ആമുഖങ്ങൾ

എന്താണ് സല്‍സ്വഭാവം?

മനുഷ്യന്റെ ആന്തരിക സൗന്ദര്യത്തെയും മനസ്സിന്റെ വിശുദ്ധിയെയും പ്രതിഫലിപ്പിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ ഘടകമാണ് സ്വഭാവം (അഖ്‌ലാഖ് – الأَخْلَاقُ). എത്രയെല്ലാം ഭംഗിയുള്ള ശരീരവും രൂപഭംഗിയും ഒരാള്‍ക്കുണ്ട് എങ്കിലും, യഥാർത്ഥ സൗന്ദര്യം വെളിവാകുന്നത് അയാളുടെ സ്വഭാവമഹിമയിലാണ്.

അറബിയില്‍ ‘അഖ്‌ലാഖ്’ (الأخلاق) എന്നത് ‘ഖുലുഖ്’ (خُلُق) എന്ന പദത്തിന്റെ ബഹുവചനമാണ്. ദീൻ (മതം – الدِّينُ), ത്വബ്അ് (പ്രകൃതി – الطَّبْعُ), സജിയ്യത്ത് (ജന്മവാസന – السَّجِيَّةُ), മുറൂഅത്ത് (മാന്യത – المُرُوءَةُ) എന്നിവയും ഖുലുഖ് എന്ന പദത്തിന്റെ അര്‍ത്ഥങ്ങളായി പറയാറുണ്ട്.

റാഗിബ് അൽ-അസ്ഫഹാനി -رَحِمَهُ اللّهُ- പറയുന്നു: “ഖൽഖ് (الخَلْق), ഖുലുഖ് (الخُلُق) എന്നിവ ഭാഷാപരമായി ഒരേ മൂലത്തിലുള്ള പദങ്ങളാണ്. ബാഹ്യനേത്രങ്ങൾ കൊണ്ട് കണ്ടറിയാൻ സാധിക്കുന്ന ശരീര രൂപത്തിനാണ് ‘ഖൽഖ്’ എന്ന് പറയുക. എന്നാൽ ഉൾക്കാഴ്ച കൊണ്ട് തിരിച്ചറിയാൻ സാധിക്കുന്ന ആന്തരിക ഗുണങ്ങൾക്കാണ് ‘ഖുലുഖ്’ എന്ന് പറയുന്നത്.” (മുഫ്റദാത്ത്: 297)

പണ്ഡിതന്മാര്‍ ‘ഖുലുഖ്’ എന്ന പദത്തിന് പല നിർവചനങ്ങൾ നൽകിയിട്ടുണ്ട്. ജുർജാനി -رَحِمَهُ اللّهُ- പറയുന്നു: “പ്രത്യേകമായ ആലോചനയോ ചിന്തയോ ആവശ്യമില്ലാതെ തന്നെ, അനായാസമായി കർമ്മങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കുന്ന വിധത്തില്‍ ആത്മാവിൽ വേരൂന്നി നിൽക്കുന്ന ഒരു അവസ്ഥയ്ക്കാണ് സ്വഭാവം (ഖുലുഖ്) എന്ന് പറയുന്നത്. അതില്‍ നിന്ന് പുറപ്പെടുന്നത് സൽപ്രവർത്തികളാണെങ്കിൽ അതിനെ ‘സൽസ്വഭാവം’ (ഖുലുഖുൻ ഹസൻ) എന്നും, തിന്മകളാണെങ്കിൽ അതിനെ ‘ദുസ്സ്വഭാവം’ (ഖുലുഖുൻ സയ്യിഅ്) എന്നും വിളിക്കുന്നു.” (തഅരീഫാത്ത്: 101)

സൽസ്വഭാവം എന്നത് ഒറ്റരാത്രികൊണ്ട് ഉണ്ടാവുന്ന ഒന്നല്ല. അല്ലാഹുവിന്റെ വചനങ്ങളും നബിചര്യയും പഠിക്കുകയും, അത് ജീവിതത്തില്‍ കൊണ്ടുവരാന്‍ നിരന്തരമായി സ്വന്തത്തെ പരിശീലിപ്പിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് നല്ല സ്വഭാവം നമ്മിൽ നിന്ന് സ്വാഭാവികമായി പുറപ്പെടുക. ദുർഗുണങ്ങൾ കണ്ടാൽ അതിനെ തിരുത്താനും, സൽസ്വഭാവങ്ങൾ ജീവിതത്തിൽ കൊണ്ടുവരാനും ഓരോ മുസ്‌ലിമും നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കണം. ഇപ്രകാരം നിറഞ്ഞ ഈമാനും സുന്ദരമായ സ്വഭാവവും ഒത്തുചേരുമ്പോഴാണ് ഒരു മുസ്‌ലിമിന്റെ വ്യക്തിത്വം പൂർണ്ണമാകുന്നത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: