ഇസ്ലാമിലെ ഏറ്റവും വലിയ തിന്മയായ ശിര്‍ക് കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ഗുരുതരമായ തെറ്റ് ബിദ്അതുകളാണ്. ബിദ്അതിന്റെ ഗൗരവം കാരണത്താല്‍ നബി -ﷺ- എല്ലാ ഖുതുബകളിലും ജനങ്ങളെ അതില്‍ നിന്ന് താക്കീത് ചെയ്യാറുണ്ടായിരുന്നു. ബിദ്അതുകാരന്‍ അവന്റെ ബിദ്അത് ഉപേക്ഷിക്കുന്നത് വരെ അല്ലാഹു -تَعَالَى- അവന്റെ തൌബ (പശ്ചാത്താപം) സ്വീകരിക്കുകയില്ലെന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്.
വ്യത്യസ്തങ്ങളായ നിര്‍വ്വചനങ്ങള്‍ ബിദ്അതിനെ വിശദീകരിച്ചു കൊണ്ട് പണ്ഡിതന്മാര് പറഞ്ഞിട്ടുണ്ട്. അവയെല്ലാം ഏതാണ്ട് ഒരേ അര്‍ത്ഥത്തില്‍ തന്നെയാണ് ചെന്നെത്തുന്നത്. ‘അല്ലാഹുവോ റസൂലോ -ﷺ- കല്‍പ്പിക്കാത്ത കാര്യങ്ങള്‍ കൊണ്ട് അല്ലാഹുവിന് ഇബാദത് ചെയ്യലാണ് ബിദ്അത്’ എന്ന് ലളിതമായി പറയാം.
ദീനിന്റെ വിഷയങ്ങളിലാണ് ബിദ്അതുകള്‍ സംഭവിക്കുക; ദുനിയാവിന്റെ കാര്യങ്ങളിലല്ല. ഉദാഹരണത്തിന് നബി -ﷺ- ഒട്ടകപ്പുറത്തിരുന്നാണ് യാത്ര ചെയ്തിരുന്നത്; എന്നാല്‍ ഇന്ന് ജനങ്ങള്‍ കാറും ബസ്സുമെല്ലാം യാത്രയുടെ മാര്‍ഗങ്ങളായി സ്വീകരിച്ചിട്ടുണ്ട്; അതിനാല്‍ അവയെല്ലാം ബിദ്അതാണ് എന്നു പറയാന്‍ കഴിയില്ല. മതപരമായ ബിദ്അത് എന്ന പദത്തിന്റെ ഉദ്ദേശത്തില്‍ ഇവയൊന്നും പെടില്ല. കാരണം അതെല്ലാം കേവലം ഭൗതികമായ -മതവുമായി നേരിട്ട് ബന്ധമില്ലാത്ത- കാര്യങ്ങള്‍ മാത്രമാണ്.
ബിദ്അതുകളെ മനസ്സിലാക്കുന്നതിനായി പണ്ഡിതന്മാര് ഒരു അടിസ്ഥാനം പഠിപ്പിക്കാറുണ്ട്. അവര്‍ പറഞ്ഞു: “ഇബാദതുകളുടെ കാര്യത്തിലുള്ള അടിസ്ഥാനം അവയെല്ലാം ഹറാമാണ് എന്നതാണ്; അല്ലാഹുവോ റസൂലോ അനുവദിച്ചവ ഒഴികെ.” വളരെ ശ്രദ്ധയോടെ പഠിക്കേണ്ട ഒരു അടിസ്ഥാന നിയമമാണിത്.
ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം നമുക്ക് മനസ്സിലാക്കാം. സുബ്ഹി നിസ്കാരം രണ്ട് റക്അതാണ് നിസ്കരിക്കേണ്ടത്. ആരെങ്കിലും ഒരാള്‍ രണ്ട് റക്അത് എന്നതില്‍ ഒന്നു കൂടി വര്‍ദ്ധിപ്പിച്ച് അത് മൂന്നാക്കിയാല്‍ എന്തായിരിക്കും അതിന്റെ വിധി? ഹറാം എന്ന് സംശയമില്ലാതെ ആരും പറയും. ഇതാണ് മേലെ പറഞ്ഞ നിയമം കൊണ്ടും ഉദ്ദേശിച്ചത്. സുബഹിയുടെ സമയത്ത് രണ്ട് റക്അത് നിസ്കരിക്കുക എന്നത് നമുക്ക് അനുവദിക്കപ്പെടാനുള്ള കാരണം അല്ലാഹുവും റസൂലും -ﷺ- ആ സമയത്ത് രണ്ട് റക്അത് നിസ്കരിക്കാന്‍ കല്പ്പിച്ചു എന്നതാണ്. അവര്‍ കല്‍പ്പിച്ചില്ലായിരുന്നെങ്കില്‍ -മൂന്ന് റക്അത് നിസ്കരിക്കുന്നത് ഹറാമായത് പോലെ തന്നെ- രണ്ട് റക്അത് നിസ്കാരവും നമുക്ക് ഹറാം ആകുമായിരുന്നു.
«كُلُّ بِدْعَةٍ ضَلَالَةٌ»
നബി -ﷺ- പറയുന്നു: “എല്ലാ ബിദ്അതുകളും വഴികേടുകളാണ്.”
അറബി ഭാഷയില്‍ കുല്ലുന് (كُلٌّ) എന്ന പദം എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന പദമാണ്. അപ്പോള്‍ അല്ലാഹുവിന്റെ ദീനില്‍ നബി -ﷺ- പഠിപ്പിച്ചതല്ലാത്ത എന്തൊരു കാര്യം പിന്നീട് പുതുതായി ഉണ്ടാക്കപ്പെട്ടാലും അവയെല്ലാം ബിദ്അതുകള്‍ എന്ന പരിധിയില്‍ പെടുമെന്നും, നേരായ മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കുന്ന വഴികേടുകളാണ് അവയെന്നും ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാക്കാം.
ഹാഫിദ് ഇബ്നു റജബ് -رَحِمَهُ اللَّهُ- പറഞ്ഞു: “എല്ലാ ബിദ്അതുകളും വഴികേടുകളാണ് എന്ന നബി -ﷺ- യുടെ വാക്ക് വളരെ ആശയവൈപുല്യമുള്ളതാണ്. അതില്‍ നിന്ന് ഒന്നും തന്നെ പുറത്തു പോവുകയില്ല. ദീനിന്റെ അടിസ്ഥാനങ്ങളില്‍ പെട്ട മഹത്തരമായ ഒരു അടിസ്ഥാനമാണ് അത്. (مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ) “ആരെങ്കിലും നമ്മുടെ ഈ കാര്യത്തില്‍ (ദീനില്‍) അതില്‍ പെടാത്ത എന്തെങ്കിലും പുതുതായി നിര്‍മ്മിച്ചാല്‍ അത് തള്ളപ്പെടേണ്ടതാണ്” എന്ന നബി -ﷺ- യുടെ വാക്കിന് സമാനമാണ് ഇതും.
അപ്പോള്‍ ആരെങ്കിലും ദീനില്‍ ഒരു അടിസ്ഥാനവുമില്ലാതെ ഒരു പുതിയ കാര്യം ഉണ്ടാക്കുകയും അത് ദീനിലേക്ക് ചേര്‍ത്ത് പറയുകയും ചെയ്താല്‍ അത് വഴികേടാണ്. അല്ലാഹുവിന്റെ ദീന് അതില്‍ നിന്ന് മുക്തമാണ്. വിശ്വാസപരമോ കര്‍മ്മപരമോ ഗോപ്യമോ ബാഹ്യമോ ആയ വാക്കുകളുടെ കാര്യത്തിലോ ആകട്ടെ; ഈ പറഞ്ഞത് സമമാണ്.” (ജാമിഉല്‍ ഉലൂമി വല്‍ ഹികം: 266)
എന്നാല്‍ ചിലര്‍ ദീനില്‍ നല്ല ബിദ്അതുകള്‍ ഉണ്ടെന്ന് വാദിക്കുകയും, അല്ലാഹുവിന്റെ ദീനില്‍ യാതൊരു തെളിവോ പിന്‍ബലമോ ഇല്ലാത്ത പുത്തനാചാരങ്ങള്‍ പടച്ചുണ്ടാക്കുകയും ചെയ്യുന്നു. ‘സ്വലാത്തല്ലേ? സ്വദഖയല്ലേ! ഹുബ്ബുറസൂലല്ലേ? അതൊക്കെ നല്ലതല്ലേ?’ എന്ന ഇത്തരക്കാരുടെ സ്ഥിരം ചോദ്യം ദീനിനെ കുറിച്ചുള്ള അറിവില്ലായ്മയില്‍ നിന്ന് സംഭവിക്കുന്നതാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
ഇബ്നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- പറയുന്നത് നോക്കൂ: “എല്ലാ ബിദ്അതുകളും വഴികേടുകളാണ്. അവ ജനങ്ങള്‍ നല്ലതായി മനസ്സിലാക്കിയാലും.” (മദ്ഖല്‍/ബയ്ഹഖി: 1/180, സുന്നഃ/മര്‍വസി: 29)
നോക്കൂ! എത്ര വ്യക്തമാണ് കാര്യം! അല്ലാഹുവിന്റെ ദീനില്‍ എന്തൊരു പുതിയ ആചാരം നിര്‍മ്മിക്കുകയും, അത് നല്ലതായി ജനങ്ങള്‍ കണക്കാക്കുകയും ചെയ്താലും അവ വഴികേടുകള്‍ തന്നെയാണെന്ന് ഉറപ്പിച്ചു പറയുകയാണ് നബി -ﷺ- യുടെ സ്വഹാബിമാരില്‍ പ്രമുഖനായ ഇബ്നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا-. അല്ലാഹുവിന്റെ റസൂലില്‍ -ﷺ- നിന്ന് ദീന് നേരിട്ടു പഠിച്ച അവര്‍ക്കാര്‍ക്കും ദീനില്‍ നല്ല ബിദ്അതുകള്‍ ഉണ്ടാക്കാന്‍ കഴിയും എന്ന് മനസ്സിലായിട്ടില്ല.
കഴിഞ്ഞ ലേഖനത്തില്‍ നാം മനസ്സിലാക്കിയത് പോലെ: നബി -ﷺ- യും സ്വഹാബതും നമ്മെക്കാള്‍ നന്മകള് പ്രവര്‍ത്തിക്കാന്‍ താല്പര്യവും ആഗ്രഹവും ഉള്ളവരായിരുന്നു. നമ്മെക്കാള്‍ നന്മകളെ കുറിച്ച് അറിവും ആഴത്തിലുള്ള അന്വേഷണവും അവര്‍ക്കുണ്ടായിരുന്നു. എന്നിട്ടും അവര്‍ക്കാര്‍ക്കും അറിയാന്‍ കഴിയാതെ പോയ ഒരു നന്മ നമുക്ക് ലഭിച്ചു എന്നു പറയുന്നത് എത്ര വലിയ അപരാധമാണ്. അല്ലാഹുവിന്റെ റസൂലിനെ -ﷺ- കുറിച്ചും, അവിടുത്തെ സ്വഹാബികളെ കുറിച്ചും അങ്ങേയറ്റം മോശം ധാരണ വെച്ചു പുലര്‍ത്തുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാന്‍ കഴിയൂ.
ഇമാം മാലിക് -رَحِمَهُ اللَّهُ- പറഞ്ഞ വാക്ക് ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം സ്മരണീയമാണ്. അദ്ദേഹം പറഞ്ഞു: “ആരെങ്കിലും ഇസ്ലാമില്‍ ഒരു ബിദ്അത് ഉണ്ടാക്കുകയും അത് നല്ലതാണെന്ന് ധരിക്കുകയും ചെയ്താല്‍ അവന് ജല്പ്പിക്കുന്നത് മുഹമ്മദ് നബി -ﷺ- അവിടുത്തെ പ്രവാചകത്വത്തില്‍ വഞ്ചന കാണിച്ചിരിക്കുന്നു എന്നാണ്. കാരണം അല്ലാഹു -تَعَالَى- പറയുന്നു:
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ
“ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.” (മാഇദ: 3) അന്ന് ദീന് അല്ലാത്തത് ഇന്നും ദീനല്ല.” (ഇഹ്കാം/ഇബ്നു ഹസ്മ്: 6/225)
ഇമാം ശാഫിഇ -رَحِمَهُ اللَّهُ- പറഞ്ഞു: “ആരെങ്കിലും (ബിദ്അതുകളെ) നല്ലതായി കണ്ടാല്‍ അവന് ദീനില്‍ പുതിയ നിയമം ഉണ്ടാക്കിയിരിക്കുന്നു.” (ഇഹ്കാം/ആമുദി: 4/162)
സലഫുകളില്‍ ചിലര്‍ ചില കാര്യങ്ങളെ കുറിച്ച് ബിദ്അത് എന്ന പദം ഉപയോഗിക്കുകയും, അതിനെ പുകഴ്ത്തുകയും ചെയ്ത സംഭവങ്ങള്‍ പൊക്കിപ്പിടിച്ചു കൊണ്ട് ദീനില്‍ നല്ല ബിദ്അതുകള്‍ ഉണ്ട് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചിലരെ കാണാം. ഉദാഹരണത്തിന് റമദാന് മാസത്തില്‍ തറാവീഹ് നിസ്കാരം ഒരു ഇമാമീന് കീഴില്‍ ഒരുമിപ്പിച്ചതിന് ശേഷം ഉമര്‍ -رَضِيَ اللَّهُ عَنْهُ- പറഞ്ഞ വാക്ക്. അദ്ദേഹം പറഞ്ഞു: “എത്ര നല്ല ഒരു ബിദ്അത് ആണിത്.” മറ്റൊരു നിവേദനത്തില്‍ ഇപ്രകാരം കാണാം: “ഇതൊരു ബിദ്അതാണെങ്കില് അതെത്ര നല്ല ബിദ്അതാണ്.”
ഉമര്‍ -رَضِيَ اللَّهُ عَنْهُ- ഇവിടെ ബിദ്അത് എന്ന വാക്ക് കൊണ്ട് ഉദ്ദേശിച്ചത് അതിന്റെ ഭാഷാര്‍ത്ഥം മാത്രമാണ്. അല്ലാതെ മതത്തില്‍ ഒരു പുതിയ നല്ല കാര്യം താന്‍ ഉണ്ടാക്കിയിരിക്കുന്നു എന്നല്ല അദ്ദേഹം ഉദ്ദേശിച്ചത്.
കാരണം തറാവീഹ് നബി -ﷺ- യുടെ കാലത്ത് അവിടുന്നു ഇമാമായി നിന്നു കൊണ്ട് നിസ്കരിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ ദിവസം കഴിയും തോറും നിസ്കരിക്കാന്‍ വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും, മസ്ജിദ് നിറഞ്ഞു കവിയുകയും ചെയ്തപ്പോള്‍ നബി -ﷺ- തറാവീഹ് നിസ്കാരം നിര്‍ബന്ധമാക്കപ്പെടുമോ എന്ന് ഭയക്കുകയും, അവിടുന്ന് ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കുന്നത് നിര്‍ത്തുകയും ചെയ്തു. പിന്നീട് ജനങ്ങള്‍ ഓരോ ചെറിയ സംഘങ്ങളായി മസ്ജിദുകളില്‍ നിസ്കരിക്കുകയാണ് ചെയ്തിരുന്നത്.
ഉമര്‍ -رَضِيَ اللَّهُ عَنْهُ- ഖിലാഫത് ഏറ്റെടുത്തപ്പോള്‍ നബി -ﷺ- യുടെ കാലത്ത് നിലനിന്നിരുന്ന രീതിയിലേക്ക് കാര്യം തിരിച്ചു കൊണ്ടു പോവുകയാണ് ചെയ്തത്. അദ്ദേഹം പുതുതായി ഒരു കാര്യവും ഉണ്ടാക്കിയിട്ടില്ല. നബി -ﷺ- മുന്‍പ് ചെയ്ത, നിര്‍ബന്ധമാക്കപ്പെടുമോ എന്ന ഭയം കാരണത്താല്‍ ഉപേക്ഷിച്ച ഒരു കാര്യം അദ്ദേഹം പുനരാരംഭിക്കുക മാത്രമാണ് ചെയ്തത്. കാരണം നബി -ﷺ- വഫാതായതിനാല്‍ ഇനി തറാവീഹ് നിര്‍ബന്ധമാക്കപ്പെടുമോ എന്ന ഭയം ബാക്കി നില്ക്കുന്നില്ല. അതിനാല്‍ ഉമര്‍ -رَضِيَ اللَّهُ عَنْهُ- വിന്റെ പ്രവര്‍ത്തനവും ബിദ്അതല്ല.
ബിദ്അതുകളെ കുറിച്ച് ഒരു ചുരുങ്ങിയ വിവരണം മാത്രമാണിത്. കൂടുതല്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ട വിഷയമാണിതെന്ന ഓര്‍മ്മപ്പെടുത്തലോടെ, അല്ലാഹു ബിദ്അതുകളില്‍ നിന്നും അതിന്റെ വക്താക്കളില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഈ ലേഖനം ചുരുക്കട്ടെ.
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.
كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد
أَصْلُهُ: رِسَالَةٌ كَتَبَهَا الشَّيْخُ فَيْصَلُ بْنُ قَزَّار الجَاسِم
تَجْرِيدُ التَّوْحِيدِ مِنْ دَرَنِ الشِّرْكِ وَشُبَهِ التَّنْدِيدِ
-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ-