ചോദ്യം: വ്യക്തികള്‍ക്ക് മറുപടി പറയുമ്പോള്‍ അവരുടെ പേര് സൂചിപ്പിക്കേണ്ടതുണ്ടോ? എന്താണ് ഈ വിഷയത്തില്‍ അഹ്ലുസ്സുന്നയുടെ നിലപാട്? ചില പ്രബോധകരുടെ തെറ്റുകള്‍ തിരുത്തുന്നത് ഫിത്നയാണോ? അത് അവസാനിപ്പിക്കേണ്ടതുണ്ടോ?
ഉത്തരം: തെറ്റുകള്‍ തിരുത്തപ്പെടണം. ശരിയും തെറ്റും വേര്‍തിരിക്കുക എന്നത് നിര്‍ബന്ധമാണ്.
എന്നാല്‍ വ്യക്തികളെ ആക്ഷേപിക്കുന്നതില്‍ -അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ പറയുന്നതില്‍- ഒരു ഉപകാരവുമില്ല. മറിച്ച് അതില്‍ അപകടങ്ങളാണുള്ളത്. ആരുടെയും വ്യക്തിത്വമല്ല നാം വിമര്‍ശന വിധേയമാക്കുന്നത്. മറിച്ച് തെറ്റുകളാണ് നാം വിശദീകരിക്കേണ്ടത്.
ജനങ്ങള്‍ക്ക് ശരിയും തെറ്റും വേര്‍തിരിച്ചു മനസ്സിലാക്കി നല്‍കിയാലേ അവര്‍ക്ക് ശരി സ്വീകരിക്കാനും, തെറ്റ് ഒഴിവാക്കാനും സാധിക്കുകയുള്ളൂ. അത് കൊണ്ട് നമ്മള് ഉദ്ദേശിക്കുന്നത് ആരുടെയും വ്യക്തിത്വം മോശമാക്കാനോ, അയാളെ ജനങ്ങള്‍ക്ക് മുന്നില്‍ വഷളാക്കാനോ അല്ല. അത്തരം ഉദ്ദേശവുമായി പ്രവര്‍ത്തിക്കുന്നവര്‍ ദേഹേഛയുടെ വക്താക്കളാണ്.
എന്നാല്‍ മുസ്ലിമീങ്ങള്‍ക്ക് ശരി മനസ്സിലാകണമെന്ന ഉദ്ദേശത്തിലാണ് ഒരാള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവന് മുസ്ലിമീങ്ങളോട് ഗുണകാംക്ഷയുള്ളവനാണ്. വ്യക്തികളുടെ പേര് പറയുക എന്നത് ആവശ്യമാണെങ്കില്‍ പറയണം. ജനങ്ങള്‍ക്ക് തെറ്റു പറ്റിയവരെ മനസ്സിലാകണമെങ്കില്‍ അത് ആവശ്യമാണ്. കൂടുതല്‍ നന്മ അതിലുള്ളത് കൊണ്ടാണ് അപ്രകാരം ചെയ്യണമെന്ന് പറയുന്നത്.
ഹദീഥ് പണ്ഡിതന്മാര് വ്യക്തികളുടെ പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു അവര്‍ ആക്ഷേപിച്ചിരുന്നത്. ഇന്ന വ്യക്തി മനപാഠമാക്കുന്നതില്‍ മോശമാണ്. ഇന്നയാള് ഹദീഥില്‍ തദ്ലീസ് നടത്തുന്നയാളാണ്. അവരിപ്രകാരം ചെയ്തതൊന്നും വ്യക്തികളെ ആക്ഷേപിക്കാനല്ല. ജനങ്ങള്‍ക്ക് സത്യം മനസ്സിലാകുന്നതിനും, ഈ വ്യക്തി നിവേദനം ചെയ്ത ഹദീഥുകള്‍ സ്വീകരിക്കാതെ മാറി നില്ക്കുന്നതിനും വേണ്ടിയാണ് അവര്‍ അപ്രകാരം ചെയ്തത്.
ചുരുക്കത്തില്‍, ഈ വിഷയം ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു വ്യക്തിയെ വഷളാക്കുക എന്നതാണ് ഉദ്ദേശമെങ്കില്‍ അത് അനുവദനീയമല്ല. എന്നാല്‍, സത്യം മനസ്സിലാക്കി നല്‍കലും മുസ്ലിമീങ്ങളോടുള്ള ഗുണകാംക്ഷയുമാണെങ്കില് അതില്‍ തെറ്റില്ല.
(അല്‍-അജ്വിബതുല്‍ മുഫീദ അന് അസ്ഇലതില്‍ മനാഹിജില്‍ ജദീദ: 57)