മത് ന്‍

[السُّؤَالُ الرَّابِعُ] : فَإِنْ قِيلَ: لِأَيِّ شَيْءٍ خَلَقَكَ؟

[الجَوَابُ] : فَقُلْ: لِعِبَادَتِهِ وَحْدَهُ لَا شَرِيكَ لَهُ وَطَاعَتِهِ، بِامْتِثَالِ مَا أَمَرَ بِهِ، وَتَرْكِ مَا يَنْهَى عَنْهُ.

كَمَا قَالَ -تَعَالَى-: (( وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ ))

وَكَمَا قَالَ -تَعَالَى-: (( وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ))

അര്‍ഥം:

ചോദ്യം 4 : “എന്തിനാണ് അല്ലാഹു നിന്നെ സൃഷ്ടിച്ചിരിക്കുന്നത്?” എന്ന് നിന്നോട് ചോദിക്കപ്പെട്ടാല്‍;
ഉത്തരം : ഒരു പങ്കുകാരനുമില്ലാത്ത അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യാനും, അവന്‍ കല്‍പ്പിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി കൊണ്ടും, അവന്‍ വിരോധിച്ച കാര്യങ്ങള്‍ ഒഴിവാക്കി കൊണ്ടും അവനെ അനുസരിക്കാനുമാണ് (എന്നെ സൃഷ്ടിച്ചിട്ടുള്ളത് എന്ന്) നീ പറയുക. 
അല്ലാഹു -تعالى- പറഞ്ഞത് പോലെ: 
(( وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ ))
“ജിന്നുകളെയും മനുഷ്യരെയും എനിക്ക് മാത്രം ഇബാദത്ത് ചെയ്യുന്നതിന് വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.” (അദ്ദാരിയാത്ത്: 56)
അല്ലാഹു -تعالى- പറഞ്ഞത് പോലെ: 
( وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ))
“നിങ്ങള്‍ അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുകയും, അവനില്‍ ശിര്‍ക്ക് ചെയ്യാതിരിക്കുകയും ചെയ്യുക.” (അന്നിസാഅ്: 36)

ശര്‍ഹ്

ആരാണ് നിന്നെ സൃഷ്ടിച്ചതെന്നും, അവന്റെ പേരെന്താണെന്നും, അതിന്റെ അര്‍ഥമെന്താണെന്നും, അവനാണ് നിന്നെ സൃഷ്ടിച്ചത് എന്നതിനുള്ള തെളിവുകളെന്തെല്ലാമാണെന്നും മനസ്സിലാക്കി കഴിഞ്ഞു. നിനക്കൊരു സൃഷ്ടാവുണ്ട്; നീ അവന്റെ സൃഷ്ടിയാണ്; അടിമയും ദാസനുമാണ്.

എന്തിനു വേണ്ടിയാണ് അവന്‍ നിന്നെ പടച്ചത്?

വെറുതെയായിരിക്കുമോ? ഒരു കാരണവുമില്ലാതെ?!

അപ്പോള്‍ പിന്നെ നന്മകള്‍ക്കെന്തു പ്രസക്തി? തിന്മകളോടെന്തിന് വെറുപ്പ്?

അതിക്രമങ്ങള്‍ ചെയ്താലെന്ത്? സഹായങ്ങളും പരോപകാരങ്ങളും ചെയ്തില്ലെങ്കിലെന്തു കോട്ടം?

നന്മകള്‍ ചെയ്തവരും തിന്മകള്‍ ചെയ്തവരും തമ്മിലുള്ള വ്യത്യാസമെന്ത്?

അനീതികള്‍ പലതും ചെയ്ത് അരങ്ങു വാണവര്‍ പട്ടുമെത്തകളില്‍ കിടന്നാണ് മരണം വരിച്ചത്? നീതിയും സത്യവും ആഗ്രഹിച്ചവര്‍ -അതിന് വേണ്ടി നിലകൊണ്ടവര്‍-; അവരില്‍ പലരും അതിക്രമികളുടെ ചവിട്ടേറ്റ് മണ്ണില്‍ പിടഞ്ഞു വീണും രക്തം വാര്‍ന്നും ലോകത്തോട് വിട പറഞ്ഞു; അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം വൃഥാവിലായോ?

ലക്ഷ്യമുണ്ടോ ഈ ജീവിതത്തിന്?

നിന്നെ പടക്കുകയും, നിനക്ക് വേണ്ടതെല്ലാം ഒരുക്കി വെക്കുകയും, അനുഗ്രഹങ്ങളുടെ എണ്ണമില്ലാത്ത കലവറ നിനക്ക് മുന്നില്‍ തുറന്നു വെക്കുകയും, ആശിച്ചവയും അതിലധികവും നിനക്ക് നല്‍കുകയും ചെയ്തവനായ; കാരുണ്യവാനും സര്‍വജ്ഞനും സര്‍വ്വശക്തനും നീതിമാനുമായ നിന്റെ റബ്ബ് -അല്ലാഹു- അപ്രകാരം ചെയ്യുമെന്ന് എങ്ങനെ കരുതാനാകും?

മനുഷ്യജീവിതത്തിന് പിന്നില്‍ ഒരു ലക്ഷ്യവുമില്ലെന്നും, ഇക്കാണുന്ന പ്രപഞ്ചമെല്ലാം വെറുതെ പടക്കപ്പെട്ടതാണെന്നും ജല്‍പ്പിച്ചവര്‍ക്ക് അല്ലാഹു ഖുര്‍ആനില്‍ അനേകം തവണ മറുപടി നല്‍കിയിട്ടുണ്ട്.

(( أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ (115) فَتَعَالَى اللَّهُ الْمَلِكُ الْحَقُّ لَا إِلَهَ إِلَّا هُوَ رَبُّ الْعَرْشِ الْكَرِيمِ ))

“അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ? എന്നാല്‍ യഥാര്‍ത്ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ യാതൊരു ഇലാഹുമില്ല. മഹത്തായ സിംഹാസനത്തിന്റെ റബ്ബത്രെ അവന്‍.” (മുഅ്മിനൂന്‍: 115-116)

വെറുതെ, ഒരു കാര്യവുമില്ലാതെ, ലക്ഷ്യമൊന്നുമില്ലാതെ പടക്കുക എന്നത് ഒരിക്കലും അല്ലാഹുവിന് യോജിച്ചതല്ല. കാരണം അവന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെുയും പിന്നില്‍ അവന് മാത്രം പരിപൂര്‍ണമായി മനസ്സിലാക്കാവുന്ന മഹത്തരമായ യുക്തി ഉണ്ടായിരിക്കുമെന്നതില്‍ സംശയമില്ല.

അനാവശ്യവും ലക്ഷ്യവുമില്ലാതെ എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കുന്നവന്‍ എന്ന് അല്ലാഹുവെ വിശേഷിപ്പിക്കുക തീര്‍ത്തും അന്യായമാണ്; ബുദ്ധിയും ചിന്താശേഷിയുമുള്ള മനുഷ്യര്‍ക്കിടയില്‍ അത് വളരെ മോശം വിശേഷണം തന്നെ; എങ്ങനെയാണ് പ്രപഞ്ചങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിന് അത് ചാര്‍ത്തി നല്‍കുക?!

(( وَمَا خَلَقْنَا السَّمَاءَ وَالْأَرْضَ وَمَا بَيْنَهُمَا لَاعِبِينَ (16) لَوْ أَرَدْنَا أَنْ نَتَّخِذَ لَهْوًا لَاتَّخَذْنَاهُ مِنْ لَدُنَّا إِنْ كُنَّا فَاعِلِين ))

“ആകാശത്തെയും, ഭൂമിയെയും, അവ രണ്ടിനുമിടയിലുള്ളതിനെയും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല. നാം ഒരു വിനോദമുണ്ടാക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നമ്മുടെ അടുക്കല്‍ നിന്നു തന്നെ നാമത് ഉണ്ടാക്കുമായിരുന്നു. (എന്നാല്‍) നാം (അത്) ചെയ്യുന്നതല്ല.” (അമ്പിയാഅ്: 16-17)

(( وَمَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا لَاعِبِينَ (38) مَا خَلَقْنَاهُمَا إِلَّا بِالْحَقِّ وَلَكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ))

“ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല. ശരിയായ ഉദ്ദേശത്തോടു കൂടി തന്നെയാണ് നാം അവയെ സൃഷ്ടിച്ചത്. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല.” (ദുഖാന്‍: 38-39)

ഇക്കാണുന്ന പ്രപഞ്ചവും അതിലുള്ളതുമെല്ലാം പടച്ചതിന് പിന്നില്‍ അല്ലാഹുവിന് യാതൊരു ഉദ്ദേശവുമില്ലെന്നും, അവക്ക് പിന്നിലൊരു യുക്തിയുമില്ലെന്നും പറയുന്നവന്‍ അല്ലാഹുവിനെ ശരിയാംവണ്ണം മനസ്സിലാക്കാത്തവനാണെന്നതില്‍ സംശയമില്ല.

കാരണം ഇവിടെ നീതിമാന്മാര്‍ ക്രൂശിക്കപ്പെടുന്നു; അതിക്രമികള്‍ നാടുകള്‍ വാഴുന്നു; ദുര്‍ബലര്‍ ചവിട്ടിമെതിക്കപ്പെടുകയും ദുഷ്ടന്മാര്‍ അവര്‍ക്ക് മേല്‍ നിന്ന് പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. നീതിമാനായ, സര്‍വ്വജ്ഞനും കാരുണ്യവാനുമായ നിന്റെ റബ്ബ് -അല്ലാഹു- ഇവര്‍ക്കിടയില്‍ വേര്‍തിരിക്കാതെ, അര്‍ഹര്‍ക്ക് അര്‍ഹമായത് നല്‍കാതെയിരിക്കുമെന്ന് കരുതുക തീര്‍ത്തും വയ്യ.

(( وَمَا خَلَقْنَا السَّمَاءَ وَالْأَرْضَ وَمَا بَيْنَهُمَا بَاطِلًا ذَلِكَ ظَنُّ الَّذِينَ كَفَرُوا فَوَيْلٌ لِلَّذِينَ كَفَرُوا مِنَ النَّارِ (27) أَمْ نَجْعَلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَالْمُفْسِدِينَ فِي الْأَرْضِ أَمْ نَجْعَلُ الْمُتَّقِينَ كَالْفُجَّارِ ))

“ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം നിരര്‍ഥകമായി സൃഷ്ടിച്ചതല്ല. സത്യനിഷേധികളുടെ ധാരണയത്രെ അത്. ആകയാല്‍ സത്യനിഷേധികള്‍ക്ക് നരകശിക്ഷയാല്‍ മഹാനാശം! അതല്ല, വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധര്‍മ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്‍മാരെ പോലെ നാം ആക്കുമോ?” (സ്വാദ്: 27-28)

(( فَنَجْعَلُ الْمُسْلِمِينَ كَالْمُجْرِمِينَ (35) مَا لَكُمْ كَيْفَ تَحْكُمُونَ ))

“അപ്പോള്‍ മുസ്‌ലിംകളെ നാം കുറ്റവാളികളെപോലെ ആക്കുമോ? നിങ്ങള്‍ക്കെന്തു പറ്റി? നിങ്ങള്‍ എങ്ങനെയാണ് വിധികല്‍പിക്കുന്നത്?” (ഖലം: 35-36)

(( أَيَحْسَبُ الْإِنْسَانُ أَنْ يُتْرَكَ سُدًى ))

“മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്!” (ഖിയാമഃ: 36)

ഒരിക്കലുമില്ല!

മനുഷ്യരെ -ജിന്നുകളെയും- പടച്ചതിന് പിന്നില്‍ അല്ലാഹുവിന് മഹത്തരമായ ഒരു ലക്ഷ്യമുണ്ട്. അതില്‍ സംശയമില്ല. യാതൊരു ലക്ഷ്യവുമില്ലാതെയാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് പറയാന്‍ ധിക്കാരികള്‍ക്കല്ലാതെ കഴിയില്ല. വിജ്ഞാനമോ അവധാനതയോടെയുള്ള ചിന്തയോ അല്ല അവരെ കൊണ്ടപ്രകാരം പറയിച്ചത്; കേവലം ഊഹവും ആഗ്രഹങ്ങളും മാത്രമാണ്. തങ്ങളുടെ തിന്മകളും അതിക്രമങ്ങളും ഒരിക്കലും ചോദ്യം ചെയ്യപ്പെടുകയില്ലെന്ന് സ്വയം സമാധാനിപ്പിക്കുക മാത്രമാണ് അവര്‍; അവരുടെ ഒരിക്കലും നടക്കാത്ത കിനാവുകള്‍ മാത്രമാണത്.

(( وَقَالَ الْمَلَأُ مِنْ قَوْمِهِ الَّذِينَ كَفَرُوا وَكَذَّبُوا بِلِقَاءِ الْآخِرَةِ وَأَتْرَفْنَاهُمْ فِي الْحَيَاةِ الدُّنْيَا مَا هَذَا إِلَّا بَشَرٌ مِثْلُكُمْ يَأْكُلُ مِمَّا تَأْكُلُونَ مِنْهُ وَيَشْرَبُ مِمَّا تَشْرَبُونَ (33) وَلَئِنْ أَطَعْتُمْ بَشَرًا مِثْلَكُمْ إِنَّكُمْ إِذًا لَخَاسِرُونَ (34) أَيَعِدُكُمْ أَنَّكُمْ إِذَا مِتُّمْ وَكُنْتُمْ تُرَابًا وَعِظَامًا أَنَّكُمْ مُخْرَجُونَ (35) هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ (36) إِنْ هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ ))

“അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരും, പരലോകത്തെ കണ്ടുമുട്ടുന്നതിനെ നിഷേധിച്ചു കളഞ്ഞവരും, ഐഹികജീവിതത്തില്‍ നാം സുഖാഡംബരങ്ങള്‍ നല്‍കിയവരുമായ പ്രമാണിമാര്‍ പറഞ്ഞു: … നിങ്ങള്‍ മരിക്കുകയും, മണ്ണും അസ്ഥിശകലങ്ങളുമായിത്തീരുകയും ചെയ്താല്‍ നിങ്ങള്‍ (വീണ്ടും ജീവനോടെ) പുറത്ത് കൊണ്ടു വരപ്പെടും എന്നാണോ അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നത്? നിങ്ങള്‍ക്ക് നല്‍കപ്പെടുന്ന ആ വാഗ്ദാനം എത്രയെത്ര വിദൂരം! ജീവിതമെന്നത് നമ്മുടെ ഈ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജനിക്കുന്നു. നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല തന്നെ.” (മുഅ്മിനൂന്‍: 33-37)

(( وَقَالُوا مَا هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلَّا الدَّهْرُ وَمَا لَهُمْ بِذَلِكَ مِنْ عِلْمٍ إِنْ هُمْ إِلَّا يَظُنُّونَ ))

“അവര്‍ പറഞ്ഞു: ജീവിതമെന്നാല്‍ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു. (വാസ്തവത്തില്‍) അവര്‍ക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാകുന്നു.” (ജാഥിയഃ: 24)

ശരി! ഈ ലോകത്തെ പടച്ചതിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ടെന്ന് സമ്മതിച്ചു. എങ്കില്‍ എന്താണാ ലക്ഷ്യം? എന്തിന് വേണ്ടിയാണ് അല്ലാഹു നിന്നെ പടച്ചത്? ഇതാണ് ശൈഖ് മുഹമ്മദ് -رحمه الله- തന്റെ അടുത്ത ചോദ്യമായി ഗ്രന്ഥത്തില്‍ നല്‍കിയിട്ടുള്ളത്. ഈ ചോദ്യത്തിന് പല ഉത്തരങ്ങള്‍ നല്‍കിയവരുണ്ട്.

ചിലര്‍ പറഞ്ഞു: അല്ലാഹു നമ്മെ വെറുതെ പടച്ചതാണ്; കളിയായും വിനോദമായും. യാതൊരു ലക്ഷ്യവും നമ്മുടെ സൃഷ്ടിപ്പിന് പിന്നിലില്ല. അവരുടെ വാദത്തിനുള്ള മറുപടി നാം മേലെ വായിച്ചു; കേവലം ഊഹവും ആഗ്രഹവും മാത്രമല്ലാതെ മറ്റൊന്നുമല്ല അവ.

മറ്റു ചിലര്‍ പറഞ്ഞു: യഹൂദനാകുക; അല്ലെങ്കില്‍ നസ്വ്റാനിയാവുക. നിനക്ക് രക്ഷപ്പെടാം. അതിനാണ് നിന്നെ സൃഷ്ടിച്ചിരിക്കുന്നത്.

(( وَقَالُوا كُونُوا هُودًا أَوْ نَصَارَى تَهْتَدُوا قُلْ بَلْ مِلَّةَ إِبْرَاهِيمَ حَنِيفًا وَمَا كَانَ مِنَ الْمُشْرِكِينَ ))

“നിങ്ങള്‍ യഹൂദരോ നസ്വ്റാനിയോ ആയാലേ നേര്‍വഴിയിലാകൂ എന്നാണവര്‍ പറയുന്നത്.” (ബഖറ: 135)

(( وَقَالُوا لَنْ يَدْخُلَ الْجَنَّةَ إِلَّا مَنْ كَانَ هُودًا أَوْ نَصَارَى تِلْكَ أَمَانِيُّهُمْ قُلْ هَاتُوا بُرْهَانَكُمْ إِنْ كُنْتُمْ صَادِقِينَ ))

“സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ നസ്വ്റാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ (നബിയേ) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ എന്ന്.” (ബഖറ: 111)

അവരില്‍ ചിലര്‍ പരസ്പരം ആക്ഷേപിച്ചു; അവനല്ല, ഞാനാണ് ശരിയെന്ന് വെറുതെ വാദിച്ചു കൊണ്ടിരുന്നു. തങ്ങളുടെ കൈകളിലുള്ള വേദഗ്രന്ഥത്തിലെ പാഠങ്ങളാകട്ടെ; അവര്‍ക്ക് അപരിചിതവും അജ്ഞവുമാണ് താനും. കേവലം അവകാശവാദങ്ങളും വിഭാഗീയതയും മാത്രമാണ് അവരെ നയിച്ചു കൊണ്ടിരുന്നത്.

(( وَقَالَتِ الْيَهُودُ لَيْسَتِ النَّصَارَى عَلَى شَيْءٍ وَقَالَتِ النَّصَارَى لَيْسَتِ الْيَهُودُ عَلَى شَيْءٍ وَهُمْ يَتْلُونَ الْكِتَابَ كَذَلِكَ قَالَ الَّذِينَ لَا يَعْلَمُونَ مِثْلَ قَوْلِهِمْ ))

“യഹൂദന്‍മാര്‍ പറഞ്ഞു; നസ്വ്റാനികള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്. നസ്വ്റാനികള്‍ പറഞ്ഞു; യഹൂദന്‍മാര്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്. അവരെല്ലാവരും വേദഗ്രന്ഥം പാരായണം ചെയ്യുന്നവരാണ് താനും. അങ്ങനെ ഇവര്‍ പറഞ്ഞത് പോലെ തന്നെ വിവരമില്ലാത്ത ചിലരൊക്കെ പറഞ്ഞിട്ടുണ്ട്.” (ബഖറ: 113)

ഇസ്‌ലാമിന്റെ പേരിലും ചിലര്‍ ഇന്നിറങ്ങിയിരിക്കുന്നു; അവരും മുന്‍കാലക്കാരെ പോലെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ‘നീ മുസ്‌ലിമായാല്‍ രക്ഷപ്പെടും’ എന്നവര്‍ പറയുന്നു; എന്നാല്‍ ആരാണ് മുസ്‌ലിമെന്നതും, എന്താണ് ഇസ്‌ലാമെന്നതും അവര്‍ക്ക് അജ്ഞമാണ്. നീ യഹൂദിയായിരുന്നപ്പോള്‍ ചെയ്തിരുന്നതെല്ലാം മാറ്റിവെച്ചില്ലെങ്കിലും കുഴപ്പമില്ല; നീ മുസ്‌ലിമായാല്‍ മതി!

‘ശഹാദത് കലിമ’ ചൊല്ലിയതിന് ശേഷം അതിനെ പൊളിച്ചടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചു ചെയ്താലും കുഴപ്പമില്ല. നീ മുസ്‌ലിമാണല്ലോ?! നീ രക്ഷപ്പെടാതിരിക്കില്ല!!

അല്ലാഹു -تعالى- പറഞ്ഞു:

(( لَيْسَ بِأَمَانِيِّكُمْ وَلَا أَمَانِيِّ أَهْلِ الْكِتَابِ مَنْ يَعْمَلْ سُوءًا يُجْزَ بِهِ وَلَا يَجِدْ لَهُ مِنْ دُونِ اللَّهِ وَلِيًّا وَلَا نَصِيرًا (123) وَمَنْ يَعْمَلْ مِنَ الصَّالِحَاتِ مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَأُولَئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا ))

“നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല കാര്യം. വേദക്കാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല. ആര് തിന്‍മ പ്രവര്‍ത്തിച്ചാലും അതിന്നുള്ള പ്രതിഫലം അവന്ന് നല്‍കപ്പെടും. അല്ലാഹുവിന് പുറമെ തനിക്ക് ഒരു മിത്രത്തെയും സഹായിയെയും അവന്‍ കണ്ടെത്തുകയുമില്ല. ആണാകട്ടെ പെണ്ണാകട്ടെ, ആര്‍ മുഅ്മിനായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.” (നിസാഅ്: 123-124)

ഈ പറഞ്ഞതിന്റെ അര്‍ഥം: ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’യെന്നല്ല. ‘മതം ഞങ്ങളുടേതായാല്‍ മതി; മനുഷ്യന് തോന്നിയതു പോലെയെല്ലാം ആകാം’ എന്നതിനെ മാത്രമാണ് മേല്‍ പറഞ്ഞതിലെല്ലാം എതിര്‍ത്തത്.

മതം ഇസ്‌ലാമല്ലാതെ മറ്റൊന്നും അനുവദനീയമല്ല; അത് കേവലം ഇസ്‌ലാം എന്റെ മതമായി എന്നതു കൊണ്ടല്ല. ശരികളുടെ പരിപൂര്‍ണത അതില്‍ മാത്രമാണ്. മറ്റു മതങ്ങളില്‍ ചില ശരികളുണ്ടാകാം; എന്നാല്‍ തെറ്റുകളുമുണ്ട്.

എന്നാല്‍ ഇസ്‌ലാമാകട്ടെ; ശരികള്‍ മാത്രമാണതിലുള്ളത്. തെറ്റുകള്‍ ഒരിക്കലും ഇസ്‌ലാമിലെ ശരികളല്ല. ഇത് കേവലം അവകാശവാദമല്ല; ആര്‍ക്കും പരിശോധിക്കാവുന്ന നഗ്നയാഥാര്‍ഥ്യമാണ്.

ചുരുക്കത്തില്‍; എന്തിനാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നതിനുള്ള ഉത്തരം വെറുതെയെന്നല്ല; ഏതെങ്കിലുമൊരു മതത്തില്‍ അംഗത്വമെടുത്ത് തോന്നിയ പോലെ ജീവിക്കാനെന്നുമല്ല; മറിച്ച് പ്രപഞ്ചത്തിന്റെ സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിന് കീഴൊതുങ്ങി, അവന് മാത്രം ഇബാദത്തുകള്‍ -ആരാധനകള്‍- മുഴുവന്‍ സമര്‍പ്പിച്ച് ജീവിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു നമ്മെ പടച്ചത്.

അതു കൊണ്ടാണ് ശൈഖ് മുഹമ്മദ് -رحمه الله- ഉത്തരമായി ഇപ്രകാരം പറഞ്ഞത്: “അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യാനും, അവന്‍ കല്‍പ്പിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി കൊണ്ടും, അവന്‍ വിരോധിച്ച കാര്യങ്ങള്‍ ഒഴിവാക്കി കൊണ്ടും അവനെ അനുസരിക്കാനുമാണ് (എന്നെ സൃഷ്ടിച്ചിട്ടുള്ളത് എന്ന്) നീ പറയുക.”

‘അല്ലാഹുവിനെ ആരാധിക്കാന്‍ -ഇബാദത് ചെയ്യാന്‍- വേണ്ടിയാണ് മനുഷ്യനെയും ജിന്നുകളെയും സൃഷ്ടിച്ചിട്ടുള്ളത്’ എന്ന കാര്യം ഖുര്‍ആനിലെ അനേകം ആയതുകളില്‍ അല്ലാഹു ഊന്നിപ്പറഞ്ഞ കാര്യമാണ്.

അല്ലാഹു -تعالى- പറഞ്ഞു:

(( وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ (56) مَا أُرِيدُ مِنْهُمْ مِنْ رِزْقٍ وَمَا أُرِيدُ أَنْ يُطْعِمُونِ ))

“ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ഉദ്ദേശിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല.” (ദാരിയാത്: 56-57)

അല്ലാഹു -تعالى- പറഞ്ഞു:

(( وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ ))

“കീഴ്വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവന് ഇബാദത് ചെയ്യുവാനും, നിസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം.” (ബയ്യിനഃ: 5)

അല്ലാഹു -تعالى- പറഞ്ഞു:

(( قُلْ إِنَّمَا أُمِرْتُ أَنْ أَعْبُدَ اللَّهَ وَلَا أُشْرِكَ بِهِ إِلَيْهِ أَدْعُو وَإِلَيْهِ مَآبِ ))

“പറയുക: അല്ലാഹുവിനെ ഇബാദത് ചെയ്യണമെന്നും, അവനുള്ള (ഇബാദതില്‍)പങ്കുചേര്‍ക്കരുത് എന്നും മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. അവനിലേക്കാണ് ഞാന്‍ ക്ഷണിക്കുന്നത്. അവനിലേക്ക് തന്നെയാണ് എന്റെ മടക്കവും.” (റഅ്ദ്: 36)

അല്ലാഹു -تعالى- പറഞ്ഞു:

(( قُلْ إِنِّي أُمِرْتُ أَنْ أَعْبُدَ اللَّهَ مُخْلِصًا لَهُ الدِّينَ ))

“പറയുക: കീഴ്വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്.” (സുമര്‍: 36)

മുആദ് -رضي الله عنه- വിന്റെ ഹദീഥ് മുന്‍പ് പരാമര്‍ശിക്കപ്പെട്ടെങ്കിലും ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തട്ടെ.

عَنْ مُعَاذٍ، قَالَ: كُنْتُ رِدْفَ النَّبِيِّ -ﷺ- عَلَى حِمَارٍ يُقَالُ لَهُ عُفَيْرٌ، فَقَالَ: «يَا مُعَاذُ، هَلْ تَدْرِي حَقَّ اللَّهِ عَلَى عِبَادِهِ، وَمَا حَقُّ العِبَادِ عَلَى اللَّهِ؟»، قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: «فَإِنَّ حَقَّ اللَّهِ عَلَى العِبَادِ أَنْ يَعْبُدُوهُ وَلاَ يُشْرِكُوا بِهِ شَيْئًا، وَحَقَّ العِبَادِ عَلَى اللَّهِ أَنْ لاَ يُعَذِّبَ مَنْ لاَ يُشْرِكُ بِهِ شَيْئًا»

മുആദു ബ്നു ജബല്‍ പറഞ്ഞു: “ഞാന്‍ നബി-ﷺ-യുടെ പിറകില്‍ ഉഫൈര്‍ എന്ന് പേരുള്ള ഒരു കഴുതപ്പുറത്തിരുന്ന് യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ അവിടുന്ന് എന്നോട് പറഞ്ഞു: “ഹേ മുആദ്! അല്ലാഹുവിന് അവന്റെ അടിമകളുടെ മേലുള്ള അവകാശം എന്താണെന്നും, അടിമകള്‍ക്ക് അല്ലാഹു (സ്വയം നിശ്ചയിച്ചു നല്‍കിയ) തന്റെ മേലുള്ള അവകാശം എന്താണെന്നും നിനക്ക് അറിയുമോ?” ഞാന്‍ പറഞ്ഞു: “അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും നന്നായി അറിയുക.”

അവിടുന്ന് പറഞ്ഞു: “അല്ലാഹുവിന് അവന്റെ അടിമകളുടെ മേലുള്ള അവകാശം അവന് മാത്രം അവര്‍ ഇബാദത്ത് ചെയ്യുക എന്നതും, അവനില്‍ ശിര്‍ക്ക് ചെയ്യാതിരിക്കുക എന്നതുമാണ്. അടിമകള്‍ക്ക് അല്ലാഹു (സ്വയം നിശ്ചയിച്ചു നല്‍കിയ) അവകാശമാകട്ടെ, ശിര്‍ക്ക് ചെയ്യാത്തവരെ ശിക്ഷിക്കാതിരിക്കുക എന്നതാണ്.” (ബുഖാരി: 128, മുസ്‌ലിം: 30)

അല്ലാഹുവിന് ഇബാദത് നല്‍കുന്നതിന് വേണ്ടിയാണ് നിന്നെയും എന്നെയും മനുഷ്യരെയും ജിന്നുകളെയും എല്ലാവരെയും സൃഷ്ടിച്ചിരിക്കുന്നതെന്ന് മനസ്സിലായി. ചിലരുടെ മനസ്സില്‍ വന്നേക്കാവുന്ന -പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടാത്ത- ഒരു ചോദ്യവും അതിനുള്ള ഉത്തരവും കൂടി ഈ സന്ദര്‍ഭത്തില്‍ നല്‍കുന്നത് ഉചിതമാകുമെന്ന് കരുതുന്നു. ചോദ്യമിതാണ്:

എന്തിനാണ് അല്ലാഹുവിന് ഇബാദതുകള്‍ -ആരാധനകള്‍- സമര്‍പ്പിക്കുന്നത്?

ഉത്തരം ലളിതമാണ്:

1. അവന്‍ മാത്രമാണ് അതിന് അര്‍ഹനെന്നതു കൊണ്ട്.

2. അവന്‍ നിനക്ക് ചെയ്തു തന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാനുള്ള മാര്‍ഗമാണ് അതെന്നതു കൊണ്ട്.

ഉത്തരം ലളിതമാണെങ്കിലും മനസ്സിലാകുന്നതിന് വേണ്ടി കുറച്ചു വിശദീകരിക്കാം.

01. അല്ലാഹുവാണ് ഇബാദതിന് അര്‍ഹന്‍.

കാരണം ഇബാദതെന്നാല്‍ അങ്ങേയറ്റത്തെ താഴ്മയും വിനയവും അങ്ങേയറ്റത്തെ സ്നേഹവുമാണ്. ഇത് അല്ലാഹുവിന് മുന്നില്‍ മാത്രമേ നല്‍കുക പാടുള്ളൂ.

കാരണം എല്ലാ നന്മകളുടെ പൂര്‍ണതയും, എല്ലാ മനോഹാരിതയുടെയും അവസാനവും, എല്ലാ പ്രതാപത്തിന്റെയും ഉത്തുംഗതയും അല്ലാഹുവില്‍ മാത്രമാണുള്ളത്. മറ്റെല്ലാം -അല്ലാഹുവിന് പുറമെയുള്ള എന്തും ഏതും- കുറവുകളും ന്യൂനതകളും ഉള്ളവയാണ്. ഒരു നന്മയിലും പരിപൂര്‍ണത അവകാശപ്പെടാന്‍ അവര്‍ക്ക് കഴിയില്ല. പരിപൂര്‍ണതയുള്ളവനാണ് ഇബാദതുകള്‍ -ആരാധനകള്‍- സമര്‍പ്പിക്കേണ്ടത്.

എല്ലാം സൃഷ്ടിക്കുകയും, അവയെല്ലാം നിയന്ത്രിക്കുകയും, എല്ലാം കേള്‍ക്കുകയും എല്ലാം കാണുകയും, എല്ലാവരുടെയും എല്ലാ പ്രാര്‍ഥനകള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയുന്നവനും, എല്ലാത്തിനും കഴിയുന്നവനും, ഉപകാരോപദ്രവങ്ങളുടെ നിയന്താവും എല്ലാത്തിന്റെയും ഉടമസ്ഥനുമായവനാണ് ആരാധിക്കപ്പെടേണ്ടത്. അല്ലാഹുവല്ലാത്ത മറ്റൊരാള്‍ക്കും ഇക്കാര്യം അവകാശപ്പെടാന്‍ കഴിയില്ല.

അല്ലാഹുവിന് പുറമെയുള്ളവര്‍ ഒന്നും സൃഷ്ടിച്ചവരല്ല; അതിനാല്‍ അവര്‍ ആരാധിക്കപ്പെടാന്‍ അര്‍ഹരുമല്ല.

അല്ലാഹു -تعالى- പറഞ്ഞു:

(( قُلْ أَرَأَيْتُمْ مَا تَدْعُونَ مِنْ دُونِ اللَّهِ أَرُونِي مَاذَا خَلَقُوا مِنَ الْأَرْضِ ))

“(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ.” (അഹ്ഖാഫ്: 4)

അല്ലാഹുവിന് പുറമെയുള്ളവര്‍ക്ക് ഒരു കാര്യത്തിലും പരിപൂര്‍ണ നിയന്ത്രണമില്ല; സ്വയം നിയന്ത്രിക്കുവാന്‍ പോലും അവര്‍ അശക്തരാണ്.

അല്ലാഹു -تعالى- പറഞ്ഞു:

(( يَاأَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ إِنَّ الَّذِينَ تَدْعُونَ مِنْ دُونِ اللَّهِ لَنْ يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ وَإِنْ يَسْلُبْهُمُ الذُّبَابُ شَيْئًا لَا يَسْتَنْقِذُوهُ مِنْهُ ضَعُفَ الطَّالِبُ وَالْمَطْلُوبُ ))

“മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.” (ഹജ്ജ്: 73)

വിഗ്രഹങ്ങള്‍ക്ക് ആരാധന സമര്‍പ്പിക്കുന്നവരോട് ഇബ്രാഹീം -عليه الصلاة والسلام- ചോദിച്ചതായി അല്ലാഹു -تعالى- പറഞ്ഞു:

(( إِذْ قَالَ لِأَبِيهِ يَاأَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِي عَنْكَ شَيْئًا ))

“അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു?” (മര്‍യം: 42)

അല്ലാഹുവിന് പുറമെയുള്ളവര്‍ -അവര്‍ പ്രാര്‍ഥനകള്‍ കേള്‍ക്കുമെന്ന് സമ്മതിച്ചാല്‍ പോലും- അവക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നവരല്ല.

അല്ലാഹു -تعالى- പറഞ്ഞു:

(( وَالَّذِينَ تَدْعُونَ مِنْ دُونِهِ مَا يَمْلِكُونَ مِنْ قِطْمِيرٍ (13) إِنْ تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ ))

“അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.” (ഫാത്വിര്‍: 13-14)

അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവര്‍ ഒന്നിനും കഴിവില്ലാത്തവരാണ്; അല്ലാഹുവാകട്ടെ സര്‍വ്വശക്തനും സകല ലോകങ്ങളുടെയും നിയന്താവും.

അല്ലാഹു -تعالى- പറഞ്ഞു:

(( وَضَرَبَ اللَّهُ مَثَلًا رَجُلَيْنِ أَحَدُهُمَا أَبْكَمُ لَا يَقْدِرُ عَلَى شَيْءٍ وَهُوَ كَلٌّ عَلَى مَوْلَاهُ أَيْنَمَا يُوَجِّهْهُ لَا يَأْتِ بِخَيْرٍ هَلْ يَسْتَوِي هُوَ وَمَنْ يَأْمُرُ بِالْعَدْلِ وَهُوَ عَلَى صِرَاطٍ مُسْتَقِيمٍ ))

“രണ്ട് പുരുഷന്‍മാരെ അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. അവരില്‍ ഒരാള്‍ യാതൊന്നിനും കഴിവില്ലാത്ത ഊമയാകുന്നു. അവന്‍ തന്റെ യജമാനന് ഒരു ഭാരവുമാണ്. അവനെ എവിടേക്ക് തിരിച്ചുവിട്ടാലും അവന്‍ യാതൊരു നന്മയും കൊണ്ട് വരില്ല. അവനും, നേരായ പാതയില്‍ നിലയുറപ്പിച്ചുകൊണ്ട് നീതി കാണിക്കാന്‍ കല്‍പിക്കുന്നവനും തുല്യരാകുമോ?” (നഹ്ല്‍: 76)

മുജാഹിദ് -رحمه الله- പറഞ്ഞു: “ഇത് വിഗ്രഹങ്ങള്‍ക്കും ആരാധനകള്‍ക്ക് അര്‍ഹനായ അല്ലാഹുവിനുമുള്ള ഉപമയാണ്. വിഗ്രഹങ്ങള്‍ സംസാരിക്കുകയോ, നന്മയോ തിന്മയോ കല്‍പ്പിക്കുകയോ ചെയ്യില്ല. ഒരു കാര്യത്തിനും അവക്ക് കഴിവുമില്ല. വാക്കോ പ്രവര്‍ത്തിയോ അതില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. അതിനെ പരിചരിക്കുന്നവനെ ആശ്രയിച്ചു കൊണ്ടാണ് അതിന്റെ നിലനില്‍പ്പു പോലും.” (ഇബ്‌നു കഥീര്‍: 4/588)

ഉപകാരോപദ്രവങ്ങളുടെ നിയന്ത്രണവും അല്ലാഹുവിന്റെ പക്കല്‍ തന്നെ; അവന് പുറമെയുള്ളവരെല്ലാം അക്കാര്യത്തില്‍ നിസ്സഹായരും ദുര്‍ബലരുമാണ്. വിഗ്രഹാരാധാകരോട് ഇബ്രാഹീം -عليه الصلاة والسلام- യുടെ ചോദ്യം നോക്കൂ!

അല്ലാഹു -تعالى- പറഞ്ഞു:

(( قَالَ أَفَتَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَنْفَعُكُمْ شَيْئًا وَلَا يَضُرُّكُمْ (66) أُفٍّ لَكُمْ وَلِمَا تَعْبُدُونَ مِنْ دُونِ اللَّهِ أَفَلَا تَعْقِلُونَ ))

“അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? നിങ്ങളുടെയും, അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?” (അമ്പിയാഅ്: 66-67)

എല്ലാത്തിനും പുറമേ, ഇക്കാണുന്നവയുടെയെല്ലാം ഉടമസ്ഥന്‍ -അല്ലാഹുവിന് പുറമേ മനുഷ്യര്‍ ആരാധിച്ചു കൊണ്ടിരിക്കുന്ന ആരാധ്യരടക്കം- അല്ലാഹുവല്ലാതെ മറ്റാരുമല്ല. അവന്‍ സര്‍വ്വാധികാരിയാണ്. അവന് പുറമെയുള്ളവരാകട്ടെ; അവന്റെ അധീനതയിലും അടിമത്വത്തിലുമാണ് -അവര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും-.

അല്ലാഹു -تعالى- പറഞ്ഞു:

(( قُلِ ادْعُوا الَّذِينَ زَعَمْتُمْ مِنْ دُونِ اللَّهِ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَمَا لَهُمْ فِيهِمَا مِنْ شِرْكٍ وَمَا لَهُ مِنْهُمْ مِنْ ظَهِيرٍ * وَلَا تَنْفَعُ الشَّفَاعَةُ عِنْدَهُ إِلَّا لِمَنْ أَذِنَ لَهُ ))

“പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ഥിച്ച് നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല. ആര്‍ക്കു വേണ്ടി അവന്‍ അനുമതി നല്‍കിയോ അവര്‍ക്കല്ലാതെ അവന്റെ അടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടുകയുമില്ല.” (സബഅ്: 22-23)

02. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാനുള്ള വഴിയാണ് ഇബാദത്.

സമുദ്രസമാനമായ അനുഗ്രഹങ്ങളുടെ നടുവിലാണ് നീ ജീവിച്ചു കൊണ്ടിരിക്കുന്നത്. നിന്റെ ശരീരാവയവങ്ങളിലും, നിന്റെ കുടുംബാംഗങ്ങളിലും, ചുറ്റുപാടുകളിലും നീയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഏതൊരു വസ്തുവിലും നിനക്ക് വ്യക്തമായി ബോധ്യപ്പെടുന്നതും അല്ലാത്തതുമായ അനേകം അനുഗ്രഹങ്ങള്‍ കണ്ടെത്താന്‍ കഴിയും. അവയെല്ലാം അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാണ്.

അല്ലാഹു -تعالى- പറഞ്ഞു:

(( وَمَا بِكُمْ مِنْ نِعْمَةٍ فَمِنَ اللَّهِ ))

“നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു.” (നഹ്ല്‍: 53)

അല്ലാഹു -تعالى- പറഞ്ഞു:

(( وَآتَاكُمْ مِنْ كُلِّ مَا سَأَلْتُمُوهُ وَإِنْ تَعُدُّوا نِعْمَتَ اللَّهِ لَا تُحْصُوهَا إِنَّ الْإِنْسَانَ لَظَلُومٌ كَفَّارٌ ))

“.നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാവില്ല.” (ഇബ്രാഹീം: 34)

അല്ലാഹു -تعالى- പറഞ്ഞു:

(( وَإِنْ تَعُدُّوا نِعْمَةَ اللَّهِ لَا تُحْصُوهَا إِنَّ اللَّهَ لَغَفُورٌ رَحِيمٌ ))

“അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാവില്ല.” (നഹ്ല്‍: 18)

അനുഗ്രഹദാതാവിന് നന്ദി കാണിക്കുകയെന്നത് കേവലമര്യാദയെന്നതിനപ്പുറം നിര്‍ബന്ധ ബാധ്യതയാണ്. ഉപകാരത്തിന് നന്ദി പ്രകടിപ്പിക്കാത്തവനെക്കാള്‍ അഹങ്കാരിയും നിഷേധിയുമായി മറ്റൊരാളുമുണ്ടാകില്ല. അല്ലാഹുവിനെക്കാള്‍ നിനക്ക് അനുഗ്രഹങ്ങളും നന്മകളും നല്‍കിയ മറ്റൊരാളുമില്ല; അതിനാല്‍ അവന് നന്ദി പ്രകടിപ്പിക്കാന്‍ നീ ബാധ്യസ്ഥനാണ്.

എത്രയെത്ര ആയതുകളിലാണ് അല്ലാഹു -تعالى- ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിട്ടുള്ളത്!

അല്ലാഹു -تعالى- പറഞ്ഞു:

(( وَاللَّهُ أَخْرَجَكُمْ مِنْ بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ لَعَلَّكُمْ تَشْكُرُونَ ))

“നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ട് വന്നു. നിങ്ങള്‍ക്കു അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി.” (നഹ്ല്‍: 78)

അല്ലാഹു -تعالى- പറഞ്ഞു:

(( وَهُوَ الَّذِي سَخَّرَ الْبَحْرَ لِتَأْكُلُوا مِنْهُ لَحْمًا طَرِيًّا وَتَسْتَخْرِجُوا مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى الْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُوا مِنْ فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ  ))

“നിങ്ങള്‍ക്ക് പുതുമാംസം എടുത്ത് തിന്നുവാനും അണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുവാനും പാകത്തില്‍ കടലിനെ വിധേയമാക്കിയവനും അവന്‍ തന്നെ. കപ്പലുകള്‍ അതിലൂടെ വെള്ളം പിളര്‍ന്ന് മാറ്റിക്കൊണ്ട് ഓടുന്നതും നിനക്ക് കാണാം. അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടുവാനും നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടിയാണ്. (അവനത് നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നത്.)” (നഹ്ല്‍: 14)

അല്ലാഹു -تعالى- പറഞ്ഞു:

(( وَمِنْ رَحْمَتِهِ جَعَلَ لَكُمُ اللَّيْلَ وَالنَّهَارَ لِتَسْكُنُوا فِيهِ وَلِتَبْتَغُوا مِنْ فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ ))

“അവന്റെ കാരുണ്യത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിതന്നിരിക്കുന്നു, രാത്രിയില്‍ നിങ്ങള്‍ വിശ്രമിക്കുവാനും (പകല്‍ സമയത്ത്) അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടിക്കൊണ്ട് വരാനും, നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടി.” (ഖസ്വസ്: 73)

അല്ലാഹു -تعالى- പറഞ്ഞു:

(( وَمِنْ آيَاتِهِ أَنْ يُرْسِلَ الرِّيَاحَ مُبَشِّرَاتٍ وَلِيُذِيقَكُمْ مِنْ رَحْمَتِهِ وَلِتَجْرِيَ الْفُلْكُ بِأَمْرِهِ وَلِتَبْتَغُوا مِنْ فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ ))

“സന്തോഷസൂചകമായിക്കൊണ്ടും, തന്റെ കാരുണ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് അനുഭവിപ്പിക്കാന്‍ വേണ്ടിയും, തന്റെ കല്‍പനപ്രകാരം കപ്പല്‍ സഞ്ചരിക്കുവാന്‍ വേണ്ടിയും, തന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുവാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടിയും അവന്‍ കാറ്റുകളെ അയക്കുന്നത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.” (റൂം: 46)

അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കേണ്ടത് അല്ലാഹുവിന് ഇബാദതുകള്‍ സമര്‍പ്പിച്ചു കൊണ്ടായിരിക്കണം. അല്ലാഹുവിന് നന്ദി കാണിക്കണമെന്നതും, അവന് ഇബാദതുകള്‍ സമര്‍പ്പിക്കണമെന്നതും പല ആയതുകളിലും അല്ലാഹു ഒരുമിപ്പിച്ചിട്ടുണ്ട്.

അല്ലാഹു -تعالى- പറഞ്ഞു:

(( فَكُلُوا مِمَّا رَزَقَكُمُ اللَّهُ حَلَالًا طَيِّبًا وَاشْكُرُوا نِعْمَتَ اللَّهِ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ ))

“ആകയാല്‍ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായിട്ടുള്ളത് നിങ്ങള്‍ തിന്നുകൊള്ളുക. അല്ലാഹുവിന്റെ അനുഗ്രഹത്തിന് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; നിങ്ങള്‍ അവനാണ് ഇബാദത് ചെയ്യുന്നതെങ്കില്‍.” (നഹ്ല്‍: 46)

സൃഷ്ടികള്‍ക്ക് അവന്‍ നല്‍കിയ അനുഗ്രഹങ്ങളെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയതിന് ശേഷം അവന് ഇബാദത് ചെയ്യണമെന്നും ചില ആയതുകളില്‍ അല്ലാഹു -تعالى- ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

അല്ലാഹു -تعالى- പറഞ്ഞു:

(( يَاأَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (21) الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ ))

“ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ റബ്ബിനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ തഖ്വ (സൂക്ഷ്മത) ഉള്ളവരാകുന്നതിന് വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്തവനെ. അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ് കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്.” (ബഖറ: 21-22)

അല്ലാഹു -تعالى- പറഞ്ഞു:

(( يَاأَيُّهَا النَّاسُ اذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ هَلْ مِنْ خَالِقٍ غَيْرُ اللَّهِ يَرْزُقُكُمْ مِنَ السَّمَاءِ وَالْأَرْضِ لَا إِلَهَ إِلَّا هُوَ فَأَنَّى تُؤْفَكُونَ ))

“മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ഇലാഹുമില്ല (ഇബാദതിന് അര്‍ഹതയുള്ളവന്‍). അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്?” (ഫാത്വിര്‍: 3)

അല്ലാഹു -تعالى- പറഞ്ഞു:

(( وَإِلَى ثَمُودَ أَخَاهُمْ صَالِحًا قَالَ يَاقَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ هُوَ أَنْشَأَكُمْ مِنَ الْأَرْضِ وَاسْتَعْمَرَكُمْ فِيهَا فَاسْتَغْفِرُوهُ ثُمَّ تُوبُوا إِلَيْهِ إِنَّ رَبِّي قَرِيبٌ مُجِيبٌ ))

“ഥമൂദ് ജനതയിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിന് ഇബാദത് ചെയ്യുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ഇലാഹുമില്ല. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ച് വളര്‍ത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു.” (ഹൂദ്: 61)

ചുരുക്കത്തില്‍, എന്തിനാണ് അല്ലാഹു നിന്നെ പടച്ചതെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ‘അവന് ഇബാദത് ചെയ്യാന്‍’ എന്നാണ്.

‘ഇതെല്ലാം വെറുതെ സൃഷ്ടിക്കപ്പെട്ടതാണ്; ഈ സൃഷ്ടിപ്പിന് പിന്നില്‍ ഒരു ലക്ഷ്യവുമില്ല’ എന്നോ, ‘ഏതെങ്കിലും മതങ്ങളില്‍ മെമ്പര്‍ഷിപ്പെടുക്കലും, അതിന്റെ പേരില്‍ വെറുതെ മേനി നടിക്കലുമാണ് മനുഷ്യന്റെ ലക്ഷ്യം’ എന്നോ ആരെങ്കിലും പറയുന്നെങ്കില്‍ അത് വിഡ്ഢിത്തമാണെന്നതും, അതിന്റെ നിരര്‍ഥകത എന്തു മാത്രമാണെന്നും തെളിവുകള്‍ സഹിതം നാം മനസ്സിലാക്കുകയും ചെയ്തു.

എന്തിനാണ് അവന് ഇബാദത് ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ‘അവന്‍ ഇബാദതിന് അര്‍ഹനാണെന്നതു കൊണ്ടും, നമുക്ക് അവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിയായി കൊണ്ടും’ എന്നാണ്.

‘ഇബാദത് ചെയ്യുന്നതിന് വേണ്ടിയാണ് നിന്നെ സൃഷ്ടിച്ചത്’ എന്ന് പറഞ്ഞു മതിയാക്കാതെ ‘ഒരു പങ്കുകാരനുമില്ലാത്ത അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യാനും, അവന്‍ കല്‍പ്പിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി കൊണ്ടും, അവന്‍ വിരോധിച്ച കാര്യങ്ങള്‍ ഒഴിവാക്കി കൊണ്ടും അവനെ അനുസരിക്കാനുമാണ് (എന്നെ സൃഷ്ടിച്ചിട്ടുള്ളത് എന്ന്) നീ പറയുക’ എന്നിങ്ങനെയാണ് ശൈഖ് ഉത്തരം നല്‍കിയത്.

യഥാര്‍ഥത്തില്‍, എന്താണ് ഇബാദത് എന്നതിനെ കുറിച്ചുള്ള ഒരു സൂചനയാണ് ശൈഖ് നല്‍കിയത്. മാത്രമല്ല, തൊട്ടു ശേഷം അദ്ദേഹം തെളിവായി നല്‍കിയ -സൂറ. ദാരിയാതിലെ- ആയതിന്റെ വിശദീകരണത്തില്‍ സലഫുകള്‍ പറഞ്ഞ വാക്കുകളിലേക്കുള്ള സൂചനയും ഇതിലുണ്ട്.

‘അല്ലാഹു കല്‍പ്പിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുക, അവന്‍ വിലക്കിയ കാര്യങ്ങള്‍ ഒഴിവാക്കുക’ എന്ന അദ്ദേഹത്തിന്റെ വാക്കില്‍ ഇബാദത് എന്നതിന്റെ പരിധിയില്‍ പെടുന്ന എല്ലാ കാര്യങ്ങളും ഉള്‍പ്പെടും.

അല്ലാഹു കല്‍പ്പിച്ച കാര്യങ്ങള്‍ രണ്ട് രൂപത്തിലാണ്.

ഒന്ന്: നിര്‍ബന്ധമായും ചെയ്തിരിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുന്നത് അല്ലാഹുവിങ്കല്‍ ശിക്ഷ ലഭിക്കുന്നതിന് കാരണമായേക്കും. ‘വാജിബ്, ഫര്‍ദ്വ്’ എന്നെല്ലാം നാം പറയാറുള്ളത് ഇത്തരം കല്‍പ്പനകളെ കുറിച്ചാണ്.

രണ്ട്: ചെയ്യണമെന്ന പ്രോത്സാഹനമുള്ള കാര്യങ്ങള്‍. ഇവ ചെയ്തിട്ടില്ലെങ്കില്‍ ശിക്ഷ നിര്‍ബന്ധമാകില്ലെങ്കിലും ഒരു മുസ്‌ലിമിന്റെ ഇസ്‌ലാം സമ്പൂര്‍ണമാകുന്നതിന് ഇവ അനിവാര്യമാണ്. ‘സുന്നത്, മുസ്തഹബ്, മന്‍ദൂബ്’ എന്നിങ്ങനെ വ്യത്യസ്ത നാമങ്ങള്‍ ഇത്തരം കല്‍പ്പനകള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു.

അല്ലാഹു വിലക്കിയ കാര്യങ്ങള്‍ രണ്ടു രൂപത്തിലാണ്.

ഒന്ന്: നിര്‍ബന്ധമായും ഒഴിവാക്കേണ്ടവ. അവ ആരെങ്കിലും ഒഴിവാക്കാതിരിക്കുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അല്ലാഹുവിങ്കല്‍ ശിക്ഷ ലഭിക്കാന്‍ അത് കാരണമായേക്കും. ‘ഹറാം, മഹ്ദ്വൂര്‍’ എന്ന് പറയുന്നത് ഇത്തരം വിലക്കുകളെ കുറിച്ചാണ്.

രണ്ട്: ഒഴിവാക്കുന്നതാണ് പ്രോത്സാഹജനകം. ഒരാള്‍ എപ്പോഴെങ്കിലും ഇത്തരം കാര്യങ്ങള്‍ ചെയ്തെങ്കില്‍ അവന്‍ ശിക്ഷക്ക് അര്‍ഹനാകുന്നില്ല. എന്നാല്‍ അധികരിപ്പിക്കുന്നെങ്കില്‍ അത് ആക്ഷേപാര്‍ഹവുമത്രെ. ‘മക്റൂഹ്’ എന്ന് സാങ്കേതികമായി പറയാം.

ഈ നാലാലൊരു കാര്യത്തില്‍ ഉള്‍പ്പെടാത്ത ഒന്നും ഇബാദതിന്റെ പരിധിയില്‍ പെടില്ല. ഒന്നല്ലെങ്കില്‍ ചെയ്തിരിക്കേണ്ട വാജിബോ സുന്നത്തോ ആയിരിക്കും. അല്ലെങ്കില്‍ ഒഴിവാക്കേണ്ട ഹറാമോ മക്റൂഹോ ആയിരിക്കും.

വാജിബായ കാര്യങ്ങള്‍ക്ക് ഉദാഹരണമാണ് അഞ്ചു നേരത്തെ നിസ്കാരം, കഴിവുള്ളവര്‍ക്ക് സകാത്, ഹജ്ജ്, നോമ്പ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍. സുന്നത്തായ കാര്യങ്ങളില്‍ പെട്ടതാണ് റവാതിബ് നിസ്കാരങ്ങള്‍, സുന്നത്ത് നോമ്പുകള്‍, സ്വദഖകള്‍ പോലുള്ളവ.

ഹറാമുകള്‍ക്ക് ഉദാഹരണമാണ് ശിര്‍ക്ക്, സിഹ്ര്‍, വ്യഭിചാരം, മോഷണം പോലുള്ള തിന്മകള്‍. ഇടതു കൈ കൊണ്ട് എന്തെങ്കിലും കൊടുക്കുകയോ വാങ്ങുകയോ ചെയ്യല്‍, ഇശാഅ് നിസ്കാരത്തിന് ശേഷമുള്ള സംസാരം പോലുള്ളവ മക്റൂഹായ കാര്യങ്ങളില്‍ പെട്ടതാണ്.

കല്‍പ്പനകള്‍ പ്രാവര്‍ത്തികമാക്കി കൊണ്ടോ, വിലക്കുകള്‍ ഒഴിവാക്കി കൊണ്ടോ നീ ജീവിക്കുന്നുണ്ടെങ്കില്‍ അത് അല്ലാഹുവിനെ അനുസരിക്കലാണ്. അവനെ അനുസരിക്കലാകട്ടെ ഇബാദതുമാണ്. ഇബാദതുമായി ബന്ധപ്പെട്ട മറ്റു ചില ചര്‍ച്ചകള്‍ അടുത്ത ചോദ്യവും ഉത്തരവും വിശദീകരിക്കുമ്പോഴാകാം.

രണ്ട് ആയതുകളാണ് അദ്ദേഹം താന്‍ പറഞ്ഞതിന് തെളിവുകളായി നല്‍കിയത്. അവയുടെ വിശദീകരണം കൂടി നല്‍കട്ടെ.

ആയത് ഒന്ന്:

സൂറ. ദാരിയാതിലെ 56 ാമത്തെ ആയതാണ് അദ്ദേഹം തെളിവായി നല്‍കിയത്.

(( وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ ))

“ജിന്നുകളെയും മനുഷ്യരെയും എനിക്ക് ഇബാദത് ചെയ്യുന്നതിന് വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.” (അദ്ദാരിയാത്ത്: 56)

അല്ലാഹുവിന്റെ സൃഷ്ടിപ്പിന് പിന്നിലുള്ള മഹനീയമായ ലക്ഷ്യം വിശദീകരിക്കുന്ന മഹത്തരമായ ആയതാണിത്.

“എന്നെ ആരാധിക്കുന്നതിന് വേണ്ടി” എന്നത് വ്യത്യസ്തമായ വാക്കുകളില്‍ സലഫുകള്‍ വിശദീകരിച്ചിട്ടുണ്ട്.

അലി -رضي الله عنه- പറഞ്ഞു: “എനിക്ക് ഇബാദത് ചെയ്യണമെന്ന് അവരോട് കല്‍പ്പിക്കുന്നതിനും, എനിക്കുള്ള ഇബാദത്തിലേക്ക് അവരെ ക്ഷണിക്കുന്നതിനും വേണ്ടിയല്ലാതെ (ഞാന്‍ അവരെ സൃഷ്ടിച്ചിട്ടില്ല).”

മുജാഹിദ് -رحمه الله- പറഞ്ഞു: “അവരോട് കല്‍പ്പിക്കുന്നതിനും വിലക്കുന്നതിനും വേണ്ടിയാണ് ഞാന്‍ അവരെ പടച്ചത്.”

കല്‍ബി -رحمه الله- പറഞ്ഞു: “എന്നെ ഏകനാക്കുന്നതിന് -തൗഹീദുള്ളവരാകുന്നതിന്- വേണ്ടിയാണ്.”

ഇക്രിമ -رحمه الله- പറഞ്ഞു: “എന്നെ ആരാധിക്കുന്നതിനും എന്നെ അനുസരിക്കുന്നതിനുമാണ് അവരെ പടച്ചത്. ആരാധിച്ചവന് ഞാന്‍ പ്രതിഫലം നല്‍കും; നിഷേധിച്ചവന് ശിക്ഷയും.”

ഇബ്‌നു ജുറൈജ് -رحمه الله- പറഞ്ഞു: “എന്നെ അറിയുന്നതിന് വേണ്ടിയാണ് (അവരെ പടച്ചത്).” [note] മേലെ നല്‍കിയ ഉദ്ധരണികളുടെയും, ഈ ആയതിന്റെ വിശദീകരണത്തില്‍ മുന്‍ഗാമികള്‍ പറഞ്ഞ മറ്റു അഭിപ്രായങ്ങളുടെയും അറബി മൂലം ലഭിക്കുന്നതിന് ‘മുഗ്നില്‍ മുരീദ് അല്‍-ജാമിഉ ലിശുറൂഹി കിതാബിത്തൗഹീദ്’ എന്ന ഗ്രന്ഥം പരിശോധിക്കുക. [/note]

മേലെ നല്‍കിയ വിശദീകരണങ്ങളൊന്നും പരസ്പര വൈരുദ്ധ്യം വെച്ചു പുലര്‍ത്തുന്നില്ല. അവയെല്ലാം പരസ്പരപൂരകങ്ങള്‍ മാത്രമാണ്. അവസാനം നല്‍കിയ ഇബ്‌നു ജുറൈജിന്റെ വിശദീകരണവും, മറ്റുള്ളവരുടെ വിശദീകരണവും തമ്മില്‍ പരസ്പര വൈരുദ്ധ്യം തോന്നാമെങ്കിലും തൗഹീദിന്റെ വ്യത്യസ്ത ഇനങ്ങളെയാണ് അവ സൂചിപ്പിക്കുന്നതെന്ന് ഈ വിശദീകരണത്തിന്റെ തന്നെ ആദ്യ അദ്ധ്യായങ്ങളില്‍ ഒന്നില്‍ വിശദീകരിച്ചിരുന്നു.

‘എനിക്ക് ഇബാദത് ചെയ്യുന്നതിന് വേണ്ടിയാണ് ഞാന്‍ ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചത്’ എന്ന ആശയത്തിലുള്ള ഈ ആയത് രണ്ട് വിധത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

ചിലര്‍ പറഞ്ഞു: മനുഷ്യരെയും ജിന്നുകളെയും സൃഷ്ടിച്ചതിന് പിന്നിലുള്ള ലക്ഷ്യം അവര്‍ എന്നെ ആരാധിക്കുക എന്നതാണ്. അവരില്‍ ചിലര്‍ ആ ലക്ഷ്യം പൂര്‍ത്തീകരിക്കും; ചിലര്‍ അതില്‍ അശ്രദ്ധരോ, അതിനെ നിഷേധിക്കുന്നവരോ ആയി ജീവിക്കും. ഈ അഭിപ്രായമാണ് ശൈഖിന്റെ ഗ്രന്ഥത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്.

ചിലര്‍ പറഞ്ഞു: ‘എന്നെ ആരാധിക്കുന്നതിനാണ് മുഅ്മിനീങ്ങളായ ജിന്നുകളെയും മനുഷ്യരെയും ഞാന്‍ സൃഷ്ടിച്ചത്. അവരെ ഞാന്‍ അതിന് വേണ്ടിയാണ് സൃഷ്ടിച്ചത് എന്നതിനാല്‍ അവര്‍ എന്നെ ആരാധിക്കുകയും, എനിക്ക് അനുസരണയുള്ളവരായി കൊണ്ടിരിക്കുകയും ചെയ്യും.’

എന്നെ ആരാധിക്കുകയില്ലാത്ത, ധിക്കാരികളും അഹങ്കാരികളുമായ ചിലരെയും ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ഞാന്‍ സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ നരകത്തിലേക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ്.

അല്ലാഹു -تعالى- പറഞ്ഞതു പോലെ:

(( وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِنَ الْجِنِّ وَالْإِنْسِ لَهُمْ قُلُوبٌ لَا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَا يُبْصِرُونَ بِهَا وَلَهُمْ آذَانٌ لَا يَسْمَعُونَ بِهَا أُولَئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ أُولَئِكَ هُمُ الْغَافِلُونَ ))

“ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.” (അഅ്റാഫ്: 179)

മുന്‍പ് പറഞ്ഞതു പോലെ; ഈ രണ്ടു അഭിപ്രായങ്ങളും പരസ്പര വിരുദ്ധമല്ല. കാരണം അല്ലാഹുവിന്റെ രണ്ടു തരം ഉദ്ദേശങ്ങളാണ് ഓരോ വിഭാഗത്തിന്റെയും മറുപടിയില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.

അല്ലാഹുവിന്റെ ഉദ്ദേശമില്ലാതെ ഈ ലോകത്ത് ഒന്നും സംഭവിക്കുകയില്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാമല്ലോ? അവന്റെ ഉദ്ദേശങ്ങള്‍ രണ്ടു രൂപത്തിലാണ്.

ഒന്ന്: മതപരമായ ഉദ്ദേശം (الإرادة الكونية)

ഇത് അല്ലാഹുവിന് പരിപൂര്‍ണമായും തൃപ്തികരമായ ഉദ്ദേശമായിരിക്കും. ഈ ഉദ്ദേശമാണ് അവന്‍ മതനിയമങ്ങളായി നിശ്ചയിച്ചിരിക്കുന്നത്. ഉദാഹരണത്തിന്; അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, അഞ്ചു നേരം നിസ്കരിക്കുക, നോമ്പ് നോല്‍ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ തന്റെ അടിമ ചെയ്യുന്നത് അവന് തൃപ്തികരമാണ്. അത് അവന്റെ മതപരമായ ഉദ്ദേശവുമാണ്.

അല്ലാഹുവിന്റെ മതപരമായ ഉദ്ദേശങ്ങള്‍ അടിമകള്‍ ചിലപ്പോള്‍ നടപ്പാക്കിയേക്കാം. ചിലപ്പോള്‍ നടപ്പാക്കാതെയും ഇരുന്നേക്കാം. അവന്റെ ഉദ്ദേശങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവര്‍ക്ക് ശിക്ഷയുണ്ട്; അവന്റെ ഉദ്ദേശങ്ങളോട് യോജിക്കുന്നവര്‍ക്ക് ഉത്തമമായ പ്രതിഫലവുമുണ്ട്.

രണ്ട്: പ്രാപഞ്ചികമായ ഉദ്ദേശം (الإرادة الشرعية)

ഇത് ചിലപ്പോള്‍ അല്ലാഹുവിന് തൃപ്തികരമായേക്കാം; ചിലപ്പോള്‍ ആയില്ലെന്നും വന്നേക്കാം. ഉദാഹരണത്തിന്; സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത്, കത്തി കൊണ്ട് കുത്തേറ്റാല്‍ മനുഷ്യന്‍ മരിക്കുന്നത്, മരങ്ങളില്‍ ഫലങ്ങള്‍ ഉണ്ടാകുന്നത് പോലുള്ള കാര്യങ്ങള്‍.

അല്ലാഹുവിന്റെ പ്രാപഞ്ചികമായ ഉദ്ദേശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും കഴിയില്ല. അവന്‍ ഉദ്ദേശിച്ചത് സംഭവിക്കും; അവന്‍ ഉദ്ദേശിക്കാത്തത് നടക്കുകയുമില്ല.

ഈ രണ്ട് ഉദ്ദേശങ്ങളാണ് മേലെ നല്‍കിയ രണ്ട് വിശദീകരണങ്ങളിലും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ആദ്യത്തെ വിശദീകരണത്തില്‍ അല്ലാഹുവിന്റെ മതപരമായ ഉദ്ദേശമാണ് സൂചിപ്പിക്കപ്പെടുന്നത്; രണ്ടാമത്തെ വിശദീകരണത്തില്‍ സൂചിപ്പിക്കപ്പെടുന്നത് അല്ലാഹുവിന്റെ പ്രാപഞ്ചികമായ ഉദ്ദേശവുമാണ്.

ചുരുക്കത്തില്‍, അല്ലാഹു -تعالى- മനുഷ്യരെയും ജിന്നുകളെയും സൃഷ്ടിച്ചിരിക്കുന്നത് അവന് മാത്രം ഇബാദത് ചെയ്യുക എന്ന മഹത്തരമായ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ്; അത് പൂര്‍ത്തീകരിക്കാത്തവര്‍ കന്നുകാലികളെ പോലെയാണ്; അല്ലെങ്കില്‍ അതിനെക്കാള്‍ മോശമാണ് എന്നെല്ലാമാണ് ഉപരിസൂചിത ആയതിന്റെ ആശയവും ഉദ്ദേശവും.

വല്ലാഹു അഅ്ലം.

ആയത് രണ്ട്:

മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് അല്ലാഹുവിന് ഇബാദത് ചെയ്യുവാനാണെന്നതിനുള്ള രണ്ടാമത്തെ തെളിവായി സൂറ. നിസാഇലെ 36 ാമത്തെ ആയതാണ് ശൈഖ് നല്‍കിയത്.

(( وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ))

“നിങ്ങള്‍ അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുകയും, അവനില്‍ ശിര്‍ക്ക് ചെയ്യാതിരിക്കുകയും ചെയ്യുക.” (അന്നിസാഅ്: 36)

ഈ ആയത് പരിപൂര്‍ണമായും മുഹ്കമാണെന്ന കാര്യത്തില്‍ -വ്യക്തവും ഖണ്ഡിതവുമായ ആശയം അറിയിക്കുന്ന ആയത്താണെന്നതില്‍- എല്ലാ മുഫസ്സിറുകളും -ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍- യോജിച്ചിരിക്കുന്നു. ഈ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട ഒരു കാര്യവും മന്‍സൂഖ് -ദുര്‍ബലമാക്കപ്പെടുക- ആയിട്ടില്ലെന്നതിലും അവര്‍ യോജിച്ചിരിക്കുന്നു. മുന്‍കഴിഞ്ഞ വേദഗ്രന്ഥങ്ങളിലെല്ലാം -തൗറാതിലും ഇഞ്ചീലിലും സബൂറിലുമെല്ലാം- ഒരു പോലെ ഇക്കാര്യം വന്നിട്ടുമുണ്ട്. (തഫ്സീറുല്‍ ഖുര്‍ത്വുബി: 3/175)

ഈ ആയത്തില്‍ പറയപ്പെട്ട; അല്ലാഹുവിന് ഇബാദത് ചെയ്യണമെന്ന കല്‍പ്പനയും, അവനില്‍ ശിര്‍ക്ക് ചെയ്യരുത് എന്ന വിലക്കുമാണ് വിശുദ്ധ ഖുര്‍ആനിലെ ആദ്യത്തെ കല്‍പ്പനയും വിലക്കും.

(( يَاأَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (21) الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ ))

“ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ റബ്ബിനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ തഖ്വ (സൂക്ഷ്മത) ഉള്ളവരാകുന്നതിന് വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്തവനെ. അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ് കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്.” (ബഖറ: 21-22)

ഈ ആയത്തിന് മുന്‍പ് ഖുര്‍ആനില്‍ മറ്റൊരു കല്‍പ്പനയോ, ഏതെങ്കിലും വിലക്കോ വന്നിട്ടില്ല. അതില്‍ നിന്ന് ഖുര്‍ആനിലെ ആദ്യത്തെ കല്‍പ്പനയും വിലക്കും ഈ വിഷയത്തിലാണ് വന്നതെന്ന് മനസ്സിലാക്കാം. (തയ്സീറുല്‍ അസീസില്‍ ഹമീദ്: 43)

അല്ലാഹുവിന് മാതം ഇബാദതു ചെയ്യണമെന്നും, അവന്‍ മാത്രമാണ് അതിന് അര്‍ഹനെന്നും, ഒരു സൃഷ്ടിയെയും അവനുള്ള ഇബാദതില്‍ പങ്കു ചേര്‍ക്കരുതെന്നുമാണ് അല്ലാഹു -تعالى- ഈ ആയതില്‍ തന്റെ അടിമകളോട് കല്‍പ്പിച്ചിരിക്കുന്നത്.

അല്ലാഹുവിനോട് കീഴൊതുക്കവും വിനയമുള്ളവരായി, അവന്റെ കല്‍പ്പനകള്‍ പ്രാവര്‍ത്തികമാക്കിയും, വിലക്കുകളില്‍ നിന്ന് അകന്നു നിന്നും, പ്രകടവും ഗോപ്യവുമായ ഇബാദതുകള്‍ നിര്‍വ്വഹിക്കാന്‍ ഈ ആയതില്‍ കല്‍പ്പനയുണ്ട്.

ഈ ആയത്തില്‍ ‘ഇബാദത് അല്ലാഹുവിന് ചെയ്യണമെന്ന’ല്ലാതെ ‘ഇന്ന ഇബാദത് അല്ലാഹുവിന് മാത്രം നല്‍കണ’മെന്ന് അവന്‍ കല്‍പ്പിച്ചില്ല. ഉദാഹരണത്തിന് നിങ്ങള്‍ അല്ലാഹുവോട് മാത്രം ദുആ ചെയ്യണമെന്നോ, അവനെ മാത്രം അങ്ങേയറ്റം സ്നേഹിക്കണമെന്നോ, അവനു വേണ്ടി മാത്രം ഹജ്ജ് ചെയ്യണമെന്നോ പറഞ്ഞില്ല. മറിച്ച്, ഇബാദത് അല്ലാഹുവിന് ചെയ്യണമെന്നേ അവന്‍ പറഞ്ഞുള്ളൂ. അതില്‍ നിന്ന്, ഇബാദതായി എന്തെല്ലാമുണ്ടോ -അവയെല്ലാം- അവന് മാത്രം നല്‍കണമെന്ന് മനസ്സിലാക്കാം. ഇബാദതിന്റെ എല്ലാ ഇനങ്ങളും ഈ കല്‍പ്പനയില്‍ ഉള്‍പ്പെടുമെന്ന് അതില്‍ നിന്ന് മനസ്സിലാക്കാം.

അതോടൊപ്പം അവന്റെ സൃഷ്ടികളില്‍ ഒന്നിനെയും -അതെത്ര വലിയതോ മഹത്തരമോ ആകട്ടെ-; അവനുള്ള ഇബാദതില്‍ അവരെയൊന്നും പങ്കു ചേര്‍ക്കാനും പാടില്ല എന്നും ഈ ആയത് അറിയിക്കുന്നു.

‘കാര്യം,വസ്തു’ എന്നെല്ലാം അര്‍ഥമുള്ള ‘ശയ്അന്‍’ (شيئا) എന്ന അറബിപദം ‘അലിഫ് ലാമില്ലാതെ’ -(الشيء) അശ്ശയ്അ് എന്നല്ലാതെ- നിഷേധത്തിന്റെ വേളയില്‍ വന്നാല്‍ അത് എല്ലാ വസ്തുക്കളെയും ഉള്‍ക്കൊള്ളും എന്നത് ഭാഷാനിയമങ്ങളാലും, മതപരമായ അടിസ്ഥാനങ്ങളാലും അറിയപ്പെട്ടതാണ്.

ഇവിടെ ‘ലാ തുശ്രികൂ’ (لا تشركوا) എന്ന നിഷേധമുണ്ട്; അതോടൊപ്പം ‘ശയ്അ്’ എന്ന വാക്ക് ‘അലിഫ് ലാമി’ല്ലാതെ വരികയും ചെയ്തിരിക്കുന്നു. അത് ‘എല്ലാം’ എന്ന അര്‍ഥം നല്‍കും. അപ്പോള്‍ അല്ലാഹുവല്ലാത്ത ഒന്നിനും അവനുള്ള ഇബാദതില്‍ പങ്കു ചേര്‍ക്കരുത് എന്ന അര്‍ഥം ലഭിക്കും. (അല്‍-ഖൗലുല്‍ മുഫീദ്: 1/38)

ഇതോടെ, അല്ലാഹുവിനുള്ള ഇബാദതില്‍ ഒരാള്‍ക്കും തന്നെ -അതെത്ര മഹാനായാലും- അവര്‍ക്കൊന്നും അവകാശമില്ലെന്ന് തീര്‍ച്ചയായി. എത്ര സാമീപ്യം സിദ്ധിക്കാന്‍ കഴിഞ്ഞ മലക്കായാലും, അല്ലാഹുവിങ്കല്‍ എത്ര മാത്രം തൃപ്തി കരസ്ഥമാക്കിയ റസൂലാണെങ്കിലും ഇബാദത്തില്‍ അവര്‍ക്കൊന്നും തന്നെ പങ്കില്ല. അപ്പോള്‍ പിന്നെ അവര്‍ക്ക് താഴെ മാത്രം സ്ഥാനമുള്ള ഔലിയാക്കന്മാര്‍ക്കും സ്വാലിഹീങ്ങള്‍ക്കും ശുഹദാക്കള്‍ക്കുമൊന്നും അല്ലാഹുവിനുള്ള ഇബാദതില്‍ ഒരു പങ്കുമുണ്ടാവില്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ?!

അല്ലാഹു -تعالى- ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

(( مَا كَانَ لِبَشَرٍ أَنْ يُؤْتِيَهُ اللَّهُ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُوا عِبَادًا لِي مِنْ دُونِ اللَّهِ وَلَكِنْ كُونُوا رَبَّانِيِّينَ بِمَا كُنْتُمْ تُعَلِّمُونَ الْكِتَابَ وَبِمَا كُنْتُمْ تَدْرُسُونَ (79) وَلَا يَأْمُرَكُمْ أَنْ تَتَّخِذُوا الْمَلَائِكَةَ وَالنَّبِيِّينَ أَرْبَابًا أَيَأْمُرُكُمْ بِالْكُفْرِ بَعْدَ إِذْ أَنْتُمْ مُسْلِمُونَ ))

“അല്ലാഹു ഒരു മനുഷ്യന് വേദഗ്രന്ഥവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും, എന്നിട്ട് അദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്റെ ദാസന്‍മാരായിരിക്കുവിന്‍ എന്ന് പറയുകയും ചെയ്യുക എന്നത് ഉണ്ടാകുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച് കൊണ്ടിരിക്കുന്നതിലൂടെയും അല്ലാഹുവിന്റെ നിഷ്കളങ്ക ദാസന്‍മാരായിരിക്കണം (എന്നായിരിക്കും അദ്ദേഹം പറയുന്നത്.)

മലക്കുകളെയും പ്രവാചകന്‍മാരെയും നിങ്ങള്‍ റബ്ബുകളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട് കല്‍പിക്കുകയുമില്ല. നിങ്ങള്‍ മുസ്‌ലിംകളായിക്കഴിഞ്ഞതിന് ശേഷം കുഫ്ര്‍ (അനിസ്ലാമികത) സ്വീകരിക്കാന്‍ അദ്ദേഹം നിങ്ങളോട് കല്‍പിക്കുകയോ?! (അതുണ്ടാവുകയില്ല.)” (ആലു ഇംറാന്‍: 79-80)

ഇവിടെ റസൂലുകള്‍ക്കും മലക്കുകള്‍ക്കും ഇബാദത് ചെയ്യൂ എന്ന് ഏതെങ്കിലുമൊരു നബി പറയുക എന്നത് തന്നെ അസാധ്യമാണെന്ന് അല്ലാഹു -تعالى- അറിയിക്കുന്നു. അപ്പോള്‍ അവരില്‍ താഴെയുള്ള -ഔലിയാക്കന്മാര്‍ അടക്കമുള്ളവരോട്- പ്രാര്‍ഥിക്കാനും സഹായം ചോദിക്കാനും, അവര്‍ക്ക് ഇബാദതുകള്‍ സമര്‍പ്പിക്കാനും നബിമാര്‍ കല്‍പ്പിക്കുമോ? നബിമാരെ പിന്‍പറ്റാന്‍ കല്‍പ്പിക്കപ്പെട്ട ശരിയായ ഔലിയാക്കന്മാര്‍ അപ്രകാരം കല്‍പ്പിക്കുമോ?

ഇല്ലയില്ല! ഒരിക്കലും അത് സംഭവ്യമല്ല.

ചുരുക്കത്തില്‍, അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുക, അവനില്‍ ശിര്‍ക്ക് ചെയ്യരുത് എന്ന വിഷയമാണ് ഈ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ടത്. അതാകട്ടെ, ദീനിന്റെ അടിസ്ഥാനവും നബിമാരുടെയും റസൂലുകളുടെയും പ്രബോധനത്തിന്റെ ആകെത്തുകയും, എല്ലാ വേദഗ്രന്ഥങ്ങളുടെയും ആശയസത്തയുമാണ്.

വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment