സിഹ്ര്‍

സിഹ്റിന്റെ ചരിത്രം

സിഹ്റിന്റെ ചരിത്രം വളരെ പൗരാണികമാണ്. ആദിമമനുഷ്യരുടെ വാസസ്ഥലങ്ങളിലും ഖബറിടങ്ങളിലും നിന്ന് ലഭിച്ചിട്ടുള്ള അര്‍ഥമില്ലാത്ത ചിത്രങ്ങള്‍ക്കും വരകള്‍ക്കും ഇന്നത്തെ സാഹിറന്മാരുടെ പ്രവര്‍ത്തികളോട് സാമ്യമുള്ളതായി കണ്ടെത്താന്‍ കഴിയും. സിഹ്റിന്റെ ആദ്യ കാല സാന്നിധ്യത്തിലേക്ക് ഇവ സൂചനകള്‍ നല്‍കുന്നുണ്ട്. (അല്‍-ഹിദ്ര്‍ മിനസ്സിഹ്ര്‍-ഡോ. ഖാലിദ് ബ്ന്‍ അബ്ദി റഹ്മാന്‍ അല്‍-ജുറൈസി: 172)

ആദ്യത്തെ റസൂലായ നൂഹ് നബി -عَلَيْهِ السَّلَامُ- യുടെ കാലം മുതല്‍ തന്നെ സിഹ്റിന് അസ്തിത്വം ഉണ്ടായിരുന്നുവെന്നും, എല്ലാ റസൂലുകളുടെയും കാലഘട്ടത്തില്‍ അത് നിലനിന്നിരുന്നുവെന്നും ആയത്തുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. അല്ലാഹു -تَعَالَى- പറഞ്ഞു:

(( كَذَلِكَ مَا أَتَى الَّذِينَ مِنْ قَبْلِهِمْ مِنْ رَسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ ))

“അപ്രകാരം തന്നെ ഇവരുടെ പൂര്‍വ്വികരുടെ അടുത്ത് ഏതൊരു റസൂല്‍ വന്നപ്പോഴും സാഹിറെന്നോ, ഭ്രാന്തനെന്നോ അവര്‍ പറയാതിരുന്നിട്ടില്ല.” (അദ്ദാരിയാത്ത് :52)

ഹാഫിദ് ഇബ്നു ഹജര്‍ -رَحِمَهُ اللَّهُ- പറയുന്നു: “സിഹ്ര്‍ നൂഹ് നബി -عَلَيْهِ السَّلَامُ- യുടെ കാലഘട്ടത്തില്‍ നിലനിന്നിരുന്നു. കാരണം ആ സമൂഹം അദ്ദേഹത്തെ സാഹിര്‍ എന്ന് ആക്ഷേപിച്ചതായി അല്ലാഹു അറിയിച്ചിട്ടുണ്ട്. [1] ഫിര്‍ഔനിന്റെ സമൂഹത്തിലും സിഹ്ര്‍ വളരെ വ്യാപിച്ചിരുന്നു.” (ഫത്ഹുല്‍ ബാരി: 10/223)

മൂസ -عَلَيْهِ السَّلَامُ- യെയും, ഹാറൂന്‍ -عَلَيْهِ السَّلَامُ- യെയും സാഹിറുകള്‍ എന്ന് അവരുടെ സമൂഹം വിശേഷിപ്പിച്ചതായി അല്ലാഹു -تَعَالَى- അറിയിച്ചിട്ടുണ്ട്. അല്ലാഹു -تَعَالَى- പറഞ്ഞു:

(( قَالُوا إِنْ هَذَانِ لَسَاحِرَانِ يُرِيدَانِ أَنْ يُخْرِجَاكُمْ مِنْ أَرْضِكُمْ بِسِحْرِهِمَا وَيَذْهَبَا بِطَرِيقَتِكُمُ الْمُثْلَى ))

“അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ രണ്ട് സാഹിറന്മാര്‍ തന്നെയാണ്. അവരുടെ സിഹ്ര്‍ കൊണ്ട് നിങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ മാതൃകാപരമായ മാര്‍ഗത്തെ നശിപ്പിച്ചുകളയാനുമാണ് അവര്‍ ഉദ്ദേശിക്കുന്നത്.” (ത്വാഹ: 63)

അല്ലാഹു -تَعَالَى- പറഞ്ഞു:

(( قَالُوا سِحْرَانِ تَظَاهَرَا وَقَالُوا إِنَّا بِكُلٍّ كَافِرُونَ ))

“അവര്‍ പറഞ്ഞു: പരസ്പരം പിന്തുണ നല്‍കിയ രണ്ടു സിഹ്റുകളാണിവ. ” (ഖസ്വസ്: 48)

അല്ലാഹു -تَعَالَى- പറഞ്ഞു:

(( قَالَ الْمَلَأُ مِنْ قَوْمِ فِرْعَوْنَ إِنَّ هَذَا لَسَاحِرٌ عَلِيمٌ ))

“ഫിര്‍ഔന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നല്ല വിവരമുള്ള സാഹിര്‍ തന്നെ.” (അഅ്റാഫ്: 109)

മേല്‍ കൊടുത്ത ആയത്തുകളില്‍ നിന്ന് സിഹ്റിന് റസൂലുകള്‍ നിയോഗിക്കപ്പെട്ട സമൂഹങ്ങളില്‍ സാന്നിധ്യമുണ്ടായിരുന്നുവെന്നും, അവരുടെ പ്രബോധിത സമൂഹത്തിന് അറിവുണ്ടാകുന്നിടത്തോളം അതിന് അവര്‍ക്കിടയില്‍ സ്വാധീനമുണ്ടായിരുന്നെന്നതിനും തെളിവുണ്ട്. ‘സാഹിര്‍’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സിഹ്ര്‍ ചെയ്യുന്നവനാണ്. സിഹ്ര്‍ എന്ന പേരില്‍ ഒരു കാര്യം അവിടെ ഇല്ലെങ്കില്‍ പിന്നെ അപ്രകാരം വിളിക്കുന്നതിന് യാതൊരു അര്‍ഥവും ഉണ്ടാവുകയില്ല.

ഇറാഖിലെ (ബാബില്‍) [2] എന്ന പ്രദേശത്ത് നിലനിന്നിരുന്ന സിഹ്റിനെ സംബന്ധിച്ച് ഇപ്രകാരം തന്നെ ഖുര്‍ആനില്‍ സൂചനകള്‍ കാണാന്‍ സാധിക്കും.

അല്ലാഹു -تَعَالَى- പറഞ്ഞു:

(( وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَى مُلْكِ سُلَيْمَانَ وَمَا كَفَرَ سُلَيْمَانُ ))

“സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ ശ്വൈത്വാന്മാര്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നതും … ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മലക്കുകള്‍ക്ക് ലഭിച്ച (സിഹ്റും) അവര്‍ പിന്തുടര്‍ന്നു).” (ബഖറ: 102)

ആയത്തില്‍ പ്രസ്താവിക്കപ്പെട്ട ഹാറൂത്തിന്റെയും മാറൂത്തിന്റെയും സംഭവം നടന്നത് നൂഹ് നബി -عَلَيْهِ السَّلَامُ- യ്ക്ക് മുന്‍പാണെന്ന് പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്.

ഇബ്നു ഹജര്‍ -رَحِمَهُ اللَّهُ- പറയുന്നു: “ഇബ്നു ഇസ്ഹാഖും മറ്റു ചില പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത് പോലെ ഹാറൂത്തിന്റെയും മാറൂത്തിന്റെയും സംഭവം നടന്നത് നൂഹ് നബി -عَلَيْهِ السَّلَامُ- യുടെ കാലഘട്ടത്തിന് മുന്‍പാണ്.” (ഫത്ഹുല്‍ ബാരി: 10/223.)

സിഹ്റിന് ബാബിലോണില്‍ ഉണ്ടായിരുന്ന പ്രചാരം ഇബ്നു ഖല്‍ദൂന്‍, അബൂ ബക്ര്‍ അല്‍-റാസി പോലുള്ള ചില ചരിത്രകാരന്മാരും വ്യക്തമാക്കിയിട്ടുണ്ട്. ബാബിലോണിയന്‍ ജനത ഏഴ് നക്ഷത്രങ്ങളെ ആരാധിക്കുകയും, അവയെ ദൈവങ്ങള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. പ്രപഞ്ചത്തിലെ എല്ലാ സംഭവങ്ങളും ഇവയുടെ പ്രവര്‍ത്തനം മൂലമാണെന്നായിരുന്നു അവരുടെ വിശ്വാസം. ബാബിലോണിയന്‍ ജനത വിട്ടേച്ചു പോയ അവിശിഷ്ടങ്ങളില്‍ അവരിലെ സിഹ്റിന്റെ സ്വാധീനം വ്യക്തമാക്കുന്ന അനേകം ചിത്രപ്പണികളും മറ്റും കാണാന്‍ സാധിച്ചിട്ടുണ്ട്. അവരുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു സിഹ്ര്‍ എന്ന് പറയുന്നത് പോലും അധികമാവുകയില്ല. അനേകം അന്ധവിശ്വാസങ്ങള്‍ ഇതോടൊപ്പം വേറെയും അവര്‍ക്കുണ്ടായിരുന്നു. ഇവരിലേക്കായിരുന്നു ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യെ അല്ലാഹു നിയോഗിച്ചത്.

ബാബിലോണിയന്‍ ജനത വിട്ടേച്ചു പോയ ഗ്രന്ഥങ്ങള്‍ പരിശോധിച്ച പണ്ഡിതന്മാര്‍ അവ മൂന്നായി തരം തിരിച്ചിട്ടുണ്ട്. നക്ഷത്രങ്ങളെ സംബന്ധിച്ച് പ്രതിപാദിപ്പിക്കുന്ന പുസ്തകങ്ങള്‍, ജ്യോതിഷവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ക്രോഡീകരിക്കപ്പെട്ട പുസ്തകങ്ങള്‍, സിഹ്റിന് വേണ്ടി ഉപയോഗിക്കേണ്ട മന്ത്രങ്ങളും മറ്റും പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ എന്നിങ്ങനെയാണവ. (അവലംബം: ആലമുസ്സിഹ്രിവശ്ശഅ്വദ:15-20)

(പേര്‍ഷ്യന്‍) സമൂഹത്തില്‍ സിഹ്റിന്റെ സ്വാധീനമുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍ അവര്‍ക്കിടയില്‍ സിഹ്റിനോട് ശക്തമായ എതിര്‍പ്പ് നിലനിന്നിരുന്നെങ്കിലും മജൂസികള്‍ കടന്നു വന്നതോടെ ഇതില്‍ മാറ്റമുണ്ടാവുകയാണുണ്ടായത്.

ഖാദിസിയ്യയില്‍ പേര്‍ഷ്യന്‍ സേനാനായകനായ റുസ്തം മുസ്ലിംകള്‍ക്കെതിരെ പടനയിക്കുന്നതില്‍ നിന്ന് ഏതാണ്ട് നാല് മാസത്തോളം വിട്ട് നില്‍ക്കാനുണ്ടായ കാരണം ജ്യോതിഷവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളായിരുന്നുവെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. (അല്‍-ബിദായ വന്നിഹായ: 7/45-46)

തങ്ങളുടെ യുദ്ധങ്ങളില്‍ എന്നും വിജയം ലഭിക്കണമെന്ന ഉദ്ദേശത്തോടെ പേര്‍ഷ്യന്‍ ഭരണാധികാരിയായ കിസ്റയുടെ പതാകയില്‍ സാഹിറന്മാരുടെ നിര്‍ദേശപ്രകാരമുള്ള ചിത്രപ്പണികള്‍ ചെയ്തിരുന്നു. (താരീഖു ഇബ്നി ഖല്‍ദൂന്‍: 1/502) എന്നാല്‍ തൗഹീദിന്റെ പ്രകാശവുമായി മുസ്ലിംകള്‍ അവരുടെ എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന സൈന്യത്തെ തകര്‍ത്തെറിഞ്ഞപ്പോള്‍ ആ പതാക പിച്ചിച്ചീന്തപ്പെട്ടു. അവരുടെ സിഹ്ര്‍ അവര്‍ക്ക് യാതൊരു ഉപകാരവും ചെയ്യുകയുണ്ടായില്ല.

(ഈജിപ്ത്) സിഹ്റിന്റെ പേരില്‍ പ്രസിദ്ധമായ നാടായിരുന്നു. കണ്ടെടുക്കപ്പെട്ട പുരാതനരേഖകളില്‍ ഏറ്റവും പഴക്കമുള്ളതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈജിപ്ത്യന്‍ രേഖകളില്‍ സിഹ്റുമായി ബന്ധപ്പെട്ടതെന്ന് ഉറപ്പിച്ച് പറയാവുന്ന രേഖകളും എഴുത്തുകളും അനേകമുണ്ട്. ഗ്രീക്ക്-റോമ സമൂഹങ്ങള്‍ പോലും അക്കാലഘട്ടങ്ങളില്‍ ഈജിപ്തിന് സിഹ്റിന്റെ മേഖലയില്‍ ഉണ്ടായിരുന്ന അപ്രമാദിത്യം അംഗീകരിച്ചു നല്‍കിയവരായിരുന്നു. അവരുടെ സാഹിറന്മാര്‍ പലരും ഈജിപ്ത്യന്‍ സാഹിറന്മാരെ പൂര്‍ണമായും പിന്‍പറ്റാന്‍ ശ്രമിച്ചിരുന്നു.

വിശുദ്ധ ഖുര്‍ആന്‍ മൂസ -عَلَيْهِ السَّلَامُ- യുടെ ചരിത്രം വിവരിച്ച പലയിടങ്ങളിലും അക്കാലഘട്ടത്തിലെ സിഹ്റിന്റെ സ്വാധീനം വ്യക്തമാക്കിയിട്ടുണ്ട്. ഓരോ സമൂഹവും ഏത് മേഖലയിലാണോ മുന്നിട്ട് നില്‍ക്കുന്നത്, അതില്‍ അവരെ പരാജയപ്പെടുത്തുകയും, അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്ന് അവര്‍ക്ക് ബോധ്യപ്പെടുത്തി നല്‍കുകയും ചെയ്യുന്ന ദൃഷ്ടാന്തങ്ങളാണ് അല്ലാഹു പ്രവാചകന്മാര്‍ക്ക് നല്‍കിയിട്ടുള്ളത്.

മൂസ-عَلَيْهِ السَّلَامُ-ക്ക് നല്‍കപ്പെട്ട ദൃഷ്ടാന്തങ്ങള്‍ ഈജിപ്തിലെ സാഹിറന്മാരെ മുഴുവന്‍ പരാജയപ്പെടുത്തുന്നതായിരുന്നു. ലോകചരിത്രത്തില്‍ സിഹ്റിന് ഏറ്റവും കൂടുതല്‍ സ്വാധീനമുണ്ടായിരുന്ന കാലഘട്ടമായിരുന്നു അത് എന്നതിന് ഖുര്‍ആനിന്റെ ഈ ചരിത്ര വിവരണത്തില്‍ സൂചനകളുണ്ട്.

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: