മനപാഠമാക്കാവുന്ന ചെറു ഹദീസുകള്‍ (ഭാഗം ഒന്ന്)

കച്ചവടവും ശപഥങ്ങളും

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

copy

ഹദീഥ്

عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-:


أَنَّ رَسُولَ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَالَ:

«الحَلِفُ مُنَفِّقَةٌ لِلسِّلْعَةِ، مُمَحِّقَةٌ لِلْبَرَكَةِ»


ഓഡിയോ


അര്‍ഥം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:

നബി -ﷺ- പറഞ്ഞു:

“ശപഥം കച്ചവടച്ചരക്ക് ചിലവഴിക്കും; ബറകത് (അല്ലാഹുവിന്‍റെ അനുഗ്രഹം) ഇല്ലാതെയാക്കും.”


പദാനുപദ അര്‍ഥം

الحَلِفُ     :     ശപഥം, സത്യം ചെയ്യല്‍.

مُنَفِّقَةٌ      :     ചിലവഴിക്കുന്നത്, വില്‍ക്കാന്‍ സഹായിക്കുന്നത്

السِّلْعَةُ    :     കച്ചവടച്ചരക്ക്, കച്ചവട വസ്തു

مُمْحِقَةٌ    :    ഇല്ലാതെയാക്കുന്നത്, നശിപ്പിക്കുന്നത്

لِلْبَرَكَةِ      :    അനുഗ്രഹം, നന്മയുടെ വര്‍ദ്ധനവ്


തഖ് രീജ്

ബുഖാരി: 2087 (അല്ലാഹു പലിശയെ മായ്ച്ചു കളയും, ദാനധര്‍മ്മങ്ങളെ വളര്‍ത്തുകയും ചെയ്യുമെന്ന് അറിയിക്കുന്ന അദ്ധ്യായം. അല്ലാഹു കൊടിയ നിഷേധിയെയും അധര്‍മ്മകാരിയെയും ഇഷ്ടപ്പെടുന്നില്ല.)

മുസ്ലിം: 1606 (കച്ചവടത്തില്‍ സത്യം ചെയ്യല്‍ വിലക്കപ്പെട്ടിരിക്കുന്നു എന്നറിയിക്കുന്ന അദ്ധ്യായം)


പാഠങ്ങള്‍

1- ആരെ കൊണ്ടാണ് സത്യം ചെയ്യേണ്ടത്?

സത്യം ചെയ്യുകയാണെങ്കില്‍ അത് അല്ലാഹുവിനെ കൊണ്ട് മാത്രമേ പാടുള്ളൂ. അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ആരെകൊണ്ടും -ഉപ്പ, ഉമ്മ, ഉസ്താദുമാര്‍, ജേഷ്ഠാനുജന്മാര്‍, ഔലിയാക്കള്‍, അമ്പിയാക്കള്‍, ഖബറുകളും ജാറങ്ങളും എന്നിങ്ങനെ ആരെ കൊണ്ടും- സത്യം ചെയ്യരുത്. അല്ലാഹുവല്ലാത്തവരെ കൊണ്ട് സത്യം ചെയ്താല്‍ അത് ശിര്‍ക്കാണെന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്.

2- എപ്പോഴാണ് സത്യം ചെയ്യേണ്ടത്?

അനിവാര്യമാണെങ്കില്‍ മാത്രമേ സത്യം ചെയ്യാവൂ; അതും അല്ലാഹുവിനെ കൊണ്ട് മാത്രം; മറ്റാരെ കൊണ്ടും പാടില്ല. വെറുതെ തോന്നുമ്പോഴെല്ലാം സത്യം ചെയ്യുക എന്നത് പാടില്ല. അത് അല്ലാഹുവിനെ കുറിച്ചുള്ള ആദരവും ബഹുമാനവും ഇല്ലാതെയാക്കും. മാത്രമല്ല, സ്വയം വിശ്വാസക്കുറവുള്ളവരാണ് അധികമായി സത്യം ചെയ്യുക. അത് കൊണ്ട് അത്തരക്കാരെ പിന്‍പറ്റരുത് എന്ന് അല്ലാഹു -تَعَالَى- നബി -ﷺ- യോട് സൂറ. ഖലമില്‍ കല്‍പ്പിച്ചിട്ടുമുണ്ട്.

3- കച്ചവടത്തില്‍ സത്യം ചെയ്യരുത് എന്നതിന്‍റെ ഉദ്ദേശം:

രണ്ട് വിശദീകരണങ്ങള്‍ പറയപ്പെട്ടിട്ടുണ്ട്. രണ്ടും സ്വീകാര്യവുമാണ്.

ഒന്ന്: കള്ളസത്യം ചെയ്യരുതെന്നാണ് ഹദീഥിന്‍റെ ഉദ്ദേശം. ഈ അര്‍ഥത്തില്‍ മുസ്നദു അഹ്മദില്‍ ഒരു ഹദീഥും വന്നിട്ടുണ്ട്. പലപ്പോഴും കച്ചവടക്കാര്‍ സ്വന്തം വസ്തുക്കള്‍ വിറ്റു തീര്‍ക്കാന്‍ വേഗം കളവു പറയുന്നവരായിരിക്കും. അത് ഒരു മുസ്ലിമിന് യോജിച്ച സ്വഭാവമല്ല.

രണ്ട്: കച്ചവടച്ചരക്കുകള്‍ വിറ്റഴിക്കാന്‍ അല്ലാഹുവിന്‍റെ മേല്‍ സത്യം ചെയ്യരുത്. കാരണം, അല്ലാഹുവിനോടുള്ള മഹത്വവും ആദരവും കുറക്കുന്നതാണത്. നമ്മുടെ ഭൗതികാവശ്യങ്ങള്‍ക്ക് അല്ലാഹുവിനെ കൂട്ടിപിടിക്കുക എന്നത് ശരിയായ മര്യാദയല്ല. മുസ്ലിം ഉദ്ധരിച്ച ഹദീഥില്‍ ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്ന വാക്കുകള്‍ വന്നിട്ടുണ്ട്.

4- എന്താണ് ബറകത്?

നന്മകളിലുണ്ടാകുന്ന വര്‍ദ്ധനവും അതിലൂടെ ലഭിക്കുന്ന മാനസികമായ ധന്യതയുമാണ് ബറകത്. അത് നല്‍കുന്നവന്‍ അല്ലാഹു -تَعَالَى- മാത്രമാണ്. എത്രയോ പേര്‍ ധാരാളം സമ്പാദ്യവും സ്വത്തുമുള്ളവരാണ്; പക്ഷേ അവര്‍ ജീവിതത്തില്‍ യാതൊരു സമാധാനവും സ്വസ്ഥതയും ഉള്ളവരല്ല. എന്നാല്‍; എത്രയോ പേര്‍; അവര്‍ക്ക് ധാരാളം സമ്പാദ്യമില്ലെങ്കിലും ഉള്ളതില്‍ തൃപ്തിപ്പെടാന്‍ സാധിക്കുന്ന മനസ്സും, സമാധാനത്തോടെ ജീവിച്ചു പോകാന്‍ കഴിയുന്ന എളുപ്പവുമുണ്ട്. രണ്ടാമത്തെ വിഭാഗമാണ് ബറകതുള്ളവര്‍; ഏറെ പണമുള്ള ആദ്യ വിഭാഗത്തിനല്ല ബറകത് ലഭിച്ചിരിക്കുന്നത്.

5- കള്ളസത്യം ബറകത് ഇല്ലാതെയാക്കുമെന്നതിന്‍റെ ഉദ്ദേശം:

കള്ളസത്യം ചെയ്യുന്നതും, അല്ലാഹുവിന്‍റെ പേരില്‍ ശപഥം ചെയ്യുന്നതുമെല്ലാം നിങ്ങളുടെ പക്കലുള്ള കച്ചവട വസ്തു പെട്ടെന്ന് ചിലവഴിക്കാന്‍ സഹായിച്ചേക്കാം. പക്ഷേ, നിങ്ങള്‍ നേടിയെടുത്ത സമ്പാദ്യം ഉപകാരപ്പെടില്ല. പെട്ടെന്നുണ്ടാകുന്ന രോഗങ്ങള്‍ കാരണമോ, മറ്റെന്തെങ്കിലും വഴിയിലൂടെ സംഭവിക്കുന്ന നഷ്ടങ്ങളാലോ നിങ്ങളുണ്ടാക്കുന്ന സമ്പാദ്യം മുഴുവന്‍ മറ്റൊരു വഴിയിലൂടെ നശിച്ചു പോകും. അതോടെ നിങ്ങളുടെ സമ്പാദ്യത്തിലെ ബറകതും നശിക്കും.

6- സമ്പാദ്യം ശുദ്ധമായിരിക്കണമെന്ന പാഠം:

എങ്ങനെയും പണമുണ്ടാക്കുക എന്നാണ് ചെറിയ പ്രായം മുതല്‍ കുട്ടികള്‍ കേള്‍ക്കുന്നത്. എന്നാല്‍, എങ്ങനെയും സമ്പാദ്യമുണ്ടാക്കുന്നത് നന്മയല്ലെന്ന് ഈ ഹദീഥ് നമ്മെ പഠിപ്പിക്കുന്നു. സത്യസന്ധതയും വിശ്വസ്തതയുമാണ് -പണം കുറച്ചു കുറഞ്ഞാലും- അവസാനം നന്മയുടെ വഴിയിലേക്കെത്തിക്കുക. നഴ്സറിക്കാലം മുതല്‍ ഉന്നതപഠനങ്ങളില്‍ വരെ ആവര്‍ത്തിച്ചു കേള്‍ക്കുന്ന ‘എങ്ങനെയെങ്കിലും പണമുണ്ടാക്കൂ’ എന്ന വാക്കുകള്‍ നമ്മള്‍ മുസ്ലിമീങ്ങളുടെ കുട്ടികളെ കേള്‍പ്പിക്കരുത്. അതിന്‍റെ മാതൃക അവന്‍റെ രക്ഷിതാക്കളിലും ചുറ്റുമുള്ളവരിലും അവന് കണ്ടെത്താനും കഴിയണം.

7- പരസ്യവും ബ്രാന്‍ഡും; ശ്രദ്ധിക്കേണ്ട ചില പാഠങ്ങള്‍:

ഇസ്ലാമിന്‍റെയോ ദീനുമായി ബന്ധപ്പെട്ട മറ്റു പേരുകളുടെയോ മേമ്പൊടി ചേര്‍ത്ത് പരസ്യം ചെയ്യുന്നവരെയും സ്ഥാപനങ്ങള്‍ക്ക് പേര് നല്‍കുന്നവരെയുമൊക്കെ കാണാം. ഒരു മുസ്ലിമിന്‍റെ സ്ഥാപനമാണെന്ന് അറിയിക്കാനോ മറ്റോ ആണെങ്കില്‍ അതില്‍ ഉപകാരമുണ്ടായേക്കാം. എന്നാല്‍, ദീനിന്‍റെ പേരില്‍ കച്ചവടം വര്‍ദ്ധിപ്പിക്കാനും ലാഭമുണ്ടാക്കാനുമാണ് ഉദ്ദേശമെങ്കില്‍; അറിയുക! അല്ലാഹു നിങ്ങളുടെ ഹൃദയങ്ങള്‍ക്കുള്ളിലുള്ളത് അറിയുന്നവനാണ്.

8- കച്ചവടം അനുവദനീയമാണ്:

കച്ചവടം അനുവദിക്കപ്പെട്ട കാര്യമാണെന്ന സൂചന ഹദീഥിലുണ്ട്. കാരണം, അതില്‍ കള്ള സത്യം ചെയ്യുന്നതും, ശപഥങ്ങള്‍ അധികരിപ്പിക്കുന്നതുമെല്ലാമാണ് നിഷിദ്ധമായിട്ടുള്ളത്. അല്ലാഹു -تَعَالَى- കച്ചവടം അനുവദിച്ചതായി അറിയിക്കുന്ന അനേകം ആയത്തുകളും, അതിന്‍റെ ശ്രേഷ്ഠതയും മഹത്വവും വ്യക്തമാക്കുന്ന അനേകം ഹദീഥുകളും വന്നിട്ടുണ്ട്.

9- ഹദീഥ് വായിക്കുമ്പോള്‍:

ഹദീഥിലെ ‘മുനഫ്ഫിഖ’, ‘മുംഹിഖ’ എന്നീ പദങ്ങള്‍ രണ്ട് രൂപത്തില്‍ വായിക്കാം. രണ്ടിനും ഒരേ അര്‍ഥവുമാണ്. ഒന്നാമത്തെ രൂപം നമ്മള്‍ മേലെ നല്‍കിയിട്ടുള്ളത് പോലെ തന്നെയാണ്. രണ്ടാമത്തെ രൂപം ‘മുമഹ്ഹിഖ’, ‘മുന്‍ഫിഖ’ എന്നിങ്ങനെയാണ്. രണ്ടും ശരിയായ രൂപങ്ങളാണ്.

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

error:
%d bloggers like this: