പെരുന്നാൾ നിസ്കാരത്തിന് ശേഷമാണ് പെരുന്നാൾ ഖുതുബ നിർവ്വഹിക്കേണ്ടത്. ജുമുഅഃ ഖുതുബയുടെ ദൈർഘ്യം പെരുന്നാൾ ഖുതുബക്കും ഉണ്ടാകാവുന്നതാണ്. പെരുന്നാൾ ഖുതുബ ജുമുഅ ഖുതുബക്കുള്ളത് പോലെ രണ്ട് ഖുതുബകളായാണോ അതല്ല ഒരൊറ്റ ഖുതുബ ആയിട്ടാണോ നിർവ്വഹിക്കേണ്ടത് എന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമുണ്ട്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരും പെരുന്നാൾ ഖുതുബക്ക് രണ്ട് ഖുതുബകൾ വേണമെന്ന് അഭിപ്രായപ്പെട്ടവരാണ്.
എന്നാൽ നബി -ﷺ- പെരുന്നാൾ ഖുതുബയിൽ രണ്ട് ഖുതുബകൾ നടത്തിയെന്നും, ഇടയിൽ ഇരുന്നുവെന്നുമുള്ള ഹദീഥ് ദുർബലമാണ് എന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. (നയ്ലുൽ അവ്ത്വാർ/ശൗകാനി: 3/323, ദ്വഈഫ് ഇബ്നി മാജ/അൽബാനി: 1279) അതിനാൽ പെരുന്നാൾ ഖുതുബ ഒരു ഖുതുബ മാത്രമായി പറയലാണ് സുന്നത്ത് എന്ന അഭിപ്രായമാണ് ചില പണ്ഡിതന്മാർ സ്വീകരിച്ചിട്ടുള്ളത്. ചുരുക്കത്തിൽ ഈ വിഷയത്തിൽ അഭിപ്രായവ്യത്യാസം വിശാലമാണ്. ഉദ്ദേശിക്കുന്നവർ രണ്ട് ഖുതുബ പറയട്ടെ; അല്ലാത്തവർ ഒരു ഖുതുബ പറയട്ടെ. ഇതിൽ ഓരോരുത്തർക്കും ശരിയാണ് എന്ന് മനസ്സിലാകുന്ന അഭിപ്രായം സ്വീകരിക്കാവുന്നതാണ്. വല്ലാഹു അഅ്ലം. (മജ്മൂഉ ഫതാവ/ഇബ്നു ഉസൈമീൻ: 16/246)