അഖീദയുടെ പ്രമാണങ്ങളും സലഫുകളുടെ നിലപാടും

അഖീദ സ്വീകരിക്കേണ്ടത് എവിടെ നിന്ന്?

ഇസ്‌ലാമിക വിശ്വാസകാര്യങ്ങൾ പരിപൂർണ്ണമായും ‘തൗഖീഫിയ്യഃ’ (توقيفية – അല്ലാഹുവിൽ നിന്നുള്ള പ്രമാണങ്ങളെ മാത്രം ആശ്രയിച്ചുനിൽക്കുന്നത്) ആണ്. അഥവാ, ശറഇയ്യായ തെളിവുകളിലൂടെ (ഖുർആനും സുന്നത്തും) അല്ലാതെ അഖീദഃയുടെ അടിസ്ഥാനങ്ങൾ സ്ഥിരപ്പെടുകയില്ല; കേവല യുക്തിക്കോ ബുദ്ധിക്കോ വ്യക്തിപരമായ അഭിപ്രായങ്ങൾക്കോ ഇവിടെ യാതൊരുവിധ സ്ഥാനവുമില്ല.

അല്ലാഹുവിന്റെ സംസാരമായ വിശുദ്ധ ഖുർആനും നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട ഹദീഥുകളും മാത്രമാണ് പ്രമാണങ്ങൾ. കാരണം:

  • അല്ലാഹുവിനെക്കുറിച്ചും അവന് നിർബന്ധമായിട്ടുള്ള ഗുണവിശേഷങ്ങളെക്കുറിച്ചും അല്ലാഹുവിന് യോജിക്കാത്ത ന്യൂനതകളെക്കുറിച്ചും അല്ലാഹുവിനേക്കാൾ നന്നായി അറിയുന്ന മറ്റാരുമില്ല.
  • അല്ലാഹുവിനെ കുറിച്ച് സൃഷ്ടികളിൽ ഏറ്റവും സൂക്ഷ്മമായി അറിയുന്നത് അല്ലാഹുവിന്റെ റസൂൽ ﷺ ക്ക് മാത്രമാണ്.

അതുകൊണ്ടുതന്നെ, സച്ചരിതരായ മുൻഗാമികൾ (സലഫുസ്സ്വാലിഹീങ്ങൾ) തങ്ങളുടെ അഖീദഃ സ്വീകരിക്കുന്നതിനായി ഖുർആനും സുന്നത്തും മാത്രമാണ് ആശ്രയിച്ചത്. അല്ലാഹുവിനെ കുറിച്ച് വിശുദ്ധ ഖുർആനും തിരുസുന്നത്തും സ്ഥിരപ്പെടുത്തിയ കാര്യങ്ങൾ അവർ വിശ്വസിക്കുകയും ഉൾക്കൊള്ളുകയും പ്രാവർത്തികമാക്കുകയും ചെയ്തു. ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെടാത്ത കാര്യങ്ങളെ അവർ പൂർണ്ണമായി തള്ളിക്കളയുകയും ചെയ്തു.

ഈ മാർഗം സ്വീകരിച്ചതിനാൽ നബി -ﷺ- യുടെ സ്വഹാബികളും ശേഷം വന്ന താബിഈങ്ങളും അടക്കമുള്ള സച്ചരിതരായ മുൻഗാമികൾക്കിടയിൽ -സലഫുകൾക്കിടയിൽ- അഖീദയുടെ അടിസ്ഥാനങ്ങളിൽ യാതൊരുവിധ ഭിന്നതയും ഉണ്ടായില്ല. അവരുടെ വിശ്വാസം ഒന്നായിരുന്നു; അതിനാൽ അവരെല്ലാം ഒറ്റക്കെട്ടായി നിലകൊള്ളുന്ന ഒരു സമൂഹവും. അല്ലാഹുവിന്റെ ഗ്രന്ഥവും നബി -ﷺ- യുടെ സുന്നത്തും മുറുകെപ്പിടിക്കുന്നവർ ശരിയായ വിശ്വാസത്തിലേക്ക് എത്തിപ്പെടുമെന്നതും, അവർക്കിടയിൽ ഐക്യവും ഒരുമയും നിലനിൽക്കുമെന്നും അല്ലാഹു തന്നെ അവന്റെ ഖുർആനിലൂടെ വാഗ്ദാനം നൽകിയിട്ടുണ്ട്.

وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا

“നിങ്ങളെല്ലാവരും അല്ലാഹുവിന്റെ പാശത്തെ ഒന്നായി മുറുകെപ്പിടിക്കുക; നിങ്ങൾ ഭിന്നിച്ചുപോകരുത്.” (ആലു ഇംറാൻ: 103)

അല്ലാഹുവിന്റെ പാശം എന്നാൽ ഖുർആനും സുന്നത്തുമാണ്; അവയെ മുറുകെ പിടിച്ചു കൊണ്ട് അല്ലാഹുവിന്റെ ദീനിലും പ്രമാണങ്ങളിലും ഒന്നിച്ചുനിലകൊള്ളുന്നത് ഭിന്നതകളിൽ നിന്നും വ്യതിയാനങ്ങളിൽ നിന്നും രക്ഷനേടാനുള്ള മാർഗ്ഗമാണെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു. മറ്റൊരു ആയത്തിൽ അല്ലാഹു പറയുന്നു:

فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَىٰ

“എന്റെ പക്കൽ നിന്നുള്ള സന്മാർഗ്ഗം നിങ്ങൾക്ക് വന്നെത്തുമ്പോൾ, ആരെങ്കിലും എന്റെ ആ മാർഗ്ഗദർശനത്തെ പിന്തുടർന്നാൽ അവൻ വഴിപിഴക്കുകയില്ല, നിർഭാഗ്യവാനാകുകയുമില്ല.” (ത്വാഹാ: 123)

ഈ ആയത്തിലും അല്ലാഹുവിന്റെ വഹ്‌യിനെ മുറുകെപ്പിടിക്കുന്നവൻ വഴിപിഴച്ചുപോകില്ല എന്നാണ് അല്ലാഹു ഉറപ്പു നൽകുന്നത്. ഈ ഉമ്മത്തിലേക്ക് അല്ലാഹുവിന്റെ വഹ്‌യ് എത്തിയിട്ടുള്ളത് ഖുർആനിലൂടെയും സുന്നത്തിലൂടെയുമാണ്.

മേൽ പറഞ്ഞ ഈ മാർഗ്ഗം മുറുകെപ്പിടിച്ചവരാണ് ‘ഇഹലോകത്തും പരലോകത്തും രക്ഷപ്രാപിച്ച ഏകകക്ഷി’; തന്റെ സമുദായം 73 കക്ഷികളായി ഭിന്നിക്കുമെന്നും അവരിൽ ഒരൊറ്റ കക്ഷിയൊഴികെ മറ്റെല്ലാവരും നരകത്തിലാണെന്നും നബി ﷺ മുന്നറിയിപ്പ് നൽകിയപ്പോൾ, ഒരൊറ്റ കക്ഷി മാത്രമേ രക്ഷപ്പെടൂ എന്ന് അവിടുന്ന് അറിയിച്ചിട്ടുണ്ട്; അവരാണ് ഈ വിഭാഗം.  അവരെയാണ് ‘അൽ-ഫിർഖത്തുന്നാജിയഃ’ എന്ന് വിളിക്കുന്നത്. ആ രക്ഷപ്പെടുന്ന കക്ഷിയെ തിരിച്ചറിയാനുള്ള വഴിയും നബി -ﷺ- വ്യക്തമാക്കിയിട്ടുണ്ട്:

هِيَ مَنْ كَانَ عَلَى مِثْلِ مَا أَنَا عَلَيْهِ الْيَوْمَ وَأَصْحَابِي

അവിടുന്ന് പറഞ്ഞു: “ഞാനും എന്റെ സ്വഹാബികളും ഇന്ന് ഏതൊന്നിലാണോ ഉള്ളത്, അതിൽ നിലകൊള്ളുന്നവരാണവർ.”

അല്ലാഹുവിന്റെ റസൂൽ -ﷺ- മുന്നറിയിപ്പ് നൽകിയതുപോലെത്തന്നെ പിൽക്കാലത്ത് സംഭവിക്കുകയുണ്ടായി. ഖുർആനും സുന്നത്തും ഉപേക്ഷിക്കുകയും, ഗ്രീക്ക് തത്ത്വചിന്തകളിൽ നിന്ന് കടമെടുത്ത തർക്കശാസ്ത്രത്തിന്റെയും യുക്തിനിയമങ്ങളുടെയും അടിസ്ഥാനത്തിൽ ചിലർ തങ്ങളുടെ അഖീദഃ കെട്ടിപ്പടുക്കാൻ തുടങ്ങിയപ്പോൾ മുസ്‌ലിംകളുടെ വിശ്വാസത്തിൽ വലിയ തോതിലുള്ള വ്യതിയാനങ്ങളും ഭിന്നതകളും ഉടലെടുത്തു. മുസ്‌ലിം സമുദായത്തിന്റെ ഐക്യം തകർക്കാനും വിഭാഗീയത വർദ്ധിക്കാനും കാരണമായിത്തീർന്നത് ഈ പുതുരീതിയാണെന്നതിൽ യാതൊരു സംശയവുമില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: