ഭൂമിയില്‍ മനുഷ്യരുടെ അധികാരവും സ്ഥാനവും വര്‍ദ്ധിക്കുന്നത് അനുസരിച്ച് അയാളിലേക്ക് എത്തിപ്പെടാന്‍ സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയാസം വര്‍ദ്ധിക്കും. ഉദാഹരണത്തിന് നമ്മുടെ നാട്ടിലെ രാഷ്ട്രീയം തന്നെ എടുക്കാം. തുടക്കത്തില്‍ നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ടു സജീവമായിരുന്നയാള്‍ ഏതെങ്കിലും പഞ്ചായത്ത് ഇലക്ഷനിലോ മറ്റോ ജയിച്ചാല്‍ പിന്നെ തിരക്കുള്ളയാളാകും. മുന്‍പ് കണ്ടിരുന്നത് പോലെ അയാളെ പിന്നെ കിട്ടിക്കൊള്ളണമെന്നില്ല. വീണ്ടും വലിയ സ്ഥാനങ്ങളും അധികാരങ്ങളും ലഭിച്ചാല്‍ ഈ അകല്‍ച്ച പിന്നെയും വര്‍ദ്ധിക്കും. അയാളോടൊപ്പം സഹവസിച്ചിരുന്ന കൂട്ടുകാര്‍ക്ക് വരെ പിന്നെ അയാളെ കാണണമെങ്കില്‍ മുന്‍പ് തന്നെ അനുവാദം വാങ്ങിവേക്കേണ്ട അവസ്ഥ വന്നേക്കാം. സാധാരണക്കാര്‍ക്ക് അയാളിലേക്ക് എത്തിപ്പെടാന്‍ ധാരാളം മദ്ധ്യസ്ഥരെയും ഇടനിലക്കാരെയും കാണേണ്ട ആവശ്യവും ഉണ്ടായേക്കാം. ഇതൊക്കെ മനുഷ്യര്‍ക്കിടയിലെ കാര്യങ്ങളാണ്.
ചിലരെങ്കിലും ഇതേ കണ്ണില്‍ തന്നെയാണ് അല്ലാഹു -تَعَالَى- യോട് സഹായം ചോദിക്കുന്നതിനെയും അവനോടു പ്രാര്‍ഥിക്കുന്നതിനെയും മനസ്സിലാക്കിയിട്ടുള്ളത്. അവരുടെ ധാരണ മന്ത്രിമാരുടെയും മറ്റും അടുത്തെത്താന്‍ മദ്ധ്യസ്ഥര്‍ വേണ്ടതു പോലെ അല്ലാഹുവിങ്കലേക്ക് എത്താനും ചില ഇടനിലക്കാര്‍ ആവശ്യമുണ്ട് എന്നാണ്. അല്ലാഹുവിനെ കുറിച്ചുള്ള അജ്ഞതയില്‍ നിന്നും, മോശം ധാരണയില്‍ നിന്നുമാണ് ഈ ചിന്ത ഉടലെടുക്കുന്നത്.
കാര്യങ്ങള്‍ അറിയാനും തീരുമാനങ്ങള്‍ എടുക്കാനും ഒരു മദ്ധ്യസ്ഥനെ ആവശ്യമായി വരിക എന്നത് ഒരു ന്യൂനതയാണ്. മറ്റുള്ളവരെ ആശ്രയിക്കലും അവരുടെ സഹായം കാംക്ഷിക്കലുമാണ്. എല്ലാത്തിനും കഴിയുന്ന, ലോകങ്ങളുടെ രക്ഷിതാവും സൃഷ്ടാവും നിയന്താവുമായ അല്ലാഹുവിന് ആരുടെയും ആശ്രയം വേണ്ടതില്ല. എല്ലാ സൃഷ്ടികളും അവനെ ആശ്രയിച്ചു കൊണ്ടാണ് നിലകൊള്ളുന്നത്. അങ്ങനെയുള്ള റബ്ബിന്റെ അടുക്കല്‍ നമ്മുടെ കാര്യങ്ങള്‍ സമര്‍പ്പിക്കാനും, അപേക്ഷകള്‍ ബോധിപ്പിക്കാനും ചില ഇടയാളന്മാര് വേണ്ടതുണ്ട് എന്ന വിശ്വാസം എത്ര മാത്രം നീചമാണ്! അല്ലാഹുവിനെ ബഹുമാനിക്കേണ്ടതിന് പകരം അവനെ അപമാനിക്കുകയും, അവന്റെ മഹത്വത്തിന് യോജിക്കാത്ത കാര്യങ്ങള്‍ അല്ലാഹുവിന്റെ മേല്‍ കെട്ടിവെക്കുകയുമാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.
അല്ലാഹുവിനെ വിളിച്ചു പ്രാര്‍ഥിക്കുമ്പോള്‍ അവനും മനുഷ്യനും ഇടയില്‍ ഒരാളുടെയും മദ്ധ്യസ്ഥത ആവശ്യമില്ല. ഓരോ അടിമക്കും അല്ലാഹുവിങ്കലേക്ക് നേരെ കൈകളുയര്‍ത്താം. ഒരു മദ്ധ്യസ്ഥനെയും കേള്‍പ്പിക്കാതെ സ്വന്തം കാര്യം മനസ്സു തുറന്നു പറയാം. അങ്ങനെ അല്ലാഹുവിന്റെ മുന്നില്‍ മനസ്സു തുറക്കാന്‍ കഴിയുക എന്നതിനെക്കാള്‍ മനോഹരവും ആനന്ദദായകവുമായ മറ്റേത് അവസ്ഥയാണ് ഈ ദുനിയാവില് ഒരാള്‍ക്ക് ലഭിക്കാനുള്ളത്?!
നിങ്ങള്‍ ഖുര്‍ആന്‍ തുറന്നു നോക്കൂ! എത്രയെത്ര ആയതുകളിലാണ് അല്ലാഹു -تَعَالَى- അവനോടു പ്രാര്‍ഥിക്കാന്‍ കല്പ്പിച്ചിരിക്കുന്നത്. അവിടെ എവിടെയെങ്കിലും ‘നിനക്കും എനിക്കും ഇടയില്‍ ചില മദ്ധ്യസ്ഥന്മാരെ നീ നിശ്ചയിക്കണം’ എന്ന് അല്ലാഹു -تَعَالَى- നമ്മോടു കല്‍പ്പിച്ചുവോ?
وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ﴿٦٠﴾
“നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച.” (ഗാഫിര്: 60)
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ ﴿١٨٦﴾
“നിന്നോട് എന്റെ ദാസന്മാര് എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്ത്ഥിക്കുന്നവന് എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്.” (ബഖറ: 186)
ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً ۚ إِنَّهُ لَا يُحِبُّ الْمُعْتَدِينَ ﴿٥٥﴾
“താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ റബ്ബിനോട് പ്രാര്‍ത്ഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല.” (അഅറാഫ്: 55)
وَاسْأَلُوا اللَّهَ مِن فَضْلِهِ ۗ إِنَّ اللَّهَ كَانَ بِكُلِّ شَيْءٍ عَلِيمًا ﴿٣٢﴾
“അല്ലാഹുവോട് അവന്റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.” (നിസാഅ: 32)
ചെറിയ കുട്ടിയായിരിക്കെ ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- യോട് നബി -ﷺ- പറഞ്ഞതു നോക്കൂ:
إِذَا سَأَلْتَ فَاسْأَلْ اللَّهَ, وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ
“നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക! നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക!”
അല്ലാഹുവിനോട് ചോദിക്കാതെ, മദ്ധ്യസ്ഥന്മാരെ നിശ്ചയിക്കുന്നവരെ കുറിച്ച് നബി -ﷺ- പറഞ്ഞു:
إِنَّهُ مَنْ لَمْ يَسْأَلِ اللَّهَ يَغْضَبْ عَلَيْهِ
“അല്ലാഹുവിനോട് ചോദിക്കാത്തവനോട് അവന് ദേഷ്യപ്പെടും.” (തിര്‍മിദി: 3373)
മേല്‍ പറഞ്ഞതില്‍ നിന്നെല്ലാം അല്ലാഹുവിനെ വിളിച്ചു പ്രാര്‍ഥിക്കുന്നതിനും, അവനോടു സഹായം ചോദിക്കുന്നതിനും മദ്ധ്യസ്ഥരുടെ ആവശ്യമില്ല എന്ന അടിസ്ഥാനപരമായ പാഠം മനസ്സിലാക്കാന്‍ കഴിയും. അല്ലാഹുവിനും സൃഷ്ടികള്‍ക്കും ഇടയില്‍ മദ്ധ്യസ്ഥരെ നിശ്ചയിക്കുന്നതിന് രണ്ട് രൂപങ്ങളുണ്ട്. അതില്‍ ഒന്നും ഇസ്ലാമില്‍ നിന്ന് പുറത്തു പോകുന്ന കുഫ്റും ശിര്‍കുമാണ്. മറ്റൊന്ന് വളരെ ഗുരുതരമായ ബിദ്അത്തും തിന്മയുമാണ്.
ഒന്ന്: അല്ലാഹുവിനും സൃഷ്ടികള്‍ക്കും ഇടയില്‍ മദ്ധ്യസ്ഥന്മാരെ നിശ്ചയിക്കുകയും, അവരെ വിളിച്ചു പ്രാര്‍ഥിക്കുകയും, അവരുടെ മേല്‍ ഭരമേല്‍പ്പിക്കുകയും, അവരോടു ശുപാര്‍ശ ചോദിക്കുകയും ചെയ്യല്‍. ഇത് ഇസ്ലാമില്‍ നിന്ന് പുറത്തു പോകുന്ന കുഫ്റാണ്. കാരണം അല്ലാഹുവിനെ ഇബാദത് ചെയ്യുന്നതില്‍ മദ്ധ്യസ്ഥനെ നിശ്ചയിക്കുക എന്നത് കുഫ്റാണ്. ഇതേ വിശ്വാസം തന്നെയാണ് മക്കയിലെ മുശ്രിക്കുകള്‍ വെച്ചു പുലര്‍ത്തിയിരുന്നത്.
അല്ലാഹു -تَعَالَى- പറഞ്ഞു:
وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَىٰإِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ ﴿٣﴾
“അവന്നു പുറമെ ഔലിയാക്കളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും അങ്ങേയറ്റം കാഫിറുമായിട്ടുള്ളവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.” (സുമര്‍: 3)
നോക്കൂ! അല്ലാഹുവിലേക്ക് സാമീപ്യം ലഭിക്കുന്നതിന് വേണ്ടി മദ്ധ്യസ്ഥന്മാരെ നിശ്ചയിച്ചവരെ തനിച്ച കാഫിറുകളായാണ് അല്ലാഹു -تَعَالَى- വിശേഷിപ്പിച്ചത്. അതില്‍ നിന്ന് അവരുടെ പ്രവൃത്തി ഇസ്ലാമില്‍ നിന്ന് പുറത്തു പോകുന്ന കുഫ്ര് ആണെന്ന് മനസ്സിലാക്കാം.
وَيَعْبُدُونَ مِن دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّهِ ۚقُلْ أَتُنَبِّئُونَ اللَّهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْضِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ ﴿١٨﴾
“അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ ശിര്‍ക് ചെയ്യുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.” (യൂനുസ്: 18)
മേലെ നല്കിയ ആയതിന്റെ അവസാന ഭാഗം പ്രത്യേകം ശ്രദ്ധിക്കുക. അല്ലാഹുവിനെ ആരാധിക്കുന്നതില്‍ മദ്ധ്യസ്ഥന്മാരെ നിശ്ചയിച്ച അവരുടെ പ്രവൃത്തിയെ കുറിച്ച് ശിര്‍ക് എന്നാണ് അല്ലാഹു -تَعَالَى- ആയതിന്റെ അവസാന ഭാഗത്തില്‍ വിശദീകരിച്ചത്. ചുരുക്കത്തില്‍, അല്ലാഹുവിനും സൃഷ്ടികള്‍ക്കും ഇടയില്‍ മദ്ധ്യസ്ഥരെ നിശ്ചയിക്കുകയും അവരെ വിളിച്ചു പ്രാര്‍ഥിക്കുകയും അവരുടെ മേല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക എന്നത് ശിര്കാണ് എന്നു മനസ്സിലായി.
രണ്ട്: അല്ലാഹുവിനും സൃഷ്ടികള്‍ക്കും ഇടയില്‍ മദ്ധ്യസ്ഥരെ നിശ്ചയിക്കുകയും, അവര്‍ അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുന്ന കാരണങ്ങളാണ് എന്നു കരുതുകയും ചെയ്യുക. ഇബാദതുകള്‍ അല്ലാഹുവിന് മാത്രമേ സമര്‍പ്പിക്കാവൂ എന്നും, അവനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കാവൂ എന്നും ഉറച്ചു വിശ്വസിക്കുന്നതോടൊപ്പം മഹാന്മാര്ക്ക് അല്ലാഹുവിങ്കലുള്ള സ്ഥാനവും മഹത്വവും കാരണത്താല്‍ അവരെ മുന്‍നിര്‍ത്തി അല്ലാഹുവിനോട് ചോദിച്ചാല്‍ അവന് വേഗം പ്രാര്‍ത്ഥനക്കുത്തരം നല്‍കും എന്ന് വിശ്വസിക്കുകയാണ് ചെയ്യുന്നതെങ്കില്‍ അത് ശിര്കല്ല.
എന്നാല്‍ ഇങ്ങനെ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക എന്നതിന് നബി -ﷺ- യുടെ സ്വഹാബത്തിന്റെയോ മാതൃകയില്ല എന്നതിനാല്‍ അത് ബിദ്അതാകും. മാത്രമല്ല, അല്ലാഹുവിന് പുറമെയുള്ളവരിലേക്ക് ക്രമേണ മനസ്സ് ചായാനും, അങ്ങനെ ശിര്‍കിലേക്ക് എത്താനും സാധ്യതയുള്ളതിനാല്‍ ശിര്‍കിലേക്ക് നയിക്കുന്ന കാര്യം എന്ന അര്‍ത്ഥത്തില്‍ ‘വസീലതുന്‍ ഇലശ്ശിര്ക്’ കൂടിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍.
മേല്‍ പറഞ്ഞ രണ്ട് അവസ്ഥകളും പ്രത്യേകം വേര്‍തിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ഒന്ന് ഇസ്ലാമില്‍ നിന്ന് പുറത്തു പോകുന്ന ശിര്കും കുഫ്റുമാണെങ്കില് മറ്റൊന്ന് നബി -ﷺ- വളരെ ശക്തമായി ആക്ഷേപിച്ച ബിദ്അതാണ്. അല്ലാഹു -تَعَالَى- അവന്റെ ദീനിന് വിരുദ്ധമാകുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും നമ്മെ കാത്തു രക്ഷിക്കുകയും, അവന്റെ ദീനില്‍ അടിയുറച്ച് നിലകൊള്ളുന്നവരായി മരിപ്പിക്കുകയും ചെയ്യട്ടെ.
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.
كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد
أَصْلُهُ: رِسَالَةٌ كَتَبَهَا الشَّيْخُ فَيْصَلُ بْنُ قَزَّار الجَاسِم
تَجْرِيدُ التَّوْحِيدِ مِنْ دَرَنِ الشِّرْكِ وَشُبَهِ التَّنْدِيدِ
وَفِيهِ مُقْتَطَفَاتٌ مِنْ كِتَابِ: دُرُوسٌ فِي شَرْحِ نَوَاقِضِ الاسْلَامِ
لِلشَّيْخِ صَالِح بْنِ فَوْزَان الفَوْزَان
-غَفَرَ اللَّهُ لَهُمْ وَلِوَالِدَيْهِمْ وَلِجَمِيعِ المُسْلِمِينَ-
barakallahu feek