copy

ഹദീഥ്

عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-:

أَنَّ رَسُولَ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَالَ:

«مَنْ لاَ يَرْحَمُ لاَ يُرْحَمُ»


ഓഡിയോ


അര്‍ഥം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:

നബി -ﷺ- പറഞ്ഞു:

“കാരുണ്യം കാണിക്കാത്തവരോട് കാരുണ്യം കാണിക്കപ്പെടുകയില്ല.”


പദാനുപദ അര്‍ഥം

مَنْ :             ആരെങ്കിലും

لاَ يَرْحَمُ :      കാരുണ്യം ചൊരിയുന്നില്ല.

لَا يُرْحَمُ :      കാരുണ്യം ചൊരിയപ്പെടില്ല.


തഖ് രീജ്

ബുഖാരി: 5997 (കുട്ടികളോട് കരുണ കാണിക്കുകയും അവരെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും വേണമെന്ന് അറിയിക്കുന്ന അദ്ധ്യായം)

മുസ്‌ലിം: 2318 (നബി -ﷺ- കുട്ടികളോടും കുടുംബത്തോടും കരുണ കാണിച്ചതും, അവിടുത്തെ വിനയവും, അതിന്റെ ശ്രേഷ്ഠതയും വ്യക്തമാക്കുന്ന അദ്ധ്യായം)


പാഠങ്ങള്‍

1- ഈ ഹദീഥ് നബി -ﷺ- പറഞ്ഞ സാഹചര്യം:

നബി -ﷺ- ഒരിക്കല്‍ ഹസന്‍ ബ്നു അലി -رَضِيَ اللَّهُ عَنْهُ- വിനെ ചുംബിച്ചു. അവിടുത്തെ അരികില്‍ അഖ്റഉ ബ്നു ഹാബിസ് അത്തമീമി ഇരിക്കുന്നുണ്ടായിരുന്നു. (നബി -ﷺ- കുഞ്ഞിനെ ചുംബിക്കുന്നത് കണ്ടപ്പോള്‍) അഖ്റഅ് പറഞ്ഞു: “എനിക്ക് പത്ത് മക്കളുണ്ട്. അതില്‍ ഒരാളെയും ഞാന്‍ ചുംബിച്ചിട്ടില്ല.” അപ്പോഴാണ് അദ്ദേഹത്തെ നോക്കി കൊണ്ട് നബി -ﷺ- ഈ ഹദീഥ് പറഞ്ഞത്.

2- കാരുണ്യം ചൊരിയുന്നതിന്റെ ശ്രേഷ്ഠത:

കുട്ടികളെ ചുംബിച്ചു കൊണ്ടാണ് നബി -ﷺ- ഈ ഹദീഥ് പറഞ്ഞതെങ്കിലും അവരുടെ കാര്യത്തില്‍ മാത്രമല്ല ഈ ഹദീഥ് ബാധകമാവുക. മറിച്ച്, വലിയവര്‍ക്കും ഈ ഹദീഥിന്റെ ആശയം ബാധകമാകും. ദരിദ്രരോടും പ്രായത്തില്‍ ചെറിയവരോടും ആവശ്യക്കാരോടും മറ്റുമൊക്കെ കാരുണ്യം ചൊരിയണമെന്ന് ഈ ഹദീഥ് നമ്മെ പഠിപ്പിക്കുന്നു.

3- നബി -ﷺ- യുടെ മഹത്തായ കാരുണ്യം:

അല്ലാഹുവിന്റെ റസൂല്‍ -ﷺ- ലോകര്‍ക്ക് മുഴുവന്‍ കാരുണ്യമായാണ് നിയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് ഖുര്‍ആനില്‍ അല്ലാഹു -تَعَالَى- അറിയിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തന സാക്ഷ്യമാണ് ഈ ഹദീഥ്. കുട്ടികളോടും മറ്റും കരുണ കാണിക്കാന്‍ നബി -ﷺ- -അവിടുന്ന് അങ്ങേയറ്റം തിരക്കുകളും ബാധതകളും വഹിക്കുന്നവരായിട്ടു കൂടി- സമയം കണ്ടെത്തിയിരുന്നു എന്ന് ഈ ഹദീഥ് നമുക്ക് മനസ്സിലാക്കി നല്‍കുന്നു.

4- ചുംബനം കാരുണ്യമാണ്.

ചെറിയ കുട്ടികളെ ചുംബിക്കുന്നത് അനുവദനീയമാണെന്ന് ഈ ഹദീഥ് അറിയിക്കുന്നു. നിന്റെ സ്വന്തം മക്കളാണെങ്കിലും അല്ലെങ്കിലും ചെറിയ കുഞ്ഞുങ്ങളെ ചുംബിക്കാം. എന്നാല്‍ അതില്‍ നീ വല്ല കുഴപ്പവും ഭയക്കുന്നുണ്ടെങ്കില്‍ ചുംബനം പാടില്ല.

5- പരുഷമായി പെരുമാറുന്നവര്‍ക്കുള്ള താക്കീത്:

കുട്ടികളോടും മറ്റും കാരുണ്യം കാണിക്കണമെന്ന് മാത്രമല്ല ഈ ഹദീഥ് അറിയിക്കുന്നത്. മറിച്ച്, അപ്രകാരം കരുണയോടെ പെരുമാറാത്താവരോട് അല്ലാഹുവും കാരുണ്യം ചൊരിയില്ല എന്ന ശക്തമായ താക്കീതും ഇതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അല്ലാഹു ഒരാളോട് കാരുണ്യം ചൊരിഞ്ഞില്ലെങ്കില്‍ അവന്റെ ദുനിയാവും ആഖിറവും പരമ നഷ്ടത്തില്‍ തന്നെ.

7- പ്രവര്‍ത്തനത്തിന് യോജിച്ച പ്രതിഫലമാണുണ്ടാവുക:

ഭൂമിയിലുള്ളവരോട് കരുണ കാണിക്കാത്തവരോട് ആകാശത്തുള്ളവനായ അല്ലാഹുവും കരുണ കാണിക്കില്ല. ഇത് അവന്റെ നീതിയില്‍ പെട്ടതാണ്. ദുനിയാവില്‍ ഓരോരുത്തരും എന്തു തരം പ്രവര്‍ത്തനമാണോ ചെയ്തത്, അതിന് യോജിച്ച പ്രതിഫലമായിരിക്കും അവന് പരലോകത്ത് ലഭിക്കുക. ഇത് മറ്റനേകം ആയത്തുകളിലും ഹദീഥുകളിലും സ്ഥിരപ്പെട്ട ആശയമാണ്. ഉദാഹരണത്തിന്; നന്മ ചെയ്തവരോട് അല്ലാഹുവും നന്മ ചെയ്യും, ദാനം ചെയ്തവരുടെ മേല്‍ അല്ലാഹുവും ദാനം ചെയ്യും എന്നിങ്ങനെ.

8- ആദ്യം പഠിപ്പിക്കേണ്ട ഹദീഥ്:

ഇതിന് സമാനമായ ആശയമുള്ള ഹദീഥാണ് തങ്ങളുടെ അദ്ധ്യാപകര്‍ ആദ്യം ഞങ്ങളെ പഠിപ്പിച്ചതെന്ന് സലഫുകളില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്. അദ്ധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധം കാരുണ്യത്തിലും സ്നേഹത്തിലും അനുകമ്പയിലുമാണ് അടിസ്ഥാനപ്പെടുത്തേണ്ട് എന്ന സൂചന അവരുടെ പ്രവര്‍ത്തനങ്ങളിലുണ്ട്. അടിയും ചീത്തയും ആക്ഷേപവും പരിഹാസവുമൊന്നുമല്ല അദ്ധ്യാപനത്തിന്റെ അടിസ്ഥാനം എന്ന് കുട്ടികളെ പഠിപ്പിക്കുന്ന ഓരോരുത്തരും ഓര്‍ക്കേണ്ടതുണ്ട്. അദ്ധ്യാപകര്‍ എന്നതില്‍ മദ്രസയിലെ അദ്ധ്യാപകര്‍ മാത്രമല്ല; രക്ഷിതാക്കളും അവരുടെ ബന്ധുക്കളും വലിയവരുമെല്ലാം ഒരു നിലക്ക് ഉള്‍പ്പെടും.

9- ഈ ആശയത്തില്‍ വന്ന മറ്റു ചില ഹദീഥുകള്‍:

قَالَ النَّبِيُّ -ﷺ-: «ارْحَمُوا مَنْ فِي الأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ»

നബി -ﷺ- പറഞ്ഞു: “ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക; ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും.”

قَالَ النَّبِيُّ -ﷺ-: «الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ»

നബി -ﷺ- പറഞ്ഞു: “കരുണ കാണിക്കുന്നവരോട് റഹ്മാനായ അല്ലാഹുവും കരുണ കാണിക്കും.”

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

23 Comments

Leave a Comment