തൗഹീദിന്റെ പൂർത്തീകരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രണ്ട് കാര്യങ്ങളാണ്.

ഒന്ന്: ദീനിലെ കൽപ്പനകൾ പ്രവർത്തിച്ചു കൊണ്ട് തൗഹീദ് പൂർത്തീകരിക്കൽ (التَّكْمِيلُ)

രണ്ട്: ദീനിൽ വിലക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് സ്വന്തത്തെ ശുദ്ധീകരിക്കൽ (التَّصْفِيَةُ)

ഈ രണ്ട് അടിസ്ഥാനങ്ങളും ചുരുങ്ങിയ രൂപത്തിൽ താഴെ വിശദീകരിക്കാം.

അടിസ്ഥാനം ഒന്ന്: ദീനിലെ കൽപ്പനകൾ പ്രവർത്തിച്ചു കൊണ്ട് തൗഹീദ് പൂർത്തീകരിക്കൽ (التَّكْمِيلُ)

 

അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന ഏറ്റവും പ്രധാനപ്പെട്ട കൽപ്പന പൂർത്തീകരിച്ചാൽ ഒരാൾ തൗഹീദിന്റെ ആദ്യപടി ചവിട്ടിയിരിക്കുന്നു. എന്നാൽ അതിന് ശേഷമുള്ള അല്ലാഹുവിന്റെ ഓരോ കൽപ്പനകളും പ്രാവർത്തികമാക്കുന്നത് തൗഹീദിന്റെ പൂർത്തീകരണത്തിലേക്കുള്ള പ്രവേശനമാണ്. ഇപ്രകാരം ഇസ്‌ലാമിലേക്കും ഈമാനിലേക്കും പരിപൂർണ്ണമായി പ്രവേശിക്കുക എന്നത് തൗഹീദിന്റെ പൂർത്തീകരണമാണ്.

അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً 

“(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങള്‍ ഇസ്‌ലാമിലേക്ക് പരിപൂർണ്ണമായി പ്രവേശിക്കുക.” (ബഖറ: 208)

ഈ ആയത്തിന്റെ വിശദീകരണത്തിൽ ശൈഖ് നാസ്വിർ അസ്സഅ്ദി -رَحِمَهُ اللَّهُ- പറഞ്ഞു: “ദീനിന്റെ സർവ്വ നിയമങ്ങളും പാലിക്കുകയും, അതിൽ നിന്ന് യാതൊന്നും ഉപേക്ഷിക്കാതിരിക്കുകയും ചെയ്യട്ടെ എന്നാണ് ഈ പറഞ്ഞതിന്റെ അർത്ഥം.

ദേഹേഛയെ ആരാധ്യനാക്കിയവരിൽ നിങ്ങൾ ഉൾപ്പെടരുത്. തങ്ങളുടെ ഇഛക്ക് യോജിച്ചത് കൽപ്പിക്കപ്പെട്ടാൽ അത് പ്രവർത്തിക്കുകയും, അതിന് വിരുദ്ധമായതെല്ലാം ഉപേക്ഷിക്കുകയും ചെയ്യുന്നവരായി നിങ്ങൾ മാറരുത്. മറിച്ച്, നിങ്ങളുടെ ഇഛകൾ അല്ലാഹുവിന്റെ ദീനിനോട് യോജിച്ച രൂപത്തിലായി മാറുകയാണ് വേണ്ടത്. തനിക്ക് സാധ്യമാകുന്ന നന്മകളെല്ലാം പ്രവർത്തിക്കുക; അസാധ്യമായ കാര്യങ്ങൾ പ്രവർത്തിക്കണമെന്ന് മനസ്സിൽ കരുതുകയും ഉദ്ദേശിക്കുകയും ചെയ്യുക.” (തഫ്സീറുസ്സഅ്ദി: 94)

അല്ലാഹുവിന്റെയും റസൂലിന്റെയും -ﷺ- കൽപ്പനകൾ സാധ്യമാകുന്നിടത്തോളം പ്രവർത്തിക്കേണ്ടതുണ്ട്. ഇസ്‌ലാമിൽ നിർബന്ധമായും കൽപ്പിക്കപ്പെട്ട കാര്യങ്ങൾ -പ്രവർത്തിക്കാൻ സാധിക്കുമെങ്കിൽ- ഒരു കാരണവശാലും ഉപേക്ഷിക്കരുത്. ഇനി ഭാഗികമായെങ്കിലും നിറവേറ്റാൻ കഴിയുമെന്നാണെങ്കിൽ സാധ്യമായത് നിറവേറ്റണം.

عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ -ﷺ- قَالَ: « … إِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ»

നബി -ﷺ- പറഞ്ഞു: “ഞാൻ നിങ്ങളോട് ഒരു കാര്യം കൽപ്പിച്ചാൽ അത് സാധ്യമാകുന്നിടത്തോളം നിങ്ങൾ പ്രവർത്തിക്കുക.” (ബുഖാരി: 7288, മുസ്‌ലിം: 1337)

ഈ ഹദീഥിന്റെ വിശദീകരണത്തിൽ ഇമാം നവവി -رَحِمَهُ اللَّهُ- പറയുന്നു: “ഇസ്‌ലാമിലെ പ്രധാനപ്പെട്ട അടിത്തറകളിലൊന്നാണ് ഈ ഹദീഥ്. ചുരുങ്ങിയ വാക്കുകളിൽ ആശയസമ്പുഷ്ടമായ വാക്കുകൾ പറയാൻ കഴിയുന്ന നബി -ﷺ- യുടെ ‘ജവാമിഉൽ കലിമി’ന്റെ ഉദാഹരണവുമാണ്മാ ഇത്. എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത അനേകം വിധിവിലക്കുകൾ ഈ ഹദീഥിൽ ഉൾപ്പെടുന്നതായി കാണാം.

ഉദാഹരണത്തിന് നിസ്കാരത്തിന്റെ കാര്യം നോക്കുക; ഒരാൾക്ക് നിസ്കാരത്തിലെ റുക്‌നുകളിലോ (നിസ്കാരത്തിലെ റുകൂഉം സുജൂദും ഉദാഹരണം) ശർത്വുകളിലോ (നിസ്കാരത്തിന് മുൻപ് വുദൂഅ് എടുക്കുന്നതും, ഖിബ്ലക്ക് നേരെ തിരിയലും ഉദാഹരണം) പെട്ട എല്ലാ കാര്യങ്ങളും പ്രവർത്തിക്കാൻ സാധിക്കില്ലെങ്കിൽ അവൻ തനിക്ക് കഴിയുന്നവ നിർവ്വഹിക്കുക എന്നത് നിർബന്ധമാണ്. വുദൂഇന്റെ മുഴുവൻ അവയവങ്ങളും കഴുകാനോ, ജനാബത്തിന്റെ കുളി ശരീരം മുഴുവനും കഴുകുന്ന രൂപത്തിലോ സാധിക്കില്ലെങ്കിൽ കഴിയുന്ന ഭാഗങ്ങൾ കഴുകുക…” (ശർഹു മുസ്‌ലിം: 9/102)

അല്ലാഹുവും റസൂലും ദീനിന്റെ കാര്യത്തിൽ ഒരു വിഷയം നിർബന്ധമാക്കിയാൽ അതിൽ ഇഛപ്രകാരം തിരഞ്ഞെടുപ്പ് നടത്താനോ, വിരുദ്ധാഭിപ്രായം പറയാനോ ഒരു മുസ്‌ലിമിന് പാടുള്ളതല്ല. അല്ലാഹുവിനോടും റസൂലിനോടും എതിരാകുക എന്നത് അവരുടെ വിശ്വാസത്തെയും തൗഹീദിനെയുമാണ് പരിക്കേൽപ്പിക്കുക.

അല്ലാഹു പറയുന്നു:

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّـهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا ﴿٣٦﴾

“അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.” (അഹ്സാബ്: 36)

ഈ ആയത്തിന്റെ വിശദീകരണത്തിൽ ശൈഖ് നാസ്വിർ അസ്സഅ്ദി -رَحِمَهُ اللَّهُ- പറഞ്ഞു: “അല്ലാഹുവിന്റെയും റസൂലിന്റെയും -ﷺ- തൃപ്തിക്കായി മത്സരിക്കുകയും, അല്ലാഹുവിന്റെ റസൂലിന്റെയും -ﷺ- കോപത്തിൽ നിന്ന് ഓടിയകലുകയും, അവരുടെ കൽപ്പനകൾ പാലിക്കുകയും, വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യുക എന്നതല്ലാതെ മറ്റൊന്നും തന്നെ ഈമാൻ സ്വീകരിച്ച ഒരാൾക്കും യോജിച്ചതല്ല.

അതിനാൽ അല്ലാഹുവും റസൂലും -ﷺ- ഒരു കാര്യത്തിൽ വിധി പറയുകയും, ആ കൽപ്പന നിർബന്ധമാക്കുകയും ചെയ്താൽ സത്യവിശ്വാസിയായ ഒരു പുരുഷനോ സ്ത്രീയോ അതിൽ സ്വാഭിപ്രായം തിരഞ്ഞെടുക്കുക എന്നത് അവർക്ക് യോജിച്ചതല്ല. ഇത് ചെയ്യണമോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പിനുള്ള അവകാശം അവർക്കില്ല.

മറിച്ച്, അല്ലാഹുവിന്റെ റസൂൽ -ﷺ- യാണ് തന്റെ സ്വന്തത്തേക്കാൾ തനിക്ക് വേണ്ടപ്പെട്ടതെന്ന കാര്യം അവൻ തിരിച്ചറിയുകയാണ് ചെയ്യുക. തന്റെ ആഗ്രഹങ്ങളിൽ ചിലത് അല്ലാഹുവിന്റെയും റസൂലിന്റെയും കൽപ്പനകൾ അനുസരിക്കുന്നതിന് തടസ്സമായി അവൻ ഒരിക്കലും കണ്ടുകൂടാ.” (തഫ്സീറുസ്സഅ്ദി: 665)

തൗഹീദ് പൂർത്തീകരിക്കുന്നതിന്റെ ഒന്നാമത്തെ അടിസ്ഥാനമാണിത്. അല്ലാഹുവിന്റെ കൽപ്പനകൾ പൂർണ്ണമായും നിറവേറ്റിക്കൊണ്ട് തൗഹീദിന്റെ പൂർത്തീകരണം നിറവേറ്റിയ അനേകം നബിമാരുടെയും സ്വാലിഹീങ്ങളുടെയും ചരിത്രം വിശുദ്ധ ഖുർആനിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. ഖലീലുല്ലാഹി ഇബ്രാഹീം -عَلَيْهِ السَّلَامُ- തൗഹീദിന്റെ മാർഗത്തിൽ അത്ഭുതകരമായ ചരിത്രങ്ങൾ രചിച്ച മഹാനായ നബിയും റസൂലുമാണ്. അദ്ദേഹത്തെ കുറിച്ച് അല്ലാഹു പറഞ്ഞതു നോക്കൂ:

وَإِذِ ابْتَلَىٰ إِبْرَاهِيمَ رَبُّهُ بِكَلِمَاتٍ فَأَتَمَّهُنَّ ۖ قَالَ إِنِّي جَاعِلُكَ لِلنَّاسِ إِمَامًا ۖ

“ഇബ്രാഹീമിനെ അദ്ദേഹത്തിന്റെ റബ്ബ് ചില കല്‍പനകള്‍കൊണ്ട് പരീക്ഷിക്കുകയും, അദ്ദേഹമത് പൂർണ്ണമായി നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങള്‍ അനുസ്മരിക്കുക.) അല്ലാഹു (അപ്പോള്‍) അദ്ദേഹത്തോട് പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക് ഇമാം (മാതൃകയാക്കപ്പെടാവുന്ന നേതാവ്) ആക്കുകയാണ്.” (ബഖറ: 124)

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം ഇബ്‌നു കഥീർ -رَحِمَهُ اللَّهُ- പറയുന്നു: “നബിയേ! ഇബ്രാഹീമിനെ അല്ലാഹു പരീക്ഷിച്ചതിനെ കുറിച്ച് ഈ ബഹുദൈവാരാധകർക്ക് വിവരിച്ചു കൊടുക്കുക. അല്ലാഹു (വിവിധങ്ങളായ) കൽപ്പനകളും വിലക്കുകളും കൊണ്ട് അദ്ദേഹത്തെ പരീക്ഷിച്ചു. അപ്പോൾ അവയെല്ലാം അദ്ദേഹം പൂർണ്ണമായി നിറവേറ്റുകയുണ്ടായി.” (തഫ്സീർ ഇബ്നി കഥീർ: 1/405)

ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- നെ കുറിച്ച് മറ്റൊരിടത്ത് അല്ലാഹു പറഞ്ഞതു നോക്കൂ:

وَإِبْرَاهِيمَ الَّذِي وَفَّىٰ ﴿٣٧﴾

“(കടമകള്‍) പൂർണ്ണമായും നിറവേറ്റിയ ഇബ്രാഹീമും.” (നജ്മ്: 37)

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം ഇബ്‌നു കഥീർ -رَحِمَهُ اللَّهُ- പറഞ്ഞു: “ഇബ്രാഹീം -عَلَيْهِ السَّلَامُ- എല്ലാ കൽപ്പനകളും നിറവേറ്റുകയും, എല്ലാ വിലക്കുകളും ഉപേക്ഷിക്കുകയും ചെയ്തു. അല്ലാഹുവിന്റെ സന്ദേശം പൂർണ്ണമായി അദ്ദേഹം ജനങ്ങൾക്ക് എത്തിച്ചു നൽകുകയും ചെയ്തു. ഇക്കാരണത്താലാണ് അദ്ദേഹം ജനങ്ങളുടെ ഇമാമാകാൻ അർഹനായത്; എല്ലാ അവസ്ഥാന്തരങ്ങളിലും വാക്കുകളിലും പ്രവർത്തനങ്ങളിലും പിന്തുടരപ്പെടാൻ അദ്ദേഹം അനുയോജ്യനത്രെ.” (തഫ്സീറു ഇബ്നി കഥീർ: 7/463)

അല്ലാഹുവിന്റെ കൽപ്പനകൾ പൂർണ്ണമായി നിറവേറ്റുക എന്നതിന്റെ അത്ഭുതകരമായ മാതൃകകൾ ഇബ്രാഹീം -عَلَيْهِ السَّلَامُ- യുടെ ജീവിതത്തിൽ നിരന്തരമായി കണ്ടെത്താൻ കഴിയും. അല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിച്ചതിന്റെ പേരിൽ അദ്ദേഹം തീകുണ്ഡാരത്തിലേക്ക് എറിയപ്പെട്ടു. തൗഹീദ് ജനങ്ങൾക്ക് എത്തിച്ചു നൽകുന്നതിനായി നാട്ടിൽ നിന്ന് പാലായനം ചെയ്തു. അല്ലാഹുവിന്റെ കൽപ്പന അനുസരിച്ചു കൊണ്ട് തന്റെ ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും മക്കയിൽ -ജനവാസമില്ലാത്തയിടത്ത്- അല്ലാഹുവിൽ ഭരമേൽപ്പിച്ചു കൊണ്ട് അദ്ദേഹം വിട്ടേച്ചു പോയി. കാത്തിരുന്നു ലഭിച്ച കുഞ്ഞിനെ അറുക്കണമെന്ന കൽപ്പന ലഭിച്ചപ്പോൾ അത് പ്രാവർത്തികമാക്കാൻ തുനഞ്ഞിറങ്ങി. ഇങ്ങനെ അനേകം സംഭവങ്ങൾ!

നമ്മുടെ റസൂലായ മുഹമ്മദ് -ﷺ- യുടെ ചരിത്രവും വ്യത്യസ്തമല്ല. അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിന്നവരായിരുന്നു അവിടുന്ന്. തന്നെ ‘അൽ അമീൻ’ എന്ന് വിശേഷിപ്പിച്ച നാട്ടുകാരുടെ അതൃപ്തിക്ക് കാരണമാകുമെന്നറിഞ്ഞിട്ടും അവിടുന്ന് അല്ലാഹു ഏൽപ്പിച്ച ഉത്തരവാദിത്തത്തിൽ നിന്ന് ഒരണുവിട പിന്നോട്ടു പോയില്ല. ശത്രുക്കളുടെ പരിഹാസങ്ങളും പീഡനങ്ങളും അല്ലാഹുവിന്റെ ദീനിലെ ഒരു കാര്യവും മറച്ചു വെക്കാൻ അവിടുത്തേക്ക് കാരണമായില്ല. നീണ്ട പതിമൂന്ന് വർഷക്കാലം അവിടുന്ന് വിശ്രമമില്ലാതെ തൗഹീദിലേക്ക് ക്ഷണിച്ചു കൊണ്ടേയിരുന്നു.

പിന്നീട് അല്ലാഹുവിന്റെ കൽപ്പന പ്രകാരം ജനിച്ചു വളർന്ന മക്കയെ വെടിഞ്ഞ് മദീനയിലേക്ക് അവിടുന്ന് പാലായനം ചെയ്തു. അല്ലാഹുവിന്റെ അനുമതി ലഭിച്ചപ്പോൾ ബദ്‌റിൽ -തന്നോടോപ്പമുള്ള സ്വഹാബികളേക്കാൾ മൂന്നു മടങ്ങ് വരുന്ന- ബഹുദൈവാരാധകരുടെ സൈന്യത്തിനെതിരെ മുന്നിൽ നിന്ന് പോരാടി. അല്ലാഹുവിന്റെ വചനം ഉന്നതമാകുന്നതിന് വേണ്ടി ദൂരങ്ങൾ താണ്ടി അനേകം യുദ്ധങ്ങൾക്ക് നേതൃത്വം നൽകുകയും, സ്വഹാബികളെ നയിച്ചു കൊണ്ട് രണാങ്കണത്തിന്റെ മുൻപന്തിയിൽ നിന്നു കൊണ്ട് പോരാടുകയും ചെയ്തു.

അല്ലാഹുവിന്റെ കൽപ്പനകൾ പൂർണ്ണമായും നിറവേറ്റുന്നതിൽ നബി -ﷺ- പുലർത്തിയിരുന്ന ശക്തമായ കണിശത ബോധ്യപ്പെടുത്തുന്ന ചരിത്ര സംഭവങ്ങളിലൊന്നാണ് സൈനബ് -رَضِيَ اللَّهُ عَنْهَا- യുമായുള്ള വിവാഹത്തിന്റെ ചരിത്രം. നബി -ﷺ- യുടെ വളർത്തു പുത്രനായിരുന്ന സൈദ് ബ്നു ഹാരിഥ -رَضِيَ اللَّهُ عَنْهُ- യുമായി സൈനബിന്റെ -رَضِيَ اللَّهُ عَنْهَا- വിവാഹം നടത്തിയത് നബി -ﷺ- യുടെ നിർദേശപ്രകാരമാണ്. എന്നാൽ അവരുടെ വിവാഹം കൂടുതൽ കാലം നീണ്ടുനിന്നില്ല. സൈദ് -رَضِيَ اللَّهُ عَنْهُ- സൈനബിനെ വിവാഹമോചനം ചെയ്തപ്പോൾ അവരെ വിവാഹം കഴിക്കാൻ നബി -ﷺ- യോട് അല്ലാഹു കൽപ്പിച്ചു.

വളർത്തു പുത്രന്റെ മകനെ വിവാഹം കഴിക്കുക എന്നത് മോശമായി കണ്ടിരുന്ന അറബികളുടെ രീതി തിരുത്തുക എന്ന മഹത്തരമായ ഉദ്ദേശം ഈ കൽപ്പനക്ക് പിന്നിലുണ്ടായിരുന്നു. എന്നാൽ കപടവിശ്വാസികളും മുശ്രിക്കുകളും തനിക്കെതിരെ അപവാധം പറഞ്ഞു പ്രചരിപ്പിക്കുമെന്ന ഭയം നബി -ﷺ- യുടെ മനസ്സിലുണ്ടായിരുന്നു. എന്നാൽ നബി -ﷺ- അല്ലാഹുവിന്റെ കൽപ്പന ശിരസ്സാവഹിക്കുകയും, അതിന് പൂർണ്ണമായി കീഴൊതുങ്ങുകയും ചെയ്തു. വിശുദ്ധ ഖുർആനിൽ ഈ സംഭവത്തെ കുറിച്ചുള്ള വ്യക്തമായ പരാമർശമുണ്ട്.

وَإِذْ تَقُولُ لِلَّذِي أَنْعَمَ اللَّـهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَاتَّقِ اللَّـهَ وَتُخْفِي فِي نَفْسِكَ مَا اللَّـهُ مُبْدِيهِ وَتَخْشَى النَّاسَ وَاللَّـهُ أَحَقُّ أَن تَخْشَاهُ ۖ 

“നിന്റെ ഭാര്യയെ നീ നിന്റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് (സൈദ് ബ്നു ഹാരിഥയോട്) നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു.” (അഹ്സാബ്: 37)

ഈ ആയത്തിന്റെ വിശദീകരണത്തിൽ മുഫസ്സിറുകൾ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! സൈദ് തന്റെ ഭാര്യയെ വിവാഹമോചനം നടത്തിയ ശേഷം താങ്കൾ സൈനബിനെ വിവാഹം കഴിക്കണമെന്ന അല്ലാഹുവിന്റെ സന്ദേശം താങ്കൾ മനസ്സിൽ സൂക്ഷിച്ചു. എന്നാൽ താങ്കൾ മനസ്സിൽ വെച്ചത് അല്ലാഹു പുറത്തു കൊണ്ടുവരുന്നതാണ്. ‘തന്റെ വളർത്തു പുത്രൻ വിവാഹമോചനം ചെയ്ത സ്ത്രീയെ മുഹമ്മദ് വിവാഹം ചെയ്തിരിക്കുന്നു’ എന്ന് കപടവിശ്വാസികൾ പറഞ്ഞു പരത്തുമെന്ന് താങ്കൾ ഭയക്കുന്നു; എന്നാൽ അല്ലാഹുവിനെയാണ് താങ്കൾ ഏറ്റവും ഭയക്കേണ്ടത്.” (തഫ്സീറുൽ മുയസ്സർ: 423)

عَنْ عَائِشَةَ قَالَتْ: وَلَوْ كَانَ مُحَمَّدٌ -ﷺ- كَاتِمًا شَيْئًا مِمَّا أُنْزِلَ عَلَيْهِ لَكَتَمَ هَذِهِ الْآيَةَ: «وَإِذْ تَقُولُ لِلَّذِي أَنْعَمَ اللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ» الآيَةَ. [مسلم: 288]

സൂറതുൽ അഹ്സാബിലെ ഈ ആയതിനെ കുറിച്ച് ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: “അല്ലാഹുവിന്റെ റസൂൽ -ﷺ- അവിടുത്തേക്ക് ലഭിച്ച അല്ലാഹുവിന്റെ സന്ദേശത്തിൽ നിന്ന് എന്തെങ്കിലുമൊന്ന് മറച്ചു വെക്കുമായിരുന്നെങ്കിൽ ഈ ആയത്ത് അവിടുന്ന് മറച്ചു വെക്കുമായിരുന്നു.” (മുസ്‌ലിം: 288)

മഹാന്മാരായ രണ്ട് നബിമാരുടെ ചരിത്രങ്ങളിൽ നിന്ന് വളരെ ചുരുങ്ങിയ ചില സംഭവങ്ങൾ മാത്രമാണ് നാം ഇവിടെ സൂചിപ്പിച്ചത്. അല്ലാഹുവിന്റെ കൽപ്പനകൾ പൂർണ്ണമായി നിറവേറ്റുന്നതിൽ നബിമാരും സ്വാലിഹീങ്ങളും പുലർത്തിയ മത്സരബുദ്ധിയുടെ തെളിവുകൾ ബോധ്യപ്പെടുത്തുന്ന അനേകം സംഭവങ്ങൾ ഖുർആനിൽ അനവധി സന്ദർഭങ്ങളിൽ വിവരിക്കപ്പെട്ടതായി കാണാം. തൗഹീദിന്റെ പൂർത്തീകരണം ഉദാഹരണങ്ങളിലൂടെ വിവരിക്കുന്ന ചരിത്രങ്ങളാണ് അവയെല്ലാം എന്നതിൽ സംശയമില്ല.

ഈ ചരിത്ര സംഭവങ്ങൾ ശ്രദ്ധയോടെ വായിക്കുകയും, നമ്മുടെ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുകയും, അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിക്കുന്നതിൽ നമുക്ക് സംഭവിക്കുന്ന കുറവുകളും അലസതയും സ്വയം തിരിച്ചറിയുകയും ചെയ്യാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ഇബാദതുകളിലും സ്വഭാവസംസ്കരണത്തിലും ഇടപാടുകളിലും മറ്റു പല മേഖലകളിലും അല്ലാഹുവിന്റെ കൽപ്പനകളെ മാറ്റിവെക്കുകയും തന്റെ ദേഹേഛകളെ സ്വീകരിക്കുകയും ചെയ്യുന്നതിന്റെ അപകടവും, അല്ലാഹുവിനോടുള്ള നമ്മുടെ സമർപ്പണത്തിലും കീഴൊതുക്കത്തിലും സംഭവിക്കുന്ന പാകപ്പിഴകളും നാം സ്വയം വിലയിരുത്താൻ തയ്യാറാകേണ്ടതുണ്ട്.

അവയെല്ലാം നമ്മുടെ തൗഹീദിനാണ് പരിക്കേൽപ്പിക്കുന്നതെന്ന തിരിച്ചറിവ് ഇതിലൂടെ നമുക്കുണ്ടാകേണ്ടതുണ്ട്. തൗഹീദിന്റെ പൂർത്തീകരണമെന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ ശ്രദ്ധയോടെ സഞ്ചരിക്കാൻ ഈ ചിന്ത നമ്മെ സഹായിക്കാതിരിക്കുകയില്ല. അല്ലാഹുവിന്റെ കൽപ്പനകൾ പൂർണ്ണമായി നിറവേറ്റുകയും, അവന്റെ വിലക്കുകൾ തീർത്തും ഉപേക്ഷിക്കുകയും ചെയ്യുന്ന അവന്റെ സച്ചരിതരായ ദാസന്മാരിൽ അല്ലാഹു നാമേവരെയും ഉൾപ്പെടുത്തുമാറാകട്ടെ! (ആമീൻ)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: