ശുദ്ധീകരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന അനേകം തെളിവുകൾ വിശുദ്ധ ഖുർആനിലും ഹദീഥിലും കണ്ടെത്താൻ കഴിയും. ഹൃദയവും ശരീരവും സർവ്വ മാലിന്യങ്ങളിൽ നിന്നും ശുദ്ധീകരിക്കാനും, ഏറ്റവും ഉത്തമവും പരിശുദ്ധവുമായത് സ്വീകരിക്കാനും സഹായിക്കുന്ന ദീനിന്റെ നിർദേശങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുക സാധ്യമല്ല.

ശുദ്ധീകരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന മൂന്ന് വിഷയങ്ങൾ താഴെ പറയാം.

1- ഇസ്‌ലാം ശുദ്ധീകരണത്തിന് നൽകിയ ഗൗരവവും പരിഗണനയും.

ഇസ്‌ലാമിക പ്രബോധനത്തിന്റെ ആരംഭത്തിൽ നബി -ﷺ- ക്ക് അല്ലാഹു നൽകിയ കൽപ്പനയിൽ തന്നെ ശുദ്ധീകരണത്തിന്റെ പ്രാധാന്യം എടുത്തു പറയപ്പെട്ടതായി കാണാം. നബി -ﷺ- ക്ക് രണ്ടാമത് അവതരിപ്പിക്കപ്പെട്ട സൂറതിന്റെ ആരംഭത്തിൽ അല്ലാഹു പറയുന്നു:

وَثِيَابَكَ فَطَهِّرْ ﴿٤﴾

“നിന്റെ വസ്ത്രം മാലിന്യങ്ങളിൽ നിന്ന് ശുദ്ധീകരിക്കുക; കാരണം ഹൃദയത്തിന്റെ പരിശുദ്ധി പൂർണ്ണമാവുക ബാഹ്യമായ ശുദ്ധി കൂടി ചേരുമ്പോഴാണ്” എന്നാണ് നബി -ﷺ- യോട് അല്ലാഹു കൽപ്പിക്കുന്നത്. (തഫ്സീറുൽ മുയസ്സർ)

“നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുക!” (മുദ്ദഥ്ഥിർ: 4)

عَنْ أَبِي مَالِكٍ الْأَشْعَرِيِّ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «الطُّهُورُ شَطْرُ الْإِيمَانِ» [مسلم: 223]

അബൂ മാലിക് അൽ-അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ശുദ്ധീകരണം ഈമാനിന്റെ പകുതിയാണ്.” (മുസ്‌ലിം: 223)

ഇബ്‌നു റജബ് -رَحِمَهُ اللَّهُ- പറയുന്നു: “ഈ ഹദീഥിൽ പരാമർശിക്കപ്പെട്ട ശുദ്ധീകരണം എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് വെള്ളം കൊണ്ട് അശുദ്ധി നീക്കലാണ്; ബഹുഭൂരിപക്ഷവും പ്രസ്തുത അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്.” (ജാമിഉൽ ഉലൂം: 2/7)

2- അല്ലാഹു ശുദ്ധി സ്വീകരിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ ﴿٢٢٢﴾

“തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.” (ബഖറ: 222)

മുഫസ്സിറുകൾ പറഞ്ഞു: “മ്ലേഛതകളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും അകന്നു നിൽക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.” (തഫ്സീറുൽ മുയസ്സർ)

3- അല്ലാഹു ശുദ്ധി സ്വീകരിക്കുന്നവരെ പുകഴ്ത്തിയിരിക്കുന്നു.

لَّمَسْجِدٌ أُسِّسَ عَلَى التَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُوا ۚ وَاللَّـهُ يُحِبُّ الْمُطَّهِّرِينَ ﴿١٠٨﴾

“ആദ്യ ദിവസം തന്നെ ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്‌. ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.” (തൗബ: 108)

മദീനയിലെ മസ്ജിദു ഖുബാഅ് ആണ് ആയത്തിൽ പരാമർശിക്കപ്പെട്ട പള്ളി. “അങ്ങേയറ്റം സൂക്ഷ്മത പാലിച്ചു കൊണ്ടും അല്ലാഹുവിനോട് ധാരാളമായി പശ്ചാത്തപിച്ചു കൊണ്ടും തിന്മകളിൽ നിന്ന് സ്വന്തത്തെ ശുദ്ധീകരിക്കുന്നത് പോലെ, (ശരീരത്തിലും മറ്റുമുള്ള) മാലിന്യവും മ്ലേഛതകളും വെള്ളം കൊണ്ട് കഴുകി ശുദ്ധീകരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ആ മസ്ജിദിലുള്ളത്. അല്ലാഹു അങ്ങനെ ശുദ്ധി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” എന്നാണ് ആയത്തിന്റെ ഉദ്ദേശം. (തഫ്സീറുൽ മുയസ്സർ)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment