ഹദീഥ്
عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- قَالَ:
«مَا شَبِعَ آلُ مُحَمَّدٍ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- مِنْ طَعَامٍ ثَلَاثَةَ أَيَّامٍ حَتَّى قُبِضَ»
ഓഡിയോ
അര്‍ഥം
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു:
“നബി -ﷺ- മരണപ്പെടുന്നത് വരെ അവിടുത്തെ കുടുംബം മൂന്ന് ദിവസം തുടര്‍ച്ചയായി വയറു നിറച്ച് ഭക്ഷണം കഴിച്ചിട്ടില്ല.”
പദാനുപദ അര്‍ഥം
[table id=2 /]
തഖ് രീജ്
ബുഖാരി: 5374 (ഭക്ഷണപാനീയങ്ങളെ കുറിച്ചുള്ള അദ്ധ്യായത്തിന്റെ തുടക്കത്തില്‍)
മുസ്‌ലിം: 2972 (ജീവിതവിരക്തിയെ കുറിച്ചുള്ള അദ്ധ്യായം)
പാഠങ്ങള്‍
1. ഹദീഥിന്റെ ആശയം:
ദുനിയാവിനോടുള്ള നബി -ﷺ- യുടെ വിരക്തി വിശദമാക്കുന്ന ഒരു ഹദീഥാണ് ഇത്. നബി -ﷺ- മക്കയുടെയും മദീനയുടെയും ഭരണാധികാരിയായിരുന്നിട്ടും അവിടുന്നും കുടുംബവും ആഢംഭരങ്ങളിലും സുഖസൗകര്യങ്ങളിലുമായിരുന്നില്ല കഴിഞ്ഞിരുന്നത്. മൂന്ന് ദിവസം തുടര്‍ച്ചയായി വയറു നിറച്ച് ഭക്ഷണം കഴിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ചിലപ്പോഴെല്ലാം അതിന് കാരണം നബി -ﷺ- യുടെ ദാരിദ്ര്യമായിരുന്നു. മറ്റു ചിലപ്പോള്‍; അവിടുത്തെ കയ്യില്‍ സമ്പാദ്യമുണ്ടായിരുന്നെങ്കില്‍ കൂടി അത് മറ്റുള്ളവര്‍ക്ക് നബി -ﷺ- ദാനം ചെയ്തിരുന്നു.
2. സമാനാശയമുള്ള ചില ഹദീഥുകള്‍:
عَنْ أَبِي هُرَيْرَةَ قَالَ: «وَالَّذِي نَفْسُ أَبِي هُرَيْرَةَ بِيَدِهِ مَا شَبِعَ نَبِيُّ اللَّهِ –ﷺ- وَأَهْلُهُ، ثَلَاثَةَ أَيَّامٍ تِبَاعًا مِنْ خُبْزِ حِنْطَةٍ، حَتَّى فَارَقَ الدُّنْيَا»
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “അബൂഹുറൈറയുടെ ആത്മാവ് ആരുടെ കയ്യിലാണോ; അവന്‍ തന്നെ സത്യം! നബി -ﷺ- ദുനിയാവിനോട് വിട പറയുന്നത് വരെ ഗോതമ്പു കൊണ്ടുണ്ടാക്കിയ റൊട്ടി കൊണ്ട് തന്റെ കുടുംബത്തിന്റെ വയറ് നിറച്ചിട്ടില്ല.” (മുസ്‌ലിം: 2976)
عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-: أَنَّهُ مَرَّ بِقَوْمٍ بَيْنَ أَيْدِيهِمْ شَاةٌ مَصْلِيَّةٌ، فَدَعَوْهُ، فَأَبَى أَنْ يَأْكُلَ، وَقَالَ: «خَرَجَ رَسُولُ اللَّهِ –ﷺ- مِنَ الدُّنْيَا وَلَمْ يَشْبَعْ مِنْ خُبْزِ الشَّعِيرِ»
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം ഒരിക്കല്‍ കുറച്ചാളുകളുടെ അരികിലൂടെ നടന്നു പോയി. അവരുടെ മുന്‍പില്‍ ചുട്ടുപൊരിച്ച കോഴിയിറച്ചിയുണ്ട്. അദ്ദേഹത്തെയും അവര്‍ ക്ഷണിച്ചു. പക്ഷേ അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- അത് തിരസ്കരിച്ചു കൊണ്ട് പറഞ്ഞു: “ബാര്‍ളി കൊണ്ടുള്ള റൊട്ടി വയറ് നിറച്ചു കഴിക്കാതെയാണ് നബി -ﷺ- ഈ ദുനിയാവില്‍ നിന്ന് വിട പറഞ്ഞു പോയത്.” (ബുഖാരി: 5414)
عَنْ عَائِشَةَ -رَضِيَ اللَّهُ عَنْهَا- قَالَتْ: «مَا شَبِعَ آلُ مُحَمَّدٍ –ﷺ- مُنْذُ قَدِمَ المَدِينَةَ، مِنْ طَعَامِ البُرِّ ثَلاَثَ لَيَالٍ تِبَاعًا، حَتَّى قُبِضَ»
ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: “മദീനയിലേക്ക് വന്നതിന് ശേഷം അവിടുന്ന് മരണപ്പെടുന്നത് വരെ നബി -ﷺ- യുടെ കുടുംബം ഗോതമ്പിന്റെ ഭക്ഷണം കൊണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി വയറ് നിറച്ചു ഭക്ഷണം കഴിച്ചിട്ടില്ല.” (ബുഖാരി: 5416, മുസ്‌ലിം: 2970)
3. ഐഹിക വിരക്തിയുടെ പാഠങ്ങള്‍:
നബി -ﷺ- തീര്‍ത്തും ദാരിദ്ര്യമുള്ളവനായതു കൊണ്ടൊന്നുമല്ല മൂന്ന് ദിവസം തുടര്‍ച്ചയായി വയറ് നിറച്ചു ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വന്നത്. മറിച്ച്, അവിടുത്തേക്ക് സമ്പാദ്യമുണ്ടായിരുന്നു. ഹജ്ജിന്റെ വേളയിലും മറ്റും അവിടുന്ന് ബലിയറുത്ത ഒട്ടകങ്ങളുടെ എണ്ണവും, അവിടുത്തേക്ക് ലഭിച്ചിരുന്ന യുദ്ധാര്‍ജ്ജിത സ്വത്തിന്റെ കണക്കും അറിയുന്നവര്‍ക്ക് അക്കാര്യം മനസ്സിലാവുകയും ചെയ്യും.
ഈ സമ്പാദ്യമുണ്ടായിരുന്നിട്ടും എന്തു കൊണ്ട് നബി -ﷺ- ഇപ്രകാരം ജീവിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം: അവിടുന്ന് മറ്റുള്ളവരുടെ ആവശ്യങ്ങള്‍ തന്റെ ആവശ്യത്തെക്കാള്‍ പരിഗണിച്ചു എന്നതാണ്. ഇത് ദുനിയാവിനോടും അതിന്റെ അലങ്കാരങ്ങളോടും വിരക്തിയുള്ളവര്‍ക്ക് മാത്രം സാധ്യമാകുന്ന സ്വഭാവവിശേഷണമാണ്.
ചെറുപ്രായം മുതല്‍ പഠിപ്പിച്ചു തുടങ്ങേണ്ട ഒരു ഗുണമാണിത്. കളിപ്പാട്ടങ്ങള്‍ കൂട്ടുകാര്‍ക്ക് നല്‍കാന്‍ പ്രേരിപ്പിച്ചും, ഭക്ഷണത്തിലെ രണ്ടുരുള തൊട്ടടുത്തിരിക്കുന്നവനുമായി പങ്കു വെച്ചും ഈ ശീലം നമ്മുടെ കുട്ടികള്‍ പഠിച്ചെടുക്കട്ടെ.
4. ക്ഷമയുടെ പാഠങ്ങള്‍:
നബി -ﷺ- യുടെ കുടുംബം മൂന്ന് ദിവസം തുടര്‍ച്ചയായി വയറു നിറച്ച് ഭക്ഷണം കഴിച്ചിട്ടില്ലെന്ന ഹദീഥിലെ വാചകത്തില്‍ നിന്നൊരു കാര്യം മനസ്സിലാക്കാം. നബി -ﷺ- യുടെ ഭാര്യമാരുടെ ക്ഷമ. തങ്ങളുടെ ഭര്‍ത്താവിന്റെ പ്രയാസത്തില്‍ അവര്‍ അക്ഷമ കാണിക്കുകയോ, ആവലാതിയുമായി വരുകയോ ചെയ്തില്ല. എന്തെങ്കിലും ചെറിയ കുറവുകള്‍ ഉണ്ടാകുമ്പോഴേക്ക് ഭര്‍ത്താവിനെ ആവശ്യങ്ങളുടെ ലിസ്റ്റുമായി വന്ന് പ്രയാസപ്പെടുത്തുന്ന ഭാര്യമാര്‍ക്ക് ഇതില്‍ പാഠമുണ്ട്.
5. വിജയത്തിന്റെ അടയാളം സമ്പത്തല്ല:
ആധുനിക കാലഘട്ടത്തില്‍ എല്ലാവരും വിജയം അളക്കുന്നത് പണത്തിന്റെ കൂടലും കുറവുമനുസരിച്ചാണ്. ‘സ്മാര്‍ട്ടാ’യവരെന്ന് ജനം വിശേഷിപ്പിക്കുന്നത് പോലും കൂടുതല്‍ പണം ഉണ്ടാക്കാന്‍ കഴിഞ്ഞവരെയാണ്. ചെറിയ പ്രായം മുതലേ കുട്ടികള്‍ കേള്‍ക്കുന്നതും പണമുണ്ടാക്കി ‘വിജയിച്ച’വരുടെ ചരിത്രമാണ്. അവരെ പോലെയാകണമെന്നും, അവരെ പിന്‍പറ്റണമെന്നും രക്ഷിതാക്കള്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു.
എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ വിജയിയായ നബി -ﷺ- യുടെ ചരിത്രമാണ് ഈ ഹദീഥില്‍ നീ കണ്ടത്. പണമായിരുന്നു വിജയത്തിന്റെ മാനദണ്ഡമെങ്കില്‍ നബി -ﷺ- അതില്‍ പരാജിതനായിരുന്നു എന്ന് പറയേണ്ടി വരും. എന്നാല്‍ അപ്രകാരമായിരുന്നില്ല. മറിച്ച്, കോടികള്‍ സമ്പാദിച്ചവരെക്കാളും അങ്ങേയറ്റം വിജയം നേടിയത് അവിടുന്നായിരുന്നു.
നമ്മുടെ കുട്ടികളുടെ മനസ്സിലും ഈ പാഠം ചെറുപ്രായം മുതല്‍ നട്ടു പിടിപ്പിക്കേണ്ടതുണ്ട്. കുറേ പണമുണ്ടാക്കുക എന്നതല്ല ജീവിത ലക്ഷ്യം എന്നവര്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്. അല്ലാഹുവിന്റെ ദീനില്‍ അടിയുറച്ചു ജീവിക്കുകയും, അതിനെ സഹായിക്കുകയുമാണ് നമ്മുടെ ലക്ഷ്യം എന്നതവരുടെ മനസ്സില്‍ ഉറക്കേണ്ടതുണ്ട്.
6. ദാരിദ്ര്യമുള്ളവര്‍ക്കുള്ള സ്വാന്തനം:
ജീവിതത്തില്‍ ദാരിദ്ര്യവും പ്രയാസവും അനുഭവിക്കുന്നവര്‍ക്കുള്ള സ്വാന്തനം ഈ ഹദീഥിലുണ്ട്. കാരണം അല്ലാഹുവിനേറ്റവും പ്രിയങ്കരനായ അടിമക്ക് ദാരിദ്ര്യമുണ്ടായിരുന്നു. നീ ക്ഷമിക്കുകയാണെങ്കില്‍ അവിടുത്തേക്ക് പ്രതിഫലം ലഭിച്ചതു പോലെ നിനക്കും ഇതില്‍ പ്രതിഫലമുണ്ടായിരിക്കും. നിന്റെ സ്വര്‍ഗപ്രവേശനത്തിന് കൂടുതല്‍ എളുപ്പവും, നിന്റെ തിډകള്‍ക്ക് ഒരു പ്രായശ്ചിത്തവുമായിരിക്കും അത്. അതിനാല്‍ ക്ഷമിക്കുക.
7. യാചന അരുത്:
നബി -ﷺ- യുടെ കുടുംബം എപ്രകാരമായിരുന്നു ജീവിച്ചിരുന്നത് എന്ന് അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നതാണല്ലോ ഹദീഥിലുള്ളത്. മറ്റു ചില ഹദീഥുകളില്‍ നിന്ന് മനസ്സിലാകുന്നത് പോലെ, നബി -ﷺ- യുടെ ഭാര്യമാര്‍ പറഞ്ഞതില്‍ നിന്നാണ് അദ്ദേഹത്തിന് അതു മനസ്സിലായത്.
നബി -ﷺ- തന്റെ ദാരിദ്ര്യത്തെ കുറിച്ചോ പ്രയാസത്തെ കുറിച്ചോ സ്വഹാബികളെ അറിയിക്കാറില്ലായിരുന്നെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. മാത്രമല്ല, നബി -ﷺ- അങ്ങനെ അറിയിച്ചിരുന്നെങ്കില്‍ സ്വഹാബികള്‍ അവിടുത്തെയും കുടുംബത്തെയും സഹായിക്കാന്‍ ധൃതി കൂട്ടുകയും അതില്‍ മത്സരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അത് സംഭവിച്ചിട്ടില്ലെന്ന് ഹദീഥില്‍ നിന്ന് മനസ്സിലാക്കാം.
ഇതില്‍ നിന്ന് പ്രയാസവേളകളിലും പരമാവധി മറ്റുള്ളവരോട് എന്തെങ്കിലും ചോദിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് മനസ്സിലാക്കാം. അതാണ് സ്വന്തം അഭിമാനം നിലനിര്‍ത്താന്‍ കൂടുതല്‍ നല്ലത്.
8. വയര്‍ നിറയെ ഭക്ഷിക്കല്‍:
വയര്‍ നിറയെ ഭക്ഷിക്കല്‍ അനുവദനീയമാണെന്ന് ഹദീഥിന്റെ ആശയത്തില്‍ നിന്ന് മനസ്സിലാക്കാം. കാരണം മൂന്ന് ദിവസം തുടര്‍ച്ചയായി വയറു നിറച്ചിട്ടില്ലെന്നതില്‍ നിന്ന് അതില്‍ താഴെയുള്ള ദിവസങ്ങളില്‍ വയറു നിറച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാമെന്ന് ഇബ്‌നു ഹജര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ വയര്‍ നിറക്കാതെ വിടുന്നതാണ് കൂടുതല്‍ ശ്രേഷ്ഠം. എപ്പോഴും വയര്‍ നിറച്ചു ഭക്ഷിക്കുന്നതിനെക്കാള്‍ നല്ലത് അതാണ്. എന്നാല്‍ വയര്‍ നിറഞ്ഞാലും നിര്‍ത്താതെ പിന്നീടും ഭക്ഷിക്കുന്നത് അനുവദനീയവുമല്ല. വല്ലാഹു അഅ്ലം.
9. നബി -ﷺ- ധനികനായിരുന്നില്ല:
ഇസ്‌ലാമിന്റെ ശത്രുക്കളില്‍ ചിലര്‍ ആരോപിക്കാറുള്ളത് പോലെ; നബി -ﷺ- അവിടുത്തെ അവസാന കാലഘട്ടത്തില്‍ ധാരാളം പണമുണ്ടാക്കിയെന്നും, സുഖലോലുപനായി ജീവിതം നയിച്ചെന്നുമുള്ള ആരോപണത്തിന് ഈ ഹദീഥില്‍ മറുപടിയുണ്ട്. കാരണം, അവിടുന്ന് മരണപ്പെടുന്നത് വരെ ഇപ്രകാരമായിരുന്നുവെന്ന് ഹദീഥില്‍ വ്യക്തമായി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ നബി -ﷺ- ക്ക് സമ്പത്ത് ലഭിച്ചിരുന്നു. അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവിടുന്ന് ചിലവഴിക്കാറാണുണ്ടായിരുന്നത്. വല്ലാഹു അഅ്ലം.
جزاك الله خيرا
Jazakkallahu Khair.Akhee Pdf link koodi ulppeduthiyal khair ayirikkum.