ഇസ്തിആദതിന്റെ മഹത്വം

അല്ലാഹുവിനെ മുന്‍നിര്‍ത്തി രക്ഷ ചോദിക്കുക എന്നത് വളരെ മഹത്തരമായ ഇബാദതുകളില്‍ ഒന്നാണ്. അല്ലാഹുവിങ്കല്‍ അതിന്റെ സ്ഥാനം മനസ്സിലാകണമെങ്കില്‍ ഓരോ തവണയും ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അല്ലാഹു നിന്നോട് ഇസ്തിആദ നടത്താന്‍ കല്‍പ്പിച്ചിട്ടുണ്ട് എന്ന കാര്യം മാത്രം ഓര്‍ത്താല്‍ മതി.

പിശാചില്‍ നിന്നും അവന്റെ ഉപദ്രവങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഉദ്ദേശിക്കുന്നവന്‍ ഇസ്തിആദതിന്റെ മഹത്വം മനസ്സിലാക്കുകയും അത് യോജിച്ച സന്ദര്‍ഭങ്ങളില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്‌താല്‍ മാത്രം മതി. കാരണം പിശാചിന്റെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ അല്ലാഹു പഠിപ്പിച്ചു നല്‍കിയ വഴിയാണ് അത്.

وَإِمَّا يَنْزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ إِنَّهُ سَمِيعٌ عَلِيمٌ

“പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌.” (അഅറാഫ്: 200)

പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നബി -ﷺ- യും ഇസ്തിആദ പഠിപ്പിച്ചു തന്നിട്ടുണ്ട്. അല്ല! അവിടുത്തെ പ്രാര്‍ത്ഥനകളില്‍ പൊതുവെ ഇസ്തിആദ നിറഞ്ഞു നില്‍ക്കുന്നതായി കാണാന്‍ കഴിയും.

അവിടുന്ന് പറഞ്ഞു:

«يَأْتِي الشَّيْطَانُ أَحَدَكُمْ فَيَقُولُ: مَنْ خَلَقَ كَذَا، مَنْ خَلَقَ كَذَا، حَتَّى يَقُولَ: مَنْ خَلَقَ رَبَّكَ؟ فَإِذَا بَلَغَهُ فَلْيَسْتَعِذْ بِاللَّهِ وَلْيَنْتَهِ»

“ശ്വൈത്വാന്‍ നിങ്ങളില്‍ ഒരാളുടെ അടുക്കല്‍ വരും. എന്നിട്ട്, ഇതിനെ ആരാണ് പടച്ചത്? അതിനെ ആരാണ് പടച്ചത്? എന്നിങ്ങനെ ചോദിക്കും. അവസാനം നിന്റെ റബ്ബിനെ ആരാണ് പടച്ചത് എന്നു ചോദിക്കും. അവിടെ എത്തിയാല്‍ അവന്‍ അല്ലാഹുവില്‍ അഭയം തേടുകയും, അതില്‍ നിന്ന് പിന്തിരിയുകയും ചെയ്യട്ടെ.” (ബുഖാരി: 3276, മുസ്‌ലിം: 134)

ത്വീബി -رَحِمَهُ اللَّهُ- പറഞ്ഞു: “ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനോട് ശരണം തേടാന്‍ പറയുകയും, മറ്റെന്തെങ്കിലും കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ പറയുകയും ചെയ്തത് അല്ലാഹുവാണ് എല്ലാം പടച്ചത് എന്ന കാര്യം തര്‍ക്കമേതും ആവശ്യമില്ലാതെ മനസ്സിലാകുന്ന കാര്യങ്ങളില്‍ ഒന്നായത് കൊണ്ടാണ്. അതില്‍ കൂടുതല്‍ ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യുന്നത് കൂടുതല്‍ പരിഭ്രാന്തി മാത്രമേ സൃഷ്ടിക്കൂ.” (ഫത്ഹുല്‍ ബാരി: 6/341)

എത്ര വലിയ പൈശാചിക കുതന്ത്രങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അല്ലാഹുവും റസൂലും -ﷺ- നമ്മെ പഠിപ്പിച്ച ഏകവഴി ഇസ്തിആദത് മാത്രമാണ്. മറ്റൊരു വഴിയുമില്ല. അത് ബോധത്തോടെയും ബോധ്യത്തോടെയും ചൊല്ലുന്ന ഏതൊരാള്‍ക്കും വലിയ ഉപകാരം ചെയ്യാതിരിക്കില്ല.

ഇബ്‌നുല്‍ ജൌസി -رَحِمَهُ اللَّهُ- പറഞ്ഞു: “ഒരു മുഅമിനിന്റെ ദീനിനെ പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന ഏറ്റവും ശക്തമായ കോട്ടയും, അവന്റെ ഹൃദയത്തിന് വൃത്തികെട്ട പിശാചില്‍ നിന്ന് സുരക്ഷ നല്‍കുന്ന ഏറ്റവും ശക്തമായ സംരക്ഷണവുമാണ് ഇസ്തിആദ.” (ബുസ്താനുല്‍ വാഇദീന്‍: 12)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment