ഹദീഥ്
عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-:
أَنَّ رَسُولَ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَالَ:
«حُجِبَتِ النَّارُ بِالشَّهَوَاتِ، وَحُجِبَتِ الجَنَّةُ بِالمَكَارِهِ»
ഓഡിയോ
അര്‍ഥം
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- പറഞ്ഞു:
“നരകം ദേഹേഛകള്‍ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു; സ്വര്‍ഗം വെറുക്കപ്പെട്ടവ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു.”
പദാനുപദ അര്‍ഥം
حُجِبَتْ : ആയാല്‍.
النَّارُ : നരകം.
بِالشَّهَوَاتِ : ദേഹേഛകള്‍ കൊണ്ട്
الجَنَّةُ : സ്വര്‍ഗം.
بِالمَكَارِهِ : വെറുക്കപ്പെട്ടവ.
തഖ് രീജ്
ബുഖാരി: 6487 (നരകം വെറുക്കപ്പെട്ട കൊണ്ട് പൊതിഞ്ഞിരിക്കുന്നു എന്ന അദ്ധ്യായം)
മുസ്ലിം: 2822-2823 (സ്വര്‍ഗത്തെയും അതിലെ അനുഗ്രഹങ്ങളെയും സ്വര്‍ഗവാസികളെയും കുറിച്ച് അറിയിക്കുന്ന അദ്ധ്യായത്തിന്റെ തുടക്കത്തില്‍)
പാഠങ്ങള്‍
1- സമാനമായ മറ്റൊരു ഹദീഥ്:
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ -ﷺ- قَالَ: «لَمَّا خَلَقَ اللَّهُ الجَنَّةَ وَالنَّارَ أَرْسَلَ جِبْرِيلَ إِلَى الجَنَّةِ فَقَالَ: انْظُرْ إِلَيْهَا وَإِلَى مَا أَعْدَدْتُ لأَهْلِهَا فِيهَا، قَالَ: فَجَاءَهَا وَنَظَرَ إِلَيْهَا وَإِلَى مَا أَعَدَّ اللَّهُ لأَهْلِهَا فِيهَا، قَالَ: فَرَجَعَ إِلَيْهِ، قَالَ: فَوَعِزَّتِكَ لاَ يَسْمَعُ بِهَا أَحَدٌ إِلاَّ دَخَلَهَا، فَأَمَرَ بِهَا فَحُفَّتْ بِالمَكَارِهِ، فَقَالَ: ارْجِعْ إِلَيْهَا فَانْظُرْ إِلَى مَا أَعْدَدْتُ لأَهْلِهَا فِيهَا، قَالَ: فَرَجَعَ إِلَيْهَا فَإِذَا هِيَ قَدْ حُفَّتْ بِالمَكَارِهِ، فَرَجَعَ إِلَيْهِ فَقَالَ: وَعِزَّتِكَ لَقَدْ خِفْتُ أَنْ لاَ يَدْخُلَهَا أَحَدٌ، قَالَ: اذْهَبْ إِلَى النَّارِ فَانْظُرْ إِلَيْهَا وَإِلَى مَا أَعْدَدْتُ لأَهْلِهَا فِيهَا، فَإِذَا هِيَ يَرْكَبُ بَعْضُهَا بَعْضًا، فَرَجَعَ إِلَيْهِ فَقَالَ: وَعِزَّتِكَ لاَ يَسْمَعُ بِهَا أَحَدٌ فَيَدْخُلَهَا، فَأَمَرَ بِهَا فَحُفَّتْ بِالشَّهَوَاتِ، فَقَالَ: ارْجِعْ إِلَيْهَا، فَرَجَعَ إِلَيْهَا فَقَالَ: وَعِزَّتِكَ لَقَدْ خَشِيتُ أَنْ لاَ يَنْجُوَ مِنْهَا أَحَدٌ إِلاَّ دَخَلَهَا»
സ്വര്‍ഗവും നരകവും സൃഷ്ടിച്ചതിന് ശേഷം അല്ലാഹു ജിബ്രീലിനെ സ്വര്‍ഗത്തിലേക്ക് പറഞ്ഞയച്ചു. അവന് പറഞ്ഞു: “നീ സ്വര്‍ഗം വീക്ഷിക്കുക. അതില്‍ പ്രവേശിക്കുന്നവര്‍ക്ക് ഞാന്‍ ഒരുക്കി വെച്ചിരിക്കുന്ന (അനുഗ്രഹങ്ങളും വീക്ഷിക്കുക).” അദ്ദേഹം സ്വര്‍ഗത്തില്‍ പോവുകയും, അതില്‍ ഒരുക്കി വെക്കപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ വീക്ഷിക്കുകയും ചെയ്തതിന് ശേഷം അല്ലാഹുവിങ്കലേക്ക് തിരികെ വന്നു.
അദ്ദേഹം പറഞ്ഞു: “നിന്റെ പ്രതാപം തന്നെ സത്യം! സ്വര്‍ഗത്തില്‍ ഉള്ളവയെ കുറിച്ച് കേട്ടുകഴിഞ്ഞാല്‍ ഒരാളും തന്നെ അതില്‍ പ്രവേശിക്കാതെയുണ്ടാകില്ല.”
അപ്പോള്‍ അല്ലാഹു സ്വര്‍ഗത്തെ (സൃഷ്ടികളുടെ മനസ്സിന്) വെറുക്കപ്പെട്ട കാര്യങ്ങള്‍ കൊണ്ട് മൂടാന്‍ കല്പ്പിച്ചു. ശേഷം അവന് ജിബ്രീലിനോട് പറഞ്ഞു: “നീ ഒരിക്കല്‍ കൂടി സ്വര്‍ഗവും അതില്‍ പ്രവേശിക്കുന്നവര്‍ക്ക് ഞാന്‍ ഒരുക്കി വെച്ചിരിക്കുന്ന കാര്യങ്ങളും നോക്കുക.”
ജിബ്രീല്‍ തിരിച്ചു ചെന്നപ്പോള്‍ -സ്വര്ഗമതാ- (മനസ്സിന്) വെറുക്കപ്പെട്ട കാര്യങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. അദ്ദേഹം അല്ലാഹുവിലേക്ക് തിരിച്ചു വന്നു. ശേഷം പറഞ്ഞു: “നിന്റെ പ്രതാപം തന്നെ സത്യം! അതില്‍ ഒരാളും തന്നെ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ ഭയന്നു പോയി.”
അല്ലാഹു പറഞ്ഞു: “നീ നരകത്തിലേക്ക് പോവുക. നരകവും അതില്‍ പ്രവേശിക്കുന്നവര്‍ക്ക് ഞാന്‍ ഒരുക്കി വെച്ചിരിക്കുന്നതും നീ വീക്ഷിക്കുക.” അദ്ദേഹം ചെന്നപ്പോള്‍ -നരകമതാ- ഒന്നിന് മേല്‍ ഒന്നായി വന്നടിയുന്നു.
ജിബ്രീല്‍ തിരിച്ചു വന്നു. അദ്ദേഹം പറഞ്ഞു: “നിന്റെ പ്രതാപം തന്നെ സത്യം! നരകത്തെ കുറിച്ച് കേള്‍ക്കുന്ന ഒരാളും തന്നെ അതില്‍ പ്രവേശിക്കുകയില്ല.”
അപ്പോള്‍ അല്ലാഹു നരകത്തെ ദേഹേഛകള്‍ കൊണ്ട് മൂടാന്‍ കല്പ്പിച്ചു. എന്നിട്ട് അവന് ജിബ്രീലിനോട് പറഞ്ഞു: “തിരിച്ചു പോവുക.”
ജിബ്രീല്‍ തിരിച്ചു പോയി. അദ്ദേഹം പറഞ്ഞു: “നിന്റെ പ്രതാപം തന്നെ സത്യം! ഇതില്‍ പ്രവേശിക്കാതെ ഒരാളും രക്ഷപ്പെടില്ല എന്ന് ഞാന്‍ ഭയന്നു പോയി.” (തിര്‍മിദി: 2560)
2- ഹദീസിന്റെ ആശയം:
അല്ലാഹു സ്വര്‍ഗത്തെ പ്രയാസമുള്ള കാര്യങ്ങള്‍ കൊണ്ട് മൂടിയിരിക്കുന്നു. അതായത്, സ്വര്‍ഗത്തിലേക്ക് എത്തിപ്പെടാനുള്ള മാര്‍ഗം ചില പ്രയാസങ്ങള്‍ നേരിട്ടു കൊണ്ടല്ലാതെ കടക്കാനാവില്ല. ആരെല്ലാം അവ മുറിച്ചു കടക്കുന്നുവോ, അവര്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ കഴിയും. ചുരുക്കത്തില്‍, സ്വര്‍ഗ പ്രവേശനത്തിന് ചില പ്രയാസങ്ങള്‍ അനുഭവിക്കേണ്ടതുണ്ട്. അതില്ലാതെ സ്വര്‍ഗം നേടിയെടുക്കുക സാധ്യമല്ല.
എന്നാല്‍, നരകത്തെ അല്ലാഹു മനുഷ്യരുടെ മനസ്സുകള്‍ക്ക് താല്പര്യമുള്ളവ കൊണ്ടാണ് മൂടിയിരിക്കുന്നത്. അതിലേക്ക് പെട്ടെന്ന് മനുഷ്യര്‍ വീണു പോയേക്കാം. അവ ചെയ്യുന്നതില്‍ അവന് പ്രയാസമോ ബുദ്ധിമുട്ടോ ഉണ്ടാകുന്നില്ല; ചിലപ്പോള്‍ ശാരീരികവും മാനസികവുമായ ചില സുഖങ്ങള്‍ അതില്‍ അവന് കണ്ടെത്താന്‍ കഴിഞ്ഞേക്കാം. പക്ഷേ, അവ പ്രവര്‍ത്തിച്ചു കഴിഞ്ഞാല്‍; അവന് നരകത്തിന്റെ മറ തുറന്നിരിക്കുന്നു. അതിലേക്ക് അവന് വീഴാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുന്നു.
3- ഈ ഹദീസിന്റെ പ്രത്യേകത:
ഇബ്നു ഹജര്‍ അല്‍-അസ്ഖലാനി -رَحِمَهُ اللَّهُ- പറഞ്ഞു: “നബി -ﷺ- യുടെ ‘ജവാമിഉല്‍ കലിമി’ല്‍ പെട്ടതാണ് ഈ ഹദീഥ്. (അനേകം ആശയം ഉള്‍ക്കൊള്ളുന്ന, ചുരുങ്ങിയ വാക്കുകള്‍ മാത്രമുള്ള സംസാരത്തിനാണ് ‘ജവാമിഉല്‍ കലിം’ എന്ന് പറയുക). ദേഹേഛകള്‍ -അവയോട് മനസ്സിന് താല്പര്യമുണ്ടെങ്കില് കൂടി- അവയെ ആക്ഷേപിക്കുകയും, നന്മകള് -അവ മനസ്സിന് വെറുപ്പും ശരീരത്തിന് പ്രയാസവുമുണ്ടാക്കുന്നെങ്കില്‍ കൂടി- അവയിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഹദീഥുകളിലൊന്നാണിത്.”
4- മനസ്സിന് ഇഷ്ടം തോന്നുന്ന, ദേഹേഛകള്‍ എന്നത് കൊണ്ടുള്ള ഉദ്ദേശം എന്താണ്?
മനസ്സിന് ഇഷ്ടം തോന്നുന്നവ രണ്ട് തരത്തിലാണ്.
ഒന്ന്: അല്ലാഹു നിഷിദ്ധമാക്കിയവ.
രണ്ട്: അല്ലാഹു അനുവദിച്ചവ.
അല്ലാഹു നിഷിദ്ധമാക്കിയ, എന്നാല്‍ -ചിലരുടെ- മനസ്സിന് താല്പര്യം ഉണ്ടായേക്കാവുന്ന കാര്യങ്ങള്‍ ധാരാളമുണ്ട്. പൊതുവെ നിഷിദ്ധ കാര്യങ്ങളോട് പിശാചിന്റെ പ്രേരണ മൂലവും താല്പര്യം തോന്നാന്‍ സാധ്യതയുണ്ട്. ഉദാഹരണത്തിന് വ്യഭിചാരം. അത് അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെങ്കിലും മനസ്സുകള്‍ക്ക് അതില്‍ ചിലപ്പോള്‍ താല്പര്യം തോന്നിയേക്കാം. ഗീബതും (പരദൂഷണം) നമീമതും (ഏഷണി) ഇതു പോലെ തന്നെ. അതിനോട് മനുഷ്യന്റെ മനസ്സ് ചിലപ്പോള്‍ ചാഞ്ഞു പോയേക്കാം. അല്ലാഹു കാക്കട്ടെ.
എന്നാല്‍ മനസ്സിന് ഇഷ്ടമുണ്ടാകുന്ന എല്ലാ കാര്യങ്ങളും അല്ലാഹു നിരോധിച്ചിട്ടില്ല. ഉദാഹരണത്തിന്; അനുവദനീയമായ ഭക്ഷണം കഴിക്കുകയെന്നത്. തമാശകള്‍; ഉറക്കം; സംസാരം; ഇവയും അനുവദനീയമായ, മനസ്സിന് ഇഷ്ടം തോന്നുന്ന കാര്യങ്ങള്‍ തന്നെ. എന്നാല്‍ ഇവയൊന്നും പൂര്‍ണമായും നിഷിദ്ധമല്ല. ഇതാണ് രണ്ടാമത്തെ തരം.
5- അല്ലാഹു അനുവദിച്ച; മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങള്‍ എത്ര വേണമെങ്കിലും ചെയ്യാമോ?
പാടില്ല. അല്ലാഹു അനുവദിച്ച കാര്യങ്ങളാണെങ്കില്‍ കൂടി ഇത്തരം കാര്യങ്ങള്‍ -സംസാരവും ഉറക്കവും തമാശകളും ഭക്ഷണവുമെല്ലാം- വല്ലാതെ അധികരിപ്പിക്കുന്നത് വെറുക്കപ്പെട്ട കാര്യമാണ് (മക്റൂഹ്).
കാരണം അവ അധികരിപ്പിക്കുന്നത് ചിലപ്പോള്‍ ഹറാമിലേക്ക് നയിച്ചേക്കാം. ഉദാഹരണത്തിന്; തമാശ അധികരിച്ചാല്‍ അത് പലപ്പോഴും മറ്റുള്ളവരെ പരിഹസിക്കുന്നതിലേക്കും തരം താഴ്ത്തുന്നതിലേക്കും എത്തിച്ചേരാന്‍ സാധ്യതയുണ്ട്.
ഹൃദയം കാഠിന്യമുള്ളതാക്കുക എന്ന മറ്റൊരു ഉപദ്രവവും അതിലുണ്ട്. അനേകം പണ്ഡിതന്മാര് ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ഇബാദത്തുകളില്‍ നിന്ന് മനുഷ്യനെ തിരിച്ചു കളയുകയും, അനാവശ്യമായി സമയം നഷ്ടപ്പെടുത്തലും ഇത്തരം കാര്യങ്ങള്‍ അധികരിപ്പിക്കുന്നതിന്റെ ദോഷഫലങ്ങള്‍ തന്നെ.
6- ചെയ്യാന്‍ പ്രയാസമുള്ള, മനസ്സിന് വെറുപ്പുള്ള കാര്യങ്ങള്‍ ഏതെല്ലാമാണ്?
ഇബാദത്തുകള്‍ സ്ഥിരമായി നിലനിര്‍ത്തി കൊണ്ടു പോവുക, അല്ലാഹുവിന്റെ ദീനിനെ കുറിച്ച് പഠിക്കുക, ദേഷ്യം പിടിച്ചു വെക്കുക, ക്ഷമിക്കാന്‍ കഴിയുക, തിന്മയെ നന്മ കൊണ്ട് നേരിടുക, പൊറുത്തു കൊടുക്കുക, ദാനദര്‍മ്മം ചെയ്യുക, തന്നോട് അതിക്രമം പ്രവര്‍ത്തിച്ചവരോടും നന്മ ചെയ്യുക; ഇവയെല്ലാം പ്രയാസമുള്ള കാര്യങ്ങള്‍ക്ക് ചില ഉദാഹരണങ്ങളാണ്. മനുഷ്യന്റെ മനസ്സ് സ്വാഭാവികമായും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് അകല്‍ച്ചയും വെറുപ്പും കാണിക്കും; അല്ലാഹുവിന്റെ കാരുണ്യം സിദ്ധിച്ച ചിലര്‍ക്കൊഴികെ.
തിന്മകളില് നിന്ന് വിട്ടു നില്‍ക്കലും മേല്‍ പറഞ്ഞതില്‍ ഉള്‍പ്പെടും. ഉദാഹരണത്തിന്; വ്യഭിചാരത്തില്‍ നിന്ന് അകന്നു നില്ക്കല്, മറ്റുള്ളവന്റെ സമ്പാദ്യം അന്യായമായി നേടാതിരിക്കുന്നത്, പരദൂഷണവും നമീമതുമെല്ലാം ഒഴിവാക്കാന്‍ മനസ്സിന് സ്വാഭാവികമായ ചില പ്രയാസങ്ങളുണ്ടാകും.
എന്നാല്‍ മനസ്സിന്റെ ഈ ഇഛകള്‍ക്ക് വിരുദ്ധമായി നിലകൊള്ളുകയും, ക്ഷമയോടും സഹനത്തോടും കൂടി അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിച്ചും, അവന്റെ വിലക്കുകള്‍ വെടിഞ്ഞും മുന്നോട്ടു പോകാന്‍ കഴിയുന്നവര്‍ക്കാണ് സ്വര്‍ഗ പ്രവേശനമുണ്ടായിരിക്കുക.
7- ഹറാമായ കാര്യങ്ങളോട് മനസ്സില്‍ വെറുപ്പുണ്ടാക്കേണ്ടത് എങ്ങനെ?
മനുഷ്യന്റെ മനസ്സില്‍ ദേഹേഛകളോട് താല്പര്യവും ചായ്വുമുണ്ടാകുമെന്ന് മുന്‍പ് പറഞ്ഞു കഴിഞ്ഞു. എന്നാല്‍ അവയെ മനസ്സ് വെറുക്കുന്ന അവസ്ഥയിലേക്ക് എത്തിക്കാന്‍ -ഒന്നു ശ്രമിച്ചാല്‍; അല്ലാഹുവിന്റെ തൗഫീഖുണ്ടെങ്കില്‍- നമുക്ക് സാധിക്കും.
കാരണം, ഈമാന്‍ മനസ്സില്‍ ഉറച്ചു കഴിഞ്ഞാല്‍ സ്വാഭാവികമായും തിന്മകളെ അവന് വെറുത്തു തുടങ്ങും. എന്നാല്‍, ഈമാന്‍ ശക്തിപ്പെടുത്താതെ, അതിനെ ശ്രദ്ധിക്കാതെ വിട്ടാലാകട്ടെ; തിന്മകളോട് അതിന് താല്പര്യം വര്‍ദ്ധിക്കുകയും ചെയ്യും.
സ്വഹാബികളെ കുറിച്ച് അല്ലാഹു പറഞ്ഞതു നോക്കൂ:
وَلَـٰكِنَّ اللَّـهَ حَبَّبَ إِلَيْكُمُ الْإِيمَانَ وَزَيَّنَهُ فِي قُلُوبِكُمْ وَكَرَّهَ إِلَيْكُمُ الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ ۚ
“എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് ഈമാനിനെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും, നിങ്ങളുടെ ഹൃദയങ്ങളില്‍ അത് ഭംഗിയുള്ളതായി തോന്നിപ്പിക്കുകയും ചെയ്തിരിക്കുന്നു. കുഫ്റും (അനിസ്ലാമികത) അധര്‍മ്മവും (അല്ലാഹുവിനോടുള്ള) അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു.” (ഹുജുറാത്: 7)
ഹറാമിന്റെ പരിണിത ഫലങ്ങളെ കുറിച്ചുള്ള ചിന്തയും അവയെ വെറുക്കാന്‍ മനസ്സിനെ ശീലിപ്പിക്കും. കാരണം, ഏതൊരു നിഷിദ്ധമായ കാര്യമാകട്ടെ; അത് കൊണ്ട് ലഭിക്കുന്ന സുഖം കുറച്ചു കഴിഞ്ഞാല്‍ പ്രയാസങ്ങള്‍ കൊണ്ടു വരാതിരിക്കില്ല. മനസ്സിന്റെ കാഠിന്യവും സങ്കടവും വിഷമവുമെല്ലാം തിന്മയുടെ ശേഷം വരുന്ന ചില ഫലങ്ങള്‍ മാത്രം. അതിനെല്ലാം പുറമെ പരലോകത്ത് ലഭിക്കാനിരിക്കുന്ന ശിക്ഷ വേറെയും. ഇവ ഓര്‍ക്കുന്നത് ഹറാമിനെ വെറുക്കാന്‍ സഹായിക്കും.
ചെറുപ്രായം മുതല്‍ തന്നെ ഹറാമില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുകയും, അതിന്റെ ഗൗരവം മനസ്സില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതും ഉപകാരപ്രദമാണ്. സച്ചരിതരായ കൂട്ടുകാരും തിന്മയില് നിന്ന് അകറ്റി നിര്‍ത്തും.
മനസ്സില്‍ തട്ടിയുള്ള പ്രാര്‍ഥനയും, ശരിയാംവണ്ണം നിസ്കരിക്കുന്നതും, സ്ഥിരമായുള്ള ഖുര്‍ആന്‍ പാരായണവുമെല്ലാം തിന്മകളെ വെറുക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളാണ്.
8- മനസ്സില്‍ നന്മകളോട് ഇഷ്ടമുണ്ടാക്കുന്നത് എങ്ങനെ?
തൊട്ടു മുന്‍പുള്ള ചോദ്യത്തില്‍ പറഞ്ഞ പലതും നന്മയോട് താല്പര്യമുണ്ടാക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. അതോടൊപ്പം, ഏതൊരു നന്മയും നിന്നെ പടച്ചവനായ, അല്ലാഹുവിന് ഇഷ്ടവും തൃപ്തിയുമുണ്ടാക്കുന്നുണ്ടെന്ന ഉറച്ച ബോധ്യം നന്മകളിലേക്ക് നിന്നെ അടുപ്പിക്കും. ഇത് വളരെ ഉപകാരപ്രദമായ പാഠമാണ്.
നീ ഏതൊരു നന്മ ചെയ്യുമ്പോഴും അല്ലാഹു നിന്നെ കൂടുതല്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നുണ്ട്. അവനിലേക്ക് നീ മുന്‍പുള്ളതിനെക്കാള്‍ അടുക്കുന്നുണ്ട്. ഈ ചിന്ത നന്മകള് ഇഷ്ടമുള്ളതാക്കും.
അതോടൊപ്പം, നീ ചെയ്യുന്ന ഏതൊരു നന്മയും നിന്റെ റസൂല്‍ -ﷺ- അതിന്റെ പൂര്‍ണമായ രൂപത്തില്‍ ചെയ്തു കാണിച്ചിരിക്കുന്നു. അവിടുത്തോടുള്ള നിന്റെ സ്നേഹം എത്ര മാത്രം വര്‍ദ്ധിക്കുന്നോ; അത്ര മാത്രം അവിടുത്തോട് സാദൃശ്യപ്പെടാനുള്ള നിന്റെ മോഹവും വര്‍ദ്ധിക്കും.
ഇബാദതുകള്‍ -അത് വളരെ കുറച്ചാണെങ്കിലും- സ്ഥിരമായി ചെയ്യുക എന്നതും ഉപകാരപ്രദമായ മറ്റൊരു വഴിയാണ്. കാരണം, സ്ഥിരമായി ഇബാദതുകള്‍ ചെയ്യുന്നത് അവ നിന്റെ ജീവിതത്തിലെ ശീലങ്ങളിലൊന്നാക്കും. പിന്നീട് അവ ഒഴിവാക്കുന്നതായിരിക്കും നിനക്ക് പ്രയാസമാവുക. ഉദാഹരണത്തിന്; എല്ലാ ദിവസവും അര്‍ഥം ആലോചിച്ചു കൊണ്ട് ഒരു പേജോ അതില്‍ താഴെയോ കൂടുതലോ ഖുര്‍ആന്‍ ഓതുകയെന്നത്. നിനക്ക് കഴിയാവുന്നത്ര എല്ലാ ദിവസവും നിലനിര്‍ത്തി വന്നാല്‍; പിന്നീട് ഏതെങ്കിലുമൊരു ദിവസം അത് ഒഴിവാക്കുക എന്നതായിരിക്കും നിനക്ക് പ്രയാസമുണ്ടാക്കുക.
നിസ്കാരവും മറ്റൊരു ഉദാഹരണമാണ്. നബി -ﷺ- ക്ക് നിസ്കാരത്തിലായിരുന്നു കണ്‍കുളിര്‍മ ലഭിച്ചിരുന്നത് എന്ന ഹദീഥ് ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. ‘ഇരുപത് വര്‍ഷം നിസ്കരിക്കാന്‍ ഞാന്‍ പ്രയാസപ്പെട്ടു; അടുത്ത ഇരുപത് വര്‍ഷം നിസ്കാരം ഞാന്‍ ആസ്വദിച്ചു കൊണ്ടിരുന്നു’ എന്ന് സലഫുകളില്‍ ചിലര്‍ പറഞ്ഞതും ഈ അര്‍ഥത്തില്‍ തന്നെ.
9- സ്വര്‍ഗവും നരകവും സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു:
സ്വര്‍ഗവും നരകവും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞ കാര്യമാണെന്നത് അഹ്ലുസ്സുന്ന വല്‍ ജമാഅയുടെ സ്ഥിരപ്പെട്ട അഭിപ്രായവും, അവരുടെ അഖീദയുടെ (വിശ്വാസം) അടിസ്ഥാനങ്ങളില്‍ ഒന്നുമാണ്.
അതിലേക്കുള്ള സൂചന ഈ ഹദീഥിലുണ്ട്. കാരണം, ഭൂതകാല ക്രിയയാണ് (ഫിഅ്ലുന് മാദ്വി) നബി -ﷺ- ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. നരകവും സ്വര്‍ഗവും ‘മൂടപ്പെട്ടിരിക്കുന്നു’ എന്ന വാക്കില്‍ നിന്ന് അത് മനസ്സിലാക്കാം. ഒന്നാം പാഠത്തില്‍ എടുത്തു കൊടുത്ത, ഈ ഹദീഥിന് സമാനമായ ഹദീഥും അക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഇതല്ലാതെ അനേകം ഖുര്‍ആന്‍ ആയത്തുകളും, ഹദീഥുകളും ഈ പറഞ്ഞതിന് തെളിവായുണ്ട്. ദൈര്‍ഘ്യം ഭയന്ന് ഇവിടെ അവ നല്‍കുന്നില്ല.
അല്ലാഹുവിന്റെ ഖദ്വാ-ഖദറിനെ (വിധിവിശ്വാസം) നിഷേധിച്ച ‘ഖദരിയ്യാക്കളും’, ബുദ്ധിക്ക് പ്രമാണങ്ങളെക്കാള്‍ പ്രാധാന്യം നല്കിയ ‘മുഅ്തസില’ വിഭാഗവുമല്ലാതെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. അല്ലാഹു പരലോകത്ത് അവയെ പടക്കുകയാണ് ചെയ്യുക. ഇപ്പോള്‍ അവന് അത് സൃഷ്ടിച്ചു വെച്ചിട്ടില്ല എന്നാണ് അവരുടെ വാദം.
ഉശാർ