മത് ന്‍:
السُّؤَالُ الأَوَّلُ: إِذَا قِيلَ لَكَ: مَنْ رَبُّكَ؟
الجَوَابُ: فَقُلْ: رَبِّيَ اللَّهُ.
അര്‍ഥം:
ചോദ്യം 1 : “നിന്റെ റബ്ബ് ആരാണ്?” എന്ന് നിന്നോട് ചോദിക്കപ്പെട്ടാല്‍;
ഉത്തരം: എന്റെ റബ്ബ് അല്ലാഹുവാണ് എന്ന് നീ പറയുക.
ശര്‍ഹ്:
ചോദ്യോത്തര രീതിയിലാണ് ഈ ഗ്രന്ഥം ശൈഖ് മുഹമ്മദ് -رحمه الله- രചിച്ചിട്ടുള്ളത് എന്ന് പറയുകയുണ്ടായി. ഒന്നാമത്തെ ചോദ്യമാണ് മേലെ നല്‍കിയിട്ടുള്ളത്. ഈ ചോദ്യം ചോദ്യങ്ങളില്‍ ഏറ്റവും പ്രസക്തവും ഗൗരവമുള്ളതുമാണ്. ‘നിന്റെ റബ്ബ് ആരാണ്’?
അതിനുള്ള ഉത്തരമാകട്ടെ, ഉത്തരങ്ങളില്‍ ഏറ്റവും മനോഹരവും, പരിപൂര്‍ണവുമായ ഉത്തരമാണ്. ‘എന്റെ റബ്ബ് അല്ലാഹുവാണ്!’.
ഈ ചോദ്യത്തിന് ശരിയായി ഉത്തരം പറയുന്നവന്‍ -‘എന്റെ റബ്ബ് അല്ലാഹുവാണ്’ എന്ന് പറയുന്നവന്‍- ലോകത്തിലേറ്റവും വലിയ ശരി പറഞ്ഞവനാണെന്നതില്‍ സംശയമില്ല; ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞതില്‍ പിഴവ് സംഭവിച്ചവന്‍ -ദുനിയാവിലെ ഏതെല്ലാം പരീക്ഷകളില്‍ ജയിച്ചാലും- ഏറ്റവും വലിയ പരാജിതനും, നഷ്ടക്കാരനുമായിരിക്കുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം അറിയാത്തവന്‍ -അഹോ! അവന്റെ കാര്യമെന്തു കഷ്ടം!- ഏറ്റവും വലിയ വിഡ്ഢിയും മൂഡ്ഢനുമായിരിക്കുന്നു.
മരിക്കുന്നതിന് മുന്‍പും ശേഷവുമെല്ലാം ഈ ചോദ്യത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല. ഈ ചോദ്യത്തിന് പ്രൗഢമായി ഉത്തരം നല്‍കിയവര്‍ അല്ലാഹുവിന്റെ റസൂലുകളും അവരെ പിന്‍പറ്റിയവരുമായിരുന്നു. മരണ ശേഷം ഖബറില്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നവരാണ് ഖബറിലെ ജീവിതത്തില്‍ സമാധാനം രുചിക്കുക എന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്. ഖബര്‍ ജീവിതത്തിന് ശേഷം വരാനിരിക്കുന്ന പരലോക ജീവിതത്തിലും ഭയവും പേടിയും ഒഴിവാകുന്നത് ഇവര്‍ക്ക് തന്നെ.
നബിമാര്‍ ഈ ചോദ്യത്തെ നേരിട്ട രൂപം ഖുര്‍ആനില്‍ പലയിടത്തുമുണ്ട്.
ഫിര്‍ഔനിന്റെ ചോദ്യവും, അതിനുള്ള മൂസ -عليه السلام- യുടെ ഉത്തരവും നാം മുന്‍പും സൂചിപ്പിക്കുകയുണ്ടായി.
(( قَالَ فَمَنْ رَبُّكُمَا يَامُوسَى (49) قَالَ رَبُّنَا الَّذِي أَعْطَى كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَى ))
“ഫിര്‍ഔന്‍ ചോദിച്ചു: നിങ്ങളുടെ രണ്ടു പേരുടെയും റബ്ബ് ആരാണ് മൂസ?” മൂസ പറഞ്ഞു: “ഞങ്ങളുടെ റബ്ബ് എല്ലാത്തിനും അതിന്റെ പ്രകൃതം നല്‍കുകയും, ശേഷം (അവക്ക്) വഴികാണിക്കുകയും ചെയ്തവനാണ്.” (ത്വാഹ: 49-50)
നിഷേധികളായ സമൂഹം ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ റസൂലുകള്‍ അവര്‍ക്ക് നല്‍കിയ മറുപടി അല്ലാഹു ഇപ്രകാരം ഓര്‍മ്മപ്പെടുത്തി.
(( جَاءَتْهُمْ رُسُلُهُمْ بِالْبَيِّنَاتِ فَرَدُّوا أَيْدِيَهُمْ فِي أَفْوَاهِهِمْ وَقَالُوا إِنَّا كَفَرْنَا بِمَا أُرْسِلْتُمْ بِهِ وَإِنَّا لَفِي شَكٍّ مِمَّا تَدْعُونَنَا إِلَيْهِ مُرِيبٍ (9) قَالَتْ رُسُلُهُمْ أَفِي اللَّهِ شَكٌّ فَاطِرِ السَّمَاوَاتِ وَالْأَرْضِ ))
“നമ്മുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെന്നു. അപ്പോള്‍ അവര്‍ തങ്ങളുടെ കൈകള്‍ വായിലേക്ക് മടക്കിക്കൊണ്ട്, നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ, അതില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെപ്പറ്റി ഞങ്ങള്‍ അവിശ്വാസജനകമായ സംശയത്തിലാണ് എന്ന് പറയുകയാണ് ചെയ്തത്. അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്‍മാര്‍ പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ കാര്യത്തിലാണോ സംശയമുള്ളത്?” (ഇബ്രാഹീം: 9-10)
അല്ലാഹുവിനെ മറന്നു പോവുകയും, വിഗ്രഹങ്ങളെയും സൂര്യ-ചന്ദ്ര-നക്ഷത്രാദികളെയും ആരാധിക്കുകയും ചെയ്ത തന്റെ സമൂഹത്തിന് തന്റെ റബ്ബ് ആരാണെന്ന് പരിചയപ്പെടുത്തി നല്‍കിയ ഇബ്രാഹീം നബി-عليه السلام-യുടെ മറുപടി നോക്കൂ:
(( قَالَ أَفَرَأَيْتُمْ مَا كُنْتُمْ تَعْبُدُونَ (75) أَنْتُمْ وَآبَاؤُكُمُ الْأَقْدَمُونَ (76) فَإِنَّهُمْ عَدُوٌّ لِي إِلَّا رَبَّ الْعَالَمِينَ (77) الَّذِي خَلَقَنِي فَهُوَ يَهْدِينِ (78) وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ (79) وَإِذَا مَرِضْتُ فَهُوَ يَشْفِينِ (80) وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ (81) وَالَّذِي أَطْمَعُ أَنْ يَغْفِرَ لِي خَطِيئَتِي يَوْمَ الدِّينِ ))
“ഇബ്രാഹീം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കളും. എന്നാല്‍ അവര്‍ (ദൈവങ്ങള്‍) എന്റെ ശത്രുക്കളാകുന്നു. ലോകങ്ങളുടെ റബ്ബ് (-അല്ലാഹു-) ഒഴികെ. എന്നെ സൃഷ്ടിച്ചവന്‍; എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍. എനിക്ക് ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍. എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്. എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവന്‍. പ്രതിഫലത്തിന്റെ നാളില്‍ ഏതൊരുവന്‍ എന്റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ അവന്‍.” (ശുഅറാഅ്: 75-82)
‘എന്റെ റബ്ബ് അല്ലാഹുവാണ്’ എന്ന ഉത്തരം ലളിതമായ കേവലമൊരുത്തരമല്ല. നബിമാര്‍ മര്‍ദ്ധിക്കപ്പെട്ടത് ഈ ഉത്തരത്തിന്റെ പേരിലാണ്.
മൂസ -عليه السلام- ഫിര്‍ഔനിനോട് ഈ ഉത്തരം നല്‍കിയപ്പോള്‍ പീഢനങ്ങളെത്ര അതിന്റെ പേരില്‍ -ആ ഒരു ഉത്തരത്തിന്റെ പേരില്‍ മാത്രം- നേരിട്ടു. അദ്ദേഹത്തിന്റെ സമൂഹത്തില്‍ രഹസ്യമായി ഈമാന്‍ സൂക്ഷിച്ചിരുന്ന ഒരു വ്യക്തിയുടെ വാക്കുകളില്‍ നിന്ന് അക്കാര്യം നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
(( وَقَالَ رَجُلٌ مُؤْمِنٌ مِنْ آلِ فِرْعَوْنَ يَكْتُمُ إِيمَانَهُ أَتَقْتُلُونَ رَجُلًا أَنْ يَقُولَ رَبِّيَ اللَّهُ وَقَدْ جَاءَكُمْ بِالْبَيِّنَاتِ مِنْ رَبِّكُمْ ))
“ഫിര്‍ഔന്റെ ആള്‍ക്കാരില്‍പ്പെട്ട -തന്റെ ഈമാന്‍ മറച്ചു വെച്ചുകൊണ്ടിരുന്ന- ഒരു മുഅ്മിനായ മനുഷ്യന്‍ പറഞ്ഞു: ‘എന്റെ റബ്ബ് അല്ലാഹുവാണ്’ എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടു വന്നിട്ടുണ്ട്.” (ഗാഫിര്‍: 28)
നബി -ﷺ- നേരിട്ട എണ്ണമില്ലാത്ത പ്രയാസങ്ങളുടെ കാരണവും അതു തന്നെ.
عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: رَأَيْتُ عُقْبَةَ بْنَ أَبِي مُعَيْطٍ، جَاءَ إِلَى النَّبِيِّ -ﷺ- وَهُوَ يُصَلِّي، فَوَضَعَ رِدَاءَهُ فِي عُنُقِهِ فَخَنَقَهُ بِهِ خَنْقًا شَدِيدًا، فَجَاءَ أَبُو بَكْرٍ حَتَّى دَفَعَهُ عَنْهُ، فَقَالَ: «أَتَقْتُلُونَ رَجُلًا أَنْ يَقُولَ رَبِّيَ اللَّهُ، وَقَدْ جَاءَكُمْ بِالْبَيِّنَاتِ مِنْ رَبِّكُمْ»
അബ്ദുല്ലാഹി ബ്നു അംര്‍ പറഞ്ഞു: “ഉഖ്ബതു ബ്നു അബീ മുഅയ്ത്വ് നബി -ﷺ- യുടെ അടുക്കല്‍ (ഒരിക്കല്‍) വരികയും, തന്റെ മേല്‍മുണ്ട് റസൂല്‍ -ﷺ- യുടെ കഴുത്തില്‍ കുടുക്കി ശക്തിയായി ഞെരുക്കുകയും ചെയ്തു. അപ്പോള്‍ അബൂബക്കര്‍ അവിടെ വരികയും, അയാളെ തടയുകയും ചെയ്തു; എന്നിട്ടദ്ദേഹം പറഞ്ഞു:
«أَتَقْتُلُونَ رَجُلًا أَنْ يَقُولَ رَبِّيَ اللَّهُ، وَقَدْ جَاءَكُمْ بِالْبَيِّنَاتِ مِنْ رَبِّكُمْ»
“എന്റെ റബ്ബ് അല്ലാഹുവാണ്’ എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടു വന്നിട്ടുണ്ട്.” (ബുഖാരി: 3678)
മക്കയിലെ മുശ്രിക്കുകള്‍ മുഹമ്മദ് റസൂലുല്ലയെയും -ﷺ-, അവിടുത്തെ സ്വഹാബികളെയും കണക്കില്ലാതെ ഉപദ്രവിച്ചതിനും കാരണം ഈ ഉത്തരം തന്നെയായിരുന്നു.
(( أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا وَإِنَّ اللَّهَ عَلَى نَصْرِهِمْ لَقَدِيرٌ (39) الَّذِينَ أُخْرِجُوا مِنْ دِيَارِهِمْ بِغَيْرِ حَقٍّ إِلَّا أَنْ يَقُولُوا رَبُّنَا اللَّهُ ))
“യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍.” (ഹജ്ജ്: 39-40)
ഏറ്റവും നല്ല സ്വഭാവത്തിന്റെയും, എല്ലാ നന്മകളുടെയും ഉടമകളായിരുന്ന നബി -ﷺ- യിലും അവിടുത്തെ അനുചരന്മാരിലും ഇതല്ലാതെ മറ്റൊരു കാര്യവും അവര്‍ക്ക് കുറ്റമായി പറയാനില്ലായിരുന്നു.
അല്ലാഹു -تعالى- പറഞ്ഞു:
(( وَمَا نَقَمُوا مِنْهُمْ إِلَّا أَنْ يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ ))
“അസീസും’ [note] പ്രതാപത്തിന്റെ (ഇസ്സത്ത്) എല്ലാ അര്‍ഥതലങ്ങളും യോജിച്ചവനാണ് ‘അസീസ്’. അടിസ്ഥാനപരമായി മൂന്ന് കാര്യങ്ങളിലേക്കാണ് ഈ പദത്തിന്റെ അര്‍ഥങ്ങള്‍ മടങ്ങുന്നത്. 1- ശക്തിയുടെ പ്രതാപം. സൃഷ്ടികള്‍ക്ക് ഒരാള്‍ക്കും അവരുടെ ശക്തി എത്ര മാത്രം വളര്‍ന്നാലും എത്തിച്ചേരാന്‍ കഴിയാത്തത്ര മാത്രം ശക്തനാണ് അല്ലാഹു. 2- ധന്യതയുടെ പ്രതാപം. അല്ലാഹുവിന് ആരുടെയും സഹായം ആവശ്യമില്ല. അടിമകള്‍ക്ക് അവനെ യാതൊരു ഉപദ്രവവും ഏല്‍പ്പിക്കാന്‍ സാധിക്കുകയുമില്ല. അവന് ഉപകാരമെത്തിക്കാനും അടിമകള്‍ അശക്തരാണ്. 3- എല്ലാ സൃഷ്ടികളും അവന് കീഴൊതുങ്ങിയിരിക്കുന്നു എന്നതിലെ പ്രതാപം. അല്ലാഹുവിന്റെ മുന്നില്‍ കീഴൊതൊക്കപ്പെട്ടവരും, അവന്റെ തീരുമാനത്തിന് വിധേയരുമാണ് അവര്‍. അവന്റെ അനുമതിയും സഹായവുമില്ലാതെ ഒരാള്‍ക്കും ചലിക്കാനോ, ഇടപെടലുകള്‍ നടത്താനോ കഴിയില്ല. അല്ലാഹു ഉദ്ദേശിച്ചത് ഉണ്ടാകും; അവന്‍ ഉദ്ദേശിക്കാത്തതൊന്നും ഉണ്ടാവുകയുമില്ല. (ഫിഖ്ഹു അസ്മാഇല്ലാഹ്: 246-247) [/note] ‘ഹമീദു’മായ [note] എല്ലാ സ്തുതികളും അവകാശപ്പെട്ടവനും, തന്റെ അസ്തിത്വത്തിലും നാമങ്ങളിലും വിശേഷണങ്ങളിലും സ്തുത്യര്‍ഹനുമായവന്‍ എന്നാണ് അര്‍ഥം. ഏറ്റവും നല്ല നാമങ്ങള്‍ അവനുള്ളത്; ഏറ്റവും പരിപൂര്‍ണമായ വിശേഷണങ്ങള്‍ അവന്‍റേതു മാത്രം.” (ഫിഖ്ഹു അസ്മാഇല്ലാ: 199) [/note] അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (മുഅ്മിനുകളുടെ) മേല്‍ അവര്‍ (മര്‍ദ്ദകര്‍) ചുമത്തിയ കുറ്റം.” (ബുറൂജ്: 8)
നമ്മള്‍; മുസ്‌ലിംകള്‍ ദൃഢമായി മനസ്സിലാക്കേണ്ട കാര്യങ്ങളില്‍ ഒന്നാണിത്. അല്ലാഹുവാണ് എന്റെ റബ്ബ്; അവനല്ലാത്ത ആരാധ്യവസ്തുക്കളൊന്നും തന്നെ -അവയെ ആരാധിക്കുവാന്‍ എത്ര പേരുണ്ടായാലും ഇല്ലെങ്കിലും- എന്റെ റബ്ബ് ആകാന്‍ അര്‍ഹനല്ലെന്ന ഈ മറുപടി നമ്മുടെ മനസ്സില്‍ കൊത്തിവെക്കെപ്പെടേണ്ടതാണ്.
നമ്മുടെ മുന്‍ഗാമികള്‍ -നബിമാരും ഔലിയാക്കന്മാരും സ്വാലിഹീങ്ങളുമെല്ലാം- മര്‍ദ്ധനങ്ങളും പീഢനങ്ങളുമെല്ലാം ഏറ്റു വാങ്ങിയത് ഇക്കാര്യം തുറന്നു പ്രഖ്യാപിക്കുകയും അതിനെതിരിലുള്ള ആശയസിദ്ധാന്തങ്ങളെ നഖശിഖാന്തം എതിര്‍ത്തതിനാലുമാണ്. ഈ മാര്‍ഗത്തില്‍ നിന്ന് മരണം വരിക്കേണ്ടി വന്നാലും പിന്നോട്ട് പോകില്ലെന്ന ഉറച്ച ബോധ്യം നമ്മുടെയും നമ്മുടെ മക്കളുടെയും മനസ്സില്‍ രൂഢമൂലമാക്കേണ്ടതുണ്ട്.
ദുനിയാവിലും ഖബറിലും പരലോകത്തുമെല്ലാം ഈ ഉത്തരം അനേകം ഫലങ്ങള്‍ നല്‍കുന്നതും, മനസ്സിലെ ഭയവും പേടിയും നീക്കിക്കളയുന്നതുമാണെന്ന് നാം പറഞ്ഞു. ദുനിയാവില്‍ അമ്പിയാക്കന്മാരും സ്വാലിഹീങ്ങളും ഈ മറുപടി പറയുകയും, അതിന്റെ പേരില്‍ പീഢനങ്ങള്‍ അനുഭവിക്കുകയും ചെയ്തതിനെ കുറിച്ചും നാം വായിച്ചു.
ഇനി ഖബറിലാകട്ടെ; മനുഷ്യന് രക്ഷപ്പെടണമെങ്കിലുള്ള ഒന്നാമത്തെ കടമ്പ ഈ ചോദ്യത്തിന് ശരിയുത്തരം നല്‍കലാണ്.
عَنِ الْبَرَاءِ بْنِ عَازِبٍ، عَنِ النَّبِيِّ -ﷺ- قَالَ: «يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ» قَالَ: «نَزَلَتْ فِي عَذَابِ الْقَبْرِ، فَيُقَالُ لَهُ: مَنْ رَبُّكَ؟ فَيَقُولُ: رَبِّيَ اللَّهُ …»
ബറാഅ് ബ്നു ആസിബ് -رضي الله عنه- നിവേദനം: നബി -ﷺ- പറഞ്ഞു:
«يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ»
“ഈമാനുള്ളവരെ അല്ലാഹു ഉറപ്പിച്ചു നിര്‍ത്തുന്ന വാക്ക് കൊണ്ട് സ്ഥൈര്യം നല്‍കും” (ഇബ്രാഹീം: 27) എന്ന ആയത്തിനെ കുറിച്ച് നബി -ﷺ- പറഞ്ഞു: “ഈ ആയത് ഖബര്‍ ശിക്ഷയുടെ വിഷയത്തിലാണ് അവതരിക്കപ്പെട്ടത്. (ഒരു മനുഷ്യന്‍ ഖബറില്‍ വെക്കപ്പെട്ടാല്‍) അവനോട് ചോദിക്കപ്പെടും: “നിന്റെ റബ്ബാരാണ്?” അപ്പോള്‍ അവന്‍ പറയും: “എന്റെ റബ്ബ് അല്ലാഹുവാണ്.” (മുസ്‌ലിം: 2871)
ഖബറില്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഒരു കാഫിറിന് -അമുസ്‌ലിമിന്- സാധിക്കുകയില്ല.
قَالَ -ﷺ-: «وَإِنَّ الْكَافِرَ … تُعَادُ رُوحُهُ فِى جَسَدِهِ وَيَأْتِيهِ مَلَكَانِ فَيُجْلِسَانِهِ فَيَقُولاَنِ: مَنْ رَبُّكَ فَيَقُولُ: هَاهْ هَاهْ هَاهْ لاَ أَدْرِى»
നബി -ﷺ- പറഞ്ഞു: “കാഫിറിനെ ഖബറില്‍ വെച്ചു കഴിഞ്ഞാല്‍ അവന്റെ ആത്മാവ് ശരീരത്തിലേക്ക് മടക്കപ്പെടും; അവന്റെ അരികില്‍ രണ്ട് മലക്കുകള്‍ വരികയും അവനെ എഴുന്നേല്‍പ്പിച്ച് ഇരുത്തുകയും ചെയ്യും. എന്നിട്ട് അവര്‍ രണ്ടു പേരും ചോദിക്കും: നിന്റെ റബ്ബ് ആരാണ്? അപ്പോള്‍ അവന്‍ പറയും: “ഹാഹ്! ഹാഹ്! എനിക്കറിയില്ല.” (അബൂദാവൂദ്: 4755)
‘തങ്ങളുടെ റബ്ബ് അല്ലാഹുവാണ്’ എന്ന് പ്രഖ്യാപിച്ചവര്‍ക്കാണ് പരലോകത്തും രക്ഷയുള്ളത് എന്ന കാര്യം അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഊന്നിയൂന്നി പറഞ്ഞിട്ടുണ്ട്.
(( إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنْتُمْ تُوعَدُونَ (30) نَحْنُ أَوْلِيَاؤُكُمْ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ وَلَكُمْ فِيهَا مَا تَشْتَهِي أَنْفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ (31) نُزُلًا مِنْ غَفُورٍ رَحِيمٍ ))
“ഞങ്ങളുടെ റബ്ബ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക. ഐഹികജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങള്‍ക്കവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും. ‘ഗഫൂറും’ [note] പാപമോചനം നല്‍കുന്നവന്‍ എന്നാണ് ഗഫൂര്‍ എന്നതിന്റെ അര്‍ഥം. പാപങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചു വെച്ചു കൊണ്ട് അത് പൊറുത്തു കൊടുക്കുന്നവന്‍ എന്നാണ് അത് കൊണ്ടുള്ള ഉദ്ദേശം. (ഫിഖ്ഹു അസ്മാഇല്ലാഹ്: 83-84) [/note] ‘റഹീമു’മായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത്.” (ഫുസ്സ്വിലത്: 30-32)
അല്ലാഹു -تعالى- പറഞ്ഞു:
(( إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (13) أُولَئِكَ أَصْحَابُ الْجَنَّةِ خَالِدِينَ فِيهَا جَزَاءً بِمَا كَانُوا يَعْمَلُونَ ))
“ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്.” (അഹ്ഖാഫ്: 13-14)
ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ ആദ്യത്തെ ചോദ്യമായി ഈ ചോദ്യവും ഉത്തരവും നല്‍കിയത് ശൈഖ് മുഹമ്മദ് -رحمه الله- യുടെ വിജ്ഞാനത്തിന്റെ തെളിവാണ്. കാരണം ഒരു മനുഷ്യന്‍ ആദ്യം അറിയേണ്ട ചോദ്യവും ഉത്തരവും ഇതാണെന്നതില്‍ സംശയമില്ല. അവന്‍ ഖബറില്‍ ചോദിക്കപ്പെടുന്ന ചോദ്യങ്ങളില്‍ ഒന്നാമത്തേതും അതു തന്നെ.
ഇക്കാരണം കൊണ്ട് തന്നെയാണ് നബി -ﷺ- മുആദ് -رضي الله عنه- വിനെ യമനിലേക്ക് പറഞ്ഞയച്ചപ്പോള്‍ ആദ്യം അവര്‍ക്ക് അല്ലാഹുവിനെ കുറിച്ച് പഠിപ്പിച്ചു നല്‍കണമെന്ന് പറഞ്ഞത്.
عَنِ ابْنِ عَبَّاسٍ -رَضِيَ اللَّهُ عَنْهُمَا-: [أَنَّ رَسُولَ اللَّهِ -ﷺ- لَمَّا بَعَثَ مُعَاذاً إِلَى اليَمَنِ قَالَ]: «إِنَّكَ تَأْتِي قَوْمًا مِنْ أَهْلِ الْكِتَابِ، فَادْعُهُمْ إِلَى شَهَادَةِ أَنَّ لَا إِلَهَ إِلَّا اللَّهُ وَأَنِّي رَسُولُ اللَّهِ، فَإِنْ هُمْ أَطَاعُوا لِذَلِكَ، فَأَعْلِمْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي كُلِّ يَوْمٍ وَلَيْلَةٍ …»
ഇബ്‌നു അബ്ബാസ് പറഞ്ഞു: (നബി -ﷺ- മുആദ് -رضي الله عنه- വിനെ യമനിലേക്ക് (ഇസ്‌ലാമിക പ്രബോധനത്തിനായി) പറഞ്ഞയച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു:) “അഹ്ലുല്‍ കിതാബുകാരായ (യഹൂദ-നസ്വ്റാനികള്‍) ഒരു സമൂഹത്തിന്റെ അരികിലേക്കാണ് നീ പോകുന്നത്. അത് കൊണ്ട് ‘ലാ ഇലാഹ ഇല്ലല്ലാഹ്; മുഹമ്മദുന്‍ റസൂലുല്ലാഹ്’ എന്നതിലേക്ക് നീ അവരെ ക്ഷണിക്കുക. അത് അവര്‍ അനുസരിച്ചാല്‍; എല്ലാ (ദിവസവും) രാവിലെയും രാത്രിയുമായി അഞ്ചു നേരത്തെ സ്വലാത് അല്ലാഹു അവര്‍ക്ക് മേല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കുക.” (മുസ്‌ലിം: 19)
മറ്റു ചില രിവായത്തുകളില്‍ (നിവേദനങ്ങള്‍) നബി -ﷺ- പറഞ്ഞതായി കാണാം:
«فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَيْهِ عِبَادَةُ اللَّهِ، فَإِذَا عَرَفُوا اللَّهَ، فَأَخْبِرْهُمْ …»
“നീ അവരെ ആദ്യം ക്ഷണിക്കുന്നത് അല്ലാഹുവിനുള്ള ഇബാദത്തിലേക്കാകട്ടെ. അവര്‍ അല്ലാഹുവിനെ അറിഞ്ഞാല്‍, പിന്നീട് അവരെ അറിയിക്കുക …” (ബുഖാരി: 1458, മുസ്‌ലിം: 19)
ചുരുക്കത്തില്‍; ഈ ചോദ്യവും ഉത്തരവും നമ്മുടെയും നമ്മുടെ മക്കളുടെയും മനസ്സില്‍ ഊട്ടിയുറപ്പിക്കപ്പെടേണ്ടതുണ്ട്. ഇസ്‌ലാമിന്റെ ആദ്യത്തെ പടികളിലൊന്നാണത്; അതിന്റെ അടിത്തറകളില്‍ ഏറ്റവും ഭദ്രമായി സൂക്ഷിക്കപ്പെടേണ്ടതും, പരിചരിക്കപ്പെടേണ്ടതുമായ അടിസ്ഥാനം.
‘എന്റെ റബ്ബ് അല്ലാഹുവാണ്’ എന്ന ഉത്തരത്തിനുള്ള ഗൗരവവും പ്രാധാന്യവും മനസ്സിലായി. മുഅ്മിനീങ്ങളും മുവഹ്ഹിദീങ്ങളുമാണ് ഈ ഉത്തരം നല്‍കുന്നവര്‍ എന്നും മനസ്സിലായി. എന്നാല്‍ ഖുര്‍ആനിലെ തന്നെ ചില ആയതുകളില്‍ അല്ലാഹു എല്ലാവരുടെയും റബ്ബാണെന്നും, ലോകങ്ങളുടെ റബ്ബാണെന്നും വന്നിട്ടുണ്ടല്ലോ; അപ്പോള്‍ എങ്ങനെയാണ് അല്ലാഹു എന്റെ റബ്ബാണ് എന്ന് പറയാന്‍ കഴിയുക എന്ന് ചിലര്‍ ചോദിച്ചേക്കാം.
ഇല്യാസ് -عليه السلام- തന്റെ സമൂഹത്തോട് ഇപ്രകാരം പറഞ്ഞതായി അല്ലാഹു അറിയിച്ചിട്ടുണ്ട്:
(( اللَّهَ رَبَّكُمْ وَرَبَّ آبَائِكُمُ الْأَوَّلِينَ ))
“അഥവാ നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെയും റബ്ബായ അല്ലാഹുവെ.” (സ്വാഫാത്: 126)
അല്ലാഹു -تعالى- പറഞ്ഞു:
(( يَاأَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ))
“ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ റബ്ബിനെ നിങ്ങള്‍ ആരാധിക്കുവിന്‍.” (ബഖറ: 21)
അല്ലാഹു -تعالى- പറഞ്ഞു:
(( رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ هَلْ تَعْلَمُ لَهُ سَمِيًّا ))
“ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക.” (മര്‍യം: 65)
മേല്‍ കൊടുത്ത ആയതുകളില്‍ മുഅ്മിനീങ്ങളുടെ മാത്രം റബ്ബ് എന്നല്ല; എല്ലാവരുടെയും -കാഫിറിന്റെയും മുഅ്മിനിന്റെയുമെല്ലാം- റബ്ബ് എന്ന ആശയമാണ് കാണാന്‍ കഴിയുന്നത്. എന്താണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം?
അല്ലാഹു -تعالى- റബ്ബാണെന്ന് പറയുമ്പോള്‍, അതിന് പൊതുവായതും പ്രത്യേകമായതുമായ രണ്ട് വിവക്ഷകളുണ്ട്.
പൊതുവായ വിവക്ഷയില്‍; അല്ലാഹു എല്ലാവരുടെയും റബ്ബ് ആണെന്ന് പറയുമ്പോള്‍ അത് കൊണ്ട് ഉദ്ദേശിക്കുന്നത് അവനാണ് എല്ലാവരെയും സൃഷ്ടിക്കുകയും, അവര്‍ക്കെല്ലാം ഉപജീവനം നല്‍കുകയും, അവര്‍ക്ക് ആവശ്യമായതെല്ലാം ഒരുക്കി വെക്കുകയും ചെയ്തവന്‍ എന്നാണ്.
എന്നാല്‍ പ്രത്യേകമായ വിവക്ഷ -അല്ലാഹു മുഅ്മിനീങ്ങളുടെ റബ്ബാണ്- എന്ന് പറയുമ്പോഴാകട്ടെ, അത് കൊണ്ട് ഉദ്ദേശിക്കുന്നത് അവന്‍ തന്റെ ഔലിയാക്കന്മാര്‍ക്ക് -അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ക്ക്- മാത്രം പ്രത്യേകമായി നല്‍കുന്ന തര്‍ബിയ്യത്താണ് (വളര്‍ത്തല്‍). അവനാണ് ഈമാനിന്റെ വഴിയില്‍ അവരെ വളര്‍ത്തിക്കൊണ്ട് വരികയും, അതിലേക്ക് അവരെ വഴിനയിക്കുകയും, ആ മാര്‍ഗത്തിലുള്ള തടസ്സങ്ങള്‍ നീക്കിക്കൊടുക്കുകയും ചെയ്തവന്‍.
ഈ അര്‍ഥം ഉള്‍ക്കൊണ്ടു കൊണ്ടാണ് ‘എന്റെ റബ്ബ് അല്ലാഹുവാണ്’ എന്ന് നമ്മള്‍ പറയുന്നത്. നബിമാര്‍ ഈ അര്‍ഥത്തിലാണ് ‘റബ്ബ്’ എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. അവരുടെ ദുആകളില്‍ കൂടുതലായി ‘റബ്ബനാ; ഞങ്ങളുടെ റബ്ബേ’ എന്ന പദം കടന്നു വന്നതിനു പിന്നിലുള്ള രഹസ്യം അതാണ്.
അല്ലാഹു ദുനിയാവിലും ബര്‍സഖിലും ആഖിറത്തിലും സംശയലേശമന്യേ ‘എന്റെ റബ്ബ് അല്ലാഹുവാണ്’ എന്ന് പ്രഖ്യാപിക്കുന്നവരായി എന്നെയും നിങ്ങളെയും മാറ്റട്ടെ.
ആമീന്‍!
وَكُلُّ مَا فِي هَذِهِ الرِّسَالَةِ مِنَ الصَّوَابِ فَمِنَ اللَّهِ وَحْدَهُ، وَمَا فِيهِ مِنَ الأَخْطَاءِ وَالزَّلَّاتِ فَمِنِّي وَمِنَ الشَّيْطَانِ، فَأَرْجُو مِمَّنْ وَجَدَ شَيْئًا مِنْهَا التَّنْبِيهَ وَالنَّصِيحَةَ، وَلَهُ مِنِّي خَالِصُ الدُّعَاءِ وَالشُّكْرِ.
وَاللَّهُ المُوَفِّقُ لِكُلِّ مَا يُحِبُّهُ وَيَرْضَاهُ، وَهُوَ السَّمِيعُ البَصِيرُ، الرَّحِيمُ الغَفُورُ.
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.
جَمَعَهُ الفَقِيرُ إِلَى عَفْوِ رَبِّهِ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ
-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-
വ ഇയ്യാക്
തിരുത്തിയിട്ടുണ്ട്. ജസാകുമുല്ലാഹു ഖൈര്‍.
അല്ലാഹു മുസ്ലിങ്ങളുടെതു മാത്രമോ എന്ന തല വചകത്തിനു കീഴിൽ ‘സൂറത് സ്വാഫാത് 126 ‘ ആയത് മൂസ عليه السلام ഉം ഹാറൂൻ عليه السلام പറഞ്ഞതാണ് എന്നു കൊടുത്തിരിക്കുന്നു.
അതു ഇല്യാസ് നബി عليه السلام പറഞ്ഞതല്ലേ…..