റബ്ബുല്‍ ആലമീന്‍; വിശദീകരണം:

‘റബ്ബ്’: വളരെ വിശാലമായ അര്‍ഥമുള്ള പദമാണിത്. ഒരൊറ്റ വാക്കില്‍ അര്‍ഥം പറയാന്‍ കഴിയാവുന്ന പദമല്ല അത്. ‘റബ്ബ’ എന്ന അറബി പദത്തിന്റെ അര്‍ഥം പടിപടിയായി വളര്‍ത്തി കൊണ്ടു വരിക എന്നാണ്. മാതാപിതാക്കള്‍ മക്കളെ വളര്‍ത്തിയെടുക്കുന്നതിനും, അദ്ധ്യാപകര്‍ ശിഷ്യന്മാര്‍ക്ക് പടിപടിയായി അറിവ് നല്‍കി വളര്‍ത്തിക്കൊണ്ടു വരുന്നതിനുമെല്ലാം റബ്ബ എന്ന പദം ഉപയോഗിക്കാറുണ്ട്.

ഖുര്‍ആനില്‍ മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന അല്ലാഹു പഠിപ്പിച്ചു തന്നപ്പോള്‍ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. അതിപ്രകാരമാണ്:

(( رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ))

“നീ പറയുക: റബ്ബേ, അവര്‍ക്ക് രണ്ടും പേര്‍ക്കും (മാതാവും പിതാവും) നീ കാരുണ്യം ചൊരിയേണമേ. അവര്‍ എന്നെ ചെറുപ്പത്തില്‍ വളര്‍ത്തിയത് പോലെ.” (ഇസ്റാഅ്: 24)

ചെറിയ കുട്ടികളായിരിക്കുമ്പോള്‍ മാതാപിതാക്കള്‍ മക്കളെ വളര്‍ത്തുക അവര്‍ക്ക് ഓരോ പ്രായത്തിലും ആവശ്യമുള്ളതെന്താണെന്ന് മനസ്സിലാക്കി അതിന് അനുയോജ്യമായ കാര്യങ്ങള്‍ നല്‍കിക്കൊണ്ടായിരിക്കും. ജനിക്കുമ്പോള്‍ തന്നെ എല്ലാ ഭക്ഷണവും ഒരു കുട്ടിക്ക് കഴിക്കാന്‍ പറ്റില്ല. അപ്പോള്‍ അവന് എന്താണോ യോജിച്ചത് അതാണവര്‍ നല്‍കുക.

ജനിച്ച കുട്ടികള്‍ക്ക് വലിയവരുടെ വസ്ത്രം ധരിപ്പിച്ചാല്‍ എങ്ങനെയുണ്ടാകും?! അതവര്‍ക്ക് യോജിക്കില്ലെന്നതിനാല്‍ അവര്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ അവര്‍ നല്‍കും. പടിപടിയായി വളരുന്നതിന് അനുസരിച്ച് അവരെ നടക്കാന്‍ പഠിപ്പിക്കുകയും, ഓടാന്‍ പഠിപ്പിക്കുകയും, സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിക്കുകയുമൊക്കെ ചെയ്യുന്ന -ഈ ക്രമേണയുള്ള വളര്‍ത്തലിനാണ്- ‘റബ്ബ’ എന്ന വാക്ക് ഉപയോഗിക്കുക.

മേല്‍ സൂചിപ്പിക്കപ്പെട്ട ആയതില്‍ ഈ പദം മനുഷ്യരുടെ കാര്യത്തിലാണ് പ്രയോഗിച്ചിട്ടുള്ളതെങ്കില്‍, അല്ലാഹുവിന്റെ കാര്യത്തില്‍ അത് തീര്‍ത്തും വ്യത്യസ്തവും പരിപൂര്‍ണവുമാണ്. മനുഷ്യര്‍ക്കും മലക്കുകള്‍ക്കും ജിന്നുകള്‍ക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും -എന്നു വേണ്ട; എല്ലാ ജീവികള്‍ക്കും- വേണ്ടതെല്ലാം നല്‍കി അവര്‍ക്ക് ജീവിക്കാന്‍ അനിവാര്യമായ എല്ലാം ഒരുക്കിവെച്ചവനാണ് അല്ലാഹു. അവന് ‘റബ്ബ്’ എന്ന പേര് ഏറ്റവും അനുയോജ്യം തന്നെ!

‘എന്താണ് ലോകങ്ങളുടെ റബ്ബ്?’ എന്ന് പുഛത്തോടെയും അഹങ്കാരത്തോടെയും ചോദിച്ച ധിക്കാരിയായ ഫിര്‍ഔനിന് മൂസ നബി -عَلَيْهِ الصَّلَاةُ وَالسَّلَامُ- നല്‍കിയ മറുപടി എന്തു മാത്രം അര്‍ഥവത്താണ്!

(( قَالَ رَبُّنَا الَّذِي أَعْطَى كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَى ))

“എല്ലാ വസ്തുക്കള്‍ക്കും അതിന്റെ പ്രകൃതം നല്‍കുകയും, പിന്നീട് വഴികാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ ‘റബ്ബ്’.” (ത്വാഹ: 50)

‘ആലമീന്‍’ എന്ന വാക്കിനാണ് ലോകങ്ങള്‍ എന്ന് നാം അര്‍ഥം നല്‍കിയത്. സൃഷ്ടാവായ അല്ലാഹു ഒഴികെയുള്ള എല്ലാം ലോകങ്ങളില്‍ പെടും; കാരണം അവയെല്ലാം സൃഷ്ടികളാണ്.

‘റബ്ബ്’, ‘ആലമീന്‍’: രണ്ടു പദങ്ങളുടെയും അര്‍ഥം മനസ്സിലായി. ഇത് രണ്ടും കൂട്ടി വെച്ചാല്‍ റബ്ബുല്‍ ആലമീന്‍ എന്നതിന്റെ അര്‍ഥവും കിട്ടും.

ചുരുക്കത്തില്‍; ‘സര്‍വ്വസ്തുതികളും ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്നാകുന്നു’ എന്ന ഈ വാക്ക് ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ കൊണ്ടു വരിക എന്നത് പൂര്‍ണമായും ഈ സാഹചര്യത്തിന് അനുയോജ്യമാണ്. ഖുര്‍ആനിലെ ആദ്യത്തെ സൂറത്തായ ‘ഫാതിഹ’ ആരംഭിച്ചിട്ടുള്ളതും ഈ വാക്ക് കൊണ്ടു തന്നെയാണ്.

നബി-ﷺ- യുടെ മേലുള്ള സ്വലാത്തും സലാമും:

ബിസ്മിയും ഹംദും കഴിഞ്ഞതിന് ശേഷം ശൈഖ് മുഹമ്മദ് -رَحِمَهُ اللَّهُ- നബി -ﷺ- യുടെ മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ് ചെയ്തത്.

സ്വലാത്ത് എന്ന അറബി പദത്തിന്റെ അര്‍ത്ഥം പ്രാര്‍ഥന എന്നാണ്. ഇസ്‌ലാമില്‍ നിസ്കാരത്തിന് സ്വലാത്ത് എന്നാണ് പറയുക എന്ന കാര്യം പലര്‍ക്കും സുപരിചിതമായിരിക്കും.

എന്നാല്‍ ഈ പദം അല്ലാഹുവിലേക്ക് ചേര്‍ത്തിയാണ് പറയുന്നതെങ്കില്‍ അതിന്റെ അര്‍ഥം വ്യത്യസ്തമാണ്. അല്ലാഹുവിന്റെ സ്വലാത്ത് എന്നത് കൊണ്ടുള്ള ഉദ്ദേശം എന്താണെന്ന് അബുല്‍ ആലിയ -رَحِمَهُ اللَّهُ- വിശദീകരിച്ചത് ഇപ്രകാരമാണ്:

അബുല്‍ ആലിയ പറഞ്ഞു: “അല്ലാഹുവിന്റെ സ്വലാത്ത് എന്നത് കൊണ്ടുള്ള ഉദ്ദേശം മലക്കുകളുടെ അടുക്കല്‍ നബി -ﷺ- യെ പുകഴ്ത്തുക എന്നതാണ്.” (ബുഖാരി: 1/120)

നമ്മുടെ നബിയുടെ മേല്‍ അല്ലാഹു സ്വലാത്ത് ചൊല്ലട്ടെ എന്ന് പ്രാര്‍ഥിക്കുമ്പോള്‍ അത് കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു നമ്മുടെ നബിയെ അവന്റെ മലക്കുകളുടെ സാന്നിധ്യത്തില്‍ കൂടുതല്‍ പ്രശംസിക്കുകയും പുകഴ്ത്തുകയും ചെയ്യട്ടെ എന്നാണെന്ന് ഇതില്‍ നിന്ന് മനസ്സിലായിക്കാണും.

നിസ്കാരത്തിലെ തശ്ഹ്ഹുദില്‍ നാം സ്വലാത്ത് ചൊല്ലാറുണ്ട്. അതല്ലാതെയും പല സന്ദര്‍ഭങ്ങളിലും നബി -ﷺ- യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്താണ്. വെള്ളിയാഴ്ച്ച ദിവസങ്ങളിലും, അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതിന് മുന്നോടിയായും, മസ്ജിദില്‍ പ്രവേശിക്കുന്ന സന്ദര്‍ഭത്തിലും, നബി -ﷺ- യുടെ പേര് കേള്‍ക്കുന്ന സന്ദര്‍ഭത്തിലുമെല്ലാം സ്വലാത്ത് ചൊല്ലേണ്ടതുണ്ട്.

നബി -ﷺ- യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതിന് പ്രതിഫലങ്ങള്‍ അനേകം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.

عَنْ أَنَسِ بْنِ مَالِكٍ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ صَلَّى عَلَيَّ صَلَاةً وَاحِدَةً صَلَّى اللَّهُ عَلَيْهِ عَشْرَ صَلَوَاتٍ، وَحُطَّتْ عَنْهُ عَشْرُ خَطِيئَاتٍ، وَرُفِعَتْ لَهُ عَشْرُ دَرَجَاتٍ»

അനസു ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം : നബി -ﷺ- പറഞ്ഞു: “ആരെങ്കിലും എന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്റെ മേല്‍ പത്ത് സ്വലാത്ത് ചൊല്ലുകയും, അവന്റെ പത്ത് തിന്മകള്‍ ഇല്ലാതാക്കുകയും, പത്ത് സ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊടുക്കുകയും ചെയ്യും.” (നസാഈ: 1297)

എന്നാല്‍ നബി -ﷺ- പഠിപ്പിച്ചു തന്നിട്ടില്ലാത്ത, അവിടുന്നും സ്വഹാബത്തും പരിചയിച്ചിട്ടില്ലാത്ത സ്വലാത്ത് മജ്ലിസുകളും, ഹല്‍ഖകളും മറ്റുമെല്ലാം നബി -ﷺ- യോട് യഥാര്‍ഥ സ്നേഹമുള്ളവര്‍ ചെയ്യാന്‍ പാടുള്ളതല്ല. അവിടുന്ന് കാണിച്ചു തന്ന വഴിയിലൂടെ ചരിക്കുന്ന, അവിടുത്തെ വഴികളില്‍ നിന്ന് വ്യതിചലിക്കാതെ മുന്നോട്ട് പോകുന്ന, ഇത്തരം പുത്തന്‍ സ്വലാത്തുകളെ എതിര്‍ക്കുന്നവരാണ് യഥാര്‍ഥത്തില്‍ നബി -ﷺ- യുടെ മാര്‍ഗത്തില്‍ നിലകൊള്ളുന്നവര്‍.

നബി -ﷺ- യുടെ മേല്‍ അല്ലാഹുവിങ്കല്‍ നിന്ന് സലാം ഉണ്ടാകട്ടെ എന്നാണ് രണ്ടാമത് അദ്ദേഹം പറഞ്ഞത്. സമാധാനത്തിനാണ് സലാം എന്ന് അറബിയില്‍ പറയുക. ഇവിടെ ഉദ്ദേശം അല്ലാഹു അദ്ദേഹത്തെ എല്ലാ ന്യൂനതകളില്‍ നിന്നും കുറവുകളില്‍ നിന്നും സുരക്ഷിതനാക്കട്ടെ എന്നാണ്.

നബി -ﷺ- യുടെ മേല്‍ ‘സ്വലാതും’ ‘സലാമും’ ചൊല്ലണമെന്ന് അല്ലാഹു ഖുര്‍ആനില്‍ പ്രത്യേകം കല്‍പ്പിച്ചിരിക്കുന്നു.

(( إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَاأَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا ))

“തീര്‍ച്ചയായും അല്ലാഹുവും മലക്കുകളും നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു. ഹേ മുഅ്മിനീങ്ങളേ! നിങ്ങളും അവിടുത്തെ മേല്‍ സ്വലാതും സലാമും അര്‍പ്പിക്കുക.” (അഹ്സാബ്: 56)

സ്വലാത്തും സലാമും എന്താണെന്ന് മനസ്സിലായി. സ്വഹാബത്തിന്റെ മേലും നബി-ﷺ-യുടെ കുടുംബത്തിന്റെ മേലും അവ രണ്ടും ഉണ്ടാകട്ടെ എന്നാണ് അടുത്തതായി ശൈഖ് മുഹമ്മദ് -رَحِمَهُ اللَّهُ- പ്രാര്‍ഥിച്ചത്.

ആരാണ് സ്വഹാബികള്‍?

‘സ്വഹാബി’ എന്ന വാക്കിന്റെ ബഹുവചനമാണ് ‘സ്വഹാബത്’ എന്ന വാക്ക്. നബി-ﷺ-യെ കണ്ടുമുട്ടുകയും, അവിടുത്തെ പിന്‍പറ്റുകയും, മുസ്‌ലിമായി തന്നെ മരണപ്പെടുകയും ചെയ്തവരാണ് സ്വഹാബികള്‍ എന്ന വിശേഷണത്തില്‍ ഉള്‍പ്പെടുക.

പ്രത്യേകം ശ്രദ്ധിക്കുക; സ്വഹാബത് ആരാണെന്ന് വേര്‍തിരിച്ച് മനസ്സിലാക്കുന്നതിനായി മൂന്ന് കാര്യങ്ങള്‍ നാം പറഞ്ഞു:

ഒന്ന്: നബി-ﷺ-യെ കണ്ടുമുട്ടണം. അത് എത്ര കുറച്ച് സമയമായാലും കുഴപ്പമില്ല. ഒന്നോ അധിലധികമോ വര്‍ഷമായാലും, മാസമോ മാസങ്ങളോ ആയാലും, ആഴ്ച്ചകളോ ദിവസങ്ങളോ മണിക്കൂറുകളോ -നിമിഷങ്ങള്‍ തന്നെയോ- ആയാലും നബി-ﷺ-യെ ഒരിക്കലെങ്കിലും കണ്ടുമുട്ടുക എന്നത് അനിവാര്യമാണ്.

നബി-ﷺ-യുടെ കാലത്ത് ജീവിച്ച, ഇസ്‌ലാം സ്വീകരിച്ച ചിലരെങ്കിലും നബി-ﷺ-യെ നേരിട്ടു കണ്ടിട്ടില്ല. ഉദാഹരണത്തിന് അബ്സീനിയയിലെ ഭരണാധികാരി ആയിരുന്ന നജാശി; അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചിരുന്നെങ്കിലും നബിയെ നേരിട്ടു കണ്ടിട്ടില്ല എന്നത് കൊണ്ട് തന്നെ അദ്ദേഹത്തെ സ്വഹാബി എന്ന് വിശേഷിപ്പിക്കുക -ശരിയായ അഭിപ്രായപ്രകാര്യം- സാധ്യമല്ല.

‘കണ്ടുമുട്ടുക’ എന്നത് കൊണ്ട് നാം ഉദ്ദേശിക്കുന്നത് കണ്ണു കൊണ്ടുള്ള കാഴ്ച്ചയല്ല. കാരണം കണ്ണു കൊണ്ടു കാണല്‍ സ്വഹാബിയാകാനുള്ള നിബന്ധന ആയിരുന്നെങ്കില്‍ അന്ധനായിരുന്ന അബ്ദുല്ലാഹി ബ്നു ഉമ്മി മക്തൂം -رَضِيَ اللَّهُ عَنْهُ- സ്വഹാബിയാകുമായിരുന്നില്ല. അദ്ദേഹമാകട്ടെ, സ്വഹാബി ആയിരുന്നെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.

രണ്ട്: മുസ്‌ലിമായിരിക്കണം. ഈ നിബന്ധന വ്യക്തമാണ്. കാരണം നബി-ﷺ-യെ കണ്ടുമുട്ടിയ എല്ലാവരും സ്വഹാബിമാരാകുമായിരുന്നെങ്കില്‍ അബൂ ജഹ്ലും, അബൂ ലഹബും, അബൂത്വാലിബുമെല്ലാം സ്വഹാബികളാണെന്ന് പറയേണ്ടി വരും! അത് ഒരിക്കലും സാധ്യമല്ലെന്ന് പറയാതെ തന്നെ മനസ്സിലാക്കാമല്ലോ?

മൂന്ന്: മുസ്‌ലിമായി തന്നെ മരണപ്പെടണം. കാരണം നബി-ﷺ-യില്‍ വിശ്വസിച്ചിരുന്ന ചിലര്‍ പിന്നീട് മറ്റു മതങ്ങളില്‍ വിശ്വസിക്കുകയോ, ഇസ്‌ലാമിനെ ഒഴിവാക്കുകയോ ചെയ്ത് ഇസ്‌ലാമിക അദ്ധ്യാപനങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇവരൊന്നും സ്വഹാബികളാവുകയില്ല.

എന്നാല്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം; ആരെങ്കിലും നബി-ﷺ-യെ കാണുകയും, മുഅ്മിനാവുകയും ചെയ്തതിന് ശേഷം പിന്നീട് അമുസ്‌ലിമാവുകയും, അതിന് ശേഷം ഇസ്‌ലാമിലേക്ക് തന്നെ തിരിച്ചു വരികയും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹവും സ്വഹാബിയാണ്. പണ്ഡിതന്മാര്‍ക്കിടയില്‍ ഇത്തരക്കാര്‍ സ്വഹാബികളാണെന്നതില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നെങ്കിലും -ഇബ്‌നു ഹജര്‍ -رَحِمَهُ اللَّهُ- യും പിന്നീട് പില്‍ക്കാലക്കാരുമെല്ലാം- മുന്‍ഗണ നല്‍കിയ അഭിപ്രായം ഇതാണ്. വല്ലാഹു അഅ്ലം.

സ്വഹാബികളുടെ ശ്രേഷ്ഠതകള്‍ അനേകമാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

(( وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنْصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ ))

“മുഹാജിറുകളില്‍ നിന്നും, അന്‍സ്വാറുകളില്‍ നിന്നും ഇസ്‌ലാമിലേക്ക് ആദ്യം കടന്നു വന്നവരെയും, അവരെ ഇഹ്സാനോടു കൂടെ പിന്‍പറ്റിയവരെയും അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അല്ലാഹുവിനെയും തൃപ്തിപ്പെട്ടിരിക്കുന്നു. താഴ്ഭാഗത്തു കൂടെ അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപുകള്‍ അവര്‍ക്കായി അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നു. അവര്‍ അതില്‍ എന്നേക്കുമായി സ്ഥിരവാസികളായിരിക്കും. അതാകുന്നു മഹത്തായ വിജയം.” (തൗബ: 100)

ആയതില്‍ പറഞ്ഞതു പോലെ സ്വഹാബികള്‍ രണ്ടു തരക്കാരാണ്:

1- മുഹാജിറുകള്‍. മക്കയിലെ മുശ്രിക്കുകളുടെ പീഢനങ്ങളും ഉപദ്രവങ്ങളും സഹിക്കാന്‍ കഴിയാതെ, അല്ലാഹുവിന്റെ അനുമതി പ്രകാരം മദീനയിലേക്ക് -യഥ്രിബിലേക്ക്- നാടും വീടും കുടുംബവും സ്വത്തുമെല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്തവരാണിവര്‍.

മുഹാജിറുകളെ പുകഴ്ത്തിക്കൊണ്ടാണ് അല്ലാഹു -تَعَالَى- ഇപ്രകാരം പറഞ്ഞത്:

(( لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِنْ دِيَارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلًا مِنَ اللَّهِ وَرِضْوَانًا وَيَنْصُرُونَ اللَّهَ وَرَسُولَهُ أُولَئِكَ هُمُ الصَّادِقُونَ ))

“അതായത് സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകള്‍. അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍.” (ഹശ്ര്‍: 8)

2- അന്‍സ്വാറുകള്‍. മക്കയില്‍ നിന്ന് ഒന്നുമില്ലാതെ തങ്ങളുടെ നാട്ടിലേക്ക് വന്ന മുഹാജിറുകളെ ഇരുകയ്യും നീട്ടി സ്വീകരിച്ച, തങ്ങളുടെ സ്വത്തും വീടുമെല്ലാം മനസ്സിലൊരു പ്രയാസവുമില്ലാതെ വീതിച്ചു നല്‍കിയവരാണവര്‍.

അന്‍സ്വാറുകളെ കുറിച്ച് അല്ലാഹു -تَعَالَى- പറഞ്ഞു:

(( وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِنْ قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِمَّا أُوتُوا وَيُؤْثِرُونَ عَلَى أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ وَمَنْ يُوقَ شُحَّ نَفْسِهِ فَأُولَئِكَ هُمُ الْمُفْلِحُونَ ))

“അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ (അന്‍സാറുകള്‍). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും.” (ഹശ്ര്‍: 8)

സ്വഹാബികളെ മുഴുവന്‍ സ്നേഹിക്കല്‍ നമ്മുടെ ബാധ്യതയാണ്. നബി-ﷺ-യെ സ്നേഹിക്കുന്നതിന്റെ ഭാഗമാണ് അവിടുത്തോടൊപ്പം ജീവന്‍ ത്യജിച്ചും കൂടെ നിന്ന സ്വഹാബികളെ സ്നേഹിക്കല്‍.

عَنْ أَنَسٍ عَنِ النَّبِيِّ -ﷺ- قَالَ: «آيَةُ الإِيمَانِ حُبُّ الأَنْصَارِ، وَآيَةُ النِّفَاقِ بُغْضُ الأَنْصَارِ»

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ഈമാനിന്റെ അടയാളം അന്‍സ്വാറുകളോടുള്ള സ്നേഹമാണ്. നിഫാഖിന്റെ (കാപട്യം) അടയാളം അന്‍സ്വാറികളോടുള്ള വെറുപ്പാണ്.” (ബുഖാരി: 17)

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • വഅലൈകസ്സല്ലാം വ റഹ്മതുല്ലാഹി വബറകാതുഹു.

    തഅലീമുസ്സ്വിബ്യാന്‍ എന്ന ഗ്രന്ഥത്തിന് പ്രത്യേകമായി ആരെങ്കിലും ശര്‍ഹ് എഴുതിയതായി ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ബ്നു അബ്ദില്‍ വഹാബ് മറ്റു പല ഗ്രന്ഥങ്ങളിലും പറഞ്ഞ വിഷയങ്ങള്‍ തന്നെയാണ് ഈ ഗ്രന്ഥത്തിലുള്ളത്. പ്രധാനമായും ഉസ്വൂലുസ്സല്ലാസ, കിതാബുത്തൌഹീദ്, മഅനത്ത്വാഗൂത് പോലുള്ള ഗ്രന്ഥങ്ങളില്‍. ഇവയുടെ വിശദീകരണങ്ങള്‍ അവലംബിച്ചു കൊണ്ട് എഴുതിയതാണ് ഈ ലേഖന പരമ്പരകള്‍.

  • السلام عليكم ورحمة الله وبركاته

    തഅലീമുസ്സ്വിബ്യാന്‍റെ വിശദീകരണത്തില്‍ അഖി കൊടുത്ത ശര്‍ഹ് ആരെഴുതിയതാണ്?

Leave a Comment