ചെറുകുറിപ്പുകള്‍

ഇനിയും പഠിച്ചു തുടങ്ങാത്തവരോട്…!

അല്ലാഹു -تَعَالَى- പറഞ്ഞു:

إِنَّ شَرَّ الدَّوَابِّ عِندَ اللَّهِ الصُّمُّ الْبُكْمُ الَّذِينَ لَا يَعْقِلُونَ ﴿٢٢﴾

“തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്മാരുമാകുന്നു.” (അന്‍ഫാല്‍: 22)

ഇബ്നുല്‍ ഖയ്യിം പറഞ്ഞു: “മതവിജ്ഞാനമില്ലാത്തവരാണ് അല്ലാഹുവിങ്കല്‍ ജീവികളില്‍ ഏറ്റവും മോശം എന്നാണ് ഈ ആയത്തില്‍ അവന്‍ അറിയിച്ചത്‌. കഴുതയും കന്നുകാലികളും നായകളും പ്രാണികളും മറ്റനേകം മൃഗങ്ങളും അടങ്ങുന്ന വലിയ ജന്തുവര്‍ഗത്തില്‍ ഏറ്റവും മോശം ജാഹിലുകളാണ് (മതത്തെ കുറിച്ച് വിവരമില്ലാത്തവര്‍). നബിമാര്‍ കൊണ്ടു വന്ന (അല്ലാഹുവിന്റെ) മതത്തിന് ഇവരെക്കാള്‍ ഉപദ്രവമേല്‍പ്പിക്കുന്നവര്‍ വേറെയില്ല തന്നെ. അല്ല! യഥാര്‍ത്ഥത്തില്‍ റസൂലുകളുടെ ശ്രത്രുക്കളാണ് അവര്‍.” (മിഫ്താഹുദാരിസ്സആദ: 1/231)

ഇബ്നുല്‍ ഖയ്യിം വീണ്ടും പറയുന്നു: “അറിവില്ലാത്ത നിര്‍ഭാഗ്യവാന്മാരെ അല്ലാഹു ചില സന്ദര്‍ഭങ്ങളില്‍ കന്നുകാലികളോട് ഉപമിച്ചു (ഫുര്‍ഖാന്‍: 44), മറ്റു ചിലപ്പോള്‍ ഗ്രന്ഥം ചുമക്കുന്ന കഴുതകളോടു (ജുമുഅഃ: 5). കന്നുകാലികളെക്കാള്‍ തരംതാഴ്ന്നവര്‍ (അഅറാഫ്: 179), ജന്തുക്കളുടെ കൂട്ടത്തില്‍ ഏറ്റവും മോശം (അന്‍ആം: 22) എന്നിങ്ങനെ അവരെ ആക്ഷേപിച്ചു.

അവര്‍ മരണപ്പെട്ടവരാണ്; ജീവനുള്ളവരല്ലെന്നു അറിയിച്ചു. വഴികേടിന്റെയും അറിവില്ലായ്‌മയുടെയും അന്ധകാരത്തിലാണവര്‍ എന്ന് താക്കീത് ചെയ്തു. അവരുടെ ഹൃദയങ്ങളില്‍ അടപ്പു വീണിരിക്കുന്നുവെന്നും, ചെവികള്‍ക്കും കണ്ണുകള്‍ക്കും (അന്‍ആം: 25, ബഖറ: 7) മൂടിയുണ്ടെന്നും ഭയപ്പെടുത്തി. ഇതെല്ലാം അറിവില്ലായ്മയുടെയും അതിന്റെ വക്താക്കളുടെയും മോശം അവസ്ഥ വ്യക്തമാക്കുന്നു.” (മിഫ്താഹുദാരിസ്സആദ: 1/245)

അറിവില്ലായ്മ മനുഷ്യരില്‍ ഉണ്ടാക്കുന്ന നിന്ദ്യത ഇതാണ്. എന്നാല്‍ അറിവ് നേടുക എന്നത് -ചെറുതാണെങ്കിലും- മൃഗങ്ങള്‍ക്ക് പോലും ശ്രേഷ്ഠത നല്‍കുന്നു എന്നതാണ് അത്ഭുതം!

അനുവദനീയമായ ഭക്ഷണങ്ങളെ സംബന്ധിച്ച് പരാമര്‍ശിക്കുന്നതിനിടയില്‍ അല്ലാഹു പറഞ്ഞു:

أُحِلَّ لَكُمُ الطَّيِّبَاتُ ۙ وَمَا عَلَّمْتُم مِّنَ الْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ اللَّهُ ۖ

“നിങ്ങള്‍ പഠിപ്പിചെടുത്ത ഏതെങ്കിലും വേട്ടമൃഗം നിങ്ങള്‍ക്ക്‌ വേണ്ടി പിടിച്ചു കൊണ്ടു വന്നതില്‍ നിന്ന് നിങ്ങള്‍ തിന്നു കൊള്ളുക” (മാഇദ: 4)

ഈ ആയത്ത് പരാമര്‍ശിച്ചു കൊണ്ട് ഇബ്നുല്‍ ഖയ്യിം പറഞ്ഞു: “വേട്ട പഠിപ്പിക്കപ്പെട്ടിട്ടില്ലാത്ത വേട്ടനായ പിടിച്ചു കൊണ്ടു വരുന്നത് കഴിക്കുന്നത് അല്ലാഹു നിഷിദ്ധമാക്കി. എന്നാല്‍ പഠിപ്പിക്കപ്പെട്ട നായ പിടിച്ചു കൊണ്ടു വന്നത് അനുവദനീയവും! ഇത് ഇല്മിന്റെ ശ്രേഷ്ടതയല്ലാതെ മറ്റൊന്നുമല്ല… വിജ്ഞാനത്തിനും അധ്യാപനത്തിനുമുള്ള ശ്രേഷ്ടത കൊണ്ടല്ലെങ്കില്‍ പിന്നെ രണ്ടും തമ്മില്‍ (വേട്ട പഠിപ്പിക്കപ്പെട്ട നായയും അല്ലാത്തതും) യാതൊരു വ്യത്യാസവുമില്ല.” (മിഫ്താഹുദാരിസ്സആദ: 1/235)

ജനങ്ങള്‍ക്കിടയില്‍ മാന്യവേഷമണിഞ്ഞ പലരെയും മതപരമായ അറിവില്ലായ്മ അല്ലാഹുവിങ്കല്‍ കന്നുകാലികളെക്കാള്‍ അധമന്മാരാക്കുന്നു. മൃഗങ്ങളുടെ കൂട്ടത്തില്‍ മനുഷ്യരില്‍ പലരും അടുപ്പിക്കാത്ത നായക്ക്‌ അറിവ് തന്റെ വര്‍ഗത്തില്‍ സ്ഥാനവും, മനുഷ്യരുടെ അടുക്കല്‍ പരിഗണനയും നല്‍കുന്നു.

നമ്മള്‍ ആരാവണം…?

ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ..!

Leave a Comment