കുട്ടികള്‍ക്ക് പേരിടുമ്പോള്‍

കുട്ടികള്‍ക്ക് പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?

പേരുകള്‍ക്ക് ഒരാളുടെ ജീവിതത്തില്‍ വളരെ സ്ഥാനവും പ്രാധാന്യവുമുണ്ട്. കാരണം ഓരോ വ്യക്തിയുടെയും വ്യക്തിപരമായ വിലാസത്തിന്റെ തുടക്കം പേരിലാണ്. അയാളുടെ അലങ്കാരവും അടയാളവും പേരിലാണ് നിലകൊള്ളുന്നത്. ദുനിയാവിലെന്ന പോലെ ആഖിറത്തിലും അതവനെ വിട്ടു പിരിയുന്നില്ല. ഒരു വസ്ത്രം പോലെ അതവനെ സംരക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് മുന്നില്‍ എടുത്തു കാട്ടുകയും ചെയ്യുന്നു.

പൊതുവെ എല്ലാ പേരുകളും ഇടുന്നത് ഇസ്ലാമില്‍ അനുവദനീയമാണ്. ഇസ്ലാം പ്രത്യേകം വിലക്കിയ പേരുകളോ നിരോധിച്ച അര്‍ത്ഥങ്ങളോ അടങ്ങിയ പേരുകള്‍ ഒഴികെ. ഈ വിഷയത്തില്‍ ശ്രദ്ധിക്കേണ്ട ചില വിധി വിലക്കുകള്‍ താഴെ പറയാം.

– അല്ലാഹു -تَعَالَى- അല്ലാത്തവരുടെ അടിമയാണ് എന്ന അര്‍ഥം വരുന്ന പേരുകള്‍ ആകരുത്. ഉദാഹരണത്തിന് അബ്ദു മനാഫ്.

– അല്ലാഹുവിന് മാത്രം പ്രത്യേകമായ പേരുകള്‍ ഇടാന്‍ പാടില്ല. ഉദാഹരണത്തിന് ഖാലിഖ് – خَالِقٌ (സ്രഷ്ടാവ്).

– കാഫിറുകള്‍ക്ക് മാത്രം പ്രത്യേകമായ പേരുകള്‍ ഇടരുത്. ഉദാഹരണത്തിന് ജോസഫ്.

– വിഗ്രഹങ്ങളുടെയോ ത്വാഗൂതുകളുടെയോ ആരാധ്യവസ്തുക്കളുടെയോ പേരുകള്‍ ഇടരുത്. ഉദാഹരണത്തിന് മനാഫ്.

മേല്‍ പറഞ്ഞ കാര്യങ്ങള്‍ പേരിടുമ്പോള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഹറാമുകളാണ്. അത്തരം പേരുകള്‍ മാറ്റല്‍ നിര്‍ബന്ധവുമാണ്. എന്നാല്‍ ഇനി പറയുന്ന ചില കാര്യങ്ങള്‍ ഒഴിവാക്കലാണ് നല്ലത്; അവ ഹറാം (നിഷിദ്ധം) ആണ് എന്നു പറയാന്‍ കഴിയില്ലെങ്കിലും.

– മോശം അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന -മനസ്സിന് വെറുപ്പുണ്ടാക്കുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന- പേരുകള്‍ ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഉദാഹരണത്തിന് ഹര്‍ബ്. യുദ്ധം എന്നാണ് അതിന്റെ അര്‍ഥം. നബി -ﷺ- ഈ പേര് മാറ്റിയിട്ടുണ്ട്.

– ഹറാമുകള്‍ ചെയ്തതിന്റെ പേരില്‍ പ്രസിദ്ധരായ -സംഗീതജ്ഞരുടെയോ അഭിനേതാക്കളുടെയോ മറ്റോ- പേരുകള്‍ പ്രത്യേകം തിരഞ്ഞെടുക്കുന്നത് വെറുക്കപ്പെട്ട കാര്യമാണ്. അതിനേക്കാള്‍ ഗുരുതരമാണ് ഇസ്ലാമിനും മുസ്ലിമീങ്ങള്‍ക്കും ഉപദ്രവമുണ്ടാക്കിയവരുടെ പേരുകള്‍ പ്രത്യേകം തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നതും.

– ലൈംഗികതയെയോ അതുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങളെ എടുത്തു കാണിക്കുന്ന പേരുകള്‍ സ്വീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കൂടുതലും പെണ്‍കുട്ടികള്‍ക്ക് പേരുകള്‍ ഇടുമ്പോള്‍ ഈ അബദ്ധം കടന്നു കൂടാറുണ്ട്. വ്യഭിചാരി എന്നര്‍ത്ഥം വരുന്ന ‘സാനിയ’ (زَانِيَةٌ) എന്ന പേര് ഉദാഹരണം.

– തെമ്മാടികളുടെയോ ധിക്കാരികളുടെയോ പേര് കുട്ടികള്‍ക്ക് ഇടരുത്. ഉദാഹരണത്തിന് ഫിര്‍ഔന്‍, ഹാമാന്‍, ഖാറൂന്‍ എന്നിങ്ങനെയുള്ള പേരുകള്‍.

– തിന്മയെയും ധിക്കാരത്തെയും അറിയിക്കുന്ന പേരുകള്‍ ഇടരുത്. ഉദാഹരണത്തിന് ദ്വാലിം (അതിക്രമി), സാരിഖ് (മോഷ്ടാവ്) പോലുള്ള പേരുകള്‍.

– പരിഹാസ്യമായ സ്വഭാവഗുണങ്ങളുള്ള മൃഗങ്ങളുടെ പേരുകള്‍ ഇടരുത്. ഉദാഹരണത്തിന് ഹിമാര്‍ (കഴുത), കല്‍ബ് (നായ), ഖിറദ് (കുരങ്ങന്‍) പോലുള്ള പേരുകള്‍.

– ദീനിലേക്കോ ഇസ്ലാമിലേക്കോ ചേര്‍ത്തുന്ന പേരുകള്‍ സ്വീകരിക്കുന്നത് ഹറാം അല്ലെങ്കിലും വെറുക്കപ്പെട്ട കാര്യമാണ്. ഉദാഹരണത്തിന് നൂറുദ്ദീന്‍ (ദീനിന്റെ പ്രകാശം), ശംസുദ്ധീന്‍ (ദീനിന്റെ സൂര്യന്‍), നൂറുല്‍ ഇസ്ലാം (ഇസ്ലാമിന്റെ വെളിച്ചം), ശംസുല്‍ ഇസ്ലാം (ഇസ്ലാമിന്റെ സൂര്യന്‍), മുഹ്യുദ്ദീന്‍ (ദീനിനെ ജീവിപ്പിക്കുന്നവന്‍), നാസ്വിറുദ്ദീന്‍ (ദീനിനെ സഹായിക്കുന്നവന്‍) പോലുള്ള പേരുകള്‍.

– ഖുര്‍ആനിലെ സൂറത്തുകളുടെ പേരുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് വെറുക്കപ്പെട്ടതാണ്. ഉദാഹരണത്തിന് യാസീന്‍, ത്വാഹ പോലുള്ള പേരുകള്‍.

അവസാനമായി ഒരു കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കട്ടെ. ഹറാം എന്ന് മേലെ വ്യക്തമായി പറഞ്ഞതല്ലാത്ത മറ്റെല്ലാം തന്നെ കേവലം മക്റൂഹ് എന്ന് പറയാവുന്ന കാര്യങ്ങളാണ്. ആര്‍ക്കെങ്കിലും അത്തരം പേരുകള്‍ ഉള്ളതായി കണ്ടാല്‍ അവരെ തരം താഴ്ത്തുകയോ പരിഹസിക്കുകയോ പേര് മാറ്റാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യേണ്ടതില്ല. അവയെല്ലാം ഇനി കുട്ടികള്‍ ജനിക്കുമ്പോള്‍ അവര്‍ക്ക് പേരിടുന്ന സന്ദര്‍ഭത്തില്‍ ശ്രദ്ധിക്കാവുന്ന കാര്യങ്ങള്‍ മാത്രമാണ്. എന്നാല്‍ ഹറാം എന്ന് പ്രത്യേകം എടുത്തു പറഞ്ഞ പേരുകള്‍ മാറ്റുക തന്നെ വേണം. വല്ലാഹു അഅലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • اسلام عليكم ورحمة الله
    മനാഫ് എന്ന പേര് എന്തുകൊണ്ടാണ് വേറുകപെട്ടത്?!

    • وعليكم السلام ورحمة الله وبركاته

      മനാഫ് എന്ന പേര് ജാഹിലിയ്യ കാലഘട്ടത്തില്‍ മുശ്രിക്കുകള്‍ ആരാധിച്ചിരുന്ന വിഗ്രഹത്തിന്റെ പേരാണ്.

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ:

%d bloggers like this: