മത് ന്‍
فَإِنَّ العِبَادَةَ: اسْمٌ جَامِعٌ لِكُلِّ مَا يُجِبُّهُ اللَّهُ وَيَرْضَاهُ مِنَ الأَقْوَالِ وَالأَعْمَالِ البَاطِنَةِ وَالظَّاهِرَةِ.
അര്‍ഥം:
ഇബാദത് എന്നാല്‍: അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമായ ആന്തരികവും ബാഹ്യവുമായ എല്ലാ വാക്കുകളെയും പ്രവര്‍ത്തികളെയും ഉള്‍ക്കൊള്ളുന്ന ഒരു പദമാണ്.
ശര്‍ഹ്
ഇബാദതുകള്‍ അല്ലാഹുവിന് മാത്രം സമര്‍പ്പിക്കുന്നതിന് വേണ്ടിയാണ് അവന്‍ നമ്മെ പടച്ചതെന്നും, അത് അല്ലാഹു അല്ലാത്തവര്‍ക്ക് നല്‍കുന്നതിനാണ് ശിര്‍ക്ക് എന്നു പറയുകയെന്നും, ശിര്‍ക്കാണ് ഏറ്റവും ഗൗരവമേറിയ തിന്മയെന്നും വിശദീകരിച്ചു കഴിഞ്ഞു. പിന്നീട് ശൈഖ് വിശദീകരിച്ചത് ഇബാദതിനെ കുറിച്ചാണ്.
ഇബ്‌നു തൈമിയ്യ -رحمه الله- തന്റെ ‘രിസാലതുല്‍ ഉബൂദിയ്യ’യില്‍ ഇബാദതിന് നിര്‍വചനമായി നല്‍കിയ അതേ വാക്കുകളാണ് ഇവിടെ ശൈഖ് മുഹമ്മദ്യും-رحمه الله- എടുത്തു കൊടുത്തിട്ടുള്ളത്. ശൈഖിന്റെ ദഅ്വതില്‍ -പ്രബോധന പ്രവര്‍ത്തനങ്ങളില്‍- ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ സ്വാധീനം പ്രകടമാക്കുന്ന ഒരു തെളിവുമാണിത്.
മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യം തന്നെ ഇബാദതാണെന്ന് നാം മുന്‍പ് മനസ്സിലാക്കുകയുണ്ടായി. അതില്‍ നിന്ന് തന്നെ ഇബാദതിന് ഇസ്‌ലാമിലുള്ള പ്രാധാന്യം എന്തു മാത്രമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. അല്ലാഹുവിന് ഇബാദത് ചെയ്യണമെന്ന പരമപ്രധാന കല്‍പ്പന അറിയിക്കുന്നതിന് വേണ്ടിയാണ് എല്ലാ നബിമാരും ഈ ലോകത്തേക്ക് വന്നത്.
അല്ലാഹു -تعالى- പറഞ്ഞു:
(( وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدُونِ ))
“‘ഞാനല്ലാതെ മറ്റൊരു ഇലാഹ് ഇല്ല; അതിനാല്‍ നിങ്ങള്‍ എനിക്ക് ഇബാദത്ത് ചെയ്യുവിന്‍’ എന്ന് വഹ്യ് നല്‍കിയിട്ടല്ലാതെ നിനക്ക് മുന്‍പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല.” (അന്‍ബിയാഅ്: 25)
അല്ലാഹു -تعالى- പറഞ്ഞു:
(( وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ ))
“ത്വാഗൂത്തുകളെ വെടിയണമെന്നും, അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യണമെന്നും (പറയുന്നതിന് വേണ്ടി) എല്ലാ സമൂഹത്തിലേക്കും നാം റസൂലുകളെ നിയോഗിച്ചിട്ടുണ്ട്.” (നഹ്ല്‍: 36)
അനേകം പ്രവാചകന്മാര്‍ അവരുടെ സമൂഹത്തോട് ഇക്കാര്യം പറഞ്ഞതായി അല്ലാഹു ഖുര്‍ആനില്‍ പലയിടങ്ങളിലായി ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു. അല്ലാഹു -تعالى- പറഞ്ഞു:
(( يَاقَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ ))
“എന്റെ സമൂഹമേ! നിങ്ങള്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുക; അവനല്ലാതെ (ഇബാദത്ത് നല്‍കപ്പെടുന്ന) മറ്റൊരു ഇലാഹ് നിങ്ങള്‍ക്ക് ഇല്ല.”
നൂഹ് നബി -عليه السلام- (അഅ്റാഫ്: 59, മുഅ്മിനൂന്‍: 23), ഹൂദ് നബി -عليه السلام- (അഅ്റാഫ്: 65, ഹൂദ്: 50), സ്വാലിഹ് നബി -عليه السلام- (അഅ്റാഫ്: 73, ഹൂദ്: 61), ശുഐബ് നബി -عليه السلام- (അഅ്റാഫ്: 85, ഹൂദ്: 84, അന്‍കബൂത്ത്: 23) എന്നിവര്‍ ഇതേ കാര്യം തങ്ങളുടെ സമൂഹത്തോട് ആവര്‍ത്തിച്ചതായി ഖുര്‍ആനില്‍ കാണാം.
എന്താണ് ഇബാദത്?
‘അബദ’ (عبد) എന്ന പദത്തില്‍ നിന്നാണ് ‘ഇബാദത്’ നിഷ്പന്നമായിരിക്കുന്നത്. കീഴൊതുക്കം എന്നര്‍ഥം വരുന്ന ‘തദല്ലുല്‍’ (التذلل) എന്ന വാക്ക് ഇബാദതിനോട് സമാനാര്‍ഥമുള്ള പദമാണ്.
ഇബാദതിന്റെ നിര്‍വചനം എന്തെന്നതില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. അവയെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു നിലക്ക് പരസ്പര പൂരകങ്ങളാണ്.
ഒരു വിഭാഗം പറഞ്ഞു: ഇബാദതെന്നാല്‍ അങ്ങേയറ്റത്തെ കീഴ്വണക്കവും സ്നേഹവുമാണ്. ആരെങ്കിലും അങ്ങേയറ്റത്തെ കീഴ്വണക്കമില്ലാതെ സ്നേഹിക്കുക മാത്രം ചെയ്താല്‍ അത് ഇബാദതാവുകയില്ല. ആരെങ്കിലും സ്നേഹമില്ലാതെ കീഴൊതുങ്ങിയാലും ഇബാദതാവുകയില്ല.
മക്കളോട് മാതാപിതാക്കള്‍ക്കുള്ള സ്നേഹം, ഭര്‍ത്താവിന് ഭാര്യയോടുള്ള സ്നേഹം എന്നിവയെല്ലാം കീഴൊതുക്കമില്ലാത്ത സ്നേഹത്തിന് ഉദാഹരണമാണ്. ഭരണാധികാരികള്‍, നിയമപാലകര്‍ എന്നിവരോട് ചിലര്‍ കാണിക്കുന്ന കീഴൊതുക്കം ഇതിന് നേര്‍വിപരീതമാണ്; അതില്‍ സ്നേഹമുണ്ടായിരിക്കുകയില്ല.
ചുരുക്കം; രണ്ട് കാര്യങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ഇബാദത്:
(1) അങ്ങേയറ്റത്തെ താഴ്മ/കീഴൊതുക്കം.
(2) അങ്ങേയറ്റത്തെ സ്നേഹം.
ഇത് അല്ലാഹുവിനോടല്ലാതെ ഉണ്ടാകാന്‍ പാടില്ല.
ഇബ്‌നുല്‍ ഖയ്യിം -رحمه الله- തന്റെ പ്രസിദ്ധ കാവ്യമായ ‘നൂനിയ്യഃ’യില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
وَعِبَادَةُ الرَّحْمَنِ غَايَةُ حُبِّهِ مَعَ ذُلِّ عَابِدِهِ هُمَا قُطْبَانِ
‘റഹ്മാനുള്ള ഇബാദത് സ്നേഹത്തിന്റെ അങ്ങേയറ്റവും
ആരാധ്യനോടുള്ള സ്നേഹവുമാ; ണവ രണ്ടു സ്തംഭങ്ങള്‍’
ഈ ഗ്രന്ഥത്തില്‍ മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ് ഇബ്‌നു തൈമിയ്യ-رحمه الله-യില്‍ നിന്ന് ഉദ്ധരിച്ചിട്ടുള്ള നിര്‍വചനമാകട്ടെ, കുറച്ചു കൂടി വ്യക്തവും പ്രസിദ്ധവുമാണ്.
«العِبَادَةُ: اسْمٌ جَامِعٌ لِكُلِّ مَا يُحِبُّهُ اللَّهُ وَيَرْضَاهُ مِنَ الأَقْوَالِ وَالأَعْمَالِ الظَّاهِرَةِ وَالبَاطِنَةِ»
ഇബാദത്ത് എന്നാല്‍: അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമായ ആന്തരികവും ബാഹ്യവുമായ എല്ലാ വാക്കുകളെയും പ്രവര്‍ത്തികളെയും ഒരുമിപ്പിക്കുന്ന ഒരു പദമാണ്.
‘അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമായ’ എന്ന വാക്കില്‍ നിന്ന് ഏതൊരു പ്രവര്‍ത്തിയും അല്ലാഹുവിന് ഇഷ്ടമുള്ളതും, അവന് തൃപ്തികരവും ആകുമ്പോള്‍ മാത്രമാണ് ഇബാദത് ആവുക എന്ന് മനസ്സിലാക്കാന്‍ കഴിയും. അല്ലാഹുവിന് ഇഷ്ടപ്പെടാത്ത ഒരു പ്രവൃത്തി -അതെത്ര പേര്‍ ചെയ്താലും, ആരെല്ലാം അനുകൂലിച്ചാലും- ഇബാദതാവുകയില്ല.
‘ആന്തരികം’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനസ്സിനുള്ളിലെ പ്രവര്‍ത്തനങ്ങളാണ്. ഉദാഹരണത്തിന് അങ്ങേയറ്റത്തെ ഭയം, പ്രതീക്ഷ, സ്നേഹം, തവക്കുല്‍ പോലുള്ളവ. ഇവയെല്ലാം മനസ്സിന്റെ പ്രവര്‍ത്തനങ്ങളാണ്.
‘ബാഹ്യം’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശരീരാവയവങ്ങള്‍ കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ്. ഉദാഹരണമായി സ്വലാത് (നിസ്കാരം), നോമ്പ്, സകാത്ത്, ഹജ്ജ് പോലുള്ളവ.
‘വാക്കുകളും പ്രവര്‍ത്തനങ്ങളും’ എന്നത് മനുഷ്യന് ഇബാദത് ചെയ്യാന്‍ കഴിയുന്ന രണ്ട് മേഖലകളെ ഓര്‍മ്മപ്പെടുത്തലാണ്. വാക്കും പ്രവര്‍ത്തിയും ആന്തരികമായും ബാഹ്യമായും -ചിലപ്പോള്‍, രണ്ടും ഒരുമിച്ചു കൊണ്ടും- സംഭവിക്കും.
ആന്തരികവും ബാഹ്യവുമായ വാക്കുകള്‍ക്ക് ഉദാഹരണമാണ് ദിക്റുകള്‍. മനസ്സില്‍ മാത്രമാണ് ഒരാള്‍ ദിക്റെടുക്കുന്നതെങ്കില്‍ അത് ആന്തരികമായ വാക്ക് കൊണ്ടുള്ള ഇബാദത്താണ്. എന്നാല്‍ നാവ് കൊണ്ട് ദിക്ര്‍ എടുത്താല്‍ അത് ബാഹ്യമായ വാക്ക് കൊണ്ടുള്ള ഇബാദത്താണ്. മനസ്സും നാവും ഒരുമിച്ചു നില്‍ക്കുന്ന ദിക്റാണെങ്കില്‍ അത് ആന്തരികവും ബാഹ്യവുമായ അവയങ്ങള്‍ യോജിച്ച ഇബാദതിന്റെ ഉദാഹരണമാകും.
‘അല്ലാഹുവിന് ഇഷ്ടമുള്ളതും അവന് തൃപ്തികരമായതും’ മാത്രമാണ് ഇബാദതാവുക എന്ന് നാം പറയുകയുണ്ടായി. ഈ വാക്കുകള്‍ ഇബാദതിന്റെ രണ്ടു ശ്വര്‍ത്വുകള്‍ -നിബന്ധനകളിലേക്ക്- സൂചിപ്പിക്കുന്നു. അവ രണ്ടും പൂര്‍ത്തീയാവാതെ ഒരിക്കലും ഇബാദത് അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുകയില്ല.
ഒന്നാമത്തെ ശ്വര്‍ത്വ് ‘ഇഖ്ലാസ്’ ആണ്. അതായത് നിഷ്കളങ്കമായിരിക്കണം. അല്ലാഹുവിനായി ചെയ്യുന്ന ഇബാദതില്‍ ഒന്നിലും ആര്‍ക്കും ഒരു പങ്കും നിശ്ചയിക്കുക പാടില്ല. അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കണം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ഉദ്ദേശവും പ്രേരണയും.
അല്ലാഹു -تعالى- പറഞ്ഞു:
(( وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ … وَذَلِكَ دِينُ الْقَيِّمَةِ ))
“ഇഖ്ലാസുള്ളവരായി അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുവാനും … അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം.” (ബയ്യിന: 5)
അല്ലാഹു -تعالى- പറഞ്ഞു:
((مَنْ كَانَ يُرِيدُ حَرْثَ الْآخِرَةِ نَزِدْ لَهُ فِي حَرْثِهِ وَمَنْ كَانَ يُرِيدُ حَرْثَ الدُّنْيَا نُؤْتِهِ مِنْهَا وَمَا لَهُ فِي الْآخِرَةِ مِنْ نَصِيبٍ))
“വല്ലവനും പരലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്റെ കൃഷിയില്‍ നാം അവന് വര്‍ദ്ധന നല്‍കുന്നതാണ്. വല്ലവനും ഇഹലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നാം അവന് അതില്‍ നിന്ന് നല്‍കുന്നതാണ്. അവന് പരലോകത്ത് യാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല.” (ശൂറ: 20)
രണ്ടാമത്തെ ശ്വര്‍ത്വ് ‘ഇത്തിബാഅ്’ ആണ്. നബി -ﷺ- കാണിച്ചു തന്നതു പ്രകാരമായിരിക്കണം ഓരോരുത്തരുടെയും ഇബാദതുകള്‍. കാരണം അവിടുന്നാണ് നമുക്ക് ദീന്‍ അറിയിച്ചു തന്നത്.
അല്ലാഹു -تعالى- പറഞ്ഞു:
(( لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا ))
“തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ റസൂലില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.” (അഹ്സാബ്: 21)
ഈ രണ്ടും ശ്വര്‍ത്വുകളും ഇബാദതില്‍ ഒരുമിക്കുന്നത് വരെ അത് അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടുകയില്ല. ഒരാള്‍ ഏതെങ്കിലും ഇബാദത് നബി -ﷺ- ചെയ്തു കാണിച്ചു തന്നതു പോലെ തന്നെ പൂര്‍ത്തീകരിച്ചെന്ന് കരുതുക; എന്നാല്‍ മറ്റാരെയെങ്കിലും കാണിക്കുന്നതിന് വേണ്ടിയോ എന്തെങ്കിലും ഐഹികമായ ലാഭങ്ങള്‍ക്ക് വേണ്ടിയോ ആണ് അതയാള്‍ ചെയ്തതെങ്കില്‍ ആ പ്രവര്‍ത്തനം സ്വീകരിക്കപ്പെടുകയില്ല. മറ്റൊരാള്‍, പ്രവര്‍ത്തിക്കുന്നത് മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാണ്; പക്ഷേ ആ പ്രവര്‍ത്തനങ്ങള്‍ നബി -ﷺ- ചെയ്തു കാണിച്ചു തന്നതനുസരിച്ചല്ലെങ്കില്‍ അതും സ്വീകാര്യമാവുകയില്ല. ഇക്കാര്യം ഖുര്‍ആനിലെ പല ആയത്തുകളിലും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ചിലത് മാത്രം താഴെ നല്‍കാം.
അല്ലാഹു -تعالى- പറഞ്ഞു:
(( قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا ))
“അതിനാല്‍ വല്ലവനും തന്റെ റബ്ബിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സ്വാലിഹായ പ്രവര്‍ത്തനം ചെയ്യുകയും, തന്റെ റബ്ബിനുള്ള ഇബാദതില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.” (കഹ്ഫ്: 110)
ഇവിടെ, അല്ലാഹുവിനെ നല്ല രൂപത്തില്‍ കണ്ടു മുട്ടാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടു കാര്യം ചെയ്യണമെന്ന് അല്ലാഹു -تعالى- ഓര്‍മപ്പെടുത്തുന്നു.
ഒന്ന്: അവന്‍ സ്വാലിഹായ പ്രവര്‍ത്തനം ചെയ്യട്ടെ. ഒരു പ്രവര്‍ത്തനം സ്വാലിഹാകുന്നത് -സല്‍കര്‍മ്മം- നബി -ﷺ- ചെയ്തു കാണിച്ചാല്‍ മാത്രമാണ്. ഇത് ഇത്തിബാഇനെ അറിയിക്കുന്നു.
രണ്ട്: തന്റെ റബ്ബിനുള്ള ഇബാദത്തില്‍ അവന്‍ പങ്കു ചേര്‍ക്കാതിരിക്കട്ടെ. ഇത് ഇഖ്ലാസിനെ അറിയിക്കുന്നു.
അല്ലാഹു -تعالى- പറഞ്ഞു:
(( الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا وَهُوَ الْعَزِيزُ الْغَفُورُ ))
“നിങ്ങളില്‍ ആരാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് എന്നറിയുന്നതിന് വേണ്ടി ജീവിതത്തെയും മരണത്തെയും സൃഷ്ടിച്ചവനാണ് അവന്‍ (അല്ലാഹു).” (മുല്‍ക്: 2)
قَالَ الفُضَيْلُ بْنُ عِيَاضٍ: «أَحْسَنُهُ؛ أَيْ أَخْلَصُهُ وَأَصْوَبُهُ» قِيلَ لَهُ: «يَا أَبَا عَلِيّ، مَا أَخْلَصُهُ وَأَصْوَبُهُ» قَالَ: «إِنَّ العَمَلَ إِذَا كَانَ خَالِصاً لِلَّهِ وَلَمْ يَكُنْ صَوَاباً لَمْ يُقْبَلْ، وَإِذَا كَانَ صَوَاباً وَلَمْ يَكُنْ خَالِصاً لَمْ يُقْبَلْ، حَتَّى يَكُونَ صَوَاباً خَالِصاً»
ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഫുദൈല്‍ ബ്നു ഇയാദ് -رحمه الله- പറഞ്ഞു: “ഏറ്റവും നല്ല പ്രവര്‍ത്തനമെന്നാല്‍ ഏറ്റവും ഇഖ്ലാസുള്ളതും, ഏറ്റവും ശരിയായതുമാണ്.” അപ്പോള്‍ ചിലര്‍ ചോദിച്ചു: “ഏറ്റവും ഇഖ്ലാസുള്ളതും, ഏറ്റവും ശരിയായതും എന്നാല്‍ എന്താണ് ഉദ്ദേശം?”
അദ്ദേഹം പറഞ്ഞു: “ഒരു ഇബാദത്ത് എപ്പോള്‍ അല്ലാഹുവിന് മാത്രമുള്ളതാകുന്നോ അപ്പോള്‍ അത് ഇഖ്ലാസുള്ളതാകുന്നു. ഒരു ഇബാദത്ത് എപ്പോള്‍ നബി-ﷺ-യുടെ സുന്നത്തിനോട് യോജിച്ചു നില്‍ക്കുന്നുവോ അപ്പോള്‍ അത് ഏറ്റവും ശരിയായതാകുന്നു.
പ്രവര്‍ത്തനം ഇഖ്ലാസുള്ളതാകുകയും നബി-ﷺ-യുടെ സുന്നത്തിനോട് യോജിക്കാതെ വരികയും ചെയ്താല്‍ അത് സ്വീകരിക്കപ്പെടുകയില്ല. നബി-ﷺ-യുടെ സുന്നത്തിനോട് യോജിക്കുകയും ഇഖ്ലാസ് ഇല്ലാതെയാവുകയും ചെയ്താല്‍ അതും സ്വീകരിക്കപ്പെടുകയില്ല.” (മജ്മൂഉല്‍ ഫതാവ: 11/600)
വല്ലാഹു അഅ്ലം.