظِلِّهِ، يَوْمَ لاَ ظِلَّ إِلَّا ظِلُّهُ: الإِمَامُ العَادِلُ …»

അബൂ ഹുറൈറ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ഏഴു പേര്‍; അല്ലാഹുവിന്റെ തണലല്ലാത്ത മറ്റൊരു തണലും ഇല്ലാത്ത (ഖിയാമത്) നാളില്‍ അവര്‍ക്ക് അല്ലാഹു തന്റെ തണല്‍ നല്‍കും. നീതിമാനായ ഭരണാധികാരി…” (ബുഖാരി: 660, മുസ്‌ലിം: 1031)

ഹാഫിദ്വ് ഇബ്‌നു ഹജര്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “ഈ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട നീതിമാനമായ ഭരണാധികാരി എന്നത് കൊണ്ടുള്ള ഉദ്ദേശം ഇസ്‌ലാമിക ഖിലാഫത്ത് കയ്യാളുന്ന ഖലീഫയാണ്. എന്നാല്‍ മുസ്‌ലിംകളുടെ എന്തൊരു കാര്യം ഏറ്റെടുക്കുകയും അതില്‍ നീതിപൂര്‍വ്വം വര്‍ത്തിക്കുകയും ചെയ്ത ആരും ഈ ഹദീസില്‍ ഉള്‍പ്പെടാം.” (ഫത്ഹുല്‍ ബാരി: 2/144-145)

ഈ ഹദീസില്‍ നബി -ﷺ- നീതിമാനായ ഭരണാധികാരിയെയാണ് ആദ്യം പറഞ്ഞത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട -തണല്‍ ലഭിക്കുന്ന ഏഴു പേരില്‍- ഏറ്റവും മഹത്വമുള്ളത് ഭരണാധികാരിക്കാണ്. മറ്റുള്ളവരെല്ലാം അദ്ദേഹത്തിന്റെ കീഴിലാണ് ഉണ്ടായിരിക്കുക. ഭരണാധികാരിയുടെ തുലാസില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള എല്ലാ ഭരണീയരുടെയും നന്മകള്‍ രേഖപ്പെടുത്തപ്പെടുമെന്ന് ചില പണ്ഡിതന്മാര്‍ വിശദീകരിച്ചതായി കാണാം. (ഖൂതുല്‍ ഖുലൂബ്/അബൂ ത്വാലിബ്‌ അല്‍-മക്കിയ്യ്: 2/254)

നബി -ﷺ- യുടെ പ്രസിദ്ധമായ ഒരു ഹദീസ് ഇതിന് തെളിവായി പറയപ്പെട്ടിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:

«مَنْ دَعَا إِلَى هُدًى، كَانَ لَهُ مِنَ الْأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ، لَا يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا، وَمَنْ دَعَا إِلَى ضَلَالَةٍ، كَانَ عَلَيْهِ مِنَ الْإِثْمِ مِثْلُ آثَامِ مَنْ تَبِعَهُ، لَا يَنْقُصُ ذَلِكَ مِنْ آثَامِهِمْ شَيْئًا»

“ആരെങ്കിലും ഒരു സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍ അവനെ പിന്‍പറ്റിയവരുടേത് പോലുള്ള പ്രതിഫലം ഇവന് ഉണ്ടായിരിക്കും. അത് (പിന്‍പറ്റിയവരുടെ) പ്രതിഫലത്തില്‍ നിന്ന് ഒന്നും കുറക്കുകയില്ല. ആരെങ്കിലും ഒരു വഴികേടിലേക്ക് ക്ഷണിച്ചാല്‍ അവനെ പിന്‍പറ്റിയവരുടേത് പോലുള്ള പ്രതിഫലം ഇവന് ഉണ്ടായിരിക്കും. അത് (പിന്‍പറ്റിയവരുടെ) പ്രതിഫലത്തില്‍ നിന്ന് ഒന്നും കുറക്കുകയില്ല.” (മുസ്‌ലിം: 2674)

ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം കൂടി ഓര്‍മ്മപ്പെടുത്തട്ടെ. ഭരണാധികാരി ഒരു നന്മയിലേക്ക് ക്ഷണിച്ചാല്‍ അത് പിന്‍പറ്റിയവരുടെയെല്ലാം പ്രതിഫലം ഉണ്ടെന്ന് പറഞ്ഞതു പോലെ തിന്മയിലേക്ക് -പ്രത്യേകിച്ച് പിഴച്ച വിശ്വാസങ്ങളിലേക്കും വൃത്തികേടുകളിലേക്കും- ക്ഷണിച്ചാല്‍ അത് പിന്‍പറ്റിയവരുടെ പാപഭാരവും അയാളുടെ മേല്‍ ഉണ്ടായിരിക്കും.

  1. ഭരണം ഏറ്റെടുക്കലാണ് നന്മകളില്‍ ഏറ്റവും ശ്രേഷ്ഠമായ നന്മ എന്നതില്‍ മുസ്‌ലിംകള്‍ ഇജ്മാഇല്‍ എത്തിയിട്ടുണ്ട്. ഇസ്സ് ബ്നു അബ്ദിസ്സലാം -رَحِمَهُ اللَّهُ- തന്റെ ഗ്രന്ഥത്തില്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ദീനിലെ നിര്‍ബന്ധ കാര്യങ്ങളില്‍ ഏറ്റവും മഹത്തരമാണ് ഈ പ്രവൃത്തിയെന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- യും പറഞ്ഞിട്ടുണ്ട്. (മജ്മൂഉല്‍ ഫതാവ: 28/390)

ഭരണാധികാരികള്‍ക്ക് ഇസ്‌ലാമിലുള്ള സ്ഥാനം അറിയിക്കുന്ന ചില തെളിവുകള്‍ മാത്രമാണ് നാം നല്‍കിയത്. ഈ വിഷയത്തില്‍ വന്ന മറ്റു തെളിവുകളും സലഫുകളുടെ ആസാറുകളും പണ്ഡിതോദ്ധരണികളും നാം ഇവിടെ ക്രോഡീകരിക്കാന്‍ ശ്രമിച്ചാല്‍ ഈ ലേഖനം വളരെ ദീര്‍ഘിച്ചു പോകും. മേലെ നല്‍കിയ തെളിവുകളില്‍ തന്നെ ഈമാനും ഇഖ്ലാസുമുള്ളവര്‍ക്ക് എമ്പാടും ഓര്‍മ്മപ്പെടുത്തലുണ്ട്.

അല്ലാഹുവും റസൂലും ഇത്ര മാത്രം സ്ഥാനം കല്‍പ്പിച്ച മുസ്‌ലിം ഭരണാധികാരികളെ എങ്ങനെയാണ് അവന്‍ തന്റെ നാവു കൊണ്ടും പ്രവൃത്തികളാലും ഉപദ്രവിക്കുക?! ഇസ്‌ലാം ദീനിനും മുസ്‌ലിംകള്‍ക്കും അതുണ്ടാക്കുന്ന ഉപദ്രവം ചെറുതല്ല എന്ന കാര്യം ആര്‍ക്കാണ് മനസ്സിലാകാതെ പോവുക?!

അതിനാല്‍ സഹോദരാ! നീ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക. നിന്റെ നാവ് അല്ലാഹുവും റസൂലും ആദരിച്ചതിനെ അപമാനിക്കാതിരിക്കട്ടെ! നിന്റെ പ്രവൃത്തികള്‍ അവര്‍ പരിഗണനയും സ്ഥാനവും നല്‍കിയവരെ നിന്ദിക്കുന്നതിന് കാരണമാകാതിരിക്കട്ടെ!

ഇന്ന് സോഷ്യല്‍ മീഡിയകളില്‍ ഇസ്‌ലാമിക ഭരണാധികാരികളെ ആക്ഷേപിക്കുന്നതിനും അവരെ തള്ളിപ്പറഞ്ഞും പരിഹസിച്ചും ജനങ്ങള്‍ക്കിടയില്‍ ഇകഴ്ത്തുന്നതിനും വേണ്ടി എത്ര വലിയ പരിശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്?! എന്തു മാത്രം സമയവും അധ്വാനവുമാണ് ഈയൊരൊറ്റ കാര്യത്തിന് വേണ്ടി ചിലവഴിക്കപ്പെടുന്നത്?!

കൂടുതല്‍ ഖേദകരമായിട്ടുള്ളത് അത്തരം കാര്യങ്ങളില്‍ പങ്കു ചേരാത്തവരെ പലപ്പോഴും ഭരണാധികാരികളുടെ പങ്കു പറ്റുന്ന സ്വാര്‍ത്ഥരും, സത്യം തുറന്നു പറയാന്‍ ധൈര്യമില്ലാത്ത ഭീരുക്കളുമായി ചിത്രീകരിക്കുന്നതാണ്. അവരെ ഇഖ്ലാസില്ലാത്തവരും ദീനിനോട് സ്നേഹമില്ലാത്തവരുമായി ഉറപ്പിച്ചു പറയുന്ന ചിലരെ കാണുമ്പോഴാണ്.

സുബ്ഹാനല്ലാഹ്!

ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായ കാര്യങ്ങള്‍ ഇസ്‌ലാമും ഈമാനുമായി ധരിക്കപ്പെടുന്ന ഒരു കാലം വരുമെന്ന് സ്വഹാബികള്‍ പറഞ്ഞതെത്ര സത്യമാണ്!! ഇസ്‌ലാമും ഈമാനും മുറുകെ പിടിക്കുന്നതാണ് യഥാര്‍ത്ഥ ബുദ്ധിയും ധൈര്യവും നന്മയുമെന്ന് നാം മനസ്സിലാക്കാന്‍ പോകുന്നത് എന്നാണ്?!

ഫ്രഞ്ച് റെവലൂഷനുകളില്‍ നിന്നും, മാര്‍ക്സിസ്റ്റ്‌ ചരിത്രങ്ങളില്‍ നിന്നും, ‘മനുഷ്യാവകാശ പോരാട്ടങ്ങള്‍’ എന്നു പേരു വിളിക്കപ്പെട്ട സമര മുറകളുടെയും രക്തച്ചൊരിച്ചിലുകളുടെയും കഥ പറയുന്ന ഏടുകളില്‍ നിന്നും, തനിച്ച നിരീശ്വരവാദികളുടെ ഡയറിക്കുറിപ്പുകളില്‍ നിന്നുമെല്ലാം ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ച പലരും ഇവയുടെയെല്ലാം ‘ഇസ്‌ലാമിക് വേര്‍ഷനുകള്‍’ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്നങ്ങളുടെ കാരണങ്ങളിലൊന്നെന്ന് ഈ വേളയില്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. അല്ലാതെ ഇസ്‌ലാമിക പ്രമാണങ്ങളിലോ സലഫുകളുടെ പൊതുചര്യയിലോ ഇതിന് യാതൊരു തെളിവും കണ്ടെത്താന്‍ കഴിയില്ല.

നമ്മുടെ ദീനിന്റെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തും സലഫുകളുടെ മാര്‍ഗവുമാണെന്നത് നാം ഒരിക്കലും മറക്കരുത്. അവ പറയുന്നതെല്ലാം ശരിയാണ്; നിനക്കത് ശരിയായി തോന്നിയില്ലെങ്കിലും ഭീരുത്വമായി അനുഭവപ്പെട്ടാലും. അവക്ക് വിരുദ്ധമായതെല്ലാം തെറ്റും തിന്മയുമാണ്; നിനക്കവയെല്ലാം മഹാവീരത്വമായും ശൂരത്വമായും തോന്നിയാലും.

യുവത്വത്തില്‍ നിന്റെ ചോര തിളപ്പിക്കുന്നതെല്ലാം ഇസ്‌ലാമായും വാര്‍ദ്ധക്യത്തില്‍ നിനക്ക് പ്രയാസമുണ്ടാക്കുന്നതെല്ലാം മത കാര്യങ്ങളിലെ കടുംപിടുത്തമായും ചിത്രീകരിക്കുന്നവനെക്കാള്‍ ദേഹേഛയുടെ തടവറയില്‍ അകപ്പെട്ട മറ്റാരുണ്ട്?!

അതിനാല്‍ സഹോദരാ! അവസാനിക്കുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ!

നിന്റെ പേന ചലിപ്പിക്കുന്നതിന് മുന്‍പ്; നാവ് ചലിക്കുന്നതിന് മുന്‍പ്; കീബോര്‍ഡിലൂടെ കൈകള്‍ സഞ്ചരിക്കുന്നതിന് മുന്‍പ്; ഹൃദയത്തിലെ വെറുപ്പിന്റെയും സ്നേഹത്തിന്റെയും മാപിനികള്‍ വ്യത്യാസപ്പെടുത്തുന്നതിന് മുന്‍പ് ചിന്തിക്കുക!

നാളെ പരലോകത്ത് ഉത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യങ്ങള്‍ നിന്റെ ജീവിതം കൊണ്ട് നീ നിറക്കാതിരിക്കുക!

അല്ലാഹു നിന്നെ സഹായിക്കട്ടെ! മുസ്‌ലിമീങ്ങളെ അപകടങ്ങളില്‍ നിന്നും അവരുടെ ശത്രുക്കളുടെ തന്ത്രങ്ങളില്‍ നിന്നും കാത്തു രക്ഷിക്കുകയും ചെയ്യട്ടെ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment