നബി -ﷺ- യുടെ ഉമ്മത്തില്‍ ദീനുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് സ്വഹാബികളാണെന്നതില് ഒരാള്‍ക്കും സംശയമുണ്ടാകില്ല. എല്ലാ നന്മകളിലേക്കും അവര്‍ ഏറ്റവും വേഗത്തില്‍ എത്താന്‍ ശ്രമിച്ചു. അല്ലാഹുവിന്റെ ദീന് ഏറ്റവും പൂര്‍ണ്ണമായ രൂപത്തില്‍ നബി -ﷺ- അവര്‍ക്കാണ് പഠിപ്പിച്ചു നല്‍കിയത്. അല്ലാഹുവിന് ഇഷ്ടമുള്ള ഒരു കാര്യവും അവരെ നബി -ﷺ- അറിയിക്കാതിരുന്നിട്ടില്ല. റസൂല്‍ -ﷺ- പഠിപ്പിച്ചു നല്കിയ ഒരു കാര്യവും അവര്‍ പ്രാവര്‍ത്തികമാക്കാതെ വിടുകയും ചെയ്തിട്ടില്ല.
ദീന് പൂര്‍ണ്ണമായി അവര്‍ പാലിക്കുകയും മുറുകെ പിടിക്കുകയും ചെയ്തിരുന്നു. അവര്‍ക്ക് ശേഷം വരുന്ന ഒരാള്‍ക്കും തന്നെ ദീനിന്റെ കാര്യത്തില്‍ അവരെ മുന്കടക്കാന് സാധിക്കുകയില്ല. കാരണം അല്ലാഹു -تَعَالَى- യുടെ സാക്ഷ്യം ലഭിച്ച സമൂഹമാണ് അവര്‍. അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു എന്നു ഖുര്‍ആനില്‍ പലയിടങ്ങളിലും അല്ലാഹു ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നു. അവര്‍ക്ക് ശേഷം വരുന്നവരെ അല്ലാഹു തൃപ്തിപ്പെടണമെങ്കില്‍ സ്വഹാബികളുടെ അതേ മാര്‍ഗത്തില്‍ അവരും നിലകൊള്ളുകയെന്നതാണ് വേണ്ടത്.
സ്വഹാബികള്‍ക്ക് ശേഷം അവര്‍ പ്രവര്‍ത്തിക്കുകയോ അറിയുകയോ ചെയ്തിട്ടില്ലാത്ത എന്തെങ്കിലും കാര്യം ദീനിന്റെ ഭാഗമാണെന്ന പേരില്‍ ആരു കൊണ്ടു വന്നാലും അത് സ്വീകരിക്കപ്പെടുകയില്ല. അല്ലാഹുവിന് വെറുപ്പും കോപവും ഉണ്ടാക്കുന്ന നശിച്ച ബിദ്അതും ഹറാമുമാണ് അത്തരം പ്രവര്‍ത്തനങ്ങള്‍ എന്നതില്‍ സംശയവുമില്ല. ദീനിനെ കുറിച്ച് ഏറ്റവും അറിവുണ്ടായിരുന്ന; ദീന് പിന്‍പറ്റാന്‍ യാതൊരു മടിയോ അലസതയോ കാണിക്കാത്ത; ദുനിയാവിനെക്കാള്‍ ആഖിറത്തിന് ഏറ്റവും പ്രാധാന്യം കല്പ്പിച്ചിരുന്നവരായിരുന്നു സ്വഹാബികള്‍. അവര്‍ ദീന് ആണെന്ന് മനസ്സിലാക്കാത്ത കാര്യം എങ്ങനെയാണ് അവര്‍ക്ക് ശേഷം വന്ന; അവരെക്കാള്‍ ദീനിന്റെ കാര്യത്തില്‍ എത്രയോ പിന്നിലായ; പല വിഷയങ്ങളിലും ദുനിയാവിനെ ആഖിറത്തിനെക്കാള് പരിഗണിക്കുന്ന പില്ക്കാലക്കാര്ക്ക് ദീന് ആയി ലഭിക്കുക?!
അല്ലാഹു -تَعَالَى- സ്വഹാബികളെ അവന് തൃപ്തിപ്പെട്ടിരിക്കുന്നു എന്ന കാര്യം അറിയിച്ച ഉടനെ തന്നെ അവര്‍ക്ക് ശേഷം വരുന്നവര്‍ക്ക് അല്ലാഹുവിന്റെ തൃപ്തി എങ്ങനെ ലഭിക്കുമെന്ന കാര്യം കൂടി നമ്മെ ഉണര്‍ത്തിയിട്ടുണ്ട്.
وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ
“മുഹാജിറുകളില് നിന്നും അന്സാറുകളില് നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, ഇഹ്സാനോടെ അവരെ പിന്തുടര്ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു.” (തൗബ: 100)
അടിവരയിട്ട ഭാഗം പ്രത്യേകം ശ്രദ്ധിക്കുക. മുഹാജിറുകളും അന്‍സ്വാറുകളും ഉള്‍പ്പെടുന്ന സ്വഹാബികളെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ക്ക് ശേഷം വരുന്നവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു; പക്ഷേ ഒരു നിബന്ധയുണ്ട്. അവര്‍ സ്വഹാബികളെ ഇഹ്സാനോടെ പിന്പറ്റിയവരായിരിക്കണം. ഏറ്റവും നല്ല രൂപത്തില്‍ പിന്‍പറ്റുന്നതിനാണ് ഇഹ്സാനോടെ പിന്‍പറ്റുക എന്നു പറഞ്ഞത്. സ്വഹാബികളെ പിന്‍പറ്റാത്തവര്‍ക്ക് അല്ലാഹുവിന്റെ തൃപ്തിയില്ലെന്നു കൂടെ ഈ പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കാം.
ദീനിന്റെ കാര്യത്തിലായിരുന്നു സ്വഹാബികള്‍ ഏറ്റവും മുന്നിട്ടു നിന്നിരുന്നത്. അതു കൊണ്ട് ദീന് എന്ന നിലക്ക് എന്തൊരു കാര്യം പ്രവര്‍ത്തിക്കുന്നുണ്ടോ, അതെല്ലാം സ്വഹാബികളെ പിന്‍പറ്റി കൊണ്ടായിരിക്കണം. കാരണം അല്ലാഹുവിനെയും റസൂലിനെയും ഏറ്റവും കൂടുതല്‍ ബഹുമാനിക്കുകയും, അവരുടെ കല്‍പ്പനകളെ അണുകിട തെറ്റാതെ അനുസരിക്കുകയും ചെയ്തവരാണ് അവര്‍. ആരെങ്കിലും സ്വഹാബികളെ പിന്പറ്റുന്നില്ലെങ്കിലോ? ശക്തമായ ശിക്ഷയും, ഗൌരവതരമായ താക്കീതും അല്ലാഹു -تَعَالَى- അവരെ അറിയിച്ചിരിക്കുന്നു.
وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا ﴿١١٥﴾
“തനിക്ക് സന്മാര്ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും റസൂലിനോട് എതിരാവുകയും, മുഅമിനീങ്ങളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന് തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (നിസാഅ: 115)
ആയത്ത് ശ്രദ്ധിച്ചു വായിച്ചു നോക്കൂ! നരകശിക്ഷ ലഭിക്കാന്‍ രണ്ട് കാരണങ്ങളാണ് അല്ലാഹു -تَعَالَى- അറിയിച്ചത്.
ഒന്ന്: സത്യമാര്‍ഗം മനസ്സിലായതിന് ശേഷം അല്ലാഹുവിന്റെ റസൂലിനോട് എതിരാവുക.
രണ്ട്: മുഅമിനീങ്ങളുടേതല്ലാത്ത മാര്‍ഗം പിന്‍പറ്റുക; അതായത് അവരുടെ മാര്‍ഗം ഒഴിവാക്കുക.
ആദ്യം പറഞ്ഞ കാര്യം മനസ്സിലാക്കുക എളുപ്പമാണ്. എന്നാല്‍ രണ്ടാമത് പറഞ്ഞതിന്റെ ഉദ്ദേശം എന്താണ്? മുഅമിനീങ്ങളുടെ മാര്‍ഗത്തിന് എതിരാവുക എന്നതിന്റെ ഉദ്ദേശം എന്താണ്? ആരാണ് ഈ മുഅമിനീങ്ങള്‍?! ഖുര്‍ആന്‍ അവതരിക്കുന്ന വേളയില്‍ മുഅമിനീങ്ങള്‍ എന്ന വിശേഷണത്തിന് അല്ലാഹുവിന്റെ റസൂലിനെ വിശ്വസിച്ച സ്വഹാബികള്‍ അല്ലാതെ മറ്റാരാണ് അര്‍ഹതയുള്ളവരായി ഉള്ളത്?! മുഅമിനീങ്ങള്‍ എന്ന വിശേഷണത്തിന് ഏറ്റവും അര്‍ഹതയുള്ളവര്‍ അവര്‍ തന്നെയാണ്. അല്ല! അവരാണ് മുഅമിനീങ്ങളുടെ നേതാക്കന്മാര്.
كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ
“മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍.” (ആലു ഇംറാന്‍: 110)
ഏറ്റവും നല്ല സമൂഹം എന്ന് അല്ലാഹു വിശേഷിപ്പിച്ച ഒരു സമൂഹത്തില്‍ അല്ലാഹുവിന് ഇഷ്ടമുള്ള ഏതെങ്കിലും ഒരു നന്മ ഇല്ലാതെ പോകുമോ?! അവരില്‍ നന്മകളുടെ കുറവ് ഉണ്ടായിരുന്നെങ്കില്‍ അല്ലാഹു -تَعَالَى- അവരെ ഏറ്റവും നല്ല സമൂഹം എന്ന് വിശേഷിപ്പിക്കുമായിരുന്നോ?! അപ്പോള്‍ അവര്‍ക്കാര്‍ക്കും അറിയാത്ത ഒരു കാര്യം എങ്ങനെ നന്മയാകും?! അതെങ്ങനെ അല്ലാഹുവിന് ഇഷ്ടപ്പെട്ട ദീനിന്റെ ഭാഗമാകും?!
قَالَ -ﷺ-: «خَيْرُ النَّاسِ قَرْنِي، ثُمَّ الذِّينَ يَلُونَهُمْ، ثُمَّ الذِّينَ يَلُونَهُمْ»
നബി -ﷺ- പറഞ്ഞു: “ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ തലമുറയാണ്. പിന്നെ അവര്‍ക്ക് ശേഷമുള്ളവര്‍. പിന്നെ അവര്‍ക്ക് ശേഷമുള്ളവര്‍.” (ബുഖാരി: 2652, മുസ്ലിം: 2533)
നോക്കൂ! ഏറ്റവും ഉത്തമ തലമുറ എന്ന വിശേഷണം സ്വഹാബികള്‍ക്കാണ് ലഭിച്ചത്. അവരില്‍ നിന്ന് അകലം കൂടുമ്പോള്‍ ശ്രേഷ്ഠത കുറയുകയാണ് ചെയ്യുന്നത്; കൂടുന്നില്ല. ഒരു സമൂഹത്തെ അല്ലാഹുവിന് ഇഷ്ടപ്പെടുകയും അവരെ അവന് തൃപ്തിപ്പെടുകയും ചെയ്യണമെങ്കില്‍ അവര്‍ സ്വഹാബികളെ പിന്‍പറ്റുകയാണ് വേണ്ടത് എന്ന പാഠം ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം.
സ്വഹാബികള്‍ക്ക് പരിചയമില്ലാത്ത ഒന്നും തന്നെ ദീനിന്റെ കാര്യത്തില്‍ പുതുതായി ഉണ്ടാക്കരുതെന്ന് അറിയിക്കുന്ന എത്രയോ ആയത്തുകളും ഹദീസുകളും സലഫുകളുടെ അഥറുകളും കാണാന്‍ കഴിയും. അവയില്‍ ചിലത് താഴെ നല്‍കാം.
قَالَ عَبْدُ اللَّهِ بْنُ مَسْعُودٍ -رَضِيَ اللَّهُ عَنْهُ-: «اتَّبِعُوا وَلَا تَبْتَدِعُوا»
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നിങ്ങള്‍ പിന്‍പറ്റുക; പുതിയ കാര്യങ്ങള്‍ (ബിദ്അതുകള്‍) ഉണ്ടാക്കരുത്.” (ദാരിമി: 1/66)
قَالَ عَبْدُ اللَّهِ بْنُ مَسْعُودٍ -رَضِيَ اللَّهُ عَنْهُ-: «مَنْ كَانَ مِنْكُمْ مُتَأَسِّيًا فَلْيَتَأَسَّ بِأَصْحَابِ مُحَمَّدٍ -ﷺ-، فَإِنَّهُمْ كَانُوا أَبَرَّ هَذِهِ الأُمَّةِ قُلُوباً، وَأَعْمَقَهَا عِلْماً، وَأَقَلَّهَا تَكَلُّفًا، وَأَقْوَمَهَا هَدْيًا، وَأَحْسَنَهَا حَالاً، قَوْمٌ اخْتَارَهُمُ اللَّهُ لِصُحْبَةِ نَبِيِّهِ -ﷺ- وَلِإِقَامَةِ دِينِهِ، فَاعْرِفُوا لَهُمْ فَضْلَهُمْ وَاتَّبِعُوهُمْ فِي آثَارِهِمْ، فَإِنَّهُمْ كَانُوا عَلَى الهُدَى المُسْتَقِيمِ»
ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- തന്നെ പറഞ്ഞു: “നിങ്ങളില്‍ ആരെങ്കിലും ആരെയെങ്കിലും പിന്‍പറ്റാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ നബി -ﷺ- യുടെ സ്വഹാബികളെ അവന് പിന്‍പറ്റട്ടെ. അവര്‍ ഈ ഉമ്മത്തില്‍ ഏറ്റവും പുണ്യം നിറഞ്ഞ ഹൃദയമുള്ളവരായിരുന്നു. അവരില്‍ ഏറ്റവും ആഴത്തില്‍ വിജ്ഞാനവും, അനാവശ്യ കാര്യങ്ങളില്‍ നിന്ന് അങ്ങേയറ്റം വിട്ടുനില്ക്കുന്നവരുമായിരുന്നു. ഏറ്റവും നേരായ മാര്‍ഗത്തില്‍ നിലകൊണ്ടിരുന്നവരും ഏറ്റവും നല്ല അവസ്ഥയില്‍ ജീവിച്ചതും അവരായിരുന്നു. അല്ലാഹു -تَعَالَى- അവന്റെ നബിയുടെ അനുചരന്മാരായും, അവന്റെ ദീനിന്റെ സ്ഥാപകരായും തിരഞ്ഞെടുത്തത് അവരെയായിരുന്നു. അതിനാല്‍ നിങ്ങള്‍ അവരുടെ ശ്രേഷ്ഠതകള്‍ അറിയുകയും, അവരുടെ കാല്പ്പാടുകളെ പിന്‍പറ്റുകയും ചെയ്യുക. കാരണം അവര്‍ നേരായ സ്വിറാത്വുല്‍ മുസ്തഖീമില്‍ ആയിരുന്നു.” (ജാമിഉ ബയാനില്‍ ഇല്‍മി വ ഫദ്ലിഹി)
قَالَ حُذَيْفَةُ بْنُ اليَمَانِ -رَضِيَ اللَّهُ عَنْهُ-: «كُلُّ عِبَادَةٍ لَمْ تَفْعَلْهَا الصَّحَابَةُ فَلَا تَفْعَلُوهَا»
ഹുദൈഫ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “സ്വഹാബികള്‍ പ്രവര്‍ത്തിക്കാത്ത ഒരു ഇബാദതും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്.”
قال ابن سيرين -رحمه الله-: «كَانُوا يَرَوْنَ أَنَّهُ عَلَى الطَّرِيقِ مَا كَانَ عَلَى الأَثَرِ»
താബിഈങ്ങളിലെ പ്രമുഖ പണ്ഡിതനായ ഇബ്നു സീരീന് -رَحِمَهُ اللَّهُ- പറഞ്ഞു: “സ്വഹാബികളുടെ കാല്‍പ്പാടുകള്‍ പിന്തുടരുന്നിടത്തോളം ഒരാള്‍ സന്മാര്ഗത്തില് തന്നെയാണെന്ന് അവര്‍ -സ്വഹാബികളും താബിഈങ്ങളും- മനസ്സിലാക്കാറുണ്ടായിരുന്നു.” (ദാരിമി: 1/66)
قَالَ الإِمَامُ مَالِكٌ -رَحِمَهُ اللَّهُ-: «وَلَنْ يَأْتِيَ آخِرُ هَذِهِ الأُمَّةِ بِأَهْدَى مِمَّا كَانَ عَلَيْهِ أَوَّلُهَا»
ഇമാം മാലിക് -رَحِمَهُ اللَّهُ- പറഞ്ഞു: “ഈ ഉമ്മത്തിലെ അവസാന കാലക്കാര്‍ക്ക് അവരിലെ ആദ്യകാലക്കാരെക്കാള്‍ സന്മാര്ഗത്തോട് അടുത്ത ഒന്നും തന്നെ കൊണ്ടു വരാന്‍ കഴിയില്ല.” (അത്താജു വല്‍ ഇക്ലീല്)
ഇനിയും ഈ വിഷയത്തില്‍ ധാരാളം അഥറുകളും പണ്ഡിതോദ്ധരണികളും കാണാന്‍ കഴിയും. മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും ഗ്രന്ഥങ്ങളില്‍ അവ ധാരാളമായി കാണാം. അതില്‍ നിന്നെല്ലാം വളരെ മഹത്തരമായ ഒരു അടിസ്ഥാനം നമുക്ക് പഠിച്ചെടുക്കാന്‍ കഴിയും. ഏതൊരാള്‍ ഒരു കാര്യം കൊണ്ട് വരികയും, ഇത് സുന്നത്താണെന്നോ ദീനില്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാണെന്നോ ഇബാദതാണെന്നോ അവകാശപ്പെട്ടാല്‍ ഉടനടി അത് സ്വീകരിക്കുന്നതിന് മുന്‍പ് ചിന്തിക്കുക!
ഇത് അല്ലാഹു -تَعَالَى- അവന്റെ ഖുര്‍ആനില്‍ കല്പ്പിച്ചിട്ടുണ്ടോ? അല്ലാഹുവിന് ഇഷ്ടമാണ് ഈ പ്രവൃത്തി എന്ന് ഏതെങ്കിലും ഖുര്‍ആന്‍ ആയത്തില്‍ വന്നിട്ടുണ്ടോ?
ഖുര്‍ആനില്‍ വന്നിട്ടില്ലെങ്കില്‍; നബി -ﷺ- ഇങ്ങനെയൊരു കാര്യം പ്രവര്‍ത്തിക്കാന്‍ നമ്മോടു കല്പ്പിച്ചിട്ടുണ്ടോ? അവിടുന്ന് എപ്പോഴെങ്കിലും ഇത്തരമൊരു പ്രവൃത്തി ചെയ്തിട്ടുണ്ടോ?
ഖുര്‍ആനിലും സുന്നത്തിലും വന്നിട്ടില്ലെങ്കില്‍; അടുത്ത പടിയിലേക്ക് ഇറങ്ങുക. സ്വഹാബികള്‍ ഇങ്ങനെയൊരു കാര്യം പ്രവര്‍ത്തിച്ചിരുന്നോ? അവര്‍ ഇത്തരമൊരു ഇബാദത് നന്മയായി കണ്ടിരുന്നോ?
ഖുര്‍ആനിലോ സുന്നത്തിലോ സ്വഹാബികളുടെ അടുക്കലോ യാതൊരു അടിസ്ഥാനവും ഈ പ്രവര്‍ത്തനത്തിന് ഉള്ളതായി കാണാന്‍ നിനക്ക് കഴിയുന്നില്ലെങ്കില്‍ മനസ്സിലാക്കുക; അത് അല്ലാഹുവിന് ഇഷ്ടമുള്ള പ്രവൃത്തിയല്ല. മറിച്ച് അല്ലാഹു -تَعَالَى- വെറുക്കുന്ന പ്രവൃത്തിയാണ്. അതു കൊണ്ടാണ് അല്ലാഹു -تَعَالَى- അവന് ഏറ്റവും ഇഷ്ടമുള്ള റസൂലിനെയോ സ്വഹാബികളെയോ ഇങ്ങനെയൊരു പ്രവൃത്തിയെ കുറിച്ച് അറിയിച്ചു കൊടുക്കാതിരുന്നത്. കാരണം അല്ലാഹു അവന് ഇഷ്ടമുള്ള എല്ലാ കാര്യങ്ങളും അവര്‍ക്ക് അറിയിച്ചു കൊടുത്തിട്ടുണ്ട്. അവര്‍ക്കാര്‍ക്കും അറിയിച്ചു കൊടുക്കാത്ത കാര്യം എങ്ങനെയാണ് അവര്‍ക്ക് കാലങ്ങള്‍ക്ക് ശേഷം വന്ന ഒരാള്‍ക്ക് അല്ലാഹു -تَعَالَى- അറിയിച്ചു കൊടുക്കുക?!
ഇത്രയും പറഞ്ഞതിന് ഉദാഹരണമായി നമ്മുടെ കണ്മുന്നിലുള്ള നടക്കുന്ന ഒരു പ്രവൃത്തി തന്നെ പറയാം. നബിദിനം. നബി -ﷺ- യോടുള്ള സ്നേഹത്തിന്റെ ഭാഗമായി ഞങ്ങള്‍ നബിദിനം നടത്തുന്നു എന്ന് അവകാശപ്പെടുന്നവരോട് -ഇത് ദീനില്‍ അല്ലാഹുവിന് ഇഷ്ടമുള്ള ഒരു പ്രവൃത്തിയാണെന്ന് വാദിക്കുന്നവരോട്- നമുക്ക് ചോദിക്കാം. നിങ്ങള്‍ ഈ പ്രവര്‍ത്തിക്കുന്ന കാര്യം അല്ലാഹു -تَعَالَى- അവന്റെ ഖുര്‍ആനില്‍ കല്പ്പിച്ചിട്ടുണ്ടോ? നബി -ﷺ- യുടെ സുന്നത്തില്‍ എവിടെയെങ്കിലും നബിദിനം നടത്താന്‍ ഒരു കല്‍പ്പനയെങ്കിലും കാണിച്ചു തരാമോ? റസൂലുല്ലയെ -ﷺ- ഏറ്റവും കൂടുതല്‍ സ്നേഹിച്ച സ്വഹാബികള്‍ ഒരു നബിദിനമെങ്കിലും നടത്തിയതിന് തെളിവ് നല്‍കാമോ?
വ്യക്തമായി നബിദിനം നടത്തണമെന്ന് കല്‍പ്പിക്കുന്ന ഒരു ആയത്തോ, പ്രാമാണികമായ ഒരു ഹദീസോ, സ്ഥിരപ്പെട്ട സ്വഹാബികളുടെ ചര്യയോ നബിദിനം നടത്തുന്ന ഒരാള്‍ക്കും കൊണ്ടു വരാന്‍ കഴിയില്ല. കഴിയുമെന്ന് വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ നബിദിനം നടത്തുന്നവരോട് ചോദിച്ചു നോക്കുക; അവര്‍ നല്കിയ ‘തെളിവ്’ ഇസ്ലാമിക പ്രമാണങ്ങളുടെ പരിശോധനാ രീതികള്‍ക്ക് വിധേയമാക്കി നോക്കുക. വെറും വാറോലകളല്ലാതെ മറ്റൊന്നും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.
പ്രിയ്യപ്പെട്ട മുസ്ലിം സഹോദരങ്ങളേ! ഈ ആലസ്യത്തില്‍ നിന്ന് ഉണരുക! സ്വഹാബികളുടെ മാര്‍ഗത്തിലേക്ക് തിരിച്ചു പോവുക. അവര്‍ പ്രവര്‍ത്തിച്ചത് പ്രവര്‍ത്തിക്കുന്നവരും, അവര്‍ ഒഴിവാക്കിയത് ഒഴിവാക്കുന്നവരുമായി മാറുക. അങ്ങനെയെങ്കില്‍ അല്ലാഹു -تَعَالَى- നിങ്ങളെ വിജയികളാക്കുക തന്നെ ചെയ്യും; അവരെ വിജയികളാക്കിയത് പോലെ. നിങ്ങളെ അവന് ഉയര്‍ത്തുകയും എല്ലാ ജനങ്ങളുടെയും മുകളിലാക്കുകയും ചെയ്യും; സ്വഹാബികളെ അപ്രകാരം ആക്കിയത് പോലെ.
അല്ലാഹു -تَعَالَى- മുസ്ലിം ഉമ്മത്തിനെ അവരുടെ പഴമക്കാരിലേക്ക് നയിക്കുകയും, അവരുടെ മാര്‍ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യട്ടെ. എല്ലാ പുത്തനാചാരങ്ങളില്‍ നിന്നും, ബിദ്അതുകളില്‍ നിന്ന് മുസ്ലിമീങ്ങളെ അല്ലാഹു സംരക്ഷിക്കുകയും ചെയ്യട്ടെ. ബിദ്അതുകാരുടെ ഉപദ്രവത്തില്‍ നിന്ന് അല്ലാഹു -تَعَالَى- ഈ ഉമ്മത്തിനെ രക്ഷിക്കട്ടെ. (ആമീന്‍)
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.
كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد
أَصْلُهُ: رِسَالَةٌ كَتَبَهَا الشَّيْخُ فَيْصَلُ بْنُ قَزَّار الجَاسِم
تَجْرِيدُ التَّوْحِيدِ مِنْ دَرَنِ الشِّرْكِ وَشُبَهِ التَّنْدِيدِ
-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ-
الحمدلله
ഇന്ന് ആദ്യമായിട്ടാണ് ഞാൻ ഇ ബാദത്തിൻ്റെ നാല് കാര്യങ്ങൾ മനസ്സലാക്കിയത് .