അല്ലാഹു നമ്മെ സൃഷ്ടിച്ചത് അവനെ ഇബാദത് ചെയ്യുന്നതിന് വേണ്ടിയാണെന്ന് കഴിഞ്ഞ കുറിപ്പില്‍ വിശദീകരിക്കുകയുണ്ടായി. നമ്മുടെ ഒരോരുത്തരുടെയും ജീവിതത്തില്‍ എന്തു മാത്രം പ്രാധാന്യമാണ് ഇബാദതിന് ഉള്ളതെന്ന് അതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.

ഇബാദതുകള്‍ അല്ലാഹുവിന് വേണ്ടിയാണ് ചെയ്യുന്നത്. അല്ലാഹു ഇബാദതുകള്‍ സ്വീകരിക്കണമെങ്കില്‍ അവ ശുദ്ധമായിരിക്കണം. കാരണം അല്ലാഹു ശുദ്ധമായതല്ലാതെ സ്വീകരിക്കുകയില്ല.

നബി -ﷺ- പറഞ്ഞു:

«إِنَّ اللَّهَ طَيِّبٌ، لَا يَقْبَلُ إِلَّا طَيِّباً»

“അല്ലാഹു ‘ത്വയ്യിബാ’ണ്. [1] അവന്‍ ശുദ്ധമായതല്ലാതെ സ്വീകരിക്കുകയില്ല.” (മുസ്‌ലിം: 1015)

നിസ്കാരം; എത്ര മഹത്തരമായ ഇബാദതാണ്! പക്ഷേ വുദുവില്ലാതെയുള്ള നിസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല. ഇതു പോലെ തന്നെയാണ് മറ്റെല്ലാ ഇബാദതുകളും. അവ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകണമെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു നിബന്ധന അവന്‍ പാലിക്കേണ്ടതുണ്ട്.

തൗഹീദ്! ഇസ്‌ലാമിന്റെ പരമപ്രധാനമായ അടിസ്ഥാനം. ദീനിന്റെ നട്ടെല്ല് നിലകൊള്ളുന്നത് അതിന്റെ മേലാണ്. അതില്ലാതെ ഒരാളുടെയും ഇബാദതുകള്‍ക്ക് നിലനില്‍പ്പില്ല. ഒരു മുവഹ്ഹിദിന്റേതല്ലാത്ത (മുവഹ്ഹിദ്: തൗഹീദ് പാലിക്കുന്നവന്‍) യാതൊരു ഇബാദതും അല്ലാഹു സ്വീകരിക്കുകയില്ല.

തൗഹീദിന്റെ നേര്‍വിപരീതമാണ് ശിര്‍ക്. ഏറ്റവും വലിയ തിന്മ. നരകം ശാശ്വതമാക്കുന്ന പാപം. അല്ലാഹു ഒരിക്കലും പൊറുക്കാത്ത ഏറ്റവും വലിയ ധിക്കാരം. ശിര്‍ക് ജീവിതത്തില്‍ കലര്‍ന്നു കഴിഞ്ഞാല്‍ ഇബാദതുകള്‍ എല്ലാം നിഷ്ഫലമാകും. അവയെല്ലാം അസ്വീകാര്യവും നിരര്‍ത്ഥകവുമാകും.

അല്ലാഹുവിന് മാത്രം നല്‍കേണ്ട ഇബാദത് അല്ലാഹുവല്ലാത്ത ആര്‍ക്കെങ്കിലും നല്‍കലാണ് ശിര്‍ക്. അല്ലാഹുവല്ലാത്ത ആര്‍ക്ക് ഇബാദത് സമര്‍പ്പിച്ചാലും അത് ശിര്‍ക് തന്നെ. അതില്‍ മനുഷ്യനെന്നോ മലക്കെന്നോ ജിന്നെന്നോ ജീവനുള്ളതോ ജീവനില്ലാത്തതെന്നോ എന്ന വ്യത്യാസമൊന്നുമില്ല.

മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠനായ മുഹമ്മദ്‌ നബി -ﷺ- ക്ക് ഇബാദത് നല്‍കിയാലും, അല്ലാഹുവിനോട് ഏറ്റവും സാമീപ്യമുള്ള ജിബ്രീല്‍ -عَلَيْهِ السَّلَامُ- എന്ന മലകിന് ഇബാദത് നല്‍കിയാലും അത് ശിര്‍ക് തന്നെ. അപ്പോള്‍ അവരില്‍ താഴെ സ്ഥാനമുള്ളവര്‍ക്ക് ഇബാദത് നല്‍കിയാലോ?!

ചുരുക്കത്തില്‍ അല്ലാഹുവിന് മാത്രം അര്‍ഹതയുള്ള ഇബാദത് അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് സമര്‍പ്പിക്കലാണ് ശിര്‍ക്. ശിര്‍ക് സംഭവിച്ചാല്‍ എല്ലാ ഇബാദതുകളും അതോടെ തകരുകയും നിഷ്ഫലമാവുകയും ചെയ്യും.

അല്ലാഹു -تَعَالَى- പറഞ്ഞു:

പതിനെട്ട് നബിമാരുടെ പേരുകള്‍ എടുത്തു പറഞ്ഞതിന് ശേഷം അല്ലാഹു -تَعَالَى- പറഞ്ഞു:

وَلَوْ أَشْرَكُوا لَحَبِطَ عَنْهُم مَّا كَانُوا يَعْمَلُونَ ﴿٨٨﴾

“അവര്‍ (അല്ലാഹുവോട്‌) ശിര്‍ക് ചെയ്‌താല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമായിപ്പോകുമായിരുന്നു.” (അന്‍ആം: 88)

وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ ﴿٦٥﴾

“തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്‌) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.” (സുമര്‍: 65)

قَالَ الطَّبَرِيُّ: «يَقُولُ تَعَالَى ذِكْرُهُ: وَلَقَدْ أَوْحَى إِلَيْكَ يَا مُحَمَّدُ رَبُّكَ، وَإِلَى الذِّينَ مِنْ قَبْلِكَ مِنَ الرُّسُلِ «لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ» يَقُولُ: لَئِنْ أَشْرَكْتَ بِاللَّهِ شَيْئًا يَا مُحَمَّدُ، لَيَبْطُلَنَّ عَمَلُكَ، وَلَا تَنَالُ بِهِ ثَوَابًا، وَلَا تُدْرِكُ جَزَاءً إِلَّا جَزَاءَ مَنْ أَشْرَكَ بِاللَّهِ»

ഖുര്‍ആന്‍ മുഫസ്സിറുകളുടെ പ്രമുഖനായ അബൂ ജഅഫര്‍ അത്ത്വബരി -رَحِمَهُ اللَّهُ- ഈ ആയതിന്റെ തഫ്സീറില്‍ പറഞ്ഞു: “അല്ലാഹു -تَعَالَى- ഈ ആയതില്‍ പറയുന്നു: ഹേ മുഹമ്മദ്‌! നിനക്കും നിന്റെ മുന്‍പുള്ള നബിമാര്‍ക്കും നാം വഹ്-യ് നല്‍കിയിരിക്കുന്നു; നീ ശിര്‍ക് ചെയ്‌താല്‍ നിന്റെ പ്രവര്‍ത്തനം നിഷ്ഫലമാകും എന്ന്. അല്ലാഹു പറയുന്നു: ഹേ മുഹമ്മദ്‌! നീ അല്ലാഹുവില്‍ ശിര്‍ക് ചെയ്‌താല്‍ നിന്റെ പ്രവര്‍ത്തനം നിഷ്ഫലമാകും. (നിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്) എന്തെങ്കിലും പ്രതിഫലമോ നേട്ടമോ ഉണ്ടാവുകയില്ല; ശിര്‍ക് ചെയ്തവര്‍ക്ക് ലഭിക്കുന്ന (നരകമെന്ന) പ്രതിഫലമല്ലാതെ.” (തഫ്സീറുത്വബരി: 65)

ഏറ്റവും കൂടുതല്‍ നന്മകള്‍ പ്രവര്‍ത്തിക്കുകയും, ഏറ്റവും മഹത്തരമായ സല്‍കര്‍മ്മങ്ങള്‍ ജീവിതത്തില്‍ പാലിക്കുകയും ചെയ്ത നബി -ﷺ- യുടെയും അവിടുത്തോടൊപ്പമുള്ള നബിമാരുടെയും പ്രവര്‍ത്തനങ്ങള്‍ വരെ -ശിര്‍ക് ചെയ്‌താല്‍- അസ്വീകാര്യമാകുമെങ്കില്‍ അതില്‍ താഴെയുള്ളവരുടെ സ്ഥിതിയെന്താണ്?

ശിര്‍കിന്റെ ഗൌരവം ഈ പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ഇതിനാല്‍ തന്നെയാണ് നബിമാര്‍ തങ്ങളുടെ സമൂഹങ്ങളെ എപ്പോഴും തൗഹീദിലേക്ക് ക്ഷണിക്കുകയും ശിര്‍കില്‍ നിന്ന് താക്കീത് ചെയ്തു കൊണ്ടേയിരിക്കുകയും ചെയ്തത്.

എല്ലാ ഇബാദതുകളും അല്ലാഹുവിന് മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്ന കാര്യം അവര്‍ ആവര്‍ത്തിച്ചു ഓര്‍മ്മപ്പെടുത്തി കൊണ്ടിരുന്നു. നിസ്കാരം അല്ലാഹുവിന് മാത്രം. നേര്‍ച്ചയും ബലിയും അല്ലാഹുവിന് മാത്രം. പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രം. ഭരമേല്‍പ്പിക്കേണ്ടത് അല്ലാഹുവിന് മാത്രം. അവനെ മാത്രമേ ഭയക്കേണ്ടതുള്ളു. ഇങ്ങനെ ഏതെല്ലാം ഇബാദതുകള്‍ ഉണ്ടോ; അവയെല്ലാം അല്ലാഹുവിന് മാത്രമേ സമര്‍പ്പിക്കാവൂ എന്ന കാര്യം അവര്‍ സമൂഹത്തെ പഠിപ്പിച്ചു.

അല്ലാഹു -تَعَالَى- പറഞ്ഞത് നോക്കൂ:

وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَ‌ٰلِكَ دِينُ الْقَيِّمَةِ ﴿٥﴾

“കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ഇബാദത് ചെയ്യാനും, നിസ്കാരം നിലനിര്‍ത്തുവാനും സകാത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം.” (ബയ്യിന: 5)

അല്ലാഹു -تَعَالَى- പറഞ്ഞു:

فَاعْبُدِ اللَّهَ مُخْلِصًا لَّهُ الدِّينَ ﴿٢﴾

“അതിനാല്‍ ദീന്‍ അല്ലാഹുവിന് നിഷ്കളങ്കമാക്കി കൊണ്ട് അവനെ നീ ഇബാദത് ചെയ്യുക.” (സുമര്‍: 2)

قَالَ الطَّبَرِيُّ: «يَقُولُ تَعَالَى ذِكْرُهُ: فَاخْشَعْ لِلَّهِ يَا مُحَمَّدُ بِالطَّاعَةِ، وَأَخْلِصْ لَهُ الأُلُوهِيَّةَ، وَأَفْرِدْهُ بِالعِبَادَةِ، وَلَا تَجْعَلْ لَهُ فِي عِبَادَتِكَ إِيَّاهُ شَرِيكًا، كَمَا فَعَلَتْ عَبَدَةُ الأَوْثَانِ … يَقُولُ تَعَالَى ذِكْرُهُ: أَلَا لِلَّهِ العِبَادَةُ وَالطَّاعَةُ وَحْدَهُ لَا شَرِيكَ لَهُ، خَالِصَةً لَا شِرْكَ لِأَحَدٍ مَعَهُ فِيهَا، فَلَا يَنْبَغِي ذَلِكَ لِأَحَدٍ، لِأَنَّ كُلَّ مَا دُونَهُ مِلْكُهُ، وَعَلَى المَمْلُوكِ طَاعَةُ مَالِكِهِ لَا مَنْ لَا يَمْلِكُ مِنْهُ شَيْئًا»

ഈ ആയതിന്റെ വിശദീകരണത്തില്‍ ഇമാം തബരി -رَحِمَهُ اللَّهُ- പറഞ്ഞു: “അല്ലാഹു പറയുന്നു: ഹേ മുഹമ്മദ്‌! നീ അല്ലാഹുവിനെ അനുസരിച്ച് കൊണ്ട് അവന് കീഴൊതുങ്ങുക. ആരാധ്യതയില്‍ നീ അവനെ ഏകാനാക്കുക. ഇബാദതുകള്‍ അവന് മാത്രമാക്കുക. വിഗ്രഹാരാധകര്‍ ചെയ്തത് പോലെ; നിന്റെ ഇബാദതുകളില്‍ അല്ലാഹുവിനൊപ്പം ഒരു പങ്കുകാരനെയും നീ നിശ്ചയിക്കാതിരിക്കുക…

അല്ലാഹു പറയുന്നു: അറിയുക! അല്ലാഹുവിന് മാത്രമാകുന്നു ഇബാദതുകളും സല്‍കര്‍മ്മങ്ങളും. അവന് യാതൊരു പങ്കുകാരനുമില്ല. ഒരു പങ്കു ചേര്‍ക്കലുമില്ലാത്ത രൂപത്തില്‍ പരിശുദ്ധമായ (ഇബാദതുകള്‍ അവനാണ് സമര്‍പ്പിക്കേണ്ടത്).

ഇത് (നിഷ്കളങ്കമായ ഇബാദത്) മറ്റൊരാള്‍ക്കും യോജിക്കുകയില്ല. കാരണം അല്ലാഹുവിന് പുറമെയുള്ളതെല്ലാം അവന്റെ അധികാരത്തില്‍ പെട്ടതാണ്. ഉടമസ്ഥനെ അനുസരിക്കുക എന്നത് കീഴിലുള്ളവരുടെ മേല്‍ നിര്‍ബന്ധമാണ്‌. ഒന്നും ഉടമപ്പെടുത്താത്തവരെയല്ല അവര്‍ അനുസരിക്കേണ്ടത്.” (തഫ്സീറുത്വബരി: 21/250)

ചുരുക്കത്തില്‍, അല്ലാഹു നമ്മെ പടച്ചത് അവന് ഇബാദത് ചെയ്യുക എന്ന ലക്ഷ്യപൂര്‍ത്തീകരണത്തിന് വേണ്ടിയാണ്. അല്ലാഹുവിനു വേണ്ടി നാം ചെയ്യുന്ന ഇബാദതുകള്‍ അവന്‍ സ്വീകരിക്കണമെങ്കില്‍ നമ്മള്‍ തൌഹീദ് ഉള്ളവരായിരിക്കണം. തൌഹീദിന് കടകവിരുദ്ധമായ ശിര്‍ക് പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യുന്ന ഇബാദതുകള്‍ ഒന്നും തന്നെ അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ല.


[1] എല്ലാ ന്യൂനതകളില്‍ നിന്നും കുറവുകളില്‍ നിന്നും മുക്തനായവനാണ് ത്വയ്യിബ്.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

أَصْلُهُ: رِسَالَةٌ كَتَبَهَا الشَّيْخُ فَيْصَلُ بْنُ قَزَّار الجَاسِم

تَجْرِيدُ التَّوْحِيدِ مِنْ دَرَنِ الشِّرْكِ وَشُبَهِ التَّنْدِيدِ

-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment