ശിര്‍ക് ഏറ്റവും ഗുരുതരമായ തിന്മയാണെന്ന് നാം മനസ്സിലാക്കി. എന്താണ് ശിര്‍ക് എന്ന് മനസ്സിലാക്കാതെ അതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയില്ല. ശിര്‍ക് എന്താണ്? പ്രസക്തമായ ചോദ്യമാണത്.
അല്ലാഹുവിന് മാത്രം പ്രത്യേകമായ കാര്യങ്ങളില്‍ അവന് പങ്കാളിയെ നിശ്ചയിക്കലാണ് ശിര്‍ക്. അല്ലാഹു സൃഷ്ടാവാണ്; മറ്റുള്ളവയെല്ലാം അവന്റെ സൃഷ്ടികള്‍ മാത്രം. അല്ലാഹുവിന് മാത്രം യോജിക്കുന്ന ചില കാര്യങ്ങളുണ്ട്. അവയില്‍ സൃഷ്ടികള്‍ക്ക് കൂടി പങ്കുണ്ടെന്ന് ആരെങ്കിലും വാദിച്ചാല്‍ അതാണ് ശിര്‍ക്.
അല്ലാഹുവിന് മാത്രം പ്രത്യേകമായ കാര്യങ്ങളെ മൂന്നായി തിരിക്കാം.
ഒന്ന്: റുബൂബിയ്യഃ.
അല്ലാഹുവാണ് എല്ലാത്തിന്റെയും റബ്ബ് (രക്ഷിതാവ്). അവനാണ് എല്ലാം സൃഷ്ടിച്ചത്. എല്ലാത്തിനെയും ഉടമപ്പെടുത്തിയവനും അവന് മാത്രം. എല്ലാ സൃഷ്ടികളെയും നിയന്ത്രിക്കുന്നവനും, അവര്‍ക്ക് ഉപകാരവും ഉപദ്രവവും ഉടമപ്പെടുത്തുന്നവനും, അവരെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനും അല്ലാഹു മാത്രമാണ്.
ഇങ്ങനെ അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാം അവന് ഏകനാണ്. അവയില്‍ ഒന്നും അവന് ഏതെങ്കിലും പങ്കാളിയോ സഹായിയോ ഇല്ല. ഇതാണ് റുബൂബിയ്യഃ.
അല്ലാഹു -تَعَالَى- പറഞ്ഞു:
أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ ﴿٥٤﴾
“അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ്. റബ്ബുല്‍ ആലമീന്‍ (ലോകങ്ങളുടെ രക്ഷിതാവ്) ആയ അല്ലാഹു അനുഗ്രഹ പൂര്‍ണ്ണനായിരിക്കുന്നു.” (അഅ്റാഫ്: 54)
സൃഷ്ടിപ്പ് അല്ലാഹുവിന്റെ മാത്രം പ്രത്യേകമാണ് എന്ന ഈ ആയത് വ്യക്തമാക്കുന്നു. അതോടൊപ്പം മതനിയമങ്ങളും കല്പ്പനകളും വിലക്കുകളും നിശ്ചയിക്കാനുള്ള അവകാശവും അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്.
അല്ലാഹു -تَعَالَى- പറഞ്ഞു:
وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٨٩﴾
“അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.” (ആലു ഇംറാന്‍: 189)
ഈ ആയതില്‍ നിന്ന് നിരുപാധികമായ അധികാരം അല്ലാഹുവിന് മാത്രമാണെന്ന് മനസ്സിലാക്കാം.
അല്ലാഹു മാത്രമാണ് എല്ലാം നിയന്ത്രിക്കുന്നതെന്നും, അതില്‍ അവന് ഒരു പങ്കുകാരനുമില്ലെന്നും വ്യക്തമാക്കി കൊണ്ട് അല്ലാഹു -تَعَالَى- പറഞ്ഞു:
يُدَبِّرُ الْأَمْرَ ۖ مَا مِن شَفِيعٍ إِلَّا مِن بَعْدِ إِذْنِهِ ۚ ذَٰلِكُمُ اللَّهُ رَبُّكُمْ فَاعْبُدُوهُ ۚ أَفَلَا تَذَكَّرُونَ ﴿٣﴾
“അവന് (അല്ലാഹു) കാര്യങ്ങള്‍ നിയന്ത്രിക്കുന്നു. അവനത്രെ നിങ്ങളുടെ റബ്ബായ അല്ലാഹു. അതിനാല്‍ അവനെ നിങ്ങള്‍ ഇബാദത് ചെയ്യുക. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?” (യൂനുസ്: 3)
അല്ലാഹു മാത്രമാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത് എന്ന് വ്യക്തമാക്കി കൊണ്ട് അല്ലാഹു -تَعَالَى- പറഞ്ഞു:
هُوَ الَّذِي يُحْيِي وَيُمِيتُ ۖ فَإِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ ﴿٦٨﴾
“അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്. ഒരു കാര്യം അവന് തീരുമാനിച്ചു കഴിഞ്ഞാല്‍ ഉണ്ടാകൂ എന്ന് അതിനോട് അവന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അത് ഉണ്ടാകുന്നു.” (ഗാഫിര്: 68)
അല്ലാഹുവാണ് ഉപകാരവും ഉപദ്രവവും ഉടമപ്പെടുത്തുന്നവന് എന്ന കാര്യം വിശദീകരിച്ചു കൊണ്ട് അല്ലാഹു -تَعَالَى- പറഞ്ഞു:
وَإِن يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ ۚ
“നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന് നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല.” (യൂനുസ്: 107)
രണ്ട്: ഉലൂഹിയ്യഃ.
ഇബാദതുകള്‍ സമര്പ്പിക്കപ്പെടാനും ആരാധിക്കപ്പെടാനും അര്‍ഹതയുള്ള ഇലാഹ് അല്ലാഹു മാത്രമാണ്. അവനല്ലാതെ മറ്റാരും ആരാധിക്കപ്പെടരുത്. അവന്റെ സൃഷ്ടികളില്‍ പെട്ട ഒരാള്‍ക്കും ഒരു ഇബാദതും സമര്‍പ്പിക്കപ്പെട്ടു കൂടാ. ഇതാണ് ഉലൂഹിയ്യഃ.
അല്ലാഹു -تَعَالَى- പറഞ്ഞു:
إِنَّنِي أَنَا اللَّهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي ﴿١٤﴾
“തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ഇലാഹ് (ആരാധ്യന്‍) ഇല്ല. അതിനാല്‍ എന്നെ നീ ഇബാദത് ചെയ്യുകയും, എന്നെ ഓര്‍മിക്കുന്നതിനായി നിസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.” (ത്വാഹ: 14)
وَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ ۖ لَّا إِلَـٰهَ إِلَّا هُوَ الرَّحْمَـٰنُ الرَّحِيمُ ﴿١٦٣﴾
“നിങ്ങളുടെ ഇലാഹ് ഏക ഇലാഹ് മാത്രമാകുന്നു. അവനല്ലാതെ യാതൊരു ഇലാഹുമില്ല. അവന് റഹ്മാനും (വിശാലമായ കാരുണ്യം ഉള്ളവന്) റഹീമും (അങ്ങേയറ്റം കാരുണ്യം ചെയ്യുന്നവന്) ആകുന്നു.” (ബഖറ: 163)
هُوَ الْحَيُّ لَا إِلَـٰهَ إِلَّا هُوَ فَادْعُوهُ مُخْلِصِينَ لَهُ الدِّينَ ۗ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ﴿٦٥﴾
“അവനാകുന്നു ഹയ്യ് (എന്നെന്നും ജീവിച്ചിരിക്കുന്നവന്). അവനല്ലാതെ യാതൊരു ഇലാഹുമില്ല. അതിനാല്‍ കീഴ്വണക്കം അവന് നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ത്ഥിക്കുക. റബ്ബുല്‍ ആലമീനായ (ലോകങ്ങളുടെ രക്ഷിതാവായ) അല്ലാഹുവിന്ന് സ്തുതി.” (ഗാഫിര്: 65)
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾
“നിന്നെ മാത്രം ഞങ്ങള്‍ ഞങ്ങള്‍ ഇബാദത് ചെയ്യുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.” (ഫാതിഹ: 5)
قُلْ إِنِّي أُمِرْتُ أَنْ أَعْبُدَ اللَّهَ مُخْلِصًا لَّهُ الدِّينَ ﴿١١﴾
“പറയുക: കീഴ്വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ ഇബാദത് ചെയ്യുവാനാണ് ഞാന്‍ കല്പിക്കപ്പെട്ടിട്ടുള്ളത്.” (സുമര്‍: 11)
മൂന്ന്: അസ്മാഉ വ സ്സ്വിഫാത്.
അല്ലാഹുവിന് ധാരാളം നാമങ്ങളും വിശേഷണങ്ങളും ഉണ്ട്; അവ അല്ലാഹുവിന് മാത്രം പ്രത്യേകമായതാണെന്നും മറ്റൊരു സൃഷ്ടിയും അവയില്‍ അല്ലാഹുവിനോട് സാദൃശ്യമുള്ളവരായി ഇല്ലെന്നും വിശ്വസിക്കുക. ഇതാണ് അസ്മാഉ വ സ്വിഫാതിലുള്ള വിശ്വാസം.
അല്ലാഹു -تَعَالَى- പറഞ്ഞു:
وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ ﴿١٨٠﴾
“അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്കപ്പെടും.” (അഅ്റാഫ്: 180)
അല്ലാഹു -تَعَالَى- യുടെ വിശേഷണങ്ങളില്‍ അവന് സാമ്യതയുള്ളവനോ സാദൃശ്യമുള്ളവനോ ഇല്ല.
അല്ലാഹു -تَعَالَى- പറഞ്ഞു:
لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ ﴿١١﴾
“അവന് തുല്യമായി യാതൊന്നുമില്ല. അവന് എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു.” (ശൂറ: 11)
അല്ലാഹുവിന് സാമ്യതയുള്ള ഒന്നുമില്ല എന്ന് പറഞ്ഞതിന് തൊട്ടു ശേഷം അല്ലാഹു എല്ലാം കേള്‍ക്കുന്ന സമീഉം, എല്ലാം കാണുന്ന ബസ്വീറുമാണെന്ന് അവന് ഓര്‍മ്മപ്പെടുത്തി. അതില്‍ വലിയൊരു പാഠമുണ്ട്. സൃഷ്ടികള്‍ക്കും കേള്‍വിയും കാഴ്ചയുമുണ്ട്. അല്ല! മിക്ക സൃഷ്ടികളും ഈ രണ്ട് കഴിവുകളും ഉള്ളവരാണ്. എന്നാല്‍ അവരെല്ലാം ഈ രണ്ട് കാര്യങ്ങളിലും വളരെ വലിയ വ്യത്യാസം വെച്ചു പുലര്‍ത്തുന്നവരാണ്.
പരുന്തിന്റെ കാഴ്ച മനുഷ്യനില്ല. മനുഷ്യന് കേള്‍ക്കുന്നത് പോലെയല്ല മറ്റു ചില ജീവികള്‍ കേള്‍ക്കുന്നത്. എന്തിനധികം?! മനുഷ്യര്‍ തന്നെ കാഴ്ചയിലും കേള്‍വിയിലും വളരെ വലിയ അന്തരം വെച്ചു പുലര്‍ത്തുന്നവരാണ്. സൃഷ്ടികള്‍ക്കിടയില്‍ തന്നെ ഇത്ര മാത്രം അന്തരം ഈ രണ്ടു കഴിവുകളിലും ഉണ്ടെങ്കില്‍ അവരെയെല്ലാം സൃഷ്ടിച്ചവനും നിയന്ത്രിക്കുന്നവനുമായ -രാജാധിരാജനായ അല്ലാഹുവിന്റെ- വിശേഷണങ്ങള്‍ അവയില്‍ നിന്നെല്ലാം എന്തു മാത്രം അന്തരമുള്ളതായിരിക്കും?!
ഈ വിശ്വാസം -അല്ലാഹുവിന് യോജിച്ച രൂപത്തില്‍ അവന് വിശേഷണങ്ങളും നാമങ്ങളുമുണ്ട്; അവയിലൊന്നും അവന് യാതൊരു പങ്കാളിയുമില്ല എന്ന വിശ്വാസം-; ഇതാണ് അസ്മാഉ വ സ്വിഫാത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ശിര്‍ക് വരുന്ന രൂപം:
മേല്‍ പറഞ്ഞ മൂന്ന് കാര്യങ്ങള്‍ -റുബൂബിയ്യ, ഉലൂഹിയ്യഃ, അസ്മാഉ വ സ്വിഫാത്-; ഇവയെല്ലാം അല്ലാഹുവിന് മാത്രം പ്രത്യേകമായ കാര്യങ്ങളാണ് എന്ന് തുടക്കത്തില്‍ പറഞ്ഞു കഴിഞ്ഞു. ഇവയില്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ അല്ലാഹുവിന് പങ്കാളിയുണ്ടെന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അവനില്‍ ശിര്‍ക് സംഭവിച്ചിരിക്കുന്നു.
അല്ലാഹുവിന് പുറമെ മറ്റൊരു സൃഷ്ടാവ് ഉണ്ടെന്നോ, അവന് പുറമെ ഉപകാരോപദ്രവങ്ങള്‍ ഉടമപ്പെടുത്തിയവന് ഉണ്ടെന്നോ ആരെങ്കിലും വിശ്വസിച്ചാല്‍ അത് റുബൂബിയ്യതിലെ ശിര്കായി. കാരണം അവന് അല്ലാഹുവിനെയും അവന്റെ സൃഷ്ടികളെയും സമപ്പെടുത്തിയിരിക്കുന്നു.
അല്ലാഹുവിന് പുറമെ ലോകത്തെ മുഴുവന്‍ സഹായിക്കുന്ന ഒരു ഗൌഥ് ഉണ്ടെന്ന് ചിലരുടെ വിശ്വാസം റുബൂബിയ്യതിലെ ശിര്കിന് ഉദാഹരണമാണ്. പ്രപഞ്ചത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ചില സ്വാലിഹീങ്ങളും ഔലിയാക്കളും ഉണ്ടെന്ന വിശ്വാസവും ഇതു പോലെ തന്നെ.
അല്ലാഹുവിന് പുറമെ ഇബാദത് ചെയ്യപ്പെടാവുന്ന ആരെങ്കിലും ഉണ്ടെന്ന വിശ്വാസം ഒരാള്‍ക്ക് ഉണ്ടായാല്‍ അത് ഉലൂഹിയ്യതിലെ ശിര്‍ക് ആകുന്നു. അല്ലാഹുവല്ലാത്തവര്‍ക്ക് ഏതെങ്കിലും ഒരു ഇബാദത് -പ്രാര്‍ത്ഥനയോ നേര്ച്ചയോ സുജൂദോ- സമര്‍പ്പിച്ചാലും അത് ഉലൂഹിയ്യതിലെ ശിര്‍ക് തന്നെ.
ഈ ശിര്‍ക് മുസ്ലിംകള് എന്ന് അവകാശപ്പെടുന്ന ചിലരില്‍ വരെ വ്യാപകമാണ്. ഉദാഹരണത്തിന് മരണപ്പെട്ടവരെ വിളിച്ചു പ്രാര്‍ഥിക്കുകയും അവരോട് സഹായതേട്ടം (ഇസ്തിഗാഥ) നടത്തുകയും ചെയ്യുന്നവര്‍. അല്ലെങ്കില്‍ അല്ലാഹുവിന് പുറമെയുള്ള നബിമാര്‍ക്കോ ഔലിയാക്കള്‍ക്കോ വേണ്ടി ബലിയറുക്കുകയോ നേര്‍ച്ച നേരുകയോ ചെയ്യുന്നവര്‍. ഇതെല്ലാം ശിര്‍ക് തന്നെ. അത് ചെയ്തവന് ഇസ്ലാമില്‍ നിന്ന് പുറത്തു പോവുകയും മുശ്രികും കാഫിറുമായി മരിക്കുകയും ചെയ്യും. അല്ലാഹുവില്‍ അഭയം.
അല്ലാഹുവിന്റെ അസ്മാഉകളിലും സ്വിഫതുകളിലും ശിര്‍ക് ചെയ്യുന്നതും ഇത് പോലെ തന്നെ. അല്ലാഹുവിന്റെ ശക്തി പോലെ ശക്തിയുള്ളവരോ, അല്ലാഹു കേള്‍ക്കുന്നത് പോലെ കേള്‍ക്കുകയും കാണുന്നത് പോലെ കാണുകയും ചെയ്യുന്നവര്‍ സൃഷ്ടികളില്‍ ഉണ്ടെന്നോ വിശ്വസിച്ചാല്‍ അത് അസ്മാഉ വ സ്വിഫാതിലെ ശിര്കായി.
അല്ലാഹുവിന് മാത്രം പ്രത്യേകമായ നാമങ്ങളില്‍ വിളിക്കപ്പെടാന്‍ അര്‍ഹതയുള്ളവര്‍ ഉണ്ടെന്ന വിശ്വാസവും ഇതില്‍ പെടുന്ന ശിര്‍ക് തന്നെ. ഉദാഹരണത്തിന് റഹ്-മാന്‍, ഖുദ്ദൂസ്, റബ്ബുല്‍ ആലമീന്‍ എന്നിങ്ങനെയുള്ള പേരുകള്‍ അല്ലാഹു അല്ലാത്തവര്‍ക്കും പറയാം എന്ന വിശ്വാസം. ചുരുക്കത്തില്‍, മേല്‍ പറഞ്ഞ മൂന്ന് കാര്യങ്ങളില്‍ പെടുന്ന എന്തെല്ലാം കാര്യങ്ങളുണ്ടോ; അവയിലെല്ലാം അല്ലാഹുവിനെ ഏകാനാക്കണം. അപ്പോള്‍ മാത്രമേ അവന് തൗഹീദ് പാലിക്കുന്ന മുവഹ്ഹിദും മുസ്ലിമുമാകുകയുള്ളൂ.
പ്രത്യേകം ഓര്‍മ്മപ്പെടുത്തട്ടെ! മേല്‍ പറഞ്ഞ മൂന്ന് കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അല്ലാഹുവിനെ ഏകാനാക്കുകയും മറ്റു കാര്യങ്ങളില്‍ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുകയും ചെയ്താലും അവന് മുശ്രികാണ്. ഉദാഹരണത്തിന് റുബൂബിയ്യതില് അല്ലാഹു ഏകനാണെന്ന് വിശ്വസിച്ചതിന് ശേഷം അവന് ഉലൂഹിയ്യതില് ശിര്‍ക് ചെയ്താല്‍ അത് ശിര്‍ക് തന്നെയാണ്. അല്ലാഹുവാണ് സൃഷ്ടാവ് എന്ന് അംഗീകരിച്ചതിന് ശേഷം അല്ലാഹുവല്ലാത്തവര്‍ക്ക് ഇബാദതുകള്‍ എന്തെങ്കിലും സമര്‍പിക്കുന്നത് ഇതില്‍ പെടും.
വല്ലാഹു അഅ്-ലം.
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.
كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد
أَصْلُهُ: رِسَالَةٌ كَتَبَهَا الشَّيْخُ فَيْصَلُ بْنُ قَزَّار الجَاسِم
تَجْرِيدُ التَّوْحِيدِ مِنْ دَرَنِ الشِّرْكِ وَشُبَهِ التَّنْدِيدِ
-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ-
Assalamu alaikum wa Rahmatullah WA barakathuhu. ചില ആളുകൾ ഉസ്താദിന്റെ അടുക്കൽ ഊതിക്കാൻ കൊണ്ടുപോകുന്നത് thettaville..