അങ്ങേയറ്റം സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് മാത്രം നിലനിര്‍ത്താന്‍ കഴിയുന്ന അതിമഹത്തരമായ പദവിയാണ്‌ തൌഹീദിലേക്കുള്ള ക്ഷണം; ദഅവത്ത്. ഇബാദതുകളില്‍ അതിമഹത്തരമായ സ്ഥാനം തന്നെ തൌഹീദിനുണ്ട്; അപ്പോള്‍ തൗഹീദിലേക്കുള്ള ക്ഷണത്തിനും അതിന്റേതായ പദവിയും മഹത്വവുമുണ്ടായിരിക്കും. മനുഷ്യരോട് വളരെ ഗുണകാംക്ഷ വെച്ചു പുലര്‍ത്തുന്നവനാണ് തൌഹീദിലേക്ക് ക്ഷണിക്കുന്ന ഓരോ വ്യക്തിയും. ഗുണകാംക്ഷയാകട്ടെ ദീനിന്റെ പരമപ്രധാന അടിസ്ഥാനവും.

«الدِّينُ النَّصِيحَةُ»

നബി -ﷺ- പറഞ്ഞു: “ദീന്‍ എന്നാല്‍ ഗുണകാംക്ഷയാണ്.” (മുസ്‌ലിം: 55)

ഇസ്‌ലാമില്‍ ദഅവത്തിനുള്ള പ്രാധാന്യം ഈ ഹദീസ് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “അല്ലാഹുവിനുള്ള ഏറ്റവും മഹത്തായ ആരാധന അവന്റെ സൃഷ്ടികളോട് ഗുണകാംക്ഷ പുലര്‍ത്തലാണ്. നബിമാരും റസൂലുകളും എല്ലാം ഈ ഗുണകാംക്ഷയുമാണ്‌ പറഞ്ഞയക്കപ്പെട്ടത്. സൃഷ്ടാവായ അല്ലാഹുവിനും അവന്റെ അടിമക്കും ഇടയിലുള്ള ബന്ധം ശരിയാക്കാന്‍ ഒരാളെ ഉപദേശിക്കുന്നതിനെക്കാള്‍ വലിയ മറ്റൊരു ഗുണകാംക്ഷയുമില്ല.” (മജ്മൂഉല്‍ ഫതാവ: 28/615)

അല്ലാഹു -تَعَالَى- പറഞ്ഞു:

وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّـهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ ﴿٣٣﴾ 

“അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്‌?” (ഫുസ്സ്വിലത്‌: 33)

‘അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിനെക്കാള്‍ നല്ല വാക്ക് പറഞ്ഞ മറ്റാരുണ്ട്’ എന്ന ഈ ചോദ്യത്തിനുള്ള ഉത്തരം ഇല്ലയെന്നു തന്നെയാണ്.

നോക്കൂ! ജനങ്ങളുടെ നേതാക്കന്മാരായി അല്ലാഹു നിശ്ചയിച്ചത് അവനിലേക്ക് ക്ഷണിക്കുന്ന, തൗഹീദ് പഠിപ്പിച്ചു കൊടുക്കുന്ന നബിമാരെയാണ്. അവര്‍ക്ക് ശേഷം ഈ സമൂഹത്തില്‍ ഏറ്റവും സ്ഥാനമുള്ളത് അല്ലാഹുവിനെ കുറിച്ച് പഠിപ്പിച്ചു കൊടുക്കുന്ന, അവന്റെ ദീനിനെ കുറിച്ച് അറിയിച്ചു നല്‍കുന്ന പണ്ഡിതന്മാര്‍ക്കും പ്രബോധകര്‍ക്കുമാണ്. അവര്‍ ചെയ്യുന്ന മഹത്തരമായ പ്രവര്‍ത്തിയുടെ -ദഅവത്തിന്റെ- സ്ഥാനമാണ് അവരെ ഉയര്‍ത്തിയത്.

എന്തിനാണ് ദഅവത് നടത്തുന്നത്?

എന്താണ് ദഅവതിന്റെ ലക്ഷ്യം?!

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “ദഅവതിന്റെ ലക്ഷ്യം അല്ലാഹുവിന്റെ അടിമകളെ അവനെ മാത്രം ആരാധിക്കുകയും, അവനില്‍ ഒരാളെയും പങ്കു ചേര്‍ക്കാതിരിക്കുകയും ചെയ്യുക എന്ന തൌഹീദിലേക്ക് എത്തിക്കലാണ്.” (മജ്മൂഉല്‍ ഫതാവ: 2/6)

സ്വഭാവ മര്യാദകള്‍, പരസ്പര ബന്ധങ്ങള്‍ ശരിയാക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളിലേക്കുള്ള ക്ഷണവും ദഅവതുമൊന്നും ചെറുതായി കാണേണ്ട കാര്യമല്ല; പക്ഷേ തൌഹീദിലേക്കുള്ള ക്ഷണം ഈ പറഞ്ഞതിനെക്കാളെല്ലാം എത്രയോ മുകളിലാണ്. കാരണം നമ്മുടെ ദീനില്‍ ഏറ്റവും മഹത്തരമായ നന്മ തൗഹീദാണ്. ഏറ്റവും ശ്രേഷ്ഠതയുള്ളതും അങ്ങേയറ്റം സ്ഥാനമുള്ളതും തൌഹീദിന് തന്നെ. ദീനിന്റെ തുടക്കവും ഒടുക്കവും അതിലാണ്. അല്ല! നബിമാരുടെ ദീനിലോ അല്ലാഹുവിന്റെ ഗ്രന്ഥങ്ങളില്‍ ഏതെങ്കിലും ഒന്നിലോ തൗഹീദിനേക്കാള്‍ മഹത്തരമായ മറ്റൊന്നും തന്നെയില്ല.

ഒരു അണുമണിത്തൂക്കമെങ്കിലും തൗഹീദുള്ളവനായാണ് നീ മരിച്ചതെങ്കില്‍ ഒരിക്കലും നരകത്തില്‍ ശാശ്വതമായി നിനക്ക് വസിക്കേണ്ടി വരില്ല. തൗഹീദ് അതിന്റെ പൂര്‍ണ്ണതയില്‍ എത്തിച്ചു കൊണ്ടാണ് നീ മരിച്ചതെങ്കില്‍ ഒരു നിമിഷം പോലും -അല്ലാഹുവിന്റെ അനുഗ്രഹമുണ്ടെങ്കില്‍- നിനക്ക് നരകത്തില്‍ കഴിയേണ്ടി വരില്ല. മറിച്ച്, ഒരു വിചാരണയും കൂടാതെ -അല്ലാഹുവിന്റെ കാരുണ്യത്തോടെ- നേരെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ നിനക്ക് കഴിയും.

ഇതു കൊണ്ടെല്ലാം തന്നെ എല്ലാ നബിമാരുടെയും ആരംഭം തൌഹീദിലേക്ക് ക്ഷണിച്ചു കൊണ്ടായിരുന്നു.

അല്ലാഹു -تَعَالَى- പറഞ്ഞു:

وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ

“തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ മാത്രം ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.)” (നഹ്ല്‍: 36)

എല്ലാ നബിമാരും തങ്ങളുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ചത് തൗഹീദ് ശരിയാക്കുവാന്‍ വേണ്ടിയായിരുന്നു. തൌഹീദിനെ കുറിച്ച് അവര്‍ പറഞ്ഞു കൊണ്ടിരിക്കെ അവരുടെ ചുറ്റുപാടുകളില്‍ അനേകം മ്ലേഛതകളും അനാശാസ്യങ്ങളും നടമാടിയിരുന്നു. അതെല്ലാമുണ്ടായിട്ടും അവര്‍ ആദ്യം ക്ഷണിച്ചത് തൌഹീദിലേക്കായിരുന്നു. എല്ലാ നബിമാരും തങ്ങളുടെ സമൂഹത്തോട് പറഞ്ഞു കൊണ്ടിരുന്നു:

يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ

“എന്റെ ജനങ്ങളേ! നിങ്ങള്‍ അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുവിന്‍. അവനല്ലാതെ നിങ്ങള്‍ക്ക് ഒരു ഇലാഹുമില്ല.” (അഅറാഫ്: 59)

അല്ലാഹുവിന്റെ റസൂല്‍ -ﷺ- യുടെ ദഅവതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കൂ! മക്കയില്‍ അവിടുന്ന് തന്റെ പ്രബോധനം ആരംഭിച്ചത് തൌഹീദിലേക്ക് ക്ഷണിച്ചു കൊണ്ടായിരുന്നു. മക്കയിലെ ദുല്‍ മജാസിലെ ചന്തയില്‍ അവിടുന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു:

«يَا أَيُّهَا النَّاسُ! قُولُوا لَا إِلَهَ إِلَّا اللَّهُ تُفْلِحُوا»

“ഹേ ജനങ്ങളേ! നിങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ് പറയുക! നിങ്ങള്‍ക്ക് വിജയിക്കാം.” (അഹ്മദ്: 16023)

23 വര്‍ഷങ്ങള്‍ക്ക് ശേഷം, ആയിരക്കണക്കിന് സ്വഹാബികളുടെ, തൌഹീദിന്റെ പോരാളികളുടെ നടുവില്‍, ആഇഷ -رَضِيَ اللَّهُ عَنْهَا- യുടെ മുറിയില്‍, രണ്ടു പേരുടെ വേദന സഹിച്ചു കൊണ്ടിരിക്കെ നമ്മുടെ റസൂല്‍ -ﷺ- ആവര്‍ത്തിച്ചു കൊണ്ടിരുന്നു:

«لَعْنَةُ اللَّهِ عَلَى اليَهُودِ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ»

“യഹൂദ നസ്വാറാക്കളെ അല്ലാഹു ശപിക്കട്ടെ! അവര്‍ തങ്ങളുടെ നബിമാരുടെ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കി.” (ബുഖാരി: 3453, മുസ്‌ലിം: 531)

ഈ 23 വര്‍ഷങ്ങളുടെ ഇടവേളകളില്‍ അവിടുന്ന് തൗഹീദ് പഠിപ്പിച്ചു കൊണ്ടേയിരുന്നു. തന്റെ സ്വഹാബികളെ അവിടുന്ന് തൌഹീദിലേക്ക് ക്ഷണിക്കുന്നതിന്റെ പ്രാധാന്യം എപ്പോഴും ഓര്‍മ്മപ്പെടുത്തി കൊണ്ടേയിരുന്നു. യമാനിലേക്ക് മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ പറഞ്ഞയക്കവെ നബി -ﷺ- പറഞ്ഞു കൊടുത്തു:

«إِنَّكَ تَأْتِي قَوْمًا مِنْ أَهْلِ الكِتَابِ! فَلْيَكُنْ أَوَّلُ مَا تَدْعُوهُمْ إِلَيْهِ شَهَادَةُ أَنْ لَا إِلَهَ إِلَّا اللَّهُ»

“ഹേ മുആദ്! നീ പോകുന്നത് ആഹ്ലുല്‍ കിതാബുകാരില്‍ പെട്ട ഒരു സമൂഹത്തിലേക്കാണ്. അതിനാല്‍ ആദ്യം നീ അവരെ ക്ഷണിക്കുന്നത് അല്ലാഹുവിനെ ഏകാനാക്കുന്നതിലേക്കാകട്ടെ!” (ബുഖാരി: 7372, മുസ്‌ലിം: 19)

ചിലര്‍ ധരിച്ചിരിക്കുന്നത് ശിര്‍ക് നിറഞ്ഞു നില്‍ക്കുന്ന നാടുകളില്‍ മാത്രമേ തൗഹീദ് പറയേണ്ടതുള്ളു എന്നാണ്. തൗഹീദ് അറിയുന്നവരോടെന്തിനു തൗഹീദ് പറയണമെന്നവര്‍ ചോദിക്കുന്നു. ചരിത്രം അവരുടെ ചോദ്യത്തിന് ഉത്തരം നല്‍കും.

പതിമൂന്ന് വര്‍ഷക്കാലം തൌഹീദിലേക്ക് ക്ഷണിച്ച്, പീഡനങ്ങള്‍ ഏറെ സഹിച്ച്, ജനിച്ച നാട്ടില്‍ നിന്ന്; പടുത്തുയര്‍ത്തിയ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട് മദീനയിലെത്തിയെ ശേഷം ഖുര്‍ആനിലൊരു സൂറത് അവതരിച്ചു. നമ്മുടെ റസൂലിന്റെ പേരാണ് ആ സൂറതിന്. അതില്‍ അല്ലാഹു -تَعَالَى- പറഞ്ഞു:

فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللَّهُ

“അല്ലാഹുവല്ലാതെ ഇബാദതിന് അര്‍ഹനായി മറ്റാരും ഇല്ലെന്നും -ലാ ഇലാഹ ഇല്ലല്ലാഹ് എന്ന്- നീ അറിയുക.” (മുഹമ്മദ്‌: 19)

നോക്കണം!

ആരോടാണ് തൗഹീദ് പഠിക്കണമെന്നു പറയുന്നത്?! നമ്മുടെ റസൂലിനോട്!

എപ്പോഴാണ് ഈ കല്‍പ്പന അവതരിക്കുന്നത്?! വര്‍ഷങ്ങളോളം തൌഹീദിലേക്ക് ക്ഷണിച്ച ശേഷം!

അപ്പോള്‍ ശിര്‍ക് നിറഞ്ഞു നില്‍ക്കുന്ന, മുശ്രിക്കുകള്‍ ഇടകലര്‍ന്നു ജീവിക്കുന്ന നമ്മുടെ നാടുകളില്‍ എന്തു മാത്രം നാം തൌഹീദിനെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കണം?! നമ്മുടെ നാവുകള്‍ എത്ര മാത്രം തൌഹീദിന് വേണ്ടി ശബ്ദിച്ചു കൊണ്ടിരിക്കണം?!

റസൂലുല്ലാഹി -ﷺ- തൗഹീദ് ആവര്‍ത്തിച്ചു പഠിപ്പിച്ചു കൊടുത്ത, അവിടുത്തെ നാവില്‍ നിന്ന് തൌഹീദിന്റെ ബാലപാഠങ്ങള്‍ പഠിച്ച സ്വഹാബികളെ റസൂലുല്ല -ﷺ- ആവര്‍ത്തിച്ച് തൌഹീദിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നിരുന്നു. പഠിച്ചു കഴിഞ്ഞ കാര്യം വീണ്ടും വീണ്ടും പഠിപ്പിക്കുന്നതെന്തിനെന്ന് അവരാരും ചോദിച്ചില്ല. മറ്റു വല്ല വിഷയങ്ങളും പറഞ്ഞു കൂടെ എന്നവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചില്ല.

عَنْ عَوْفِ بْنِ مَالِكٍ الْأَشْجَعِيِّ قَالَ: كُنَّا عِنْدَ رَسُولِ اللَّهِ -ﷺ- تِسْعَةً أَوْ ثَمَانِيَةً أَوْ سَبْعَةً، فَقَالَ: «أَلَا تُبَايِعُونَ رَسُولَ اللَّهِ؟» وَكُنَّا حَدِيثَ عَهْدٍ بِبَيْعَةٍ، فَقُلْنَا: قَدْ بَايَعْنَاكَ يَا رَسُولَ اللَّهِ، ثُمَّ قَالَ: «أَلَا تُبَايِعُونَ رَسُولَ اللَّهِ؟» فَقُلْنَا: قَدْ بَايَعْنَاكَ يَا رَسُولَ اللَّهِ، ثُمَّ قَالَ: «أَلَا تُبَايِعُونَ رَسُولَ اللَّهِ؟» قَالَ: فَبَسَطْنَا أَيْدِيَنَا وَقُلْنَا: قَدْ بَايَعْنَاكَ يَا رَسُولَ اللَّهِ، فَعَلَامَ نُبَايِعُكَ؟ قَالَ: «عَلَى أَنْ تَعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا، وَالصَّلَوَاتِ الْخَمْسِ» الحديث.

ഔഫ്‌ ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- പറയുന്നു: “ഞങ്ങള്‍ ഏഴോ എട്ടോ ഒന്‍പതോ പേര്‍ നബി -ﷺ- യുടെ അടുക്കലായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: “നിങ്ങള്‍ അല്ലാഹുവിന്റെ റസൂലിന് ബയ്അത് ചെയ്യുന്നില്ലേ?!” ഞങ്ങളാകട്ടെ; അടുത്ത് ബയ്അത് ചെയ്തവരായിരുന്നു. അതു കൊണ്ട് ഞങ്ങള്‍ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! അങ്ങേക്ക് ഞങ്ങള്‍ ബയ്അത് ചെയ്തിരിക്കുന്നു.”

അപ്പോള്‍ അവിടുന്ന് പറഞ്ഞു: “നിങ്ങള്‍ അല്ലാഹുവിന്റെ റസൂലിന് ബയ്അത് ചെയ്യുന്നില്ലേ?!”

ഞങ്ങള്‍ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! അങ്ങേക്ക് ഞങ്ങള്‍ ബയ്അത് ചെയ്തിരിക്കുന്നു.”

അപ്പോള്‍ അവിടുന്ന് പറഞ്ഞു: “നിങ്ങള്‍ അല്ലാഹുവിന്റെ റസൂലിന് ബയ്അത് ചെയ്യുന്നില്ലേ?!”

അപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ കൈകള്‍ നീട്ടി കൊണ്ട് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! എന്താണ് ഞങ്ങള്‍ അങ്ങയോട് ബയ്അത് ചെയ്യേണ്ടത്?”

നബി -ﷺ- പറഞ്ഞു: “അല്ലാഹുവിനെ മാത്രം നിങ്ങള്‍ ഇബാദത് ചെയ്യുകയുള്ളൂവെന്നും, അവനില്‍ നിങ്ങള്‍ ഒരാളെയും പങ്കു ചേര്‍ക്കുകയില്ലയെന്നും, അഞ്ചു നേരത്തെ നിസ്കാരം നിലനിര്‍ത്തുമെന്നും…”

നോക്കൂ! തൗഹീദ് നിറഞ്ഞു നില്‍ക്കുന്ന ഒരു സമൂഹത്തിനെ അതിനെ കുറിച്ചോര്‍മ്മപ്പെടുത്തിയ നമ്മുടെ റസൂലിന്റെ ചരിത്രമാണിത്! അപ്പോള്‍ ശിര്‍കിന്റെ വേരുകള്‍ ആഴത്തില്‍ ഇറങ്ങിയ, അന്ധവിശ്വാസങ്ങളും അറിവില്ലായ്മയും നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍ -ഹേ തൌഹീദിന്റെ വക്താക്കളെ! അല്ലാഹുവിന്റെ അടിമകളേ- നാം എന്തു മാത്രം തൗഹീദ് പഠിക്കുകയും പഠിപ്പിക്കുകയും വേണം?!

എങ്ങനെയാണ് നമുക്ക് സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുക?! ഖബറുകള്‍ക്ക് മുന്നില്‍ സുജൂദ് ചെയ്യുന്ന, അവിടെ ഭാരങ്ങള്‍ ഇറക്കി വെക്കാന്‍ കഴിയുമെന്ന് വ്യാമോഹിക്കുന്ന ഈ സാധുക്കളുടെ കാഴ്ച ഏതൊരാളുടെ കണ്ണുകളെയാണ് ഈറനണിയിക്കാത്തത്?! അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നതിന് വേണ്ടി ഖബറുകളുടെ ചുറ്റും തിരക്കു കൂട്ടുന്നവരുടെ കാഴ്ച ഏതു ഹൃദയങ്ങളെയാണ് വേദന കൊണ്ട് നിറക്കാത്തത്?! ഹയ്യും ഗഫൂറുമായ, അസീസും ഗഫ്ഫാറുമായ റബ്ബിനോട് പ്രാര്‍ഥിക്കാതെ, മരിച്ചു മണ്ണടിഞ്ഞ, ഏതോ ഖബറിനടിയില്‍ എല്ലുകള്‍ നുരുമ്പിച്ച്, മാംസം മണ്ണിനോട് ചേര്‍ന്ന ചിലരുടെ പേരുകള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന ഒരു സമൂഹം ആരുടെ മനസ്സുകളെയാണ് അസ്വസ്ഥമാക്കാത്തത്?!

ഇതിനൊക്കെ പുറമെ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന ശിര്‍കിന്റെ പ്രചാരത്തിന് വേണ്ടിയുള്ള നിലക്കാത്ത പ്രചാരണങ്ങള്‍. സിഹ്റും മന്ത്രവാദവും ബിദ്അതുകളും പ്രചരിപ്പിക്കാന്‍ വേണ്ടി നിരന്തരമായി പരിശ്രമിക്കുന്ന സംഘങ്ങളും സംഘടനകളും. മുസ്‌ലിംകളെ അവരുടെ ദീനില്‍ നിന്ന് പുറത്തു കൊണ്ടു വരണമെന്ന ഉദ്ദേശത്തില്‍ ക്ഷീണമില്ലാതെ പ്രവര്‍ത്തിക്കുന്ന മതേതരവും അല്ലാത്തതുമായ വ്യത്യസ്ത കൂട്ടായ്മകള്‍.

ഇവകള്‍ക്കെല്ലാം ഇടയില്‍ തൌഹീദിലേക്കുള്ള ക്ഷണം പതിന്മടങ്ങ് ശക്തിയോടെ നിര്‍വ്വഹിക്കാന്‍ തൌഹീദിന്റെ വക്താക്കള്‍ തയ്യാറാവുക തന്നെ വേണം. നബി -ﷺ- കാണിച്ചു തന്ന മാര്‍ഗത്തിലൂടെ മുന്നോട്ടു പോവുകയും, അതേ മാര്‍ഗം അടിസ്ഥാനപ്പെടുത്തി ദഅവാ സംരംഭങ്ങള്‍ പടുത്തുയര്‍ത്തുകയും ചെയ്യുന്നതിനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

ഇന്ന് -അല്‍ഹംദുലില്ലാഹ്- ഇസ്‌ലാമിക പ്രബോധനത്തിന് വേണ്ടി ചിലവഴിക്കപ്പെടുന്ന ശാരീരികവും സാമ്പത്തികവുമായ അധ്വാനം ധാരാളമുണ്ട്. എത്രയോ കൂട്ടായ്മകള്‍ പ്രബോധന വഴിയില്‍ ആവേശത്തോടെ മുന്നേറുന്നുണ്ട്! എന്നാല്‍ ഇതിന്റെയെല്ലാം ഫലമേവിടെ എന്ന് നാം അത്ഭുതപ്പെടുന്നു. ഇത്രയും പരിശ്രമമെല്ലാം ഉണ്ടായിട്ടും അവക്ക് സമൂഹത്തെ മാറ്റിമറിക്കുന്നതില്‍ വലിയ പങ്കു വഹിക്കാന്‍ കഴിയാത്തതെന്ത് എന്ന് നാം ആശ്ചര്യപ്പെടുന്നു!

ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞതു തന്നെ കാരണം: “ജനങ്ങളെ അല്ലാഹുവും റസൂലും ക്ഷണിച്ചതു പോലെ ക്ഷണിക്കാന്‍ പ്രബോധകര്‍ തയ്യാറായിരുന്നുവെങ്കില്‍ ലോകം മുഴുവന്‍ ഒരു കുഴപ്പവും ബാക്കിയില്ലാത്ത രൂപത്തില്‍ നന്നാവുമായിരുന്നു.” (ഫവാഇദ്: 222)

നോക്കൂ!

ഇതാണ് യഥാര്‍ത്ഥ പ്രശ്നം. പ്രബോധനത്തിന്റെ മാര്‍ഗവും രീതിശാസ്ത്രങ്ങളും നബി -ﷺ- യുടെ മാര്‍ഗത്തോട് രൂപത്തിലും രീതിയിലും വഴികളിലും എല്ലാം യോജിക്കണം. അവിടുന്നു വരച്ചു തന്ന വഴിയില്‍ നിന്ന് ഒരിക്കലും പ്രബോധന മാര്‍ഗങ്ങള്‍ പുറത്തു കടക്കരുത്. ഇന്ന് സമൂഹത്തില്‍ നിലകൊള്ളുന്ന എത്രയോ പ്രബോധക സംഘങ്ങളില്‍ ഈ പറഞ്ഞ പ്രശ്നം പ്രകടമായി കാണാന്‍ കഴിയും.

തൌഹീദീ പ്രബോധനത്തിന്റെ പ്രാധാന്യമാണല്ലോ നാം ഇത്രയും പറഞ്ഞു വന്നത്. അക്കാര്യം തന്നെ എടുക്കാം. തൌഹീദിലേക്ക് ക്ഷണിക്കുക എന്നത് വളരെ പിന്തിരിപ്പനായി കാണുന്ന, ആധുനികതയുടെ പിറകെ പോകുന്ന ധാരാളം പേരെ കാണാം. അവരെ സംബന്ധിച്ചിടത്തോളം തൌഹീദിലേക്കുള്ള പ്രബോധനം പേരുകളില്‍ മാത്രം ഒതുങ്ങുന്നു.

എന്താണ് തൗഹീദെന്നോ, അതിന്റെ വിശദീകരണങ്ങള്‍ എന്താണെന്നോ, ശിര്‍കും തൌഹീദും വേര്‍തിരിയുന്ന അടിസ്ഥാനങ്ങള്‍ എവിടെയെല്ലാമാണെന്നോ -സാധാരണക്കാര്‍ അവിടെ നില്‍ക്കട്ടെ- പ്രബോധകരില്‍ ചിലര്‍ക്ക് പോലും അറിയില്ല. ലാ ഇലാഹ ഇല്ലല്ലാഹുവിന്റെ അര്‍ത്ഥമോ, ഇബാദതിന്റെ ശ്വര്‍ത്വുകളോ, തൌഹീദിന്റെ ഇനങ്ങളോ, ഇസ്‌ലാമിന്റെ വിശദീകരണമോ, ശഹാദത് കലിമയുടെ ഉദ്ദേശമോ അവര്‍ പഠിച്ചിട്ടില്ല. അവര്‍ക്ക് തന്നെ അറിയാത്ത കാര്യം അവരെങ്ങനെയാണ് ജനങ്ങളെ പഠിപ്പിക്കുക?!

ഇതിനേക്കാള്‍ അപകടകരമാണ് മറ്റു ചിലരുടെ കാര്യം. അവര്‍ക്ക് തൗഹീദിലേക്കുള്ള ക്ഷണം തന്നെ വെറുപ്പുണ്ടാക്കുന്നതും അസ്പര്‍ശ്യവുമാണ്. മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിന് മുന്നിലെ ഏറ്റവും വലിയ വിലങ്ങു തടിയായി അവര്‍ കണക്കാക്കിയിരിക്കുന്നത് തൗഹീദിലേക്കുള്ള ക്ഷണത്തെയാണ്‌. അതിനാല്‍ അവരുടെ സംസാരങ്ങളില്‍ തൗഹീദ് വരില്ല. വന്നാല്‍ തന്നെ അവരത് വിശദീകരിച്ചു പറയുകയില്ല. തങ്ങളുടെ ചുറ്റും കൂടിയ ജനങ്ങള്‍ അകന്നു പോകുമോ എന്നത് അവരെ ഭയപ്പെടുത്തുന്നു.

എത്ര മാത്രം വലിയ അറിവില്ലായ്മയിലാണ് ഇക്കൂട്ടര്‍ കഴിച്ചു കൂട്ടുന്നത്?! തൗഹീദാണ് മുസ്‌ലിമീങ്ങളെ -അല്ല! മനുഷ്യരെയാകമാനം- ഒരുമിച്ചു കൂട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കണ്ണിയെന്ന സത്യം അവര്‍ മനസ്സിലാക്കിയിട്ടില്ല. ശിര്‍കിന്റെ മാര്‍ഗങ്ങളാണ് സമൂഹത്തെ മുഴുവന്‍ ഭിന്നിപ്പിക്കുകയും അവരുടെ ഒരുമ തകര്‍ക്കുകയും ചെയ്യുന്നത് എന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടില്ല.

ജനങ്ങളെ തൃപ്തിപ്പെടുത്തുകയും, തനിക്ക് ചുറ്റും ജനങ്ങളെ അധികരിപ്പിക്കുകയും ചെയ്യലാണ് തന്റെ പ്രധാന ലക്ഷ്യം എന്ന് തെറ്റിദ്ധരിച്ച ഒരു ഇത്തരം പ്രബോധകരേക്കാള്‍ അധപതിച്ച മറ്റാരുണ്ട്?! തന്റെ പ്രശസ്തിയും ജനങ്ങള്‍ക്കിടയിലെ പേരും പെരുമയും ശ്രദ്ധിക്കുകയും, അതിന് വേണ്ടി കോപിക്കുകയും ചെയ്യുന്നവനെക്കാള്‍ വിഡ്ഢിയും വിവരദോഷിയുമായ മറ്റാരുണ്ട്?! അല്ലാഹു -تَعَالَى- നാമേവരെയും തൌഹീദിന്റെ വക്താക്കളും, അതിലേക്ക് ക്ഷണിക്കുന്നവരും, അതില്‍ തന്നെ മരണം വരെ നിലകൊള്ളുന്നവരുമാക്കി നിലനിര്‍ത്തട്ടെ.

(മസ്ജിദുന്നബവിയില്‍ മുദര്‍രിസ് ആയ, മദീനയിലെ ജാമിഅ അല്‍-ഇസ്‌ലാമിയ്യയില്‍ അദ്ധ്യാപകനായ ശൈഖ് സ്വാലിഹ് ബ്നു അബ്ദില്‍ അസീസ്‌ അസ്സിന്തി (ഹഫിദഹുല്ലാഹ്) രചിച്ച ‘അദ്ദഅവതു ഇലല്ലാഹ്’ എന്ന ലേഖനത്തിന്റെ സ്വതന്ത്ര ആശയ വിവര്‍ത്തനമാണ് ലേഖനം. ശൈഖിനും വിവര്‍ത്തകനും വായനക്കാര്‍ക്കും മുസ്‌ലിമീങ്ങള്‍ക്കും അല്ലാഹു -تَعَالَى- മഗ്ഫിറതും മര്‍ഹമതും നല്‍കി അനുഗ്രഹിക്കട്ടെ.)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment