അല്ലാഹുവിന് മാത്രം അർഹതപ്പെട്ട കാര്യങ്ങളിൽ അവനെ ഏകനാക്കുക എന്നതാണ് തൗഹീദിന്റെ അർത്ഥം എന്ന് കഴിഞ്ഞ ലേഖനങ്ങളിൽ നാം ആവർത്തിച്ചു വിശദീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട അടിത്തറയും, ഓരോ വ്യക്തിയുടെയും മേൽ നിർബന്ധമാകുന്ന ഒന്നാമത്തെ കൽപ്പനയുമാണത്. നമ്മുടെ ദീനിൽ ഏറ്റവും ഗൗരവപ്പെട്ട വിഷയമാണ് തൗഹീദ് എന്നിരിക്കിലും ജനങ്ങളിൽ പലരും ഏറ്റവും അശ്രദ്ധ പുലർത്തുകയും, തീർത്തും അജ്ഞരായിരിക്കുകയും ചെയ്യുന്ന വിഷയങ്ങളിലൊന്നുമാണിത്.
അല്ലാഹു മാത്രമാണ് എന്നെ സൃഷ്ടിച്ചത് എന്ന വിശ്വസിച്ചാൽ തൗഹീദ് പൂർത്തിയായി എന്ന് കരുതുന്ന അനേകം പേരുണ്ട്; അല്ലാഹുവിനുള്ള ആരാധനകൾ അവനല്ലാത്തവർക്ക് സമർപ്പിക്കുന്നതോ, അല്ലാഹുവല്ലാത്തവരോട് സഹായതേട്ടങ്ങൾ നടത്തുന്നതോ തൗഹീദിന് വിരുദ്ധമായി അവർ മനസ്സിലാക്കുന്നില്ല. പലപ്പോഴും അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കൂ, അവനോട് മാത്രം സഹായം തേടൂ എന്നെല്ലാം കേൾക്കുന്നത് തന്നെ അവർക്ക് അരോചകവും അസ്വസ്ഥതയും സൃഷ്ടിക്കുന്നു. ഇക്കൂട്ടർ തൗഹീദിന്റെ അടിസ്ഥാനം തന്നെ തകർത്തിരിക്കുന്നു.
മറ്റൊരു വിഭാഗം തൗഹീദ് എന്നത് കൊണ്ട് കാര്യമായും പ്രധാനമായും മനസ്സിലാക്കുന്നത് അല്ലാഹുവിന്റെ വിധികർതൃത്വത്തിലെ ഏകത്വം മാത്രമാണ്. ജനങ്ങൾ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുന്നതും സഹായതേട്ടം നടത്തുന്നതും യാതൊരു ഗൗരവവും നൽകേണ്ടതില്ലാത്ത വിഷയമായി കാണുകയും, ‘അല്ലാഹുവിന്റെ വിധികർതൃത്വം അംഗീകരിക്കാതെ അനിസ്ലാമിക ഭരണകൂടങ്ങളെ ആരാധിച്ചു കൊണ്ട് ജനങ്ങൾ ബഹുഭൂരിപക്ഷവും ശിർകിലെത്തിയിരിക്കുന്നു’ എന്ന് വിശ്വസിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളും നബിമാർ പ്രബോധനം ചെയ്ത തൗഹീദിനെ തെറ്റിദ്ധരിച്ചിരിക്കുന്നു.
ഇനിയൊരു വിഭാഗം തൗഹീദിന്റെ അടിത്തറയിൽ കാര്യമായ ശ്രദ്ധ പുലർത്തുന്നു. അവർ അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുകയോ അവനല്ലാത്തവരോട് സഹായതേട്ടം നടത്തുകയോ ചെയ്യുന്നില്ല. അതെല്ലാം ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യമായി അവർ മനസ്സിലാക്കുകയും ചെയ്യുന്നു. എന്നാൽ ഇതോടെ തന്റെ ജീവിതത്തിൽ തൗഹീദിന്റെ ഭാഗധേയം അവസാനിച്ചു എന്നാണ് അവർ ധരിക്കുന്നത്. ഇസ്‌ലാമിലെ വിധിവിലക്കുകൾ പാലിക്കുന്നതിലും, ബിദ്അതുകളും ഹറാമുകളും പൂർണ്ണമായി ഒഴിവാക്കുന്നതിലും അവരിൽ പലരും ശ്രദ്ധ പുലർത്തുന്നില്ല. അതെല്ലാം തൗഹീദുമായി യാതൊരു ബന്ധവുമില്ലാത്ത, -വേണമെങ്കിൽ പ്രവർത്തിക്കുകയോ അല്ലെങ്കിൽ ഒഴിവാക്കുകയോ ചെയ്യാവുന്ന- നിസ്സാരമായ വിഷയങ്ങളായാണ് അവർ മനസ്സിലാക്കുന്നത്.
തൗഹീദിനെ മനസ്സിലാക്കുന്നതിൽ സംഭവിക്കുന്ന കുറവുകളോ പിഴവുകളോ ആണ് ഈ തെറ്റിദ്ധാരണകളിൽ പലതിന്റെയും അടിസ്ഥാനകാരണം. ഒരു വീടിന് അതിനെ താങ്ങിനിർത്തുന്ന അടിത്തറയും, അതിന് മുകളിൽ കെട്ടിപ്പടുത്ത ചുമരുകളും തൂണുകളും, അതിനും മുകളിൽ മേൽക്കൂരയും ഉണ്ടായിരിക്കും. ആരെങ്കിലും അടിത്തറ ഉറപ്പുള്ളതാക്കാതെ തന്റെ വീടിന്റെ മേൽക്കൂര പടുത്തുയർത്തിയാൽ അവന്റെ വീടിന് അധികം ആയുസ്സുണ്ടാവുകയില്ല. അടിത്തറ ശക്തമാക്കുകയും, മേൽക്കൂരയും ചുമരുകളും നിർമ്മിക്കാതെ വിടുകയും ചെയ്താൽ അതൊരു പൂർണ്ണമായ വീടാവുകയുമില്ല. ഇതു പോലെയാണ് തൗഹീദും; അതിനും അടിത്തറയും ചുവരും മേൽക്കൂരയുമുണ്ട്.
വിശുദ്ധ ഖുർആനിൽ തൗഹീദിന്റെ വാചകമായ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്കിന്റെ ഉപമ വിവരിച്ചതിൽ നിന്ന് ഈ പറഞ്ഞത് കൂടുതൽ വ്യക്തമാകും. അല്ലാഹു പറയുന്നു:
أَلَمْ تَرَ كَيْفَ ضَرَبَ اللَّـهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ ﴿٢٤﴾ تُؤْتِي أُكُلَهَا كُلَّ حِينٍ بِإِذْنِ رَبِّهَا ۗ وَيَضْرِبُ اللَّـهُ الْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ ﴿٢٥﴾
“അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു.” (ഇബ്രാഹീം: 24-25)
ഈ ആയത്തിൽ തൗഹീദിനെ അല്ലാഹു ഒരു നല്ല മരത്തോടാണ് ഉപമിച്ചത്. മരത്തിന് അടിത്തറയായി വേരുകളുണ്ട്. അവ എത്രയധികം ആഴത്തിലേക്ക് ആഴ്ന്നുപോകുന്നുവോ; അത്രയും ശക്തമായിരിക്കും മരത്തിന്റെ ഉറപ്പും വളർച്ചയും. എന്നാൽ വേരുകൾ മാത്രമല്ല മരത്തിനുള്ളത്; അതിന്റെ തടിയും ശാഖകളും ഇലകളും ഫലങ്ങളുമെല്ലാം മരത്തിന്റെ ഭാഗം തന്നെയാണ്.
ഇതു പോലെയാണ് തൗഹീദും; അതിന് വേരുകളുണ്ട്; അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവന് പുറമെയുള്ളവർക്ക് ആരാധനകൾ സമർപ്പിക്കുന്നത് ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് അതിന്റെ വേരുകൾ. അവ ഒരാളിൽ ഇല്ലാതെയായാൽ അവന്റെ തൗഹീദ് പൂർണ്ണമായും തകർന്നടിയും. അതിന് യാതൊരു നിലനിൽപ്പും പിന്നീട് ഉണ്ടാകുന്നതല്ല.
തൗഹീദിന്റെ തടിയും ശാഖകളുമാണ് പ്രവർത്തനങ്ങൾ. നിർബന്ധകർമ്മങ്ങൾ (വാജിബാതുകൾ) നിർവ്വഹിക്കുന്നതും, നിഷിദ്ധവൃത്തികൾ (ഹറാമുകൾ) ഉപേക്ഷിക്കുന്നതും തൗഹീദിന്റെ വേരുകളിൽ നിന്നാണ് ഉയരേണ്ടത്. അഞ്ചു നേരത്തെ നിസ്കാരവും, സകാതും, റമദാനിലെ നോമ്പും പോലുള്ള നിർബന്ധകർമ്മങ്ങൾ നിർവ്വഹിക്കുന്നത് അവന്റെ തൗഹീദിന്റെ വൃക്ഷത്തിന് ബലവും ശക്തിയുമേകുന്നു. ലോകമാന്യവും ബിദ്അതുകളും ഹറാമുകളും പോലുള്ളവ ഉപേക്ഷിക്കുമ്പോൾ അവന്റെ ഈമാനിക വൃക്ഷം സുരക്ഷിതമാകുന്നു.
വൃക്ഷം നല്ലതാണെങ്കിൽ അവയിൽ തണൽ വിരിക്കുന്ന ഇലകളും, മധുരമുള്ള ധാരാളം ഫലങ്ങളുമുണ്ടായിരിക്കും. റവാതിബ് നിസ്കാരങ്ങളും സ്വദഖകളും സുന്നത്ത് നോമ്പുകളും പോലുള്ള ഐഛിക കർമ്മങ്ങൾ ഈ ഫലങ്ങളിൽ പെട്ടതത്രെ. സൂക്ഷ്മതക്ക് വേണ്ടി സംശയകരമായ കാര്യങ്ങൾ പോലും ഉപേക്ഷിക്കുകയും, (നിഷിദ്ധമല്ലെങ്കിലും ഒഴിവാക്കുന്നത് നല്ലതായ) മക്റൂഹുകൾ വെടിയുന്നതും അവന്റെ വൃക്ഷത്തിന്റെ ഇലകളിലും ഫലങ്ങളിലും പുഴുക്കുത്തുകൾ വരുന്നതിൽ നിന്ന് തടയുന്നു.
ഇങ്ങനെ തൗഹീദിന്റെ അടിവേരുകൾ ആഴത്തിലേക്ക് ഊന്നുകയും, അതിന്റെ ശാഖകൾ ആകാശം മുട്ടെ ഉയരുകയും വേണം. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഉച്ചരിക്കുന്ന ഓരോ മുസ്‌ലിമിന്റെയും ഹൃദയത്തിൽ ഈ ലക്ഷ്യം ഊട്ടിയുറപ്പിക്കപ്പെടുകയും, അതിനായുള്ള പരിശ്രമങ്ങൾ മരണം വരെ അവൻ തുടർന്നു കൊണ്ടിരിക്കുകയും വേണം. തൗഹീദിന്റെ അടിത്തറ ശരിപ്പെടുത്തുന്നതിൽ നിന്ന് ആരംഭിച്ച്, തൗഹീദിന്റെ പൂർത്തീകരണത്തിലേക്ക് എത്താനുള്ള നിതാന്തമായ പരിശ്രമം അവന്റെ ഭാഗത്ത് നിന്നുണ്ടാകണം.
മേലെ നാം വായിച്ച, സൂറ. ഇബ്രാഹീമിലെ ആയത്തിനെ വിശദീകരിച്ചു കൊണ്ട് ഇമാം ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന തൗഹീദിന്റെ വൃക്ഷത്തെ നല്ല ഒരു മരത്തിനോടാണ് അല്ലാഹു ഈ ആയത്തിൽ ഉപമിച്ചിരിക്കുന്നത്. അതിന്റെ വേരുകൾ ഉറപ്പുള്ളതും, ശാഖകൾ ആകാശം മുട്ടെ ഉയർന്നു നിൽക്കുന്നതുമാണ്. എല്ലാ കാലാവസ്ഥകളിലും അത് ഫലങ്ങൾ നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
അല്ലാഹു നൽകിയ ഈ ഉപമയെ കുറിച്ച് ചിന്തിച്ചു നോക്കുക! ഹൃദയത്തിൽ അടിയുറച്ചു നിലകൊള്ളുന്ന തൗഹീദിനോട് പൂർണ്ണമായും അത് യോജിക്കുന്നതായി നിനക്ക് കാണാൻ സാധിക്കും. തൗഹീദിന്റെ ശാഖകളായ സൽകർമ്മങ്ങളാണ് ആകാശത്തിലേക്ക് ഉയർന്നു നിൽക്കുന്നത്.
തൗഹീദ് ഹൃദയത്തിൽ ശക്തമാവുകയും, അതിനോടുള്ള സ്നേഹവും നിഷ്കളങ്കതയും വർദ്ധിക്കുകയും, അതിനെ കുറിച്ചുള്ള ബോധ്യവും തിരിച്ചറിവും വർദ്ധിക്കുകയും, അതിന് അർഹമായ നിലക്കുള്ള പ്രവർത്തനം കാഴ്ച്ച വെക്കുകയും, വേണ്ട വിധം തൗഹീദിനെ പരിചരിക്കുകയും ചെയ്യുമ്പോൾ എല്ലാ അവസ്ഥകളിലും കാലാന്തരങ്ങളിലും അതിന്റെ ഫലം അവനിൽ പ്രകടമായി കൊണ്ടേയിരിക്കും.” (ഇഅ്ലാമുൽ മുവഖിഈൻ: 1/132)
അല്ലാഹുവിന് മാത്രം ആരാധനകൾ നൽകുകയും, അവന് പുറമെയുള്ളവർക്കുള്ള ആരാധന തള്ളിക്കളയുകയും ചെയ്യുക എന്നതാണ് തൗഹീദിന്റെ അടിത്തറ; ഇസ്‌ലാമിന്റെ നാരായവേര് എന്നു പറയാവുന്നത് ഈ രണ്ട് അടിസ്ഥാനങ്ങളാണ്. ‘തൗഹീദ്; നിഷേധവും സ്ഥിരീകരണവും’ എന്ന ലേഖനത്തിൽ ഈ അടിത്തറകളെ കുറിച്ച് നാം വിശദമായി വായിക്കുകയുണ്ടായി. ഇനി തൗഹീദിന്റെ പൂർത്തീകരണത്തെ കുറിച്ച് വായിക്കാം.
തൗഹീദിന്റെ പൂർത്തീകരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രണ്ട് കാര്യങ്ങളാണ്.
ഒന്ന്: ദീനിലെ കൽപ്പനകൾ പ്രവർത്തിച്ചു കൊണ്ട് തൗഹീദ് പൂർത്തീകരിക്കൽ (التَّكْمِيلُ)
രണ്ട്: ദീനിൽ വിലക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് സ്വന്തത്തെ ശുദ്ധീകരിക്കൽ (التَّصْفِيَةُ)
ഈ രണ്ട് അടിസ്ഥാനങ്ങളും ചുരുങ്ങിയ രൂപത്തിൽ താഴെ വിശദീകരിക്കാം.