ഹദീഥ്
عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-:
أَنَّ رَسُولَ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَالَ:
«قَالَ اللَّهُ: أَنْفِقْ يَا ابْنَ آدَمَ، أُنْفِقْ عَلَيْكَ»
ഓഡിയോ
അര്‍ഥം
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- പറഞ്ഞു:
അല്ലാഹു പറഞ്ഞു: “ഹേ ആദമിന്റെ മകനേ! നീ ചിലവഴിക്കുക; ഞാന്‍ നിനക്ക് മേല്‍ ദാനം ചെയ്യാം.”
പദാനുപദ അര്‍ഥം
قَالَ اللَّهُ : അല്ലാഹു പറഞ്ഞു
أَنْفِقْ : നീ ചിലവഴിക്കുക, ദാനം ചെയ്യുക
يَا : ഹേ
ابْنَ آدَم : ആദമിന്റെ സന്തതി
أُنْفِقْ : ഞാന്‍ ചിലവഴിക്കാം
عَلَيْكَ : നിന്റെ മേല്‍
തഖ് രീജ്
ബുഖാരി: 5352 (കുടുംബത്തിന് മേല്‍ ദാനം ചെയ്യുന്നതിന്റെ ശ്രേഷ്ഠത അറിയിക്കുന്ന അദ്ധ്യായം)
മുസ്‌ലിം: 2612 (ദാനം ചെയ്യുന്നതിനുള്ള പ്രോത്സാഹനവും, ദാനം ചെയ്യുന്നവര്‍ക്ക് പകരം ലഭിക്കുമെന്ന സന്തോഷ വാര്‍ത്തയും അറിയിക്കുന്ന അദ്ധ്യായം)
പാഠങ്ങള്‍
1- ചില നിവേദനങ്ങളില്‍ വന്ന അധിക വിശദീകരണം:
ഇമാം ബുഖാരിയുടെ (4684) മറ്റൊരു നിവേദനത്തില്‍ ഈ ഹദീഥില്‍ കുറച്ചു കൂടി വിശദീകരണം വന്നിട്ടുണ്ട്. അതില്‍ നബി -ﷺ- ഇപ്രകാരം പറഞ്ഞു:
«وَقَالَ: يَدُ اللَّهِ مَلْأَى لاَ تَغِيضُهَا نَفَقَةٌ سَحَّاءُ اللَّيْلَ وَالنَّهَارَ، وَقَالَ: أَرَأَيْتُمْ مَا أَنْفَقَ مُنْذُ خَلَقَ السَّمَاءَ وَالأَرْضَ، فَإِنَّهُ لَمْ يَغِضْ مَا فِي يَدِهِ، وَكَانَ عَرْشُهُ عَلَى المَاءِ، وَبِيَدِهِ المِيزَانُ يَخْفِضُ وَيَرْفَعُ»
“അല്ലാഹുവിന്റെ കൈ നിറഞ്ഞതാണ്. രാത്രിയും പകലുമായി എത്ര ചിലവഴിച്ചാലും അതില്‍ കുറവുണ്ടാവുകയില്ല. ആകാശഭൂമികള്‍ പടച്ചതു മുതല്‍ അവന്‍ എന്തു മാത്രമാണ് ധാനം ചെയ്തിരിക്കുന്നതെന്ന് നിങ്ങള്‍ കാണുന്നില്ലേ? അതൊന്നും അവന്റെ കൈയ്യിലുള്ളത് കുറച്ചിട്ടില്ല. അവന്റെ സിംഹാസനം വെള്ളത്തിന് മുകളിലായിരുന്നു. അവന്റെ കൈയ്യിലാണ് ‘മീസാന്‍’ (തുലാസുള്ളത്); അതവന്‍ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നു.”
2- ‘നീ ചിലവഴിക്കുക’ എന്നതിന്റെ അര്‍ഥം:
‘നീ ചിലവഴിക്കുക’ എന്നതിന്റെ ഉദ്ദേശം രണ്ട് കാര്യങ്ങളാണ്.
ഒന്ന്: അല്ലാഹു -تَعَالَى- കല്‍പ്പിച്ച, അവന്‍ പ്രോത്സാഹിപ്പിച്ച വഴികളില്‍ ചിലവഴിക്കുക. അതായത് ദാനധര്‍മ്മങ്ങളായും സകാതായും സ്വദഖയായും ചിലവഴിക്കുക.
രണ്ട്: അനുവദനീയമായ മാര്‍ഗങ്ങളില്‍ ചിലവഴിക്കുക. നിനക്കും നിന്റെ ഭാര്യക്കും മക്കള്‍ക്കും കുടുംബത്തിനും വേണ്ടി ചിലവഴിക്കുക. അതില്‍ നീ നല്ല നിയ്യത് (ഉദ്ദേശം) വെക്കുകയാണെങ്കില്‍ നിനക്ക് പ്രതിഫലവുമുണ്ട്.
3- ‘ഞാന്‍ നിനക്ക് മേല്‍ ചിലവഴിക്കാം’ എന്നതിന്റെ ഉദ്ദേശം:
ഈ പറഞ്ഞതിന് രണ്ട് വിശദീകരണങ്ങളുണ്ട്. രണ്ടും ശരിയാണ്.
ഒന്ന്: നീ ചിലവഴിച്ചതിന് പകരം നിനക്ക് നാം ദുനിയാവില്‍ കൂടുതല്‍ സമ്പാദ്യം നല്‍കും. പണം കെട്ടിപ്പൂട്ടി വെക്കുകയോ, ഉപയോഗിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ അതില്‍ വര്‍ദ്ധനവോ നന്മയോ ഉണ്ടാവുകയില്ല.
രണ്ട്: ദുനിയാവില്‍ ചിലവഴിച്ചതിന് പകരം നിനക്ക് നാം ആഖിറതില്‍ പ്രതിഫലം നല്‍കുകയും, തക്കതായ സൗഭാഗ്യങ്ങള്‍ സമ്മാനിക്കുകയും ചെയ്യും.
4- ഈ ആശയത്തില്‍ വന്ന ആയതുകളും ഹദീഥുകളും:
മനുഷ്യന്‍ ധാനം ചെയ്യുമ്പോള്‍ അല്ലാഹു -تَعَالَى- അതിന് പകരമായി നല്‍കിക്കൊണ്ടിരിക്കും എന്നത് ഖുര്‍ആനിലും ഹദീഥിലും സ്ഥിരപ്പെട്ട ആശയമാണ്. ചില ഉദാഹരണങ്ങള്‍ നോക്കൂ:
അല്ലാഹു -تَعَالَى- പറഞ്ഞു:
«قُلْ إِنَّ رَبِّي يَبْسُطُ الرِّزْقَ لِمَنْ يَشَاءُ وَيَقْدِرُ وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ»
“നീ പറയുക: തീര്‍ച്ചയായും എന്റെ റബ്ബ് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്) അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. പക്ഷെ ജനങ്ങളില്‍ അധികപേരും അറിയുന്നില്ല.” (സബഅ്: 36)
عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-، أَنَّ النَّبِيَّ -ﷺ- قَالَ: «مَا مِنْ يَوْمٍ يُصْبِحُ العِبَادُ فِيهِ، إِلَّا مَلَكَانِ يَنْزِلاَنِ، فَيَقُولُ أَحَدُهُمَا: اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ: اللَّهُمَّ أَعْطِ مُمْسِكًا تَلَفًا»
നബി -ﷺ- പറഞ്ഞു: “എല്ലാ ദിവസവും മനുഷ്യര്‍ നേരം പുലരുമ്പോള്‍ (ആകാശത്ത് നിന്ന്) രണ്ട് മലക്കുകള്‍ ഇറങ്ങും. അതിലൊരാള്‍ പ്രാര്‍ഥിക്കും: അല്ലാഹുവേ! ചിലവഴിക്കുന്നവര്‍ക്ക് നീ പകരം നല്‍കേണമേ! രണ്ടാമത്തെയാള്‍ പ്രാര്‍ഥിക്കും: അല്ലാഹുവേ! പിടിച്ചു വെക്കുന്നവന് നീ നഷ്ടം വരുത്തണേ!” (ബുഖാരി: 1442, മുസ്‌ലിം: 1010)
5- സമ്പാദ്യം നല്‍കുന്നവനും തടയുന്നവനും അല്ലാഹുവാണ്:
മനുഷ്യരെ ധനികനാക്കുന്നതും ദരിദ്രനാക്കുന്നതുമെല്ലാം അല്ലാഹുവാണ്. അവന്റെ പക്കലാണ് എല്ലാത്തിന്റെയും ഖജനാവുകളുള്ളത്. ചിലര്‍ക്ക് അനേകം പരിശ്രമങ്ങള്‍ നടത്തിയാലും സമ്പാദ്യം ഉണ്ടായിക്കൊള്ളണമെന്നില്ല; മറ്റു ചിലര്‍ക്ക് ചെറിയ പരിശ്രമങ്ങളില്‍ നിന്ന് തന്നെ വലിയ സമ്പാദ്യവുമുണ്ടായേക്കാം. പണം ലഭിക്കാത്തവന്‍ നിരാശപ്പെടേണ്ടതില്ല; അവന്‍ അല്ലാഹുവിനോട് ചോദിക്കട്ടെ. പണം ലഭിച്ചവന്‍ അഹങ്കരിക്കാതെയുമിരിക്കട്ടെ; അല്ലാഹു അവന്റെ കൈകളിലുള്ളത് തിരിച്ചെടുക്കാന്‍ കഴിവുള്ളവനാണ്.
6- ചിലര്‍ തെറ്റായി മനസ്സിലാക്കിയേക്കാവുന്ന അര്‍ഥം:
തന്റെ നിത്യജീവിത ചിലവുകള്‍ക്കും, ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വേണ്ട സമ്പാദ്യം പോലും കൈയ്യില്‍ പിടിച്ചു വെക്കാതെ എല്ലാം ചിലവഴിക്കണമെന്ന ഉദ്ദേശം ഈ ഹദീഥിനില്ല. മറിച്ച്, ജനങ്ങളോട് യാചിക്കേണ്ടതില്ലാത്ത വിധം, അനിവാര്യമായ ചിലവുകള്‍ക്ക് ആവശ്യമുള്ള സമ്പാദ്യം കയ്യില്‍ സൂക്ഷിക്കേണ്ടതുണ്ട്.
എന്നാല്‍, അവന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ കഴിഞ്ഞുള്ള സമ്പാദ്യം അവന് ഉദ്ദേശിക്കുന്നെങ്കില്‍ ദാനം ചെയ്യാം; അല്ലാഹു അതിന് പകരം നല്‍കും. ഉദ്ദേശിക്കുന്നെങ്കില്‍ അവന് പിടിച്ചു വെക്കാം; കൂടുതല്‍ നന്മയുള്ള കാര്യങ്ങള്‍ക്കോ അവന്റെ തന്നെ ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോ വേണ്ടി. അത് അനുവദനീയമാണ്.
7- തവക്കുലിന്റെ പാഠങ്ങള്‍:
അല്ലാഹുവില്‍ തവക്കുല്‍ (ഭരമേല്‍പ്പിച്ചവര്‍ക്ക്) മാത്രമാണ് ഈ ഹദീഥ് പൂര്‍ണമായ അര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കാനാവുക. ഞാന്‍ ചിലവഴിക്കുന്നതിന് അല്ലാഹു -تَعَالَى- പകരം നല്‍കുമെന്ന വിശ്വാസമുണ്ടാവുക അല്ലാഹുവില്‍ ശരിയാം വണ്ണം തവക്കുല്‍ ചെയ്തവന് മാത്രമായിരിക്കും. അല്ലാത്തവര്‍ക്ക് എപ്പോഴും താന്‍ പാപ്പരായിപ്പോകുമോ എന്ന ഭയമായിരിക്കും മനസ്സിലുണ്ടാവുക. ജീവിതത്തിലുണ്ടാകുന്ന സന്തോഷങ്ങളില്‍ അമിതമായി ആഹ്ലാദിക്കാതിരിക്കാനും, സങ്കടങ്ങളില്‍ നിരാശയില്‍ വീണു പോകാതിരിക്കാനും ഈ ഹദീഥിലെ പാഠങ്ങള്‍ നമ്മെ സഹായിക്കുന്നു.
8- അല്ലാഹുവിന്റെ സംസാരം:
അല്ലാഹു സംസാരിക്കുമെന്നും, ‘സംസാരം’ എന്ന വിശേഷണം അവനുണ്ടെന്നും ഈ ഹദീഥ് അറിയിക്കുന്നു. ഇക്കാര്യം നിഷേധിച്ച ജഹ്മിയ്യ, മുഅ്തസില തുടങ്ങിയ കക്ഷികള്‍ക്കുള്ള മറുപടി കൂടിയാണ് ഈ ഹദീഥ്. കാരണം, ‘അല്ലാഹു പറഞ്ഞു’ എന്ന് നബി -ﷺ- വ്യക്തമാക്കിയിരിക്കുന്നു. സൃഷ്ടികളുടെ കൂട്ടത്തില്‍ അല്ലാഹുവിനെ കുറിച്ച് അവിടുത്തെക്കാള്‍ അറിവുള്ള മറ്റാരുമില്ല.
9- ഹദീഥുകള്‍; വ്യത്യസ്ത വേര്‍തിരിവുകള്‍:
അല്ലാഹു -تَعَالَى- യുടെ വാക്കായാണല്ലോ നബി -ﷺ- ഈ ഹദീഥ് പറഞ്ഞിരിക്കുന്നത്. അത്തരം ഹദീഥുകള്‍ ‘ഹദീഥുന്‍ ഖുദ്സിയ്യ്’ (حَدِيثٌ قُدْسِيٌّ) എന്നാണ് പറയുക. ഇപ്രകാരം ആരിലേക്കാണോ ചേര്‍ക്കപ്പെടുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ ഹദീഥുകള്‍ക്ക് വ്യത്യസ്ത പേരുകള്‍ പറയാറുണ്ട്.
നബി -ﷺ- യിലേക്ക് ചേര്‍ക്കപ്പെട്ട ഹദീഥുകള്‍ക്ക് ‘ഹദീഥുന്‍ മര്‍ഫൂഅ്’ (حَدِيثٌ مَرْفُوعٌ) എന്നാണ് പറയുക. സ്വഹാബിയുടെ വാക്കോ പ്രവൃത്തിയോ അംഗീകാരമോ ആണെങ്കിലും അത് ‘ഹദീഥുന്‍ മൗഖൂഫ്’ (حَدِيثٌ مَوْقُوفٌ) ആണ്. ത്വാബിഇകളുടേത് ആണെങ്കില്‍ അതിന് ‘ഹദീഥുന്‍ മഖ്ത്വൂഅ്’ (حَدِيثٌ مَقْطُوعٌ) എന്നാണ് പറയുക.