തൗഹീദിന്റെ പൂർത്തീകരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രണ്ട് കാര്യങ്ങളാണ്.

ഒന്ന്: ദീനിലെ കൽപ്പനകൾ പ്രവർത്തിച്ചു കൊണ്ട് തൗഹീദ് പൂർത്തീകരിക്കൽ (التَّكْمِيلُ)

രണ്ട്: ദീനിൽ വിലക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് സ്വന്തത്തെ ശുദ്ധീകരിക്കൽ (التَّصْفِيَةُ)

അടിസ്ഥാനം രണ്ട്: ദീനിൽ വിലക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് സ്വന്തത്തെ ശുദ്ധീകരിക്കൽ (التَّصْفِيَةُ)

അല്ലാഹുവിന്റെ ദീനിൽ വിരോധിക്കപ്പെട്ട അനേകം തിന്മകളുണ്ട്. അവയിൽ ഏറ്റവും വലുത് ശിർകാണ്. അല്ലാഹുവിനുള്ള ആരാധനയിൽ പങ്കുചേർക്കുക എന്ന ഗുരുതരമായ ഈ പാപം ചെയ്താൽ അവൻ തൗഹീദിന്റെ അടിത്തറ തന്നെ തച്ചുടച്ചിരിക്കുന്നു. അതിന് സമാനമായ തിന്മകൾ തന്നെയാണ് അല്ലാഹുവിനെയും അവന്റെ റസൂലിനെയും നിഷേധിക്കുക എന്ന കുഫ്റും, മനസ്സിനുള്ളിൽ നിഷേധം ഒളിപ്പിച്ചു കൊണ്ട് പുറമേക്ക് ഇസ്‌ലാം പ്രകടിപ്പിക്കുന്ന നിഫാഖുമെല്ലാം.

ശേഷം അതിൽ താഴെയുള്ള തിന്മകളും പാപങ്ങളും ഇസ്‌ലാമിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. വൻപാപങ്ങളിൽ പെടുന്ന വ്യഭിചാരവും കൊലപാതകവും പലിശയുമെല്ലാം അതിൽ മുൻപന്തിയിൽ നിൽക്കുന്നു. ചെറുപാപങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വഗാഇറുകൾ അതിലും താഴെയുള്ള തെറ്റുകളാണ്. ‘ഒഴിവാക്കുന്നതാണ് ഉത്തമം’ എന്ന് പറയപ്പെടാവുന്ന മക്റൂഹുകൾ (വെറുക്കപ്പെട്ട കാര്യങ്ങൾ) ഉപേക്ഷിക്കേണ്ട കാര്യങ്ങൾ തന്നെ. ഇത്തരം തിന്മകളിൽ നിന്നും തെറ്റുകളിൽ നിന്നുമെല്ലാം പൂർണ്ണമായും വിട്ടുനിൽക്കുക എന്നത് തൗഹീദിന്റെ പൂർത്തീകരണത്തിലെ രണ്ടാമത്തെ അടിസ്ഥാനമാണ്.

തന്റെ അടിമ തിന്മകൾ പ്രവർത്തിക്കുക എന്നത് അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന കാര്യമാണ്. മറ്റെന്തിനേക്കാളും അല്ലാഹുവിനെ സ്നേഹിക്കുന്ന ഒരടിമ അല്ലാഹുവിന്റെ ഇഷ്ടത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കും. അല്ലാഹുവിനോടുള്ള അവന്റെ സ്നേഹത്തിന്റെ ദൃഢതയും ശക്തിയും അനുസരിച്ച് അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നുള്ള അവന്റെ അകൽച്ചയും വർദ്ധിക്കും. ഇപ്രകാരം തിന്മകളിൽ നിന്ന് പൂർണ്ണമായി തന്നെ ശുദ്ധീകരിക്കുമ്പോൾ അവന്റെ തൗഹീദ് കൂടുതൽ കൂടുതൽ പൂർണ്ണതയിലേക്ക് അടുക്കുകയാണ് ചെയ്യുന്നത്.

الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَـٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ ﴿٨٢﴾

“(അല്ലാഹുവിലും അവന്റെ റസൂലിലും പരലോകത്തിലും) വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തിൽ യാതൊരു അതിക്രമവും കൂട്ടിക്കലർത്താതിരിക്കുകയും ചെയ്തവർ; അവർക്കാകുന്നു നിർഭയത്വമുള്ളത്. അവർ തന്നെയാകുന്നു സന്മാർഗം സിദ്ധിച്ചവർ.” (അൻആം: 82)

ഇഹലോകത്തും പരലോകത്തും നിർഭയത്വം ലഭിക്കുന്നത് ‘അല്ലാഹുവിൽ വിശ്വസിക്കുകയും, ശേഷം തന്റെ വിശ്വാസത്തിൽ യാതൊരു അതിക്രമവും കൂട്ടിക്കലർത്താതിരിക്കുകയും ചെയ്തവർക്കാണ്’ എന്ന അല്ലാഹുവിന്റെ ഈ വചനം തൗഹീദിന്റെ പൂർത്തീകരണത്തിലേക്ക് ഏറ്റവും വ്യക്തമായ സൂചന നൽകുന്ന ആയത്താണ്. കാരണം ആയത്തിൽ പരാമർശിക്കപ്പെട്ട നിർഭയത്വം രണ്ട് രൂപത്തിലുണ്ട്.

ഒന്ന്: പരിപൂർണ്ണമായ നിർഭയത്വം. ഇസ്‌ലാം സ്വീകരിച്ച ശേഷം ഒരു തിന്മയും തന്റെ ജീവിതത്തിൽ കൂട്ടിക്കലർത്താതിരിക്കുകയും, എന്തെങ്കിലും തിന്മ സംഭവിച്ചാൽ ഉടനടി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തവർക്ക് പരിപൂർണ്ണമായ നിർഭയത്വമാണ് ഉണ്ടായിരിക്കുക. അവന് പരലോകത്ത് യാതൊരു ശിക്ഷയെയും ഭയക്കേണ്ടി വരികയില്ല.

രണ്ട്: ഭാഗികമായ നിർഭയത്വം. ഇസ്‌ലാം സ്വീകരിച്ച ശേഷം ദീനിൽ നിന്ന് പുറത്തു പോകുന്ന തരത്തിലുള്ള ശിർകോ (ബഹുദൈവാരാധന) കുഫ്‌റോ (നിഷേധം) നിഫാഖോ (കപടവിശ്വാസം) രിദ്ദതോ (ദീൻ ഉപേക്ഷിക്കൽ) പോലുള്ള തിന്മകൾ പ്രവർത്തിക്കാത്തവർക്ക് ഭാഗികമായ നിർഭയത്വമുണ്ടായിരിക്കും. എന്നാൽ അതിൽ താഴെയുള്ള തെറ്റുകൾ -വൻപാപങ്ങളും മറ്റും- അവർ ചെയ്തിട്ടുണ്ടെങ്കിൽ ആ തിന്മകളുടെ തോതനുസരിച്ച് അവരുടെ നിർഭയത്വത്തിൽ കുറവുണ്ടാകുന്നതാണ്.

മേലെ നൽകിയ ആയതിന്റെ വിശദീകരണത്തിൽ ശൈഖ് നാസ്വിർ അസ്സഅ്ദി -رَحِمَهُ اللَّهُ- ഇക്കാര്യം വിവരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: “വിശ്വാസത്തിൽ യാതൊരു അതിക്രമവും -ശിർകോ മറ്റെന്തെങ്കിലും തിന്മകളോ ഒന്നും- കൂട്ടിക്കലർത്താത്തവർക്ക് പരിപൂർണ്ണമായ നിർഭയത്വവും സന്മാർഗവും ഉണ്ടായിരിക്കുന്നതാണ്. എന്നാൽ തങ്ങളുടെ വിശ്വാസത്തിൽ ശിർക് കൂട്ടിക്കലർത്തിയിട്ടില്ലെങ്കിലും മറ്റു പല തിന്മകളും പ്രവർത്തിച്ചവരാണെങ്കിൽ അവർക്ക് അടിസ്ഥാനപരമായി സന്മാർഗവും നിർഭയത്വവുമുണ്ടായിരിക്കും; എങ്കിലും അത് പൂർണ്ണമായിരിക്കുകയില്ല.” (തഫ്സീറുസ്സഅ്ദി: 263)

തിന്മകൾ പൂർണ്ണമായി ഉപേക്ഷിക്കുമ്പോഴാണ് തൗഹീദിന്റെ പൂർത്തീകരണം സാധ്യമാവുക എന്ന് ഈ പറഞ്ഞതിൽ നിന്ന് മനസ്സിലാകും. തിന്മകളിൽ നിന്ന് സാധ്യമാകുന്നിടത്തോളം അകന്നു നിൽക്കാനുള്ള ഇസ്‌ലാമിന്റെ നിരന്തരമായ ഉപദേശങ്ങൾ ഇതിനോട് ചേർത്തു വായിക്കാവുന്ന കാര്യങ്ങളിൽ പെട്ടതാണ്. തിന്മകൾ ചെയ്യരുത് എന്നതിന് പകരം തിന്മയുടെ വഴികളിലേക്ക് പ്രവേശിക്കുകയേ അരുത് എന്നാണ് പലയിടങ്ങളിലും കൽപ്പിക്കപ്പെട്ടിട്ടുള്ളത്.

അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ത്വാഗൂതുകളെ സംബന്ധിച്ച് പറഞ്ഞപ്പോൾ അല്ലാഹു കൽപ്പിച്ചത് നോക്കൂ.

وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ

“തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ത്വാഗൂതുകളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) ” (നഹ്ല്: 35)

ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് പണ്ഡിതന്മാർ പറഞ്ഞു: “ത്വാഗൂതുകളെ ഉപേക്ഷിക്കൂ എന്ന് മാത്രം അർത്ഥം ലഭിക്കുന്ന ‘ഉത്റുകൂ’ (اتْرُكُوا) എന്ന പദമല്ല ഈ ആയത്തിൽ വന്നിരിക്കുന്നത്. മറിച്ച്, ഉപേക്ഷിക്കുന്നതിനോടൊപ്പം തീർത്തും അകലേക്ക് മാറ്റിനിർത്തൂ എന്ന അർത്ഥം കൂടി ലഭിക്കുന്ന ‘ഇജ്തനിബൂ’ (اجْتَنِبُوا) എന്ന പദമാണ് ഈ ആയത്തിലുള്ളത്. അത് കൂടുതൽ ശക്തമായ പ്രയോഗമാണ്.” (ഹാശിയതു കിതാബിത്തൗഹീദ്: 14)

വിഗ്രഹങ്ങളെ ഉപേക്ഷിക്കാൻ കൽപ്പിച്ചപ്പോൾ സമാനമായ പ്രയോഗം ഖുർആനിൽ മറ്റൊരിടത്തും ആവർത്തിക്കപ്പെട്ടിട്ടുണ്ട്.

فَاجْتَنِبُوا الرِّجْسَ مِنَ الْأَوْثَانِ وَاجْتَنِبُوا قَوْلَ الزُّورِ ﴿٣٠﴾

“ആകയാല്‍ വിഗ്രഹങ്ങളാകുന്ന മാലിന്യത്തില്‍ നിന്നും നിങ്ങള്‍ അകന്ന് നില്‍ക്കുക. വ്യാജവാക്കില്‍ നിന്നും നിങ്ങള്‍ അകന്ന് നില്‍ക്കുക.” (ഹജ്ജ്: 30)

ഈ ആയത്തിൽ വിഗ്രഹങ്ങളെ ഉപേക്ഷിക്കാൻ സ്വീകരിച്ച അതേ പദപ്രയോഗം തന്നെയാണ് വ്യാജവാക്കുകൾ ഉപേക്ഷിക്കണമെന്ന് കൽപ്പിക്കാനും സ്വീകരിച്ചിരിക്കുന്നത്. തിന്മകൾ ഒരു ദിശയിലാണെങ്കിൽ അതിന്റെ തീർത്തും വിപരീത ദിശയിലായിരിക്കണം നീ ഉണ്ടായിരിക്കേണ്ടത് എന്ന ഓർമ്മപ്പെടുത്തൽ ഈ വാക്യങ്ങളിലെല്ലാമുണ്ട്. പാപങ്ങളിൽ നിന്ന് തീർത്തും അകന്നു നിൽക്കുന്നത് തൗഹീദ് പൂർത്തീകരിക്കുന്നതിന്റെ ഭാഗമാണെന്ന് ഇതെല്ലാം നമ്മെ ഓർമ്മപ്പെടുത്തുന്നു.

വ്യഭിചാരത്തിൽ നിന്ന് വിലക്കി കൊണ്ടുള്ള ഖുർആൻ വാക്യത്തിലും സമാനമായ പ്രയോഗം കാണാം.

وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا ﴿٣٢﴾

“നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്‌. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.” (ഇസ്റാഅ്: 32)

ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് ശൈഖ് നാസ്വിർ അസ്സഅ്ദി -رَحِمَهُ اللَّهُ- പറഞ്ഞു: “വ്യഭിചാരം നിരോധിക്കുക എന്നതിനേക്കാൾ ശക്തമാണ് വ്യഭിചാരത്തോട് അടുത്തു പോകുന്നത് വരെ വിലക്കുക എന്നത്. കാരണം ഇതോടെ വ്യഭിചാരത്തിലേക്ക് നയിക്കുന്നതും അതിലേക്ക് പ്രേരിപ്പിക്കുന്നതുമായ എല്ലാ കാര്യങ്ങളും വിലക്കപ്പെട്ടു കഴിഞ്ഞു.” (തഫ്സീറുസ്സഅ്ദി: 457)

സമാനമായ അനേകം പ്രയോഗങ്ങൾ വിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീഥുകളിലും നിരവധിയനവധി കാണാൻ കഴിയും. തിന്മകളെയും അതിലേക്ക് നയിച്ചേക്കാവുന്ന വഴികളെയും അകറ്റിനിർത്തുകയും, അവയെ ജീവിതത്തിൽ നിന്ന് തുടച്ചു നീക്കിക്കൊണ്ട് സ്വയം ശുദ്ധീകരിക്കുകയും ചെയ്യുന്നത് ഈമാനിന്റെയും തൗഹീദിന്റെയും പൂർണ്ണതയുടെ ഭാഗമാണെന്ന് ഈ തെളിവുകളെല്ലാം നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഇക്കാര്യം മനോഹരമായ ഉപമയിലൂടെ വിശദീകരിക്കുന്ന നബി -ﷺ- യുടെ ഹദീഥ് കൂടി ഇവിടെ നൽകുന്നത് തീർത്തും അനുയോജ്യമായിരിക്കും.

عَنِ النُّعْمَانِ بْنِ بَشِيرٍ قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «إِنَّ الْحَلَالَ بَيِّنٌ، وَإِنَّ الْحَرَامَ بَيِّنٌ، وَبَيْنَهُمَا مُشْتَبِهَاتٌ لَا يَعْلَمُهُنَّ كَثِيرٌ مِنَ النَّاسِ، فَمَنِ اتَّقَى الشُّبُهَاتِ اسْتَبْرَأَ لِدِينِهِ، وَعِرْضِهِ، وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الْحَرَامِ، كَالرَّاعِي يَرْعَى حَوْلَ الْحِمَى، يُوشِكُ أَنْ يَرْتَعَ فِيهِ، أَلَا وَإِنَّ لِكُلِّ مَلِكٍ حِمًى، أَلَا وَإِنَّ حِمَى اللَّهِ مَحَارِمُهُ»

നുഅ്മാനു ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “തീർച്ചയായും ഹലാൽ (അനുവദിക്കപ്പെട്ടത്) വ്യക്തമാണ്. തീർച്ചയായും ഹറാമും (നിഷിദ്ധമാക്കപ്പെട്ടത്) വ്യക്തമാണ്. അവക്കിടയിൽ അവ്യക്തമായ ചിലതുണ്ട്; ജനങ്ങളിൽ ധാരാളം പേർക്ക് അവ അറിയുകയില്ല. ആരെങ്കിലും അവ്യക്തമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തന്റെ ദീനിനെയും അഭിമാനത്തെയും സുരക്ഷിതമാക്കിയിരിക്കുന്നു. ആരെങ്കിലും അവ്യക്തമായ കാര്യങ്ങളിൽ വീണുപോയാൽ അവൻ ഹറാമിൽ വീഴുന്നതാണ്.

ഒരു ആട്ടിടയന്റെ കാര്യം പോലെ. അയാൾ സംരക്ഷണവേലിക്ക് ചുറ്റും (തന്റെ കാലികളെ) മേയ്ക്കുന്നു. അവ ആ വേലിക്കപ്പുറം കടക്കാനായിരിക്കുന്നു. അറിയുക! എല്ലാ രാജാക്കന്മാർക്കും സുരക്ഷിതവേലിയുണ്ട്. അറിയുക! അല്ലാഹുവിന്റെ സുരക്ഷിതരേഖ അവൻ നിഷിദ്ധമാക്കിയവയാകുന്നു.” (മുസ്‌ലിം: 1599)

തിന്മകളിലേക്ക് നയിച്ചേക്കുമെന്ന് ഭയപ്പെടുന്ന കാര്യങ്ങൾ വരെ സൂക്ഷ്മതയുടെ പേരിൽ ഉപേക്ഷിക്കുന്നതിനെ നബി -ﷺ- പുകഴ്ത്തിയെങ്കിൽ വ്യക്തമായ തിന്മകളിൽ നിന്ന് വിട്ടുനിൽക്കണമെന്നത് എത്ര ശക്തമായ കൽപ്പനയായിരിക്കും?! അല്ലാഹു നിഷിദ്ധമാക്കിയ എല്ലാ കാര്യങ്ങളിൽ നിന്നുമുള്ള ഈ പരിപൂർണ്ണമായ അകൽച്ച തൗഹീദ് പൂർത്തീകരിക്കുന്നതിന്റെ രണ്ടാമത്തെ അടിത്തറയാണ്.

ഈ അടിസ്ഥാനം ഏറ്റവും മനോഹരമായി പ്രാവർത്തികമാക്കിയ മാതൃകകൾ നബിമാരുടെയും സ്വാലിഹീങ്ങളുടെയും ചരിത്രത്തിൽ അനേകം കണ്ടെത്താൻ കഴിയും. തിന്മകളിലേക്ക് കൊണ്ടെത്തിച്ചേക്കാവുന്ന സാഹചര്യങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ അവർ പുലർത്തിയ ശ്രദ്ധയും, അതിലേക്ക് വീണു പോകുമോ എന്നതിൽ അവർക്കുണ്ടായിരുന്ന ഭയവും വിവരിക്കുന്ന അനേകം ചരിത്രങ്ങൾ ഖുർആനിലും ഹദീഥുകളിലും കണ്ടെത്താൻ കഴിയും.

യൂസുഫ് നബി -عَلَيْهِ السَّلَامُ- ന്റെ ചരിത്രം ഈ വിഷയത്തിലെ ഏറ്റവും സുന്ദരമായ ഉദാഹരണങ്ങളിലൊന്നാണ്. അദ്ദേഹത്തിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടയായ സ്ത്രീയുടെ തന്ത്രങ്ങളിൽ വീണു പോകുമോ എന്ന ഭയം അദ്ദേഹത്തെ പിടികൂടിയപ്പോൾ സുഖസൗകര്യങ്ങൾ പലതുമുള്ള തന്റെ ഉടമസ്ഥന്റെ കൊട്ടാരം ഉപേക്ഷിച്ചു കൊണ്ട് ഇടുങ്ങിയ ജയിലറ തിരഞ്ഞെടുക്കുകയാണ് അദ്ദേഹം ചെയ്തത്.

قَالَ رَبِّ السِّجْنُ أَحَبُّ إِلَيَّ مِمَّا يَدْعُونَنِي إِلَيْهِ ۖ وَإِلَّا تَصْرِفْ عَنِّي كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ الْجَاهِلِينَ ﴿٣٣﴾

“അദ്ദേഹം (യൂസുഫ്‌) പറഞ്ഞു: എന്റെ റബ്ബേ! ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെ വിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപോകുകയും ചെയ്യും.” (യൂസുഫ്: 33)

ഈ ആയത്തിന്റെ വിശദീകരണത്തിൽ ശൈഖ് നാസ്വിർ അസ്സഅ്ദി -رَحِمَهُ اللَّهُ- പറയുന്നു: “അല്ലാഹുവിന്റെ കഠിനമായ ശിക്ഷക്ക് കാരണമാകുന്ന, തന്റെ മുന്നിലെത്തി നിൽക്കുന്ന ഈ ആസ്വാദനത്തേക്കാൾ ഭൗതിക ശിക്ഷയും ജയിൽവാസവുമാണ് അദ്ദേഹത്തിന് പ്രിയങ്കരമായി തീർന്നത്… (അപ്പോൾ ആരെങ്കിലും) തീരെ ചെറുതും, ഒട്ടും പരിശുദ്ധവുമല്ലാത്ത ഒരു ഭൗതിക ആസ്വാദനത്തെ എന്നെന്നും നിലനിൽക്കുന്ന ആസ്വാദനങ്ങൾക്കും വ്യത്യസ്തങ്ങളായ സുഖാനുഗ്രഹങ്ങൾക്കും മഹത്തരമായ സ്വർഗീയാരാമങ്ങൾക്കും മുകളിൽ പ്രതിഷ്ഠിക്കുന്നുവെങ്കിൽ അവനേക്കാൾ വലിയ വിഡ്ഢി മറ്റാരുണ്ട്?!” (തഫ്സീറുസ്സഅ്ദി: 397)

ഹാഫിദ്വ് ഇബ്‌നു കഥീർ -رَحِمَهُ اللَّهُ- പറയുന്നു: “അല്ലാഹു യൂസുഫ് നബി -عَلَيْهِ السَّلَامُ- ന് വളരെ വലിയ കാവൽ തന്നെയാണ് ഏർപ്പെടുത്തിയത്. അതിനാൽ ആ സ്ത്രീയുടെ വശീകരണങ്ങളിൽ നിന്ന് തീർത്തും വിട്ടകന്നു നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചു. അവരുടെ ആഗ്രഹങ്ങൾക്ക് വഴങ്ങുന്നതിനേക്കാൾ ജയിൽവാസമാണ് അദ്ദേഹത്തിന് പ്രിയങ്കരമായത്. ഇത് (തിന്മയിൽ നിന്നു വിട്ടുനിൽക്കുക എന്നതിൽ ഒരാൾക്ക് നേടിയെടുക്കാവുന്ന) പൂർണ്ണതയുടെ ഏറ്റവും ഉത്തുംഗതയാണ്.” (തഫ്സീർ ഇബ്നി കഥീർ: 4/387)

അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന എല്ലാ കാര്യത്തിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുന്നതിൽ നമ്മുടെ റസൂലായ മുഹമ്മദ് നബി -ﷺ- കാണിച്ചു തന്ന മാതൃകയും ഏറ്റവും ഉദാത്തമാണ്. നബി -ﷺ- യുടെ ജീവിതരീതിയെ കുറിച്ച് ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിച്ച വാക്കുകളിൽ നിന്ന് അക്കാര്യം മനസ്സിലാക്കാൻ സാധിക്കും.

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، أَنَّهَا قَالَتْ: «مَا خُيِّرَ رَسُولُ اللَّهِ -ﷺ- بَيْنَ أَمْرَيْنِ إِلَّا أَخَذَ أَيْسَرَهُمَا، مَا لَمْ يَكُنْ إِثْمًا، فَإِنْ كَانَ إِثْمًا كَانَ أَبْعَدَ النَّاسِ مِنْهُ، وَمَا انْتَقَمَ رَسُولُ اللَّهِ -ﷺ- لِنَفْسِهِ إِلَّا أَنْ تُنْتَهَكَ حُرْمَةُ اللَّهِ، فَيَنْتَقِمَ لِلَّهِ بِهَا»

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: “രണ്ട് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ നബി -ﷺ- ക്ക് അവസരം വന്നാൽ അതിൽ ഏറ്റവും എളുപ്പമുള്ളതേ അവിടുന്ന് തിരഞ്ഞെടുക്കുമായിരുന്നുള്ളൂ; അത് ഒരു തിന്മയാകാത്തിടത്തോളം. അക്കാര്യം ഒരു തിന്മയാണെങ്കിൽ അതിൽ നിന്ന് ഏറ്റവും അകലം പാലിക്കുന്ന വ്യക്തി അല്ലാഹുവിന്റെ റസൂൽ -ﷺ- ആയിരിക്കും. അവിടുന്ന് തനിക്ക് വേണ്ടി ഒരിക്കൽ പോലും പ്രതികാരം ചെയ്തിട്ടില്ല; അല്ലാഹുവിന്റെ നിഷിദ്ധമാക്കിയത് ഹനിക്കപ്പെട്ടാലല്ലാതെ. അപ്പോൾ അതിന്റെ പേരിൽ അവിടുന്ന് പ്രതികാരമെടുക്കുമായിരുന്നു.” (ബുഖാരി: 3560, മുസ്‌ലിം: 2327)

നബി -ﷺ- യെ മാതൃകയാക്കാൻ മത്സരിച്ചിരുന്ന സ്വഹാബികളും തെറ്റുകളും തിന്മകളും അകറ്റി നിർത്തുന്നതിൽ പുലർത്തിയിരുന്ന സൂക്ഷ്മത അപാരമായിരുന്നു. ധാരാളം ചരിത്രസംഭവങ്ങൾ ഈ വിഷയത്തിൽ കണ്ടെത്താൻ കഴിയും. ഒന്നു രണ്ട് സംഭവങ്ങൾ മാത്രം താഴെ പറയാം.

عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ -ﷺ- رَأَى خَاتَمًا مِنْ ذَهَبٍ فِي يَدِ رَجُلٍ، فَنَزَعَهُ فَطَرَحَهُ، وَقَالَ: «يَعْمِدُ أَحَدُكُمْ إِلَى جَمْرَةٍ مِنْ نَارٍ فَيَجْعَلُهَا فِي يَدِهِ»، فَقِيلَ لِلرَّجُلِ بَعْدَ مَا ذَهَبَ رَسُولُ اللَّهِ -ﷺ-: خُذْ خَاتِمَكَ انْتَفِعْ بِهِ، قَالَ: لَا وَاللَّهِ، لَا آخُذُهُ أَبَدًا وَقَدْ طَرَحَهُ رَسُولُ اللَّهِ -ﷺ-.

അബ്ദുല്ലാഹി ബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ഒരിക്കൽ നബി -ﷺ- ഒരു സ്വഹാബിയുടെ കയ്യിൽ സ്വർണ്ണത്തിന്റെ ഒരു മോതിരം കണ്ടു. അവിടുന്ന് അത് ഊരിയെടുക്കുകയും വലിച്ചെറിയുകയും ചെയ്ത ശേഷം ചോദിച്ചു: “അഗ്നി കൊണ്ടുള്ള ഒരു വളയമെടുത്താണ് നിങ്ങൾ കയ്യിൽ അണിഞ്ഞിരിക്കുന്നത്.”

നബി -ﷺ- അവിടെ നിന്ന് പോയതിന് ശേഷം ആ സ്വഹാബിയോട് ചിലർ പറഞ്ഞു: “നിന്റെ മോതിരം എടുത്ത് മറ്റെന്തെങ്കിലും കാര്യത്തിന് പ്രയോജനപ്പെടുത്തിക്കൊള്ളൂ.” അദ്ദേഹം പറഞ്ഞു: “ഒരിക്കലുമില്ല! അല്ലാഹു സത്യം! അല്ലാഹുവിന്റെ റസൂൽ -ﷺ- വലിച്ചെറിഞ്ഞ ഒന്ന് ഞാനിനി ഒരിക്കലും എടുക്കുകയില്ല.” (മുസ്‌ലിം: 2090)

ഇമാം നവവി -رَحِمَهُ اللَّهُ- പറയുന്നു: “അല്ലാഹുവിന്റെ റസൂൽ -ﷺ- യുടെ കൽപ്പന സ്വീകരിക്കുകയും, അവിടുന്ന് നിരോധിച്ചത് വെടിയുകയും ചെയ്യുന്നതിലുള്ള അങ്ങേയറ്റത്തെ ശ്രദ്ധയാണ് ഈ സ്വഹാബിയിൽ കണ്ടത്. തീർത്തും ദുർബലമായ വ്യാഖ്യാങ്ങൾ കൊണ്ട് ഇളവുകൾ സ്വീകരിക്കാൻ അദ്ദേഹം ശ്രമിക്കുകയേ ചെയ്തില്ല.” (ശർഹുന്നവവി: 14/65)

അല്ലാഹുവിന്റെയും റസൂലിന്റെയും -ﷺ- വിലക്കുകളിൽ പലതും പ്രവർത്തിക്കുകയും, അതിന് യാതൊരു അടിസ്ഥാനമോ അടിത്തറയോ ഇല്ലാത്ത വ്യാഖ്യാനങ്ങൾ കണ്ടെത്തുകയും, ദീനിന്റെ വിധിവിലക്കുകളെ പരിഹസിക്കുകയും ചെയ്യുന്നവർ സ്വഹാബികൾ പുലർത്തിയിരുന്ന ഈ സൂക്ഷ്മതയും ശ്രദ്ധയും കണ്ടുപഠിക്കേണ്ടതുണ്ട്. നബി -ﷺ- യുടെ വിലക്കിന് എതിരു പറഞ്ഞതിന്റെ പേരിൽ തന്റെ മകനുമായി ബന്ധം വിഛേദിച്ച സ്വഹാബികൾ വരെയുണ്ട്.

عَنْ عَبْدِ اللَّهِ بْنِ عُمَرَ قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «لَا تَمْنَعُوا نِسَاءَكُمُ الْمَسَاجِدَ إِذَا اسْتَأْذَنَّكُمْ إِلَيْهَا» قَالَ: فَقَالَ بِلَالُ بْنُ عَبْدِ اللَّهِ: وَاللَّهِ لَنَمْنَعُهُنَّ، قَالَ: فَأَقْبَلَ عَلَيْهِ عَبْدُ اللَّهِ: فَسَبَّهُ سَبًّا سَيِّئًا مَا سَمِعْتُهُ سَبَّهُ مِثْلَهُ قَطُّ وَقَالَ: «أُخْبِرُكَ عَنْ رَسُولِ اللَّهِ -ﷺ- وَتَقُولُ: وَاللَّهِ لَنَمْنَعُهُنَّ»

ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- യുടെ മകൻ സാലിം നിവേദനം ചെയ്യുന്നു: ഇബ്‌നു ഉമർ പറഞ്ഞു: “നബി -ﷺ- പറഞ്ഞിരിക്കുന്നു: “നിങ്ങൾ അല്ലാഹുവിന്റെ അടിയാത്തികളെ മസ്ജിദുകളിൽ നിന്ന് തടയരുത്; അവർ നിങ്ങളോട് അതിന് അനുമതി ചോദിച്ചാൽ.”  അപ്പോൾ അദ്ദേഹത്തിന്റെ മകനായ ബിലാൽ പറഞ്ഞു: “അല്ലാഹു സത്യം! ഞങ്ങൾ അവരെ തടയുക തന്നെ ചെയ്യും.”

സാലിം പറയുന്നു: “ഇത് കേട്ടപ്പോൾ ഇബ്‌നു ഉമർ തന്റെ മകനെ വളരെയധികം ചീത്ത പറഞ്ഞു, അതു പോലെ അദ്ദേഹം ഒരാളെയും ചീത്ത പറയുന്നത് ഞാൻ കേട്ടിട്ടില്ല. അദ്ദേഹം പറയുകയുണ്ടായി: “അല്ലാഹുവിന്റെ റസൂൽ -ﷺ- പറഞ്ഞതായി ഒരു കാര്യം ഞാൻ നിന്നോട് പറയുമ്പോൾ ‘ഞങ്ങൾ തടയുക തന്നെ ചെയ്യുമെന്ന്’ നീ മറുപടി പറയുകയോ?!” (മുസ്‌ലിം: 442) പിന്നീട് ഇബ്‌നു ഉമർ മരണം വരെ തന്റെ ആ മകനോട് മിണ്ടിയിട്ടില്ല. (ഹിൽയതുൽ ഔലിയാ: 2/813)

ഇബ്‌നു ഉമറിന്റെ മകൻ നബി -ﷺ- യുടെ വാക്കിന് നേരെ എതിരു പറഞ്ഞതാണ് എന്ന് ആരും തെറ്റിദ്ധരിക്കരുത്. മറിച്ച്, വീട്ടിൽ നിന്ന് പുറത്തു പോകാനുള്ള ഒരു വഴിയായി മസ്ജിദിലേക്ക് പോവുക എന്ന ന്യായം സ്ത്രീകൾ പറയുമെന്നതിനാലാണ് അവരെ ഞാൻ തടയുമെന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ അല്ലാഹുവിന്റെ റസൂൽ -ﷺ- വിലക്കിയ ഒരു കാര്യത്തിന് എതിരായി മറുന്യായം പറയുന്നത് ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- ക്ക് സഹിക്കാൻ കഴിഞ്ഞില്ല. അല്ലാഹുവും റസൂലും -ﷺ- വിലക്കിയ കാര്യങ്ങളോട് അവർക്കുണ്ടായിരുന്ന അകൽച്ച ബോധ്യപ്പെടുന്നതിനാണ് ഈ സംഭവം നൽകിയത്.

അല്ലാഹുവിന്റെ കൽപ്പനകൾ പൂർണ്ണമായി നിറവേറ്റുകയും, അവന്റെ വിലക്കുകൾ പൂർണ്ണമായി ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിന്റെ ഏകത്വം പൂർത്തീകരിക്കുന്ന അവന്റെ ഇഷ്ടദാസന്മാരിൽ അല്ലാഹു നാമേവരെയും ഉൾപ്പെടുത്തുമാറാകട്ടെ. (ആമീൻ)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: