അല്ലാഹു -تَعَالَى- മനുഷ്യരെ ആദരിച്ചതായി ഖുര്‍ആനില്‍ അറിയിച്ചിരിക്കുന്നു.

وَلَقَدْ كَرَّمْنَا بَنِي آدَمَ

“തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു.” (ഇസ്റാഅ്: 70)

മനുഷ്യരെ അല്ലാഹു -تَعَالَى- എങ്ങനെയാണ് ആദരിച്ചതെന്നത് വിശദീകരിക്കവെ പണ്ഡിതന്മാര്‍ അതിന് ധാരാളം ഉദാഹരണങ്ങള്‍ പറഞ്ഞതായി കാണാം. അതിലൊന്നാണ് ‘പുരുഷന്മാരെ താടി കൊണ്ടും, താഴേക്കിറങ്ങി കിടക്കുന്ന മുടി കൊണ്ട് സ്ത്രീകളെയും ആദരിച്ചിരിക്കുന്നു’ എന്ന വിശദീകരണം. ഇമാം ബഗവി, അബൂ ഹയ്യാന്‍, ഖുര്‍ത്വുബി തുടങ്ങിയവര്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്. ഈ വിശദീകരണങ്ങള്‍ ഇബ്‌നുല്‍ ജൗസി, അലൂസി, ശൗകാനി, സ്വിദ്ദീഖ് ഹസന്‍ ഖാന്‍ തുടങ്ങിയവര്‍ തങ്ങളുടെ തഫ്സീറുകളില്‍ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.

മേല്‍ പറഞ്ഞതില്‍ നിന്നൊരു കാര്യം മനസ്സിലാകുന്നു. പുരുഷന്മാരെ അല്ലാഹു ആദരിച്ച രൂപങ്ങളിലൊന്ന് അവര്‍ക്ക് താടി നല്‍കിയെന്നതാണ്. അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ ഭംഗിയാണത്. ഈമാനും ഇസ്‌ലാമുള്ള ഏതൊരാള്‍ക്കും ആ ഭംഗി മനസ്സിലാകാതെ പോവുകയില്ല. മനസ്സില്‍ നിഫാഖും രോഗവും കുടികിടക്കുന്നവര്‍ക്കല്ലാതെ അത് അഭംഗിയായി അനുഭവപ്പെടുകയുമില്ല.

അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ വര്‍ണ്ണമാണത്. അവന്റെ നേരായ -ഭംഗി നിറഞ്ഞ- സൃഷ്ടിപ്പ്!

وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ

“അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി.” (ഗാഫിര്‍: 64, തഗാബുന്‍: 3)

يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ ﴿٦﴾ الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ ﴿٧﴾ فِي أَيِّ صُورَةٍ مَّا شَاءَ رَكَّبَكَ ﴿٨﴾

“ഹേ; മനുഷ്യാ, ഉദാരനായ നിന്റെ റബ്ബിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌? നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും, നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍.” (ഇന്‍ഫിത്വാര്‍: 6-8)

ഈ ഭംഗിയെ നശിപ്പിച്ചു കൊണ്ടെങ്ങനെയാണ് ഈമാന്‍ മനസ്സിലുള്ള ഒരാള്‍ക്ക് താടിയില്‍ കത്തി വെക്കാന്‍ കഴിയുക?! റസൂലുല്ലയുടെ -ﷺ- സുന്നത്തുകളില്‍ പ്രധാനപ്പെട്ട ഒരു സുന്നത്തിനെ അവഗണിക്കാന്‍ സാധിക്കുക?!

ശൈഖ് മുഹമ്മദ് അമീന്‍ അശ്ശന്‍ഖീത് -رَحِمَهُ اللَّهُ- പറഞ്ഞു: “ഹൃദയങ്ങള്‍ മാറ്റിമറിക്കപ്പെട്ട, കാര്യങ്ങള്‍ അനുഭവിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെട്ട ചിലരെ കാണുമ്പോഴാണ് അത്ഭുതം! പൗരുഷത്തിന്റെയും ആണത്തത്തിന്റെയും വിശേഷണങ്ങളില്‍ നിന്ന് അവര്‍ ഓടിയൊളിക്കുന്നു. അവര്‍ക്ക് വേണ്ടത് ‘ഹിജഡ’കളുടെ സ്ത്രീത്വമാണ്.

തങ്ങളുടെ മുഖത്തെ രോമങ്ങള്‍ വടിച്ചു കളഞ്ഞ് അവരതിനെ വികൃതമാക്കിയിരിക്കുന്നു. സ്ത്രീകളില്‍ നിന്ന് പുരുഷനെ വേര്‍തിരിച്ച് നിര്‍ത്തുന്ന പ്രധാന അടയാളം നശിപ്പിച്ച്, സ്ത്രീകളോട് സദൃശ്യരാകാനാണ് അവര്‍ ഉദ്ദേശിക്കുന്നത്.

നബി -ﷺ- തിങ്ങിയ താടിയുള്ളവരായിരുന്നു. അവിടുന്ന് സൃഷ്ടികളില്‍ ഏറ്റവും ഭംഗിയുള്ളവരുമായിരുന്നു. അവിടുത്തെ രൂപമായിരുന്നു ഏറ്റവും മനോഹരമായത്. കിസ്റയുടെയും ഖയ്സ്വറിന്റെയും കൊട്ടാരങ്ങളിലെ നിധികള്‍ പിടിച്ചെടുത്തവരില്‍ ഒരാള്‍ പോലും താടി വടിച്ചവരായിരുന്നില്ല.

അല്ലാഹു -تَعَالَى- നമുക്കും നമ്മുടെ സഹോദരങ്ങളായ മുഅ്മിനീങ്ങള്‍ക്കും സത്യം സത്യമായി കാണിച്ചു തരികയും, അത് പിന്‍പറ്റാന്‍ അവസരം നല്‍കുകയും ചെയ്യട്ടെ. അസത്യത്തെ അപ്രകാരം തന്നെ കാണിച്ചു നല്‍കുകയും, അതില്‍ നിന്ന് അകന്നു നില്‍ക്കാന്‍ നമുക്ക് അവസരം നല്‍കുകയും ചെയ്യട്ടെ.”” (അദ്വ്വാഉല്‍ ബയാന്‍: 4/506)

എന്നാല്‍ -ഖേദകരമെന്ന് പറയട്ടെ- ഇസ്‌ലാമിക സൈന്യങ്ങളില്‍ വരെ താടി വടിക്കല്‍ ഇന്ന് സര്‍വ്വ സാധാരണമാണ്. പലരും അത് പട്ടാളത്തിന്റെ നയമാണ് എന്ന പേരും പറഞ്ഞാണ് വടിച്ചു കളയുന്നത്. അല്ലാഹുവിന്റെ നിയമമാണ് പിന്‍പറ്റാന്‍ കൂടുതല്‍ അര്‍ഹമായിട്ടുള്ളത് എന്ന് ഈ ‘മിസ്കീന്‍’ മനസ്സിലാക്കിയിട്ടില്ല.

നമ്മുടെ നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. പലപ്പോഴും തുഛമായ ശമ്പളം കിട്ടുന്ന ജോലിക്ക് വേണ്ടി പോലും താടി വടിച്ചു കളയുന്നവരുണ്ട്. ദുനിയാവിന്റെ തുഛമായ വിഭവങ്ങള്‍ക്ക് വേണ്ടി ആകാശഭൂമികളെക്കാള്‍ വിശാലമായ സ്വര്‍ഗലോകത്തെ വിറ്റു തുലക്കുന്ന നിര്‍ഭാഗ്യവാന്മാര്‍!

ഇതൊന്നുമില്ലാതെ, വെറുതെ താടി വടിച്ചു കളയുന്നവരുമുണ്ട്. ചിലരാകട്ടെ; താടി വളര്‍ത്തിയിട്ടുണ്ട്. പക്ഷേ, അത് റസൂലിനെ പിന്‍പറ്റിയോ, അല്ലാഹുവിന്റെ പ്രതിഫലം ഉദ്ദേശിച്ചു കൊണ്ടോ അല്ല. പുതിയ സിനിമയില്‍ നായകന്റെ രൂപമതായത് കൊണ്ടാണ്.

ഇന്നാലില്ലാഹ്!

എന്താണ് മുസ്‌ലിമീങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്നത്?!

ഇന്നലെ വരെ താടി വെക്കണമെന്നും, അതിസ്ലാമികമാണെന്നും ആരെങ്കിലും അവനെ ഉപദേശിച്ചാല്‍ അവന്‍ പറഞ്ഞിരുന്നത് ‘അത് ചൊറിച്ചിലുണ്ടാക്കുമെന്നും’, ‘താടി ശരിക്ക് വന്നിട്ടില്ലെന്നു’മൊക്കെയാണ്. എന്നാല്‍ ഇന്നവനതാ ഒന്നു രണ്ട് രോമങ്ങള്‍ കൊണ്ട് പിശാചിന്റെ രൂപം വരുത്തിയിരിക്കുന്നു. മുഖം വികൃതമാക്കിയിരിക്കുന്നു. അതിലവന് യാതൊരു പ്രയാസവുമില്ല.

നീയും ആഗ്രഹിക്കുന്നത് സ്വഹാബികള്‍ ജീവന്‍ കൊടുത്തു വാങ്ങിയ സ്വര്‍ഗം തന്നെയാണോ?

നീ പ്രതീക്ഷിക്കുന്നത് അവരുടെ കൂടെ മരണത്തിന് ശേഷം നിന്റെയീ വികൃതമായ വേഷവുമായി കയറിച്ചെന്ന് സ്വര്‍ഗമാളികകളില്‍ വസിക്കാമെന്നാണോ?

അകലം അകലം!

നിനക്കാ സ്വര്‍ഗത്തില്‍ നിന്നകലം തന്നെ സഹോദരാ!

താടി വടിക്കുന്നതിലെ തെറ്റുകള്‍

ഒന്ന്: നബി -ﷺ- യുടെ കല്‍പ്പനയെ ധിക്കരിക്കലാണ് താടി വടിക്കല്‍:

താടി വെറുതെ വിടണമെന്ന് നമ്മുടെ നബി -ﷺ- കല്‍പ്പിച്ച എത്രയോ ഹദീഥുകള്‍ നീ കണ്ടു. അതില്‍ പലതും ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീഥുകളുമാണ്. അവ സ്ഥിരപ്പെട്ടവയാണെന്നതില്‍ സംശയമില്ല. അതായത് നിന്റെ നബി -ﷺ- പറഞ്ഞ വാക്കുകളാണവ.

ഇത് മനസ്സിലായതിന് ശേഷം എങ്ങനെയാണ് നിനക്ക് നിന്റെ റസൂലിനെ ധിക്കരിക്കാനാവുക?! അവിടുത്തോട് സ്നേഹമുണ്ടെങ്കില്‍ ആ മാര്‍ഗത്തിന് വിരുദ്ധമാകാന്‍ നിനക്കെങ്ങനെയാണ് കഴിയുക?!

അല്ലാഹു -تَعَالَى- പറഞ്ഞു:

فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ﴿٦٣﴾

“ആകയാല്‍ അവിടുത്തെ (റസൂലിന്റെ) കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ഫിത്‌നയും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ.” (നൂര്‍: 63)

അല്ലാഹുവിന്റെ റസൂലിന്റെ കല്‍പ്പനകള്‍ക്ക് വിരുദ്ധമാകുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷയും, ഫിത്നയുമാണ്. ഈ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട ഫിത്നയെന്നത് കൊണ്ടുള്ള ഉദ്ദേശം ‘റസൂലുല്ലയെ ധിക്കരിക്കുന്നവന്‍ കാഫിറോ മുനാഫിഖോ മുര്‍തദ്ദോ ബിദ്അത്തുകാരനോ ആയി മരണപ്പെടുമെന്നതാണെന്ന്’ ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. ഈമാനിന് ശേഷം കുഫ്റില്‍ എത്തപ്പെടുക എന്നതെന്തു മാത്രം ഗൗരവമുള്ള കാര്യമാണ്.

അല്ലാഹു കാക്കട്ടെ.

മാത്രമല്ല നബി -ﷺ- യുടെ കല്‍പ്പനകളെ ധിക്കരിക്കുകയും, അവിടുത്തെ സുന്നത്തിനോട് വിമുഖത കാണിക്കുകയും ചെയ്യുന്നവരില്‍ നിന്ന് ഞാന്‍ ഒഴിവാണെന്ന് റസൂല്‍ -ﷺ- അറിയിച്ചിരിക്കുന്നു. അല്ലാഹുവിന്റെ റസൂല്‍ -ﷺ- മരണം വരെ നിലനിര്‍ത്തി വന്ന, അവിടുത്തെ സ്വഹാബികളെല്ലാം ഒരു പോലെ പിന്‍പറ്റിയ ഈ സുന്നത്തിന് വിരുദ്ധമായി നിലകൊണ്ടതിന് ശേഷം നിനക്കെങ്ങനെയാണ് റസൂലിന്റെ പിന്‍ഗാമിയാണ് ഞാനുമെന്ന് അഭിമാനിക്കാന്‍ കഴിയുക?!

قَالَ -ﷺ-: «… فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي»

നബി -ﷺ- പറഞ്ഞു: “എന്റെ സുന്നത്തിനോട് വിമുഖത കാണിച്ചവന്‍ എന്നില്‍ പെട്ടവനല്ല.” (ബുഖാരി: 5063, മുസ്‌ലിം: 1401)

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «كُلُّ أُمَّتِي يَدْخُلُونَ الجَنَّةَ إِلَّا مَنْ أَبَى»، قَالُوا: يَا رَسُولَ اللَّهِ، وَمَنْ يَأْبَى؟ قَالَ: «مَنْ أَطَاعَنِي دَخَلَ الجَنَّةَ، وَمَنْ عَصَانِي فَقَدْ أَبَى»

മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: “എന്റെ ഉമ്മതില്‍ നിന്ന് എല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിക്കും; വിസമ്മതിച്ചവരൊഴികെ.” സ്വഹാബികള്‍ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! ആരാണ് (സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിന്) വിസമ്മതം പ്രകടിപ്പിക്കുക?” നബി -ﷺ- പറഞ്ഞു: “എന്നെ അനുസരിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും; എന്നെ ധിക്കരിച്ചവന്‍ വിസമ്മതം പ്രകടിപ്പിച്ചിരിക്കുന്നു.” (ബുഖാരി: 7280)

ദിവസവും ഷേവിംഗ് സെറ്റു കൊണ്ട് മുഖത്തെ താടി രോമങ്ങള്‍ ചുരണ്ടി മുഖം വികൃതമാക്കുമ്പോള്‍ സ്വര്‍ഗത്തിന്റെ പരിമളത്തില്‍ നിന്നും, അതിലെ അനുഭൂതികളില്‍ നിന്നും കൂടിയാണ് നീ അകലുന്നതെന്ന് ഓര്‍ക്കുക!

രണ്ട്: താടി വടിക്കല്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിന് മാറ്റം വരുത്തലാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

لَّعَنَهُ اللَّـهُ ۘ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًا مَّفْرُوضًا ﴿١١٨﴾ وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الْأَنْعَامِ وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّـهِ ۚ وَمَن يَتَّخِذِ الشَّيْطَانَ وَلِيًّا مِّن دُونِ اللَّـهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا ﴿١١٩﴾

“അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു. അവന്‍ (അല്ലാഹുവോട്‌) പറയുകയുണ്ടായി: നിന്റെ ദാസന്‍മാരില്‍ നിന്ന് ഒരു നിശ്ചിത വിഹിതം (എന്റെതായി) ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കുന്നതാണ്‌. അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു.” (നിസാഅ്: 118-119)

ഈ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുക എന്നതിന്റെ ഉദ്ദേശത്തില്‍ പെട്ടതാണ് താടി വടിക്കല്‍. തഹ്നാവി, കാന്തലവി, ശാഹ് വലിയ്യുല്ലാഹ് അദ്ദഹ്ലവി തുടങ്ങിയവര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഇമാം ത്വബരിയാകട്ടെ; സ്ത്രീകള്‍ക്ക് പോലും മീശയോ താടി രോമങ്ങളോ മുളച്ചാല്‍ അത് നീക്കം ചെയ്യുന്നത് നിഷിദ്ധമാണെന്നും, അല്ലാഹുവിന്റെ സൃഷ്ടിപ്പിന് മാറ്റം വരുത്തലാണെന്നും വിശദീകരിച്ചിട്ടുണ്ട്. (ഫത്ഹുല്‍ ബാരി: 10/377) സ്ത്രീകളുടെ കാര്യം പോലും ഇപ്രകാരമാണെങ്കില്‍ പുരുഷന്മാരുടേത് എത്ര ഗൗരവമുള്ളതായിരിക്കും.

താടി രോമങ്ങള്‍ നീക്കം ചെയ്യുന്നത് അല്ലാഹുവിന്റെ സൃഷ്ടിപ്പിന് മാറ്റം വരുത്തലാണെങ്കില്‍ ഗുഹ്യഭാഗത്തെയും കക്ഷത്തിലെയും രോമങ്ങള്‍ നീക്കം ചെയ്യുന്നതും, നഖം വെട്ടുന്നതുമെല്ലാം അപ്രകാരം തന്നെയാകേണ്ടതല്ലേ എന്ന് ചിലര്‍ ചോദിച്ചേക്കാം.

അതിന് ഉത്തരമാണ് ശൈഖ് അല്‍ബാനി -رَحِمَهُ اللَّهُ- യുടെ ഈ വാക്കുകള്‍. അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ അനുമതിയില്ലാതെ ശരീരത്തില്‍ എന്തെങ്കിലും കാര്യങ്ങള്‍ നീക്കം ചെയ്യുന്നത് നിഷിദ്ധമാണെന്നതിന് ഈ ആയത്ത് തെളിവാണ്. ‘അല്ലാഹുവിന്റെ അനുമതിയില്ലാതെ’ എന്ന് ഞാന്‍ പ്രത്യേകം പറയാനുള്ള കാരണം കക്ഷത്തിലെ രോമം വടിക്കുന്നതും മറ്റും സൃഷ്ടിപ്പില്‍ മാറ്റം വരുത്തലാകുമോ എന്ന് ചിലര്‍ സംശയിക്കാന്‍ കാരണമുള്ളത് കൊണ്ടാണ്. അതിനുള്ള ഉത്തരം; അവ നീക്കം ചെയ്യാന്‍ അല്ലാഹു അനുമതി നല്‍കിയിട്ടുണ്ടെന്നാണ്. അല്ല! ചിലതെല്ലാം ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുന്നത് അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുണ്ട്.” (ആദാബുസ്സിഫാഫ്: 208)

عَنْ عَبْدِ اللَّهِ، قَالَ: «لَعَنَ اللَّهُ الوَاشِمَاتِ وَالمُوتَشِمَاتِ، وَالمُتَنَمِّصَاتِ وَالمُتَفَلِّجَاتِ، لِلْحُسْنِ المُغَيِّرَاتِ خَلْقَ اللَّهِ»

നബി -ﷺ- പറഞ്ഞതായി അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “അല്ലാഹു -تَعَالَى- പച്ച കുത്തുന്ന സ്ത്രീകളെയും, അത് ചെയ്തു കൊടുക്കുന്നവളെയും, മുഖത്തുള്ള രോമം പറിക്കുന്നവളെയും, പല്ലുകള്‍ക്കിടയില്‍ വിടവുണ്ടാക്കുന്ന സ്ത്രീകളെയും, ഭംഗിക്ക് വേണ്ടി അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുന്ന സ്ത്രീകളെയും ശപിച്ചിരിക്കുന്നു.” (ബുഖാരി: 4886, മുസ്‌ലിം: 2125)

ഈ ഹദീഥില്‍ പരാമര്‍ശിക്കപ്പെട്ട, ഭംഗിക്ക് വേണ്ടി അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുന്നവരെന്നതില്‍ താടി വടിക്കുന്ന പുരുഷന്മാരും ഉള്‍പ്പെടുമെന്നതില്‍ സംശയമില്ല. അല്ലാഹുവിന്റെ ശാപമാണ് ഓരോ ഷേവിംഗിലൂടെയും അവര്‍ വാങ്ങിവെച്ചു കൊണ്ടിരിക്കുന്നതെന്ന ഓര്‍മ്മയുണ്ടാകട്ടെ!

മൂന്ന്: താടി വടിക്കല്‍ സ്ത്രീകളോട് സാദൃശ്യപ്പെടലാണ്.

ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ-പറഞ്ഞു: “താടി വെക്കുന്നതില്‍ ധാരാളം ഉപകാരങ്ങളുണ്ട്. അതില്‍ ഭംഗിയുണ്ട്. താടിയുള്ളവര്‍ക്ക് ഗാംഭീര്യവും ആദരവുമുണ്ടായിരിക്കും. ഇത് കൊണ്ട് തന്നെയാണ് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമൊന്നും താടിയുള്ള പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ഗാംഭീര്യവും ആദരവും ലഭിക്കാത്തത്.

താടി കൊണ്ട് ലഭിക്കുന്ന ഉപകാരങ്ങളില്‍ പെട്ടതാണ് അത് പുരുഷനെയും സ്ത്രീയെയും വേര്‍തിരിക്കാന്‍ സഹായിക്കുന്നതാണെന്നത്… മാത്രവുമല്ല, സ്ത്രീകള്‍ ചുംബിക്കപ്പെടുകയും ആസ്വാദനത്തിനുമുള്ളവരാണ്. അവര്‍ക്ക് താടിയുണ്ടാകാതിരിക്കലാണ് നല്ലത്. കാരണം രോമമില്ലാത്ത സ്ഥിതിയിലാണ് കൂടുതല്‍ ആസ്വാദനമുണ്ടാവുക.” (തിബ്യാന്‍ ഫീ അഖ്സാമില്‍ ഖുര്‍ആന്‍: 95)

താടി സ്ത്രീയില്‍ നിന്ന് പുരുഷനെ വേര്‍തിരിക്കുന്നു. അത് വടിച്ചു കളയുന്നവനാകട്ടെ; സ്ത്രീകളോട് സാദൃശ്യമുള്ളവനാവുകയുമാണ്. സ്ത്രീകളുമായി സാദൃശ്യപ്പെടുന്നവരെയാകട്ടെ; നബി -ﷺ- ശക്തമായി ആക്ഷേപിച്ചിട്ടുമുണ്ട്.

عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: «لَعَنَ رَسُولُ اللَّهِ –ﷺ- المُتَشَبِّهِينَ مِنَ الرِّجَالِ بِالنِّسَاءِ، وَالمُتَشَبِّهَاتِ مِنَ النِّسَاءِ بِالرِّجَالِ»

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “നബി -ﷺ- സ്ത്രീകളോട് സാദൃശ്യപ്പെടുന്ന പുരുഷന്മാരെയും, പുരുഷന്മാരോട് സാദൃശ്യപ്പെടുന്ന സ്ത്രീകളെയും ശപിച്ചിരിക്കുന്നു.” (ബുഖാരി: 5885)

عَنِ ابْنِ عَبَّاسٍ، قَالَ: لَعَنَ النَّبِيُّ -ﷺ- المُخَنَّثِينَ مِنَ الرِّجَالِ، وَالمُتَرَجِّلاَتِ مِنَ النِّسَاءِ، وَقَالَ: «أَخْرِجُوهُمْ مِنْ بُيُوتِكُمْ» قَالَ: فَأَخْرَجَ النَّبِيُّ -ﷺ- فُلاَنًا، وَأَخْرَجَ عُمَرُ فُلاَنًا.

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: നബി -ﷺ- സ്ത്രൈണത പ്രകടിപ്പിക്കുന്ന പുരുഷന്മാരെയും, പൗരുഷം പ്രകടിപ്പിക്കുന്ന സ്ത്രീകളെയും ശപിച്ചിരിക്കുന്നു. അവിടുന്ന് പറഞ്ഞു: “അവരെ നിങ്ങളുടെ വീടുകളില്‍ നിന്ന് പുറത്താക്കുക.” നബി -ﷺ- അത്തരം ഒരാളെ പുറത്താക്കി. ഉമറും -رَضِيَ اللَّهُ عَنْهُ- ഒരാളെ പുറത്താക്കി. (ബുഖാരി: 5886)

മേലെ നല്‍കിയ രണ്ട് ഹദീഥുകളും സ്ത്രീകളോട് സാദൃശ്യപ്പെടുന്നത് വളരെ വലിയ തിന്മയായാണ് പരിചയപ്പെടുത്തിയത്. താടി വടിക്കല്‍ സ്ത്രീകളോട് സാദൃശ്യപ്പെടലാണ് എന്ന കാര്യം നാം മേലെ സ്ഥാപിക്കുകയും ചെയ്തു. അതില്‍ നിന്ന് താടി വടിക്കുന്നതിന്റെ ഗൗരവം നിനക്ക് മനസ്സിലാക്കാവുന്നതാണ്.

നാല്: താടി വടിക്കുന്നത് കാഫിറുകളോട് സാദൃശ്യപ്പെടലാണ്.

താടി വടിക്കല്‍ കാഫിറുകളോട് സാദൃശ്യപ്പെടലാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആരാധനാ രീതികളും പിന്‍പറ്റുന്നത് നിഷിദ്ധമാണെന്ന കാര്യം അനേകം തെളിവുകളാല്‍ സ്ഥിരപ്പെട്ടതുമാണ്.

അവരോട് സാദൃശ്യപ്പെടുകയെന്നതാകട്ടെ; മനസ്സിലും പുറത്തും അവരോട് സ്നേഹം ഉണ്ടാക്കുകയും, അവരെ ബഹുമാനിക്കുന്നതിലേക്കും ആദരിക്കുന്നതിലേക്കും നയിക്കുകയും ചെയ്യും. ഇതും ഇസ്‌ലാമിക ദൃഷ്ട്യാ വലിയ തെറ്റു തന്നെ. (ശൈഖുല്‍ ഇസ്‌ലാമിന്റെ ഇഖ്തിദാഉസ്സ്വിറാത് നോക്കുക)

عَنِ ابْنِ عُمَرَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «خَالِفُوا الْمُشْرِكِينَ أَحْفُوا الشَّوَارِبَ، وَأَوْفُوا اللِّحَى»

ഇബ്‌നു ഉമറില്‍ നിന്ന് തന്നെയുള്ള മറ്റൊരു ഹദീഥില്‍ നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ മുശ്രിക്കുകളോട് എതിരാവുക; മീശ നന്നായി ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക.” (മുസ്‌ലിം: 259)

ഈ വിഷയത്തില്‍ വേറെയും ചില ഹദീഥുകള്‍ താടിയുടെ ശ്രേഷ്ഠതയും അത് വെറുതെ വിടല്‍ നിര്‍ബന്ധമാണെന്നും വിവരിക്കവെ നാം മുന്‍പും എടുത്തു കൊടുത്തിട്ടുണ്ട്.

ഈ ഹദീഥുകള്‍ എടുത്തു കൊടുത്തതിന് ശേഷം ശൈഖുല്‍ ഇസ്‌ലാം –رَحِمَهُ اللَّهُ- പറഞ്ഞു: “താടി വളര്‍ത്തണമെന്ന് വിധിക്കാനുള്ള പ്രധാന കാരണം -അല്ലെങ്കില്‍ പൂര്‍ണമായ കാരണം- അത് കാഫിറുകളോട് സാദൃശ്യപ്പെടലാണെന്നതാണ്. മജൂസികളോടും മറ്റുമുള്ള ഇത്തരം സാദൃശ്യപ്പെടല്‍ നിഷിദ്ധമാണെന്ന് സലഫുകള്‍ -മുന്‍ഗാമികള്‍- മനസ്സിലാക്കിയത് കൊണ്ട് തന്നെ അവര്‍ അനേകം വിഷയങ്ങളില്‍ -അതില്‍ വ്യക്തമായ തെളിവ് വരാതിരിന്നിട്ടു കൂടി- ഹറാം എന്ന വിധി പ്രസ്താവിച്ചിട്ടുണ്ട്.

ഉദാഹരണത്തിന് ഇമാം അഹ്മദിനോട് മുടിയുടെ പിറകില്‍ കഴുത്തിലേക്ക് ഇറങ്ങി നില്‍ക്കുന്ന മുടി വെട്ടാമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “അത് മജൂസികളുടെ സമ്പ്രദായമാണ്. ആരെങ്കിലും ഒരു സമൂഹത്തോട് സദൃശ്യരായാല്‍ അവന്‍ അവരില്‍ പെട്ടവനാണ്.” മേല്‍ പറഞ്ഞ വിധി -പിന്നിലേക്ക് ഇറങ്ങിയ മുടി വടിക്കുന്നത് നിഷിദ്ധമാണെന്നത്- ഖുര്‍ആനിലോ സുന്നത്തിലോ പ്രത്യേകം തെളിവ് വന്ന കാര്യമല്ല. എങ്കില്‍ കൂടി, അതില്‍ മറ്റു സമുദായക്കാരോട് സാദൃശ്യമുണ്ടായതോടെ അത് പണ്ഡിതന്മാര്‍ നിഷിദ്ധമായി കണ്ടു.

താടി വളര്‍ത്തുന്നതിന്റെ കാര്യവും ഇത് പോലെ തന്നെ. കാഫിറുകള്‍ പൊതുവെ താടി വടിക്കുകയും, മീശ വളര്‍ത്തുകയും ചെയ്യുന്നവരാണ്. നസ്വ്റാനികളും നമ്മുടെ നാട്ടില്‍ ബഹുഭൂരിപക്ഷമുള്ള ഹൈന്ദവരും മത നിഷേധികളുമൊക്കെ അപ്രകാരം തന്നെയാണ് കാണപ്പെടാറുള്ളത്. അവരില്‍ ചിലര്‍ താടി വളര്‍ത്തിയാല്‍ തന്നെ, അതോടൊപ്പം മീശയും വളര്‍ത്തും.

ഇവര്‍ക്കിടയില്‍ നിന്ന് ഇസ്‌ലാമിന്റെ താടി വേറിട്ടു നില്‍ക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. എന്തിനധികം?! മുസ്‌ലിമീങ്ങളുടെ കൂട്ടത്തില്‍ തന്നെ ചിലര്‍ ഫേഷനു വേണ്ടിയും, സിനിമാ നടന്മാരെ അനുകരിച്ചു കൊണ്ടും വളര്‍ത്തുന്ന താടികളുണ്ട്. അത് പോലും ഇസ്‌ലാമിന്റെ താടിയോട് വളരെ വേറിട്ടു നില്‍ക്കുന്നതും, അതില്‍ നിന്ന് അകല്‍ച്ച പാലിക്കുന്നതുമാണ്.

كَتَبَهُ: الأَخُ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • مشاء اللَّهُ മുഹമ്മദ്‌ നബിയുടെ സുന്നത്ത് അതികംരിപ്പിക്കാൻ اللَّهُ تعلى ഭാഗ്യം നല്കുമാറാകട്ടെ കുടുംബത്തിനും, കൂട്ടുകാർക്കും, നാട്ടുകാർക്കും 🤲🏻 امين

Leave a Comment