വുദു ശരിയാകണമെങ്കില്‍ പാലിച്ചിരിക്കേണ്ട ചില നിബന്ധനകള്‍ ഉണ്ട്. ശ്വുറൂത്വുകള് എന്നാണ് അവക്ക് പറയുക. അവ അറിയലും, പ്രാവര്‍ത്തികമാക്കലും നിര്‍ബന്ധമാണ്. വുദുവി ശരിയാകാനുള്ള ശ്വര്‍ത്വുകള്‍ എട്ടു കാര്യങ്ങളാണ്. അവ:
1. വുദു നിര്‍ബന്ധമാക്കുന്ന കാര്യങ്ങള്‍ അവസാനിക്കണം.
മല-മൂത്ര വിസര്‍ജനം നടത്തുകയോ, കീഴ്ശ്വാസം പോവുകയോ അത് പോലുള്ള മറ്റു കാര്യങ്ങള്‍ സംഭവിക്കുകയോ ചെയ്യുമ്പോഴാണല്ലോ വുദു നിര്‍ബന്ധമാവുക? ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം വിരമിച്ചതിനു ശേഷമേ വുദു ആരംഭിക്കാന്‍ പാടുള്ളൂ.
ഉദാഹരണത്തിന് മൂത്രം ഒഴിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ അത് അവസാനിക്കുന്നത് വരെ വുദു എടുക്കാന്‍ പാടില്ല. മൂത്രം ഇറ്റി കൊണ്ടിരിക്കെ അയാള്‍ വുദുവെടുത്താല്‍ അയാളുടെ വുദു ശരിയാവുകയില്ല. ഇതു പോലെ തന്നെയാണ് കീഴ്ശ്വാസവും മറ്റു കാര്യങ്ങളുമെല്ലാം.
2. വുദുവിന് മുന്‍പ് ‘ഇസ്തിന്ജാഓ’ ‘ഇസ്തിജ്മാറോ’ ചെയ്യണം:
മല-മൂത്ര വിസര്‍ജ്ജനം നടത്തിയ ആളുകള്‍ക്കാണ് ഈ ശ്വര്‍ത്വ് ബാധകമാവുക. അവര്‍ വുദുവെടുക്കുന്നതിനു മുന്‍പ് മേല്‍ പറഞ്ഞ രണ്ടു കാര്യങ്ങളിലൊന്ന് ചെയ്യണം.
അതില്‍ ഒന്നാമത്തേത് ‘ഇസ്തിന്‍ജാഅ്’ ആണ്. വെള്ളം കൊണ്ട് മല-മൂത്ര വിസര്‍ജ്ജനം കഴുകി വൃത്തിയാക്കുന്നതിനാണ് ഇപ്രകാരം പറയുക. നജസ് -മലമോ മൂത്രമോ ആകട്ടെ- ഗുഹ്യസ്ഥാനങ്ങളില്‍ നിന്ന് പൂര്‍ണമായും നീങ്ങി വൃത്തിയാകുന്നത് വരെ -ഒന്നല്ലെങ്കില്‍- വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കണം. അല്ലെങ്കില്‍;
‘ഇസ്തിജ്മാര്‍’ ചെയ്യണം. മല-മൂത്ര വിസര്‍ജ്ജനം കല്ലു കൊണ്ടോ, സമാനമായ മറ്റെന്തെങ്കിലും വസ്തു കൊണ്ടോ വൃത്തിയാക്കുന്നതിനാണ് ഇപ്രകാരം പറയുക. ഉദാഹരണത്തിന്; ടവ്വല്‍, ടിഷ്യു പേപ്പര്‍ പോലുള്ളവ.
ഇസ്തിജ്മാര്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. അവ:
- മൂന്നു തവണയില്‍ കുറയാന്‍ പാടില്ല. ഒന്നല്ലെങ്കില്‍ മൂന്നു ചെറിയ കല്ലുകള്‍ കൊണ്ടോ, അല്ലെങ്കില്‍ വലിയ കല്ലിന്റെ മൂന്നു ഭാഗങ്ങള്‍ കൊണ്ടോ വൃത്തിയാക്കണം. ഈ എണ്ണത്തില്‍ കുറയാന്‍ പാടില്ല.
- എല്ലു കൊണ്ടോ, കാഷ്ഠം കൊണ്ടോ ‘ഇസ്തിജ്മാര്‍’ ചെയ്യാന്‍ പാടില്ല. അത് നബി -ﷺ- പ്രത്യേകം വിലക്കിയിട്ടുണ്ട്.
- ഗുഹ്യസ്ഥാനങ്ങളില്‍ മൂത്രവും മലവും -സാധാരണയുള്ളതിനേക്കാള്‍- കൂടുതല്‍ കാണപ്പെടുന്നുണ്ടെങ്കില്‍ -സാധിക്കുമെങ്കില്‍- ‘ഇസ്തിന്‍ജാഅ്’ (വെള്ളം കൊണ്ട് വൃത്തിയാക്കല്‍) തന്നെ ചെയ്യുന്നതാണ് നല്ലത്.
3. വെള്ളം ശുദ്ധിയുള്ളതായിരിക്കണം:
എല്ലാ വെള്ളവും ശുദ്ധിയുള്ളത് തന്നെയാണ്. മഴവെള്ളം, കിണറിലെ വെള്ളം, സംസം വെള്ളം, തടാകങ്ങളിലും പുഴകളിലുമുള്ള വെള്ളം, കടല്‍ വെള്ളം എന്നിങ്ങനെ എല്ലാ വെള്ളവും വുദുവെടുക്കാനും മറ്റു ശുദ്ധീകരണ കാര്യങ്ങള്‍ക്കും ഉപയോഗിക്കാം. കാരണം അല്ലാഹു -تَعَالَى- വെള്ളത്തെ പടച്ചിരിക്കുന്നത് തന്നെ ശുദ്ധീകരിക്കാനായാണ്.
എന്നാല്‍, വെള്ളത്തില്‍ എന്തെങ്കിലും നജസ് വീഴുകയും, വെള്ളത്തിനു നജസിന്റെ നിറമോ, മണമോ, രുചിയോ വന്നാല്‍ അതോടെ ആ വെള്ളവും നജസായി. വെള്ളം എത്ര കൂടുതലുണ്ടെങ്കിലും കുറവുണ്ടെങ്കിലും, രണ്ട് ഖുല്ലതില്‍ കൂടുതലായാലും കുറവായാലും ഈ നിയമം ബാധകമാണ്.
4. നിയ്യത്:
വുദുവിന് മുന്‍പ് നിയ്യത് ഉണ്ടായിരിക്കണം. നിയ്യത്ത് എന്നാല്‍ ഉദ്ദേശം എന്നര്‍ത്ഥം. അത് നാവു കൊണ്ട് ചൊല്ലിപ്പറയുക എന്നത് നബി -ﷺ- യില്‍ നിന്ന് സ്ഥിരപ്പെട്ടിട്ടില്ല. അതിനാല്‍ അപ്രകാരം ചെയ്യേണ്ടതുമില്ല. എന്നാല്‍ തീര്‍ത്തും അശ്രദ്ധമായി -എന്തെങ്കിലും ഓര്‍മ്മയില്‍- പോയി വുദുവെടുക്കുന്നതും ശരിയല്ല. മറിച്ചു താന്‍ എന്താണ് ചെയ്യുന്നതെന്നും, ആര്‍ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നും മനസ്സില്‍ ബോധ്യവും ആലോചനയും ഉണ്ടായിരിക്കണം.
5. വുദുവിന്റെ ഇടയില്‍ നിയ്യത്ത് മുറിക്കരുത്:
വുദു ചെയ്തു കൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ വുദുവില്‍ നിന്ന് പിന്തിരിയുകയാണെന്ന് ഉദ്ദേശിക്കുകയോ, വുദുവല്ലാത്ത മറ്റേതെങ്കിലും ഉദ്ദേശത്തിലേക്ക് നിയ്യത്ത് മാറ്റുകയോ ചെയ്യരുത്. അങ്ങനെ ചെയ്താല്‍ വുദു ഇടയില്‍ വെച്ച് മുറിയും.
ഉദാഹരണം പറയാം: വുദു എടുക്കുന്നതിന് ഇടയില്‍ ഒരാള്‍ ശരീരം മുഴുവന്‍ കഴുകാമെന്ന ഉദ്ദേശത്തില്‍ വുദുവില്‍ നിന്ന് പുറത്തു കടന്നാല്‍ അതോടെ അയാളുടെ വുദു മുറിയും. അയാള്‍ പിന്നീട് ആദ്യം മുതല്‍ വുദു എടുക്കണം.
6. വെള്ളം തൊലിയില്‍ തട്ടുന്നത് തടയുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഒഴിവാക്കണം:
വുദുവിന്റെ അവയവങ്ങളില്‍ എല്ലാം വെള്ളം നനയല്‍ നിര്‍ബന്ധമാണ്. അത് തടസ്സപ്പെടുത്തുന്ന എന്തെങ്കിലും ശരീരത്തില്‍ ഉണ്ടെങ്കില്‍ അവ കളഞ്ഞതിന് ശേഷമാണ് വുദു ആരംഭിക്കേണ്ടത്. അല്ലാതെ വുദു എടുത്താല്‍ അത് ശരിയായിട്ടില്ല.
ചില തരം എണ്ണകള്‍, ചില നെയില്‍ പോളിഷുകള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവയൊക്കെ ഉദാഹരണമാണ്. ഇവയിലെന്തെങ്കിലും ശരീരത്തില്‍ ഉണ്ടെങ്കില്‍ അവ നീക്കണം. അതിന് ശേഷമേ വുദു എടുക്കാന്‍ പാടുള്ളൂ.
7. ‘ഹയ്ദ്വോ’ ‘നിഫാസോ’ ഉണ്ടാകരുത്:
ഈ ശ്വര്‍ത്വ് സ്ത്രീകള്‍ക്ക് മാത്രം ബാധകമാണ്. അവരുടെ നിസ്കാരത്തിനു വേണ്ടിയുള്ള വുദു ശരിയാകണമെങ്കില്‍ ഈ രണ്ട് കാര്യങ്ങളും ഉണ്ടാകരുത്; അവ അവസാനിചിരിക്കണം.
‘ഹയ്ദ്വ്’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ആര്‍ത്തവവും, ‘നിഫാസ്’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രസവ രക്തവുമാണ്. ഇവ രണ്ടും ഉള്ളപ്പോള്‍ അവര്‍ക്ക് നിസ്കാരം നിര്‍ബന്ധമില്ല. അതിന് വേണ്ടിയുള്ള അവരുടെ വുദു ശരിയാവുകയുമില്ല.
8. തുടര്‍ച്ചയായി വുദു നഷ്ടപ്പെടുന്നവരാണെങ്കില് ഓരോ നിസ്കാര സമയത്തും വേറെ വേറെ വുദു എടുക്കണം:
ചിലര്‍ക്ക് അവരുടെ രോഗം കാരണത്താല്‍ എപ്പോഴും വുദു പോയിക്കൊണ്ടിരിക്കും. മൂത്ര വാര്‍ച്ച (മൂത്രം തുടര്‍ച്ചയായി ഇറ്റി വീണു കൊണ്ടിരിക്കുക), രക്തവാര്‍ച്ച (സ്ത്രീകള്‍ക്ക് തുടര്‍ച്ചയായി രക്തം പോയിക്കൊണ്ടിരിക്കുക), തുടര്‍ച്ചയായി കീഴ്ശ്വാസം പോയി കൊണ്ടിരിക്കുക എന്നിവ ഇത്തരം അവസ്ഥയുടെ ഉദാഹരണങ്ങളാണ്.
ആര്‍ക്കെങ്കിലും ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ -അല്ലാഹു അവര്‍ക്ക് സുഖപ്പെടുത്തട്ടെ- അവര്‍ ഓരോ നിസ്കാരത്തിനും വേറെ വേറെ വുദു എടുക്കണം.
ഉദാഹരണത്തിന് ദ്വുഹര്‍ നിസ്കാരത്തിന് അദാന്‍ (ബാങ്ക്) കൊടുത്തത് കേട്ടാല്‍ അവര്‍ നജസ് ഉള്ള ഭാഗങ്ങള്‍ വൃത്തിയാക്കി, അത് (നജസ്) വരുന്ന സ്ഥലത്ത് നജസ് പരക്കാതിരിക്കാന്‍ എന്തെങ്കിലുംവെച്ചു കെട്ടുകയും, ശേഷം വുടുവെടുക്കുകയും വേണം. അസ്വര്‍ നിസ്കാരം ആയാല്‍ വീണ്ടും ഇക്കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കണം. ഇങ്ങനെ എല്ലാ നിസ്കാരങ്ങളിലും ചെയ്യണം.
എന്നാല്‍, നിസ്കാരം ജംആക്കുകയാണെങ്കില്‍ -ഉദാഹരണത്തിന്; ദ്വുഹറും അസ്വറും ഒരുമിച്ച് നിസ്കരിക്കുകയാണെങ്കില്‍, അല്ലെങ്കില്‍ മഗ്രിബും ഇശാഉം ഒരിമിപ്പിക്കുകയാണെങ്കില്- അവര്‍ക്ക് ഈ രണ്ടു നിസ്കാരങ്ങളും ഒരു വുദുവില്‍ തന്നെ നിര്‍വ്വഹിക്കാം. പ്രത്യേകം പ്രത്യേകം വുദു എടുക്കണമെന്നില്ല.
വല്ലാഹു അഅ് ലം.
[ലേഖനം ചെറിയ പോസ്റ്ററുകളില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക]
അസ്സലാമു അലൈകും
എനിക്ക് ഒരു ലേഖനം ഉണ്ടാകാൻ ഉണ്ട്, അതിനുവേണ്ടി ഇതിൽ നിന്നും വുധുവിന്റെ വാജിബുകളിൽ നിന്നും ഞാൻ എഴുതിക്കോട്ടെ?