മനപാഠമാക്കാവുന്ന ചെറു ഹദീസുകള്‍ (ഭാഗം ഒന്ന്)

ഒരേ മാളത്തില്‍ നിന്ന്…

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

copy

ഹദീഥ്

عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-:

أَنَّ رَسُولَ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَالَ:

«لَا يُلْدَغُ المُؤْمِنُ مِنْ جُحْرٍ وَاحِدٍ مَرََّتَيْنِ»


ഓഡിയോ


അര്‍ഥം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:

നബി -ﷺ- പറഞ്ഞു:

“ഒരു മുഅ്മിനിന് ഒരേ മാളത്തില്‍ നിന്ന് രണ്ടു തവണ വിഷമേല്‍ക്കുകയില്ല.”


പദാനുപദ അര്‍ഥം

[table id=1 /]


തഖ് രീജ്

ബുഖാരി: 6133 (ഒരു മുഅ്മിനിന് രണ്ട് തവണ ഒരേ മാളത്തില്‍ നിന്ന് വിഷമേല്‍ക്കില്ലെന്ന് അറിയിക്കുന്ന അദ്ധ്യായം)

മുസ്ലിം: 2998 (ഒരു മുഅ്മിനിന് രണ്ട് തവണ ഒരേ മാളത്തില്‍ നിന്ന് വിഷമേല്‍ക്കില്ലെന്ന് അറിയിക്കുന്ന അദ്ധ്യായം)


പാഠങ്ങള്‍

1- ഹദീഥിന്‍റെ ആശയം:

ഒരു മുഅ്മിനായ വ്യക്തി എപ്പോഴും ഉണര്‍വ്വോടെ ഇരിക്കുന്നവനും, മുന്‍പുണ്ടായ അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നവനുമായിരിക്കും. അലസതയോടെയും അലംഭാവത്തോടെയും കാര്യങ്ങളെ സമീപിക്കുന്നവനോ, മുന്‍കാല സംഭവങ്ങളെ പരിഗണിക്കാതെ എടുത്തു ചാടുന്നവനോ ആയിരിക്കില്ല അവന്‍. അതിനാല്‍ തന്നെ -ഒരേ വഴിയിലൂടെ- രണ്ട് തവണ വഞ്ചിക്കപ്പെടുക എന്നത് അവന്‍റെ കാര്യത്തില്‍ സംഭവിക്കുകയില്ല. ഇത് ഒരു ഉപമയോടെ പഠിപ്പിക്കുകയാണ് നബി -ﷺ- ചെയ്തിരിക്കുന്നത്.

ഒരു മനുഷ്യന് എന്നെങ്കിലുമൊരിക്കല്‍ ഒരു മാളത്തില്‍ കൈയ്യിട്ടപ്പോള്‍ -അല്ലെങ്കില്‍, അതിന്‍റെ അരികില്‍ കൂടി നടന്നു പോവുകയോ മറ്റോ ചെയ്തപ്പോള്‍- വിഷ ജന്തുക്കളുടെ കടിയേറ്റിട്ടുണ്ടെങ്കില്‍ പിന്നീട് രണ്ടാമതൊരിക്കല്‍ കൂടി അവിടെ നിന്ന് അവന് കടിയേല്‍ക്കുകയില്ല; അവന്‍ ബുദ്ധിയുള്ളവനാണെങ്കില്‍. ഇത് പോലെയായിരിക്കും മുഅ്മിന്‍. അവനെ ഒരേ വഴിയിലൂടെ രണ്ട് തവണ വഞ്ചിക്കാന്‍ കഴിയില്ല.

2- ഹദീഥ് പറയപ്പെട്ട സാഹചര്യം:

നബി -ﷺ- ഈ വാക്ക് പറയാനുള്ള സാഹചര്യം ഇതാണ്:

മക്കയില്‍ അബൂ ഇസ്സ എന്ന പേരില്‍ ഒരു കവി നബി -ﷺ- യെ പരിഹസിച്ചുള്ള കവിതകളെഴുതി ജീവിച്ചിരുന്നു. ബദ്ര്‍ യുദ്ധത്തില്‍ ഇവനെ മുസ്ലിമീങ്ങള്‍ തടവുകാരനായി പിടിച്ചു. എന്നാല്‍ നബി -ﷺ- യോട് കേണപേക്ഷിച്ചതിന്‍റെ ഫലമായി അയാളെ വെറുതെ വിട്ടു. മക്കയില്‍ തിരിച്ചെത്തിയാല്‍ നബി -ﷺ- യെ ആക്ഷേപിക്കുന്ന കവിതകളെഴുതരുതെന്ന നിബന്ധനയിലാണ് വിട്ടയക്കപ്പെട്ടതെങ്കിലും അബൂ ഇസ്സ അത് ലംഘിച്ചു. അടുത്ത കൊല്ലം ഉഹ്ദ് യുദ്ധം സംഭവിച്ചു. അതിലും ഇവന്‍ തടവുകാരനായി പിടിക്കപ്പെട്ടു. അവന്‍ വീണ്ടും നബി -ﷺ- യോട് മോചനത്തിനായി കേണപേക്ഷിച്ചു. അപ്പോഴാണ് അവിടുന്ന് ഈ ഹദീഥ് പറഞ്ഞത്.

3- വിഷമേല്‍ക്കുക എന്നതിന്‍റെ ഉദ്ദേശം.

മാളത്തില്‍ നിന്ന് വിഷമേല്‍ക്കുക എന്നതൊരു ഉപമയാണെന്ന് മേലെ പറഞ്ഞു. അതിന്‍റെ ഉദ്ദേശം രണ്ടു കാര്യങ്ങളാണ്:

ഒന്ന്: ഐഹികമായ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും. ഉദാഹരണത്തിന്, കച്ചവടത്തിലും മറ്റും സംഭവിക്കുന്ന അബദ്ധങ്ങള്‍, ഏതെങ്കിലും വ്യക്തികളുമായുണ്ടാകുന്ന ഇടപാടുകളില്‍ തെളിയുന്ന വഞ്ചകള്‍. ഇവയെല്ലാം ഒരിക്കല്‍ സംഭവിച്ചാല്‍ പിന്നെ സൂക്ഷിക്കണം; അതേ വ്യക്തി നിന്നെ വഞ്ചിച്ചു കൂടാ. അതേ സാഹചര്യം ഇനി ആവര്‍ത്തിച്ചു കൂടാ.

രണ്ട്: മതപരമായ അബദ്ധങ്ങളും തെറ്റുകളും. ഇതാണ് കൂടുതല്‍ പ്രാധാന്യമുള്ളത്. ജീവിതത്തില്‍ സംഭവിക്കുന്ന തിന്മകളും തെറ്റുകളും നിര്‍ബന്ധ കാര്യങ്ങളിലുള്ള വീഴ്ച്ചകളുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. അവ ഒരിക്കല്‍, അല്ലെങ്കില്‍ ചിലപ്പോള്‍ സംഭവിച്ചു പോയേക്കാം. എന്നാല്‍, വീണ്ടും അതാവര്‍ത്തിക്കുകയെന്നത് ഒരു മുഅ്മിനിന് സംഭവിക്കാന്‍ പാടില്ല.

4- തിന്മകള്‍ വിഷം പോലെയാണ്:

വിഷം ശരീരത്തിന് ഉപദ്രവമുണ്ടാക്കുന്നത് പോലെ തന്നെയാണ് മനുഷ്യര്‍ ജീവിതത്തില്‍ ചെയ്യുന്ന തിന്മകളും. അനേകം പ്രയാസങ്ങള്‍ അതിനുണ്ടാക്കാന്‍ കഴിയും. ഹൃദയകാഠിന്യവും, മനസ്സിന് അനുഭവിക്കേണ്ടി വരുന്ന ഭാരവും, ദുഖവും, വിഷാദവുമെല്ലാം ദുനിയാവില്‍ അനുഭവിക്കേണ്ടി വരുന്ന ചില ഉപദ്രവങ്ങളാണെങ്കില്‍, ആഖിറതില്‍ ശിക്ഷയും അപമാനവും നിരാശയും അവ സമ്മാനിക്കുന്നു.

വിഷങ്ങള്‍ പല തരമുണ്ട് എന്നത് പോലെ തിന്മകളും പല തരമുണ്ട്. ചില തരം വിഷം ഉള്ളില്‍ ചെന്നാല്‍ ഉടന്‍ മരണം സംഭവിച്ചേക്കാം; കുഫ്റും ശിര്‍ക്കും തിന്മകളുടെ കൂട്ടത്തില്‍ ഇത് പോലെയാണ്. അത് ദീനിനെ പൂര്‍ണമായി ഇല്ലാതെയാക്കും. മറ്റു ചില തിന്മകള്‍ ദീനിന്‍റെ അന്തസ്സത്ത ഇല്ലാതെയാക്കും; വന്‍പാപങ്ങള്‍ പോലെ. തളര്‍ത്തിക്കിടത്തുന്ന വിഷങ്ങള്‍ പോലെ. ചില വിഷങ്ങള്‍ ചെറിയ വേദനകളുണ്ടാക്കും; ചെറുപാപങ്ങള്‍ പോലെ.

5- വിഷജീവികളെ സൂക്ഷിക്കുക!

പാമ്പും തേളും മറ്റിഴ ജന്തുക്കളുമല്ല ഇവിടെ ഉദ്ദേശം. മറിച്ച്, ജിന്നുകളുടെയും മനുഷ്യരുടെയും കൂട്ടത്തില്‍ പെട്ട വിഷജന്തുക്കളാണ്. ശിര്‍ക്കും ബിദ്അത്തുമാകുന്ന, ഹറാമും മ്ലേഛതകളുമാകുന്ന വിഷക്കൂട്ടുകള്‍ ശുദ്ധപ്രകൃതിയില്‍ ജനിച്ചു വീണ മനുഷ്യരുടെ ഹൃദയങ്ങളില്‍ കുത്തിവെക്കാന്‍ സദാ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന വിഷജീവികളാണ് അവര്‍.

അവരുടെ നാവുകളും പേനകളും വിഷം പുരണ്ടതാണ്. അവ വിഷമേല്‍പ്പിക്കുക ഹൃദയങ്ങളിലും മനസ്സുകളിലുമാണ്. അത് കൊണ്ട് അവരുടെ തിന്മ ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ -ഒരു തവണ കടിയേറ്റാല്‍- പിന്നീടൊരിക്കല്‍ കൂടി കടിയേല്‍ക്കരുത്; നീ മുഅ്മിനാണെങ്കില്‍!

6- വിഷമേറ്റവന് വേദനിക്കണം; നിരാശയുമുണ്ടാകണം:

തിന്മ വിഷം പോലെയാണെങ്കില്‍ അതിലകപ്പെട്ടവന്‍ വിഷമേറ്റവനെ പോലെയുമാണ്. വിഷമേറ്റവന് ഉണ്ടാകുന്ന വെപ്രാളം അവനുമുണ്ടാകണം. ഭയവും പ്രയാസവും സംഭവിച്ചു പോയതിലുള്ള ഖേദവും നിരാശയും അവനില്‍ അതുണ്ടാക്കും. വിഷത്തിന്‍റെ കാഠിന്യമനുസരിച്ച് ഭയം കൂടുന്നതു പോലെ, തിന്മയുടെ കാഠിന്യമനുസരിച്ച് അല്ലാഹുവിനോടുള്ള പാപമോചനം വര്‍ദ്ധിക്കണം.

7- തിന്മയിലേക്കെത്തിക്കുന്ന വഴികള്‍:

തിന്മയെ മാത്രമല്ല, അതിലേക്കെത്തിക്കാന്‍ സാധ്യതയുള്ള വഴികളെയും സൂക്ഷിക്കണമെന്ന പാഠം ഈ ഹദീഥ് നല്‍കുന്നു. വിഷമേല്‍ക്കാന്‍ സാധ്യതയുള്ള കാര്യമാണ് മാളത്തില്‍ കൈയ്യിടല്‍ എന്നത് കൊണ്ട് ആ പ്രവൃത്തിയില്‍ നിന്ന് തന്നെ മുഅ്മിന്‍ വിട്ടു നില്‍ക്കും. കാരണം അവന് ഉപദ്രവം കൊണ്ടു വരാന്‍ സാധ്യതയുള്ള കാര്യത്തിലേക്ക് പോലും അവന്‍ അടുക്കാന്‍ തയ്യാറല്ല. അപ്പോള്‍, ശരിയായ തിന്മയില്‍ നിന്ന് അവനെന്തു മാത്രം അകലെയായിരിക്കും.

8- തോല്‍വി വിജയത്തിന്‍റെ ചവിട്ടുപടിയാണ്:

രണ്ട് തവണ ഒരേ മാളത്തില്‍ നിന്ന് മുഅ്മിനിന് വിഷമേല്‍ക്കുകയില്ല എന്ന നബി -ﷺ- യുടെ വാക്കില്‍ നിന്നൊരു കാര്യം മനസ്സിലാക്കാം; മുഅ്മിനിന് ഒരു തവണ വിഷമേല്‍ക്കാന്‍ സാധ്യതയുണ്ട്. അതവനെ മുഅ്മിനാക്കാതിരിക്കുന്നില്ല. തിന്മകളും അബദ്ധങ്ങളും സംഭവിക്കുന്നത് സ്വാഭാവികമാണെന്നും, അതില്‍ നിന്ന് പാഠങ്ങളുള്‍ക്കൊള്ളുകയും, പിന്നീടൊരിക്കലും ആ അബദ്ധം ആവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവനാണ് ഈമാനിന്‍റെ മാധുര്യം അനുഭവിച്ചിരിക്കുന്നത്. ഇത് വളരെ മഹത്തരമായ പാഠമാണ്.

പ്രത്യേകിച്ച് ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം. അനുഭവങ്ങളുടെ കുറവ് കാരണത്താലും, എടുത്തു ചാട്ടത്തിന്‍റെ കാലത്തിലൂടെ കടന്നു പോകുന്നതിനാലും അവര്‍ക്ക് അബദ്ധങ്ങള്‍ കൂടുതല്‍ വന്നു പോയേക്കാം. പക്ഷേ! നിരാശപ്പെടരുത്.

അവയെല്ലാം നാളെ നിന്‍റെ ജീവിതത്തില്‍ ഉപകാരപ്പെടുത്താവുന്ന പാഠങ്ങളാകട്ടെ!

ആ മാളങ്ങളിലൊന്നും ഒരിക്കല്‍ കൂടി നിന്‍റെ കാല്‍പാദങ്ങള്‍ വീണുടയാതിരിക്കട്ടെ!

9- മുഅ്മിനാണ് ബുദ്ധിമാന്‍!

അല്ലാഹുവിലും റസൂലിലും വിശ്വസിച്ച, അവരെ സത്യപ്പെടുത്തിയവരാണല്ലോ മുഅ്മിനുകള്‍? ഒരു മാളത്തില്‍ നിന്ന് രണ്ടു തവണ കടിയേല്‍ക്കാതിരിക്കുക എന്നത് ബുദ്ധിയുള്ളവരുടെ വിശേഷണമാണ്. പക്ഷേ, ബുദ്ധിയുള്ളവന്‍ എന്നതിന് പകരം നബി -ﷺ- മുഅ്മിന്‍ എന്നാണ് ഉപയോഗിച്ചത്. മുഅ്മിനീങ്ങളാണ് ശരിയായ ബുദ്ധിമാന്മാര്‍ എന്ന സൂചന അതിലുണ്ട്. കുഫ്ഫാറുകള്‍ ബുദ്ധിയില്ലാത്തവരാണെന്നും, അവര്‍ വേണ്ട വിധം ചിന്തിക്കാത്തവരാണെന്നും ആക്ഷേപിക്കുന്ന ഖുര്‍ആന്‍ ആയത്തുകളും ധാരാളം കാണാം.

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

%d bloggers like this: