വിശ്വാസപരമായ വ്യതിയാനങ്ങളും രക്ഷാമാർഗ്ഗങ്ങളും

ഈമാൻ തെറ്റുന്നതിനുള്ള കാരണങ്ങൾ

ഈമാനിൽ നിന്ന് ആളുകൾ വ്യതിചലിച്ചുപോകുന്നതിന് പ്രധാനമായും ഏഴ് കാരണങ്ങളാണുള്ളത്:

  1. യഥാർത്ഥ അഖീദയെക്കുറിച്ചുള്ള അജ്ഞത: തൗഹീദിന്റെ അടിസ്ഥാനങ്ങൾ പഠിക്കുന്നതിൽ ജനങ്ങളും പഠിപ്പിക്കുന്നതിൽ അറിവുള്ളവരും വരുത്തുന്ന അനാസ്ഥ കാരണം, ശരിയായ ഇസ്‌ലാമിക വിശ്വാസവും അതിന് വിരുദ്ധമാകുന്ന കാര്യങ്ങളും തിരിച്ചറിയാത്ത തലമുറകൾ വളർന്നുവരുന്നു. അവർ അസത്യം സത്യമായും സത്യം അസത്യമായും ഗണിക്കുന്നവരായാണ് പിന്നീട് ജീവിക്കുക. ഉമർ ബ്നുൽ ഖത്ത്വാബ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞതുപോലെ:
    إِنَّمَا تُنْقَضُ عُرَى الْإِسْلَامِ عُرْوَةً عُرْوَةً إِذَا نَشَأَ فِي الْإِسْلَامِ مَنْ لَا يَعْرِفُ الْجَاهِلِيَّةَ

    “ജാഹിലിയ്യത്തിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തവർ ഇസ്‌ലാമിൽ വളർന്നുവരുമ്പോൾ, ഇസ്‌ലാമിന്റെ ഓരോ കണ്ണികളും ഒന്നൊന്നായി അഴിഞ്ഞുപോയ്ക്കൊണ്ടിരിക്കും.”

  2. പൂർവ്വികരെ അന്ധമായി അനുകരിക്കലും പക്ഷപാതിത്വവും: പൂർവ്വികർ ചെയ്തുപോന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അന്ധമായി മുറുകെപ്പിടിക്കുകയും, തെളിവുകളുടെ അടിസ്ഥാനത്തിൽ വിവരിക്കപ്പെടുന്ന സത്യത്തെ നിരാകരിക്കുകയും ചെയ്യുന്ന സ്ഥിതി. അല്ലാഹു ഇതിനെക്കുറിച്ച് ഖുർആനിൽ താക്കീത് നൽകിയിട്ടുണ്ട്:
    وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنْزَلَ اللَّهُ قَالُوا بَلْ نَتَّبِعُ مَا أَلْفَيْنَا عَلَيْهِ آبَاءَنَا أَوَلَوْ كَانَ آبَاؤُهُمْ لَا يَعْقِلُونَ شَيْئًا وَلَا يَهْتَدُونَ

    “അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങൾ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാൽ, ‘അല്ല, ഞങ്ങളുടെ പിതാക്കന്മാർ എന്തിലാണോ നിലകൊണ്ടത് അതിനെ മാത്രമാണ് ഞങ്ങൾ പിന്തുടരുക’ എന്നാണവർ പറയുക. അവരുടെ പിതാക്കന്മാർ യാതൊന്നും ചിന്തിച്ചു മനസ്സിലാക്കാത്തവരും നേർമാർഗ്ഗം പ്രാപിക്കാത്തവരുമായിരുന്നെങ്കിൽ പോലും (അവരെയാണോ അവർ പിന്തുടരുന്നത്?)” (ബഖറ: 170)

  3. അന്ധമായ അനുകരണം: പ്രമാണങ്ങളുടെ പിൻബലമില്ലാതെ വ്യക്തികളുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും, അവരെ അന്ധമായി അനുകരിക്കുകയും ചെയ്യുക. ജഹ്മിയ്യഃ, മുഅ്തസിലഃ, അശ്അരിയ്യഃ, സൂഫിയ്യഃ തുടങ്ങിയ ബിദ്അത്തിന്റെ വക്താക്കൾക്ക് പിഴവ് സംഭവിച്ചത് തങ്ങളുടെ മുൻഗാമികളായ വഴികേടിന്റെ നേതാക്കളെ അന്ധമായി അനുകരിച്ചതിനാലാണ്.
  4. സ്വാലിഹീങ്ങളുടെ വിഷയത്തിലുള്ള അതിരുകടക്കൽ: മഹാന്മാരെയും സച്ചരിതരെയും അല്ലാഹു നിശ്ചയിച്ച സ്ഥാനത്തിനപ്പുറം ഉയർത്തുക എന്നത്. അല്ലാഹുവിനല്ലാതെ മറ്റാർക്കും സാധിക്കാത്ത കാര്യങ്ങൾ ഈ പറയപ്പെട്ട മഹാന്മാർക്കും മറ്റും നടത്തിത്തരാൻ കഴിവുണ്ടെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ജനങ്ങൾക്കിടയിൽ ഉടലെടുത്തത് ഇപ്രകാരമാണ്. നൂഹ് നബിയുടെ ജനത നാശത്തിലകപ്പെട്ടത് ഇപ്രകാരമായിരുന്നു. അല്ലാഹു പറയുന്നു:
    لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا

    “അവർ പറഞ്ഞു: നിങ്ങളുടെ ദൈവങ്ങളെ നിങ്ങൾ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്ർ എന്നിവരെ നിങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത്.” (സൂറത്തു നൂഹ്: 23) ഈ ആയത്തിൽ പറയപ്പെട്ടവരെല്ലാം നൂഹ് നബി -عَلَيْهِ السَّلَامُ- യുടെ ജനതയിൽ ജീവിച്ചിരുന്ന സച്ചരിതരായ സ്വാലിഹീങ്ങളായിരുന്നു. അവർ മരിച്ചതിന് ശേഷം അവരുടെ രൂപങ്ങൾ നിർമ്മിച്ച് ആദരിച്ചു എന്നതിലൂടെയാണ് പിന്നീട് ഭൂമിയിൽ ആദ്യമായി ശിർക്ക് സംഭവിച്ചത്. ഇത് തന്നെയാണ് ഇന്ന് ഖബ്റുകളെ ആരാധിക്കുന്നവരുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.

  5. ദൃഷ്ടാന്തങ്ങളെയും ഖുർആനിക സൂക്തങ്ങളെയും അവഗണിക്കൽ: മനുഷ്യരുടെ ഭൗതിക നേട്ടങ്ങളിൽ ഭ്രമിക്കുകയും, അവ മനുഷ്യന്റെ സ്വന്തം മിടുക്ക് കൊണ്ടുമാത്രം ഉണ്ടായതാണെന്ന് കരുതുകയും ചെയ്യുക. ഇത് ഈമാനിൽ നിന്ന് തെറ്റിച്ചു കളയുന്ന കാരണങ്ങളിലൊന്നാണ്. ധിക്കാരിയായ ഖാറൂൻ പറഞ്ഞതുപോലുള്ള അഹങ്കാരം നിറഞ്ഞ വാക്കുകളിലേക്ക് മനുഷ്യരെ നയിക്കുന്നത് ഈ ചിന്താഗതിയാണ്:
    قَالَ إِنَّمَا أُوتِيتُهُ عَلَى عِلْمٍ عِنْدِي

    “അവൻ (ഖാറൂൻ) പറഞ്ഞു: എന്റെ പക്കലുള്ള അറിവ് കൊണ്ട് മാത്രമാണ് എനിക്കിത് നൽകപ്പെട്ടത്.” (ഖസ്വസ്വ്: 78)

    ഈ പ്രപഞ്ചത്തെയും അതിലെ വിഭവങ്ങളെയും സൃഷ്ടിക്കുകയും, അവ കണ്ടെത്താനുള്ള ബുദ്ധിയും കഴിവും മനുഷ്യന് നൽകുകയും ചെയ്തത് അല്ലാഹുവാണെന്ന യാഥാർത്ഥ്യം വിസ്മരിച്ചു കൊണ്ടുള്ള ഈ വാക്കിന്റെ അടിസ്ഥാന കാരണം തന്റെ ചുറ്റുമുള്ള ദൃഷ്ടാന്തങ്ങളെ അവഗണിച്ചു തള്ളുന്നതാണ്.

  6. ശരിയായ ഇസ്‌ലാമിക ശിക്ഷണത്തിന്റെ അഭാവം: വീടുകളിൽ തൗഹീദിലധിഷ്ഠിതമായ ശിക്ഷണം ലഭിക്കാത്തത് കുട്ടികൾ വലുതാകുമ്പോൾ അവർ വഴികേടിലേക്ക് ചെന്നെത്താനുള്ള വലിയ കാരണങ്ങളിൽ പെട്ടതാണ്. നബി ﷺ പറയുന്നു:
    كُلُّ مَوْلُودٍ يُولَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ

    “എല്ലാ കുട്ടികളും ശുദ്ധപ്രകൃതത്തിലാണ്. എന്നാൽ അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദനോ ക്രിസ്ത്യനോ മജൂസിയോ (അഗ്നിയാരാധകനോ) ആക്കി മാറ്റുന്നത്.” (ബുഖാരി, മുസ്‌ലിം)

  7. മാധ്യമ പ്രചാരണങ്ങൾ: മാധ്യമങ്ങൾ കേവല വിനോദങ്ങൾക്കും തിന്മകൾ പ്രചരിപ്പിക്കുന്നതിനുമുള്ള ഉപാധികളായി മാറിയിരിക്കുന്നു എന്നത് ജനങ്ങളുടെ വിശ്വാസം തകർക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി മാറിയിട്ടുണ്ട്. നിരീശ്വരവാദ ചിന്തകളെ പ്രതിരോധിക്കാൻ ത്രാണിയില്ലാത്ത ഒരു ദുർബല തലമുറ അതിലൂടെ സൃഷ്ടിക്കപ്പെട്ടു. അവർ പിന്നീട് സംശയങ്ങളിലും ആശയക്കുഴപ്പങ്ങളിലും അകപ്പെടുകയും, ക്രമേണ വഴിതെറ്റി പോവുകയും ചെയ്യുന്നു.
നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: