മത് ന്‍

[السُّؤَالُ الثَّالِثُ] فَإِذَا قِيلَ لَكَ: بِمَ تَعْرِفُ رَبَّكَ؟
[الجَوَابُ] : أَعْرِفُهُ بِآيَاتِهِ وَمَخْلُوقَاتِهِ، وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالقَمَرُ، وَمِنْ مَخْلُوقَاتِهِ السَّمَوَاتُ وَالأَرْضُ وَمَا فِيهِمَا.
وَالدَّلِيلُ قَوْلُهُ -تَعَالَى-:  (( إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلَا لَهُ الْخَلْقُ وَالْأَمْرُ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ ))

അര്‍ഥം:

ചോദ്യം 3 : “എങ്ങനെയാണ് നീ നിന്റെ റബ്ബിനെ തിരിച്ചറിഞ്ഞത്?” എന്ന് നിന്നോട് ചോദിക്കപ്പെട്ടാല്‍;
ഉത്തരം : അവന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നും, സൃഷ്ടികളില്‍ നിന്നുമാണ് ഞാന്‍ അവനെ മനസ്സിലാക്കിയത് എന്ന് നീ പറയുക.
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്; രാത്രിയും പകലും സൂര്യനും ചന്ദ്രനുമെല്ലാം. അവന്റെ സൃഷ്ടികളില്‍ പെട്ടതാണ്; ആകാശങ്ങളും ഭൂമിയും അതിലുള്ളതുമെല്ലാം.
ഈ പറഞ്ഞതിനുള്ള തെളിവ് അല്ലാഹുവിന്റെ ആയതാണ്:
 إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلَا لَهُ الْخَلْقُ وَالْأَمْرُ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ 
“തീര്‍ച്ചയായും നിങ്ങളുടെ റബ്ബ് ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ അര്‍ശില്‍ (സിംഹാസനം) ഇസ്തിവാഅ് ചെയ്തിരിക്കുന്നു.
രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.)
അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നു തന്നെയാണ്. റബ്ബുല്‍ ആലമീനായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.” (അഅ്റാഫ്: 54) 

ശര്‍ഹ്

‘നിന്റെ റബ്ബ് അല്ലാഹുവാണ് എന്ന് നീ പറഞ്ഞു. റബ്ബ്, അല്ലാഹു എന്നീ നാമങ്ങളുടെ അര്‍ഥവും നീ പറഞ്ഞു. എങ്കില്‍ അടുത്ത ചോദ്യം: എങ്ങനെയാണ് നിനക്ക് നിന്റെ റബ്ബ് അല്ലാഹുവാണെന്ന് മനസ്സിലായത്? ഒന്നു കൂടി വ്യക്തമായി ചോദിച്ചാല്‍: ഒരു റബ്ബുണ്ടെന്ന് നിനക്ക് എങ്ങനെയാണ് മനസ്സിലായത്? നീ നിന്റെ റബ്ബിനെ -അല്ലാഹുവിനെ- കണ്ടിട്ടില്ല. അവന്റെ ശബ്ദം കേട്ടിട്ടില്ല. അവനെ പോലെ മറ്റൊന്നിനെയും നീ ഇതു വരെ കണ്ടിട്ടില്ല. പിന്നെങ്ങനെ നിനക്ക് ഈ ലോകങ്ങള്‍ക്കെല്ലാം ഒരു റബ്ബുണ്ടെന്ന് മനസ്സിലായി?’

ഇതാണ് മേലെ കൊടുത്ത ചോദ്യത്തിന്റെ ഉദ്ദേശം.

<strong>മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യമെന്ത്?</strong>

ഈ ചോദ്യവും അതിനുള്ള ഉത്തരം കണ്ടെത്തലുമാണ് മനുഷ്യരുടെയും ജിന്നുകളുടെയും സൃഷ്ടിപ്പിന് പിന്നിലുള്ള ലക്ഷ്യം തന്നെ.

അല്ലാഹു -تعالى- പറഞ്ഞു:

(( وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ ))

“ജിന്നുകളെയും മനുഷ്യരെയും എനിക്ക് ഇബാദത് ചെയ്യുന്നതിന് വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.” (അദ്ദാരിയാത്ത്: 56)

ഈ ആയതിന്റെ വിശദീകരണത്തില്‍ സലഫുകള്‍ രണ്ട് അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്.

ഒരു വിഭാഗം പറഞ്ഞു: ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചത് അല്ലാഹുവിനെ അറിയുന്നതിന് വേണ്ടിയാണ്.

മറ്റൊരു വിഭാഗം പറഞ്ഞു: ഈ രണ്ടു വിഭാഗത്തെയും സൃഷ്ടിച്ചത് എനിക്കുള്ള ഇബാദതില്‍ മറ്റാരെയും പങ്കു ചേര്‍ക്കാതെ, എന്നെ ഏകനാക്കുന്നതിന് വേണ്ടിയാണ്. (തഫ്സീറു ഇബ്‌നു കഥീര്‍: 7/425)

ഈ രണ്ട് അഭിപ്രായങ്ങളും വൈരുദ്ധ്യമല്ല; മറിച്ച് അവ പരസ്പര പൂരകങ്ങളാണ്. കാരണം സൃഷ്ടിപ്പിന്റെ പിന്നിലുള്ള രണ്ട് ലക്ഷ്യങ്ങള്‍ ഈ ഉത്തരങ്ങളിലുണ്ട്. അതില്‍ ഒന്ന്: അല്ലാഹുവിനെ അറിയലാണ്. രണ്ടാമത്തേതാകട്ടെ; അല്ലാഹുവിന് ഇബാദത് ചെയ്യലും, അതില്‍ അവനെ ഏകനാക്കലുമാണ്.

<strong>തൌഹീദിന്റെ ഇനങ്ങള്‍</strong>

ഇക്കാരണം കൊണ്ട് തന്നെയായിരിക്കാം പണ്ഡിതന്മാരില്‍ ചിലര്‍ തൗഹീദിനെ രണ്ടായി തിരിച്ചത്:

1- തൗഹീദുല്‍ ഇല്‍മ് (അറിയേണ്ട തൗഹീദ്).

അല്ലാഹു -تعالى- പറഞ്ഞു:

(( اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا ))

“ഏഴ് ആകാശങ്ങളെയും, അതിന് തുല്യമായ (ഏഴ്) ഭൂമികളെയും സൃഷ്ടിച്ചവനാണ് അല്ലാഹു. (അല്ലാഹുവിന്റെ) കല്‍പ്പന അവക്കിടയില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു. (ഇപ്രകാരം അവന്‍ ചെയ്തത്) അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണെന്നും, അവന്‍ എല്ലാ കാര്യങ്ങളെയും (അവന്റെ) അറിവ് കൊണ്ട് വലയം ചെയ്തിരിക്കുന്നു എന്നും നിങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ്.” (അത്ത്വലാഖ്: 12)

സര്‍വ്വലോകത്തെയും സൃഷ്ടിച്ചത് അല്ലാഹുവിനെ കുറിച്ച് അറിയുന്നതിനും, മനസ്സിലാക്കുന്നതിനും വേണ്ടിയാണെന്ന് ഈ ആയതില്‍ അല്ലാഹു അറിയിച്ചിരിക്കുന്നു. ഇത് ഓരോ മനുഷ്യരും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട തൗഹീദുണ്ടെന്ന് വ്യക്തമാക്കുന്നു. ‘തൗഹീദുല്‍ ഇല്‍മ്’ എന്നത് കൊണ്ട് വിവക്ഷിക്കുന്നത് ഇക്കാര്യമാണ്.

2- തൗഹീദുല്‍ അമല്‍ (പ്രാവര്‍ത്തികമാക്കേണ്ട തൗഹീദ്)

തൗഹീദിന്റെ ഈ ഇനത്തിന് മേലെ നല്‍കിയ സൂറ. ദാരിയാതിലെ ആയത് തന്നെ മതിയായ തെളിവാണ്. മറ്റൊരു തെളിവു കൂടി വായിക്കുക:

(( وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ ))

“തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ത്വാഗൂതുകളെ വെടിയുകയും ചെയ്യണം എന്ന് ( പ്രബോധനം ചെയ്യുന്നതിന് വേണ്ടി.)” (നഹ്ല്‍: 36)

നബിമാരെയെല്ലാം പറഞ്ഞയച്ചത് തൗഹീദിനെ കുറിച്ച് പഠിപ്പിക്കുന്നതിന് വേണ്ടിയാണെന്നത് എല്ലാവര്‍ക്കും അറിയാം. നബിമാര്‍ പറഞ്ഞ തൗഹീദ് ഈ ആയതില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നു; അത് അല്ലാഹുവിനെ ഏകനാക്കലും, അവന് പുറമെ ഇബാദത് ചെയ്യപ്പെടുന്നവയെ ഒഴിവാക്കലുമാണ്. ഇത് പ്രവര്‍ത്തിക്കേണ്ട കാര്യമാണ് എന്നതില്‍ നിന്ന് തൗഹീദിന്റെ കൂട്ടത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതുമുണ്ട് എന്ന് മനസ്സിലാക്കാം. ‘തൗഹീദുല്‍ അമല്‍’ എന്നതിന്റെ വിവക്ഷ ഇതത്രെ.

തൗഹീദുല്‍ ഇല്‍മ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിനെ കുറിച്ച് ‘ഇല്‍മ്’ -അറിവ്- നേടണമെന്നാണ്. തൗഹീദുല്‍ അമല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രവര്‍ത്തനങ്ങള്‍ -അമലുകള്‍- അല്ലാഹുവിന് നിഷ്കളങ്കമാക്കണമെന്നാണ്. തൗഹീദുല്‍ അമലിനെ കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ ഈ പുസ്തകത്തില്‍ ധാരാളമായി വരുന്നുണ്ട്. അതിനാല്‍ അതിനെ കുറിച്ചുള്ള വിശദീകരണം അപ്പോഴത്തേക്ക് മാറ്റി വെക്കട്ടെ. (ഫിഖ്ഹു അസ്മാഇല്ലാഹ്: 8)

<strong>അല്ലാഹു ഉണ്ടെന്നതിനുള്ള തെളിവ് എന്ത്?</strong>

അല്ലാഹുവിനെ അറിയലാണ് ‘തൗഹീദുല്‍ ഇല്‍മ്’ എന്നത് കൊണ്ടുള്ള ഉദ്ദേശം എന്ന് മനസ്സിലായി. അല്ലാഹു ഉണ്ട് എന്നതിനുള്ള തെളിവുകള്‍ അഞ്ചു രൂപത്തിലാണ്.

ഒന്ന്: ബുദ്ധിപരമായ തെളിവുകള്‍.

രണ്ട്: പ്രാപഞ്ചികമായ തെളിവുകള്‍.

മൂന്ന്: അനുഭവങ്ങള്‍.

നാല്: ശുദ്ധപ്രകൃതി (ഫിത്വ്റ).

അഞ്ച്: പ്രമാണികമായ തെളിവുകള്‍.

<strong>ബുദ്ധിപരമായ തെളിവുകള്‍</strong>

ഏതൊരു കര്‍മത്തിന് പിന്നിലും ഒരു കര്‍ത്താവുണ്ടാകുമെന്നത് സാമാന്യബുദ്ധി അംഗീകരിക്കുന്ന കേവലയുക്തിയാണ്. ഒരു ഭക്ഷണം നമ്മുടെ മുന്നില്‍ വിളമ്പി വെച്ചതു കണ്ടാല്‍ അതുണ്ടാക്കിയ ഒരു പാചകക്കാരന്‍ അതിന്റെ പിന്നിലുണ്ടെന്ന് ആരും പറയും. ഒരു പേപ്പറില്‍ ചില കുറിപ്പുകള്‍ കണ്ടാല്‍ ഒരു എഴുത്തുകാരന്‍ അതിന്റെ പിന്നിലുണ്ടെന്ന് മനസ്സിലാക്കാം. ഒരു വീട് പണിതുയര്‍ത്തപ്പെട്ടതായി കണ്ടാല്‍ അതുണ്ടാക്കിയ ഒരു പണിക്കാരനൈ ഓര്‍മ്മ വരും.

കേവലമൊരു മൊട്ടുസൂചി പോലും യാദൃശ്ചികമായി, വെറുതെ പൊട്ടിമുളച്ചുവെന്ന് ബുദ്ധിയുള്ള മനുഷ്യരാരും വിശ്വസിക്കില്ല. ഏതൊരു പ്രവൃത്തിക്ക് പിന്നിലും അതിന്റെ കാരണം അന്വേഷിക്കുന്നവരാണ് മനുഷ്യര്‍. ഒരാളുടെ കരങ്ങള്‍ പിന്നില്‍ പ്രവര്‍ത്തിക്കാതെ ഒരു പ്രവൃത്തിയുമുണ്ടാകില്ലെന്ന് അവന്റെ സാമാന്യബുദ്ധി അവനെ അറിയിക്കുന്നുണ്ട്.

എങ്കില്‍ ഈ കാണുന്ന പ്രപഞ്ചം മുഴുവന്‍ -ആകാശങ്ങളും ഭൂമിയും സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും സമുദ്രങ്ങളും അരുവികളും പുഴകളും മരങ്ങളും ചെടികളും മൃഗങ്ങളും നാനാജാതി മനുഷ്യരുമെല്ലാം അടങ്ങുന്ന വിശാലമായ ഈ ലോകം- വെറുതെ ഉണ്ടായി എന്നെങ്ങനെ പറയാന്‍ കഴിയും?

എന്തിനധികം? സങ്കീര്‍ണമായ ഘടനകള്‍ അനേകം ഉള്‍ക്കൊള്ളുന്ന അവന്റെ തന്നെ ശരീരം, തീര്‍ത്തും അത്ഭുതകരമായ പക്രിയകള്‍ക്ക് ശേഷം മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്ന് വെറുതെ പൊട്ടിമുളച്ചതാണെന്ന് എങ്ങനെ അവന്‍ പറയും?

അല്ലാഹു -تعالى- ചോദിച്ചത് നോക്കൂ:

(( أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ (35) أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ بَلْ لَا يُوقِنُونَ ))

“അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല.” (ത്വൂര്‍: 35-36)

മനുഷ്യന്റെ ബുദ്ധിയെ തൊട്ടുണര്‍ത്തുന്ന മൂന്ന് ചോദ്യങ്ങളാണ് ഈ രണ്ട് ആയത്തുകളിലൂടെ അല്ലാഹു -تعالى- ചോദിച്ചിരിക്കുന്നത്.

ഒന്നാമത്തെ ചോദ്യം: മനുഷ്യരടങ്ങുന്ന ഈ ലോകം ഒന്നുമില്ലായ്മയില്‍ നിന്ന് വെറുതെ ഉണ്ടായതാണോ? ശൂന്യതയില്‍ നിന്ന്, അല്ലാഹു പടക്കുകയോ സൃഷ്ടിക്കുകയോ ചെയ്യാതെ, ഒരു കാരണവുമില്ലാതെ, പെട്ടെന്നൊരു നാള്‍ പൊട്ടിമുളച്ചതാണോ ഇവയെല്ലാം? ഒരു മനുഷ്യന്റെയും ബുദ്ധി അക്കാര്യം സമ്മതിക്കുകയില്ല. ഈ ലോകത്തിന് ഒരു സൃഷ്ടാവില്ലെന്ന് ജല്‍പ്പിച്ച നിരീശ്വരവാദികളെ എന്നും കുഴക്കിയ ചോദ്യമാണിത്.

ഒരിക്കല്‍ ഇന്ത്യയില്‍ നിന്നുള്ള ചില നിരീശ്വരവാദികള്‍ അബൂഹനീഫ-رحمه الله-യെ വാദപ്രതിവാദത്തിനായി വെല്ലുവിളിച്ചു. അബൂഹനീഫ ആ വെല്ലുവിളി സ്വീകരിക്കുകയും, വാദപ്രതിവാദത്തിന് ദിവസം നിശ്ചയിച്ചു നല്‍കുകയും ചെയ്തു.

അങ്ങനെ നിശ്ചയിക്കപ്പെട്ട ദിവസം വന്നെത്തി. സമയമായിട്ടും അബൂഹനീഫയെ കാണാനില്ല. അദ്ദേഹം തോറ്റോടിയതാണെന്നും, വാക്ക് പാലിച്ചില്ലെന്നുമൊക്കെ പ്രചരണങ്ങള്‍ തുടങ്ങി.

കുറച്ചു വൈകിയാണെങ്കിലും അബൂഹനീഫ അവസാനം വരിക തന്നെ ചെയ്തു. വന്നയുടനെ അദ്ദേഹം തന്നെ കാത്തുനിന്നവരോട് പറഞ്ഞു: ‘ഇങ്ങോട്ട് വരുന്ന വഴിക്ക് എനിക്കൊരു പുഴ കടക്കേണ്ടതുണ്ടായിരുന്നു. കുറേ നേരം കാത്തുനിന്നിട്ടും പുഴ കടക്കാന്‍ ഒരു തോണിയോ, തുഴയാന്‍ ഒരു തോണിക്കാരനെയോ എനിക്ക് കാണാന്‍ കഴിഞ്ഞില്ല.

പെട്ടെന്ന് -എവിടെ നിന്നെന്നറിയില്ല- കുറേ മരക്കഷ്ണങ്ങള്‍ ഒഴുകി വരികയും, അവ ഒരുമിച്ചു നില്‍ക്കുകയും ചെയ്തു. അതെല്ലാം ചേര്‍ന്നു നിന്നു കഴിഞ്ഞപ്പോള്‍ എവിടെ നിന്നോ ഒരു കയര്‍ വന്ന് അവയെല്ലാം വരിഞ്ഞു കെട്ടി. ഞാനതില്‍ കയറിനില്‍ക്കേണ്ട താമസം തോണി ഒഴുക്കിനെതിരെ നീന്തി എന്നെ മറുകരയെത്തിച്ചു.’

സംഭവം പറഞ്ഞു തീര്‍ക്കേണ്ട താമസം, വാദപ്രതിവാദത്തിനെത്തിയ നിരീശ്വരവാദികള്‍ അദ്ദേഹത്തെ പരിഹസിക്കാന്‍ തുടങ്ങി. അവര്‍ പറഞ്ഞു: ‘നിങ്ങളുടെ ഇത്തരം കഥകള്‍ വിശ്വസിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവരാണ് ഞങ്ങളെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്? എങ്ങനെയാണ് ഒരു തോണി ഒരാളുമില്ലാതെ തുഴയുക? എങ്ങനെയാണ് ഒരു കയര്‍ സ്വയം ചലിക്കുക? എങ്ങനെ കുറേ തടികള്‍ സ്വയം തന്നെ കൂടിച്ചേര്‍ന്ന് ഒരു തോണിയാകും?’

അബൂഹനീഫ പറഞ്ഞു: ‘ഒരു ചെറിയ തോണി സ്വയമുണ്ടായെന്നും, ആരും തുഴയാതെ അത് ചലിച്ചെന്നും ഞാന്‍ പറഞ്ഞപ്പോഴേക്ക് നിങ്ങള്‍ എന്നെ പരിഹസിക്കുന്നു. എന്നാല്‍ ഇതേ നിങ്ങള്‍ തന്നെ, ഈ കാണുന്ന ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മരങ്ങളും പുഴകളും സമുദ്രങ്ങളും മനുഷ്യനും മൃഗങ്ങളുമെല്ലാം ആരുമുണ്ടാക്കാതെ വെറുതെ ഉണ്ടായതാണെന്ന് പറയുന്നു. അപ്പോള്‍ ആരാണ് പരിഹസിക്കപ്പെടാന്‍ കൂടുതല്‍ അര്‍ഹര്‍?’

വാദപ്രതിവാദം അതോടെ അവസാനിച്ചു!

<strong>പ്രാപഞ്ചികമായ തെളിവുകള്‍</strong>

ലോകത്തു നിലനില്‍ക്കുന്ന ചെറുതോ വലുതോ ആയ ഏതൊരു വസ്തുവും പരിശോധിക്കുക. അതിലെല്ലാം സൂക്ഷ്മജ്ഞാനിയും സര്‍വ്വശക്തനും കാരുണ്യവാനുമായ ഒരുവനെ കുറിച്ച് -അല്ലാഹുവിനെ- അറിയിക്കുന്ന തെളിവുകള്‍ ധാരാളമായി നിനക്ക് കാണാന്‍ കഴിയും.

ഏറ്റവും ചെറുതെന്ന് മനുഷ്യന്‍ കരുതുന്ന ആറ്റങ്ങള്‍ മുതല്‍, ഭൂമിയേക്കാള്‍ പതിന്മടങ്ങ് വലുപ്പമുള്ള സൂര്യനും നക്ഷത്രങ്ങളും ഗ്രഹങ്ങളുമെടുത്തു നോക്കുക!

എന്തൊരു കൃത്യമാണ് അവയുടെയെല്ലാം ഘടനകളില്‍?!

എത്ര കൃത്യതയോടെയാണ് അവയുടെയെല്ലാം ചലനം?

എത്ര മനോഹരമാണ് അവയുടെയെല്ലാം രൂപങ്ങള്‍?!

എന്തത്ഭുതങ്ങളാണ് അവയെല്ലാം ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

‘സംസാരിക്കുന്ന മൃഗം’ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള മനുഷ്യന്‍ മുതല്‍, സംസാരശേഷിയില്ലാത്ത കാട്ടിലും നാട്ടിലുമുള്ള മൃഗങ്ങളെ വരെ നോക്കുക?!

എല്ലാം ഒന്നൊന്നില്‍ നിന്ന് വ്യത്യസ്തം?

മനുഷ്യന്‍!

അവന്റെ രൂപം! സ്വഭാവം! വികാരങ്ങള്‍!

പ്രകൃതങ്ങള്‍! പ്രവൃത്തികള്‍!

ജീവിതവും മരണവും! സന്തോഷവും സങ്കടവും!

ഇഷ്ടവും വെറുപ്പും ചിരിയും കരച്ചിലും സ്നേഹവും ദേഷ്യവുമെല്ലാം എന്തു മാത്രം വ്യത്യസ്തം!

ഇവയിലോരോന്നിലും എന്തു മാത്രം അത്ഭുതങ്ങള്‍; തെളിവുകള്‍.

(( وَفِي الْأَرْضِ آيَاتٌ لِلْمُوقِنِينَ (20) وَفِي أَنْفُسِكُمْ أَفَلَا تُبْصِرُونَ ))

“ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ (അനേകം) ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങളിലും (ദൃഷ്ടാന്തങ്ങളുണ്ട്); നിങ്ങള്‍ കാണുന്നില്ലേ?” (അദ്ദാരിയാത്ത്: 20-21)

മൃഗങ്ങള്‍! പക്ഷികള്‍! ഉരഗങ്ങള്‍!

നടക്കുന്ന പൂച്ചയും കുതിക്കുന്ന പുലിയും നീന്തുന്ന മത്സ്യവും ഇഴയുന്ന പാമ്പും പറക്കുന്ന പക്ഷികളും… എണ്ണിയാലൊടുങ്ങാത്ത രീതികള്‍; വൈവിദ്ധ്യങ്ങള്‍; അത്ഭുതപ്പെടുത്തുന്ന സാമ്യതകള്‍!

(( أَوَلَمْ يَرَوْا أَنَّا خَلَقْنَا لَهُمْ مِمَّا عَمِلَتْ أَيْدِينَا أَنْعَامًا فَهُمْ لَهَا مَالِكُونَ (71) وَذَلَّلْنَاهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ (72) وَلَهُمْ فِيهَا مَنَافِعُ وَمَشَارِبُ أَفَلَا يَشْكُرُونَ ))

“നമ്മുടെ കൈകള്‍ നിര്‍മിച്ചതില്‍പ്പെട്ട കാലികളെ അവര്‍ക്ക് വേണ്ടിയാണ് നാം സൃഷ്ടിച്ചിരിക്കുന്നത് എന്ന് അവര്‍ കണ്ടില്ലേ? അങ്ങനെ അവര്‍ അവയുടെ ഉടമസ്ഥരായിരിക്കുന്നു. അവയെ അവര്‍ക്ക് വേണ്ടി നാം കീഴ്പെടുത്തികൊടുക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ അവയില്‍ നിന്നാകുന്നു അവര്‍ക്കുള്ള വാഹനം. അവയില്‍ നിന്ന് അവര്‍ (മാംസം) ഭക്ഷിക്കുകയും ചെയ്യുന്നു.” (യാസീന്‍: 71-73)

(( وَالْأَنْعَامَ خَلَقَهَا لَكُمْ فِيهَا دِفْءٌ وَمَنَافِعُ وَمِنْهَا تَأْكُلُونَ (5) وَلَكُمْ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسْرَحُونَ (6) وَتَحْمِلُ أَثْقَالَكُمْ إِلَى بَلَدٍ لَمْ تَكُونُوا بَالِغِيهِ إِلَّا بِشِقِّ الْأَنْفُسِ إِنَّ رَبَّكُمْ لَرَءُوفٌ رَحِيمٌ (7) وَالْخَيْلَ وَالْبِغَالَ وَالْحَمِيرَ لِتَرْكَبُوهَا وَزِينَةً وَيَخْلُقُ مَا لَا تَعْلَمُونَ ))

“കാലികളെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്‍ക്ക് അവയില്‍ തണുപ്പകറ്റാനുള്ളതും (കമ്പിളി) മറ്റു പ്രയോജനങ്ങളുമുണ്ട്. അവയില്‍ നിന്നു തന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. നിങ്ങള്‍ (വൈകുന്നേരം ആലയിലേക്ക്) തിരിച്ച് കൊണ്ട് വരുന്ന സമയത്തും, നിങ്ങള്‍ മേയാന്‍ വിടുന്ന സമയത്തും അവയില്‍ നിങ്ങള്‍ക്ക് കൗതുകമുണ്ട്. ശാരീരിക ക്ലേശത്തോട് കൂടിയല്ലാതെ നിങ്ങള്‍ക്ക് ചെന്നെത്താനാകാത്ത നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങള്‍ വഹിച്ച് കൊണ്ട് പോകുകയും ചെയ്യുന്നു. തീര്‍ച്ചയായും നിങ്ങളുടെ റബ്ബ് റഊഫും റഹീമുമാകുന്നു. കുതിരകളെയും കോവര്‍കഴുതകളെയും, കഴുതകളെയും; നിങ്ങള്‍ക്ക് വാഹനമായി ഉപയോഗിക്കുവാനും, അലങ്കാരത്തിന് വേണ്ടിയും. നിങ്ങള്‍ക്ക് അറിവില്ലാത്തതും അവന്‍ സൃഷ്ടിക്കുന്നു.” (നഹ്ല്‍: 5-8)

പൂമ്പാറ്റയുടെ ചിറകും പുലിയുടെ രോമങ്ങളും സിംഹത്തിന്റെ ജടയും സീബ്രയുടെ വരകളും പ്രാവിന്റെ ചിറകും പാമ്പിന്റെ ഉറയും… വ്യത്യസ്തമാര്‍ന്ന നിറങ്ങള്‍; വരകള്‍; സ്പര്‍ശനങ്ങള്‍!

(( وَمِنَ النَّاسِ وَالدَّوَابِّ وَالْأَنْعَامِ مُخْتَلِفٌ أَلْوَانُهُ ))

“മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്.” (ഫാത്വിര്‍: 28)

സിഹത്തിന്റെ ഗര്‍ജ്ജനവും പുലിയുടെ മുരളലും ആനയുടെ ചിന്നംവിളിയും കാക്കയുടെ കരച്ചിലും കുയിലിന്റെ ‘പാട്ടും’ കോഴിയുടെ കൂവലും നായയുടെ കുരയും…

ശബ്ദങ്ങള്‍ -ചിലത് ഭയപ്പെടുത്തുന്നു; ചിലത് സമാധാനമാണ്; മറ്റു ചിലത് വെറുപ്പും ദേഷ്യവുമുണ്ടാക്കും-…

ആകാശത്തേക്ക് നോക്കൂ!

മേഘങ്ങള്‍; അതിനുമപ്പുറം നിലാവ് പൊഴിക്കുന്ന ചന്ദ്രന്‍; അതിനമുപ്പറം സൂര്യന്‍; ഗ്രഹങ്ങള്‍; എണ്ണമില്ലാത്ത നക്ഷത്രങ്ങള്‍; മഴവില്ലുകള്‍; കാര്‍മേഘങ്ങള്‍; അകലെയും അടുത്തുമായി പറക്കുന്ന പക്ഷികള്‍…!

(( أَفَلَمْ يَنْظُرُوا إِلَى السَّمَاءِ فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّنَّاهَا وَمَا لَهَا مِنْ فُرُوجٍ ))

“അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്? അതിന് വിടവുകളൊന്നുമില്ല.” (ഖാഫ്: 6)

(( أَوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ مَا يُمْسِكُهُنَّ إِلَّا الرَّحْمَنُ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ ))

“അവര്‍ക്കു മുകളില്‍ ചിറക് വിടര്‍ത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിറുത്തുന്നില്ല.” (മുല്‍ക്: 19)

ഭൂമിയോ?!

പച്ചപ്പുള്ള താഴ്വാരങ്ങള്‍; മൊട്ടക്കുന്നുകള്‍; പര്‍വ്വതങ്ങള്‍; മരുഭൂമികള്‍; സമുദ്രം; നദി; അരുവികളും തടാകങ്ങളും; കുളങ്ങളും കുഴികളും; വെള്ളച്ചാട്ടങ്ങളും നീര്‍ച്ചോലകളും; മഞ്ഞും വെയിലും മഴയും…

(( وَهُوَ الَّذِي مَدَّ الْأَرْضَ وَجَعَلَ فِيهَا رَوَاسِيَ وَأَنْهَارًا وَمِنْ كُلِّ الثَّمَرَاتِ جَعَلَ فِيهَا زَوْجَيْنِ اثْنَيْنِ يُغْشِي اللَّيْلَ النَّهَارَ إِنَّ فِي ذَلِكَ لَآيَاتٍ لِقَوْمٍ يَتَفَكَّرُونَ ))

“അവനാണ് ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍. എല്ലാ ഫലവര്‍ഗങ്ങളില്‍ നിന്നും അവനതില്‍ ഈ രണ്ട് ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അവന്‍ രാത്രിയെക്കൊണ്ട് പകലിനെ മൂടുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.” (റഅ്ദ്: 3)

(( وَالْأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِيَ وَأَنْبَتْنَا فِيهَا مِنْ كُلِّ زَوْجٍ بَهِيجٍ ))

“ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. (സത്യത്തിലേക്ക്) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി.” (ഖാഫ്: 7)

നിറങ്ങള്‍! ചുവന്ന സൂര്യനും പച്ചമരങ്ങളും നീലയാകാശവും മഞ്ഞപ്പൂക്കളും വെള്ളനിലാവും കറുത്തരാത്രിയും; നിറമില്ലാത്ത വെള്ളവും വായുവും, നിറങ്ങളെല്ലാം ചേര്‍ന്നു നിന്ന മഴവില്ലുകളും… വര്‍ണ്ണങ്ങളുടെ ആഘോഷം!

(( وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافُ أَلْسِنَتِكُمْ وَأَلْوَانِكُمْ إِنَّ فِي ذَلِكَ لَآيَاتٍ لِلْعَالِمِينَ ))

“ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.” (റൂം: 22)

ആഹാരങ്ങള്‍! ഈത്തപ്പഴവും മാമ്പഴവും തേങ്ങയും ചക്കയും വെണ്ടക്കയും തക്കാളിയും ചീരയും അരിയും ചോറും ഇറച്ചിയും മീനും…

വ്യത്യസ്ത രുചികള്‍; നിറങ്ങള്‍; ചേരുവകള്‍.

(( وَهُوَ الَّذِي أَنْشَأَ جَنَّاتٍ مَعْرُوشَاتٍ وَغَيْرَ مَعْرُوشَاتٍ وَالنَّخْلَ وَالزَّرْعَ مُخْتَلِفًا أُكُلُهُ وَالزَّيْتُونَ وَالرُّمَّانَ مُتَشَابِهًا وَغَيْرَ مُتَشَابِهٍ كُلُوا مِنْ ثَمَرِهِ إِذَا أَثْمَرَ وَآتُوا حَقَّهُ يَوْمَ حَصَادِهِ وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ ))

“പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു.” (അന്‍ആം: 141)

ഈ വ്യത്യസ്തകള്‍ എവിടെ നിന്ന്?

പൂമ്പാറ്റകള്‍ക്ക് നിറം നല്‍കിയതാര്?

പക്ഷികളെ വീഴാതെ പിടിച്ചു നിര്‍ത്തുന്നതാര്?

ആകാശത്തെ പടച്ചവനാര്?

ചോദ്യങ്ങള്‍ അനേകം!

ഇവക്കെല്ലാം ഉത്തരമായി ഇനിയും നീ പറയുന്നുവോ -ഇതെല്ലാം വെറുതെ ഉണ്ടായതാണെന്ന്-?

ഈ വ്യത്യസ്തകളെല്ലാം നിരര്‍ഥകമെന്ന്?

യാദൃശ്ചികമെന്ന്?

പാഠങ്ങളില്ലാത്ത കേവല പ്രതിഭാസങ്ങള്‍ മാത്രമെന്ന്?

പ്രകൃതിയുടെ വികൃതികളെന്ന്?

നീയാണ് ബുദ്ധിമാനെന്ന്? യുക്തിവാദിയെന്ന്?

ഇവയെല്ലാം നിര്‍മ്മിച്ച -കാരുണ്യവനായ; സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനുമായ ഒരുവനുണ്ടെന്ന്- അല്ലാഹുവുണ്ടെന്ന് പറയുന്ന ഞങ്ങളാണ് അന്ധവിശ്വാസികളെന്നോ? ബുദ്ധിയില്ലാത്തവരും കണ്ണുകാണാത്തവരും ഞങ്ങളാണെന്നോ?

ശരി!

ഈ കാണുന്ന അനേകായിരം സൃഷ്ടികളിലെ വ്യത്യസ്തതകളിലും വൈവിദ്ധ്യങ്ങളിലുമെല്ലാമുള്ള അത്ഭുതമെല്ലാമെത്ര ചെറുത്!

അത്ഭുതം നിന്റെ വാക്കുകളിലാണ്!

നിന്റെ ഈ ധാര്‍ഷ്ട്യത്തിലും അഹങ്കാരത്തിലും; ബുദ്ധിമാനെന്ന് നടിക്കാന്‍ നീ കാണിക്കുന്ന വെപ്രാളത്തിലുമാണ് അവഛ്ഞ നിറഞ്ഞ അത്ഭുതം കൂടുതലുള്ളത്.

അല്ലാഹു -تعالى- പറഞ്ഞതു പോലെ:

(( وَإِنْ تَعْجَبْ فَعَجَبٌ قَوْلُهُمْ ))

“നീ അത്ഭുതപ്പെടുന്നുവെങ്കില്‍ അവരുടെ ഈ വാക്കത്രെ അത്ഭുതകരമായിട്ടുള്ളത്!”

<strong>അനുഭവങ്ങള്‍!</strong>

പ്രായാസപ്പെടുന്നവര്‍ പ്രാര്‍ഥിക്കുമ്പോള്‍ അവര്‍ക്ക് ഉത്തരം ലഭിക്കുന്നു; സഹായം ആവശ്യമുള്ളവര്‍ ആകാശത്തേക്ക് കൈകളുയര്‍ത്തുമ്പോള്‍ അവര്‍ക്ക് സഹായം ലഭിക്കുന്നു. പ്രപഞ്ചത്തെ സൃഷ്ടിക്കുകയും, അതിന് ആവശ്യമുള്ളവ നല്‍കുകയും ചെയ്യുന്ന, എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്ന കാരുണ്യവാനായ ഒരു സ്രഷ്ടാവുണ്ടെന്നതിന് ഏറ്റവും ഖണ്ഡിതമായ തെളിവാണിത്.

എണ്ണിയാലൊടുങ്ങാത്തവര്‍ക്ക് ഈ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ക്കെല്ലാം ഉപരിയിലുള്ള ഒരു സര്‍വ്വശക്തനെ കുറിച്ചുള്ള വ്യക്തമായ ബോധ്യം നല്‍കിയ അനേകം തെളിവുകളില്‍ ഒന്നാണിത്.

മനുഷ്യരിലേക്ക് നിയോഗിക്കപ്പെട്ട അനേകം നബിമാരും റസൂലുകളും തങ്ങളുടെ പ്രവാചകത്വത്തിന്റെ സത്യത ബോധ്യപ്പെടുത്തുന്നതിനായി പ്രദര്‍ശിപ്പിച്ച അത്ഭുതസംഭവങ്ങള്‍ -മുഅ്ജിസതുകള്‍- അനുഭവത്തിലൂടെ മനസ്സിലാക്കാവുന്ന തെളിവുകളില്‍ പെട്ടതാണ്.

മൂസ-عليه السلام-യുടെ കൈകളില്‍ ഉണ്ടായിരുന്ന വടി -ഇലകള്‍ കൊഴിക്കാനും, ഊന്നി നടക്കാനും അദ്ദേഹം ഉപയോഗിച്ചിരുന്ന വടി- ചില സമയങ്ങളില്‍ താഴെയിട്ടാല്‍ ഉഗ്രസര്‍പ്പമായി മാറുന്നു! അദ്ദേഹം തന്റെ കൈ കക്ഷത്തില്‍ പ്രവേശിപ്പിച്ച് പുറത്തേക്കെടുത്താല്‍ അത് പ്രകാശിക്കുന്നു. മാജിക്കുകാരും സാഹിറന്മാരും (മാരണക്കാര്‍) അദ്ദേഹത്തിനെതിരെ അണിനിരന്നു; അവര്‍ക്കൊന്നും അദ്ദേഹത്തിന്റെ ഈ അത്ഭുതസംഭവത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. അവര്‍ അവസാനം സമ്മതിക്കുക തന്നെ ചെയ്തു: ഇത് സര്‍വ്വശക്തനായ അല്ലാഹുവിന്റെ ദൃഷ്ടാന്തം തന്നെ!

ഈസ -عليه السلام-. തന്റെ സമൂഹത്തിലേക്ക് അനേകം ദൃഷ്ടാന്തങ്ങളുമായാണ് അദ്ദേഹം വന്നത്. കളിമണ്ണില്‍ നിന്ന് ഒരു പക്ഷിയുടെ രൂപമുണ്ടാക്കി അതിലേക്ക് ഊതിയാല്‍ -അല്ലാഹുവിന്റെ അനുമതിപ്രകാരം- അത് ജീവനുള്ള പക്ഷിയായി പറക്കുമായിരുന്നു. പാണ്ഡും കുഷ്ഠവുമുള്ള രോഗികളെ അദ്ദേഹം സുഖപ്പെടുത്തി -അല്ലാഹുവിന്റെ അനുമതിപ്രകാരം-.

മുഹമ്മദ് നബി -ﷺ-; അനേകം ദൃഷ്ടാന്തങ്ങള്‍ മക്കയിലെ സമൂഹം അവിടുത്തെ കൈകളിലൂടെ ദര്‍ശിച്ചു. ചന്ദ്രന്‍ പിളര്‍ന്നതും, കൈ വിരലുകള്‍ക്കിടയിലൂടെ വെള്ളം വന്നതും, അനേകം രോഗികളെ സുഖപ്പെടുത്തിയതും, അദൃശ്യകാര്യങ്ങള്‍ അറിയിച്ചു നല്‍കിയതുമെല്ലാം അവിടുത്തെ ചരിത്രത്തില്‍ സ്ഥിരപ്പെട്ടിരിക്കുന്നു.

ഈ പറഞ്ഞവയെല്ലാം അനുഭവത്തില്‍ മനസ്സിലാക്കാവുന്ന തെളിവുകളാണ്. സര്‍വജ്ഞനും സര്‍വ്വശക്തനുമായ ഒരു സ്രഷ്ടാവിനെ അറിയിക്കുന്ന തെളിവുകളില്‍ പ്രബലമാണിവയെല്ലാം.

<strong>ശുദ്ധപ്രകൃതിയിലെ തെളിവുകള്‍</strong>

എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ശുദ്ധമനസ്സോടെയാണ്. ആരുടെയും മനസ്സില്‍ വെറുപ്പോ വിദ്വേഷമോ അസൂയയോ ഇല്ല. പൂര്‍ണ നിഷ്കളങ്കര്‍. ഈ നിഷ്കളങ്കത ഇസ്‌ലാമിന്‍റേതാണ്; ഈ ശുദ്ധിയും അപ്രകാരം തന്നെ. ഇതിനെയാണ് ‘ഫിത്വ്റഃ’ (ശുദ്ധപ്രകൃതി) എന്ന് പറയുന്നത്.

ഒരോ കുഞ്ഞിന്റെ മനസ്സിലും അല്ലാഹുവിനെ കുറിച്ചുള്ള വിശ്വാസം നിലനില്‍ക്കുന്നുണ്ട്. പിന്നീട് അതില്‍ വക്രതയും കലര്‍പ്പും കടന്നു കൂടുന്നത് പുറത്തു നിന്നുള്ള ഇടപെടലുകള്‍ മൂലമാണ്.

അത് ചിലപ്പോള്‍ മാതാപിതാക്കളോ അദ്ധ്യാപകരോ കൂട്ടുകാരോ കാരണമായേക്കാം; മറ്റു ചിലപ്പോള്‍ മനുഷ്യന്റെ ആജന്മ ശത്രുവായ പിശാചിന്റെ പ്രവര്‍ത്തനഫലവുമായിരിക്കാം. ഇക്കാര്യം നബി -ﷺ- യുടെ ഹദീഥുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ النَّبِيُّ -ﷺ-: «كُلُّ مَوْلُودٍ يُولَدُ عَلَى الفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ، أَوْ يُنَصِّرَانِهِ، أَوْ يُمَجِّسَانِهِ»

അബൂഹുറൈറ -رضي الله عنه- നിവേദനം: നബി -ﷺ- പറഞ്ഞു: “എല്ലാ കുട്ടികളും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണ്. അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദനോ നസ്വ്റാനിയോ മജൂസിയോ ആക്കുന്നത്.” (ബുഖാരി: 1385)

عَنْ عِيَاضِ بْنِ حِمَارٍ، أَنَّ رَسُولَ اللَّهِ -ﷺ-، قَالَ: «أَلَا إِنَّ رَبِّي أَمَرَنِي أَنْ أُعَلِّمَكُمْ مَا جَهِلْتُمْ، مِمَّا عَلَّمَنِي يَوْمِي هَذَا … إِنِّي خَلَقْتُ عِبَادِي حُنَفَاءَ كُلَّهُمْ، وَإِنَّهُمْ أَتَتْهُمُ الشَّيَاطِينُ فَاجْتَالَتْهُمْ عَنْ دِينِهِمْ، وَحَرَّمَتْ عَلَيْهِمْ مَا أَحْلَلْتُ لَهُمْ، وَأَمَرَتْهُمْ أَنْ يُشْرِكُوا بِي مَا لَمْ أُنْزِلْ بِهِ سُلْطَانًا»

ഇയാദ്വ് ബ്നു ഹിമാര്‍ -رضي الله عنه- നിവേദനം: നബി -ﷺ- പറഞ്ഞു: “എന്റെ റബ്ബ് നിങ്ങള്‍ക്ക് അറിവില്ലാത്തത് പഠിപ്പിച്ചു നല്‍കാന്‍ എന്നോട് കല്‍പ്പിച്ചിരിക്കുന്നു. ഇന്ന് എന്റെ റബ്ബ് എന്നെ പഠിപ്പിച്ചവയില്‍ പെട്ടതാണ് … ‘ഞാന്‍ എന്റെ അടിമകളെ എല്ലാവരെയും ഋജുമാനസ്കരായാണ് സൃഷ്ടിച്ചത്. പിന്നീട് പിശാചുക്കള്‍ ആണ് അവരുടെ അടുക്കല്‍ ചെന്ന് അവരെ തങ്ങളുടെ ദീനില്‍ നിന്ന് റാഞ്ചിയെടുത്തത്. ഞാന്‍ അവര്‍ക്ക് അനുവദനീയമാക്കിയവയെ അവര്‍ നിഷിദ്ധമാക്കി. ഞാന്‍ ഒരു തെളിവും അവതരിപ്പിച്ചിട്ടില്ലാത്തവരെ എനിക്ക് പങ്കാളികളാക്കാന്‍ (ശിര്‍ക്ക് ചെയ്യാന്‍) അവരോട് (പിശാചുക്കള്‍) കല്‍പ്പിച്ചു.” (മുസ്‌ലിം: 2865)

അല്ലാഹു -تعالى- മനുഷ്യരെ ശുദ്ധപ്രകൃതിയിലാണ് പടച്ചിട്ടുള്ളത് എന്ന കാര്യം മനസ്സിലാക്കണമെങ്കില്‍ തെറ്റായി ഒന്നും ഇതു വരെ പഠിപ്പിക്കപ്പെട്ടിട്ടില്ലാത്ത ഒരു കുട്ടിയെ വിളിച്ച് അല്ലാഹു എവിടെ എന്നു ചോദിച്ചു നോക്കൂ. അവന്‍/അവള്‍ ആകാശത്തേക്ക് വിരല്‍ ഉയര്‍ത്തും; അല്ലെങ്കില്‍ മുകളിലാണെന്ന് പറയും. ഇത് ഏതൊരു കുട്ടിയുടെയും മനസ്സില്‍ ഊട്ടിയുറപ്പിക്കപ്പെട്ട കാര്യമാണ്.

അതു കൊണ്ടാണ് തങ്ങള്‍ നിരീശ്വരവാദികളാണെന്ന് അവകാശപ്പെടുന്നവര്‍ പോലും ചിലപ്പോള്‍ അറിയാതെ ഇക്കാര്യം അംഗീകരിക്കുന്നത് കാണാന്‍ കഴിയുന്നത്.

ഏറ്റവും വലിയ നിഷേധിയായ ഫിര്‍ഔനിന് പോലും മനസ്സറിഞ്ഞ് അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. അല്ലാഹു -تعالى- ഫിര്‍ഔനെയും കൂട്ടരെയും കുറിച്ച് പറഞ്ഞു:

(( وَجَحَدُوا بِهَا وَاسْتَيْقَنَتْهَا أَنْفُسُهُمْ ظُلْمًا وَعُلُوًّا فَانْظُرْ كَيْفَ كَانَ عَاقِبَةُ الْمُفْسِدِينَ)) 

“അവയെപ്പറ്റി അവരുടെ മനസ്സുകള്‍ക്ക് ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു.” (നംല്: 14)

മൂസ ഫിര്‍ഔനിനോട് പറഞ്ഞതായി അല്ലാഹു പറഞ്ഞു:

(( قَالَ لَقَدْ عَلِمْتَ مَا أَنْزَلَ هَؤُلَاءِ إِلَّا رَبُّ السَّمَاوَاتِ وَالْأَرْضِ بَصَائِرَ وَإِنِّي لَأَظُنُّكَ يَافِرْعَوْنُ مَثْبُورًا ))

“അദ്ദേഹം (ഫിര്‍ഔനോട്) പറഞ്ഞു: കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായിക്കൊണ്ട് ഇവ ഇറക്കിയത് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ് തന്നെയാണ് എന്ന് തീര്‍ച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്. ഫിര്‍ഔനേ, തീര്‍ച്ചയായും നീ നാശമടഞ്ഞവന്‍ തന്നെ എന്നാണ് ഞാന്‍ കരുതുന്നത്.” (ഇസ്റാഅ്: 102)

ലോകത്തിലെ ഏറ്റവും വലിയ നിഷേധിയായിരുന്ന ഫിര്‍ഔന്‍ പോലും ആത്മാര്‍ഥമായല്ല തന്റെ നിഷേധം പുറത്തേക്ക് പ്രകടിപ്പിച്ചിരുന്നതെങ്കില്‍ ബാക്കിയുള്ളവരുടെ കാര്യം ആലോചിച്ചു നോക്കുക; അവര്‍ എന്തു മാത്രം ആണയിട്ടു പറഞ്ഞാലും അവരുടെ മനസ്സുകള്‍ക്കുള്ളില്‍ ആ സത്യം ഉറപ്പോടെ നിലനില്‍ക്കുക തന്നെ ചെയ്യും. ലോകചരിത്രത്തില്‍ നിരീശ്വരവാദികള്‍ എന്നും തുലോം തുഛമായതിന്റെ പിന്നിലെ കാരണവും ഇതു തന്നെ.

<strong>പ്രാമാണികമായ തെളിവുകള്‍</strong>

ഖുര്‍ആനും ഹദീഥുമാണ് ‘പ്രാമാണികമായ തെളിവുകള്‍’ എന്നതിന്റെ പരിധിയില്‍ വരുന്നത്.

എങ്ങനെയാണ് ഖുര്‍ആനും ഹദീഥും അല്ലാഹുവുണ്ട് എന്നതിനുള്ള തെളിവാകുക? ഉത്തരം ലളിതമാണ്:

(( أَفَلَا يَتَدَبَّرُونَ الْقُرْآنَ وَلَوْ كَانَ مِنْ عِنْدِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا ))

“അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.” (നിസാഅ്: 82)

മനുഷ്യരുടെ നിര്‍മ്മിതികള്‍ ഏതും പരിശോധിക്കുക. കുറവുകളും ന്യൂനതകളും അനേകമുള്ളവയാണ് എല്ലാം. പൂര്‍ണത അവന് അപ്രാപ്യമാണ്. വികസിക്കാനും പുരോഗമിക്കാനും അനേകം സാധ്യതകള്‍ അവന്റെ ഏതൊരു നിര്‍മ്മിതികളിലും ബാക്കി കിടക്കുന്നു.

എന്നാല്‍ നിരക്ഷരനായ -എഴുതാനോ വായിക്കാനോ അറിവില്ലാത്ത, അപരിഷ്കൃതമായ ഒരു സമൂഹത്തില്‍ ജനിച്ചു വളര്‍ന്ന- അബ്ദുല്ലയുടെ മകന്‍ മുഹമ്മദിന്റെ -ﷺ- കൈകളിലൂടെ ലഭിച്ച ഈ ഗ്രന്ഥമോ?

ന്യൂനതകളില്‍ നിന്ന് അവ മുക്തമാണ്. അതിലെ വര്‍ത്തമാനങ്ങളെല്ലാം സത്യസന്ധവും യാഥാര്‍ഥ്യത്തോട് നിരക്കുന്നതും. വിധിവിലക്കുകളോ? പരിപൂര്‍ണ നീതിയും കൃത്യതയുമുള്ളത്.

അതിന്റെ തുടക്കവും ഒടുക്കവും ഒരേ മനോഹാരിത പുലര്‍ത്തുന്നു. അതിലെ ആദ്യവും അവസാനവും പരിപൂര്‍ണ യോജിപ്പുള്ളത്. അതിലേ ഓരോ വചനങ്ങളും ആശയങ്ങളുടെ -രഹസ്യങ്ങളുടെ- സമുദ്രം. അവയുടെ വരികളിലും വരികള്‍ക്കിടയിലും ഒളിച്ചിരിക്കുന്ന ആശയപ്രപഞ്ചം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ മനുഷ്യരെല്ലാം ഒരുമിച്ചാലും -അവരോടൊപ്പം ജിന്നുകളുമൊരുമിച്ചാലും- സാധ്യമല്ല!

നബിമാരില്‍ അന്തിമനായ മുഹമ്മദ് നബി -ﷺ- യുടെ സത്യത ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളില്‍ ഏറ്റവും പ്രകടമായ ദൃഷ്ടാന്തം ഇത് തന്നെ. മറ്റൊരു നബിക്കും ഇതു പോലൊരു ദൃഷ്ടാന്തം നല്‍കപ്പെട്ടിട്ടില്ല.

മറ്റു ദൃഷ്ടാന്തങ്ങളെല്ലാം അവ ഏതൊരു നബിമാരോടൊപ്പമാണോ അയക്കപ്പെട്ടത്, അവരുടെ മരണശേഷം നിലച്ചു പോയിട്ടുണ്ട്. എന്നാല്‍ ഖുര്‍ആന്‍, അതുമായി അയക്കപ്പെട്ട റസൂലിന്റെ -മുഹമ്മദ് -ﷺ- കാലശേഷവും നിലനില്‍ക്കുന്നു. മാറ്റത്തിരുത്തലുകളോ ഏറ്റക്കുറച്ചിലുകളോ ഇല്ലാതെ.

അതിനും പുറമേ, മറ്റു നബിമാരുടെ ദൃഷ്ടാന്തങ്ങളെല്ലാം മനുഷ്യരുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് മാത്രം കാണാന്‍ കഴിയുന്നവ ആയിരുന്നെങ്കില്‍; ഖുര്‍ആനിലുള്ള ദൃഷ്ടാന്തങ്ങള്‍ നഗ്നനേത്രങ്ങള്‍ക്കു മാത്രമല്ല; അകക്കണ്ണുകള്‍ക്കും ദൃശ്യമാകുന്നവയാണ്.

ശൈഖിന്റെ വാക്കുകളിലേക്ക് തിരിച്ചു പോകാം. ‘എങ്ങനെയാണ് നീ നിന്റെ റബ്ബിനെ തിരിച്ചറിഞ്ഞത്? എന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു: ‘അവന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നും, സൃഷ്ടികളില്‍ നിന്നുമാണ് ഞാന്‍ അവനെ മനസ്സിലാക്കിയത് എന്ന് നീ പറയുക.’

ദൃഷ്ടാന്തങ്ങള്‍ -അറബിയില്‍ ആയതുകള്‍ എന്ന് പറയാം- രണ്ട് രൂപത്തിലാണ്.

ഒന്ന്: പ്രാപഞ്ചികം. രണ്ട്: മതപരം.

പ്രപഞ്ചത്തിലെ ഏതൊരു വസ്തുവും പ്രാപഞ്ചികമായ ദൃഷ്ടാന്തങ്ങളില്‍ ഉള്‍പ്പെടും. മതപരമായ ദൃഷ്ടാന്തങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഖുര്‍ആനും ഹദീഥുമാണ്. ഇവിടെ ശൈഖ് ദൃഷ്ടാന്തങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് പ്രാപഞ്ചികമായ ദൃഷ്ടാന്തങ്ങളാണെന്ന് അദ്ദേഹത്തിന്റെ ഉദാഹരണങ്ങളില്‍ നിന്ന് മനസ്സിലാക്കാം.

രാത്രിയെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും ദൃഷ്ടാന്തങ്ങള്‍ക്ക് ഉദാഹരണമായാണ് അദ്ദേഹം പറഞ്ഞത്. അവ മാത്രമല്ല ദൃഷ്ടാന്തങ്ങള്‍; എന്നാല്‍ ഇവ ഏതൊരു മനുഷ്യനും വ്യക്തമാകുന്ന -പണ്ഡിതനും പാമരനും- ബോധ്യപ്പെടുന്ന ദൃഷ്ടാന്തമാണ്. ഇക്കാരണം കൊണ്ട് തന്നെയാകാം ഖുര്‍ആനിലും ഇവയെ കുറിച്ചുള്ള പരാമര്‍ശം അനേകമിടങ്ങളില്‍ കാണാം.

(( إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِأُولِي الْأَلْبَابِ ))

“തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറിവരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.” (ആലു ഇംറാന്‍: 190)

(( وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ ))

“അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ സുജൂദ് (സാഷ്ടാംഘം) ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ സുജൂദ് പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.” (ഫുസ്സ്വിലത്: 37)

പിന്നീട് ശൈഖ് പറഞ്ഞു: ‘അവന്റെ സൃഷ്ടികളില്‍ പെട്ടതാണ്; ആകാശങ്ങളും ഭൂമിയും അതിലുള്ളതുമെല്ലാം.’

അല്ലാഹുവൊഴികെ മറ്റെന്തുണ്ടോ, അവയെല്ലാം അവന്റെ സൃഷ്ടികളാണ്. ‘ആലമീന്‍’ എന്നതിന്റെ വിശദീകരണത്തില്‍ ഇക്കാര്യം നാം മനസ്സിലാക്കിയതുമാണ്.

അല്ലാഹു -تعالى- പറഞ്ഞു:

(( الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ وَلَمْ يَتَّخِذْ وَلَدًا وَلَمْ يَكُنْ لَهُ شَرِيكٌ فِي الْمُلْكِ وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا ))

“അവന്‍ (അല്ലാഹു) എല്ലാത്തിനെയും സൃഷ്ടിച്ചു.” (അന്‍ആം: 101, ഫുര്‍ഖാന്‍: 2)

മേല്‍ പറഞ്ഞ ശൈഖിന്റെ വാചകങ്ങള്‍ ഏതാണ്ട് പൂര്‍ണമായി -കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലാതെ- അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ ഉസ്വൂലുസ്സലാഥയിലും കാണാന്‍ കഴിയും.

മൂന്നാമത്തെ ചോദ്യവും, അതിനുള്ള ഉത്തരവും നല്‍കിയതിന് ശേഷം ശൈഖ് മുഹമ്മദ് -رحمه الله- താന്‍ പറഞ്ഞതിനുള്ള തെളിവ് നല്‍കി. ഇത് അദ്ദേഹം തന്റെ പ്രബോധനത്തില്‍ സ്വീകരിച്ച മന്‍ഹജില്‍ -രീതിശാസ്ത്രത്തില്‍- ഏറ്റവും മനോഹരമായ രീതിയാണ്. താന്‍ പറയുന്ന ഏതൊരു കാര്യത്തിനും ഖുര്‍ആനിലോ ഹദീഥിലോ ഉള്ള തെളിവ് നല്‍കുക എന്നത് ഒരാള്‍ സത്യത്തിലാണ് നിലകൊള്ളുന്നത് എന്നതിനുള്ള ഏറ്റവും വ്യക്തമായ തെളിവാണ്.

താന്‍ പറഞ്ഞു എന്നതു കൊണ്ടല്ല; അല്ലാഹുവും റസൂലും പറഞ്ഞു എന്നതിനാലാണ് നീ ഇക്കാര്യം പിന്‍പറ്റല്‍ നിര്‍ബന്ധമാകുന്നത് എന്ന ചിന്ത വായനക്കാരന്റെ മനസ്സില്‍ നിലനിര്‍ത്താന്‍ ഈ ശൈലി കൊണ്ടാകും. തൗഹീദീ പ്രബോധന രംഗത്ത് നിലകൊള്ളുന്നവരും ഈ രീതി സ്വീകരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

<strong>അഅറാഫിലെ ആയതിന്റെ വിശദീകരണം</strong>

ആയതിന്റെ വിശദീകരണം:

അദ്ദേഹം തെളിവായി നല്‍കിയത് സൂറത്തുല്‍ അഅ്റാഫിലെ 54 ാമത്തെ ആയതാണ്. അല്ലാഹു -تعالى- പറഞ്ഞു:

(( إِنَّ رَبَّكُمْ ))

(إن: തീര്‍ച്ചയായും, ഉറപ്പായും, ربكم: നിങ്ങളുടെ റബ്ബ്.)

“നിങ്ങളുടെ റബ്ബ് അല്ലാഹുവാണ്.”

റബ്ബ്, അല്ലാഹു എന്നിവ അല്ലാഹുവിന്റെ നാമങ്ങളാണെന്നും, അവയുടെ അര്‍ഥമെന്തെല്ലാമാണെന്നും മുന്‍പ് വിശദീകരിച്ചു കഴിഞ്ഞു. അവ വീണ്ടും ആവര്‍ത്തിക്കുന്നില്ല.

റബ്ബ് അല്ലാഹുവാണ് എന്നത് എങ്ങനെയാണ് നിനക്ക് മനസ്സിലായതെന്നുള്ള ചോദ്യവും അതിനുള്ള ഉത്തരവും നല്‍കിയതിന് ശേഷം അക്കാര്യത്തിനുള്ള തെളിവായാണല്ലോ ഈ ആയത് ശൈഖ് നല്‍കിയിരിക്കുന്നത്. ഈ ആയത് ഇവിടെ നല്‍കിയതിലുള്ള പ്രസക്തി ആയതിന്റെ ആദ്യഭാഗത്തില്‍ നിന്ന് -മേലെ നല്‍കിയിട്ടുള്ള ഭാഗത്തില്‍ നിന്ന്- മനസ്സിലാക്കാന്‍ കഴിയും.

‘നിങ്ങളുടെ റബ്ബ് അല്ലാഹുവാണ്’ എന്ന് പറഞ്ഞതിന് ശേഷം ആ റബ്ബ് എങ്ങനെയുള്ളവനാണെന്നാണ് അല്ലാഹു പിന്നീട് വിശദീകരിക്കുന്നത്. അവന്‍ -تعالى- പറയുന്നു:

(( الَّذِي خَلَقَ السَّمَوَاتِ وَالأَرْضَ فِي سِتَّةِ أَيَّامٍ ))

“ആകാശഭൂമികളെ ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചവന്‍.”

ആറു ദിവസങ്ങളിലായാണ് ആകാശഭൂമികളെ സൃഷ്ടിച്ചതെന്ന് ഖുര്‍ആനില്‍ പലയിടത്തും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

ഈ ആറ് ദിവസങ്ങള്‍ ഭൂമിയിലെ പോലുള്ള ആറു ദിവസങ്ങളാണോ, അതല്ല; ആയിരം വര്‍ഷങ്ങള്‍ ദൈര്‍ഘ്യമുള്ളതാണോ ഇതിലെ ഓരോ ദിവസങ്ങളും എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇമാം മുജാഹിദ്, അഹ്മദ് പോലുള്ളവര്‍ക്ക് രണ്ടാമത്തെ അഭിപ്രായമാണുള്ളത്. വല്ലാഹു അഅ്ലം.

അല്ലാഹു സൃഷ്ടിപ്പ് ആരംഭിച്ച ദിവസങ്ങളുടെ ക്രമം അനുസരിച്ചാണ് അറബിയില്‍ ദിവസങ്ങളുടെ പേരും.

യൗമുല്‍ അഹദ്. ഒന്നാം ദിനം. ഞായര്‍.

യൗമുല്‍ ഇഥ്നയ്നി. രണ്ടാം ദിവസം. തിങ്കള്‍.

യൗമുസ്സുലാഥാഅ്. മൂന്നാം ദിനം. ചൊവ്വ.

യൗമുല്‍ അര്‍ബിആഅ്. നാലാമത്തെ ദിവസം. ബുധന്‍.

യൗമുല്‍ ഖമീസ്. അഞ്ചാമത്തെ ദിനം. വ്യാഴം.

ആറാം ദിവസം എല്ലാ സൃഷ്ടികളും യോജിച്ചു; അന്നാണ് ആദം -عليه السلام- സൃഷ്ടിക്കപ്പെട്ടത്. യോജിപ്പിന്റെ ആ ദിവസം; ജമാഅത്തിന്റെ, ജുമുഅയുടെ ദിവസമാണ്. യൗമുല്‍ ജുമുഅ. വെള്ളി.

ശനിയാഴ്ച്ച സൃഷ്ടിപ്പുണ്ടായിട്ടില്ല. അത് സൃഷ്ടിപ്പ് അവസാനിപ്പിച്ച ദിനമാണ്. യൗമുസ്സബ്ത്. (അവലംബം: തഫ്സീറു ഇബ്നികഥീര്‍: 3/426)

ഒരൊറ്റ ദിവസം കൊണ്ട് ഇവയെല്ലാം സൃഷ്ടിക്കാമായിട്ടും എന്തു കൊണ്ട് അല്ലാഹു ആറ് ദിവസങ്ങള്‍ കൊണ്ട് ഇവയെല്ലാം സൃഷ്ടിച്ചു എന്ന് ചിലര്‍ ചോദിച്ചേക്കാം. അതിന് പിന്നില്‍ അല്ലാഹുവിന് മാത്രം അറിയാവുന്ന ഒരു ഹിക്മഃ -യുക്തി- ഉണ്ടെന്നാണ് ഉത്തരം.

ഈ പ്രപഞ്ചത്തില്‍ അവന്‍ എല്ലാം വ്യക്തമായ കാരണങ്ങളാലാണ് സൃഷ്ടിച്ചിരിക്കുന്നത്. ആ കാരണങ്ങള്‍ എന്തിന് അല്ലാഹു നിശ്ചയിച്ചു എന്ന ചോദ്യം ആരെങ്കിലും ഉന്നയിച്ചാല്‍ അതിന്റെ പരിപൂര്‍ണമായ ഉത്തരം നമുക്ക് നല്‍കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. (ശര്‍ഹു ഥലാഥതില്‍ ഉസ്വൂല്‍-ഇബ്‌നു ഉഥൈമീന്‍: 49)

ഉദാഹരണത്തിന്, ഒരാള്‍ക്ക് ദാഹിച്ചാല്‍ അവന്റെ ദാഹം ശമിക്കണമെങ്കില്‍ വെള്ളം കുടിക്കണം. എന്തു കൊണ്ടാണ് വെള്ളം കുടിച്ചാല്‍ മാത്രം ദാഹം ശമിക്കുന്നത്? വെള്ളമില്ലാതെയും ദാഹം ശമിപ്പിക്കാന്‍ അല്ലാഹുവിന് കഴിയില്ലേ എന്ന് ചോദിച്ചാല്‍; ഉത്തരം അതെ എന്ന് തന്നെയാണ്.

പക്ഷേ, ഈ പ്രപഞ്ചത്തില്‍ അല്ലാഹു എല്ലാം നിശ്ചയിച്ചിരിക്കുന്നത് കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്; ദാഹം ശമിപ്പിക്കാന്‍ അല്ലാഹു നിശ്ചയിച്ച കാരണമാണ് വെള്ളം കുടിക്കല്‍. എന്താണ് അങ്ങനെയൊരു കാരണം നിശ്ചയിക്കുന്നതിന് പിന്നിലുള്ള യുക്തി എന്നു ചോദിച്ചാല്‍ അതിന് പൂര്‍ണമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞെന്ന് വരില്ല; അല്ലാഹുവിനല്ലാതെ.

പക്ഷേ ഒന്നുറപ്പിക്കാം. ഏതൊരു കാരണവും നിശ്ചയിച്ചതിന് പിന്നില്‍ പരിപൂര്‍ണമായ ഒരു യുക്തി അല്ലാഹുവിനുണ്ട്. അത് ചിലര്‍ക്ക് കുറച്ചൊക്കെ മനസ്സിലായേക്കാം; ചിലപ്പോള്‍ മനസ്സിലാകാതെയും വരാം. മനസ്സിലായില്ലെന്നത് കൊണ്ട് അതിന്റെ പിന്നില്‍ യുക്തിയില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് മാത്രം.

(( ثُمَّ اسْتَوَى عَلَى العَرْشِ ))

” എന്നിട്ടവന്‍ അര്‍ശില്‍ ഇസ്തിവാഅ് ചെയ്തിരിക്കുന്നു.”

‘അര്‍ശ്’ എന്നതിന് മലയാളത്തില്‍ നല്‍കാന്‍ കഴിയുന്ന അര്‍ഥം സിംഹാസനം എന്നാണ്. ‘ഇസ്തിവാഅ്’ എന്ന വാക്കിന് ‘ആരോഹണം’ എന്നും ഒറ്റ വാക്കില്‍ അര്‍ഥം പറയാം.

അല്ലാഹുവിനെ കുറിച്ച് അവന്‍ തന്റെ കിതാബിലോ, അല്ലാഹുവിന്റെ റസൂല്‍ -تعالى- അവിടുത്തെ സുന്നത്തിലോ അറിയിച്ച കാര്യങ്ങള്‍ മാറ്റത്തിരുത്തലുകളോ ഏറ്റക്കുറച്ചിലുകളോ കൂടാതെ വിശ്വസിക്കുക എന്നതാണ് അഹ്ലുസ്സുന്ന വല്‍ ജമാഅഃയുടെ നിലപാട്. ഇത്തരം കാര്യങ്ങളില്‍ അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുകയോ, അല്ലാഹുവിന്റെ വിശേഷണങ്ങള്‍ക്കോ പ്രവര്‍ത്തനങ്ങള്‍ക്കോ രൂപം പറയുകയോ ചെയ്യുന്നത് സലഫുകള്‍ പിന്തുടര്‍ന്ന മാര്‍ഗമല്ല. അവനെ കുറിച്ച് ഖുര്‍ആനിലും സ്വഹീഹായ ഹദീഥിലും വന്ന ഒരു കാര്യമെങ്കിലും നിഷേധിക്കുകയോ നിരസിക്കുകയോ ചെയ്യുന്നത് ഒരു വിശ്വാസിക്ക് അഭിലഷണീയമല്ല.

<strong>ഇമാം മാലികിന്റെ പ്രസിദ്ധമായ അഥറിന്റെ വിശദീകരണം</strong>

ഇസ്തിവാഅ് എന്നാല്‍ ഉദ്ദേശം ആരോഹണമാണെന്ന് നാം പറഞ്ഞു. എങ്ങനെയാണ് അത് സംഭവിച്ചിട്ടുള്ളത്? അതിന്റെ രൂപം എങ്ങനെയാണ്? മനുഷ്യര്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നത് പോലെയാണോ അവന്റെ ‘ഇസ്തിവാഅ്’?

ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളില്‍ പ്രമുഖനായ ഇമാം മാലിക് ബ്നു അനസ് -رَحِمَهُ اللَّهُ- നല്‍കിയിട്ടുണ്ട്.

അദ്ദേഹത്തോട് ഒരാള്‍ ചോദിച്ചു: “അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നു.

(( الرحمن على العرش استوى ))

‘റഹ്മാനായ (അല്ലാഹു) അര്‍ശില്‍ ഇസ്തിവാഅ് ചെയ്തിരിക്കുന്നു.’ എങ്ങനെയാണ് അല്ലാഹു ഇസ്തിവാഅ് ചെയ്തത്?

ഇമാം മാലിക് -رحمه الله- പറഞ്ഞു:

«الإِسْتِوَاءُ مَعْلُومٌ، وَالكَيْفُ مَجْهُولٌ، وَالإِيمَانُ بِهِ وَاجِبٌ، وَالسُّؤَالُ عَنْهُ بِدْعَةٌ»

“ഇസ്തിവാഅ് അറിയപ്പെട്ടതാണ്. അതിന്റെ രൂപം അജ്ഞമാണ്. അതില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. അതിനെ കുറിച്ചുള്ള (ഇത്തരം) ചോദ്യം ബിദ്അത്തുമാണ്.”

ഇമാം മാലികിന്റെ മേലെ നല്‍കിയ വാക്ക് ചുരുക്കി വിശദീകരിക്കുന്നത് ഉപകാരപ്പെടും.

(( الاستواء معلوم ))

‘ഇസ്തിവാഅ്’ അറിയപ്പെട്ടതാണ് എന്ന തന്റെ വാക്കിലൂടെ അദ്ദേഹം രണ്ടു പ്രധാനപാഠങ്ങള്‍ പകര്‍ന്നുനല്‍കി.

ഒന്ന്: അല്ലാഹു ഇസ്തിവാഅ് ചെയ്തിട്ടുണ്ടെന്നത് ഖുര്‍ആനിലും ഹദീഥിലും അറിയപ്പെട്ട കാര്യമാണ്. അതിനാല്‍ ഒരു സംശയവും അക്കാര്യത്തില്‍ വേണ്ടതില്ല.

രണ്ട്: ഇസ്തിവാഅ് എന്ന അറബിപദത്തിന്റെ അര്‍ഥം അറബികള്‍ക്കിടയില്‍ അറിയപ്പെട്ടതാണ്. അതിനാല്‍ അതിന്റെ അര്‍ഥത്തെ കുറിച്ച് ആരും സംശയം ഉന്നയിക്കുകയോ, അതില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തുകയോ വേണ്ടതില്ല. അധികാരമേല്‍ക്കുക, ശക്തിയുള്ളവനായി തീരുക എന്നൊന്നുമല്ല ഇസ്തിവാഇന്റെ അര്‍ഥം എന്ന് അറബികള്‍ക്ക് അറിയാം; മറിച്ച് ‘ഉന്നതിയിലാവുക, മുകളിലാവുക, ആരോഹിതനാവുക’ എന്നെല്ലാമാണ് അതു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

(( الكيف مجهول ))

‘അതിന്റെ രൂപം അജ്ഞമാണ്’ എന്ന അദ്ദേഹത്തിന്റെ വാക്കില്‍ നിന്ന് സൃഷ്ടികള്‍ക്ക് അല്ലാഹുവിന്റെ വിശേഷണങ്ങളുടെ രൂപം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് മനസ്സിലാക്കാം. കാരണം ദുനിയാവില്‍ വെച്ച് അല്ലാഹുവിനെ കാണാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല; ഇനിയൊട്ട് കഴിയുകയുമില്ല -പരലോകത്തല്ലാതെ-. അല്ലാഹുവിന്റെ രൂപം മനസ്സിലാക്കാതെ അവന്റെ വിശേഷണങ്ങളുടെ രൂപവും മനസ്സിലാക്കാന്‍ കഴിയില്ല.

(( الإيمان به واجب ))

‘അതില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്’ എന്ന വാക്കില്‍ നിന്ന് ഇത്തരം വിഷയങ്ങളിലുള്ള വിശ്വാസം നിര്‍ബന്ധകാര്യങ്ങളില്‍ പെട്ടതാണെന്നും, ഇവ അവഗണിക്കപ്പെടേണ്ട വിഷയങ്ങളില്‍ പെട്ടതല്ലെന്നും മനസ്സിലാക്കാം. ‘ഇത്തരം കാര്യങ്ങളൊന്നും പഠിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല; ഇത്തരം വിഷയങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കേവലം ശാഖാപരമായ ചര്‍ച്ചകള്‍ മാത്രമാണ്’ എന്ന ചിലരുടെ വാദത്തിന്റെ അപകടവും ഇതില്‍ നിന്ന് മനസ്സിലാക്കാം. അല്ലാഹു -تعالى- ഖുര്‍ആനില്‍ ഏഴിടങ്ങളില്‍ ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യമെങ്ങനെയാണ് അനാവശ്യവും ശാഖാപരവുമാകുക?!

(( السؤال عنه بدعة ))

‘അതിനെ കുറിച്ചുള്ള ചോദ്യം ബിദ്അത്താണ്’. ഇവിടെ അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളത് അല്ലാഹുവിന്റെ വിശേഷണങ്ങളുടെ രൂപം ചോദിക്കുന്നത് പോലെ സ്വഹാബികള്‍ ചോദിച്ചിട്ടില്ലാത്ത ചോദ്യങ്ങളാണ്. അതല്ലെങ്കില്‍, ഇസ്തിവാഇന്റെ തെളിവുകള്‍ എന്തെല്ലാമാണ്? അര്‍ഥമെന്താണ്? ആ വിഷയത്തില്‍ അഹ്ലുസ്സുന്നയുടെ നിലപാടും, മറ്റു പിഴച്ച കക്ഷികളുടെ വഴികേടുകളുമെന്തൊക്കെയാണ്? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പ്രോത്സാഹിക്കപ്പെട്ടതാണ്. കാരണം അത്തരം വിഷയങ്ങള്‍ വ്യക്തമാക്കി കൊണ്ട് സലഫുകള്‍ അനേകം ഗ്രന്ഥങ്ങളും മറ്റും രചിച്ചിട്ടുണ്ട് എന്നത് തന്നെ. എന്നാല്‍ അല്ലാഹുവിന്റെ വിശേഷണങ്ങളുടെ ഒന്നിന്റെയും രൂപം വിശദീകരിക്കാന്‍ ശ്രമിക്കുന്ന ഒരു വാക്കും അവരുടേതായി സ്ഥിരപ്പെട്ടിട്ടുമില്ല. വല്ലാഹു അഅ്ലം.

<strong>ആയതിന്റെ വിശദീകരണം; തുടര്‍ച്ച</strong>

(( يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثاً ))

“രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു.”

‘രാത്രിയെ കൊണ്ട് അവന്‍ പകലിനെ മൂടുന്നു’: അതായത്, രാത്രിയുടെ ഇരുട്ട് പകലിന്റെ പ്രകാശം കൊണ്ട് പോയ്മറയുന്നു. പകലിന്റെ പ്രകാശം രാത്രിയുടെ ഇരുട്ടു കൊണ്ടും ഇല്ലാതാകുന്നു. ഒന്ന് മറ്റൊന്നിനെ തേടിക്കൊണ്ടിരിക്കുന്ന പോലെ. ഒന്നിനു പിറകെ മറ്റൊന്ന് വേഗതയില്‍ വന്നു കൊണ്ടിരിക്കുന്നു. ഒന്നും അതിന്റെ സമയത്തില്‍ നിന്ന് വൈകുന്നില്ല. ഒന്ന് പോയാല്‍ അടുത്തത് വരുന്നു; അത് പോയാല്‍ അടുത്തത്. ഇങ്ങനെ തുടര്‍ച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്നു. (അവലംബം: തഫ്സീറു ഇബ്നികഥീര്‍: 3/427)

(( وَالشَّمْسَ وَالقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ))

സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.)”

സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മറ്റു സൃഷ്ടികളുമെല്ലാം അല്ലാഹുവിന് കീഴ്പ്പെട്ടിരിക്കുന്നു. അവയെല്ലാം അവന്റെ ആജ്ഞകള്‍ക്ക് അനുസൃതമായാണ് മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. സൂര്യ-ചന്ദ്ര-നക്ഷത്രങ്ങളുടെ കൃത്യതയാര്‍ന്ന ചലനങ്ങള്‍ ഇതിന് തെളിവാണ്.

(( أَلَا لَهُ الخَلْقُ وَالأَمْرُ ))

“അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നു തന്നെയാണ്.”

പ്രപഞ്ചത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് അല്ലാഹുവാണെങ്കില്‍ അവ അവന്റെ നിയന്ത്രണത്തിനും ആജ്ഞക്കും അനുസൃതമായി തന്നെ മുന്നോട്ട് പോവുകയും വേണം. ഇപ്രകാരം തന്നെയായിരിക്കണം മനുഷ്യരും; അവരെ സൃഷ്ടിച്ചത് അല്ലാഹുവാണ്. അതിനാല്‍ അവര്‍ എന്തു പ്രവര്‍ത്തിക്കണമെന്നും, എങ്ങനെ പ്രവര്‍ത്തിക്കണമെന്നും, എന്തെല്ലാം പ്രവര്‍ത്തിക്കരുതെന്നുമെല്ലാം നിശ്ചയിക്കാനുള്ള അധികാരവും അല്ലാഹുവിനാണ്. അത് അനുസരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അവരെക്കാള്‍ വലിയ സൃഷ്ടികളായ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം അവന്റെ വിധിക്ക് കീഴൊതുങ്ങിയെങ്കില്‍ നിസ്സാരനായ മനുഷ്യന്‍ അതിന് എന്തു കൊണ്ടും ബാധ്യതയുള്ളവനാണ്.

(( تَبَارَكَ اللَّهُ رَبُّ العَالَمِينَ ))

“റബ്ബുല്‍ ആലമീനായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.”

‘ബറകത്’ എന്ന പദം പലര്‍ക്കും സുപരിചിതമായിരിക്കും. ‘തബാറക’ എന്ന പദത്തിന്റെ അര്‍ഥം ബറകതുള്ളവനായി എന്നാണ്. ബറകത് എന്ന വാക്കാകട്ടെ, നന്മയിലുള്ള വര്‍ദ്ധനവിനെയും സമൃദിയെയുമാണ് അറിയിക്കുന്നത്.

അല്ലാഹു -تعالى-; അവന്‍ എല്ലാ നന്മകളിലും പരിപൂര്‍ണനാണ്. നന്മയാര്‍ന്ന ഏതൊരു വിശേഷണമുണ്ടാകട്ടെ; അതെല്ലാം അവന്റെ കാര്യത്തില്‍ പരിപൂര്‍ണമാണ്. കാരുണ്യത്തിന്റെയും ശക്തിയും ഭംഗിയുടെയും പ്രതാപത്തിന്റെയും മഹത്വത്തിന്റെയും വിശേഷണങ്ങള്‍ അവനില്‍ പരിപൂര്‍ണമായിരിക്കുന്നു.

ഇതു പോലെ തന്നെ അല്ലാഹു സൃഷ്ടികള്‍ക്ക് കനിഞ്ഞരുളിയ നന്മകളും ധാരാളമുണ്ട്. ഈ പ്രപഞ്ചത്തില്‍ ഏതൊരു സൃഷ്ടിയെയും -ചെറുതോ വലുതോ ആകട്ടെ- നീ പരിശോധിക്കുക; അല്ലാഹുവിന്റെ കാരുണ്യം അവയെ എല്ലാം മൂടിയതായിട്ടല്ലാതെ നിനക്ക് കാണാന്‍ കഴിയില്ല. അവന്റെ അനുഗ്രഹം എണ്ണിത്തിട്ടപ്പെടുത്തുക സാധ്യമല്ല.

ചുരുക്കത്തില്‍, അവന്‍ സ്വയം നന്മകളില്‍ പരിപൂര്‍ണനായിരിക്കുന്നു; അവന്‍ മറ്റുള്ളവര്‍ക്ക് -തന്റെ അടിമകള്‍ക്ക്- നന്മ നല്‍കുന്നതും അധികരിപ്പിച്ചിരിക്കുന്നു. ഈ നന്മയുടെ വര്‍ദ്ധനവ് -ബറകത്- അറിയിക്കുന്നതാണ് തബാറക എന്ന വാക്ക്. ഇത് അല്ലാഹുവിലേക്ക് ചേര്‍ത്തിയല്ലാതെ പറയല്‍ അനുവദനീയമല്ല.

وَكُلُّ مَا فِي هَذِهِ الرِّسَالَةِ مِنَ الصَّوَابِ فَمِنَ اللَّهِ وَحْدَهُ، وَمَا فِيهِ مِنَ الأَخْطَاءِ وَالزَّلَّاتِ فَمِنِّي وَمِنَ الشَّيْطَانِ، فَأَرْجُو مِمَّنْ وَجَدَ شَيْئًا مِنْهَا التَّنْبِيهَ وَالنَّصِيحَةَ، وَلَهُ مِنِّي خَالِصُ الدُّعَاءِ وَالشُّكْرِ.

وَاللَّهُ المُوَفِّقُ لِكُلِّ مَا يُحِبُّهُ وَيَرْضَاهُ، وَهُوَ السَّمِيعُ البَصِيرُ، الرَّحِيمُ الغَفُورُ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

جَمَعَهُ الفَقِيرُ إِلَى عَفْوِ رَبِّهِ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: